MATHEMATICS

Sabtu, 28 Januari 2012

പരീക്ഷോത്സവം 2012

പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ പരീക്ഷക്ക് മുന്‍പ് പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കണ്ടിരിക്കുന്ന സുദിനം. സംസ്ഥാനത്തുതന്നെ കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. എന്താണ് പരീക്ഷോത്സവം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ മാത്​സ് ബ്ലോഗ് ടീമംഗം രാമനുണ്ണി സാര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.

പരീക്ഷകളൊക്കെയും നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യം സമ്മാനിക്കുന്നത് ഭീതിയാണ്`. പിന്നെയത് വിജയവും ആഹ്ളാദവും അഭിമാനവും നല്കും. പരീക്ഷ - കടമ്പ എന്നാണ്` പരിഗണിക്കാറ് . സ്വാഭാവികമായും ഈ ' പരീക്ഷാപ്പേടി' ഒഴിവാക്കാനായാല്‍ വിജയവും ആഹ്ളാദവും ശതഗുണീഭവിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കളും സ്കൂളുകളും സര്‍ക്കാരും മാധ്യമങ്ങളും ഈ 'പേടി' ഒഴിവാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നു. നടപ്പാക്കുന്നു. ഫലം കാണുന്നു.

പരീക്ഷ ഭയക്കേണ്ട ഒന്നല്ല. പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെയാണ്` പരീക്ഷ. പഠനം പോലെ , പ്രവേശനോത്സവം പോലെ പരീക്ഷയും ഉത്സവമാക്കുമ്പോള്‍ ഈ ഭയം അസ്തമിക്കുന്നു. പരീക്ഷയില്‍ നിന്ന് ഒളിച്ചോടുകയല്ല ; അതിനെ ഉത്സാഹത്തോടെ വരവേല്ക്കുകയാണ് പാലക്കാട് ജില്ലയിലെ സ്കൂളുകളും കുട്ടികളും.

എങ്ങനെയൊക്കെ....

തകൃതിയായി പഠനം നടക്കുന്ന സമയമാണിപ്പോള്‍ - സ്കൂളുകളിലും വീടുകളിലും. രാവിലെ നേരത്തെ ക്ളാസുകള്‍, വൈകീട്ട് ക്ളാസുകള്‍, രാത്രി ക്ളാസുകള്‍, ഒഴിവു ദിവസക്ളാസുകള്‍ ... ഒരു നിമിഷം ആര്‍ക്കും ഒഴിവില്ല. അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും പാലക്കാട് ജില്ലയില്‍ ഹരിശ്രീ വിദ്യാഭ്യാസ പദ്ധതിയും എല്ലാം എല്ലാ സഹായവുമായി കുട്ടികള്‍ക്കൊപ്പം ഉണ്ട്. ഇത്രയധികം സമ്പത്തും ആള്‍സഹായവും അധ്വാനവും മറ്റൊന്നിനും ഇവിടെ സമാഹരിക്കയും ചെലവാക്കപ്പെടുകയും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ക്രമത്തില്‍ വിജയനിലവാരം വര്‍ദ്ധിക്കുന്നുമുണ്ട്. ഇതാണ്` നാം ആഘോഷമാക്കുന്നത് . പരീക്ഷയെ വരവേറ്റുകൊണ്ട് ഉത്സവപ്രതീതിയിലേക്ക് പരിണമിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷക്കു മുമ്പ് ....

* സ്കൂളും പരിസരവും കഴിയുന്നത്ര വെടിപ്പും ചന്തവുമുണ്ടാക്കുന്നു.
* ചെറിയതോതില്‍ സ്കൂള്‍ തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കുന്നു. [ പോസ്റ്ററുകള്‍ വിജയാശംസകളും , പാഠ്യ വസ്തുതകളും ചിത്രങ്ങളും. ]
* ഇനിയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഭക്ഷണം കഴിയുന്നത്ര മികച്ചതും ആകര്‍ഷകവുമാക്കുന്നു. വിതരണത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.
* എസ്.എസ്.എല്‍.സി ക്കിരിക്കുന്ന കുട്ടികളുടെ ചെറിയൊരു യോഗവും അതില്‍ പി.ടി.എ, ത്രിതലപഞ്ചായത്ത്, വിദ്യാഭ്യാസ ഔദ്യാഗിക രംഗത്തുള്ളവര്‍ എന്നിവരുടെ സാന്നിധ്യം... ഒരു മണിക്കൂറില്‍ താഴെയുള്ള യോഗം. പൊതു പ്രസംഗം വേണ്ട... കുട്ടികളുടെ ചെറിയഗ്രൂപ്പുകളില്‍ ഇവര്‍ ചിലര്‍ നേരിട്ട് ആശംസിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വും നല്കുന്നു. .. എന്ന രീതി. [ നന്നായി പ്ളാന്‍ ചെയ്യണം]
* കൂള്‍ ഓഫ് ടയിം, പരീക്ഷകളിലെ സമയ മാനേജ്മെന്റ് എന്നിവയില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം. [ ഒഴിവ് സമയങ്ങളില്‍]. ഒഴിവ് സമയങ്ങള്‍ വേണം.[ ഇപ്പോള്‍ കുട്ടിക്ക് ഒഴിവില്ല... ഭയങ്കര ടൈറ്റ്.. ] അപ്പോള്‍ അക്കാദമിക് കാര്യങ്ങളില്‍
* ചെറിയ ക്വിസ്സ് , എല്ലാ ഭാഷകളിലേയും കവിതകളുടെ ആലാപനം, ചിത്രരചനാവേളകള്‍ [ എല്ലാ കുട്ടികളും [ പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവര്‍ ] നിരന്നിരുന്ന് രസകരമായി കണ്ണ്, ഹൃദയം, ഇലക്ട്രിക്ക് മോട്ടോര്‍.... അന്തര്‍വൃത്തം... ഭൂപടം.... എന്നിങ്ങനെയുള്ള ചിത്രരചന.... ]
* ഉപന്യാസ രചന [ ഭാഷ, സാമൂഹ്യശാസ്ത്രം....]
* പോസ്റ്റര്‍ , ബയോഡാറ്റ രചന.... [ എല്ലാം ഒഴിവ് സമയത്താണ്`... നന്നായി പ്ളാന്‍ ചെയ്യണം... ]
* കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അക്കാദമിക്ക് കാര്യങ്ങള്‍ക്കായി വര്‍ദ്ധിപ്പിക്കുക..
* റിവിഷന്‍ ടെസ്റ്റുകള്‍... പോരായ്മകള്‍ കുട്ടികളുമായി നേരിട്ട് [ ടാഗ്...] സംസാരിക്കല്‍, സഹായിക്കല്‍, ഉഷാറാക്കല്‍....
* ....................
* ......................
തുടങ്ങി ഓരോ സ്കൂളിന്റേയും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
സാധാരണ സ്കൂളിന്റെ മടുപ്പ് ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ അധിക മികവിലേക്കെത്തുകയും അതെല്ലാം പരീക്ഷയില്‍ പ്രതിഫലിക്കുകയും ചെയ്യും.

പി.എസ്.

കഴിഞ്ഞകാലങ്ങളില്‍ നാം ചെയ്തുപോന്ന ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍, വിജയശ്രീ, കലാമുന്നേറ്റം, കായികമുന്നേറ്റം, റീപ്പ്, ഗണിതം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിച്ച് വികസിപ്പിച്ചെടുത്ത പുതിയ പഠനസാമഗ്രികള്‍, വെബ് സൈറ്റ്, ഇ-ലേണിങ്ങ് മെറ്റീരിയല്സ്, ജിയോജിബ്ര പോലെ ഐ.ടി.രംഗത്തുള്ള മികവുകള്‍ , കൈത്താങ്ങ്, അറിവരങ്ങ്, പെഡഗോഗി ലാബ്.... തുടങ്ങി എല്ലാം തന്നെ സംസ്ഥനത്തിനൊട്ടാകെ മാതൃകയായി മാറിയവയാണ്`. എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയവയാണ്`. ആ കൂട്ടത്തിലേക്ക് 'പരീക്ഷോത്സവം ' കൂടി എത്തുകയാണ്`. നമുക്ക് ശ്രമിക്കാം..... അഭിപ്രായങ്ങള്‍ അറിയാനാഗ്രഹമുണ്ട്.

Tidak ada komentar:

Posting Komentar