MATHEMATICS

Senin, 30 Agustus 2010

ഉബുണ്ടു - സൌജന്യ സിഡി ലഭിക്കാന്‍


ഹിറ്റുകള്‍ കൂടുന്നതനുസരിച്ച് ഉത്തരവാദിത്വങ്ങളും കൂടുകയാണെന്ന സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അതിനാല്‍ ആറുലക്ഷം സന്ദര്‍ശനങ്ങളുടെ നിറവില്‍ ആഘോഷങ്ങളേക്കാളുപരി പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുവാനാണ് ഈ അവസരത്തില്‍ ബ്ലോഗ് ടീമിന്റെ തീരുമാനം. ഇനി മുതല്‍ സ്‌കൂളുകളില്‍ ഉബുണ്ടു ലിനക്‍സ് കൂടി ഉപയോഗിച്ചു കൊണ്ടായിരിക്കുമല്ലോ ഐ.ടി അധ്യയനം. നമ്മുടെ അധ്യാപകര്‍ക്കാകട്ടെ ഉബുണ്ടുവിനെക്കുറിച്ച് വലിയ ധാരണകളുമില്ല. ഈ അവസരത്തില്‍ ഒരു ഉബുണ്ടു പഠന പദ്ധതിക്ക് മാത്‍സ് ബ്ലോഗ് തുടക്കമിടുകയാണ്. ഹസൈനാര്‍ സാറും ഫിലിപ്പ് മാഷും ശ്രീനാഥും നേതൃത്വം നല്‍കുന്ന ഉബുണ്ടു പാഠ്യപദ്ധതിക്ക് സഹായിയായി ബൂലോകത്തെ അനില്‍ സാറിനേയും (അനില്‍ബ്ലോഗ്) ലിനക്സ് ടീമിലേക്കെടുത്തിട്ടുണ്ട്. സമാനചിന്താഗതിക്കാരും തല്പരരുമായ ഉബുണ്ടുവിനെക്കുറിച്ച് എഴുതാന്‍ കഴിയുന്നവരെ ഇനിയും ടീമിലെടുക്കണമെന്നാണ് (mathsekm@gmail.com)ഞങ്ങളുടെ ആഗ്രഹം. ഉബുണ്ടു പഠിപ്പിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങായി നില്‍ക്കുക എന്നതാണ് ഈ പഠന പദ്ധതി കൊണ്ട് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

ഉബുണ്ടു പഠന പദ്ധതി


(പാഠം ഒന്ന് ഉബുണ്ടു : ചില അടിസ്ഥാനപാഠങ്ങള്‍)


എല്ലാ സ്‌കൂളുകളിലും ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി എട്ടാം ക്ലാസിലെ ഐ.ടി പഠനം ആരംഭിച്ചു കാണും. ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം രൂപം കൊണ്ടതെങ്ങിനെ എന്നറിയണ്ടേ..? ഗ്നു, ലിനക്‌സ്, ഡെബിയന്‍ - എന്നിവ ഉബുണ്ടുവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും അറിയണം.അതിനായി ആദ്യം 'ഗ്നു' വിന്റെ പിറവിക്കിടയാക്കിയ പശ്ചാത്തലം മനസിലാക്കേണ്ടതുണ്ട്.


പശ്ചാത്തലം.

മുന്‍ കാലങ്ങളില്‍ കംപ്യൂട്ടര്‍ പ്രോഗ്രാം രചിക്കുന്നവര്‍ അവര്‍ തയാറാക്കിയ സോഫ്റ്റ്‌വെയറുകള്‍ കൈമാറുകയും അതിലെ നല്ല അംശങ്ങള്‍ ഉപയോഗിച്ച് പുതിയവ രചിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ 1980-'90 കാലഘട്ടത്തില്‍ നിരവധി രാഷ്‌ട്രങ്ങള്‍ സാഹിത്യ സൃഷ്‌ടി എന്നതിന്റെ പരിധിയില്‍ സോഫ്റ്റ് വെയറിനെ കൂടി കൊണ്ടു വന്നു.ബൌദ്ധികമായ കഴിവുകള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ച സ്വത്തിനു മേല്‍ ഉടമസ്ഥന് അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ് ബൌദ്ധിക സ്വത്തവകാശം. പേറ്റന്റ്, പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, എന്നിങ്ങനെ വിവിധ തരം ബൌദ്ധിക സ്വത്തവകാശങ്ങളുണ്ട്. സാഹിത്യ സൃഷ്‌ടികളിള്‍ ഈ തരം ബൌദ്ധിക സ്വത്തവകാശങ്ങള്‍ക്ക് കീഴില്‍ വരും.

എന്താണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ?

ആര്‍ക്കും ഉപയോഗിക്കുവാനും, പകര്‍ത്താനും, പഠനങ്ങള്‍ നടത്താനും, മാറ്റങ്ങള്‍ വരുത്തുവാനും, വിതരണം ചെയ്യുവാനും നാമമാത്രമായ നിബന്ധനകള്‍ക്ക് വിധേയമായോ നിബന്ധനകളില്ലാതെയോ അനുവാദം നല്‍കപ്പെട്ടിരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നറിയപ്പെടുന്നത്.. അവയുടെ സോഴ്സ് കോഡുകള്‍ മിക്കപ്പോഴും ആര്‍ക്കും പരിശോധിക്കാവുന്നതായിരിക്കും.താഴെ പറയുന്ന സ്വാതന്ത്യങ്ങള്‍ക്ക് വിധേയമാണ് ഫ്രീ സോഫ്റ്റ് വെയറുകള്‍.

1. എന്താവശ്യത്തിനും വേണ്ടി പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്യം (Freedom 0)
2. എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാനും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രോഗ്രാമില്‍ മാറ്റം വരുത്താനുമുള്ള അവകാശം. (Freedom 1)
3. പകര്‍പ്പെടുത്ത് വിതരണം ചെയ്യാനുള്ള അവകാശം (Freedom 2)
4. മെച്ചപ്പെടുത്താനും ഫലങ്ങള്‍ സാമൂഹ നന്മയ്‌ക്കായി പ്രസിദ്ധീകരിക്കാനുമുള്ള അവകാശം (Freedom 3)

ഈ സ്വതന്ത്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകര്‍പ്പ് ഉപേക്ഷ (Copy Left) എന്ന ആശയമാണ് 'ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍' മുന്നോട്ടു വയ്‌ക്കുന്നത്. ഗ്നു ജനറല്‍ പബ്ലിക്ക് ലൈസന്‍സ് (ജി.പി.എല്‍) എന്ന സോഫ്റ്റ് വെയര്‍ വിതരണ നിയമമാണ് പകര്‍പ്പ് ഉപേക്ഷ നടപ്പിലാക്കുവാന്‍ ഉപയോഗിക്കുന്നത്.

എന്താണ് 'ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍' ?

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രസ്ഥാനം. (Free Software Foundation). 1985 ഒക്ടോബര്‍ നാലാം തീയതി റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ ആണ് ഇത് സ്ഥാപിച്ചത്.
ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ എന്ന പ്രസ്‌ഥാനത്തിന്റെ ആദ്യ ലക്ഷ്യം സ്വതന്ത്രമായ ഒരു ഓപ്പറേറ്റിംഗ് സിസ്‌റ്റം നിര്‍മ്മിക്കുക എന്നതായിരുന്നു. അതിനു വേണ്ടി രൂപീകരിച്ച പ്രോജക്ടാണ് ഗ്നു (GNU - Gnu Not Unix).അന്നത്തെ പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റമായ UNIX നെ ആധാരമാക്കി, എന്നാല്‍ അതില്‍ നിന്നും വ്യത്യാസപ്പെടുത്തി നിര്‍മ്മിച്ചതു കൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചത്. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കാണുന്ന 'ഗ്നു' എന്ന ജീവിയുടെ മുഖമാണ് ഇതിന്റെ ചിഹ്നം.

എന്താണ് ഗ്നു ലിനക്‌സ് ?

ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേര്‍ണല്‍ (വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളെ ഹാര്‍ഡ് വെയറുമായി ബന്ധിപ്പിക്കുന്ന പാലമാണ് കേര്‍ണല്‍) HURD ന്റെ നിര്‍മ്മാണം നടക്കുന്ന സമയത്ത് ഫിന്‍ലാന്റുകാരനായ ലിനസ് ടോള്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി LINUX എന്ന കേര്‍ണല്‍ ഇന്റെര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. ഗ്നു പ്രോജക്ട് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗങ്ങളും ലിനക്‍സ് എന്ന കേര്‍ണലിന്റെ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്‍സ്.ലിനക്‍സിന്റെ സൂചനാ ചിത്രം പെന്‍ഗ്വിന്‍ ആണ്.പഠിക്കാനും പകര്‍ത്താനും മെച്ചപ്പെടുത്താനും അവസരം നല്‍കുന്ന ഈ പ്രോഗ്രാമിന് ബൌദ്ധിക്കാവകാശ നിയമക്കുരുക്കുകളൊന്നും ഇല്ല. വിവിധ കമ്പനികള്‍ ഗ്നു/ലിനക്‍സ് ഓപ്പറേറ്റിംഗ് സിസ്‌റ്റം നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

എന്താണ് ഡെബിയന്‍ ?


ലിനക്‍സ് കേര്‍ണല്‍ ഉപയോഗപ്പെടുത്തി വിവിധ കമ്പനികള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസ്‌ട്രി‌ബ്യൂഷനുകള്‍വിതരണം ചെയ്യുന്നുണ്ട് എന്നു പറഞ്ഞുവല്ലോ.. മാന്‍ഡ്രേക്ക്, റെഡ് ഹാറ്റ്.. തുടങ്ങിയവ അവയില്‍ ചിലതാണ്. കമ്പനികള്‍ തയാറാക്കിയ ഉത്പന്നങ്ങളാകുമ്പോള്‍ അവര്‍ ലാഭത്തില്‍ കണ്ണു വയ്‌ക്കുക സ്വാഭാവികം.എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായ ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസ്‌ട്രിബ്യൂഷനാണ് ഡെബിയന്‍. ലിനക്‍സ് കേര്‍ണല്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യക്തിയോ സ്ഥാപനമോ ഒന്നും ഇതിന് അവകാശിയല്ല. ഡെബിയന്‍ ഗ്നു/ലിനക്‍സ് എന്നാണ് ഇതറിയപ്പെടുന്നത്. Ian Murdock - ഉം അദ്ദേഹത്തിന്റെ ഭാര്യ Debra - യും ചേര്‍ന്നാണ് ഈ പ്രോജക്‌ടിനു തുടക്കമിട്ടത്. അവരുടെ പേരില്‍ നിന്നാണ് ഡെബിയന്‍ എന്ന പേരു ലഭിച്ചത്.

എന്താണ് ഉബുണ്ടു ?

ഡെബിയനില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഉബുണ്ടു. മറ്റുള്ളവരോടുള്ള മനുഷത്വം ("humanity towards others") എന്നര്‍ത്ഥം വരുന്ന ഒരു പ്രാചീന ആഫ്രിക്കന്‍ പദത്തില്‍ നിന്നാണ് ഉബുണ്ടു എന്ന പേരു വരുന്നത്.ജനപ്രിയങ്ങളായ ലിനക്‍സ് വിതരണങ്ങളില്‍ ഒന്നാണ് ഉബുണ്ടു. ലളിതമായ ഇന്‍സ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടര്‍ച്ചയായി നവീകരിക്കുന്ന സ്ഥിരതയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് ഉബുണ്ടു വിശേഷിപ്പിക്കപ്പെടുന്നത്. ഉബുണ്ടുവിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത അതു ഇന്സ്റ്റാള്‍ ചെയ്യാനുള്ള എളുപ്പമാണ്. ലിനക്‍സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന പ്രധാന വെല്ലുവിളിയും ഈ മേഖലയിലായിരുന്നു.1.2 കോടി ആളുകള്‍ ഇന്ന് ഉബുണ്ടു ഉപയോഗിക്കുന്നുണ്ട്. ലിനക്‍സ് ഉപയോഗിക്കുന്നവരില്‍ അന്‍പതു ശതമാനവും ഉബുണ്ടുവാണ് ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഉബുണ്ടുവിന്റെ പിന്നണി പ്രവര്‍ത്തനം നടത്തുന്നത്.എല്ലാ വര്‍ഷവും നാലാം മാസവും പത്താം മാസവും പുതിയ പതിപ്പിറക്കുന്നതാണ് ഉബുണ്ടുവിന്റെ രീതി. അതനുസരിച്ച് 'ഉബുണ്ടു 10.04' എന്നാല്‍ 2010 വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങുന്ന പതിപ്പ് എന്നേ അര്‍ത്ഥമുള്ളു. അടുത്ത പതിപ്പ് ഒക്ടോബറില്‍ പുറത്തിറങ്ങും. 10.10 എന്നായിരിക്കും അതറിയപ്പെടുക.

ഉബുണ്ടുവിന്റെ സൌജന്യ സി.ഡി ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതേയുള്ളു. പരമാവധി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രചരണമാണ് ഈ സൌജന്യസേവനത്തിന് പിന്നിലെ ലക്ഷ്യം. അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കട്ടെ. പക്ഷെ ഇതില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ്, ഐ.ടി@സ്ക്കൂള്‍ ഉബുണ്ടു സി.ഡി വിതരണം ചെയ്യുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കണേ.

ഇതാ സൌജന്യ ഉബുണ്ടു സി.ഡിക്കു വേണ്ടിയുള്ള ലിങ്ക്

ഐ.ടി @ സ്‌കൂള്‍ ഉബുണ്ടു

ഉബുണ്ടു 9.10 ആണ് ഇപ്പോള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കപ്പെടാനായി നല്‍കിയിട്ടുള്ള പതിപ്പ്. ഇതിന്റെ പുതിയ പതിപ്പ് 10.04 ഉം തയാറായി കഴിഞ്ഞു.ഉബുണ്ടു ഇപ്പോള്‍ ഐ.ടി @ സ്‌കൂള്‍ ലഭ്യമാക്കിയിരിക്കുന്നത് കസ്‌റ്റൈമൈസ് ചെയ്‌ത വേര്‍ഷനാണ്. എന്നു വെച്ചാല്‍ പഠനാവശ്യത്തിനായ സോഫ്റ്റ് വെയറുകള്‍ തെരഞ്ഞെടുത്ത് അതിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഉബുണ്ടുവില്‍ ചേര്‍ത്താണ് നമുക്ക് തന്നിരിക്കുന്നത്.

അടുത്ത പാഠം :

അടുത്ത പാഠം സെപ്‌റ്റംബര്‍ പതിമൂന്നാം തീയതി തിങ്കളാഴ്‌ച രാവിലെ അഞ്ചു മണിക്ക് പ്രസിദ്ധീകരിക്കും.

Tidak ada komentar:

Posting Komentar