MATHEMATICS

Sabtu, 27 Maret 2010

SSLC Examination Review


ഏഷ്യയിലെ ഏറ്റവും വലിയ പരീക്ഷാ സംവിധാനമായ എസ്.എസ്.എല്‍.സി അവസാനിച്ചു. പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയതുകൊണ്ട് തന്നെ ചോര്‍ച്ചകളില്ലാതെ 2010 ലെ പരീക്ഷ ഭംഗിയായി പര്യവസാനിച്ചു. ഇനി റിസല്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. പക്ഷേ, കഴിഞ്ഞു പോയ പരീക്ഷകളെക്കുറിച്ചുള്ള ഒരു ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണെന്ന് പല അധ്യാപകരും അഭിപ്രായപ്പെട്ടിരുന്നു. അതിനെ മുന്‍നിര്‍ത്തി പരീക്ഷകളുടെ സമയക്രമത്തെപ്പറ്റിയുള്ള ഒരു ചര്‍ച്ചയാണ് ഇന്നത്തെ പോസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. മാധ്യമം ദിനപ്പത്രത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ വിഷയങ്ങളുടേയും റിവ്യു എഴുതുന്ന എസ്.വി രാമനുണ്ണി മാഷ് (കെ.ടി.എം.സ്ക്കൂള്‍, മണ്ണാര്‍ക്കാട്)പരീക്ഷാര്‍ത്ഥികളില്‍ നിന്നും അധ്യാപക-രക്ഷകര്‍ത്താക്കളില്‍ നിന്നും പരീക്ഷാ ദിനങ്ങളില്‍ ലഭിച്ച അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷ നന്നായും അല്ലാതെയും പരീക്ഷയെഴുതിയിറങ്ങുന്ന കുട്ടികളൊക്കെ പറഞ്ഞ പൊതു പരാതി സമയം കിട്ടിയില്ല, ലാസ്റ്റ് ക്വസ്റ്റ്യന്‍ ‍എഴുതാന്‍ സമയം കിട്ടീല്യ… ഒന്നുകൂടെ നന്നാക്കിയെഴുതാന്‍ ഒടുക്കം സമയം കിട്ടീല്യ, ഒന്നു വായിച്ചുനോക്കാന്‍ സമയം ഇല്ലായിരുന്നു..…..എന്നൊക്കെയാണ്. ഇനി മൂല്യനിര്‍ണ്ണയക്യാമ്പിലും ഉയരുന്ന വാദം കുട്ടികള്‍ക്ക് സമയം തികഞ്ഞില്ല….എന്നു തന്നെയാവും.രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാണിക്കുന്നതും സമയം കിട്ടീല്യ..എന്നു തന്നെ. നേരം പോയതറഞ്ഞില്ല എന്നു പരീക്ഷാഡ്യൂട്ടിക്കാരും പറഞ്ഞു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഐ.ടി പരീക്ഷ 15-20 മിനിട്ടിനുള്ളില്‍ എഴുതിക്കഴിഞ്ഞവരാണ്. ഇവിടെ സമയക്രമത്തില്‍ പുനഃക്രമീകരണം ആവശ്യമുണ്ടോ?

ന്യായീകരണങ്ങള്‍ക്കായി എന്തൊക്കെ വാദം നിരത്തിയാലും ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഇതിനു കാരണം ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ ബ്ലുപ്രിന്റ് നിശ്ചയിക്കുന്നതില്‍ സമയം ഒരു ഘടകമാകുന്നില്ലെന്നാവും. ഒരു ഉപന്യാസം, ഒരു അരപ്പേജ് ലേഖനം, നേത്രഘടന ചിത്രം, ജലപ്രവാഹം രേഖ, അന്തര്‍വൃത്തം, കഥാപൂരണം….ഇതിനൊക്കെ എത്ര സമയം കിട്ടുന്നു/ വേണം/ ഉണ്ട് എന്നാലോചന ഉണ്ടാവില്ലേ? രണ്ടുപേജായാലും 6 പേജായലും മലയാളമായാലും ഹിന്ദിയായാലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയുടെ 1 മണിക്കൂര്‍ പേപ്പറായാലും വായിക്കാന്‍ 15 മിനുട്ട് (കൂള്‍)എന്നു നിശ്ചയിക്കുന്നതുപോലെ ആവുമോ ഉത്തരമെഴുത്തിന്റെ സമയവും നിശ്ചയിക്കുന്നത്. ശാസ്ത്രീയമായി ഇതിനെന്തു അടിസ്ഥാനം ഉണ്ട്? വല്ല പഠനങ്ങളും ഉണ്ടോ? ഇതു തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാവും? സാധാരണക്കാരന്നു തോന്നുന്നത് 2.5 മണിക്കൂറിന്റെ ഇംഗ്ലീഷിനും 1 മണിക്കൂറിന്റെ ഐ.ടി ക്കും 15 മിനുട്ട് കൂള്‍ സമയം നിശ്ചയിച്ച യുക്തിയേ ഇതിനൊക്കെ ഉണ്ടാവൂ എന്നാണ്. എന്തായാലും പരീക്ഷാ സമയക്രമീകരണങ്ങളില്‍ ഒരു പുനര്‍വിചിന്തനം വേണമെന്നതില്‍ തര്‍ക്കത്തിനിടയുണ്ടാകില്ല

Tidak ada komentar:

Posting Komentar