Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Minggu, 31 Oktober 2010
കേരളപ്പിറവി: ചരിത്രവും പുരാണവും
ഇന്ന് നവമ്പര്‍ ഒന്ന്. കേരളപ്പിറവി ദിനം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളപ്പിറവി ദിനം അവധി ദിവസങ്ങളിലായിരുന്നതിന്റെ പരാതി തീര്‍ക്കലാകും ഇന്ന്. പെണ്‍കൊടികള്‍ മുണ്ടും നേര്യതും സെറ്റു സാരിയുമെല്ലാം അണിഞ്ഞ് മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടണിഞ്ഞ് കേരളപ്പിറവി ആഘോഷിക്കാന്‍ പുരുഷകേസരികളും തയ്യാറെടുക്കും. മാനുഷരെല്ലാവരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്ന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് സന്തോഷിക്കാം. തമിഴനും കര്‍ണാടകക്കാരനും തെലുങ്കനുമെല്ലാം ഈ വികാരം കേവലം ഒരു ദിവസത്തേക്കുള്ളതല്ലെന്നുള്ളത് ഗൌരവകരമായ ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. Tamil Nadu State Transport Corporation അവിടെ അറിയപ്പെടുന്നത് തമിഴ് നാട് അരശു പോക്കുവരത്തൂക്കഴകം (தமிழ்நாடு அரசு போக்குவரத்துக்கழகம்)എന്നാണ്. കേരളത്തിലോ ? ഇതരസംസ്ഥാനങ്ങളിലേതു പോലെ അത്രയ്ക്കൊന്നും ഭാഷയോടോ, പഴമയോടോയൊന്നും മലയാളിക്കു താല്പര്യമില്ല. മാത്രമല്ല, ജീന്‍സിലേക്കും ആധുനിക ഫാഷന്‍ വസ്ത്രങ്ങളിലേക്കുമെല്ലാമുള്ള കുടിയേറ്റം മലയാളിയെന്ന സങ്കല്‍പ്പത്തിന് ചെറുതായെങ്കിലും മങ്ങലേല്‍പ്പിച്ചില്ലേയെന്ന ചോദ്യം ഇപ്പോഴും ചോദിക്കുന്നവരുണ്ട്. സൌകര്യം, കാലഘട്ടത്തിന്റെ ആവശ്യം എന്നൊക്കെയുള്ള മറുപടികള്‍ നമുക്കതിന് നല്‍കാനുണ്ടാകും. പക്ഷേ ചുരുങ്ങിയ പക്ഷം, കേരളം എന്ന ഈ ഭാഷാസമൂഹത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റി മലയാളി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്
മലയാളഭാഷാദിനവും കേരളപ്പിറവി ദിനവും; രണ്ടും ഒന്നായതില്‍ ഒരുപാടര്‍ഥങ്ങള്‍ ഉണ്ടാവും. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലുമേറെ പറ്റിയ ദിവസം വേറെയേത്? ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും, ദേശം ജനതയുമായുമാണല്ലോ. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും ജനതയുടെ ജീവിതം തന്നെ. ഭാഷ –കേവലം ഒരു ഉപകരണമല്ല; സാംസ്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളില്‍ നിന്നു മാത്രമാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. പല തലമുറകളായി ജനിച്ചുവളര്‍ന്നതും പഠിച്ചതും ഒക്കെ മറ്റുഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേത്തലക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ- കേരളത്തിന്റെ സാംസ്കാരിക ബോധങ്ങള്‍ അയാളില്‍ നിലകൊള്ളും. ഒരിക്കലും ഇതൊന്നും പൂര്‍ണ്ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും സമകലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്.
ബോധപൂര്‍വമായ ചില സംഗതികള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹം ചെയ്യേണ്ടതുണ്ട്. ഭാഷയുടെ വളര്‍ച്ച ഇതിലൂടെ മാത്രമേ വലിയതോതില്‍ സംഭവിക്കുകയുള്ളൂ. സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബ്നധമാക്കല്‍ സുപ്രധാനമാണ്. സര്‍ക്കാര്‍ രേഖകള്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായും മലയാളത്തിലായിട്ടില്ല. ഭാഷാഭിമാനം- ഭാഷാ സ്നേഹം നാം സ്വയം നിര്‍മ്മിക്കണം. എന്റെ ദൈനം ദിന ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗമെങ്കിലും മലയാളത്തിലായിരിക്കാന്‍ ഞാനല്ലാതെ വേറാരുണ്ട്? ഇന്റെര്‍നെറ്റുപോലുള്ള സംവിധാനങ്ങളില്‍ പോലും - ബ്ലോഗ്, റ്റ്വിറ്റര്‍, മെയില്‍….മലയാളത്തിന്ന് വളരെ പ്രാധാന്യവും സാധ്യതകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ.ഇതു പ്രയോജനപ്പെടുത്താന്‍ നാം സ്വയം തീരുമാനിക്കണം. ഭാഷ- സംസ്കാരത്തോട് കണ്ണിചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ മലയാളിത്തം (നേരിയതും മുണ്ടും ഉപയോഗിക്കലല്ല) തിരിച്ചറിയുകയും ജീവിതത്തോട് ബോധപൂര്‍വം ചേര്‍ക്കുകയും വേണം.നാം നമ്മുടെ സംസ്കാരത്തിലൂടെ ജീവിക്കുമ്പോഴാണല്ലോ സ്വാഭാവികത നിലനില്‍ക്കുകയും ജീവിതം സുകരമാകയും ചെയ്യൂ. സ്വാഭാവികതയുടെ സുഖം അതില്‍ത്തന്നെ അടങ്ങുന്നുണ്ട്.
ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന രാമായണത്തിലെ കിഷ്ക്കിന്ധാകാണ്ഡം നാല്‍പ്പത്തൊന്നാം സര്‍ഗത്തില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ട്. തെക്കേ ദിക്കിലേക്ക് പോകുന്ന വാനരന്മമാരോട് സുഗ്രീവന്‍ അവിടത്തെ രാജ്യങ്ങളേക്കുറിച്ച് പറയുമ്പോള്‍ "നദീം ഗോദാവരീം ചൈവ സര്‍വമേവാനുപശ്യത തഥൈവാന്ധ്രാന്‍ ച പൗണ്ഡ്രാന്‍ ച ചോളാന്‍ പാണ്ഡ്യാന്‍ ച കേരളാന്‍" എന്നാണ് പറയുന്നത്. ആ നിലക്ക് ആ കാലഘട്ടത്തിലേ കേരളത്തിന് സ്വന്തമായൊരു സംസ്ക്കാരമുണ്ടായിരുന്നുവെന്ന് നിസ്തര്‍ക്കമായി അംഗീകരിക്കേണ്ട വസ്തുതയാണ്.
മഹാഭാരതത്തിലും ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വ്യാസന്‍ ഇതിഹാസമെഴുതിയ കാലഘട്ടത്തിലും കേരളരാജ്യമുണ്ടായിരുന്നതായി നമുക്ക് ഊഹിക്കാവുന്നതല്ലേ? ആദിപര്‍വം, സഭാപര്‍വം , വനപര്‍വം , ദ്രോണപര്‍വം തുടങ്ങിയ മഹാഭാരതത്തിലെ വിവിധ അധ്യായങ്ങളിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. രുക്മിണീസ്വയംവരത്തില്‍ പങ്കെടുക്കാനായി തെക്കേ ദിക്കില്‍ നിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദര്‍ഭ രാജധാനിയില്‍ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പ്രസ്താവിക്കുന്നു. കൂടാതെ പതിനെട്ടു പുരാണങ്ങളില്‍പ്പെട്ട ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്.
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ് 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച രണ്ടാം ശിലാശാസനമാണ്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട് തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു...". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് പറയാനാകും. പതിമൂന്നാം ശിലാശാസനത്തിലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ക്രിസ്തുവിന് 1000 വര്‍ഷം മുമ്പേ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രിസ്തുവിന് മുന്‍പ് 302 ല്‍ സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും വിവിധ തുറമുഖങ്ങളെപ്പറ്റിയും പരാമര്‍ശങ്ങളുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പലയിടത്തും പറയുന്നുണ്ട്.
പണ്ടു മുതലേ തമിഴ്‌ഭാഷ സംസാരിച്ചിരുന്ന ചേര രാജവംശത്തിനു കീഴിലായിരുന്നു കേരളം. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും. അതല്ല കുറവരാണെന്നും വിവിധ വാദങ്ങളുണ്ട്. എന്തായാലും തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്.
മലയാളം വിക്കിപ്പീഡിയയെ അവലംബമാക്കിയാണ് ഈ ചരിത്രം ഇവിടെ ഉദ്ധരിക്കപ്പെട്ടത്. ഇതേ വിക്കിപ്പീഡിയ പരിശോധിച്ചാല്‍ത്തന്നെ ഓരോ ഭാഷാസമൂഹങ്ങളുടേയും ഭാഷാസ്നേഹമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടി വരില്ല. മൌസ് എന്ന വാക്കിന് മലയാളം വാക്കുണ്ടോ? പക്ഷേ തമിഴന് അതിന് വാക്കുണ്ട്. സുട്ടി (சுட்டி) എന്നാണത്. കീബോര്‍ഡ് അവന് വിസൈപ്പലകൈ (விசைப்பலகை) ആണ്. ഒരു തമിഴ് സിനിമയുടെ പേര് തമിഴിലായാല്‍ അതിന് ടാക്സ് ഇളവടക്കമുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടുകാരന്‍ യന്ത്രമനുഷ്യനെ (Robot) യന്തിരന്‍ എന്നു വിളിച്ചത്. നമ്മുടെ ഭാഷാ സ്നേഹവും ഭരണഭാഷാദിനാചരണങ്ങളും നവമ്പര്‍ ഒന്നിന് തുടങ്ങി നവമ്പര്‍ ഒന്നിന് തീരാതിരിക്കട്ടെയെന്ന് ഈ കേരളപ്പിറവിയില്‍ ആശംസിക്കാം
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar