Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Jumat, 27 Agustus 2010
സ്റ്റുഡന്‍റ്പോലീസ് പരിപാടിയെപ്പറ്റി
കോഴിക്കോട്ട് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്ക്കൂള്‍ കലാമേളയ്ക്ക് വേണ്ടി നഗരത്തിലെ 16 സ്ക്കൂളുകളില്‍ നിന്ന് 800 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കുട്ടിപ്പോലീസെന്ന പേരില്‍ വാളണ്ടിയേഴ്സായി നിയമിച്ചു. പോലീസ് സൈന്യത്തിന്റെ ക്ഷാമം മനസ്സിലാക്കിക്കൊണ്ടു തന്നെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ പി.വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഇത്. പക്ഷെ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഫലമാണ് കണ്ടത്. കുട്ടികള്‍ തങ്ങള്‍ക്കു ലഭിച്ച ഉത്തരവാദിത്വം മനോഹരമായി നിറവേറ്റി. കേഡറ്റുകളുടെ ചിട്ടയും നിയന്ത്രണമികവും മൂലം ഇവര്‍ എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ചേര്‍ന്ന് ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കാനുള്ള പദ്ധതിയിട്ടത്. എങ്ങനെയാണിത് നടപ്പാക്കുന്നത്. നോക്കാം.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം അത്ഭുതാവഹമാണ്. ഇന്ത്യാരാജ്യത്തിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത വിധം വിപുലമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം. വിപുലമായ ഈ സംവിധാനത്തിന്റെ ഉള്ളടക്കത്തില്‍ വന്ന മാറ്റം നമ്മുടെ വിദ്യാഭ്യാസത്തിന് ജനകീയ മുഖം പകര്‍ന്നു നല്‍കി. തന്റെ അനുഭവ പരിസരത്തുനിന്ന് പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും , പ്രശ്ന പരിഹാരത്തിന് തന്റേതായ വഴി കണ്ടെത്താനും പുതിയ പഠനക്രമം കുട്ടിയെ പ്രാപ്തനാക്കി. കട്ടിയിലെ കഴിവുകളെ രാജ്യനന്മക്കുകൂടി ഉപയോഗിക്കാന്‍ കഴിയുമ്പോഴേ നമ്മുടെ പൊതു വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിലെത്തൂ. ഈ ഒരുദ്ദേശം കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റെന്ന ആശയത്തിന്റെ തുടക്കം.
കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ഈ സംവിധാനമുള്ള എല്ലാ സ്‌കൂളുകളും ഈ പദ്ധതിയുടെ കീഴില്‍ വരും. മറ്റു ജില്ലകളിലെല്ലാം കൂടി നൂറ് സ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിട്ടയായ പരിശീലനമാകും ഇവര്‍ക്കു ലഭിക്കുക. ഇവര്‍ സമൂഹത്തിനൊരു മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല. വിനയം, അച്ചടക്കം, ആത്മാര്‍ത്ഥത, വിവേകം, ധൈര്യം, കാര്യക്ഷമത തുടങ്ങി ഒരു വ്യക്തിക്കു വേണ്ട ഗുണങ്ങളുള്ള ഒരു സമൂഹം നമ്മുടെ രാജ്യസുരക്ഷ കൂടി ഉറപ്പു നല്‍കുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ അംഗമാവുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധിത നീന്തല്‍ പരിശീലനം ലഭിക്കും.
എന്നാല്‍ കേഡറ്റ് ആകാന്‍ ചില മാനദണ്ഡങ്ങളുണ്ട്. പരീക്ഷയില്‍ 50 ശതമാനം(സി.പ്ലസ്) മാര്‍ക്ക് വേണം. ശാരീരിക ക്ഷമതയുണ്ടാകണം. രക്ഷിതാവിന്റെ സമ്മതവും പ്രധാനാധ്യാപകനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. ഒരു വര്‍ഷം ചുരുങ്ങിയത് 60 മണിക്കൂര്‍ കായിക പരിശീലനം ഒരു കേഡറ്റിന് ലഭിക്കണം. പരിശീലന സമയത്ത് വെളുത്ത ടീഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. പരിശീലന ദിവസങ്ങളില്‍ ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കും.
എന്‍.സി.സിയുടെ അച്ചടക്കവും എന്‍.എസ്.എസിന്റെ സേവനമനോഭാവവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വിങ്ങായിരിക്കും കുട്ടിപ്പോലീസ് സേന. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായി മികവ് തെളിയിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും പോലീസ്‌സേന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപനച്ചടങ്ങിനു ശേഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക കേഡറ്റുകള്‍ ഉണ്ടാകും. 500 കുട്ടികള്‍ എങ്കിലുമുള്ള സ്‌കൂളുകളിലേ പദ്ധതി തുടങ്ങൂ. അധ്യാപകരില്‍നിന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും അസി. കമ്മ്യൂണിറ്റി പോലീസ് ഓഫീസറും വേണം. ഒരാള്‍ വനിതയാകണം. ഇവര്‍ക്ക് പ്രതിഫലം നല്‍കും. കാക്കി പാന്റ്, കാക്കിഷര്‍ട്ട്, കറുത്ത ബെല്‍റ്റ്, കാക്കി സോക്‌സ്, കറുത്ത ഷൂ, വട്ടത്തൊപ്പി എന്നിവ ചേര്‍ന്നതാണ് കേഡറ്റിന്റെ യൂണിഫോം. ഓരോ വര്‍ഷവും ഒരു നക്ഷത്രം യൂണിഫോമില്‍ ചേര്‍ക്കും. പരിധിയിലെ പോലീസ് സി.ഐ. ലെയ്‌സണ്‍ ഓഫീസറാണ്. ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, നിയമസാക്ഷരതാ ക്ലാസുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എകൈ്‌സസ്, ആര്‍.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വര്‍ഷം 130 മണിക്കൂര്‍ സേവനമാണ് നടത്തേണ്ടത്. സ്‌കൂള്‍തല ഉപദേശക സമിതിയില്‍ പ്രധാനാധ്യാപകനും സി.ഐ.യും പി.ടി.എ. പ്രതിനിധിയും എക്‌സ്‌സൈസ്, വാഹനഗതാഗതം, വനം എന്നീ വകുപ്പുകളുടെ പ്രതിനിധികളും ജനപ്രതിനിധിയും അടങ്ങും.
ഈ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നടത്തി വിജയിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. കോഴിക്കോട് കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ എ.പി. ഷൗക്കത്തലിയാണ് അഡീഷണല്‍ നോഡല്‍ ഓഫീസര്‍. റോഡ് സുരക്ഷാ ഫണ്ട്, ജനമൈത്രി പോലീസ് ഫണ്ട്, രാഷ്ട്രീയ മാധ്യമശിക്ഷാ അഭിയാന്‍ ഫണ്ട് എന്നിവയില്‍ നിന്നും വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, എക്‌സ്‌സൈസ്, വാഹനഗതാഗതം എന്നിവയുടെ ബജറ്റ് വിഹിതത്തില്‍നിന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്തനാണ് നിര്‍ദ്ദേശം.
അവശ്യഘട്ടങ്ങളില്‍ പോലീസ് സേനയെ ക്രമസമാധാന പരിപാലനത്തില്‍ സഹായിക്കുന്നതിനൊപ്പം വ്യക്തിത്വ വികാസവും പൊതുജനസേവനവും ലക്ഷ്യങ്ങളായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് മയക്കുമരുന്നിന്റേയും മാഫിയാസംഘങ്ങളുടേയും സ്വാധീനം വര്‍ധിച്ചു വരുന്നത് പേടിയോടെയേ കാണാന്‍ കഴിയൂ. ആഢംബരജീവിതത്തിലേക്ക്പെട്ടെന്ന് എത്തിച്ചേരാനുള്ള കുട്ടികളുടെ താത്പര്യം അവരെ തെറ്റായ വഴികളിലൂടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. നമുക്കു വേണ്ടത് രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ കാര്യപ്രാപ്തിയുള്ള തലമുറയേയാണ്. കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോകാതെ ഉള്‍ക്കരുത്തുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ കുട്ടിപ്പോലീസ് സംവിധാനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar