MATHEMATICS

Sabtu, 13 November 2010

മുതിര്‍ന്ന ശിശുക്കള്‍ ?


ശിശുദിനം ശിശുക്കള്‍ക്കുള്ളതാണ്. എന്നാല്‍ ഇന്ന് ശിശുസഹജമായ നിഷ്കളങ്കത നമ്മുടെ കുട്ടികളില്‍ നിന്നും വിട്ടുപോകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാളില്‍ പോകാനും ഗെയിം കളിക്കാനും ഐസ്ക്രീമിനു പോകാനും ആരോടും അനുവാദം ചോദിക്കേണ്ടാത്ത, സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ശിശുസമൂഹം വളര്‍ന്നു വരുന്നുണ്ടോ ? പാവകളും ബസിന്റെയും മറ്റും കളിമാതൃകളുമൊന്നു കുട്ടികളെ ഇന്ന് ആകര്‍ഷിക്കുന്നില്ല. മരത്തില്‍ കയറ്റവും ​​മണ്ണപ്പം ചുട്ടു കളിയുമെല്ലാം നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍ മാതാപിതാക്കളേക്കാള്‍ അറിവുള്ള കുഞ്ഞുങ്ങളും ഇന്നുണ്ട്. ഇതെല്ലാം ആധുനിക കാലത്തിന്റെ മാറ്റമായി കണക്കാക്കിയാലും യാഥാര്‍ത്ഥ്യത്തിന്റേതല്ലാത്ത ഒരു ലോകത്ത് അവ നമ്മുടെ കുട്ടികളെ തളച്ചിടുന്നുണ്ടോ എന്ന വിഷയമാണ് മാത്സ് ബ്ലോഗ് ഈ ശിശുദിനത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്.ബ്ലോഗ് ടീമംഗമായ ജോമോന്‍ സാറാണ് ഈ ചിന്തകള്‍ നമ്മളുമായി പങ്കുവെയ്ക്കുന്നത്.

അച്ഛനും അമ്മയും മക്കളും.. മതി. അതായിരിക്കുന്നു ഇന്നു കുടുംബം. അതിനപ്പുറം ആരും വേണ്ട. അങ്കിള്‍, ആന്റി ഇവരെല്ലാം ഉണ്ട്. പക്ഷെ അവര്‍ അങ്കിള്‍,ആന്റി സ്ഥാനത്ത് മാത്രമാണ്. അച്ഛന്റെയോ അമ്മയുടെയോ സ്ഥാനത്ത് നിന്ന് കുട്ടികളെ ശാസിക്കാനോ തിരുത്താനോ അവകാശമുള്ളവരല്ല. കസിന്‍സ്, കസിന്‍സ് മാത്രമാണ്. അല്ലാതെ സഹോദരങ്ങള്‍ അല്ല ഇന്ന്. അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന ആ ലോകത്തേക്ക് മുത്തച്ഛനോ മുത്തശ്ശിക്കോ പോലും ഉപാധികളില്ലാതെ പ്രവേശനമില്ല ഇന്ന്.

എന്നാല്‍ അറുപത്, എഴുപത് കാലഘട്ടത്തില്‍ ഇതായിരുന്നില്ല സ്ഥിതി. അന്നു ലോകം ചെറുതായിരുന്നു. പക്ഷെ കുടുംബം വലുതായിരുന്നു.ഇന്നയാളുടെ മകന്‍ , ഇന്നയാളുടെ കൊച്ചു മകന്‍ , എന്നെല്ലാമായിരുന്നു ആളുകള്‍ അറിയപ്പെട്ടിരുന്നത്. അല്ലാതെ ഒരാളിന്റെ ജോലിയുടെ പേരില്‍ ആയിരുന്നില്ല. ബന്ധുക്കള്‍ ഏതു സമയത്തും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഓരോ വീടിന്റെയും സാഹചര്യത്തിനനുസരിച്ച് ഒതുങ്ങാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. 'ഉള്ളതു വെച്ചുണ്ട് കഴിയാന്‍ ' അവര്‍ക്ക് മടിയില്ലായിരുന്നു. എത്തിച്ചേരുന്ന വീട്ടില്‍ ലഭ്യമായ വസ്‌ത്രങ്ങള്‍ പാകമാണെങ്കിലും അല്ലെങ്കിലും ധരിക്കാന്‍ മടിയില്ലായിരുന്നു. പരസ്‌പരം വമ്പന്‍ വിരുന്നൊരുക്കാന്‍ മത്സരമില്ലായിരുന്നു. സംസാരം വഴിമുട്ടുമ്പോള്‍ അടുത്ത വിഷയം കിട്ടിയില്ലെങ്കില്‍ ടിവിയിലേക്ക് നോക്കാന്‍ തുടങ്ങേണ്ടതില്ലായിരുന്നു. ഈ വക കാര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ കുട്ടികളെയും ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍ .

സെല്‍ഫോണും കംപ്യൂട്ടറുമായി കൂടുതല്‍ സമയം ഇടപെടുന്ന കുട്ടി ആധുനിക കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയാണ് എന്നെല്ലാം വാദിക്കാമെങ്കിലും മുന്‍ തലമുറ പുലര്‍ത്തിയിരുന്ന ധാര്‍മ്മികത, മൂല്യബോധം,മര്യാദകള്‍ എന്നിവ നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ടോ എന്നതു ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരികെ കൊണ്ടുവരുന്നതില്‍ കുടുംബങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. അവര്‍ നിത്യേന കാണുന്ന ഓര്‍ക്കൂട്ടിനും ഫേസ് ബുക്കിനും എല്ലാം അപ്പുറത്ത് യാഥാര്‍ത്ഥ്യത്തിന്റേതായ ഒരു ലോകമുണ്ടെന്ന് കുട്ടികളെ കാണിച്ചു കൊടുക്കാനാവും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാവും. വൃദ്ധ സദനങ്ങളിലെയും അനാഥാലയത്തിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും, അവര്‍ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ജീവനുള്ള ലോകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാവും.

Tidak ada komentar:

Posting Komentar