MATHEMATICS

Senin, 04 Juni 2012

ശുക്രസംതരണം (Transit of Venus)


ഇന്നാണ് ആ അവിസ്മരണീയവും അപൂര്‍വ്വവുമായ ആകാശക്കാഴ്ച..!സൂര്യബിംബത്തിന്നു മുകളിലൂടെ തെന്നി നീങ്ങുന്ന ശുക്രന്‍. മഴമേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ഉദയസൂര്യന്‍ നമുക്ക് ജീവിതത്തിലവസാനമായി ആ കണിയൊരുക്കും. ശുക്രസംതരണം അഥവാ Transit of Venus നെപ്പറ്റി നമ്മോട് സംവദിക്കുന്നത് എറണാകുളം നോര്‍ത്ത് പറവൂര്‍ എസ് എന്‍ വി സംസ്കൃതം സ്കൂളിലെ ഫിസിക്സ് അധ്യാപകനും സര്‍വ്വോപരി മാത്​സ് ബ്ലോഗിന്റെ സുഹൃത്തുമായ സി കെ ബിജുസാറാണ്.തിരുച്ചിറപ്പള്ളിയിലെ അണ്ണാസയന്‍സ് സെന്ററിലെ പ്ലാനറ്റോറിയത്തില്‍ വെച്ച് ഇക്കഴിഞ്ഞ മെയ് 25മുതല്‍ 27വരെ ഇതുസംബന്ധമായി നടന്ന നാഷണല്‍ ഓറിയന്റേഷന്‍ വര്‍ക്ക്ഷോപ്പില്‍ നമ്മെ പ്രതിനിധീകരിച്ച് പങ്കെടുത്ത അദ്ദേഹത്തിന് നമ്മോട് പറയാനുള്ളത് കേള്‍ക്കാം..

2012 ജൂണ്‍ 6 ന് ബുധനാഴ്ച രാവിലെ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഇപ്പോഴില്ലെങ്കില്‍ ഇനി അവരുടെ ജീവിതത്തിലൊരിക്കലും കാണാന്‍ കഴിയാത്ത വളരെ സുന്ദരമായ ഒരു ആകാശക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുകയാണ്. ഇനി നൂറ്റിയഞ്ചരക്കൊല്ലം കഴിഞ്ഞുമാത്രം നടക്കുന്ന ആ അപൂര്‍വ്വ കാഴ്ചയാണ് ശുക്രസംതരണം (Transit of Venus). സൊരയൂഥത്തിലെ തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് എത്രവലിയ നഷ്ടമായിരിക്കും! (മണ്‍സൂണ്‍ മഴ മേഘങ്ങളേ...ഒരു രണ്ടുമണിക്കൂര്‍ മാറിത്തരണേ..!)

സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം സൂര്യനെ നമ്മില്‍ നിന്നും പൂര്‍ണ്ണമായോ ഭാഗീഗമായോ മറയ്ക്കുന്നു.
വളരെ ചെറിയ ഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit). ഭൂമിയ്ക്കും ശുക്രനും ഏതാണ്ട് ഒരേ വലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്ക് തോന്നൂ.
ശുക്രസംതരണത്തിന്റെ പ്രാധാന്യം
ജ്യോതിശാസ്ത്രചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കാന്‍ ശുക്രസംതരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഭൂമിയ്ക്കും സൂര്യനുമിടയിലുള്ള ദൂരം (സൗരദൂരം - Astronomical Unit - AU) കൃത്യമായി അളക്കാന്‍ കഴിഞ്ഞത് ശുക്രസംതരണത്തിലൂടെയായിരുന്നു. സൂര്യന്റേയും ശുക്രന്റേയും പ്രത്യേകതകളെക്കുറിച്ചുള്ള പഠനവും ഓരോ ശുക്രസംതരണത്തിലൂടെയും മികവ് കൈവരിക്കുകയാണ്.
ചരിത്രം
ടെക്കോബ്രാഹെയുടെ നിരീക്ഷണങ്ങള്‍, കെപ്ളറുടെ നിയമങ്ങള്‍, ഗലീലിയോയുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയാണ് ജ്യോതിശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകള്‍. 1631 ലാണ് ആദ്യ ശുക്രസംതരണം മനുഷ്യശ്രദ്ധയില്‍ വന്നത്. 1639 ല്‍ വീണ്ടും ഇതുണ്ടാകുമെന്നും എട്ടുവര്‍ഷക്കാലയളവില്‍ ഇത് ആവര്‍ത്തിക്കുമെന്നും ജെര്‍മിയോ ഹെറോക്സ് എന്ന ശാസ്ത്രഞ്ജന്‍ പ്രവചിച്ചു. ശുക്രസംതരണം വീക്ഷിക്കുന്നതിനായി കേപ്പ്റ്റന്‍ ജെയിംസ് കുക്ക് നടത്തിയ കപ്പല്‍യാത്രകളും ശ്രദ്ധേയമായിരുന്നു.
ശുക്രസംതരണം (നടന്ന)നടക്കുന്ന വര്‍ഷങ്ങള്‍
1631-1639
1761-1769
1874-1882
2004-2012
2117-2125
.........
സ്കൂളില്‍ ചെയ്യാവുന്നത്...
ശുക്രസംതരണചരിത്ര പഠനം
ശുക്രസംതരണനിരീക്ഷണം
സൊരദൂരമളക്കല്‍
ജ്യോതിശാസ്ത്ര നേട്ടങ്ങളുടെ വിശകലനം
ഐടി സാധ്യതകള്‍ (സ്റ്റെലേറിയം, കെ-സ്റ്റാര്‍സ്)
ജ്യോതിഷവും ജ്യോതിശാസ്ത്രവും - പഠനം
ശുക്രന്റെ ബയോഡാറ്റ തയ്യാറാക്കല്‍
......................
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുത്. കണ്ണ് പോകും..!
വെളുപ്പിന് 3 മണിക്കാണ് ശുക്രസംതരണം തുടങ്ങുന്നത്. പക്ഷേ ആ സമയത്ത് സൂര്യന്‍ നമുക്ക് ദൃശ്യമാകില്ലല്ലോ? സൂര്യോദയസമയത്ത് ഒരു പൊച്ചുപോലെ സൂര്യബിംബത്തിന് നടുഭാഗത്തായി ഒരു പൊട്ടുപോലെ ശുക്രനെക്കാണാം. 10.20 ഓടെ ഇത് സഞ്ചരിച്ച് മറുവശത്തെത്തുന്നു. സൂര്യോദയം മുതല്‍ 10.20 വരെയാണ് നിരീക്ഷണസമയം.
നിരീക്ഷണസാമഗ്രികള്‍
വെല്‍ഡിംഗ് ഗ്ലാസ്സ് No. 14
പ്രത്യേകം തയ്യാറാക്കിയ ഫില്‍ട്ടറുകള്‍
(കുട്ടികളേ..ഇവയുടെ ഗുമനിലവാരം ഉറപ്പുവരുത്തിയിട്ടുമാത്രമേ ഉപയോഗിക്കാവൂ, കേട്ടോ?) X-റേ ഫിലിം, മറ്റുരീതിയില്‍ തയ്യാറാക്കിയ സണ്‍ഫിലിം എന്നിവ ഉപയോഗിക്കരുത്. കാഴ്ചശക്തി പോയേക്കാം!
നേരിട്ട് നിരീക്ഷിക്കുന്നതിനേക്കാള്‍ മറ്റുപ്രതലങ്ങളില്‍ പ്രതിബിംബം പതിപ്പിച്ച് നിരീക്ഷിക്കുന്നതാന് സുരക്ഷിതം. ഇതിനായി സൂര്യദര്‍ശിനി ഉപയോഗിക്കാം.
സൂര്യദര്‍ശിനി നിര്‍മ്മിക്കുന്ന വിധം
ഒരു പ്ലാസ്റ്റിക് ബാള്‍ (മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ളത്) എടുത്ത് അതില്‍ ചെറിയ ദ്വാരമുണ്ടാക്കി മണല്‍ നിറയ്ക്കുക. ദ്വാരം അടക്കുക. ഒന്നോ രണ്ടോ ഇഞ്ച് വലിപ്പമുള്ള ഒരു കണ്ണാടി കഷണത്തില്‍ കറുത്ത പേപ്പര്‍ വെച്ച് മറച്ചശേഷം ഒരു അമ്പത് പൈസ നാണയവട്ടത്തില്‍ പേപ്പര്‍ വെട്ടിമാറ്റുക. ഈ കണ്ണാടി, ബോളില്‍ പായ്ക്കിങ് ടേപ് ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഒരു പേപ്പര്‍ ഗ്ലാസിലോ, അല്ലെങ്കില്‍ വൃത്താകൃതിയുള്ള ഏതെങ്കിലും വസ്തുവിലേ ഈ ബോള്‍ വെച്ച ശേഷം സൂര്യനഭിമുഖമായി ഗ്രൗണ്ടില്‍ വെയ്ക്കുക. പ്രതിഫലിപ്പിക്കപ്പെടുന്ന സൂര്യബിംബം ഇരുട്ടുമുറിയിലെ ഭിത്തിയിലോ വെളുത്ത പ്രതലത്തിലോ ക്രമീകരിക്കുക. ബോള്‍ തിരിച്ചുകൊണ്ട് ഇതു ചെയ്യാം. ഇങ്ങനെ കണ്ണിനു കേടുപറ്റാതെ ശുക്രസംതരണം കാണാം.
ഒരു അപവര്‍ത്തന ടെലിസ്കോപ് സൂര്യനഭിമുഖമായി പിടിച്ച് ( ഒരിക്കലും അതിലൂടെ സൂര്യനെ നിരീക്ഷിക്കരുത്....!) അതില്‍ നിന്നുള്ള സൂര്യപ്രകാശത്തെ ഏതെങ്കിലും വെളുത്തപ്രതലത്തില്‍ പതിപ്പിച്ചും ശുക്രസംതരണം നിരീക്ഷിക്കാം. സൗരദൂരം നിര്‍ണ്ണയിക്കല്‍(ഗണിതം)
parallax method ഉപയോഗിച്ച് സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള അകലം, സൂര്യന്റെ വ്യാസം എന്നിവ നിര്‍ണ്ണയിക്കാം.

സ്റ്റെല്ലെറിയവും വിവിധ Online മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തല്‍സമയം ശുക്രസംതരണം കാണാം.(ഐ.ടി)
Application-> Science-> Stellarium
Date & time 6/6/2012, 6മണി എന്ന് കൊടുക്കുക.
Search window യില്‍ Sun എന്ന് ടൈപ്പ് ചെയ്യുക.
Zoom ചെയ്യുക. കൂടുതലായി.
Play speed കൂട്ടുക.
മഴക്കാറുണ്ടായാലും കാലാവസ്ഥ അനുകൂലമല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ശുക്രസംതരണം ദൃശ്യമാക്കാം....

Tidak ada komentar:

Posting Komentar