MATHEMATICS

Sabtu, 07 Agustus 2010

എന്നെയൊരു ടി.വിയാക്കണേ (കഥ)


സ്ക്കൂള്‍ തുറന്ന ദിവസം പുതിയ ക്ലാസില്‍ എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു കുട്ടികള്‍. ക്ലാസ് ടീച്ചര്‍ എല്ലാവരുടേയും പേരുകളും വിശേഷങ്ങളുമൊക്കെ ചോദിച്ചു. അവധിക്കാലം എങ്ങനെയാണ് ചെലവഴിച്ചതെന്നും അന്വേഷിച്ചു. എന്നിട്ട്, എല്ലാവരോടും ഒരു പേപ്പറെടുക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഒരാവശ്യം ദൈവം കൃത്യമായും സാധിച്ചു തരുമെങ്കില്‍ എന്തായിരിക്കും ചോദിക്കുന്നതെന്ന് ഓരോരുത്തരോടും പേപ്പറില്‍ എഴുതാന്‍ പറഞ്ഞു.

കുട്ടികള്‍ എഴുതിയ പേപ്പറുകള്‍ വീട്ടിലെത്തിയതിനു ശേഷമാണ് ടീച്ചര്‍ പരിശോധിച്ചത്. പല ആവശ്യങ്ങളായിരുന്നു അതില്‍ നിറയെ. ചില ഉത്തരങ്ങള്‍ വായിച്ചപ്പോള്‍, കുട്ടികളുടെ നിഷ്ക്കളങ്കതയോര്‍ത്ത് ടീച്ചര്‍ അറിയാതെ ചിരിച്ചു പോയി. അതിനിടയില്‍ കിട്ടിയ ഒരു കടലാസ് വായിച്ച ടീച്ചര്‍ സ്തബ്ധയായി ഇരുന്നു പോയി. അതിലെ വരികള്‍ വായിച്ചപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല.

ഇതിനിടയില്‍ മുറിയിലേക്ക് വന്ന ടീച്ചറിന്റെ ഭര്‍ത്താവ് കണ്ടത് അവര്‍ കരയുന്നതാണ്. പരിഭ്രമത്തോടെയാണ് അദ്ദേഹം എന്തുപറ്റിയെന്ന് ചോദിച്ചത്. അവര്‍ വിവരങ്ങള്‍ പറഞ്ഞിട്ട് ആ പേപ്പര്‍ ഭര്‍ത്താവിന്‍റെ കയ്യിലേക്ക് കൊടുത്തു.

"ഇതു വളരെ പ്രത്യേകതയുള്ള ഒരു ആവശ്യമാണല്ലോ" ആദ്യത്തെ വരി വായിച്ചു കൊണ്ട് അയാള്‍ പിറുപിറുത്തു. അതില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.

"ദൈവമേ, എന്നെയൊരു ടിവിയാക്കി മാറ്റേണമേ."

തുടര്‍ന്ന് ആ കുട്ടി അപ്രകാരം എഴുതാനുള്ള കാരണങ്ങളും എഴുതിയിരുന്നു. "വീട്ടില്‍ ടി.വി ഇരിക്കുന്നത് പ്രത്യേക സ്ഥാനത്താണ്. എല്ലാ ദിവസവും വൈകുന്നേരം കുടുംബാംഗങ്ങളെല്ലാവരും അതിന്‍‌റെ മുന്നില്‍ വലിയ താല്പര്യത്തോടെയാണ് ഇരിക്കുന്നത്. ടിവിയായി മാറിയാല്‍ ഞാന്‍ വീട്ടിലെ ശ്രദ്ധാകേന്ദ്രമാവുകയും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യും. ടിവിക്ക് വല്ല തകരാര്‍ സംഭവിച്ചാലും ഏറെ താല്പര്യത്തോടെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നതും.

പപ്പ ഓഫീസില്‍ നിന്ന് എത്തുമ്പോഴേക്കും രാത്രിയാകും. ക്ഷീണിച്ചു വരുന്നതു കൊണ്ട് എന്നോട് അധികമൊന്നും സംസാരിക്കാറില്ല. അമ്മ എപ്പോഴും അടുക്കളയിലെ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടു നടക്കുന്നതിനാല്‍ എന്‍റെ കാര്യമൊന്നും തിരക്കാന്‍ സമയം കിട്ടാറില്ല. ചേട്ടന് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കാനേ സമയമുള്ളു. പക്ഷെ എല്ലാവരും രാത്രിയില്‍ ടിവിയുടെ മുന്നില്‍ ഒന്നിച്ചിരിക്കും. ടിവിയായി മാറിയാല്‍ എനിക്ക് അവരെയെല്ലാം സന്തോഷിപ്പിക്കാനും അവരോടൊത്ത് സമയം ചെലവഴിക്കാനും ആഹ്ലാദിക്കാനും കഴിയുമായിരുന്നു."

"എന്തൊരു ക്രൂരരായ മാതാപിതാക്കള്‍!! " അല്പം രോഷത്തോടെയാണ് അയാള്‍ പറഞ്ഞത്.

അതു കേട്ടപ്പോള്‍, എഴുതിയ ആളുടെ പേരുകൂടി നോക്കാന്‍ ടീച്ചര്‍ പറഞ്ഞു. അതു വായിച്ച് ഭാര്യയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അയാളുടെ കണ്ണുകളും നനഞ്ഞിരുന്നു.

എഴുതിയത് അവരുടെ മകന്‍ തന്നെ ആയിരുന്നു.!!!

അജ്ഞാതനായ ഒരാളില്‍ നിന്നും ഈമെയിലൂടെ ലഭിച്ച ഈ കഥ ചര്‍ച്ച ചെയ്യപ്പെടേണ്ടത്ര കാലിക പ്രസക്തിയുള്ളതാണെന്നു തോന്നിയതിനാല്‍ പ്രസിദ്ധീകരിക്കുന്നു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന നിരവധി വിഷയങ്ങള്‍ ഈ കൊച്ചു കഥയ്ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ. കഥയ്ക്കൊപ്പം കഥാതന്തുവും ചര്‍ച്ചപ്പെടേണ്ടതല്ലേ? ഓരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്. ഇടപെടുമല്ലോ.

Tidak ada komentar:

Posting Komentar