Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Jumat, 06 Mei 2011
കുട്ടികള്‍ക്കും പരിശീലനം വേണം, വേണ്ടേ..?
പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ട് ഇന്നേവരെ നമുക്ക് അധ്യാപകശാക്തീകരണത്തെ കുറിച്ചും രക്ഷാകര്‍തൃശാക്തീകരണത്തെ കുറിച്ചും മാത്രമേ അലോചനകളും പ്രവര്‍ത്തനങ്ങളും ഉണ്ടായുള്ളൂ. കഴിഞ്ഞകാല അനുഭവങ്ങള്‍ വെച്ച് കുട്ടികളുടെ ശാക്തീകരണത്തെ സംബന്ധിച്ചും ചില പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാന്‍ കാലമായെന്ന് തോന്നുകയാണ്. നമ്മുടെ രാമനുണ്ണിമാഷിന്റെ ഏറെ പ്രസക്തമെന്നു തോന്നുന്ന വേറിട്ട ഈ ചിന്ത വായിച്ച് പ്രതികരിക്കൂ....
നമ്മുടെ കുട്ടികള്‍
ഈ ഘട്ടത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളിലെ കുട്ടികളെ കുറിച്ചാണ് അധികാനുഭവങ്ങള്‍ ഉള്ളത്. പുതിയ പാഠ്യപദ്ധതിയില്‍ കൂടി കടന്നുവന്നവരാണിവര്‍. ചെറിയ ക്ലാസുകളില്‍ കൂടി കടന്നുപോന്ന ഒരു പാടനുഭവങ്ങള്‍ ഇവര്‍ക്കുണ്ട്. പ്രോജക്ടുകള്‍, അസൈന്മെന്റുകള്‍, സെമിനാര്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പുകള്‍….തുടങ്ങി നിരവധി. സ്വാഭാവികമായും ചെറിയ ക്ലാസുകളില്‍ ഇവരെല്ലാം ഈ അനുഭവങ്ങളിലൂടെ കടന്നുപോരികയായിരുന്നു. അതിലെ സുഖങ്ങളും ദുഖങ്ങളും അവര്‍ക്കറിയാം. എന്നാല്‍ ഇങ്ങനെയുള്ള ‘കടന്നുപോരല്‍’ മുതിര്‍ന്ന ക്ലാസുകളില്‍ അര്‍ഥപൂര്‍ണ്ണമാവണമെങ്കില്‍ അതിലെ തത്വശാസ്ത്രവും ചിന്തയും മനസ്സിലാക്കേണ്ടതുണ്ട്. രീതിശാസ്ത്രങ്ങളുടെ ഉള്ളുകള്ളികള്‍ ഉള്‍ക്കൊള്ളേന്റതുണ്ട്.
ഇപ്പോള്‍ നമ്മുടെ മുതിര്‍ന്ന ക്ലാസുകളില്‍ (8 മുതല്‍) ഇരിക്കുന്ന ഒരു കുട്ടിയുടെ മനോഭാവം എന്താണ്? സ്കൂളിലേക്ക് കുട്ടിയെ പറഞ്ഞയക്കുന്ന രക്ഷിതാവിന്റെ മനസ്സില്‍ എന്താണ്? കുട്ടിയെ പഠിപ്പിക്കാന്‍ എത്തുന്ന മാഷിന്റെ മനസ്സിലൊ? സ്കൂള്‍ പി.ടി.എ, മാനേജര്‍, വിദ്യാഭ്യാസ അധികാരികള്‍ എന്നിവരുടെ യൊക്കെ മനസ്സിലോ? സമൂഹത്തിന്റെ ആഗ്രഹങ്ങളോ?സര്‍ക്കാറിന്റെ പ്രതീക്ഷകളോ?
കുട്ടിയുടെ വിചാരങ്ങള്‍
ഇപ്പോള്‍ ഹൈസ്കൂളില്‍ എത്തി. ഇതേവരെ പഠിച്ചതിനേക്കാളൊക്കെ ഒരുപാട് സംഗതികള്‍ അധികം പഠിക്കാനുണ്ട്.
പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും ഒക്കെ മുമ്പത്തേക്കാള്‍ അധികം ഉണ്ട്.
വലിയ ക്ലാസായതുകൊണ്ട് കുറേകൂടി കാര്യഗൌരവം കാണിക്കണം. 10ഇല്‍ പൊതു പരീക്ഷയാണ്. ഇപ്പൊഴേ തുടങ്ങിയാലേ ഫുള്‍ എ+ കിട്ടൂ.
പഠിക്കാനുള്ള കാര്യങ്ങളിലൊക്കെ മാഷമ്മാര്‍ വേണ്ടതൊക്കെ സഹായമായി തരും.
പഠിക്കാന്‍ പറയുന്ന- ചെയ്യാന്‍ പറയുന്ന സംഗതികളൊക്കെ പറഞ്ഞ സമയത്തിന്നുള്ളില്‍ തന്നെ ചെയ്തെങ്കിലേ കാര്യങ്ങള്‍ നേരെയാവൂ.
പ്രോജക്ട്, അസൈന്മെന്റ് തുടങ്ങിയവയൊക്കെ ചെറിയക്ലാസുകളിലേതിനേക്കാള്‍ നന്നായി ചെയ്യേണ്ടിവരും. നന്നായി അധ്വാനിക്കേണ്ടിവരും.
ക്ലാസ് ടെസ്റ്റ്, പരീക്ഷകള്‍ എന്നിവ കുറേകൂടി നന്നായി ചെയ്യേണ്ടിവരും. എന്നാലേ മികവ് പുലര്‍ത്താനാവൂ.
അധികസമയം പഠനത്തിന്നായി നീക്കിവെക്കേണ്ടിവരും.
വീട്ടില്‍ ചെന്നാല്‍ പഠിക്കാനുള്ള എല്ലാ സൌകര്യവും ഉണ്ട് / ഇനിയും ഒരുപാട് സൌകര്യം ഉണ്ടാക്കണം/ ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാത്രമല്ല;
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തു / കുറച്ചുമാത്രം പ്രവര്‍ത്തനങ്ങള്‍ ചെയ്തു/ പലപ്പോഴും ഒന്നും ചെയ്തില്ല
കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠിച്ചതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട് / കുറെയൊക്കെ മനസ്സിലായിട്ടുണ്ട് / വേണ്ടത്ര മനസ്സിലായിട്ടില്ല
ചില വിഷയങ്ങള്‍ നന്നായി മനസ്സിലായിട്ടുണ്ട്/ ചിലത് ഒന്നും മനസ്സിലായിട്ടില്ല/
ചില വിഷയങ്ങളില്‍ നല്ല ആത്മവിശ്വാസം ഉണ്ട്/ ചില വിഷയങ്ങളിലെ പേടി ഇപ്പൊഴും മാറിയിട്ടില്ല.
ചിലര്‍ നല്ല മാഷമ്മാരായിരുന്നു-നല്ല ഇഷ്ടമായിരുന്നു / ചിലര്‍ മോശം മാഷമ്മാരായിരുന്നു-പേടിയായിരുന്നു / ചിലര്‍ ഒരക്ഷരം പോലും പഠിപ്പിച്ചില്ല-ഒരു വര്‍ക്കും ചെയ്യിച്ചിട്ടില്ല.
ചില സാമാന്യ ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്. സവിശേഷ ചിന്തകളും ഉണ്ടാവും. ഇതൊക്കെ വിടെയെങ്കിലും ഔദ്യോഗികമായി ചര്‍ച്ചക്കുവരുന്നുണ്ടോ എന്നതാണ് പ്രശനം. കുട്ടിയുടെ സങ്കല്‍പ്പങ്ങളും വേവലാതികളും കാര്യമായി എവിടെയും പരിഗണിക്കപ്പെടാറില്ല. പരിഹാരമുണ്ടാക്കേണ്ടവര്‍ അവരുടെ സാഹചര്യങ്ങള്‍-സാധ്യതകള്‍ ക്കപ്പുറമുള്ളവയെ ഒരികലും പരിഗണിക്കാറില്ലല്ലോ. ശിശുകേന്ദ്രീകൃതമെന്നൊക്കെ പറയുമെങ്കിലും കുട്ടിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റൊരുതരത്തിലാണ്.(കുട്ടിയുടെ പ്രകൃതം നമുക്കറിയാം. എന്നാല്‍ കുട്ടിയുടെ യഥാര്‍ഥ പ്രശ്നങ്ങളും ആവശ്യങ്ങളും കാര്യത്തിലെടുക്കാറുമില്ലല്ലോ.കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന ഒരു കൌണ്‍സിലിങ്ങില്‍ എല്ലാം ഒതുങ്ങുന്നു. ) കുട്ടിയുമായി ഒരു സംവാദം ഇന്നേവരെ അര്‍ഥപൂര്‍ണ്ണമായി ഉണ്ടായിട്ടില്ല.ഇതിന്നൊരു പരിഹാരം കാണാന്‍ സമയം ഇനിയും നാം വൈകിച്ചുകൂടാ.
കുട്ടിക്കും വേണം പരിശീലനം
നന്നായി പഠിപ്പിക്കാന്‍ അധ്യാപകന്ന് പരിശീലനത്തിന്നൊരു കുറവുമില്ല. അതു നല്ലതു തന്നെ. പരിശീലനങ്ങളും ക്ലസ്റ്ററുകളും ഒക്കെ കുട്ടിക്കും ആവശ്യമെന്ന് ക്ലാസ്രൂം യാഥാര്‍ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നു.നന്നായി പഠിക്കാനുള്ള ശാസ്ത്രീയവഴികള്‍ കുട്ടിയെ ബോധ്യപ്പെടുത്താനുള്ള പരിശീലനങ്ങള്‍ അത്യാവശ്യമാകുന്നു. കുട്ടിയുടെ വിചാരങ്ങള്‍ ചിട്ടപ്പെടുത്താനും വളര്‍ച്ചയിലേക്ക് നയിക്കാനും പാകത്തില്‍ രൂപീക്കരിക്കാന്‍ അവരെ സഹായിക്കുന്ന പരിശീലനങ്ങള്‍.
അധ്യയനവര്‍ഷത്തില്‍ രണ്ടു സ്പെല്ലിലായി മുഴുവന്‍ കുട്ടികള്‍ക്കും ഈ പരിശീലനം നല്‍കണം. ടേമിലൊരിക്കല്‍ കുട്ടികളുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിക്കണം. ഡയറ്റിലേയും ബി.ആര്‍.സി യിലെയും വിദഗ്ദ്ധര്‍ ഇതില്‍ സഹായത്തിനായി എത്തണം.
പരിശീലനം:
ഒരു പ്രത്യേക കാലയളവില്‍- രണ്ടു പരിശീലനങ്ങള്‍ക്കിടക്ക്
എന്തൊക്കെ പഠിക്കാനുണ്ട്- ടാസ്ക് ഫിക്സിങ്ങ്
എങ്ങനെയാണ് ശാസ്ത്രീയമായി പഠിക്കുക-ക്രമീകരണം
എന്താണ് പഠനം
എന്തൊക്കെയാണ് പഠന തന്ത്രങ്ങള്‍/ രീതികള്‍
സ്വയം മോണിറ്ററിങ്ങ് എങ്ങനെ
പരിഹാര പഠനം
അധ്യാപകന്റെ റോള്‍
കുട്ടിയുടെ ചുമതല-അവകാശം
മൂല്യനിര്‍ണ്ണയനം എങ്ങനെ-തന്ത്രങ്ങള്‍/ രീതികള്‍
വിദ്യാര്‍ഥി ക്ലസ്റ്ററുകള്‍:
വിവിധ വിഷയങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെക്കല്‍
അധിക അറിവുകള്‍ / അധിക പഠനവിഭവങ്ങള്‍ കൈമാറല്‍
മോണിറ്ററിങ്ങ് – അനുഭവങ്ങള്‍
സെമിനാറുകള്‍ / വിദഗ്ദ്ധരുടെ ക്ലാസുകള്‍
ക്ലാസ്രൂം സാധ്യതകള്‍/ പരിമിതികള്‍ മറികടക്കല്‍-അന്വേഷണം
കുട്ടികളുടെ കാര്യം കുറേകൂടി പരിഗണിക്കാന്‍ നമുക്ക് കഴിയണം. ക്ലാ സ് സഭകള്‍, കുട്ടിയുടെ അവകാശങ്ങള്‍….തുടങ്ങിയ സംഗതികളില്‍ കുറേകൂടി കുട്ടിക്കും ഇടപെടാനുള്ള ശേഷി ഉണ്ടാക്കേണ്ടിയിരിക്കുന്നു.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar