MATHEMATICS

Rabu, 12 Juni 2013

SETIGam Exam series 1

പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്രപാഠപുസ്തകവുമായി ബന്ധപ്പെട്ട പുരോഗതി എത്രയെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെല്ലാം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിലയിരുത്താന്‍ സഹായിക്കുകയാണെങ്കിലോ? ഐടി പരീക്ഷയുടെ മാതൃകയില്‍ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും തെറ്റുപറ്റുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ തിരുത്തിക്കൊടുക്കുകയുമാണെങ്കിലോ? സംഗതി എളുപ്പമായി. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നൂതനപരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ്. SETIGam (സെറ്റിഗാം) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വെയര്‍ ഉബുണ്ടുവിലാണ് പ്രവര്‍ത്തിക്കുക. Self Evaluation Tool In Gambas എന്നതിന്റെ ചുരുക്ക രൂപമാണ് SETIGam എന്നത്. പത്താംതരത്തിലെ കുട്ടികള്‍ക്ക് അവര്‍ പഠിച്ച ഓരോ അധ്യായത്തിലേയും ആശയങ്ങളും വസ്തുതകളും എത്രത്തോളം മനസ്സിലായെന്നും അതിലെ ചോദ്യങ്ങള്‍ ഒരു യൂണിറ്റ് ടെസ്റ്റിലേതു പോലെ സമയബന്ധിതമായി എത്രത്തോളം ശരിയായി ചെയ്യാമെന്ന് സ്വയം കണ്ടെത്തുന്നതിന് ഈ സോഫ്‌റ്റ്‌വെയര്‍ വഴിയൊരുക്കുന്നു. ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തി പരിഹരിക്കുന്നതിനും ഈ സോഫ്‌റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വയം മൂല്യനിര്‍ണയത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ മാത്‌സ് ബ്ലോഗ് ടീമിലെ ജോണ്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണികള്‍ മൊഡ്യൂള്‍ ഒന്നില്‍ കൊടുത്തിരിക്കുന്ന യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.

ഈ സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കാന്‍ സഹായിച്ച പ്രോഗ്രാമിങ് ഭാഷയായ GAMBAS ന്റെ ചുരുക്കരൂപമാണ് SETIGam എന്ന പേരിലെ Gam പ്രതിനിധീകരിക്കുന്നത്. സ്‌ക്കൂള്‍ ലിനക്‌സിന്റെ ഒട്ടുമിക്ക പാക്കേജുകളിലും Programming എന്ന മെനുവില്‍ Gambas ഉള്‍പ്പെടുത്തിയിട്ടുണ്ട്. Microsoft Visual Basic ന് സമാനമായി Open source ല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു Programming language ആണ് Gambas. Gambas രൂപകല്പന ചെയ്ത Binoit Minsiniയുടെ കടുത്ത ആരാധകനായ പ്രമോദ് സാര്‍, താന്‍ പഠിച്ചെടുത്ത അറിവുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ഉപകാരപ്പെടണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.

ആകെ 20 മാര്‍ക്കിനുള്ള 7 ചോദ്യങ്ങളാണ് ഈ സോഫ്‌റ്റ്‌വെയറിലുള്ളത്. ഇത്തരമൊരു പരീക്ഷയെഴുതുന്നതിനുള്ള പരമാവധി സമയം 20 മിനിറ്റാണെങ്കിലും കുട്ടിയുടെ നിലവാരത്തിനനുസരിച്ച് പരീക്ഷാ സമയം 10 മിനിറ്റ്, 15 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിവയിലേതു വേണമെങ്കിലും സ്വയം ക്രമീകരിക്കാവുന്നതാണ്. 7 ചോദ്യങ്ങളും വായിച്ചു നോക്കി ഇഷ്ടമുള്ള ക്രമത്തില്‍ പരീക്ഷ ചെയ്യാവുന്നതാണ്. പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ഓരോ ചോദ്യത്തിനും ലഭിച്ച മാര്‍ക്കുകളും കുട്ടി നല്‍കിയ ഉത്തരങ്ങളും ഉത്തരസൂചികയും നോക്കി സ്വയം വിലയിരുത്തല്‍ നടത്താവുന്നതുമാണ്. വേണമെങ്കില്‍ വീണ്ടും പരീക്ഷ ആവര്‍ത്തിക്കാവുന്നതുമാണ്. സമയസൂചികയും (Timer) പരീക്ഷാ ജാലകത്തില്‍ ദൃശ്യമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ അവസാനിപ്പിക്കാനായില്ലെങ്കില്‍ ജാലകം അടക്കപ്പെടുകയും അതുവരെ ചെയ്ത ചോദ്യങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തപ്പെടുകയും ചെയ്യും. ഇത് സ്വയം മൂല്യനിര്‍ണ്ണയത്തിനുള്ള സാധ്യതകളില്‍ ഒന്നുമാത്രമാണ്. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തി നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത് മാത്‌സ് ബ്ലോഗിനേപ്പോലെയുള്ള ആത്മാര്‍ത്ഥതയുള്ള അധ്യാപകരുടെ ഒരു കൂട്ടായ്മയുടെ കടമയാണെന്ന് വിശ്വസിക്കുന്നു.

Installation (സന്നിവേശം)
  1. ഇവിടെ നിന്നും SETIGam സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  2. ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച ICTChapter1.tar.gz എന്ന സിപ് ഫയല്‍ എക്‌സ്ട്രാക്ട് ചെയ്യുക.
  3. 9496352140-mathsexamap_0.0.7-1_all.deb എന്ന file dbl clk ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
  4. ഇന്‍സ്റ്റലേഷനു ശേഷം Application-Education -SETIGammathsexamAP എന്ന ക്രമത്തില്‍ ഈ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Tidak ada komentar:

Posting Komentar