MATHEMATICS

Jumat, 12 Februari 2010

13 മാസത്തിനുള്ളില്‍ 2 ലക്ഷം ഹിറ്റുകള്‍

നമ്മുടെ മാത്​സ് ബ്ലോഗിന് 200000 സന്ദര്‍ശകര്‍ തികഞ്ഞു. വെറും പതിമൂന്ന് മാസങ്ങള്‍ കൊണ്ട് ഈ നേട്ടം കൈവരിച്ച മറ്റൊരു ബൂലോഗ സംരംഭമുണ്ടോയെന്ന് സംശയം. 2009 ജനുവരി 31 ന്, ഈ സംരംഭത്തിന് തുടക്കമിടുമ്പോള്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഒരു ലക്ഷം പേജ് ഹിറ്റുകള്‍ 10 മാസങ്ങള്‍ കൊണ്ടാണ് പിന്നിട്ടതെങ്കില്‍, അടുത്ത ഒരു ലക്ഷത്തിന് കഷ്ടി രണ്ടര മാസം മാത്രമാണെടുത്തത്. പ്രതിദിന ഹിറ്റുകള്‍ ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 4000 നു മുകളിലാണ്. ഹിറ്റുകള്‍ കൂടുന്തോറും ഉത്തരവാദിത്തങ്ങളും ഏറുകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാത്തരം വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമായ ഒരു കരിയര്‍ ഗൈഡന്‍സ് പേജ് അധികം വൈകാതെ ഉള്‍ക്കൊള്ളിക്കണം (ആശയം കണ്ണന്റേത്). പിന്നെ ഇതൊരു സമ്പൂര്‍ണ്ണ വെബ്​സൈറ്റാക്കി മാറ്റണം. ഈ വിജയത്തിനു പിന്നിലുള്ള രഹസ്യമെന്താണെന്ന് ഒരുപാടു പേരായി ചോദിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമല്ല ഉറക്കമിളക്കുന്നത്. ആദ്യമൊക്കെ, രണ്ടുപേരില്‍ ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റെയാള്‍ ഉണര്‍ന്നിരിക്കുകയായിരുന്നെങ്കില്‍, ഇന്ന് കൂടെ ഉറക്കമിളക്കാന്‍ തയ്യാറായി ടീമംഗങ്ങള്‍ മുഴുവനുമുണ്ട്. യാതൊരു പ്രതിഫലവുമില്ലാതെ, ഞങ്ങളോടൊപ്പം ഇറങ്ങിത്തിരിച്ച നിസ്വാര്‍ഥ സേവകര്‍. ഇവര്‍ക്കൊക്കെ നന്ദി.......വേണ്ട, പണ്ടൊരിക്കല്‍ നന്ദന പറഞ്ഞതുപോലെ 'പരസ്പരം ആദരിച്ചും നന്ദി പറഞ്ഞും' സമയം കളയുന്നില്ല.
ഗണിത പസിലുകളാണ് നമ്മുടെ ബ്ലോഗിനെ ഏറ്റവും ലൈവായി നിലനിര്‍ത്തുന്നതെന്ന് കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങ്, അമേരിക്കയിലുള്ള ഉമേഷ് മുതല്‍ പുതുതായി രംഗപ്രവേശനം ചെയ്ത ഹിത വരെയുള്ള പസിലുകളുടെ തമ്പുരാക്കന്മാരുടെ വിഹാരരംഗമാണിവിടെ. ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞ് സമയം കളയുന്നില്ല. എങ്കിലും ഈ സംരംഭം തുടങ്ങിവെച്ച കോഴിക്കോട്ടെ വിജയന്‍ സാറിനെ സ്മരിക്കാതെ വയ്യ. അദ്ദേഹവും വത്സല ശിഷ്യന്‍ ഖത്തറിലുള്ള അസീസ് മാഷും കൂടിയുള്ള മത്സരങ്ങള്‍ എത്രമാത്രം ആവേശകരങ്ങളായിരുന്നില്ല! അസീസ്​മാഷ് അയച്ചുതന്ന കുറേ കിടിലന്‍ പസിലുകള്‍ പ്രസിദ്ധീകരണ ഊഴവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടുനാളായെന്ന് മറക്കുന്നില്ല. എന്നാല്‍ രണ്ടുലക്ഷത്തിന്റെ ഈ വേളയില്‍ ഇന്നലെ വിജയന്‍മാഷ് അയച്ച പസിലാകട്ടെ ഇന്ന്. ഇനി പസിലിലേയ്ക്ക്....

എറണാകുളത്തെ എം.ജി. റോഡ് വഴി ഇന്ന്, ഈ വാലന്റൈന്‍സ് ഈവില്‍, ഒരു സംഘം ആളുകള്‍ ഒരൊറ്റ വരിയായി മാര്‍ച്ചു ചെയ്യുകയാണ്. എന്തിനാണെന്നല്ലേ? നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശകരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞത് ആഘോഷിക്കാന്‍! ഇതിനിടയില്‍ നമ്മുടെ ജോണ്‍ സാര്‍ ഒരിടത്തിരിക്കുകയും ബാക്കി വന്നവര്‍ രണ്ടു വീതം മാര്‍ച്ച് തുടരുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ മുരളി സാര്‍ കൂടി ഇരിക്കുകയും ബാക്കി പേര്‍ മൂന്നായി മാര്‍ച്ച് തുടരുകയും ചെയ്തു. അസീസ് സാര്‍ ഇരിക്കുകയും ബാക്കിയായവര്‍ പത്തായി മാര്‍ച്ചു ചെയ്യുകയും ചെയ്യുന്നതു വരെ ഈ പ്രക്രിയ തുടര്‍ന്നു പോയി. ചോദ്യമിതാണ്. എം.ജി. റോഡിലെ ഈ മാര്‍ച്ച് തുടങ്ങിയ ഏറ്റവും ചെറിയ എണ്ണം (അധിസംഖ്യ) അംഗങ്ങള്‍ എത്ര? മനസ്സിലായില്ലേ..? ഇംഗ്ലീഷില്‍...
A marching band going up M.G Road,Ernakulam,in connection with the celebration of completion of 200000 visitors of Maths Blog on the eve of valentines day, that is today, in a single file.Then one band member ( John Sir) sits down, and the rest of them march in twos.Then one more member ( Murali Sir) sits and the rest march in threes .....and so on ,until one (Azees Sir) sits and the rest march in tens. What is the smallest positive number of members that could have started this big band march on M.G Road?

Tidak ada komentar:

Posting Komentar