അങ്ങനെ മലയാളിയുടെ സ്വന്തം ഉത്സവമായി പരക്കെ ആഘോഷിക്കപ്പെടുന്ന ഓണം വന്നെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്ന അജ്ഞാത കര്‍ത്തൃകമായ ഏതോ സിദ്ധാന്തത്തിന്റെ ആവേശത്തില്‍ പ്രകൃതി പോലും താന്‍ കാത്തുവെച്ച ഐശ്വര്യസമ്പാദ്യം മനുഷ്യനായി നേദിക്കുന്ന കാലമാണീ ഓണമാസം. കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും നമ്മുടെ കാതുകളിലേക്കെത്തിയിട്ടുള്ളത്. നവീനയുഗത്തില്‍ ആന്റിമാരുടെ എണ്ണമേറിയതിനാലും മുത്തശ്ശിമാരുടെ വംശം മരുന്നിനു പോലുമില്ലാത്ത വിധം അന്യം നിന്നു പോയതിനാലും ഓണത്തെക്കുറിച്ചുള്ള കഥകളെപ്പറ്റിയൊന്നും കുട്ടികള്‍ക്ക് കേള്‍ക്കാനിട വന്നിട്ടുണ്ടാകണമെന്നില്ല. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം തന്റെ പ്രജകളെക്കാണാന്‍ ആണ്ടിലൊരു ദിനം വാമനന്‍ അദ്ദേഹത്തിന് നല്‍കിയെന്നാണ് ഓണത്തിനു പിന്നിലെ പുരാവൃത്തമായി പറഞ്ഞു പോരുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാള്‍ തെരഞ്ഞെടുത്ത മഹാബലി മുറതെറ്റാതെ ആണ്ടു തോറും എത്തുന്നുവെന്നാണ് കാവ്യഭാവനയും. അങ്ങനെ കേരളസങ്കല്പത്തിന്റെ ആരംഭദശകളിലെങ്ങോ മൊട്ടിട്ട ഓണവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ പിന്നിട്ട് ഇന്നു നമ്മുടെ സ്വീകരണമുറിയിലെ കൊച്ചു സ്ക്രീനിലൊതുങ്ങി നില്‍ക്കുന്നു.
കാലാണ്ടിന്റെ ഇടവേള കഴിഞ്ഞ് ഇടവ, മിഥുന, കര്‍ക്കിടകങ്ങളിലെ കാറ്റിനും മഴയ്ക്കുമൊടുകില്‍ വൈദേശികവണികരെത്തുന്ന ചിങ്ങമാസം ദക്ഷിണഭാരതത്തിലേക്ക് സമ്പത്തൊഴുക്കുന്ന കാലമായിരുന്നെന്നാണ് ചരിത്രരേഖകളിലെ പരാമര്‍ശം. അരിയും പൂവുമെറിഞ്ഞായിരുന്നത്രേ കച്ചവടത്തിനെത്തിയിരുന്ന നാവികവണികരെ നമ്മുടെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം പൊന്ന് നല്‍കുന്ന ഈ കച്ചവടമാണ് ചിങ്ങമാസത്തതിന് പൊന്നിന്‍ തിളക്കം നല്‍കിയതെന്ന് ഒരു കൂട്ടം ചരിത്രകുതുകികള്‍ പറയുന്നു. അതല്ല, കൊയ്ത്തു നെല്ലിന്റെ പൊന്നിന്‍ പ്രഭയാണ് ചിങ്ങമാസത്തിന് ഇത്തരമൊരു മുന്‍പേര് നല്‍കിയതെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
മലയാളിയെന്നതില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെ കാലമാണ് ഓണം. പെയ്തു തകര്‍ത്ത ഇടവപ്പാതി കര്‍ക്കിടകത്തോടെ തോറ്റു മടങ്ങുമ്പോള്‍ അവന് സന്തോഷമായിരുന്നു. വറുതിയുടെ ചൂടില്‍ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന നാളുകളെ താല്ക്കാലികമായിട്ടെങ്കിലും വിസ്മൃതിയിലേക്കാഴ്ത്താന്‍ പോന്ന സന്തോഷമാണ് ഓണനാളുകള്‍ അവന് സമ്മാനിച്ചത്. കമ്പോളവല്‍ക്കരിക്കപ്പെട്ടെങ്കിലും ഇന്നും ബഹുഭൂരിപക്ഷത്തിനും ഓണം സന്തോഷത്തിന്റെ നാളുകള്‍ തന്നെ. പ്രത്യേകിച്ചും, ഓണം കുട്ടികളുടേതല്ലേ? പൂവിളികളും പൂവട്ടികളുമായി നടന്നിരുന്ന കാലം ഏറെക്കുറെ അന്യമായിത്തുടങ്ങിയെങ്കിലും ഇന്നും ഓണാഘോഷങ്ങളില്‍ സന്തോഷിക്കുന്നത് കുട്ടികള്‍ തന്നെ. എത്രയേറെ ദുഃഖങ്ങള്‍ നമുക്കുണ്ടായാലും കുട്ടികളുടെ സന്തോഷം ആരാണാഗ്രഹിക്കാത്തത് ? അതുകൊണ്ട് ഈ ഓണവും നമുക്ക് ആഘോഷിക്കാം. ഇടയ്ക്കിടെ ഇങ്ങനെയുള്ള കൊച്ചുകൊച്ചാഘോഷങ്ങളല്ലേ ജീവിതസദ്യയില്‍ തൊടുകറികളാകുക!
Tidak ada komentar:
Posting Komentar