MATHEMATICS

Kamis, 07 Oktober 2010

നൊമ്പരം - ഒരു ഏഴാം ക്ലാസുകാരിയുടെ കവിത


നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകള്‍ക്കായി നാം ഒരു പേജ് തന്നെ മാറ്റി വെച്ചിട്ടുണ്ട്. ശ്രദ്ധേയങ്ങളായ രചനകള്‍ അയച്ചുതന്നാല്‍ മാത്സ് ബ്ലോഗില്‍ അവ പ്രസിദ്ധീകരിക്കും എന്നും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അധ്യാപകസമൂഹം വേണ്ടത്ര അനുഭാവത്തോടെയോ അവധാനതയോടുകൂടിയോ ശ്രദ്ധിക്കുന്നില്ലെന്നു പറയുമ്പോള്‍ പരിഭവം തോന്നരുത്. തങ്ങളുടെ രചനകള്‍ ഏതു മീഡിയത്തിലായാലും നാലാളു കാണുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചു കാണുന്നത് സന്തോഷവും അഭിമാനവും തരുന്ന കാര്യമാണ്. കുട്ടികളാവുമ്പോള്‍ ആ സന്തോഷം അതിരറ്റതായിരിക്കും. കോഴിക്കോട് മേലടി സബ് ജില്ലയിലെ കൊഴുക്കല്ലൂര്‍ യു. പി. സ്ക്കൂളിലെ ഏഴാം ക്ലാസുകാരി കുമാരി. ആവണി. ബി. ആനന്ദിന്റെ 'നൊമ്പരം' എന്ന കവിത അധ്യാപകനായ ജയരാജന്‍ വടക്കയില്‍ അയച്ചു തന്നത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

നൊമ്പരം

സ്നേഹമിന്നെവിടെയുമൊരോര്‍മ്മ മാത്രം
ജീവിതമിന്നൊരു പാവയെപ്പോല്‍
സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും
ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്തു

ജീവിതയാത്രതന്‍ വേഗമതേറുമ്പോള്‍
സൌഹൃദമിന്നൊരു നൊമ്പരമായ്
മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി

ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു
കുട്ടിത്തമെങ്ങോ മറഞ്ഞുപോകുന്നു
താരാട്ടുപാട്ടിലെ പാല്‍മണം വറ്റി
താരിളം ചുണ്ടിലെ പുഞ്ചിരിയും പോയ്

പ്രതിമയ്ക്ക് അമ്മതന്‍ രൂപം പകര്‍ന്ന്
ഭാവത്തിനായ് പണം വാരിക്കൊടുത്തു
അകലങ്ങളില്‍ നിന്ന് ആടിത്തിമിര്‍ക്കും
സ്നേഹത്തിന്‍ ഭാഷയും മാറിടുന്നു

വിലയ്ക്കു വാങ്ങുന്നിന്നു പുഞ്ചിരിപോലും
സ്നേഹത്തിന്‍ മൂല്യമതാരറിയാന്‍?

ആ കൊച്ചുകലാകാരിയടെ കവിത ആസ്വദിക്കാനും അവളെ അഭിനന്ദിക്കാനും ഇത്തരം രചനകള്‍ പൂര്‍ണ്ണതയിലെത്തിക്കാനായുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും ഈ അവസരം ഉപയോഗിക്കുമല്ലോ?

Tidak ada komentar:

Posting Komentar