MATHEMATICS

Sabtu, 17 Juli 2010

രാമായണം കുട്ടികള്‍ക്ക് വേണ്ടി

ഇനി കര്‍ക്കടകമാസം. രാമായണമാസം. രാമായണ മാസാചരണം മുതിര്‍ന്നവര്‍ക്ക് പുണ്യപ്രവൃത്തിയാണ്. പണ്ട് രാമായണം നിത്യവായനാസാമഗ്രിയായിരുന്നു. വായനക്കും നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നും വായിക്കണം. ശരീരവും മനസ്സും ശുദ്ധിയാക്കി വായിക്കണം. ഉറക്കെ വായിക്കണം. വായന വൃക്ഷ-പക്ഷി-മൃഗാദികള്‍ക്ക്കൂടി കേള്‍ക്കണം. ശ്രീ ഹനുമാന്‍ മുന്നില്‍ സന്നിഹിതനാണെന്ന് സങ്കല്‍പ്പിക്കണം (ശ്രീരാമനാമം കേട്ടാല്‍ ശ്രീ ഹനുമാന്‍ അവിടെ എത്തും എന്നാണ് വിശ്വാസം). എന്നാല്‍ രാമായണമാകട്ടെ മുതിര്‍ന്നവര്‍ക്ക് മാത്രമായതല്ല. രാമായണം കുട്ടികള്‍ക്കാണ് എന്നു തോന്നുന്നു. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാഭ്യാസസംബന്ധിയായ ലേഖനങ്ങളെഴുതുന്ന പാലക്കാട് മണര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ ഹെഡ് മാസ്റ്ററും ബ്ലോഗ് ടീമംഗവുമായ എസ്.വി. രാമനുണ്ണി മാഷ് ഇതേപ്പറ്റി ഒരു അന്വേഷണം തന്നെയാണ് നടത്തിയിരിക്കുന്നത്. ഇതിഹാസത്തെ ആസ്പദമാക്കി ഈ വീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹം എടുത്തു കാട്ടുന്നു. ലേഖനത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

രാമായണം കുട്ടികള്‍ക്കാണെന്നുള്ള വീക്ഷണം കുമാരനാശാനുമുണ്ടായിരുന്നു. അതാണല്ലോ ബാലരാമായണം. തന്റെ കൃതികളില്‍ ഏറ്റവും പ്രിയപ്പെട്ടും ശ്രദ്ധിച്ചും ചെയ്തത് ബാലരാമായണമാണെന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് (ലവകുശന്മാര്‍) വാത്മീകി മഹര്‍ഷി രാമായണം എഴുതുന്നത്. കുട്ടികളുടെ ജീവിതം വെളിപ്പെടുത്താനും അവര്‍ക്ക് ശ്രേയസ്സുണ്ടാകാനും. മഹര്‍ഷി കുട്ടികളെയാണ് രാമായണം പഠിപ്പിക്കുന്നത്. ഈ കുട്ടികളെയാണ് ഗ്രന്ഥത്തിന്റെ പ്രകാശനം ഏല്‍പ്പിക്കുന്നത്. അശ്വമേധവേദിയിലാണ് നിറഞ്ഞ സദസ്സില്‍ ലവകുശന്മാര്‍ ഇതു നിര്‍വഹിക്കുന്നത്. മുതിര്‍ന്നവരാണ് സദസ്യര്‍-ശ്രോതാക്കള്‍. രാമായണകാവ്യം കേട്ട് സദസ്യര്‍ ആശ്ചര്യപ്പെട്ടുവെന്ന് മഹര്‍ഷി എഴുതുന്നു.

ഇതുമാത്രമല്ല; രാ‍മായണകഥാഗതിയില്‍ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഉണ്ട്. വിശ്വാമിത്രയാഗരക്ഷ നോക്കൂ. ദശരഥ മഹാരാജാവിനോട് വിശ്വാമിത്രമഹര്‍ഷി യാഗരക്ഷക്കായി കുട്ടികളെ-ശ്രീരാമനെയും ലക്ഷ്മണനെയും ആവശ്യപ്പെടുന്നതും ഗുരുവായ വസിഷ്ഠനിര്‍ദ്ദേശത്തില്‍ ദശരഥന്‍ സമ്മതിക്കുന്നതും തുടങ്ങി താടകാവധം, യാഗരക്ഷ, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമനുമായുള്ള കൂടിക്കാഴ്ച്ച വരെ . ഈ സന്ദര്‍ഭങ്ങളില്‍ നിന്നാണ് ഇതിഹാസപുരുഷന്മാരായി വളരുന്നത്. വിശ്വാമിത്രമഹര്‍ഷിയുടെ അധ്യാപനം, ബല-അതിബല മന്ത്രങ്ങള്‍…ഒക്കെ ഇതിന്ന് സഹായിച്ചു.കുട്ടികളെ മുന്നില്‍ നടത്തി വളര്‍ത്തി വലുതാക്കുന്ന ഒരു മുത്തച്ഛന്റെ കടമയാണ് വിശ്വാമിത്രമഹര്‍ഷി നിര്‍വഹിക്കുന്നത്.

കഥാഭാഗങ്ങളില്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്ന വിശ്വാമിത്രഖണ്ഡവും, വളര്ത്തിയെടുത്ത് ജനമധ്യത്തില്‍ അംഗീകാരം നേടിയെടുക്കുന്ന അശ്വമേധ ഖണ്ഡവും വളരെ പ്രധാനപ്പെട്ടവയാണെന്ന് സംശയമില്ല. വാത്മീകി മഹര്‍ഷി കുട്ടികളില്‍ ചെയ്ത ഈ ശ്രദ്ധ കുമാരനാശാന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ടാവും.

കുട്ടികളെ വളര്ത്തിയെടുക്കലും അവരെ നല്ല അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വെളിപ്പെടുത്തലും തന്നെയല്ലേ നല്ല രക്ഷിതാവിന്റെ കര്മ്മം. ഇതാണ് മഹര്‍ഷിമാരായ വിശ്വാമിത്രനും വാത്മീകിയും ചെയ്തത്. ഈ കര്മ്മ സാക്ഷാല്‍ക്കാരത്തിന് രാമായണകാവ്യം പാഠപുസ്തകവും പഠനപ്രവർത്തനവുമായിത്തീരുന്നു. ലവകുശന്മാര്ക്കായി തയ്യാറാക്കിയ പാഠപുസ്തവും പഠനപ്രവര്ത്തനവുമാണു രാമായണകാവ്യം. നല്ല പൌരന്മാരെ വാര്ത്തെടുക്കുക എന്ന വിദ്യാഭ്യാസലക്ഷ്യം എറ്റവും നല്ല മനുഷ്യന്റെ കഥയെഴുതി ചെയ്യുകയാണിവിടെ ചെയ്തത്. ‘കോന്വസ്മിന്‍ സാമ്പ്രതം ലോകേ, ഗുണവാന്‍ കശ്ചവീര്യവാന്‍’ എന്ന പ്രശ്നത്തിന്റെ ഉത്തരമാണ് നാരദമഹര്ഷി വാത്മീകിയൊട് രാമകഥയിലൂടെ പറയുന്നത്. നാരദൻ തന്നെയാണ് ഇതിന്നുത്തരം പറയാന്‍ സമര്ഥന്‍ എന്നും നമുക്കറിയാം-നരനെ സംബന്ധിക്കുന്ന ജ്ഞാനം ദാനം ചെയ്യുന്നവന്‍ നാരദന്‍! എല്ലാനിലയിലും മികവാര്ന്ന-ഉത്തമപുരുഷനായ ശ്രീരാമനെക്കുറിച്ചുള്ള അറിവാണല്ലോ ഏതുകുട്ടിക്കും നല്ല പാഠപുസ്തകം.

രാമായണത്തിലെ ഓരോ കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കുട്ടികളുമായി നന്നായി സംവദിക്കുന്നവരാണ്. ജീവിതത്തിന്റെ തനിമയും ദര്ശനവും വെളിപ്പെടുത്തുന്നവരാണ്. കാവ്യത്തിലെ ഒന്നാം നിര കഥാപാത്രങ്ങള്ക്കു പിന്നില്‍ കടന്നുവരുന്ന രണ്ടാംനിരക്കാര്‍. കുട്ടികള്ക്ക് മികച്ച പാഠ്യവസ്തുക്കളള്‍ തന്നെ. അഹല്യ, ഭരതന്‍, വിരാധൻ, ജടായു, ശൂര്പ്പണഖ, കുംഭകര്ണ്ണന്‍, വിഭീഷണന്‍….തുടങ്ങി നിരവധി. അനുകരിക്കാവുന്നതും അനുകരിക്കാന്‍ പാടില്ലാത്തതുമായ ജീവിതഖണ്ഡങ്ങള്‍. അനുകൂലവും നിഷേധാത്മകവുമായ ജീവിത ദര്ശനങ്ങള്‍. നിത്യജീവിതത്തിലെ കറുപ്പും വെളുപ്പും. എല്ലാ ഗുരുക്കന്മാരും അറിവ് നല്‍കുന്നു. അതു ഉള്ക്കൊണ്ട് വ്യാഖ്യാനിച്ച് നല്ലതിനെ സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്തം നമുക്കാണല്ലോ. 'ഇങ്ങനെ ഞാന്‍ നിനക്ക് അതീവങ്ങളായ രഹസ്യജ്ഞാനങ്ങള്‍ അറിയിച്ചു തരുന്നു. ഇതൊക്കെയും മനസ്സിലാക്കി വിമര്ശനബുദ്ധിയോടെ ഇഷ്ടമ്പോലെ സ്വീകരിക്കുകയോ തി
സ്കരിക്കയോ ആവാം’ –വിമൃശ്യൈതദേശെഷു യഥേഛസി തഥാ കുരു-എന്നാണ് ഗീതാവചനം.

ഓരോ കഥാപാത്രവും ചില സവിശേഷസ്വഭാവരൂപങ്ങളുടെ പ്രബലമുദ്രകള്‍ ഉള്ളില്‍ചേര്ക്കുന്നു. സഹോദരസ്നേഹം, അധര്മ്മങ്ങള്ക്കുനേരെ യുള്ള പ്രതിരോധം, സാഹസികത തുടങ്ങിയ സ്വഭാവവിശേഷങ്ങള്‍ ജടായുവില്‍ കാണാമല്ലോ.അധര്മ്മത്തിന്നു മുന്നില്‍ പക്ഷിമൃഗാദികള്‍ പോലും പ്രതികരിക്കുന്നതിന്റെ സാക്ഷ്യമാ‍ണ് ജടായു. സഹോദരസ്നേഹത്തിന്റെ മറ്റൊരു രൂപമാണ് കുംഭകര്ണ്ണന്‍. ഗുരുവിനെപ്പോലെ രാവണനെ ഉപദേശിക്കുകയും ഭടനെപ്പോലെ അനുസരിക്കുകയും ചെയ്യുന്ന അനുജന്‍. വിഭീഷണന്‍ ഉപദേശിച്ചു; പക്ഷെ അനുസരിക്കാന്‍ തയ്യാറായില്ല. അനുജഭാവത്തേക്കാള്‍ ധര്മ്മബോധമാണ് വിഭീഷണനില്‍ പ്രവര്‍ത്തിച്ചത്. കുംഭകര്ണ്ണന് ധര്മ്മബോധമില്ലാതില്ല; പക്ഷെ മുന്നില്‍ നിന്നത് സഹോദരസ്നേഹവും വംശസ്നേഹവുമായിരുന്നു. രാവണന്റെ വിനിദ്രയും-സദാ ജാഗ്രത കുംഭകര്ണ്ണന്റെ നിദ്രയും പരസ്പരപൂരകങ്ങളാവുന്നു.

കുട്ടികള്ക്ക് രാമായണം ചിത്രകഥകളിലും ദൃശ്യമാധ്യമങ്ങളിലുമാണ്ലഭ്യമാകുന്നത്. പലപ്പോഴും ഇതെല്ലാം വക്രീകരിക്കപ്പെട്ടതും അതിഭാവുകത്വം നിറഞ്ഞതുമാണ്. അമ്മയും മുത്തശ്ശിയും പറഞ്ഞുകൊടുത്ത കഥകള്‍ പിന്നീട് വായനയിലൂടെ കുട്ടി സമഗ്രമാക്കുന്നു. ഓരോവായനയും പുതിയ കാവ്യത്തിലേക്ക് കുട്ടിയെ ആനയിക്കുന്നു. ഈ കാവ്യരഹസ്യം കുമാരനാശാനറിയാം. അതാണല്ലൊ അദ്ദേഹം ഇത്രയധികം ശ്രദ്ധയോടെ ബാലരാമായണം രചിച്ചതും.

മനുഷ്യന്‍റെ മനസ്സിലെ അജ്ഞാനത്തിന്‍റെ ഇരുട്ടു മായണം. അതാണ് രാമായണം അടക്കമുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ഉദ്ദേശ്യശുദ്ധിയും. അറിവുകള്‍ പങ്കുവെയ്ക്കപ്പെടാനുള്ളതാണ്. ഇതിഹാസങ്ങളും പുണ്യഗ്രന്ഥങ്ങളും ചെയ്യുന്നതും അതു തന്നെയാണ്. അജ്ഞാനത്തിന്‍റെ ഇരുട്ടില്‍ നിന്നു കൊണ്ട് ഇവയെ നോക്കിക്കാണുമ്പോള്‍ പലപ്പോഴും കാണപ്പെടേണ്ടവ പലരും കാണാറേയില്ല. അതേ ഉദ്ദേശശുദ്ധി തന്നെയാണ് ഈ പോസ്റ്റിനുമുള്ളത്. നല്ലൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുമല്ലോ.

Tidak ada komentar:

Posting Komentar