MATHEMATICS

Sabtu, 16 Juli 2011

പ്രവേശനോത്സവം (കവിത)

വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തുന്ന ദിനമാണ് ജൂണ്‍ ഒന്ന്. രണ്ടു മാസം നിശബ്ദരായിരുന്ന മതിലുകള്‍ക്കു വരെ സന്തോഷമാണ് ഈ കുരുന്നുകളെ വീണ്ടും കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഉത്സവമാണന്ന്. വിദ്യാഭ്യാസവകുപ്പ് അതിനെ പ്രവേശനോത്സവമായിത്തന്നെ കൊണ്ടാടണമെന്നാണ് സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ക്കൂളും പരിസരവും അലങ്കരിക്കണമെന്നും ഉത്സവപ്രതീതി എങ്ങും അലയടിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഗതകാലസ്മരണകളെ അനുസ്മരിപ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോത്സവം മഴയുടെ അകമ്പടിയോടെയാണ് കടന്നു വന്നത്. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുവാന്‍ മകളുടെ കൂടെ പോയപ്പോള്‍ വീണു കിട്ടിയ ഒരു കവിത ബൂലോക കവിതാലോകത്തിലൂടെ പ്രസിദ്ധനായ ഷാജി നായരമ്പലം മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ബ്ലോഗ് രചനകള്‍ പുസ്തക രൂപേണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വൃത്തനിബദ്ധമായ 35 കവിതകള്‍ അടങ്ങുന്ന വൈജയന്തിയാണ് ഷാജി നായരമ്പലത്തിന്റെ പ്രഥമകവിതാ സമാഹാരം. എന്‍‍. കെ ദേശമാണ് പുസ്തകത്തിന്റെ ആമുഖമെഴുതിയിരിക്കുന്നത്. അദ്ദേഹമെഴുതിയ ഈ കവിത വായിച്ച ശേഷം അഭിപ്രായങ്ങളെഴുതുമല്ലോ.


തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?

ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!

സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.


നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

-ഷാജി നായരമ്പലം
അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്

Tidak ada komentar:

Posting Komentar