MATHEMATICS

Jumat, 09 Agustus 2013

അനഘയുടെ ആകാശയാത്ര

"എന്റെ മുഖത്തെ പുഞ്ചിരി അവരുടെ മുഖങ്ങളിലേക്കും പകരുന്നത് കണ്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലാത്തൊരു ഭാഗ്യം എന്നെ തേടിയെത്തിയപ്പോള്‍ അവരുടെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരിവെട്ടം തെളിഞ്ഞു.

കുറെ നേരം ഞാന്‍ ആകാശത്തിലേക്ക് നോക്കി നിന്നു. ഈ ആകാശത്തിലൂടെ ഞാന്‍ പറന്നു എന്നത് അപ്പോഴും എനിക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ആകാശത്തില്‍ പറന്നു നടന്ന പക്ഷികളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

"എനിക്കും കിട്ടി ഒരവസരം, പറക്കാന്‍"


ആദ്യമായി വിമാനയാത്ര നടത്തിയ അനുഭവമാണ് ഒന്‍പതാം ക്ലാസുകാരി അനഘ പറയുന്നത്... എന്‍.സി.സി യുടെ എയര്‍ ഫോഴ്സ് വിഭാഗത്തിന്റെ പരിശീലനത്തിന്റെ ഭാഗമായി നടന്ന വിമാനയാത്രയാണ് പൂത്തോട്ട കെ.പി.എം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസുകാരി അനഘ വിവരിച്ചിരിക്കുന്നത്.

ഏറെ നാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷങ്ങളെ ശിശുസഹചമായ നിഷ്കളങ്കതയോടും കൗതുകത്തോടും അനഘ അവതരിപ്പിച്ചിരിക്കുന്നു. ഏറെ ലളിതമായ വാക്കുകളിലൂടെ തന്റെ അനുഭവം വായനക്കാരിലേക്കു പകരാനുള്ള കഴിവുണ്ട് അനഘയുടെ വരികള്‍ക്ക്..

നാം അധ്യാപകര്‍ ഒരുക്കി കൊടുക്കുന്ന അവസരങ്ങള്‍ എത്ര ആഴത്തിലാണ് നമ്മുടെ കുട്ടികളുടെ മനസ്സില്‍ പതിയുന്നതെന്നും അവര്‍ ആ അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്നതെങ്ങിനെയെന്നും മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണിത്..

" പണ്ടു തൊട്ടേയുള്ള ഒരു ആഗ്രഹമായിരുന്നു അത് - തീവണ്ടിയിലും കപ്പലിലും വിമാനത്തിലും കയറി ഒന്ന് യാത്ര ചെയ്യണമെന്ന്. പക്ഷെ എന്തു ചെയ്യാനാ .. നമുക്കെപ്പോഴുമീ ബസ് യാത്രയേ വിധിച്ചിട്ടുള്ളു. ദൂരെ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലല്ലേ തീവണ്ടിയിലും കപ്പലിലുമൊക്കെ കയറേണ്ടതുള്ളു ? കൂടിപ്പോയാല്‍ പൊന്‍കുന്നം വരെയൊന്നു പോകും....

ഈ 'പൊന്‍കുന്നം' എന്നു പറയുന്നത് ഒരു സ്ഥലപ്പേരാ! അവിടെയാണ് എന്റെ ആന്റിയുടെ വീട്. എന്റെ പതിനൊന്നു വര്‍ഷത്തിനിടയ്ക്ക് ഞാന്‍ ഇത്തിരി ദൂരം സഞ്ചരിച്ചിട്ടുള്ളത് അവിടെ മാത്രമാ. അവിടെ പോകണമെങ്കില്‍ തീവണ്ടിയുടെയൊ കപ്പലിന്റെയോ വിമാനത്തിന്റെയോ ആവശ്യവുമില്ല.

പക്ഷെ എന്റെ ആറാം ക്ലാസിലെ വേനല്‍ക്കാല അവധിക്ക് ഞാന്‍ തീവണ്ടിയില്‍ കയറി. ഈ മലയാളക്കരവിട്ട് ദൂരെയെവിടെയങ്കിലുമൊക്കെ സഞ്ചരിക്കണമെന്ന എന്റെ ആഗ്രഹവും സാധിച്ചു. കോയമ്പത്തൂരില്‍ ഒരു കല്യാണത്തിനു പോയപ്പോഴാണ് എന്റെ തീവണ്ടിയാത്ര എന്ന സ്വപ്നം സഫലമായത്.

ഇനി കപ്പലും വിമാനവും..

അതിനുള്ള അവസരം ദൈവം നല്‍കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ആശ്വസിച്ചു. എട്ടാം ക്ലാസില്‍ പുതിയൊരു സ്കൂളിലെത്തിയ എന്നെ കാത്ത് ഒരുപാടു നല്ല അവസരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളിലെ എന്‍.സി.സി ട്രൂപ്പില്‍ എനിക്ക് അംഗത്വം ലഭിച്ചു. എന്‍.സി.സി യുടെ പരേഡും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം ഞാന്‍ ഹൃദയത്തിലേറ്റി. കൂടാതെ ശനിയാഴ്ച്ചകളിലും മറ്റുമുള്ള എന്‍.സി.സി യുടെ തിയറി ക്ലാസും ഞങ്ങളുടെ അനൂപ് സാര്‍ നയിച്ച തിയറി ക്ലാസുകള്‍ അതീവ ശ്രദ്ധയോടെ മനസ്സിലാക്കി എന്‍.സി.സി യിലെ എയര്‍ ഫോഴ്സ് എന്ന വിഭാഗമമായിരുന്നു ഞങ്ങളുടെ സ്കൂളില്‍.

ഞങ്ങള്‍ക്ക് പറക്കാനുള്ള അവസരമുണ്ടെന്ന് ഞങ്ങളുടെ അനൂപ് സാര്‍ പറഞ്ഞപ്പോള്‍ ആ ദിവസം വേഗം എത്തണേ എന്ന പ്രാര്‍ത്ഥനയിലായി പിന്നെ ഞാന്‍.

9-ാം ക്ലാസില്‍ വച്ചേ പറക്കാനുള്ള അവസരം ലഭിക്കൂ. മാത്രമല്ല 9-ാം ക്ലാസില്‍ വച്ച് ഒരു പത്ത് ദിവസത്തെ ക്യാംപും ഉണ്ടാകുമെന്ന് സാര്‍ പറഞ്ഞു. ആ വര്‍ഷം ഞങ്ങളുടെ സീനിയര്‍ കേഡറ്റുകള്‍ക്ക് പറക്കാനുള്ള അവസരം ലഭിച്ചു. അവര്‍ പറന്നത് ഞങ്ങളിലും വലിയ പ്രചോദനമുണ്ടാക്കി. 9-ാം ക്ലാസ്സാവുമ്പോള്‍ എനിക്കും പറക്കാം എന്ന ആത്മവിശ്വാസത്തോടെ ഞാന്‍ മുന്നോട്ടു നീങ്ങി.

9-ാം ക്ലാസിലയപ്പോള്‍ ഞാനും എന്റെ അഞ്ചു കൂട്ടൂകാരും പറക്കാനായി തിരഞ്ഞെടുക്കപ്പെട്ടു. പറക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ എന്റെ പേരും ഉള്‍പ്പെടുത്തിയതിന് ഞങ്ങളുടെ അനൂപ് സാറിനും ദൈവത്തിനും മനസ്സാല്‍ ഞാന്‍ നന്ദി പറഞ്ഞു. 2013-ജൂലൈ മുപ്പതാം തീയതിയായിരുന്നു ഞങ്ങളുടെ ഫ്ലൈയിംഗ്. പറക്കാന്‍ പോകുന്നതിന്റെ തലേ ദിവസം ഊണുമില്ല ഉറക്കവുമില്ല എന്ന രീതിയായിരുന്നു എനിക്ക്. എന്റെ അയല്‍വാസികളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞാന്‍ വിവരമറിയിച്ചു.

30-ാം തീയതി രാവിലെ അഞ്ചു മണിക്ക് സ്കൂളില്‍ എത്തണമെന്നായിരുന്നു അനൂപ് സാറിന്റെ നിര്‍ദ്ദേശം. സാധാരണ ദിവസങ്ങളില്‍ നേരം പെട്ടെന്ന് പുലര്‍ക്കരുതേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞാന്‍ നാളെ നേരം പെട്ടെന്ന് പുലര്‍ക്കണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് കിടന്നത്.

അങ്ങിനെ രാവിലെ അഞ്ചു മണിക്ക് അച്ഛനോടൊപ്പം ഞാന്‍ സ്കൂളിലെത്തി. അപ്പോള്‍ തന്നെ അനൂപ് സാറും എന്റെ കൂട്ടുകാരം സ്കൂളില്‍ എത്തിച്ചേര്‍ന്നു. അനൂപ് സാറിന്റെ കാറില്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്കു തിരിച്ചു. ഞങ്ങളുടെ മനസ്സ് നിറയെ വിമാനവും വിമാനയാത്രയും മാത്രമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. അനൂപ് സാര്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി.ഞങ്ങളുടെ യാത്രയ്ക്ക് കരുത്തേകാന്‍ അവിടുത്തെ സഞ്ജയ് എന്നൊരു സാറും ഉണ്ടായിരുന്നു.

അതിരാവിലെ തുടങ്ങിയ ഞങ്ങളുടെ യാത്രയുടെ അന്ത്യം വിമാനയാത്രയിലാകുമെന്നോര്‍ത്തപ്പോള്‍ ഞങ്ങളുടെ മനസ്സ് ആഹ്ളാദത്തിമിര്‍പ്പിലായി. മുന്നോട്ടുള്ള യാത്രയില്‍ കണ്ട വിമാനങ്ങളും വിമാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവുമെല്ലാം ഞാന്‍ മനസ്സില്‍ പതിപ്പിച്ചു. വിമാനങ്ങളെ പരിപാലിക്കുന്ന ആ സ്ഥലത്തെ പറയുന്നത് hanger എന്നാണ് എന്ന് അനൂപ് സാര്‍ പിന്നീടു പറഞ്ഞു തന്നു. ഒടുവില്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.

എല്ലാ വിമാനങ്ങളെയും ആകാംഷയോടെ നോക്കി ഞങ്ങള്‍ നിന്നു.ഒരു പൈലറ്റിനും ഒരു കോ-പൈലറ്റിനും സഞ്ചരിക്കാന്‍ പറ്റുന്ന micro light air craft എന്ന ചെറിയ വിമാനമായിരുന്നു ഞങ്ങള്‍ക്കു വേണ്ടി അവിടെ കാത്തു നിന്നത്. പൈലറ്റായി ഞങ്ങളുടെ കൂടെയുണ്ടായിരുന്നത് ഞങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ സി.വി.സുനില്‍ കുമാര്‍ സാറായിരുന്നു. വിമാനത്തില്‍ ആദ്യം കയറാനുള്ള അവസരം എനിക്കായിരുന്നു. നേരിയ ഉള്‍ഭയത്തോടെ ഞാന്‍ വിമാനത്തില്‍ കയറി. പേടി ഉള്ളിലൊളിപ്പിച്ച് ദയനീയമായി ഞങ്ങളുടെ അനൂപ് സാറിനെ നോക്കി. സാറിന്റെ പുഞ്ചിരി എനിക്ക് ഒരു ആശ്വാസപ്പൂവായി...

അങ്ങിനെ വിമാനം ഉയര്‍ന്നു. മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് എന്റെ ഭയം പ്രകടമാക്കാതെ ഞാന്‍ ഉറച്ചിരുന്നു. പക്ഷെ ഞങ്ങളുടെ സുനില്‍ കുമാര്‍ സാറിന്റെ രമ്യമായ പെരുമാറ്റം എന്റെ ഉള്ളിലെ ഭയത്തെ തല്ലിക്കെടുത്തി. വളരെ സൗഹാര്‍ദ്ദമായായിരുന്നു സാര്‍ ഞങ്ങളോട് സംസാരിച്ചത്. അവിടെ മലയാളിയായി ഈ സാര്‍ മാത്രമേയുള്ളു. തിരുവനന്തപുരമാണ് അദ്ദേഹത്തിന്റെ ജന്മദേശം. മറ്റ് ഉദ്യോഗസ്ഥരെല്ലാം ബീഹാറില്‍ നിന്നും രാജസ്ഥാനില്‍ നിന്നും മറ്റും വന്നവരാണ്.

ഞാന്‍ എന്റെ സംശയങ്ങളെല്ലാം സാറിനോട് ചോദിച്ചു. എല്ലാം വിശദമായിത്തന്നെ സാര്‍ പറഞ്ഞു തന്നു. പിന്നെ എന്നെ കൊണ്ട് വിമാനം നിയന്ത്രിപ്പിച്ചു. വിമാനം ഉയര്‍ത്താനും താഴ്ത്താനും ചെരിക്കാനുമൊക്കെ കാറിലെയും ബൈക്കിലെയും പോലെ സ്റ്റിയറിംങ്ങും ഹാന്റിലുമൊന്നുമല്ല വിമാനത്തില്‍. ഒരു control stick ആണ് ഉള്ളത്. അത് ഉപയോഗിച്ച് ഞാന്‍ വിമാനം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.

ഏകദേശം 1000 അടി മുകളില്‍ ഞങ്ങള്‍ പറന്നു. കാര്‍മേഘജ്വാലകള്‍ ഞങ്ങളുടെ അരികിലൂടെ കടന്നു പോയി. ജനാല വഴി കൈ പുറത്തേക്കിട്ട് ഞാന്‍ അവയെ സ്പര്‍ശിച്ചു. പേടി മറന്ന് ഞന്‍ ശരിക്കും ആ വിമാനയാത്ര ആസ്വദിച്ചു. കുറെ സ്ഥലങ്ങള്‍ കണ്ടു. ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി പാലം എന്നീ സ്ഥലങ്ങള്‍... എല്ലാ വീടുകളും വാഹനങ്ങളും തീരെ ചെറുതായതു പോലെ എനിക്കു തോന്നു. ഞാന്‍ താഴെ നില്‍ക്കുന്ന എന്റെ കൂട്ടുകാരെ നോക്കി. നേരിയ ഒരു പൊട്ടു പോലെ ചിലര്‍ മിന്നി മറയുന്നത് ഞാന്‍ കണ്ടു. വിമാനയാത്ര നന്നേ ഇഷ്ടപ്പെട്ട എനിക്ക് പിന്നെ കുറെ നേരം ആകാശത്തില്‍ ചുറ്റിനടക്കണമെന്നായി മോഹം. പക്ഷെ ഞങ്ങളുടെ സമയപരിധി അതിന് എന്നെ അനുവദിച്ചില്ല. ഏകദേശം 10-15 മിനിറ്റ് ഞങ്ങള്‍ ആകാശത്തില്‍ ചുറ്റിനടന്നു.

ഒരു കുമിളയുടെ ആയുസ്സെന്ന പോലെയുള്ള യാത്രയായിരുന്നെങ്കിലും ഞാന്‍ അത് ശരിക്കും ആസ്വദിച്ചു.

അങ്ങിനെ വിമാനം ലാന്റ് ചെയ്യാനുള്ള സമയമടുത്തു. വിമാനത്തില്‍ കയറാന്‍ പറ്റി എന്ന സന്തോഷം എന്റെ ഉള്ളില്‍ ഒരുപാടുണ്ടായിരുന്നു. ഒടുവില്‍ വിമാനം ലാന്റ് ചെയ്തു. നേരിയ ദുഃഖത്തോടെ ഞാന്‍ അതില്‍ നിന്നിറങ്ങി. എന്റെ അനുഭവം അറിയാന്‍ കാത്തു നിന്ന സുഹൃത്തുക്കളുടെ അരികിലേക്ക് ഞാന്‍ ഓടി. പക്ഷെ സന്തോഷം കൊണ്ടോ വിമാനത്തില്‍ നിന്നിറങ്ങി വന്നതിന്റെ ദുഃഖം കൊണ്ടോ എന്നറിയില്ല, എന്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല. ഉള്ളില്‍ അടക്കാനാവാത്ത സന്തോഷം, ശ്വാസമടക്കി 'കൊള്ളാം' എന്ന ഒറ്റ വാക്കില്‍ ഞാന്‍ ഉത്തരമൊതുക്കി.

ഓരോരോ സുഹൃത്തുക്കളായി വിമാനത്തില്‍ കയറി. തിരിച്ചെത്തിയ അവരുടെ പെരുമാറ്റവും എന്റേതു പോലെ തന്നെയായിരുന്നു. അവര്‍ പങ്കു വച്ച അനുഭവങ്ങളും സാമ്യം. പക്ഷെ ഏവരുടെയും ഉള്ളില്‍ വിമാനയാത്ര കഴിഞ്ഞല്ലോ എന്ന ദുഃഖം തളം കെട്ടി നിന്നിരുന്നു. ഒടുവില്‍ അവസാനത്തെ ആളുടെ വിമാനയാത്രയും കഴിഞ്ഞ് ഞങ്ങള്‍ യാത്ര തിരിച്ചു.

തിരികെയുള്ള പാതയില്‍ ഞങ്ങള്‍ നിശബ്ദരായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ ഞങ്ങള്‍ക്കു തോന്നി. ഞങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ സാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തതും അദ്ദേഹത്തിനൊപ്പവും മറ്റ് ഉദ്യോഗസ്ഥരോടൊപ്പവും നിന്ന് ഫോട്ടോ എടുത്തതും കുറെ ഹെലികോപ്റ്ററുകളും വലിയ വിമാനങ്ങളും കണ്ടതും സര്‍വ്വോപരി വിമാനത്തില്‍ കയറി ആകാശം ചുറ്റിയതുമായ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് സമയം വേണ്ടി വന്നു.

ഞങ്ങളുടെ സ്കൂളില്‍ നിന്നും കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ഇതാണെന്ന് എനിക്കു തോന്നി. ഒരുപാടു കുട്ടികള്‍ പഠിക്കുന്ന എന്റെ സ്കൂളില്‍ നിന്നും 'വിമാനയാത്ര' എന്ന ഭാഗ്യം ഞങ്ങളെ തേടിയെത്തിയപ്പോള്‍ ദൈവത്തിനും ഞങ്ങളെ തെരഞ്ഞെടുത്ത അനൂപ് സാറിനും ഒരു നൂറായിരം തവണ മനസ്സില്‍ നന്ദി പറഞ്ഞു. യാത്ര കഴിഞ്ഞു പോയതിന്റെ ദുഃഖത്തോടെയും എന്നാല്‍ വിമാനത്തില്‍ കയറി എന്ന സംതൃപ്തിയോടെയുമായിരുന്നു ഞങ്ങള്‍ ആ സ്ഥലത്തോട് വിട പറഞ്ഞത്.

വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ എന്റെ വിമാനയാത്ര വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വിശദീകരിച്ചു. എന്റെ മുഖത്തെ പുഞ്ചിരി അവരുടെ മുഖങ്ങളിലേക്കും പകരുന്നത് കണ്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലാത്തൊരു ഭാഗ്യം എന്നെ തേടിയെത്തിയപ്പോള്‍ അവരുടെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരിവെട്ടം തെളിഞ്ഞു.

കുറെ നേരം ഞാന്‍ ആകാശത്തിലേക്ക് നോക്കി നിന്നു. ഈ ആകാശത്തിലൂടെ ഞാന്‍ പറന്നു എന്നത് അപ്പോഴും എനിക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ആകാശത്തില്‍ പറന്നു നടന്ന പക്ഷികളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

'എനിക്കും കിട്ടി ഒരവസരം, പറക്കാന്‍'
ഒരു സ്വപ്നലോകത്തിലെന്ന പോലെയായിരുന്നു ഞാനപ്പോഴും. എന്റെ സ്വപ്നത്താളുകളില്‍ 'വിമാനയാത്ര' എന്നതും വളരെ അഭിമാനപൂര്‍വ്വം ഞാന്‍ കൂട്ടിച്ചേര്‍ത്തു. "

എന്‍.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് - തുടങ്ങി ഒട്ടേറെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടക്കാറുണ്ട്. ഇവ വഴി നമ്മുടെ കുട്ടികള്‍ക്ക് നാം നല്‍കുന്ന അനുഭവങ്ങള്‍ വളരെ വലുതാണ്. നമ്മുടെ ഒരല്‍പം സമയം അവര്‍ക്കു വേണ്ടി അധികമായി മാറ്റി വയ്ക്കുന്പോള്‍ അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണ് നാം സമ്മാനിക്കുന്നത്. ഈ തരം അനുഭവങ്ങള്‍ അവരെ സ്കൂളിനോടു കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുക.. ക്ലാസ് മുറിയിലുള്ളതിനേക്കാള്‍ മനസ്സിലെ മായാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് പലപ്പോഴും ഇത്തരം അനുഭവങ്ങളായിരിക്കും..

Tidak ada komentar:

Posting Komentar