MATHEMATICS

Sabtu, 18 Agustus 2012

'ഉസ്കൂളു'കളുടെ സംരക്ഷണം - ഒരു പരുത്തിപ്പുള്ളി മാതൃക

പരുത്തിപ്പുള്ളി എ എല്‍ പി സ്കൂള്‍ 2012-13 ല്‍ നൂറാംവര്‍ഷത്തിന്റെ നിറവിലാണ്.അതിലിത്ര വാര്‍ത്താ പ്രാധാന്യമെന്തിരിക്കുന്നു എന്നാണോ ആലോചിക്കുന്നത്? ഉണ്ടല്ലോ..!
പരുത്തിപ്പുള്ളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഗുരുവിനേയും ശിഷ്യയേയും ഓര്‍മ്മവരും - കണ്ണന്‍സാറും, ശിഷ്യ ഹിതയും. പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ  നീണ്ട നിരയിലെ ഇങ്ങേയറ്റത്തെ കണ്ണികള്‍ ആണ് പാലക്കാട് ബ്ലോഗ്‌ ടീമിലെ പലരും . നാടിന്റെ സ്വത്തായ ആ പൊതുവിദ്യാലയം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ആ ഗ്രാമം മുഴുവന്‍ രംഗത്തുവന്നിരിക്കുകയാണ്. എല്ലാ മാസവും മുന്നാസൂത്രണത്തോടെയുള്ള വിവിധ പരിപാടികളോടെയാണ് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ പെരിങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് അബ്ദുല്‍റഹിമാന്‍ മാസ്റ്ററാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തിയത്. പ്രശസ്ത സര്‍ജനും വിശിഷ്ടസേവാമെഡല്‍ ജേതാവും സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ സുഭാഷാണ് സംഗമം ഉത്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ എ ശിവദാസന്‍ സാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ പി കുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഇനി ഓരോമാസവും ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ എന്തൊക്കെയാണെന്നോ..?

സെപ്തംബര്‍മാസം - പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കണ്ണുപരിശോധന

ഒക്ടോബര്‍മാസം - സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ( Rare group blood data collection), ആരോഗ്യ ക്ലാസ്സുകള്‍

നവംബര്‍മാസം - വിദ്യാഭ്യാസ അവകാശ നിയമം ക്ലാസ്സ്, അമ്മമാര്‍ക്ക് കൗണ്‍സലിങ് ക്ലാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്നശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം തറക്കല്ലിടല്‍

ഡിസംബര്‍മാസം - കുട്ടികള്‍ക്ക് ക്വിസ് മല്‍സരം, സ്റ്റഡി ടൂര്‍, കൈയ്യെഴുത്ത് മാസിക - സുവനീര്‍ നിര്‍മ്മാണം

ജനുവരിമാസം - വിദ്യാഭ്യാസ സെമിനാര്‍, ഗുരുസമാഗമം, സ്കൂളിലേക്ക് ഒരു പുസ്തകം സമാഹരണം, വായനാമത്സരം, സ്കൂള്‍പത്രം

ഫെബ്രുവരി - ശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം ഉത്ഘാടനം, ശതാബ്ദി ആഘോഷ സമാപനം

ഇതുപോലെ, അതിജീവനത്തിനായി വെമ്പിനില്‍ക്കുന്ന അനേകം പ്രാഥമിക പൊതുവിദ്യാലയങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടാകില്ലേ..? അവയെയൊക്കെ ഒന്ന് ഉയര്‍ത്തിയെടുക്കാന്‍ നമുക്ക് ഈ മാതൃക അവലംബിച്ചാലോ..?പ്രതികരണങ്ങള്‍ക്കായി കാക്കുന്നു.

പിന്‍കുറി : സോമന്‍കടവൂരിന്റെ കവിത
നിന്റെ മകന്‍ സെന്റ് തോമാ ഇംഗ്ലീഷ്മീഡിയത്തില്‍
എന്റെ മകള്‍ വിവേകാനന്ദ വിദ്യാഭവനില്‍
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്കൂളില്‍

ഒരേ ബഞ്ചിലിരുന്ന്
ഒരേ പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ 'ഉസ്കൂള്‍' ഇപ്പോഴുമുണ്ട്

പണ്ടത്തെ നമ്മുടെ അച്ചനമ്മമാരെപ്പോലെ
പരമദരിദ്രരായ ചിലരുടെ മക്കള്‍
അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
നടുക്ക് വീണു തടുക്കുവാന്‍
അവരെങ്കിലും മിടുക്കരാകട്ടെ..!

Tidak ada komentar:

Posting Komentar