MATHEMATICS

Minggu, 10 Oktober 2010

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് - 2010

കുട്ടികളില്‍ ശാസ്ത്രാവബോധം, ജിജ്ഞാസ, സര്‍ഗ്ഗാത്മക വാസന എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ഈ വര്‍ഷം ഡിസംബര്‍ 27 മുതല്‍ 31 വരെ നടക്കുന്നു. ഈ വിവരം അധ്യാപകരുമായി പങ്കുവെക്കുന്നത് പറവൂര്‍ എസ്.എന്‍.വി ഹയര്‍സെക്കന്ററി സ്ക്കൂളിലെ ലെ ശാസ്ത്ര അധ്യാപകനും OSST അംഗവും ഫിസിക്സ് അധ്യാപകന്‍ എന്ന പേരിലുള്ള ശാസ്ത്രബ്ലോഗ് കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ സുഹൃത്തുമായ സി.കെ ബിജു മാഷാണ്. ഈ വിവരങ്ങളോടൊപ്പം അദ്ദേഹം അയച്ചു തന്ന ഒരു പ്രസന്റേഷനും താഴെ നല്‍കിയിട്ടുണ്ട്. എന്താണ് ഈ ബാലശാസ്ത്ര കോണ്‍ഗ്രസ്? നേരത്തേ ഇതേപ്പറ്റി കേട്ടിട്ടുണ്ടോ? ഇതൊരു ശാസ്ത്ര പ്രതിഭാ മത്സരമോ പരീക്ഷയോ അല്ല. 5 കുട്ടികളും ഒരു ടീച്ചര്‍ ഗൈഡും ചേര്‍ന്ന് മാസങ്ങള്‍ കൊണ്ട് പ്രത്യേക വിഷയത്തില്‍ പ്രൊജക്ട് നടത്തുന്നു. ആ പ്രവര്‍ത്തനത്തിന്റെ അവതരണം ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നടത്തുന്നു. കുട്ടിക്ക് പരീക്ഷണങ്ങള്‍ സ്വയം ചെയ്തു നോക്കുന്നതിനും, ക്ളാസ്സിലെ മുഷിപ്പന്‍ പഠന രീതിയ്ക്ക് മാറ്റം ഉണ്ടാക്കുന്നതിനുമെല്ലാം ബാലശാസ്ത്ര കോണ്‍ഗ്രസ് അവസരം നല്‍കുന്നു. ഒപ്പം ഭൌതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ച് നേരിട്ട് പഠിക്കാനുള്ള അവസരവും, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകളുമെല്ലാം കുട്ടിക്ക് ലഭിക്കുന്നുണ്ട്. ദേശീയതല സംഗമത്തിനു മുമ്പേ സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള സമ്മേളനങ്ങള്‍ നടക്കും. ദേശീയതലത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും 16 ടീമുകള്‍ക്കാണ് സെലക്ഷന്‍ ലഭിക്കുക. അവര്‍ക്ക് (16 x 5 = 80 പേര്‍ക്ക് ) ഗ്രേസ് മാര്‍ക്കായി 74 മാര്‍ക്കും ലഭിക്കും. എന്നാണ് ഈ മത്സരങ്ങള്‍ നടക്കുക? കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നില്ലേ?

സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസ് നവംബര്‍ അവസാനവാരം കൊല്ലത്ത് വച്ചാണ് നടക്കുക. എറണാകുളം ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഒക്ടോബര്‍ 30 ന് GBHSS ആലുവയില്‍ വച്ച് നടക്കും. മറ്റു ജില്ലകളിലെ ബാലശാസ്ത്രകോണ്‍ഗ്രസുകളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ അതാത് സയന്‍സ് ക്ലബ്ബ് സെക്രട്ടറിമാരില്‍ നിന്നും അറിയാം. 1993 ല്‍ ഡല്‍ഹിയില്‍ വച്ചാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ആരംഭിച്ചത്. ഇത് 18- ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നു പോരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള 10 മുതല്‍ 17 വയസുവരെ പ്രായമുള്ള 600 ല്‍പരം കുട്ടികള്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ പൌരത്വമുള്ള 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളടങ്ങിയ ഗ്രൂപ്പിന് ഇതില്‍ പങ്കെടുക്കാം. 2 പേര്‍ മുതല്‍ 5 പേര്‍ വരെയുള്ള അംഗങ്ങളായിരിക്കണം ഒരു ഗ്രൂപ്പിലുണ്ടാകേണ്ടത്. ജൂനിയര്‍ വിഭാഗത്തില്‍ (Junior Group) ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 10 വയസ്സ് പൂര്‍ത്തിയാകണം, ഏറ്റവും പ്രായം കൂടിയ കുട്ടിയ്ക്ക് 14 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. സീനിയര്‍ വിഭാഗത്തില്‍ (Senior Group) ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 14 വയസ്സ് പൂര്‍ത്തിയാകണം, ഏറ്റവും പ്രായം കൂടിയ കുട്ടിയ്ക്ക് 17 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. ഗ്രൂപ്പിന് ഒരു ഗൈഡ് (Guide) വേണം. സ്കൂളിലെ ഒരു ശാസ്ത്രാധ്യാപകനോ അധ്യാപികയോ ആകാം. അതല്ലെങ്കില്‍ ഇത്തരത്തിലുളള ഒരു അന്വേഷണാത്മക പ്രോജക്ട് (investigatory project) തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധന്‍ ആകാം. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഗൈഡ് ആകാന്‍ പാടില്ല. അതുപോലെ തന്നെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടേയും സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടേയും മക്കള്‍ ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് അവതരിപ്പിക്കാനുള്ള പ്രൊജക്ട് തയ്യാറാക്കേണ്ടതെങ്ങനെയെന്നും അതിനു വേണ്ട തയ്യാറെടുപ്പുകളെന്തെന്നുമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു പ്രസന്‍റേഷന്റെ പി.ഡി.എഫ് കോപ്പി ഇതോടൊപ്പം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് ഈ വിഷയത്തേപ്പറ്റി കൂടുതല്‍ അറിയുന്നതിനും കുട്ടികളെ കാണിക്കുന്നതിനും സഹായിക്കുന്ന പ്രസന്റേഷന്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for the pdf presentation about NCSC

Tidak ada komentar:

Posting Komentar