MATHEMATICS

Kamis, 25 November 2010

ഒന്‍പതാം ക്ലാസുകാരിയുടെ കവിത


ഇന്ന് മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള ആനക്കര ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസുകാരിയും അധ്യാപകദമ്പതികളുടെ മകളുമായ എസ്.അനഘയുടെ രണ്ടു കവിതകളാണ്. സ്ക്കൂളിലെ അധ്യാപകനായ ഉസ്മാന്‍ സാറിന്റെ സാക്ഷ്യപ്പെടുത്തലോടെ കഴിഞ്ഞ മാസത്തില്‍ മാത്​സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ കറുത്ത വെളിച്ചം എന്ന കവിത പ്രസിദ്ധീകരണത്തിനായി ലഭിച്ചതിലൂടെയാണ് മാത്​സ് ബ്ലോഗ് ഈ പ്രതിഭാ വിലാസം തിരിച്ചറിഞ്ഞത്. ഈ ചെറുപ്രായത്തില്‍ത്തന്നെ അനഘയുടെ തൂലിക ഒട്ടേറെ കവിതകള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞു. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ദാരം എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെയുണ്ട് ഈ കൊച്ചു മിടുക്കിക്ക്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. പോസ്റ്റ് ഒരുക്കുന്നതിനു വേണ്ടി മന്ദാരത്തിലുടെ സഞ്ചരിച്ചപ്പോള്‍ ബ്ലഡ്ടെസ്റ്റ്‌ എന്ന പേരില്‍ ഒരു കവിത കണ്ടു. കവയിത്രിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ കൊച്ചു കവിത സഹായിക്കുമെന്നുള്ളതുകൊണ്ടുതന്നെ അനുവാദമില്ലാതെ ആ കവിത ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത് ഇങ്ങനെയായിരുന്നു.

ബ്ലഡ് ടെസ്റ്റ്

മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !


ഈ കവിത വായിച്ചപ്പോള്‍ എന്തു തോന്നി? നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരു കമന്‍റായി കുറിക്കുമല്ലോ. പ്രായത്തിനതീതമായ ചിന്തകള്‍ അഗ്നിച്ചിറകുകളുമായി പാറിനടക്കുന്നുവെന്ന് ഒട്ടും ആലങ്കാരികമല്ലാത്ത ഭാഷയില്‍ പറയാന്‍ ഈ കവിത എനിക്ക് ധൈര്യം തരുന്നു. യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ തിന്മകളോടുള്ള ഒരു പടയൊരുക്കമല്ലേ ഈ കവിത? ആത്മാവിഷ്ക്കാരത്തിനുള്ള മികച്ചൊരു ഉപാധി നിലയില്‍ മാത്രമല്ല, ചില സമയങ്ങളില്‍ കവിതകളെ അവള്‍ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലും തോന്നി. ഒറ്റവായനയില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല അനഘയുടെ കവിതയിലെ ഉള്ളടക്കം. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തെല്ലാമോ പറയാന്‍ കവിതയിലെ വരികള്‍ ശ്രമിക്കുന്നതായി തോന്നി. ഭാവിയുടെ വാഗ്ദാനമായ അനഘയെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ അറിയണമെന്നും അത്തരത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കും എന്ന പ്രതീക്ഷയില്‍ അടുത്ത കവിത താഴെ കൊടുത്തിരിക്കുന്നു.


കറുത്ത വെളിച്ചം

ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
കറുത്ത വെളിച്ചം..!
കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
തെളിഞ്ഞു കണ്ടു

രക്തമൂറ്റിക്കുടിക്കുന്ന രക്ഷസ്സിന്റെയും
കവര്‍ന്നെടുക്കുന്ന കള്ളന്റെയും
വിഹാരം ഈ വെളിച്ചത്തിലല്ലേ

ഒന്നുമറിയാത്ത കുഞ്ഞുഭൂമിയെ
പ്രപഞ്ചത്തിന്റെ നടുക്ക്
പിടിച്ചിരുത്തിയവരുടെ മനസ്സിലും
ഈ കറുത്ത വെളിച്ചം തന്നെ

കുഴലും പിടിച്ചു വാനം നോക്കികളിച്ച
ഒരു പാവം വയസ്സന്റെ കണ്ണില്‍
ഈ വെളിച്ചം ഉണ്ടായിരുന്നില്ല
അതുകൊണ്ടാവാം
ഇരുട്ടത്തുനിന്നുകൊണ്ട്‌ ആരോ അങ്ങേരെ
'അന്ധനെന്ന്' വിളിച്ചു


നിങ്ങളുടെ കമന്റുകള്‍ വളര്‍ന്നു വരുന്ന ഈ തൂലികയ്ക്ക് ബലമേകുമെന്നു തീര്‍ച്ച. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നാം പറയേണ്ടതാവും നാളെ ഇവളിലൂടെ പുറത്തു വരിക. അതിനവളെ നാം പ്രോത്സാഹിപ്പിച്ചേ പറ്റൂ. അഭിപ്രായങ്ങള്‍ക്കായി മാത്‍സ് ബ്ലോഗും അനഘയും കാത്തിരിക്കുന്നു.

Tidak ada komentar:

Posting Komentar