സര്‍വേകള്‍ അദ്ധ്യാപകര്‍ക്ക് പുതുമയല്ല. തീരദേശ സര്‍വേ, ബി.പി. എല്‍ സര്‍വേ തുടങ്ങിയ കണക്കെടുപ്പുകള്‍ ഏറെ ആത്മാര്‍ത്ഥമായി ചെയ്തു വിജയിപ്പിച്ചിട്ടുള്ളവരാണ് കേരളത്തിലെ അദ്ധ്യാപകര്‍. ഇതില്‍ ഏറ്റവും പുതിയതാണ് സെന്‍സസ് സര്‍വേ അഥവാ ജനസംഖ്യാ കണക്കെടുപ്പ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പില്‍ ഒന്നായ 2011 ലെ സെന്‍സസിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ മറ്റ് അദ്ധ്യാപകരെപ്പോലെ തന്നെ ഞാനും അഭിമാനിക്കുന്നു. എന്നാല്‍ അദ്ധ്യാപകരുടെ ജോലിഭാരത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനെ പുച്ഛിച്ചു തള്ളുന്ന പലരേയും ഞാന്‍ പലയിടത്തും കണ്ടിട്ടുണ്ട്. ഇവിടെപ്പോലും. അദ്ധ്യാപകര്‍ വെക്കേഷന്‍ കാലത്ത് സുഖിക്കുന്നു എന്നു പറയുമ്പോഴും ഈ ചുട്ടുപൊള്ളുന്ന പൊരിവെയിലില്‍ കഷ്ടപ്പെടുന്ന നമ്മുടെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി സമൂഹം അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. അദ്ധ്യാപകരുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ കണ്ണാടിയായി മാറിയ മാത്‍സ് ബ്ലോഗിലൂടെയെങ്കിലും, ഞങ്ങള്‍ വെറുതെയിരിക്കുകയല്ലായെന്ന് ചുറ്റുപാടുകളെ മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരു ചെറിയ അവസരം എനിക്കും നല്‍കുമല്ലോ. പറയാനുള്ളത് സര്‍വ്വേ ഡ്യൂട്ടികളെപ്പറ്റിത്തന്നെയാണ്. സെന്‍സസ് ഡ്യൂട്ടിക്ക് പോകുന്ന അദ്ധ്യാപകര്‍ക്ക് നേരിടേണ്ട വരുന്ന അപമാനങ്ങളെക്കുറിച്ച് പത്രങ്ങളൊക്കെ സ്ഥിരം കോളങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അവയില്‍ ചിലത് ഞാനിവിടെ പങ്കു വെക്കട്ടെ.
കഴിഞ്ഞ ദിവസം ഏലൂരില്‍ സെന്‍സസ് ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപികയ്ക്ക് മുന്നില്‍ 'പിറന്ന പടി' നിന്ന ഒരു ഗൃഹനാഥനെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത ഏവരും കണ്ടു കാണുമെന്ന് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ടീച്ചര്‍ അവിടെയെത്തിയത്. ഭാര്യയും അമ്മയും വീട്ടിലുണ്ടെന്ന് കുടുംബനാഥനില്‍ നിന്ന് അറിഞ്ഞ പാവം ടീച്ചര്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. തുടര്‍ന്ന് ഫോമുകള്‍ പൂരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഗൃഹനാഥന്റെ യഥാര്‍ത്ഥ സ്വഭാവം (?) പുറത്തു വന്നത്. പരിഭ്രാന്തയായ ടീച്ചര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെയിരുന്നവര്‍ സ്ഥലത്തേക്ക് തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് വില്ലേജ് ഓഫീസറെത്തി. പോലീസെത്തി. 'ഗൃഹനാഥനെ' കൂടുതല്‍ വിവരങ്ങളറിയാന്‍ പോലീസ് കൊണ്ടുപോവുകയും ചെയ്തു. ഈ അദ്ധ്യാപിക ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ മാത്രം. പറയൂ ഈ സംഭവത്തപ്പറ്റി നിങ്ങള്‍ക്കെന്താണ് പറയാനുള്ളന്നത്?
സെന്‍സസ് നടപടിക്രമങ്ങളില്‍പ്പെട്ട ഓരോ കെട്ടിടത്തെയും തിരിച്ചറിയാന്‍ ആര്‍ക്കും കാണാനാന്‍ കഴിയുന്ന വിധം പെര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ച് കെട്ടിടനമ്പറിടണമെന്നത് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമാണ്. സെന്‍സസിന്റെ അടുത്ത ഘട്ടത്തില്‍ ഈ നമ്പറിനെക്കൂടി ആശ്രയിച്ചാകും വിവരശേഖരണം. നമ്പറിടാനുള്ള മാര്‍ക്കര്‍ പേന നല്‍കുന്നതും സര്‍ക്കാരാണ്. പടിഞ്ഞാറെ കടുങ്ങല്ലൂരിലെ ഒരു വീട്ടില്‍ സെന്‍സസ് എടുക്കാന്‍ ചെന്ന ടീച്ചര്‍ മുന്‍വശത്തെ ഭിത്തിയില്‍ എഴുതാന്‍ തുടങ്ങുമ്പോഴേക്കും വീട്ടുടമ ദേഷ്യത്തോടെ മാര്‍ക്കര്‍ പേന പിടിച്ച് പറിച്ച് ദൂരേക്കെറിഞ്ഞു. പെയിന്റടിച്ചിട്ട് അധികം നാളായില്ലെന്നതായിരുന്നു കാരണം. ".....സ്റ്റിക്കറുണ്ടെങ്കില്‍ ഒട്ടിച്ചാല്‍ മതി. അല്ലാതെ പേന കൊണ്ടെഴുതാന്‍ സമ്മതിക്കില്ലെ"ന്ന ഗൃഹനാഥന്റെ അസഭ്യവര്‍ഷത്തോടെയുള്ള നിലപാടില്‍ അപമാനിതയായി ആ പാവം അദ്ധ്യാപിക മടങ്ങി. സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പാക്കാനെത്തിയ ഈ അദ്ധ്യാപികയോട് ഈ മനുഷ്യന്‍ (?) പറഞ്ഞു കൂട്ടിയതിനെ മുഴുവനും വിവരമില്ലായ്മ എന്ന ലേബലില്‍ ഒതുക്കിക്കളയാമോ?
അദ്ധ്യാപകവൃത്തിക്കു ശേഷം സര്‍വ്വേപ്പണിക്കിറങ്ങുന്ന ഈ പാവങ്ങള്‍ ഭയക്കേണ്ട അടുത്ത ദുരിതങ്ങളിലൊന്നാണ് വളര്‍ത്തു നായകളുടെ ശല്യം. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോഴായിരിക്കും ഈ 'കാവല്‍ക്കാര്‍' മണത്ത് മണത്ത് എത്തുക. ഇവരുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഉടമകള്‍ക്കു പോലും പ്രവചിക്കാനാകില്ല. ചിലരാകട്ടെ വീട്ടിലുള്ളവര്‍ക്ക് കാവലായി പട്ടിയെയും അഴിച്ചിട്ട് പോയിരിക്കുകയാകും. അതിനെ നിയന്ത്രിക്കാന്‍ ഒരാളും ഉണ്ടാവുകയുമില്ല. കഴിഞ്ഞ തവണ ആലുവായിലൊരിടത്ത് സര്‍വ്വേക്കു പോയ ഒരു അദ്ധ്യാപികയെ പട്ടി കടിച്ചു പറിച്ച സംഭവവും നെഞ്ചിടിപ്പോടെയാണ് ഞാന്‍ വായിച്ചത്. ഭാഗ്യം കൊണ്ടാണത്രേ ടീച്ചര്‍ രക്ഷപെട്ടത്.
വിവരങ്ങള്‍ ശേഖരിക്കാന്‍ ഓരോരുത്തര്‍ക്കും കിട്ടിയ സ്ഥലങ്ങളിലെ വീടുകള്‍ മാത്രമല്ല, കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും എന്തിനേറെ കള്ളുഷാപ്പിനും ബാറിനും വരെ കെട്ടിട നമ്പറിടണം. ഇതിനു വേണ്ടി ചെല്ലുമ്പോള്‍ ഒരു അദ്ധ്യാപികയ്ക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനത്തെക്കുറിച്ച് പറയാനുണ്ടോ? കാടുപിടിച്ചു കിടക്കുന്ന വീടാണെങ്കിലും അവിടെ ചെന്ന് കെട്ടിട നമ്പര്‍ ഇടുകയും ഒഴിഞ്ഞ കെട്ടിടം എന്ന് ഫോമില്‍ പൂരിപ്പിക്കുകയും വേണം. ഇവിടെയെല്ലാം ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പലതിനെയും സ്തീ പുരുഷ ഭേദമില്ലാതെ അദ്ധ്യാപകര്‍ ഭയക്കേണ്ടേ?
തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് ചിലരുടെ 'വിശ്വാസം'. തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി പ്രശ്നമുണ്ടാക്കിയാലോയെന്ന് മറ്റു ചിലര്‍ ഭയക്കുന്നു. വിവരങ്ങളറിയുന്നതിന് വേണ്ടി എന്യൂമറേറ്റര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തിയില്ലാതെ മറുപടി നല്‍കുന്നത് യഥാര്‍ത്ഥവിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ മടിക്കുന്നത് കൊണ്ടാകാമെന്നു കരുതാമ. പക്ഷെ ഫോമിലേക്ക് ഇത് പകര്‍ത്തുമ്പോള്‍ അധികാരികളാരും അറിയുന്നതേയില്ല, എതു വികാരത്തോടെയാണ് ഈ മറുപടി ലഭിച്ചതെന്ന്. ഇതെല്ലാം സംയമനത്തോടെ, അതിലേറെ വേദനയോടെ കേട്ട, ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായ, അദ്ധ്യാപകരുടെ മനസ്സ് ആരു കാണാന്‍?
ഇനി സ്ത്രീ പുരുഷ ഭേദമില്ലാതെ അദ്ധ്യാപകരെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയാകാം. പരിശീലനം മുതല്‍ തുടങ്ങുന്നൂ സെന്‍സസിലെ പ്രശ്നങ്ങള്‍. പലയിടത്തും മാതൃകാ ഫോമുകളും തയാറെടുപ്പിനുള്ള ബുക്കുകളും താമസിച്ചാണ് എത്തിയത്. സെന്‍സസ് കിറ്റ് പരിശീലനത്തിനു ശേഷം നല്‍കുമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില്ലേജ് ഓഫീസുകള്‍ വഴി അതു വിതരണംചെയ്യുകയായിരുന്നു. എന്നാല്‍ ലഭിക്കുമെന്നു പറഞ്ഞിരുന്ന ക്യാരി ബാഗ് പോലുള്ളവ ഇനിയും വില്ലേജ്‌ഓഫീസുകളില്‍ എത്തിയില്ലെന്നു പരാതിയുണ്ട്. തയാറെടുപ്പുകളില്‍ ഇത്രയുമാണെങ്കില്‍ സെന്‍സസ് ഫീല്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല.
ചിലപഞ്ചായത്തുകള്‍ മീറ്റിംഗ് വച്ചു മാതൃകാപരമായാണ് സെന്‍സസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചത്.. എല്ലാ വാര്‍ഡ് മെമ്പര്‍മാരെയും, ഒപ്പം സെന്‍സസ് എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും വിളിച്ചുകൂട്ടി പരസ്പരം പരിചയപ്പെടുത്തി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍മാര്‍ സ്ഥലം കാണിച്ചു കൊടുക്കുകയും ഫോണ്‍നമ്പര്‍ പരസ്പരം കൈമാറുകയും ചെയ്തു. ഈ തരത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച പഞ്ചായത്തുകളുണ്ടെങ്കിലും "ഇതു ഞങ്ങളെ അറിയിച്ചിട്ടില്ല, ഇതു ഞങ്ങളുടെ ജോലിയല്ല, നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോയികണ്ടു പിടിക്കൂ, ചെയ്യൂ... "എന്ന നിലപാടെടുത്ത പഞ്ചായത്തുകളും ഉണ്ട്.
സെന്‍സസുമായി ഉയര്‍ന്നു കേട്ട മറ്റൊരു പ്രശ്നം, വേണ്ടത്ര പ്രചാരം സെന്‍സസിനു ലഭിച്ചിട്ടില്ല എന്നതാണ്. പലരും ഇതൊന്നും അറിഞ്ഞിട്ടേയില്ല. ഇതൊരു ആവശ്യമാണെന്ന ചിന്തയും ജനത്തിനില്ല. ആവശ്യമായ വിവരങ്ങളെക്കുറിച്ചൊരു ധാരണ പത്രമാസികകള്‍ വഴി നല്‍കിയിരുന്നുവെങ്കില്‍ ആളുകള്‍ അവ ഒരുക്കി വച്ചേനെ എന്ന അഭിപ്രായവും ചില അദ്ധ്യാപകര്‍ പ്രകടിപ്പിച്ചു. പലപ്പോഴും എന്യൂമറേറ്റര്‍മാര്‍ വീട്ടിലെത്തി ചോദിക്കുമ്പോളാണ് ഈ വിവരങ്ങളും വേണം എന്ന് ആളുകള്‍ അറിയുന്നത്.
ഓണം വന്നാലും ഉണ്ണി പിറന്നാലും ബ്രോയിലര്‍ ചിക്കന് രക്ഷയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. സെന്‍സസ് അടക്കമുള്ള സര്‍വ്വേകളെല്ലാം രാജ്യത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ സംഗതികളാണ്. അത് വിജയിപ്പിക്കേണ്ടത് അതിന്റെ ഭാഗമായ അദ്ധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥസമൂഹത്തിന്റെ കടമയാണ്. കര്‍ത്തവ്യമാണ്. പക്ഷെ ഇതിനെല്ലാം ഭാഗമാകുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെപ്പറ്റി പലപ്പോഴും പുറംലോകം അറിയാറില്ല. കാരണം, അദ്ധ്യാപകര്‍ പൊതുവെ സമാധാനപ്രിയരാണ്. സമൂഹത്തിലെ തങ്ങളുടെ സ്ഥാനത്തെപ്പറ്റി (ഇന്ന് ഒരു സ്ഥാനവുമില്ല എന്നത് വാസ്തവം) ആലോചിച്ച് പരമാവധി പ്രശ്നങ്ങളില്ലാതിരിക്കാന്‍ മനസാ വാചാ കര്‍മ്മണാ ശ്രമിക്കുന്ന ഈ പാവങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ ചിലത് കേട്ടിട്ട് എന്തു തോന്നുന്നു? ചുരുങ്ങിയ പക്ഷം, ഇനിയുള്ള സര്‍വ്വേകളിലെങ്കിലും ഒറ്റയ്ക്ക് ആരെയും വിവരശേഖരണത്തിനായി പറഞ്ഞുവിടരുതെന്ന് ഒരു പത്തു പേരെങ്കിലും അഭിപ്രായപ്പെട്ടാല്‍ സന്തോഷം. പ്രതികരണങ്ങളറിയാനായി കാത്തിരിക്കുന്നു.
Tidak ada komentar:
Posting Komentar