ചോര്‍ന്നൊലിക്കുന്ന കഞ്ഞിപ്പുരയ്ക്കു മുന്നില്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിക്കുമ്പോള്‍ പലതരത്തിലുള്ള കഞ്ഞിപ്പാത്രങ്ങളുമായി ക്യൂ നില്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി സുലേഖയും സഹായി മീനാക്ഷിയും. കൈ പൊള്ളാതിരിക്കാനുള്ള തത്രപ്പാടില്‍ തങ്ങളെക്കൊണ്ടാകുന്നരീതിയില്‍ സര്‍ക്കസുകളിച്ച് ഒരുവിധം പാത്രവുമായി, മണ്ണും ചെളിയുമായി കുഴഞ്ഞിരിക്കുന്ന ക്ലാസ് വരാന്തയിലേക്ക് എത്തിപ്പെട്ട് കയ്യില്‍ കരുതിയ അച്ചാര്‍ പാക്കറ്റ് പല്ലുകൊണ്ട് കടിച്ചു വലിച്ചീമ്പി റേഷനരിയുടെ മനം പിരട്ടുന്ന ഗന്ധമാസ്വദിച്ച് ഒരുവിധം കഞ്ഞികുടിച്ചെന്നു വരുത്തിത്തീര്‍ക്കുന്ന പിഞ്ചോമനകള്‍......
പന്ത്രണ്ടേമുക്കാലാകുമ്പോള്‍ മഴയത്ത് കഞ്ഞിപ്പുര ലക്ഷ്യമാക്കി ഓടുന്നവര്‍..കഞ്ഞി തീരുന്നതിനു മുമ്പ് എത്തുക എന്നതാണ് അവരുടെ ലക്ഷ്യം...എത്രയോ നല്ല പദങ്ങള്‍ കിടക്കുമ്പോഴും 'കഞ്ഞിക്കുള്ള പിള്ളേര്‍' എന്നതാണ് അവരുടെ പേര്...
ചില കുട്ടികളുടെ അന്നത്തെ ആഹാരം അതു മാത്രമായിരിക്കും എന്നത് ഒരു ഞെട്ടിക്കുന്ന സത്യം...
കഞ്ഞി കുടിയും കഴിഞ്ഞ് കഞ്ഞിപ്പുരയുടെ പിന്നാമ്പുറത്തു വന്നു നില്‍ക്കുന്നവര്‍ മറ്റൊരു കാഴ്‌ച ... കഞ്ഞി ബാക്കിയുണ്ടെങ്കില്‍ അതു വീട്ടുകാര്‍ക്ക് കൊണ്ടു പോയി അവരുടെയും പശിയടക്കാം എന്നതാണ് ഈ പിന്നാമ്പുറത്തു വരുന്നവരുടെ ലക്ഷ്യം. കൂട്ടത്തിലെ മുതിര്‍ന്ന പിള്ളേരുടെ ഉത്തരവാദിത്വമാണ് കഞ്ഞി വിളമ്പല്‍..പെരു മഴയത്ത് കഞ്ഞിപ്പുരയില്‍ നിന്നും അവര്‍ ബക്കറ്റു നിറയെ കഞ്ഞിയുമായി അതു വിതരണം ചെയ്യേണ്ട സ്ഥലത്തേക്ക് ഓടണം..
കേരളത്തിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളിലേയും ഒരു നേര്‍ക്കാഴ്ചയായിരുന്നൂ ഇതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല!
ഇതിനൊരു മാറ്റം വേണ്ടേ...?
ഇത്തരുണത്തിലാണ്, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈയടുത്ത് പുറപ്പെടുവിച്ച ഒരു അസാധാരണ അഭ്യര്‍ഥന പ്രസക്തമാകുന്നത്. അന്നദാനം എന്ന പുണ്യകര്‍മ്മത്തിന്റെ മഹത്വത്തേയും അത് വളരേയധികം സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതിന്റെ പ്രാധാന്യത്തേയും കുറിച്ചുള്ള പ്രസ്തുത കത്തില്‍, സ്വന്തം കുടുംബാംഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന അതേ ശ്രദ്ധ, കേരളത്തിലെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിലും കാണിക്കുവാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷമാണെന്നുതോന്നുന്നു, എറണാകുളത്തു വെച്ചു നടന്ന ഒരു ചടങ്ങില്‍, ഉച്ചക്കഞ്ഞിവിഷയത്തിലുള്ള തന്റെ സ്വപ്നങ്ങള്‍ ഇദ്ദേഹം പങ്കുവെച്ച വേദിയില്‍ ഈ കുറിപ്പുകാരനും ഒരു ശ്രോതാവായുണ്ടായിരുന്നു. ഓരോ ഉപജില്ലയിലും ഓരോ 'സെന്ററലൈസ്ഡ് അടുക്കള', ആ ഉപജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ പാചകക്കാരും ഒത്തുകൂടി, ലളിതമെങ്കിലും പോഷകസമൃദ്ധമായ ഉച്ചയൂണ് തയ്യാറാക്കി പൊതിച്ചോറായി സ്കൂളുകളില്‍ എത്തിക്കുക.....അങ്ങിനെ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേള്‍വിക്കാരില്‍ ആവേശം വിതച്ചു. അടുത്ത അധ്യയനവര്ഷമാകുമ്പോഴേക്ക് പ്രായോഗികതലത്തിലേക്കെത്താനുള്ള രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, കഴിഞ്ഞയാഴ്ച ബഹു. മുഖ്യമന്ത്രി എറണാകുളം ജില്ലയിലെ പറവൂരില്‍ 'അമ്മതന്‍ ഭക്ഷണം' എന്ന പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുമുണ്ടായി.
നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാനും, അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കാലവിളംബമന്യേ കൈക്കൊള്ളാനും ഉശിരു കാണിക്കുന്ന ഇത്തരം യുവരക്തങ്ങള്‍ പകര്‍ന്നുതരുന്ന ആവേശം കേരളത്തിലെ അധ്യാപരും മറ്റു രക്ഷാകര്‍തൃ പൊതുസമൂഹവും നെഞ്ചേറ്റുകയാണെങ്കില്‍ നമ്മുടെ നാട് ഈ കാര്യത്തില്‍ കൂടി മാതൃകയാകുമെന്നാണ് എനിയ്ക്കുതോന്നുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.
പിന്‍കുറി :
എം.എല്‍.എ ഫണ്ടില്‍ നിന്നും, തന്റെ മണ്ഡലത്തിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് തൃശൂര്‍ ജില്ലയിലെ നാട്ടിക എം.എല്‍.എ. ശ്രീ. ടി.എന്‍. പ്രതാപന്‍, അധ്യാപകരും നിര്‍ബന്ധമായി കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കണമെന്നും അതിനുവേണ്ട അധികച്ചെലവു കൂടി വഹിക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. അങ്ങനെയെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരമുയരട്ടേയെന്നായിരുന്നിരിക്കണം മൂപ്പരുടെ ചിന്ത!
Tidak ada komentar:
Posting Komentar