MATHEMATICS

Sabtu, 09 Oktober 2010

ഇന്ന് 10-10-10 10:10:10 മാജിക് ഡേ

2010 ലെ പത്താം മാസത്തിലെ പത്താം തിയതിയായ ഇന്ന് പത്തുകളുടെ അപൂര്‍വ്വ സംഗമദിനം. പറഞ്ഞു തുടങ്ങിയപ്പോഴേ കാര്യം മനസ്സിലായിക്കാണുമല്ലേ? ഇന്നത്തെ തീയതിയെങ്ങനെയാ എഴുതുന്നത്? 10-10-10 എന്നല്ലേ? പകല്‍ 10 മണി 10 മിനിറ്റ് 10 സെക്കന്റ് ആകുമ്പോഴോ? ആറ് പത്തുകളുടെ അപൂര്‍വ്വ നിര തന്നെ നമുക്ക് കാണാം. ഡിജിറ്റല്‍ ക്ലോക്കുകളില്‍ 10:10:10 10-10-10 എന്ന് തെളിയുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. എത്ര രസകരം അല്ലേ? നമ്മുടെ നാട്ടില്‍ ഈ ദിവസവും ഒരു സാധാരണദിനമായി കടന്നു പോകുമെങ്കിലും ചില രാജ്യങ്ങള്‍ ഇത്തരം അപൂര്‍വ്വ ദിനങ്ങള്‍ നന്നായി ആഘോഷിക്കുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ ഈ ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ്. 08-08-08 08:08:08 ന് ഒളിമ്പിക്സ് ചടങ്ങുകള്‍ക്ക് തിരിതെളിച്ച് അവരത് വലിയൊരു ആഘോഷമാക്കിയത് നാം ജീവിതകാലത്ത് മറക്കുമോ? എങ്ങനെയെല്ലാമാണ് ലോകജനത ഇത് ആഘോഷിക്കുന്നത്?

പത്തിന്റെ ഈ അപൂര്‍വ്വ സമ്മേളനം ഓര്‍മ്മിക്കപ്പെടാനാകും വിധം വിവിധ ചടങ്ങുകള്‍ക്കായി തെരഞ്ഞെടുക്കുന്നവരുണ്ട്. വിദേശരാജ്യങ്ങളില്‍ പലരും ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വിവാഹത്തിനായി ഈ വര്‍ഷത്തെ ഒക്ടോബര്‍ പത്ത് തെരഞ്ഞെടുത്തിരിക്കുകയാണത്രേ. ഇതിനു പിന്നില്‍ പലര്‍ക്കും ജ്യോതിഷവിശ്വാസങ്ങള്‍ കൂടിയുണ്ടെന്നു പറയുമ്പോള്‍ പലരും മൂക്കത്ത് വിരല്‍ വെക്കും.

വരട്ടെ, വിശ്വാസത്തിന്റെ പോക്കിനെപ്പറ്റി ഇനിയും കേള്‍ക്കണോ? ഇന്ന് സിസേറിയനുകള്‍ക്കുള്ള സമയം പോലും 10:10 തെരഞ്ഞെടുത്ത് കാത്തിരിക്കുന്നവരുണ്ടെന്നു പറയുമ്പോഴോ? ഈ സമയത്ത് ജനിക്കുന്നവര്‍ ജീവിതത്തില്‍ കൃത്യനിഷ്ഠയുള്ളവരും പ്രശസ്തരുമായി മാറുമെന്നാണത്രേ ജ്യോതിഷപ്രവചനങ്ങള്‍. ഈ ദിവസത്തിന്റെ വിശ്വാസങ്ങള്‍ക്കു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ സംഖ്യകളുടെ ഈ ആവര്‍ത്തനം ഒരു അവിസ്മരണീയത പ്രദാനം ചെയ്യുന്നില്ലേ? നമ്മുടെ നാട്ടില്‍ വാഹനങ്ങള്‍ക്കു പിന്നാലെ ഫാന്‍സി നമ്പര്‍ തെരഞ്ഞു പോകുന്നവരും ഈ അവിസ്മരണീയത കൊതിക്കുന്നില്ലേ?

അടുത്ത വര്‍ഷം 11-11-11 ഉം 2012 ല്‍ 12-12-12 കഴിയുമ്പോള്‍ 13 നോടുള്ള ഭയം നിമിത്തമാണോന്നറിയില്ല പിന്നീട് ഈ ദിനഭംഗി കാണാന്‍ കുറേ നാളുകൂടി കാത്തിരിക്കണം. 2020 ല്‍ 22-2-22 വരുന്നത് വരെ.

വാല്‍ക്കഷണം: നമ്മുടെ നാട്ടില്‍ ഈ സംഖ്യാകളുടെ അപൂര്‍വ്വനിര ആഘോഷിക്കാന്‍ തുടങ്ങിയാല്‍ ആ ആഘോഷം പല ഷോപ്പുകളുടേയും മുന്നിലെ ആള്‍ നിര കൂട്ടാന്‍ ഉപകരിക്കുമെന്നും അതുവഴി പല കോര്‍പ്പറേഷനുകള്‍ക്കും അന്നേ ദിവസം വരുമാനം കൂടുന്നതിനും ഒരു സാധ്യതയില്ലേ?

Tidak ada komentar:

Posting Komentar