ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില്‍ വാത്സല്യമേറിയ രാജാവ് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടിരുന്നു. അന്തഃപുരത്തില്‍ വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്‍ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല്‍ തുറുങ്കിലടക്കാനും വേണമെങ്കില്‍ കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു അക്ഷരം പോലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. രാജാവ് തന്റെ സ്നേഹം സഹിക്കവയ്യാതെ തന്റെ വിശ്വസ്തനായ അംഗരക്ഷകന്‍ എന്ന പദവിയിലേക്ക് വരെ അവനെ ഉയര്‍ത്തി. രാജാവിന്റെ കാവല്‍ക്കാരന്റെ ജാഡ പറയാനുണ്ടോ? ഇതോടെ കുരങ്ങനെതിരെ പരസ്യമായി ഒരു വിരലുപോലും അനക്കാനാവാത്ത അവസ്ഥയിലായി മറ്റുള്ളവര്‍.
ഒരു ദിവസം രാജാവ് ഉറങ്ങുമ്പോള്‍, കുരങ്ങന്‍ വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഈച്ചയുടെ വരവ്. അത് രാജാവിന്റെ നെഞ്ചിലാണ് വന്നിരുന്നത്. കുരങ്ങന്റെ മനസ്സില്‍ പല ആശങ്കകളും കടന്നു വന്നു. ഈ ഒരൊറ്റ ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്തം മുഴുവന്‍ വാര്‍ന്നു പോയാലോ? അതുമൂലം രാജാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളില്‍ നിന്നും അദ്ദേഹത്തെയും രാജ്യത്തെയുമെല്ലാം രക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലേ? ഈച്ചകളുടെ വര്‍ഗത്തെത്തന്നെ ഇല്ലാതാക്കിക്കളയേണ്ടതാണ് !! 'അതിബുദ്ധിമാനായ' കുരങ്ങന് ദേഷ്യം വന്നു. അവന്‍ തന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞു വെട്ടി. ഈച്ച പറന്നു പോയി. വാള്‍ കൊണ്ടത് എവിടെയായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? വാള്‍ കൊണ്ടുള്ള വെട്ടേറ്റ് രാജാവ് മരണമടഞ്ഞു.
ഏത് ജോലിയിലായാലും അര്‍ഹരായവരെ നിയമിക്കണമെന്നും ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ പഞ്ചതന്ത്രം കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല്‍ അവന് തോന്നുന്ന കാര്യങ്ങള്‍ അവനെപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരാളെ ഒരു ജോലിയേല്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരുന്ന കാര്യമാണല്ലോ ഇത്.
ചരിത്രത്തോടും ഭാവിയോടും വര്‍ത്തമാനകാല സാഹചര്യങ്ങളോടും കാലാതിശയിയായ വിധത്തില്‍ പഞ്ചതന്ത്രം കഥകള്‍ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് ഉഴലുന്ന തലമുറകള്‍ക്കും കഥകള്‍ വഴിവെട്ടമേകുമെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള കഥകള്‍ കുട്ടികളേപ്പോലെ തന്നെ മുതിര്‍ന്നവരേയും ആകര്‍ഷിക്കും. സംസ്കൃതഭാഷയിലുണ്ടായ പഞ്ചതന്ത്രം ക്രിസ്തുവിന് മുന്‍പേ പല ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്‍പതോളം ലോകഭാഷകളില്‍ തര്‍ജ്ജുമ ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിന് ഇരുന്നൂറിനു മേല്‍ വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ടത്രേ. വായനാശീലം നഷ്ടപ്പെടുന്ന ഇക്കാലത്ത് പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ക്ലാസ് മുറികളില്‍ ചിന്തോദ്ദീപങ്ങളായ കഥകള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അധ്യാപകനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു ഗ്രന്ഥത്തെത്തേടി നമ്മള്‍ പോകേണ്ടതില്ല.
മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്മാരായ മൂന്നു പുത്രന്മാരെ ശാസ്ത്രങ്ങളില്‍ പ്രാവീണ്യമുള്ളവരാക്കുകയായെന്ന ഉദ്ദേശത്തോടെ വിഷ്ണുശര്‍മ്മ എന്ന ബ്രാഹ്മണനാണത്രേ ഈ മഹദ്ഗ്രന്ഥത്തിന്റെ രചയിതാവ്. വെറും ആറുമാസത്തിനുള്ളില്‍ അവര്‍ മൂന്നു പേരും അജ്ഞാനം വിട്ടകന്ന് നീതിബോധമുള്ളവരായിത്തീര്‍ന്നു പോയത്രേ. അന്നു മുതല്‍ക്ക് പഞ്ചതന്ത്രമെന്ന നീതിശാസ്ത്രം കുട്ടികളുടെ അറിവിനായി പ്രചാരം നേടിയത്. നീതിബോധത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ കഥകള്‍ ഓരോരുത്തരും വായിച്ചിരിക്കേണ്ടതാണ്.
Tidak ada komentar:
Posting Komentar