MATHEMATICS

Jumat, 27 Mei 2011

ആഹാരത്തിന്റെ ഉള്ളടക്കങ്ങള്‍


പുതുക്കിയ മലയാളം പാഠപുസ്തകത്തില്‍ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറും’ എന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് രാമനുണ്ണി മാഷ് ഇവിടെ. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വെളിച്ചം സപ്ലിമെന്റ് എഴുതുന്നയാളാണ് ബ്ലോഗ് ടീമംഗം കൂടിയ അദ്ദേഹം. പാഠപുസ്തകത്തെ അവലംബിച്ചു കൊണ്ട് മാഷ് തയ്യാറാക്കിയ ഈ വിവരണം മലയാളം അധ്യാപകര്‍ക്ക് വലിയൊരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. കഥയും കഥാ വിവരണങ്ങളുമായി സമ്പുഷ്ടമായ ഈ ലേഖനം മലയാളാധ്യാപകര്‍ക്കും ഭാഷാസ്നേഹികള്‍ക്കും മുന്നിലേക്ക് ഒരു ചര്‍ച്ചയ്ക്കായി തുറന്നിടട്ടെ.

ഉപദംശപദേ തിഷ്ഠന്‍
പുരാ യം ശിഗ്രുപല്ലവ:
ഇദാനീ മോദനസ്യാപി
ധുരമുദ്വോഢുമീഹതേ.

‘മുരിഞ്ഞപ്പേരീം ചോറും’ എന്ന പത്താം ക്ലാസിലെ പാഠത്തില്‍ നിന്ന്

അന്വയം : യം ശിഗ്രുപല്ലവ പുരാ ഉപദംശപദേ തിഷ്ഠന്‍ ! ഇദാനീം ഓദനസ്യാ ധുരം ഉദ്വോഢും അപി ഈഹതേ!

യം=യാതൊരു
ശിഗ്രുപല്ലവ:= മുരിങ്ങയില
പുരാ= പണ്ട്
ഉപദംശപദേ= ഉപദംശത്തിന്റെ (തൊട്ടുകൂട്ടാനുള്ളത്)സ്ഥാനത്ത്
തിഷ്ഠന്‍= ഇരുന്നു (ന്നിരുന്നു)
ഇദാനീം= ഇപ്പോള്‍
ഓദനസ്യാ= ചോറിന്റെ (മേല്‍)
ധുരം= നുകം (വെച്ച്)
ഉദ്വോഢും= കയറുന്നു (കയറാന്‍)
അപി ഈഹതേ= പരിശ്രമിക്കുന്നു(?)

സന്ദര്‍ഭം -കഥ:

പുരുഷാര്‍ഥക്കൂത്തില്‍ ‘രാജസേവ’ എന്ന ആദ്യഭാഗത്ത് ബ്രാഹ്മണന്‍ രാജസേവകനായി യുധീഷ്ഠിരമഹാരജാവിനെ സേവിക്കാന്‍ പുറപ്പെട്ട് ,കൊട്ടാരത്തിലെത്തുന്നു. യുധീഷ്ഠിരമഹാരാജാവ് ബ്രാഹ്മണനെ സത്ക്കരിച്ചിരുത്തി കുശലം ചോദിക്കുന്നു. സന്ദര്‍ശനോദ്ദേശ്യം ആരായുന്നു. സരസമായ സംഭാഷണത്തിന്നിടക്ക് ബ്രാഹ്മണന്‍ ഇല്ലത്തെ അല്ലറചില്ലറ പ്രശ്നങ്ങള്‍ മഹാരാജാവിനോട് പറയുന്നു:

വീട്ടില്‍ അകത്ത് നടക്കുന്ന ഗൃഹഛിദ്രം വിവരിക്കുകയാണ്. വഴക്ക് മുരിഞ്ഞപ്പേരീം ചോറും തമ്മിലാണ്!

“ എന്ത്? വഴക്കോ?

അതേന്ന്, അതിന്റെ കഥ ഞാനങ്ങയോട് പറയാം.

പണ്ട് മുതുമുത്തശ്ശന്റെ കാലം മുതല്‍ക്കുതന്നെ മുരിഞ്ഞ ഒരു പ്രധാന ഭക്ഷണസാധനായിട്ടാണ് ഇല്ലത്ത് കണക്കാക്കാറ്. മറ്റെന്തു വിഭവങ്ങളുണ്ടെങ്കിലും ശരി, കുറച്ചു മുരിഞ്ഞപ്പേരി കൂടി ണ്ടാവും. അതബദ്ധായീന്ന് ഇപ്പോ തോന്നുണുണ്ട്. മുരിഞ്ഞപ്പേരിക്ക് കുറച്ചഹംഭാവം വന്നു. തന്നോട് കുറച്ചധികം കാണിക്ക്ണ്ണ്ട്ന്ന് തോന്നീട്ടായിരിക്കണം. എന്തിനു പറയുണു, മുത്തശ്ശന്റെ കാലായപ്പഴേക്കും അതു കുറേശ്ശെ അക്രമം പ്രവര്‍ത്തിച്ചു തുടങ്ങി.എനതാന്നല്ലേ, കയ്യേറ്റം. കുറേശ്ശെയായിട്ടാണ് തുടങ്ങിയതെങ്കിലും , കയ്യേറി കയ്യേറി ഓരോ വിഭവങ്ങളടെ സ്ഥനം പോവാനാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പളയ്ക്കും ഒരു വിഭവോല്യാ, ഒക്കെ മുരിഞ്ഞപ്പേര്യെള്ളൂ ന്ന മട്ടായി. അഛന്റെ

കാലായപ്പളയ്ക്കും ചോറിന്റെ നേരേകൂടി തുടങ്ങി ആക്രമണം. ക്രമേണ, ചോറിന്റെ സ്ഥാനംകൂടി മുരിഞ്ഞപ്പേരിക്കാണ്ന്ന നിലയിലായി. അതു തുടര്‍ന്ന് തുടര്‍ന്ന് എന്റെ കാലമെത്തിയപ്പോള്‍, മുഴുവന്‍ സ്ഥാനവും മുരിഞ്ഞപ്പേരികൊണ്ടോയമട്ടായിത്തീര്‍ന്നു.

………………….

ഇപ്പൊളത്തെ സ്ഥിത്യെന്താച്ചാല്‍ ചോറിന്റേയും വിഭവങ്ങളുടേയും ഒക്കെ സ്ഥാനത്ത് മുരിഞ്ഞപ്പേര്യാ. വല്ലപ്പോഴും ചിലപ്പോള്‍ കുറച്ചു ചോറ് കണ്ടെങ്കിലായി. അതന്നെ ഒരു പ്രാധാന്യോല്യാതെ. പണ്ട് മുരിഞ്ഞപ്പേരിക്ക്ണ്ടായിരുന്ന സ്ഥാനം പോലും ഇന്ന് ചോറിനില്ല.[ തുടര്‍ന്ന് മേല്‍ ശ്ലോകം]”

(പുരുഷാര്‍ഥക്കൂത്ത്: രാജസേവ- വി.ആര്‍.കൃഷ്ണചന്ദ്രന്‍ / കേരളസാഹിത്യാക്കാദമി: 1978)

പുരുഷാര്‍ത്ഥക്കൂത്ത്

വിശ്വപ്രസിദ്ധമായ കൂടിയാട്ടം, കേരളത്തിന്റെ നാടകപാരമ്പര്യത്തിനൊപ്പിച്ച് സംസ്കൃതനാടകങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. ഭാസന്‍, കാളിദാസന്‍ എന്നിവരുടെ നാടകങ്ങളായിരുന്നു ആദ്യകാലത്ത് അരങ്ങേറിയിരുന്നത്. ഈ കാലത്തുണ്ടായ ആദ്യ കേരളീയ നാടകമാണ് ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’. പിന്നീട് കുലശേഖരവര്‍മ്മയുടെ ‘ തപതീസംവരണവും’ സുഭദ്രാധനഞ്ജയവും’ ഉണ്ടായി. ഇതൊക്കെയും പൂര്‍ണ്ണമായും രംഗാവതരണത്തിന്ന് വേണ്ടിയുള്ളവയായിരുന്നു.

കുലശേഖരവര്‍മ്മയുടെ സദസ്സിലെ പണ്ഡിത-വിദൂഷകനാ‍യിരുന്നു തോലന്‍. കൂടിയാട്ടത്തില്‍ തോലന്‍ ചെയ്ത പരിശ്രമം പ്രധാനമാണ്. പണ്ഡിതസദസ്സിന്നുവേണ്ടി കുലശേഖരകവി കൂടിയാട്ടത്തെ പാകപ്പെടുത്തിയപ്പോള്‍ സാധാരണക്കാര്‍ക്കുകൂടി ആസ്വദിക്കാന്‍ പാകത്തില്‍ തോലനെക്കൊണ്ട് അതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താനും മുതിര്‍ന്നു. നാടകത്തിലെ നായകനൊപ്പം സ്ഥാനം വിദൂഷകനും ഉണ്ടായത് അങ്ങനെയാണ്.വിദൂഷകന്‍ പ്രാകൃതവും ഭാഷയും പറയുന്ന ഹാസ്യവേഷമാണ്. നാല് പുരുഷാര്‍ഥങ്ങള്‍ക്കുള്ള ഹാസ്യാനുകരണമെന്നനിലയില്‍ പരിഹാസസമ്പന്നമായ ഒരു പുതിയഘടകം കൂടിയാട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. അതാണ് പുരുഷാര്‍ഥക്കൂത്ത്. വിദൂഷകന്‍ തന്റെ പൂര്‍വകഥ പറയുന്ന മട്ടിലാണ് ഇതിന്റെ നിര്‍വഹണം.വിദൂഷകന്റെ നിര്‍വഹണത്തിന്ന് സാധാരണ നാലുദിവസം എടുക്കും.

പുരുഷാര്‍ഥങ്ങള്‍ ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നിവയാണല്ലോ.ധര്‍മ്മാര്‍ഥകാമങ്ങളിലൂടെ മോക്ഷത്തിലെത്തുക എന്നതാണ് മനുഷ്യപ്രയത്നം. എന്നാല്‍ പുരുഷാര്‍ഥക്കൂത്തില്‍ പുരുഷാര്‍ഥങ്ങള്‍ ഇങ്ങനെയല്ല. അശനം, വിനോദം വഞ്ചനം, രാജസേവ എന്നിവയാണ് പുരുഷാര്‍ഥങ്ങള്‍. ഇതു സൂചിപ്പിക്കുന്നത്

· ഹാസ്യരസത്തിന്നുള്ള സ്ഥാനം
· സമൂഹ്യവിമര്‍ശനത്തിന്നുള്ള സ്ഥാനം
· സമകാലിക മൂല്യബോധത്തെ വിമര്‍ശിക്കുന്ന ഉള്ളടക്കം

മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാകുന്നു. പൌരാണികകാലം മുതല്‍ നിലനില്‍ക്കുന്ന ധര്‍മ്മബോധമാണിത്. ഈ പുരുഷാര്‍ഥങ്ങള്‍ സാധിക്കാന്‍ വര്‍ണ്ണാശ്രമങ്ങളും സങ്കല്‍‌പ്പിക്കുന്നു. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വര്‍ണ്ണങ്ങളും ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, സന്യാസം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങളും വേദേദിഹാസങ്ങളിലൂടെയും ശ്രുതിസ്മൃതികളിലൂടെയും മറ്റും പണ്ടേ തീരുമാനിച്ചുറപ്പിച്ചവയാണ്.കാലാന്തരത്തില്‍ ഈ മൂല്യങ്ങളൊക്കെയും ച്യുതിപ്പെടുകയും പകരം മൂല്യങ്ങളായി അശനം, വിനോദം, വഞ്ചനം,രാജസേവ എന്നിവ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈയൊരു വിമര്‍ശനമാണു ചാക്യാര്‍ കൂത്തിലൂടെ സാധിക്കുന്നത്.

“…..ഈശ്വരപ്രീതി തന്ന്യാണ് നന്മക്ക് നിദാനം. അതിന് സത്ക്കര്‍മ്മങ്ങള്‍ ചെയ്യാണ് വേണ്ടത്. ധര്‍മ്മാര്‍ഥകാമമോക്ഷങ്ങള്‍ സാധിക്കലാണ് സത്ക്കര്‍മ്മങ്ങളുടെ ഉദ്ദേശം.അത് വേണ്ടവിധം സാധിക്കാന്‍ പറ്റുന്ന പരിതസ്ഥിതികളൊന്നും ഇന്നില്യ. എന്നാല്‍ ഇന്നത്തെപ്പോലെ ഒരുതരത്തിലുള്ള സത്ക്കര്‍മ്മങ്ങളും ചെയ്യാന്‍ പറ്റാത്തൊരുകാലംവരുമെന്ന് മഹാബുദ്ധിമാന്മാരായ പണ്ടത്തെ തനിക്ക്താന്‍പോന്ന പരിഷകളില്‍ ചിലര്‍ക്കറിയാമായിരുന്നു. അതുകാരണം അവരെന്തുചെയ്തൂന്നല്ലേ, ധര്‍മ്മാര്‍ഥകാമമോക്ഷങ്ങള്‍ക്ക് നാലുപ്രതിനിധികളെ നിശ്ചയിച്ചു. അശനം, രാജസേവ, വേശ്യാവിനോദം, വേശ്യാവഞ്ചനം. ഇവ സാധിച്ചാല്‍ മതീന്നൊന്നും അര്‍ഥല്യാട്ടോ. യഥാര്‍ഥപുരുഷാര്‍ഥങ്ങള്‍ നേടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെങ്കില്‍ , പ്രതിനിധികളെയെങ്കിലും സാധിക്യാ. അവ നമ്മെ സംബന്ധിച്ചേതായാലും ക്ഷ രസായിട്ടുള്ളതാണലോ. ആ പരിഷകള്‍തന്നെ അതിനൊരു ക്രമവും നിശ്ചയിച്ചിട്ടുണ്ട്. വിനോദം, വഞ്ചനം, അശനം, രാജസേവ എന്നാണ് ആ ക്രമം. ..”

(പുരുഷാര്‍ഥക്കൂത്ത്: രാജസേവ- വി.ആര്‍.കൃഷ്ണചന്ദ്രന്‍ / കേരളസാഹിത്യാക്കാദമി: 1978)

ശിഗ്രുപല്ലവം

ഓദനവും ശിഗ്രുപല്ലവവും തമ്മിലുള്ള വഴക്കും അതില്‍ ശിഗ്രുപല്ലവത്തിന്റെ വിജയവും ആണ് പ്രതിപാദ്യം.മുതുമുത്തശ്ശന്റെ കാലം തൊട്ട് തലമുറകളായി നീണ്ടുകിടക്കുന്ന വഴക്ക്. ഓദനം= വെള്ളം വാര്‍ന്ന അന്നം. അതായത് ചോറ് . ശിഗ്രുപല്ലവം= മുരിങ്ങയില. ശരിക്കും മുരിങ്ങയില ശിഗ്രുപത്രം ആണ്. പല്ലവം തളിരാണ്. തളിര്‍മുരിങ്ങയില. ചോറിന്ന് ഉപദംശം ആണ് മുരിങ്ങയിലകൊണ്ടുള്ള ഉപ്പേരി. ഉപദംശം= തൊട്ടുകൂട്ടാനുള്ളത് എന്നാനര്‍ഥം. ഇവിടെ ഉപ്പേരി എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കയാ‍ണ്. മുരിങ്ങയിലച്ചമ്മന്തി പതിവില്ലല്ലോ. ചോറ്, കറികള്‍ (ചതുര്‍വിധവിഭവങ്ങള്‍ ബ്രാഹ്മണന്ന് അറിയാം), അതിന്റെ കൂടെ ഉപ്പേരി / മെഴുക്കുപുരട്ടി / തോരന്‍ / . മറ്റു വിഭവങ്ങള്‍. ഇതായിരുന്നു പതിവ്. പിന്നെ പിന്നെ ഇല്ലത്ത് ദാരിദ്ര്യം വര്‍ദ്ധിക്കുകയും മറ്റുവിഭവങ്ങള്‍ക്കുകൂടി മുരിഞ്ഞയില പകരക്കാരനാവുകയും ചെയ്തു. ഇപ്പോള്‍ ചോറിന്റെ സ്ഥാനത്ത്കൂടി മുരിഞ്ഞപ്പേരി ആയി.

ബ്രാഹ്മണന്‍ പറയുന്നതുകേട്ടാല്‍ മുഞ്ഞപ്പേരി ചോറിനെ കയറി ആക്രമിച്ച് ഇല്ലാതാക്കി എന്നല്ലേ തോന്നുക.ദാരിദ്ര്യം കാരണം ചോറിന്ന് വകയില്ലാതവുകയും എന്നാല്‍ പശിയടക്കാന്‍ മുരിഞ്ഞ സഹായിക്കുകയും ആണല്ലോ ഉണ്ടായത്. ബ്രാഹ്മണന്റെ ദാരിദ്ര്യം സാമൂഹ്യമായ കാരണങ്ങള്‍കൊണ്ടും കുറച്ചൊക്കെ സ്വന്തം വികൃതികള്‍കൊണ്ടും ഉണ്ടായതാണല്ലോ. അതുമാത്രമല്ല ഏതൊരു സമൂഹത്തിലും ഏതൊരുകാലത്തും ഭക്ഷണത്തിന്ന് ദാരിദ്ര്യം ഉണ്ടാവുമ്പോള്‍ പാരമ്പര്യഭക്ഷണങ്ങള്‍ (അരി/ ചോറ്) പിന്‍‌വാങ്ങുകയും പകരം ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പാരമ്പര്യേതര വിഭവങ്ങള്‍ സ്ഥനം പിടിക്കുകയും ചെയ്യും. അതു ശരിക്കാലോചിച്ചാല്‍ ജീവികളുടെ അതിജീവനതന്ത്രമാകുന്നു. കേരളത്തില്‍ ‘മക്രോണി’യും ഗോതമ്പും, മൈദയും ഒക്കെ ഇങ്ങനെ കയറിവന്നതാണ്. മൂത്തകരിമ്പന മരപ്പണിക്കായി എവിടെയെങ്കിലും മുറിക്കുന്നുവെന്നു കേട്ടാല്‍ അവിടെ കാവല്‍നിന്ന് ഉള്ളിലെ ‘ചോറ്’ കുത്തിച്ചോര്‍ത്തെടുത്ത് ഉണക്കിപ്പൊടിച്ച് ഉപ്പും കൂട്ടി വേവിച്ച് കഴിച്ചുകൂട്ടിയ പട്ടിണിക്കാലം ഇന്നത്തെ വൃദ്ധതലമുറക്ക് ഓര്‍മ്മയിലുണ്ട്.

കേരളത്തില്‍ നമ്പൂതിരിസമുദായത്തില്‍ ഉണ്ടായ ഒരധ:പ്പതനകാലഘട്ടം ചരിത്രത്തിലുണ്ട്. ധര്‍മ്മക്ഷയത്തിന്റെ ഒരുകാലഘട്ടം.

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജത്തിന്റെ മുഖാരവിന്ദം
ഇതിങ്കലേതെങ്കിലു മൊന്നുവേണം
മനുഷ്യജന്മം സഫലമാവാ

എന്നര്‍ഥം വരുന്ന ഒരു ചൊല്ലുണ്ടായിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ‘നാരീജനത്തിന്റെ മുഖാരവിന്ദം ഭജിച്ചവരായിരുന്നു. അത് എളുപ്പവും കുറേകൂടി ആസ്വാദ്യകരവുമായിരുന്നല്ലോ. നമ്മുടെ അച്ചീചരിതങ്ങളും സന്ദേശകാവ്യങ്ങളും എല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളായിരുന്നു. കൂത്ത്, കൂടിയാട്ടം എന്നിവയുടേയും കാലഘട്ടം ഇവിടെയാണ്. “ബ്രാഹ്മണരുടെ ധര്‍മ്മം സദ്യയൂണും , അര്‍ഥം രാജസേവയും, കാമ വേശ്യാപ്രാപ്തിയും, മോക്ഷം വേശ്യാ വഞ്ചനവുമാണെന്ന് “ വിദൂഷകന്‍ പരിഹസിക്കുകയാണ്. നമ്പൂരിഫലിതങ്ങളില്‍ ഇതിന്റെയൊക്കെ മാറ്റൊലി നിറയെ ഉണ്ട്. ഈ കാലഘട്ടത്തിന്റെ സ്വാഭാവികഫലമായിരുന്നു ദാരിദ്ര്യം. പിന്നീട് ഈ ദാരിദ്ര്യം ശക്തിപ്പെട്ടത് ജന്മിത്തം അവസാനിപ്പിച്ച നിയമനിര്‍മ്മാണത്തിന്റെ കാലത്താണ്. അവിടെയും ദാരിദ്ര്യത്തോടൊപ്പം ധര്‍മ്മച്യുതിയും ചര്‍ച്ചക്ക് വന്നു. പക്ഷെ, അത് കുടിയാന്റെ അനുസരണയില്ലയ്മയും അഹംകാരവും പിടിച്ചുപറിയും പാട്ടം കൊടുക്കാതിരിക്കലും കുടിയിറങ്ങാന്‍ തയ്യാറാവാതിരിക്കലും ഒക്കെയായിരുന്നു. തന്റെ ‘ജന്മിത്ത’ മല്ല കുടിയാന്റെ ‘കുടിയായ്മ’ യാണ് കുഴപ്പം എന്നായിരുന്നു ചര്‍ച്ച. ചാക്യാര്‍കൂത്തില്‍ സമകാലിക സംഭവങ്ങളെ മുന്‍‌നിര്‍ത്തിയുള്ള അതി ശക്തമായ വിമര്‍ശനം അനുവദനീയമാണ്. രാജാധികാരത്തെപ്പോലും വിമര്‍ശിച്ച ചാക്യാന്മാരുണ്ട്. ഈ സന്ദര്‍ഭത്തില്‍ ‘കയ്യേറ്റക്കാരെ’ കുറിച്ചുള്ള പരാമര്‍ശം ഭൂമിഒഴിയാന്‍ വിസമ്മതിക്കുന്ന കുടിയാന്മാരേയും അതിന്ന് നിയമം നിര്‍മ്മിച്ച ഭരണാധികാരികളേയും മുന്‍‌നിര്‍ത്തിയാണ്. ഇപ്പോള്‍ അതു മുന്നാറിലേക്കും അതിവേഗപാതകളിലേക്കും നീളും.

യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിലെ പ്രശ്നം ഏറ്റവും കൂടുതല്‍ ബധിച്ചത് ഈ സമൂഹത്തെയാണ്. പാരമ്പര്യങ്ങളില്‍ ഉറച്ചുനിന്ന സമൂഹം. ചോറില്ലാതായപ്പോള്‍ അന്നം നല്‍കിയ മുരിഞ്ഞ കുറ്റക്കാരനാവുന്ന വ്യാഖ്യാനം. ‘പത്തായം പെറും, ചക്കികുത്തും, അമ്മവെക്കും’ എന്ന സ്വപ്നം തകര്‍ന്നപ്പോള്‍ കുറ്റം പത്തായത്തിനും ചക്കിക്കും അമ്മക്കും കൊടുത്ത് വീണ്ടും യാഥാര്‍ഥ്യത്തിലേക്ക് എത്താനുള്ള മടി. സ്വയം തീര്‍ത്ത അവസ്ഥകള്‍. (കാര്യങ്ങള്‍ മുന്‍‌കൂട്ടിക്കണ്ട് ആധുനികസമൂഹത്തോടൊപ്പം നീങ്ങിയ നമ്പൂരികുടുംബങ്ങള്‍ക്കിന്നും വലിയകുഴപ്പമൊന്നും ഇല്ല എന്നും ഇതോടൊപ്പം കാണാം)

ഉപദംശപദേ

ചതുര്‍വിധ വിഭവങ്ങളുമായാണ് നമ്പൂരിസ്സദ്യ. സമ്പൂര്‍ണ്ണ സസ്യാഹാരം. അതില്‍ ഉപദംശസ്ഥാനമാണ് ഇലക്കറികള്‍ക്ക് ഉണ്ടായിരുന്നത്. ചോറും പായസവും മുഖ്യം. ഇതില്‍ തന്നെ ഏറ്റവും പ്രമുഖസ്ഥാനം പായസത്തിന്ന്. ആധുനിക വൈദ്യശാസ്ത്രപ്രകാരം പച്ചക്കറികള്‍ക്കുള്ള സ്ഥാനം നമുക്കറിയാം. ഉപദംശം പ്രധാനഭക്ഷണമായിത്തീര്‍ന്ന കഥ ഈ മട്ടിലും ആധുനികലോകം മനസ്സിലാക്കും. ദാരിദ്ര്യസൂചനയേക്കാളധികം ആരോഗ്യബോധത്തിന്റെ സൂചനയാണിതില്‍ ആധുനിക സമൂഹം കാണുക. കൂത്ത് സമകാലികാവസ്ഥകളുമായി അത്യധികം സംവദിക്കുന്ന ഒരു കലാരൂപം കൂടിയാകുമ്പോള്‍ ഈ വ്യാഖ്യാനം തള്ളാനാവില്ല. ആധുനിക യുധീഷ്ഠിരന്ന് ഇതു ബോധ്യപ്പെടാന്‍ പ്രയാസം വരില്ല.

ഇങ്ങനെ മനസ്സിലാക്കുന്നതിന്ന് വിരോധമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ‘ഉപദംശപദേ’ എന്ന പ്രയോഗം. ഉപദംശം= തൊട്ടുകൂട്ടാനുള്ള (സംസ്കൃത മലയാളം നിഖണ്ഡു DCB)താണല്ലോ. ഉപ്പിലിട്ടത്, അച്ചാര്‍ എന്നിവയാണിത്. ഭക്ഷണവിഭവങ്ങളില്‍ മുരിഞ്ഞ അങ്ങനെയല്ല. സംസ്കൃതം പോലെ കണിശമായി ഉപയോഗിക്കുന്ന കാവ്യഭാഷ ഇങ്ങനെ അയഞ്ഞമട്ടില്‍ ഒരിക്കലും പ്രയോഗിക്കില്ല. മാത്രമല്ല, ‘തിഷ്ഠന്‍’= ഇരുന്നിരുന്നു എന്നാണ്. മിക്കപ്പോഴും ഉപ്പിലിട്ടതും അച്ചാറും ‘ഇരിക്കലേ‘ ഉള്ളൂ. ‘കഴിക്കല്‍‘ കുറവാ‍ണ്. സദ്യയില്‍ രണ്ടാംവട്ടം വേണ്ടവര്‍ക്ക്മാത്രമേ ഉപദംശം വിളമ്പാറുള്ളൂ. ഈയൊരവസ്ഥ മാറി ചോറും പായസവും പേരിന്ന് മാത്രവും ഇലക്കറികളും മറ്റും ഭക്ഷണത്തില്‍ പ്രഥമസ്ഥാനത്തുവന്നതുമായ ജനങ്ങളുടെ ആരോഗ്യസംബന്ധമായ ശീലത്തെ പരിഹസിക്കകൂടിയാണ് ചാക്യാര്‍ എന്നും കരുതാം.

കൂടിയാട്ടത്തിലും കൂത്തിലും ഭാഷാപരമായ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താറുണ്ട്. ഓരോ പദവും അതിന്റെ റൂട്ട് വരെ ചെന്ന് വ്യാഖ്യാനിക്കാന്‍ പണ്ഡിതന്മാരായ ചാക്യാന്മാര്‍ ശ്രമിക്കും. ഒരേപദം പലവട്ടം ആവര്‍ത്തിച്ച് നാനാര്‍ഥങ്ങള്‍/ ധ്വനികള്‍ / നാട്ടുനടപ്പ് എന്നിവ വ്യാഖ്യാനിച്ച് അര്‍ഥം പറയും. അത് ഈ കലാരൂപത്തിന്റെ ഭാഷാപരമായ മികവാണ്. സദസ്സിലെ നേരിയ ചലനം പോലും ഈ വ്യാഖ്യാനങ്ങളുടെ സ്പഷ്ടീകരണത്തിന്ന് പ്രയോജനപ്പെടുത്താനും അവര്‍ക്ക് കഴിയും.അനേകവര്‍ഷങ്ങളിലെ സംസ്കൃതപഠനവും ആര്‍ഷജ്ഞാനവും പ്രയോഗപരിചയവും ഇവര്‍ക്കിതിന്ന് ബലം നല്‍കുന്നു.

ധുരമുദ്വോഢും

ധുരം=നുകം. നുകം വെച്ച് കയറാന്‍ ശ്രമിക്കുന്നു. മുരിഞ്ഞപ്പേരി ചോറിനെ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് പറയുന്നത്. മറ്റെല്ലാ വിഭവങ്ങളേയും ആക്രമിച്ച് കീഴടക്കി / സ്ഥാനം കളഞ്ഞ് / ഇപ്പോള്‍ അവസാനം ചോറിന്റെ പുറത്തും കയറി കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് പരാതി. ചൊറ് മുഴുവനും തോറ്റിട്ടില്ല. പക്ഷെ , പഴയസ്ഥാനം ഒന്നും ഇല്ല. സമ്പൂര്‍ണ്ണമായി തോല്‍ക്കാന്‍ ഇനി അധികകാലം ഒന്നും വേണ്ടിവരില്ല.

നുകം വെച്ച് കയറുക എന്ന പ്രയോഗം നോക്കൂ. കന്നുകളെ മെരുക്കാന്‍ ‘നുകം’ വെച്ച് ശീലിപ്പിക്കും. ഇതു കാര്‍ഷികമായ ഒരു പ്രയോഗവിദ്യയാണ്. ഇണങ്ങാത്ത / മെരുങ്ങാത്ത മൂരി, പോത്ത് എന്നിവയെ കൃഷിപ്പണിക്കും മറ്റും ഇണക്കുന്ന പാഠം. മെരുങ്ങിയഒന്നിനേയും മെരുക്കിയെടുക്കേന്റ ഒന്നിനേയും ചേര്‍ത്ത് നുകം വെക്കും. കുറച്ചു ദിവസം ഈ പാഠം ചെയ്യുന്നതിലൂടെ നന്നായി മെരുങ്ങുകയും തോളില്‍ തഴമ്പ് വീഴുകയും ജോലിചെയ്യാന്‍ പഠിക്കുകയും ചെയ്യും. ഇത് നുകം വെച്ച് കയറല്‍ അല്ല. നുകം കയറ്റല്‍ ആണ്. ജോലിചെയ്യാന്‍ പഠിപ്പിക്കലാണ്. അക്രമിക്കലല്ല, തൊഴില്‍ചെയ്യാന്‍ പ്രേരിപ്പിക്കലാണ്. ആനയെ മെരുക്കുന്നതുപോലെ ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും അല്ല കന്നിനെ മെരുക്കുക. സ്നേഹിച്ചും അനുനയിപ്പിച്ചും ആണ്. കാര്‍ഷികവൃത്തിയുടെ മൂല്യബോധമാണത്.

മാറുന്ന സാമൂഹ്യപരിസ്ഥിതികളില്‍ അത് തിരിച്ചറിയുകയും അന്നത്തെ പുരുഷാര്‍ഥങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കയും വേണം. തൊഴിലെടുത്ത് / ഉല്‍‌പ്പാദനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ദാരിദ്ര്യത്തിന്റെ കാഠിന്യം കുറയ്ക്കണം. ഭരണാധികാരിയോട് പരാതിപ്പെടുന്നതോടൊപ്പം സ്വന്തം കടമകൂടി നിറവേറ്റണം.ചോറ് സ്വയം കണ്ടെത്താനും അതിന്റെ സ്ഥാനവും സ്വദും തിരിച്ചറിയാനും സന്നദ്ധനാവണം. ജോലിചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്ന് പകരം അക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ ഇല്ലാതാവണം. ആധുനികസദസ്സില്‍ ഈ വ്യാഖ്യാനം തന്നെയാണ് അഭികാമ്യം.

Tidak ada komentar:

Posting Komentar