MATHEMATICS

Rabu, 14 April 2010

വിഷുവിനെക്കുറിച്ച് അറിയാന്‍ - പുരാണവും പാരമ്പര്യവും


ഇന്ന് വിഷു. വിഷുവിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംക്രാന്തി ദിനമായ ഇന്നലെ പടക്കവും മത്താപ്പൂവും പൂത്തിരിയുമെല്ലാം കത്തിച്ച് ആഹ്ലാദിച്ച് ഉല്ലസിച്ച് കുട്ടികളെല്ലാം ഇന്നത്തെ പ്രഭാതത്തിനായി കാത്തിരിക്കും. അതിരാവിലെ കണിയൊരുക്കി അമ്മ വന്നു വിളിക്കും. കണികാണിക്കാന്‍. ശ്രീകൃഷ്ണരൂപത്തിനു മുന്നില്‍ സ്വര്‍ണം, നെല്ല്, അരി, വസ്ത്രം, വിളക്ക്, കണ്ണാടി, കളഭം, കണിവെള്ളരി, കണിക്കൊന്ന, ലഭ്യമായ പഴങ്ങള്‍, നാണയം എന്നിവയൊരുക്കി വെച്ച് വിഷുക്കണി. അതിനു ശേഷം മുതിര്‍ന്നവരില്‍ നിന്നും കുട്ടികള്‍ക്ക് വിഷുക്കൈ നീട്ടം. അവധിക്കാലത്തിന് നിറമേകാനെത്തുന്ന വിഷു അവര്‍ക്കും അവര്‍ക്കൊപ്പമുള്ള കുടുംബത്തിനും സന്തോഷത്തിന്‍റെ പ്രതീകമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് വിഷുവിന്‍റെ പ്രസക്തി?

ഭൂമീ ദേവിയുടെ പുത്രനായ നരകാസുരനുമായ ബന്ധപ്പെട്ട കഥകളാണ് പ്രധാനമായും വിഷുവിനു പിന്നില്‍ പുരാണങ്ങളിലുള്ളത്. ഭാഗവതം ദശമസ്ക്കന്ധത്തെ ആധാരമാക്കിയുള്ള ഒരു കഥയില്‍ പ്രാഗ്ജ്യോതിഷത്തിലെ ദാനവരാജാവാണ് നരകാസുരന്‍. ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ നിന്നും 16000 രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന് ഔദകം എന്ന സ്ഥലത്ത് തടവില്‍ പാര്‍പ്പിച്ചു. സീതയെ കാണാതായ സമയത്ത് പ്രാഗ്ജ്യോതിഷത്തില്‍ക്കയറി അന്വേഷിക്കണമെന്ന് സുഗ്രീവന്‍ തന്‍റെ സൈന്യത്തോട് പറയുന്നതായി രാമായണം കിഷ്ക്കിന്ധാകാണ്ഡത്തിലെ 42-ം സര്‍ഗത്തിലും പരാമര്‍ശമുണ്ട്. ഇങ്ങനെ കാലങ്ങളോളം സകല ലോകങ്ങളെയും ഭീതിയിലാഴ്ത്തിയ ഈ ദാനവരാജാവ് ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുടയും ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും അപഹരിച്ചതോടെയാണ് പരാതി ശ്രീകൃഷ്ണനിലെത്തുന്നത്. സത്യഭാമയും ശ്രീകൃഷ്ണനും ഗരുഡനും കൂടി നരകാസുരനോടും സൈന്യത്തോടും യുദ്ധം ചെയ്യുകയും നരകാസുരനെ വധിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് വിഷു ആഘോഷിക്കുന്നതെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. ഇതേ വിശ്വാസം തന്നെയാണ് അസമിലെ 'ബിഹു'വിനും ബീഹാറിലെ 'ബൈഹാഗി'നും പഞ്ചാബിലെ 'വൈശാഖി'ക്കും തമിഴ്നാട്ടിലെ 'പുത്താണ്ടി'നുമെല്ലാം പിന്നിലുള്ളത്.

ഇനി ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് വിഷു. വിഷുവം (Equinoxes) ആണ് വിഷുവായി മാറിയത്. രാത്രിയും പകലും തുല്യമായി വരുന്നതിനെയാണ് വിഷുവം എന്ന് പറയുന്നത്. വര്‍ഷത്തില്‍ രണ്ട് വിഷുവങ്ങളാണ് ഉള്ളത്. ഈ ദിവസം ഭൂമദ്ധ്യരേഖയില്‍ സൂര്യകിരണങ്ങള്‍ ലംബമായി പതിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമാണ് ഇതുണ്ടാകുന്നത്. വസന്തവിഷുവമായ (vernal equinox) മാര്‍ച്ച് 21 നും ശരത് വിഷുവമായ (Autumnal equinox) സെപ്റ്റംബര്‍ 23 നും. പക്ഷെ സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിനത്തോടനുബന്ധിച്ചാണ് വിഷുദിനത്തിന്‍റെ ആഘോഷങ്ങള്‍.

വിഷുവിനോടനുബന്ധിച്ച് പുതുവര്‍ഷം ആരംഭിക്കുന്ന ഒരു സമ്പ്രദായവും കേരളത്തിലുണ്ട്. ഇത് കേരളത്തില്‍ മാത്രമല്ലെന്നാണ് ജ്യോതിഷത്തിലെ രാശിചക്രം നല്‍കുന്ന സൂചന. രാശി ചക്രത്തില്‍ ഏറ്റവും മുകളില്‍ ഇടതുവശത്തു നിന്നും ആരംഭിക്കുന്ന രാശി മേടമാണല്ലോ. ഇതിനെ ആസ്പദമാക്കിത്തന്നെ ഒരു വര്‍ഷത്തെ ഭാവി ഗണിച്ച് വിഷുഫലം പറയുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനു കിട്ടുന്ന ദക്ഷിണയ്ക്ക് യാവനയെന്നാണ് പേര്. കാര്‍ഷികോത്സവത്തിന്‍റെ ഭാഗമായതിനാല്‍ വിഷുക്കണിയൊരുക്കുന്നതില്‍ ധാന്യങ്ങള്‍ക്കും ഫലവര്‍ഗ്ഗാദികള്‍ക്കും നല്ല സ്ഥാനം ലഭിച്ചു പോരുന്നു.

അടുത്ത വര്‍ഷത്തേക്കുള്ള നിത്യോപയോഗ വസ്തുക്കളുടെ സംഭരണത്തിനായി പണ്ടു കാലത്ത് മാറ്റച്ചന്തകളും (ബാര്‍ട്ടര്‍ സമ്പ്രദായം) നിലവിലുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് (പഴയകാല മുസിരിസിനു സമീപം) ചേന്ദമംഗലത്ത് വിഷുദിനത്തോടനുബന്ധിച്ച് ഇന്നും മാറ്റച്ചന്തകള്‍ നടന്നു പോരുന്നു. സംക്രാന്തി ദിനമായ വിഷുത്തലേന്ന് പറമ്പിലെ ചപ്പും ചവറുകളും അടക്കം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കളും എരിച്ചു കളയുന്നു. ഇത് 'വിഷുക്കരിക്കല്‍' എന്നാണ് അറിയപ്പെടുന്നത്. ആണ്ടു പിറപ്പിനെ ശുദ്ധിയായി സ്വീകരിക്കലാകാം ഈ പ്രവൃത്തികളുടെ ഉദ്ദേശ്യം. തുടര്‍ന്ന് കഷ്ടപ്പാടുകളെയും ഇല്ലായ്മകളെയും തകര്‍ത്തു കളയുന്നതിനെ പ്രതീകാത്മകമായി പടക്കം പൊട്ടിച്ചും മത്താപ്പൂ, മേശപ്പൂ, കമ്പിത്തിരി, പൂത്തിരി തുടങ്ങിയ കത്തിച്ചും പുത്താണ്ടിനെ സ്വീകരിക്കാനൊരുങ്ങുന്നു.

വിഷുവുമായി മാത്രം ബന്ധപ്പെട്ട ഒട്ടേറെ പദ -സമ്പ്രദായങ്ങള്‍ ഇന്നും ഭാഷയിലും കേരളീയ സമൂഹത്തിലും കാണാനാകും. തിരുവിതാംകൂറിലെ വിഷുക്കണിയൊരുക്കല്‍ പടുക്കയിടല്‍ എന്നാണ് അറിയപ്പെടുന്നത്. കണിവസ്തുക്കളുപയോഗിച്ച് പായസമുണ്ടാക്കിക്കുടിക്കുന്നതോടെ പടുക്കമുറിക്കല്‍ ചടങ്ങും അവസാനിക്കും. പഴയകാലത്ത് ജന്മിമാര്‍ക്ക് വിഷുക്കണിക്കായി കുടിയാന്മാര്‍ ഫലവര്‍ഗങ്ങളും ധാന്യങ്ങളും നല്‍കുന്നതിനെ വിഷുവെടുക്കല്‍ എന്നും തിരിച്ച് കുടിയാന് ജന്മിയുടെ വക തേങ്ങയും എണ്ണയും അരിയുമെല്ലാം നല്‍കുന്നതിനെ വിഷുവല്ലി എന്നുമാണ് അറിയപ്പെട്ടിരുന്നത്. കൊന്നപ്പൂവും നെല്‍ക്കതിരുകളും ചേര്‍ത്ത് കണിക്കായി തൂക്കുന്നതാണ് കണിക്കെട്ട്. വിഷുദിനപ്പുലരിയില്‍ കുട്ടികള്‍ താളമേളങ്ങളുമായി വിഷുക്കണിയുമായി വീടുകളില്‍ ചെന്ന് കണികാണിക്കുന്നു. തേങ്ങാപ്പാലില്‍ പുന്നെല്ലിന്‍റെ അരി വറ്റിച്ചുണ്ടാക്കുന്ന വിഷുക്കട്ട (കണിയപ്പം) ശേഖരിക്കാന്‍ കുട്ടികളിറങ്ങുന്നതിനെ കണിവിളി എന്നാണ് വിളിക്കുന്നത്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള ഉത്സവമാണ് വിഷു എന്ന് ഊട്ടിയുറപ്പിക്കുന്ന ഒന്നാണ് മേടപ്പത്ത് അഥവാ പത്താമുദയം. ഈ ദിവസമാണ് വിത്തുവിതയ്ക്ക് കര്‍ഷകര്‍ തെരഞ്ഞെടുക്കുന്നത്. വിത്തുവിതയ്ക്ക് മുമ്പേ വിഷുദിനത്തില്‍ കര്‍ഷകര്‍ പണിയാരംഭിക്കും. വയലില്‍ കലപ്പ കൊണ്ട് വിഷുച്ചാലൊരുക്കും. ഇ‍ത് കഴിഞ്ഞ് വീട്ടില്‍ച്ചെല്ലുമ്പോള്‍ അരി, ശര്‍ക്കര, തേങ്ങ, പയര്‍ എന്നിവയിട്ടൊരുക്കിയ വിഷുക്കഞ്ഞി കാത്തിരിക്കുന്നുണ്ടാകും. ഇതിനെല്ലാം കൂട്ടായി പാട്ടുകളുമായി വിഷുപ്പക്ഷിയും രംഗത്തുണ്ടാകും.

"വിത്തും കൈക്കോട്ടും
കള്ളന്‍ ചക്കേട്ടു
കണ്ടാല്‍ മിണ്ടേണ്ട"

എന്നെല്ലാം പാടുന്ന വിഷുപ്പക്ഷി കാര്‍ഷികസ്മരണകളെ എങ്ങനെയെക്കെയോ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അങ്ങനെ നിറപറയും നിലവിളക്കും കണിക്കൊന്നയുടെ ശോഭയും ചേര്‍ന്ന് ഒരു വിഷുപ്പുലരികൂടി കടന്നുപോകുന്നു.......... മയില്‍പീലിയും ഓടക്കുഴലും കാര്‍ഷിക സമൃദ്ധിയുടെ ഐശ്വര്യവുമെല്ലാം കണികണ്ട് ഒരു പുതുവര്‍ഷത്തിന് കൂടി ആരംഭമായി. ഐശ്വര്യവും സമൃദ്ധിയും ഒന്നു ചേരുന്ന ഈ ശുഭദിനത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഒരായിരം വിഷു ആശംസകള്‍ .ഈ വര്‍ഷം സമ്പല്‍‌സമൃദ്ധിയുടേതു ഐശ്വര്യത്തിന്‍റേതുമാവട്ടെ. ഏവര്‍ക്കും മാത്‌സ് ബ്ലോഗിന്‍റെ വിഷുദിനാശംസകള്‍

Tidak ada komentar:

Posting Komentar