കേരളത്തിലെ ദേശീയപാതാ വികസനം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിക്കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. പത്രങ്ങളെല്ലാം വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു. നാളെ ആരെങ്കിലും ദേശീയപാതാ വികസന പരിപാടിയെപ്പറ്റി നമ്മളോട് ചോദിച്ചാല്‍ എന്തു മറുപടി പറയും. എപ്രകാരമാണ് ഈ പാതാവികസനം വരുന്നത്? എങ്ങനെയാണ് കേരളത്തിലെ ദേശീയപാതാ വികസനം നടക്കാന്‍ പോകുന്നത്. ചിന്തിച്ചിട്ടുണ്ടോ? നോക്കാം. നമ്മുടെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം ദിവസം ചെല്ലും തോറും ഏറിവരികയാണ്. രാജ്യത്തൊട്ടുക്കുമുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഇതു കണക്കിലെടുത്തു കൊണ്ടാണ് ദേശീയപാതാവികസനപദ്ധതി പ്രകാരം നാലുവരിപ്പാതയും ആറുവരിപ്പാതയും എട്ടുവരിപ്പാതയുമൊക്കെ നിര്‍മ്മിച്ചു പോരുന്നത്. ഇന്ത്യയിലെ ദേശീയപാതാ ദൈര്‍ഘ്യം 66549 കിമീറ്ററും കേരളത്തിലേത് 1526 കിലോമീറ്ററുമാണ്. തമിഴ് നാടും കര്‍ണ്ണാടകയും അടക്കമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം വാഹനപ്പെരുപ്പം കണക്കിലെടുത്ത് 60 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിച്ചു വരുമ്പോഴാണ് കേരളത്തില്‍ നിന്നും പ്രതിഷേധസ്വരമുയര്‍ന്നത്. മുഖ്യമായും ജനസാന്ദ്രത എടുത്തുകാട്ടിയാണ് കേരളം ഇതിനെ നഖശിഖാന്തം എതിര്‍ത്തത്. ഒടുവില്‍
നമ്മുടെ എതിര്‍പ്പിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ കേരളത്തിലെ ദേശീയപാതയ്ക്ക് 45 മീറ്റര്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബി.ഒ.ടി വ്യവസ്ഥയിലാണ് കേരളത്തില്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. 45 മീറ്റര്‍ വീതി എന്തിന് വേണ്ടിയാണ്? നോക്കാം.
റോഡിന് ഒത്ത നടുക്ക് 4.50 മീറ്റര്‍ വീതിയുള്ള മീഡിയന്‍. മീഡിയന് ഇരുവശവും 7.25 മീറ്റര്‍ വീതിയുള്ള രണ്ടു വരിപ്പാതകള്‍. അതിനുമപ്പുറം 5.50 മീറ്ററിന്റെ ഷോള്‍ഡറുകള്‍. തൊട്ടടുത്ത് ഡ്രെയിന്‍ (അഴുക്കു ചാല്‍).അതിനുമപ്പുറം 5.50 മീറ്റര്‍ വീതിയില്‍ ഇരുവശത്തേക്കും സഞ്ചാരസ്വാതന്ത്ര്യമുള്ള സര്‍വ്വീസ് റോഡ്. അതിന് സമീപം വീണ്ടുമൊരു ഫുട്പാത്തും കീഴെ അഴുക്കുചാലും. റോഡ് കുത്തിപ്പൊളി ഒഴിവാക്കാന്‍ ഇലക്ട്രിസിറ്റി, ടെലിഫോണ്‍, പൈപ്പ് ലൈന്‍ തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിന് ആവശ്യമായ യൂട്ടിലിറ്റി കോറിഡോര്‍.
രണ്ടുവരി ട്രാക്കിലൂടെ മണിക്കൂറില്‍ 100 കിമീറ്റര്‍ വേഗതയിലും വളവുകളില്‍ ശരാശരി 70 കിമീറ്റര്‍ വേഗതയിലും സര്‍വ്വീസ് റോഡുകളില്‍ 40 കിമീറ്റര്‍ വേഗതയിലും സഞ്ചരിക്കാം. തിരക്കേറിയ ഇടറോഡുകള്‍ ഉള്ളിടത്ത് മുറിച്ചു കടക്കുന്നതിനായി അടിപ്പാതയോ മേല്‍പ്പാതയോ ഉണ്ടാകും. മറ്റ് ഇടറോഡുകളില്‍ ആവശ്യമുണ്ടെങ്കില്‍ സിഗ്നലുകള്‍ സ്ഥാപിക്കും. നാലുവരിപ്പാതയിലെ ഫ്ലൈ ഓവറുകളും പുതിയ പാലങ്ങളും ആറുവരിസഞ്ചാരസൗകര്യം മുന്നില്‍ക്കണ്ടായിരിക്കും നിര്‍മ്മിക്കുക. യൂടേണ്‍ എടുക്കാന്‍ അനുവദിക്കുന്ന ഭാഗത്ത് 4.50 മീറ്റര്‍ വിതിയുള്ള മീഡിയന്റെ വീതി 2 മീറ്ററാക്കി കുറക്കുന്നതോടെ പ്രധാനപാതയിലുള്ള വാഹന സഞ്ചാരത്തെ ഒരു തരത്തിലും ബാധിക്കില്ല. കാല്‍നടക്കാര്‍ക്കും റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഇടത്താവളമായി മീഡിയന്‍ മാറുമ്പോള്‍ അവിടെ നട്ടു വളര്‍ത്തുന്ന ചെടികള്‍ രാത്രി കാലങ്ങളില്‍ എതിരേ വരുന്ന വാഹനത്തില്‍ നിന്നുള്ള പ്രകാശം ഡ്രൈവര്‍മാര്‍ക്ക് ശല്യമുണ്ടാക്കാതെ യാത്ര സുഖകരമാക്കുന്നു.
ദേശീയപാതാവികസനത്തിന്റെ ഭാഗമായി സ്ഥലമെടുക്കേണ്ടി വരുമ്പോള്‍ ഇരുപതിനായിരത്തോളം ഉടമകള്‍ സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. സ്ഥലത്തിന്റെ വില നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പക്ഷെ സ്ഥലവും കെട്ടിടവുമൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലമുടമകള്‍ക്ക് ഉടനടി ന്യായമായ സ്ഥലവില കൈമാറുന്നതിന് ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാരിന് പാതയ്ക്ക് വേണ്ടിയെടുക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം ഉടമയ്ക്ക് മറ്റൊന്നും ചെയ്യാനാകാത്ത വിധം ഉപയോഗശൂന്യമായിക്കിടക്കുകയാണെങ്കില്‍ അതു കൂടി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. ആറുവരിയിലേക്കും എട്ടുവരിയിലേക്കുമൊക്കെയുള്ള തുടര്‍പാതാവികസനം കൂടി സര്‍ക്കാര്‍ മുന്നില്‍ക്കാണണം. പക്ഷെ ഇതൊന്നും ജനങ്ങളെ നെക്കിപ്പിഴിഞ്ഞു കൊണ്ടുള്ള ടോള്‍ പിരിവില്‍ നിന്നാകാതിരുന്നാല്‍ നല്ലത്.
Tidak ada komentar:
Posting Komentar