ഒരു കോടി പേജ് ഹിറ്റുകള്‍. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ പോലെ തന്നെ വളരെ പെട്ടന്ന് മാത്‌സ് ബ്ലോഗ് ആ നേട്ടത്തിലേക്കെത്തി. മലയാളം ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്‌സ് ബ്ലോഗ് കുടുംബം ഏറെ സന്തോഷിക്കുന്നു. മലയാളത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ബ്ലോഗുകളിലൊന്നാണ് നമ്മുടേത്. ദിനംപ്രതി ശരാശരി 30,000 സന്ദര്‍ശനങ്ങള്‍. ഈ നേട്ടത്തില്‍ മലയാളം ബ്ലോഗേഴ്സ് അടക്കം നമ്മുടെ സന്ദര്‍ശകര്‍ ഒന്നടങ്കം ഈ സന്തോഷിക്കുകയാണെന്നു ഞങ്ങള്‍ക്കറിയാം. ഇന്ന് ജൂലായ് 31. മാത്‌സ് ബ്ലോഗിന് തുടക്കമിട്ടത് 2009 ജനുവരി 31. കൃത്യം മൂന്നര വര്‍ഷങ്ങള്‍. വിവര വിനിമയ സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും നമ്മുടെ അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങളറിയാതെ ഉഴറുന്നത് കണ്ടാണ് മാത്‌സ് ബ്ലോഗ് ആരംഭിക്കുന്നത്. കേരളത്തിലെ അധ്യാപകരുടെ വിദ്യാഭ്യാസ സംബന്ധിയായ ചര്‍ച്ചകളാണ് ഇതിലൂടെ പ്രതീക്ഷിച്ചത്. ആ സംരംഭം കേരളത്തിലെ അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും കൈ നീട്ടി സ്വീകരിച്ചുവെന്ന് കാണുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി സന്തോഷവും തോന്നുന്നു. അറിവിന്റെ കുത്തകവല്‍ക്കരണത്തിനെതിരെയുള്ള യാത്ര പാഠപുസ്തകങ്ങളില്‍ മാത്രമൊതുങ്ങുന്ന കാലഘട്ടത്തിലാണ് മാത്‌സ് ബ്ലോഗ് രംഗത്തെത്തുന്നത്. ഏതറിവുകളും ചില വ്യക്തികളിലൂടെ മാത്രം എന്ന ചിന്താഗതിക്കെതിരായിരുന്നു മാത്‌സ് ബ്ലോഗിന്റെ യാത്ര. അതിനു പിന്നില്‍ ആയിരങ്ങളും പതിനായിരങ്ങളും പ്രോത്സാഹനവുമായി ഒത്തു ചേര്‍ന്നതോടെ ആവേശം അലതല്ലി. ഈ അവസരത്തില്‍ ഒരുപാടു പേരെ ഓര്‍ക്കാനുണ്ട്. പക്ഷേ വിസ്താരഭയം നിമിത്തം അതിനു മുതിരുന്നില്ല. മാത്‌സ് ബ്ലോഗിനോട് സഹകരിച്ച എല്ലാവര്‍ക്കും ഒരു കോടി പ്രണാമം. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ഈ പോസ്റ്റിന്റെ കമന്റില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കേവലം ആശംസകള്‍ മാത്രമല്ല. എന്തായിരിക്കണം നമ്മുടെ ഭാവി പരിപാടികള്‍? 30000 നു മീതേയുള്ള പ്രതിദിന സന്ദര്‍ശനങ്ങള്‍ കൊണ്ട് സായൂജ്യമടയണോ..? ഇതോടൊപ്പം ബ്ലോഗിന്റെ ഒരു ഇംഗ്ലീഷ് വേര്‍ഷന്‍ എന്ന ആശയം എത്രത്തോളം നന്ന്? അതില്‍ സഹകരിക്കുവാന്‍ ആരൊക്കെയുണ്ട്? കമന്റ് ബോക്സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ ഇപ്പോഴുള്ള തടസ്സങ്ങളെന്താണ്? ഈ ബ്ലോഗുമായി താങ്കള്‍ ആദ്യമായി ബന്ധപ്പെടുന്നതെങ്ങിനെ? ഈ ബ്ലോഗ് സന്തോഷവും സന്താപവും തന്നതെപ്പോള്‍?........കാത്തിരിക്കുന്നു, ഉറക്കമിളച്ച് ബ്ലോഗ് ടീം മൊത്തം!
Tidak ada komentar:
Posting Komentar