MATHEMATICS

Sabtu, 15 Oktober 2011

അര്‍ജുനന്റെ ഉത്തരങ്ങളും ഒരമ്മയുടെ കത്തും


നേരത്തേ കോട്ടയത്തുനിന്നും അര്‍ജുന്‍ ഫിസിക്സ് ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഓര്‍മ്മ കാണുമല്ലോ. ഇന്നത്തെ നിലയില്‍ ബഹുഭൂരിപക്ഷം കുട്ടികളും ചെയ്യാനൊരുമ്പെടാത്ത ഒരു പ്രവര്‍ത്തനത്തിനാണ് അര്‍ജുന്‍ മുന്‍കൈയ്യെടുത്തത്. ആ കുട്ടി തയ്യാറാക്കിയ ഫിസിക്സ് ചോദ്യോത്തരങ്ങളില്‍ അപൂര്‍വം ചില ഉത്തരങ്ങളില്‍ ചില തിരുത്തുകളും വിശദീകരണങ്ങളും വേണ്ടി വന്നിരുന്നു. നമ്മുടെ ഫിസിക്സ് അധ്യാപകര്‍ അഭിനന്ദനാര്‍ഹമായ വിധം അതില്‍ ഇടപെട്ട് ചോദ്യോത്തരങ്ങള്‍ കുറ്റമറ്റതാക്കാന്‍ സഹായിക്കുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ആ കുട്ടി താനെഴുതിയ ഉത്തരങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയായ ഇന്റര്‍നെറ്റിലൂടെ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും വിശദീകരണങ്ങളര്‍ഹിക്കുന്നവ മനസിലാക്കിയെടുക്കുകയും ചെയ്തു. അതില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട് അര്‍ജുന്‍ തികഞ്ഞ സമര്‍പ്പണത്തോടെ ചോദ്യബാങ്കിലുണ്ടായിരുന്ന സമാന്തരശ്രേണിയിലെ ചില ചോദ്യങ്ങളുടെ ഉത്തരമെഴുതുന്നു. ഈ പോസ്റ്റിനൊപ്പം അതു കൂടി മാത്‍സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്.

അര്‍ജ്ജുനന്‍മാരെ വളര്‍ത്തിയെടുക്കണം. അധ്വാനിക്കാന്‍ സന്നദ്ധരാകുന്ന ഒരു തലമുറയെ നമുക്കാവശ്യമുണ്ട്. അവര്‍ക്ക് തെറ്റു പറ്റിക്കോട്ടേ. തിരുത്താന്‍ അധ്യാപകരായ നമ്മള്‍ ഒപ്പമില്ലേ? തന്റെ വിദ്യാലയത്തിലെ കുട്ടി എഴുതുന്ന ഒരു ലേഖനത്തിലോ അല്ലെങ്കില്‍ ചോദ്യോത്തരങ്ങളിലോ തെറ്റു വന്നാലോ എന്ന ദുരഭിമാനം അധ്യാപകര്‍ക്കാവശ്യമുണ്ടോ? ഇതല്ലേ, യഥാര്‍ത്ഥ വിദ്യാഭ്യാസം? ഇത്തരത്തിലുള്ള ഒരു കുട്ടി തങ്ങളുടെ വിദ്യാലയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഏത് അധ്യാപകരാണ് ആഗ്രഹിച്ചു പോകാത്തത്? ഇക്കൂട്ടരും നമുക്കു മുന്നിലുണ്ട്. കണ്ടെത്താന്‍ നമ്മുടെ കണ്ണുകള്‍ തുറക്കുന്നില്ല എന്നതാണ് നമ്മുടെ പോരായ്മ. പിന്നെ നമ്മുടെ ടീം അംഗം മുരളിസാര്‍ അയച്ചുതന്ന സമാന്തരശ്രേണിയിലെ ഉത്തരങ്ങളുടെ പുതിയ സമീപനം.

ഇടയ്ക്ക് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. കഴിഞ്ഞ ദിവസം ജോണ്‍ സാറിന് ഒരു പോസ്റ്റ്കാര്‍ഡ് തപാലില്‍ എത്തി. കത്തിലെ വരികള്‍ മാത്‌സ് ബ്ലോഗിന് നാളിതു വരെ ലഭിച്ചിട്ടുള്ള അനുമോദനങ്ങള്‍ക്കും പ്രോത്സാഹനങ്ങളെക്കാളുമെല്ലാം വിലമതിക്കുന്ന ഒന്നാണ്. മാത്‌സ് ബ്ലോഗിന് കത്തെഴുതിയത് ഒരു അധ്യാപികയല്ല. മറിച്ച് ഒരു വീട്ടമ്മയാണെന്നതാണ് ഈ കത്ത് മൂല്യമേറിയതായി ഞങ്ങള്‍ക്ക് മാറാനിടയായത്. അതിലെ വാചകങ്ങള്‍ വള്ളിപുള്ളി വിടാതെ ചുവടെ കുറിക്കട്ടെ.

സര്‍ ,
വിദ്യാര്‍ഥികളും അദ്ധ്യാപകരും മാത്രമല്ല എന്നെപോലുള്ള വീട്ടമ്മമാരും മാത്‍സ് ബ്ലോഗ് നോക്കാറുണ്ട് .ഇതുവരെ പത്താംക്ലാസിലെ കണക്ക് ചോദ്യശേഖരത്തിന്റെ ഉത്തരം പ്രസിദ്ധീകരിച്ചിട്ടില്ല. എല്ലാ ചോദ്യങ്ങളും ക്ലാസില്‍ ചെയ്യാന്‍ പറ്റില്ലെന്ന് ടീച്ചര്‍ പറയുന്നു. ചിലതൊന്നും കിട്ടുന്നുമില്ല. കുട്ടിയ്ക്ക് ട്യൂഷന്‍ ഇല്ല. എന്താണ് ചെയ്യാന്‍ പറ്റുന്നത്? ഡിസംബറില്‍ വീണ്ടും ചോദ്യങ്ങള്‍ വരുമല്ലോ? ഇതിന്റെ ഉത്തരം സാറും മറ്റുള്ളവരും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിക്കുമോ?

എന്ന്
ബിന്ദു സുരേഷ്

ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിന് ബിന്ദുവിനെ അഭിനന്ദിക്കുന്നു. കാരണമെന്തന്നല്ലേ? മാത്‌സ് ബ്ലോഗ് എന്നും കുട്ടികളുടെയും അധ്യാപകരുടെയും പക്ഷത്തുനിന്നാണ് ചിന്തിക്കുന്നത് . ചോദ്യങ്ങളുടെ ഉത്തരം കുട്ടി സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയും പറ്റാതെ വരുമ്പോള്‍ അധ്യാപകരെയോ കണക്കുപഠിച്ചിച്ചുള്ള മറ്റുള്ളവരെയോ സമീപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, കുട്ടിക്ക് ഉത്തരം കിട്ടാതെ വരുമ്പോള്‍ ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാത്ത അധ്യാപകര്‍ ഇന്നത്തെ കാലത്തുണ്ടാകില്ല. തീര്‍ച്ച. കുട്ടിയുടെ പഠനത്തില്‍ അധ്യാപികയും മാതാപിതാക്കളും ഇരുവശത്തുമുണ്ടാകുക തികച്ചും മാതൃകാപരമാണ്.



ഒരു ശുദ്ധജ്യാമിതീയ നിര്‍മ്മിതി

ത്രികോണം ABC യില്‍ AB = 12 സെ. മീറ്റര്‍ , കോണ്‍ A = 30 ഡിഗ്രി . AC + BC = 18 സെ. മീറ്റര്‍ . ത്രികോണം നിര്‍മ്മിക്കാമോ? ഉപയോഗിച്ചിരിക്കുന്ന ജ്യാമിതീയ തത്വം എഴുതണം .
ഒന്‍പതാംക്ലാസിലെ അനുപാതം ജ്യാമിതിയില്‍ എന്ന പാഠമാണ് ഇതെഴുതുമ്പോള്‍ മനസില്‍ വരുന്നത് . ഇതിനായി ഒരു വര്‍ക്ക് ഷീറ്റ് തയ്യാറകാകിയിട്ടുണ്ട് . അടുത്ത ദിവസം അത് കൂട്ടിച്ചേര്‍ക്കാം . ഇതിനിടെ ചോദ്യം സ്വയം ചെയ്യാന്‍ കുട്ടികള്‍ക്ക് കൊടുക്കുമല്ലോ?
അര്‍ജുനന്റെ ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പേജ് ഒന്ന്
പേജ് രണ്ട്
പേജ് മൂന്ന്
പേജ് നാല്

Tidak ada komentar:

Posting Komentar