MATHEMATICS

Jumat, 27 Mei 2011

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.

നാലുവര്‍ഷം മുമ്പ് കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ പ്രതിഭാധനരായ കുട്ടികള്‍ക്ക് വേണ്ടി ഫ്ലാഷ് എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്​വെയറില്‍ തുടങ്ങിയതാണ് ഈ സംരംഭം. സ്ഥലം എംഎല്‍എ (ഇപ്പോള്‍ തവന്നൂര്‍ എംഎല്‍എ)ശ്രീ. കെ ടി ജലീലിന്റെ കൂടി ഉത്സാഹത്തില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ആവേശകരമായ പിന്‍തുടര്‍ച്ചകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. തുടക്കം ഫ്ലാഷിലായിരുന്നുവെങ്കിലും കെ ടൂണിന്റേയും, ജിമ്പ്- ഒഡാസിറ്റി- ഓപണ്‍ഷോട്ട് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെയും മികവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഈ കോഴ്സിനെ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ ബാച്ചുകള്‍ സുരേഷ്സാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നൂവെങ്കില്‍, തുടര്‍ന്ന് ജില്ലാതലങ്ങളിലേക്കും, ഇപ്പോള്‍ ഉപജില്ലാതലങ്ങളിലേക്കും വ്യാപിക്കുന്നത്, ആദ്യ ബാച്ചുകളില്‍ മികവുകാട്ടിയ 'കുട്ടി ആര്‍പി'മാരുടെ മേല്‍നോട്ടത്തിലാണ്. നാലുദിവസത്തെ പത്ത് മൊഡ്യൂളുകളുടെ വീഡിയോ ഡിവിഡിയിലൂടെയും, എഡ്യൂസാറ്റ് വഴിയുള്ള ഇന്ററാക്ഷനുകളിലൂടെയും സജീവസാന്നിധ്യമായി സുരേഷ് സാര്‍ കൂടെത്തന്നെയുണ്ട്.
നാലുദിന പഠനം കഴിഞ്ഞ് നമ്മുടെ കൊച്ചുകൂട്ടുകാര്‍ തയ്യാറാക്കിയ ചില അനിമേഷന്‍ ലഘുചിത്രങ്ങള്‍ ഇവിടെയുണ്ട്.

Tidak ada komentar:

Posting Komentar