ഇന്ന് സെപ്‌റ്റംബര്‍ 5 അധ്യാപക ദിനം. ഇന്ന് രാജ്യമുടനീളം അധ്യാപകദിനമായി ആചരിക്കുകയാണ്. മുന്‍രാഷ്‌ട്രപതി ഡോ.എസ്. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി കണ്ടെത്തിയത് ഏറെ ഉചിതമാണ്. ദാര്‍ശനിക ചിന്തകനും തത്വശാസ്‌ത്രകാരനുമെല്ലാമായ ഡോ. എസ്. രാധാകൃഷ്‌ണന്‍ പ്രഗത്ഭമതിയായ അധ്യാപകനായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച് ഉള്‍ക്കാഴ്‌ചയുണ്ടായിരുന്ന അദ്ദേഹം അധ്യാപകവൃത്തിയ്‌ക്ക് മഹത്വവും ആത്മാവിഷ്‌കാരവും നല്‍കിയ വ്യക്തിയായിരുന്നു.ഈ അവസരത്തില്‍ എല്ലാ അധ്യാപകര്‍ക്കും മാത്സ് ബ്ലോഗിന്റെ എല്ലാ ആശംസകളും നേരുന്നതോടൊപ്പം, സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ പി കെ അബ്ദുറബ്ബ് ഈ അവസരത്തില്‍ നല്‍കുന്ന സന്ദേശം പകരുകകൂടി ചെയ്യുന്നു.
നവ സമൂഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കേണ്ട പദം അധ്യാപകന്‍ എന്നതാണ്. പരിവര്‍ത്തനത്തിന്റെ ഓരോ ദിവ്യമുഹൂര്‍ത്തങ്ങളേയും സൃഷ്‌ടിക്കാന്‍ അധ്യാപകര്‍ ഏറ്റിട്ടുള്ള ചുമതല പുതുക്കലാണ് ക്ലാസുമുറികളില്‍ സംഭവിക്കുന്നത് അഥവാ സംഭവിക്കേണ്ടത്. മാതാ പിതാ ഗുരു ദൈവം എന്ന കാഴ്‌ചപ്പാട് തലമുറകളിലേക്ക് നീളണം. എവിടെയെങ്കിലും ഇടര്‍ച്ചയുണ്ടായാല്‍ കാര്യങ്ങളുടെ താളാത്മകത നഷ്‌ടപ്പെടും. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസരീതിയുടെ തത്ത്വശാസ്‌ത്രം സ്വന്തം വിരല്‍തുമ്പ് ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയുന്ന സൗഭാഗ്യം വന്നിട്ടുള്ള ജനതയാണ് നമ്മള്‍. ഈ പരിശോധനയുടെ ഏകദേശതയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം അധ്യാപകനെ നായകന്‍ എന്ന സ്ഥാനത്തുനിന്നും അല്‍പം പോലും പിന്നോട്ടാക്കുന്ന ഒരു പ്രവണതയും വളര്‍ന്നുവരുന്നില്ല എന്നതാണ്. ലോക രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന, നമ്മുടെ ഊഹത്തിന് അപ്പുറത്തുള്ള വികസനകാര്യങ്ങളില്‍ പോലും അധ്യാപകനും അവന്റെ വാക്കും പ്രഥമസ്ഥാനത്ത് പരിഗണിക്കപ്പെടുന്നു എന്നു വരുന്നതില്‍ പരം അധ്യാപക സമൂഹത്തിന് അഭിമാനിക്കാന്‍ മറ്റെന്താണുള്ളത്.
വെടിവെയ്‌പ്പിന്റെ ഒച്ചയും കണ്ണീരിന്റെ നനവും ഒക്കെ ഉള്ളിടത്തും ഈ സ്ഥിതി തുടരുന്നു. ലോക ബുദ്ധിജീവി വര്‍ഗ്ഗത്തിന്റെ പട്ടികയില്‍ ആദ്യം വരുന്നത് അധ്യാപകരാണ്. സാഹിത്യകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, നീതിപാലകന്‍ തുടങ്ങിയവര്‍ അതിനു പിന്നിലുണ്ട്. എന്നിട്ടും തന്റെ ഉത്‌കൃഷ്‌ടതയും ചുമതലയും യഥോചിതം മനസിലാക്കി ഉണര്‍വുകാട്ടാന്‍ അധ്യാപക സമൂഹത്തിന് കഴിഞ്ഞോ എന്ന് അവര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്. സമൂഹ പരിവര്‍ത്തന ചുമതല, അത് ആജീവനാന്ത ചുമതലയാണെന്നു മനസിലാക്കാതെ, ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവെയ്‌ക്കുന്ന സമ-യ-ദൈര്‍ഘ്യത്തിനുള്ളില്‍ മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിച്ചവരും കുറവല്ല. അറിവിന്റെ മേഖല ഒരതിരിനും തിരിച്ചുനിര്‍ത്താനാവാത്ത വിധത്തില്‍ വൈപുല്യം പ്രാപിക്കുമ്പോള്‍ ഇവിടെ നായകനാകണമെങ്കില്‍ അശ്രാന്ത പരിശ്രമം ആവശ്യമാണ്. മനുഷ്യ ജീവിതത്തെ, മനുഷ്യോചിതവും കലോചിതവും ആക്കി പരിവര്‍ത്തിപ്പിക്കാന്‍ നായകന്‍ ചില രീതികള്‍ പിന്തുടരണം. ഇത് സുസമൂഹത്തിന്റെ തേട്ടമാണ്, നേട്ടമാണ്. ഇവിടെ മാതൃക എന്ന പദത്തിന് വലിയ പ്രാധാന്യമുണ്ട്.
പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. സൂക്ഷ്‌മതയോടെയുള്ള പരിചരണമില്ലെങ്കില്‍ പുഷ്‌പ്പിക്കാതിരിക്കാം, ദലങ്ങള്‍ കൊഴിഞ്ഞേക്കാം, കളകള്‍ കീഴടക്കിയേക്കാം. അതിന് അനുവദിക്കാതെ ഇതുവരെയും നാം കാത്തുപോന്നു. അതില്‍ അധ്യാപകരെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. അത് ഇനിയും തുടരുമെന്ന് ഈ ദിനത്തില്‍ നമുക്ക് പുന:രര്‍പ്പണം നടത്താം. ജീവിത വിശുദ്ധിയുടെ ആധികാരികകേന്ദ്രം അധ്യാപകരാകണം. എല്ലാവിധ ലാളിത്യത്തോടും എളിമയോടും അവര്‍ സമരസപ്പെടണം. പൊതുധാരയ്‌ക്കനുസരിച്ച് ജീവിതം നയിക്കാന്‍ അവര്‍ തയ്യാറാകരുത്. പ്രലോഭനങ്ങളുടെ വിപഞ്ചികകളെ അവര്‍ തട്ടിമാറ്റണം. അവരുടെ സംസാരവും വാസ ഗൃഹവുമെല്ലാം ഈ മാതൃകയില്‍പെടണം. ആത്മീയമായ ഔന്നത്യം സ്‌ഫുരിക്കുന്ന പദമാവണം നാവില്‍ നിന്നു വരേണ്ടത്. ഒരു തിന്മയോടും അവര്‍ രാജിയാകരുത്. ഞാനെന്ന ഭാവവും ഉള്‍ അഹങ്കാരവും അവരെ തൊട്ടുതീണ്ടരുത്. അവര്‍ മികച്ച വായനാക്കാരാകണം. വേദന അനുഭവിക്കുന്നവരുടെ ഇടയിലൂടെ അവര്‍ സഞ്ചരിക്കണം. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ അവര്‍ പതറാത്ത മനസു കാണിക്കണം. ധനാര്‍ത്തിയും ധൂര്‍ത്തും അവരിലേക്ക് കടന്നു വരരുത്. ഇങ്ങനെയുള്ളവരുടെ ഉപദേശങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ടാകുമെന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍മാരായ സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഡോ. എസ്. രാധാകൃഷ്‌ണന്‍, അബ്‌ദുല്‍ക്കലാം ആസാദ്, ഉള്‍പ്പടെയുള്ളവര്‍ നമുക്ക് പകര്‍ന്നു നല്‍കിയ വിദ്യാഭ്യാസ മൂല്യ സങ്കല്‌പങ്ങള്‍ കാലാതിവര്‍ത്തിയാണ്. ദൃശ്യ ധാരാളിത്തങ്ങളില്‍ മുഴുകാതെ ഈ മൂല്യങ്ങളെ വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നു.
ഇവിടെ ഉപയേഗിച്ച അധ്യാപകന്‍ എന്ന പദം കുടിപ്പള്ളിക്കൂടം മുതല്‍ ഗവേഷണ ക്ലാസില്‍ അധ്യാപനം നിര്‍വ്വഹിക്കുന്ന മഹത് വ്യക്തിയെ വരെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്. അധ്യാപകരുടെ സംഘടിത കരുത്ത് ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ധ്യാപകന്റെ അവകാശ സംരക്ഷണം എന്നാല്‍ മാതൃകയാകാനുള്ള പോരാട്ടമാകണം. നഗരത്തിന്റെ തിരക്കില്‍ മുതല്‍ ഒരു വാഹനവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ പോലും സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസാധാരണ സാമൂഹിക ത്വരയുള്ള അധ്യാപകരുടെ മേല്‍നോട്ടമാണ് അത്തരം വിദ്യാലയങ്ങളെ സജീവമാക്കുന്നത്. അത്തരത്തിലുള്ള അധ്യാപകരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.
സംസ്ഥാനത്ത് വിദ്യാഭ്യാസരംഗം വളരെ കരുത്തോടെയും, കരുതലോടെയും മുമ്പോട്ട് പോകുകയാണ്. വരും തലമുറയ്‌ക്ക് ജീവിത സുരക്ഷിതത്വത്തിനു വേണ്ട അറിവും സാമഗ്രികളും ഒരുക്കുന്നതില്‍ നാം മുമ്പിലാണ്. മലയാളം സര്‍വ്വകലാശാലയും, സാങ്കേതിക സര്‍വ്വകലാശാലയുമെല്ലാം ഈ പന്ഥാവിലെ വഴി വിളക്കുകളാകും. എല്ലാറ്റിനേയും സമൂഹബന്ധിയും ഗന്ധിയുമാക്കാന്‍ അദ്ധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. അവര്‍ അസാധാരണ വൈദഗ്‌ധ്യത്തോടെ ആ ചുമതല നിര്‍വ്വഹിക്കുമെന്ന് എനിക്ക് നന്നായി അറിയാം. അറിവിന്റെ മേഖല പോലെ തന്നെ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ വകുപ്പ് മുന്നേറിയിട്ടുണ്ട്. അധ്യാപകര്‍ക്ക് ഉപകാര പ്രദമാകുന്ന അനേകം പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അതിന്റെ പ്രയോജനം ലഭിക്കുന്നത് മൊത്തം സമൂഹത്തിനാണെന്ന് തിരിച്ചറിയുന്നു. ഉത്സാഹപൂര്‍ണ്ണമായ കുതിപ്പും ആവേശവും എന്നും വിദ്യാലയങ്ങളില്‍ ദൃശ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു, അഭിവാദനങ്ങള്‍.
Tidak ada komentar:
Posting Komentar