MATHEMATICS

Sabtu, 06 Agustus 2011

തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍..!

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും യൂണീകോഡ് ഫോണ്ടും വിദ്യാലയങ്ങളില്‍ സര്‍വ്വസാധാരമമായതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കണ്ടുതുടങ്ങുന്നത് എത്രമാത്രം ശുഭോദര്‍ക്കമാണ്! മലയാളത്തിലെ അസംഖ്യം പുരാണ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ (പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീനകൃതികളും പകര്‍പ്പവകാശകാലാവധികഴിഞ്ഞ കൃതികളും) തിരക്കിലാണ് 'തന്നാലായതുചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍.' കുന്ദലതയും രാമചന്ദ്രവിലാസവുമെല്ലാം കുഞ്ഞുവിരലുകളിലൂടെ അനശ്വരമാക്കപ്പെടുന്ന ഈ മഹത്കൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി@സ്കൂളിനേയും സുമനസ്സുകളായ അധ്യാപകരേയും എത്ര അഭിനന്ദിച്ചാലാണ് മതിവരിക? പൂര്‍ത്തിയാക്കപ്പെട്ട അത്തരമൊരു യജ്ഞത്തിന്റെ മേല്‍നോട്ടം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വായനക്കാരുമായി പങ്കുവെക്കുകയാണ് കൊല്ലത്തെ മാസ്റ്റര്‍ട്രൈനര്‍ കണ്ണന്‍ സാര്‍. അഭിനന്ദിക്കാനും കമന്റെഴുതാനും എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത്?വായിക്കുക...

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്നത്.1907 – ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഇപ്പോള്‍ പൂര്‍ണ്ണമായി പകര്‍പ്പവകാശ മുക്തമാണ്. വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്. പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
മഹാകാവ്യ പ്രസ്ഥാനം
“മധുരോദാരങ്ങളായ ജീവിത ചിത്രങ്ങളും സുന്ദരമായ വര്‍ണ്ണനകളും ഉദാത്തമായ ശൈലിയും ഇണങ്ങിച്ചേര്‍ന്ന ബൃഹത്തായ കഥാത്മക കാവ്യ രൂപമാണ് മഹാകാവ്യം.”
സംസ്കൃതത്തിലെ പ്രമുഖകൃതികളായ രാമായണഭാരതാദികളോട് ബന്ധപ്പെട്ടാണ് മഹാകാവ്യങ്ങള്‍ ഉത്ഭവിച്ചതെന്ന് ചിലര്‍ കരുതുന്നു.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലുംമഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.നിരൂപകാഭിപ്രായത്തില്‍ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' .1907 ലാണ് ഈ കൃതി പ്രകാശിതമായത്.ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്.മഹാകാവ്യ ലക്ഷണങ്ങളില്‍ പ്രധാനമാണ് ചിത്ര സര്‍ഗ്ഗം.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്ര സര്‍ഗ്ഗം നിബന്ധിച്ചിരിക്കുന്നത്.
ചിത്രസര്‍ഗം
രാവണവധം, വിഭീഷണാഭിഷേകം എന്നിവയാണ് ഈ സര്‍ഗത്തിലെ പ്രമേയം. സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടുപിടിച്ചാണ് ഇവിടെയും ചിത്രസര്‍ഗം നിബന്ധിച്ചിരിക്കുന്നത്.കവികളുടെ പദകുബേരത്ത്വത്തിന്റെയും ചിത്രശ്ലോക നിര്‍മ്മാണ വൈഭവത്തിന്റേയും ഉദാഹരണങ്ങളാണ് ചിത്രസര്‍ഗങ്ങള്‍.ശരത്തിന്റെ ചിത്രത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ച് നിര്‍മ്മിക്കുന്ന ശ്ലോകമാണ് ശരണബന്ധം.ശൂലാകൃതിയിലുള്ള ചിത്രത്തില്‍ വര്‍ണ്ണങ്ങള്‍ വിന്യസിച്ചുണ്ടാക്കുന്ന ശ്ലോകമായ ശൂലബന്ധവും ഹലത്തിന്റെ (കലപ്പ) ചിത്രത്തില്‍ നിബന്ധിച്ച ശ്ലോകമാണ് ഹലബന്ധം. രഥത്തിന്റെ രീതിയില്‍ കളം വരച്ച് ക്ലിപ്ത സ്ഥാനങ്ങളില്‍ അക്ഷരം വിന്യസിച്ചുള്ള ശ്ലോക രചനയാണ് രഥബന്ധം.” രാമ കാവണകലഹം " എന്ന് ഉദ്ധാരവുമുണ്ട്. ഏറെ രസകരമായ ചിത്രശ്ലോകങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്​വെയറായ ജിമ്പിലും ജിയോജിബ്രയിലുമാണ് കുട്ടികള്‍ തയ്യാറാക്കുന്നത്.
ചവറ ഉപ ജില്ലയിലെ 15 ഗവണ്‍മെന്റ്/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഐടി ക്ലബ് അംഗങ്ങളും സ്ക്കൂള്‍ വിദ്യരംഗം കലാ സാഹിത്യ വേദിയുമാണ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പങ്കാളികളായ സ്ക്കൂളുകള്‍ ഇവയാണ്.

ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,ശങ്കരമംഗലം
ഗവ.എച്ച്.എസ്സ്.ഗേള്‍സ്,ചവറ
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, കൊറ്റന്‍കുളങ്ങര
സെന്റ് ആഗ്നസ് ഗേള്‍സ് എച്ച്.എസ്സ്,നീണ്ടകര
എ.എസ്.എച്ച്.എസ്,പുത്തന്‍ത്തുറ
എസ്.വി.പി.എം.എച്ച്.എസ്,വടക്കുംതല
ഗവ.എല്‍.വി.എച്ച്.എസ്,കടപ്പ
ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,അയ്യന്‍കോയിക്കല്‍
ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പന്മനമനയില്‍
സെന്റ് ആന്റണീസ് എച്ച്.എസ്,കോയിവിള
എം.എസ്.എം.എച്ച്.എസ്.എസ്.,മൈനാഗപ്പള്ളി
എം.എസ്.എം.എച്ച്.എസ്.ഫോര്‍ ഗേള്‍സ,
മൈനാഗപ്പള്ളി ബി.എച്ച്.എസ് ഫോര്‍ ബോയ്സ് ,
തേവലക്കര എച്ച്.എസ് ഫോര്‍ ഗേള്‍സ് ,
തേവലക്കര എച്ച്.എസ്.എസ്.,ഗുഹാനന്ദപുരം
മഹാകാവ്യ പ്രസ്ഥാനം

സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലും മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.മലയാള മഹാകാവ്യങ്ങളില്‍ പലതിന്റെയും രൂപശില്‍പ്പത്തിനാധാരം മാഘന്റെയും ശ്രീഹര്‍ഷന്റെയും മഹാകാവ്യങ്ങളാണ്.
സംസ്കൃതത്തിലെ പ്രമുഖ കൃതികളായ രാമായണ-ഭാരതാദികളോട് ബന്ധപ്പട്ടാണ് മഹാകാവ്യങ്ങള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.ബി.സി. അഞ്ചാം നൂറ്റാണ്ടിനും എ.ഡി. 190 നും ഇടയ്ക്കു ജീവിച്ചിരുന്ന അശ്വഘോഷന്റെ ബുദ്ധചരിതം, സൗന്ദര്യാനന്ദം എന്നീ മഹാകാവ്യങ്ങളാണ് ഇന്നു ലഭ്യമായവയില്‍ ഏറ്റവും പഴക്കമായവ എങ്കിലും കാളിദാസന്റെ കുമാരസംഭവവും രഘുവംശവുമാണ് ഈ പ്രസ്ഥാനത്തെ ജനഹൃദയങ്ങളിലെത്തിച്ചത്.
രാമചന്ദ്രവിലാസം,രുഗ്മാംഗദചരിതം,കേശവീയം,ചിത്രയോഗം,എന്നിവയാണ് നമ്മുടെ ഭാഷയിലെ പഞ്ചമഹാകാവ്യങ്ങള്‍.സാഹിത്യവികാസത്തില്‍ അനിവാര്യവും നിര്‍ണ്ണായകവുമായ സ്ഥാനമാണ് മഹാകാവ്യത്തിനും നിയോക്ലാസിസത്തിനുമുള്ളത്. (എന്‍.വി.കൃഷ്ണവാരിയര്‍ - അവതാരിക -പന്തളത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍)
രാമചന്ദ്രവിലാസംഇന്റര്‍നെറ്റില്‍ലഭിക്കാന്‍ മലയാളം വിക്കിഗ്രന്ഥശാലയിലെ ലിങ്കിലേക്ക് പോകുക.
മലയാളം വിക്കിഗ്രന്ഥശാല അത്രയേറെ അറിയപ്പെടാത്ത ഒരു സഹോദര വിക്കി സംരഭമാണ്.മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രമുഖവും ഏകദേശം പൂർത്തിയായതുമായ കൃതികൾ സമാഹരിച്ച് 2011 ജൂൺ 11-നു കണ്ണൂരിൽ വെച്ച് നടക്കുന്ന നാലാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കിയിരുന്നു ലോകഭാഷകളില്‍ തന്നെ ഇതു ആദ്യത്തെ സവിശേഷപദ്ധതി ആയിരുന്നു.
ഈ സമാഹാരത്തില്‍ ഏറ്റവും സമ്പന്നമായ വിഭാഗം 'കാവ്യങ്ങളു'ടേതാണ്. വീണപൂവ്, നളിനി, ലീല, വനമാല, മണിമാല തുടങ്ങി കുമാരനാശാന്റെ കൃതികള്‍ സമഗ്രമായി ഇതിലുണ്ട്. കൂടാതെ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ', ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍, ഇരയിമ്മന്‍ തമ്പി, രാമപുരത്ത് വാര്യര്‍ എന്നിവരുടെ കൃതികള്‍ ഒക്കെ ഡിജിറ്റല്‍ രൂപത്തില്‍ മനോഹരമായി മുന്നിലെത്തും. ഭാഷാവ്യാകരണം വിഭാഗത്തില്‍ 'കേരളപാണിനീയം' പൂര്‍ണരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. ഐതിഹ്യം വിഭാഗത്തില്‍ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം. ആധുനിക വിദ്യാഭ്യാസവും ഭാവുകത്വത്തിനുണ്ടായ വ്യത്യാസവും ക്ഷമയില്ലായ്മയുമെല്ലാം മഹാകാവ്യ പ്രസ്ഥാനത്തിന്റെ അപചയത്തിന് ആക്കം കൂട്ടി. ഇന്ന് പാഠപുസ്തകങ്ങളില്‍ക്കൂടി മാത്രമായി നിലനില്‍ക്കുന്ന ഈ ഗ്രന്ഥങ്ങളെ ഏവര്‍ക്കും പ്രാപ്യമാകുന്ന രൂപത്തില്‍ ഇന്റര്‍നെറ്റില്‍ എത്തുകയാണെങ്കില്‍ നാളത്തെ ഡിജിറ്റല്‍ മലയാളത്തിന്റെ നട്ടെല്ലായിരിക്കും അത്. അത്തരം ഒരു പദ്ധതിക്കാണ് കുട്ടികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയതു പോലെ " രാമചന്ദ്ര വിലാസം മുന്‍ കാലത്തേ പോലെ വായിക്കപ്പെടുകയില്ല.നമ്മുടെ വിദ്യാഭ്യാസ രീതി മാറിപ്പോയി.വൃത്തത്തില്‍ എഴുതുന്ന കവിതകള്‍ വായിക്കാന്‍ ഇനി ബുദ്ധിമുട്ടാണ്.പക്ഷെ ഈ പുസ്തകം നമ്മുടെ സാംസ്കാരിക സമ്പത്താണ്‌.കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ടതുണ്ട്..”
ചിത്രസര്‍ഗത്തിന്റെ കുറച്ചു ഭാഗങ്ങളൊഴികെ പദ്ധതി പൂര്‍ത്തിയായി. ഐടി സ്ക്കൂള്‍ പ്രോജക്റ്റ് മാസ്ററര്‍ ട്രെയിനര്‍ കണ്ണനും വിദ്യരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കണ്‍വീനര്‍ വി.എം.രാജമോഹനനുമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.




കണ്ണന്‍, മാസ്റ്റര്‍ ട്രെയിനര്‍, ഐ.ടി.സ്ക്കൂള്‍ പ്രോജക്റ്റ്, കൊല്ലം
(fotographerkannan@gmail.com)

Tidak ada komentar:

Posting Komentar