MATHEMATICS

Minggu, 15 Agustus 2010

'സ്പൈഡര്‍മാന്' അഭിനന്ദനങ്ങള്‍.


എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനര്‍മാരിലൊരാളും ഞങ്ങളുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാ​ണ് ഡോക്ടര്‍ എം.ജെ. മാത്യു. വിവരവും വിനയവും ഒന്നിച്ചു സമ്മേളിക്കുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് സുമുഖനായ ഈ ചെറുപ്പക്കാരന്‍. ഈ ബ്ലോഗിന്റെ ചരിത്രരേഖ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്കേറെ കടപ്പാടുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസഫ് ആന്റണി സാറിനും ശ്രീ. ജയദേവന്‍ സാറിനുമൊപ്പം എറണാകുളം ജില്ലയിലെ ഐടി പ്രവര്‍ത്തനങ്ങളുടെ അമരത്തിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെക്കുറിച്ചെഴുതാന്‍ ഇപ്പോള്‍ സവിശേഷമായ മറ്റൊരു കാരണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന അസുലഭമായ ഒരു നേട്ടം മാത്യു എന്ന നമ്മുടെ കൂട്ടത്തിലെ പ്രിയ അധ്യാപകന്‍ കരസ്ഥമാക്കിയിരിക്കുന്നു. അതെന്താണെന്നല്ലേ..?

കൊച്ചിയില്‍ നിന്നുള്ള ചിലന്തി ഗവേഷകനായ ഡോ. ഏം. ജെ. മാത്യുവിന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ഗവേഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ "എന്‍ഡവര്‍ അവാര്‍ഡ് " (Endeavor Award) ലഭിച്ചു. 135ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ വിവിധ വിഷയങ്ങളില്‍ സമര്‍പ്പിക്കുന്ന മത്സര പ്രമേയങ്ങളില്‍ നിന്നാണ് ഡോ. മാത്യുവിന്റെ പ്രമേയം അവാര്‍ഡിനായി തിര‍ഞ്ഞെടുത്തത്. അവാര്‍ഡിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ ആറ് മാസത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പഠനത്തിനായി ഇദ്ദേഹം ഈ മാസം 19- )o തീയതി യാത്ര തിരിക്കും. ഓസ്ട്രേലിയ, ഇന്‍ഡ്യ, ചൈന, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന "എറിയോഭോറ" (Eriophora) ജനുസ്സില്‍പ്പെട്ട ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നീ മേഖലകളിലാണ് ഗവേഷണം നടത്തുന്നത്.

പശ്ചിമ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി (University of Western Australia) യിലെ പ്രൊഫ. റാഫേല്‍ കെ. ദിദം (Prof. Raphael K. Didham), പശ്ചിമ ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ഡോ. വോള്‍ക്കര്‍ ഫ്രമനോ (Dr. Volker Framenau) എന്നിവരുടെ കീഴിലാണ് ഡോ. മാത്യു ഗവേഷണം നടത്തുന്നത്. എറണാകുളത്ത് വെണ്ണലയില്‍ താമസിക്കുന്ന ഈ ഗവേഷകന്‍ ഇടുക്കി, ഇരട്ടയാര്‍ മുണ്ടയ്ക്കത്തറപ്പേല്‍ പരേതനായ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്. ഇല്ലിത്തോട് ഗവ. സ്കൂള്‍ അധ്യാപകനായ ഇദ്ദേഹം ഐ.റ്റി. അറ്റ് സ്കൂള്‍ പ്രൊജക്റ്റിന്റെ ഇടപ്പള്ളി റീജിയണല്‍ റിസോഴ്സ് സെന്ററില്‍ മാസ്റ്റര്‍ ട്രെയിനറായി സേവനമനുഷ്ടിക്കുന്നു.

തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണ കേന്ദ്രത്തിലാണ് ഇദ്ദേഹം തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി. സ്വീഡനിലെ സ്റ്റോക്ക്ഹോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ International Foundation For Science ഏര്‍പ്പെടുത്തിയിരിക്കുന്ന ഗവേഷണ ഗ്രാന്റും 2008ല്‍ ഈ ഗവേഷകനെ തേടിയെത്തുകയുണ്ടായി. അഗസ്ത്യമലയിലെ ചിലന്തി വൈവിധ്യത്തേക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഈ ഗവേഷണ ഗ്രാന്റ് ലഭിച്ചത്.

മാത്യു സാര്‍, ആസ്ട്രേലിയയിലെ അങ്ങയുടെ നേട്ടങ്ങളെക്കുറിച്ച് നമ്മുടെ അധ്യാപകലോകത്തെ അറിയിക്കാന്‍ എന്നും അങ്ങയോടൊപ്പം മാത്‍സ് ബ്ലോഗുമുണ്ടാകും. ദൂരം ആശയവിനിമയത്തിന് ഒരു തടസ്സമേയല്ലാതായിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവിടെ നിന്നു കൊണ്ടായാലും മാത്യു സാര്‍ ഞങ്ങളോടൊപ്പം ഇടപെടുമല്ലോ. ഈ മഹത്തായ നേട്ടത്തില്‍ ആഹ്ലാദിക്കുന്നതോടൊപ്പം തന്നെ, എറണാകുളത്തെ ഐടി പ്രവര്‍ത്തനങ്ങളില്‍ ഇനി ഇദ്ദേഹത്തിന്റെ അസാന്നിദ്ധ്യം തീര്‍ക്കുന്ന വലിയ നൊമ്പരവും ഞങ്ങളുടെ മനസ്സിലുണ്ട്. എന്തായാലും നാടിന്റെ അഭിമാനമായി കൂടുതല്‍ വിജയങ്ങളിലേക്ക് അദ്ദേഹം കുതിക്കട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ശുഭയാത്രാമംഗളങ്ങള്‍ നേരാന്‍ കൂടി ഈ അവസരം ഉപയോഗിക്കുന്നു. മാത്യു സാര്‍, അങ്ങേയ്ക്ക് അധ്യാപകലോകത്തിന്റെ അഭിനന്ദങ്ങള്‍.

Dr. M.J. Mathew, the Endeavor Award winner of Australian Government; Ph: 9447474648

Tidak ada komentar:

Posting Komentar