MATHEMATICS

Sabtu, 17 April 2010

വിദ്യാഭ്യാസ നിയമവും അധ്യാപകരും

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നുമുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണല്ലോ? ഈ വിഷയസംബന്ധമായി കഴിഞ്ഞയാഴ്ച നാം നടത്തിയ സംവാദത്തിന് വേണ്ടത്ര പ്രതികരണങ്ങള്‍ ലഭിച്ചു കണ്ടില്ല. വെക്കേഷന്‍, വാല്യ്വേഷന്‍, സെന്‍സസ്ജോലി,...എന്നിങ്ങനെ നൂറുകൂട്ടം ന്യായങ്ങള്‍ നമുക്ക് നിരത്താനുണ്ടാകും. എങ്കിലും, അധ്യാപക സമൂഹത്തെയാകമാനം ബാധിക്കുന്ന ഈ വിഷയം കുറേക്കൂടി ഗൌരവതരമാകയാല്‍ , ഈയാഴ്ചയും സംവാദത്തിന് മറ്റൊരു വിഷയം തേടിപ്പോകേണ്ടതില്ലെന്നു തോന്നുന്നു. ഈയവസരത്തിലാണ്, സമാന വിഷയവുമായി ബന്ധപ്പെട്ട് ഒരു പത്രത്തിന്റെ പ്രതികരണത്താളില്‍ അഹമ്മദുണ്ണി കളച്ചാല്‍ എഴുതിയ ഏറെ പ്രായോഗികമെന്നു തോന്നുന്ന (?) ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ആദ്യം, അത് വായിക്കുക.....

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നും കേള്‍ക്കുന്നു. എട്ടാംതരം യു.പി. വിഭാഗത്തിന്റെ ഭാഗമാകുന്നതോടെ ഹൈസ്കൂള്‍ ഒമ്പതും പത്തും മാത്രമായി ചുരുങ്ങും. എന്നാല്‍, ഇപ്പോള്‍ ഹൈസ്കൂളിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്ററി പ്രത്യേക വിഭാഗമാണ്. ഒരേ മതില്‍ കെട്ടിനകത്ത് ഒരേ കെട്ടിടത്തില്‍ പ്രന്‍സിപ്പലിനു കീഴില്‍ ഹയര്‍സെക്കന്ററിയും, ഹെഡ്​മാസ്റ്റര്‍ക്കു കീഴില്‍ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു വിഭാഗങ്ങളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരണം. (ഇതുകൊണ്ടുള്ള മറ്റൊരു പ്രധാന ഗുണം, ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടുവിഭാഗക്കാരുടേയും മനസ്സുകളിലുള്ള മുള്ളുവേലികളും അറുത്തുമാറ്റാം - ലേഖകന്‍)സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറിയാക്കി മാറ്റുകയും ഈ വര്‍ഷം പത്താംതരത്തില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും അതേ വിദ്യാലയത്തില്‍ പതിനൊന്നാം തരത്തിലേക്ക് പ്രവേശനം നല്‍കുകയും വേണം.

ഹൈസ്കൂള്‍ വിഭാഗത്തിലെ യോഗ്യരായ (പി.ജി, ബി.എഡ്, സെറ്റ് നേടിയ) അധ്യാപകരെ ഹയര്‍ സെക്കന്ററിയിലേക്ക് പുനര്‍വിന്യസിച്ചാല്‍ ഹൈസ്കൂളുകളില്‍ അധികം വരുന്ന അധ്യാപകരെ സംരക്ഷിക്കാനാവും.കേരള വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍ദേശിച്ചപോലെ എട്ടാംതരം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികളെ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ്, തൊഴില്‍, കലാ സംസ്കാരം എന്നീ അഞ്ച് വിഷങ്ങളിലേതെങ്കിലുമൊന്നില്‍ ഒമ്പതുമുതല്‍ 12വരെ പഠനം തുടരാനുള്ള സാഹചര്യം കേരളത്തിലെ ഹൈസ്കൂള്‍ -ഹയര്‍ സെക്കന്‍ഡറി ലയനത്തിലൂടെ സാധ്യമാവും.

എട്ടാംതരം പടിയിറങ്ങുന്നതോടെ അനേകം ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും പാചകപ്പുരയുമടക്കം ലക്ഷങ്ങളുടെ മുതലും സ്ഥലവുമാണ് ഹൈസ്കൂളുകളില്‍ ഉപയോഗിക്കപ്പെടാതെ ഒഴിഞ്ഞുകിടക്കുക. നമ്മുടെ സംസ്ഥാനത്തിപ്പോള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്സ് ഹയര്‍ സെക്കന്‍ഡറി, ഐ.എച്ച്.ആര്‍.ഡി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുടങ്ങി അഞ്ചുതരം ഹയര്‍ സെക്കന്‍ഡറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്കൊക്കെ പ്രത്യേകം ഡയറക്ടറേറ്റുകളും ഭരണ സംവിധാനങ്ങളുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ ഡി.ഡി, ഡി.ഇ.ഒ തുടങ്ങി വിപുലമായ ഭരണ സംവിധാനം വേറെ തന്നെ. മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെയും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കൊണ്ടുവന്ന് ഒമ്പതുമുതല്‍ 12 വരെ ക്ലാസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഭരണ ചെലവ് ഗണ്യമായി കുറക്കാം.

എല്‍.പി സ്കൂളുകളില്‍ ടി.ടി.സിക്കാരും യു.പിയില്‍ ബി.എഡുകാരും ഹയര്‍ സെക്കന്‍ഡറിയില്‍ (ഒമ്പതു മുതല്‍ 12 വരെ) പി.ജി, ബി.എഡ്, സെറ്റ് യോഗ്യത നേടിയവരും പഠിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലൂടെ യോഗ്യതാ പ്രശ്നത്തിനും പരിഹാരമാവും. നിലവില്‍ പി.ജി യോഗ്യതയുള്ളവരെ 11, 12 ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയും ബാക്കിയുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ യോഗ്യത നേടാനുള്ള അവസരം നല്‍കുകയും വേണം. ഇങ്ങനെ ചെയ്യുന്ന പക്ഷം ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികകള്‍ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ കുറക്കാം.

പിന്‍കുറി:

ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഒരധ്യാപകന്റെ നിര്‍ദ്ദേശം.
  • 16 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം പിജി, സെറ്റ് നിര്‍ബന്ധമാക്കണം.

  • 16 മുതല്‍ 23 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം സെറ്റ് മാത്രം.

  • 23 നു മുകളില്‍ സര്‍വ്വീസുള്ളവര്‍ക്ക് നിബന്ധനകളില്ലാതെ പ്രൊമോഷന്‍.
ഇദ്ദേഹത്തിന് സര്‍വ്വീസ് 23 വര്‍ഷം കഴിഞ്ഞു!!

Tidak ada komentar:

Posting Komentar