MATHEMATICS

Sabtu, 01 Juni 2013

ജൂണ്‍ മൂന്ന് - കുട്ടികളുടെ പ്രവേശനോത്സവം

(വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ നമ്മുടെ സ്വന്തം രാമനുണ്ണിമാഷ് അധ്യാപകര്‍ക്കായി തയ്യാറാക്കിയ പുതുവര്‍ഷസന്ദേശം)
ഋതുക്കളില്‍ മികച്ച അനുഭവങ്ങള്‍ വര്‍ഷത്തിലും വസന്തത്തിലുമാണ്`. മാനസികവും ശാരീരികവുമായ അനുഭവങ്ങള്‍ക്ക് പുറമേ പ്രകൃതിയിലും പരിസ്ഥിതിയിലും സ്ഥലകാലങ്ങളിലും അനുഭവ സമ്പന്നത ഈ ഋതുക്കളില്‍ കൂടും. മിതമായ ശീതതാപങ്ങളും പൂത്തും തളിര്‍ത്തുമുള്ള ഹരിതാഭമായ പ്രകൃതിയും സമൃദ്ധമായ ജലസാന്നിദ്ധ്യവും ഇതിനൊക്കെ കാരണമാവാം. വേനലുമായി താരതമ്യം ചെയ്യുമ്പോഴാണിത് അനുഭവവേദ്യമാകുക. സ്വന്തവും പങ്കുവെക്കപ്പെട്ടതുമായ അനുഭവങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം നല്കുന്ന പഠനപ്രക്രിയകള്‍ ആരംഭിക്കാന്‍ അതുകൊണ്ടുതന്നെ ഏറ്റവും ഉചിതമായ കാലം ജൂണ്‍ ആദ്യം തന്നെ. വേനല്‍പൂട്ടിന്നു ശേഷം പഠനത്തിനുള്ള പുതു വര്‍ഷത്തുറക്കല്‍ കുട്ടിക്ക് മാത്രമല്ല സമൂഹത്തിന്ന് മുഴുവന്‍ സക്രിയമാകുന്നത് ഈയൊരു ഔചിത്യം കൊണ്ടുകൂടിയാണ്`. പുത്തനുടുപ്പും പുതിയ സ്ലേറ്റുമായുള്ള ആദ്യ സ്കൂള്‍ യാത്ര വിഷയമാക്കുന്ന എഴുത്തുകാര്‍ ലോകമെമ്പാടും സുലഭമായതിലും ആശ്ചര്യമില്ല.

രാവിലെ കുളിച്ച് പുതിയ ഉടുപ്പും പുസ്തകവും ഒരുക്കി സ്കൂളിലേക്ക് യാത്രയാക്കപെടുന്ന കുട്ടി വൈകീട്ട് വീട്ടിലെത്തുന്നത്, ചെളിയും വെള്ളവും നനഞ്ഞ് പുസ്തകത്തിന്റെ പൊതിച്ചിലുകള്‍ കീറിപ്പറിഞ്ഞ് കുടയുടെ വില്ലുകള്‍ അറ്റ് - എങ്കിലും വളരെ ഉത്സാഹവാനായി / വതിയായിട്ടാ-ണ്`. അതിനു വീട്ടിലെത്തിയാല്‍ അമ്മയില്‍ നിന്ന് കേള്‍ക്കുന്ന സ്നേഹപൂര്‍ണ്ണമായ ഭര്‍സനങ്ങള്‍ എന്നും പതിവുമാണ്`. ശകാരവും ലഹളയും സ്നേഹപൂര്‍ണ്ണമാകുന്നത് , 'കുട്ടി ' എന്ന വാത്സല്യത്തേക്കാള്‍ ഭൗതികമായ ഈ ചെളിയും വെള്ളവും... തന്റെ കുട്ടിക്ക് ലഭിച്ച അസംഖ്യം അനുഭവങ്ങളുടെ മുദ്രകളാണെന്നും അതൊക്കെയും തന്റെ കുട്ടിക്ക് അറിവും വളര്‍ച്ചയും നല്കിയിരിക്കുന്നു എന്നും ഉള്ള അംഗീകാരപത്രങ്ങളാവുന്നതുകൊണ്ടാണ്`. ഓരോ ദിവസവും കുട്ടി തനിക്ക് ലഭിക്കുന്ന നൂറുനൂറ് അനുഭവങ്ങളിലൂടെ വളരുകയാണ്`.

അനുഭവങ്ങള്‍കൊണ്ട് അനുഗൃഹീതമായ ജൂണ്‍ സ്കൂള്‍ തുറപ്പ് ഇതുകൊണ്ടൊക്കെ ഏറ്റവും സന്തോഷത്തോടെ ഏറ്റെടുക്കുന്നത് [ ണ്ടത് ] അദ്ധ്യാപകരാണ്`. പ്രവേശനോത്സവങ്ങളിലൂടെ , പുതിയ പാഠങ്ങളിലൂടെ .... നിരന്തരമായ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷക്കണക്കിന്ന് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അവസരം ലഭിക്കുകയാണവര്‍ക്ക്. അദ്ധ്യാപകര്‍ക്കല്ലാതെ ഈയൊരു ഭാഗ്യം ലോകത്തില്‍ മറ്റൊരു സര്‍വീസ് സമൂഹത്തിനും ഒരിക്കലും ലഭിക്കുന്നില്ല. ഏറ്റവും മികച്ച പൗരന്മാരെ ഉരുവപ്പെടുത്തുകയാണവര്‍. ഒരു നല്ല രാജ്യം സൃഷ്ടിക്കാനവസരം ലഭിക്കുന്നതുകൊണ്ടാണവര്‍ ഗുരുക്കന്മാരായി നില്‍ക്കുന്നത്. ഗുരു ആത്യന്തികമായി ശിഷ്യനെയല്ല ഒരു സമൂഹത്തെ, രാഷ്ട്രത്തെയാണ്` നിര്‍മ്മിക്കുന്നത്. ഭാവിയെയാണ്` കെട്ടിപ്പടുക്കുന്നുന്നത്. കാലത്തേയും സമൂഹത്തേയും നിര്‍മ്മിക്കുകയാണ്`.

നല്ലൊരുകാലത്തെ പണിതുയര്‍ത്താനാവുന്നതുകൊണ്ടാണ്` ഗുരു മഹാനും കാലാതിവര്‍ത്തിയുമാകുന്നത് . സാന്ദീപനിയും വസിഷ്ഠനും ദ്രോണനും ശുക്രനും സോക്രട്ടീസും പ്ലാറ്റോയും ടാഗോറും മഹാഗുരുക്കന്മാരായത് അങ്ങനെയാണ്`. അമ്മയെക്കുറിച്ച് 'നല്ല മക്കളെപ്പെറ്റ വയറേ തണുക്കുള്ളൂ ' എന്നു പറയും പോലെ [ഗുരുവിനെ സംബന്ധിച്ച് ] നല്ല ശിഷ്യരെ.... എന്നും മനസ്സിലാക്കണം. സമൂഹം ഇതിനുള്ള എല്ലാ അവസരവും ഒരുക്കിവെക്കുന്നുണ്ട്. സമൂഹം വിദ്യാഭ്യാസരംഗത്ത് നിക്ഷേപിക്കുന്ന ഒരു പാട് ധനത്തെക്കുറിച്ചല്ല; ഒരു പാട് പ്രതീക്ഷകളെക്കുറിച്ചാണ് നാം അദ്ധ്യാപകര്‍ വേവലാതിപ്പെടേണ്ടത്.

തുടക്കം ഈ പുതുമഴത്തുള്ളികളിലൂടെയാവണം. നല്ലൊരു സമൂഹത്തിലേക്കൊഴുകുന്ന മഹാനദിയായി ഇതിനെ സമാഹരിച്ച് വളര്‍ത്തിയെടുക്കണം. നദീതടങ്ങളെന്നും സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളുമായിരിക്കുമല്ലോ.

Tidak ada komentar:

Posting Komentar