MATHEMATICS

Minggu, 23 Mei 2010

ഈ സമസ്യ പൂരിപ്പിക്കുക

സമസ്യയായും പസിലായുമെല്ലാം കാണാനാകുന്ന ഒരു കഥയാണ് ഇന്ന് വായനക്കാരിലേക്ക് എത്തിക്കുന്നത്. നമ്മുടെ ബ്ലോഗിലെ സ്ഥിരം സാന്നിധ്യവും ഉപദേശകസ്ഥാനത്ത് ഞങ്ങള്‍ കാണുന്നതുമായ ജനാര്‍ദ്ദനന്‍ മാഷാണ് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. നാളിതുവരെ ബ്ലോഗില്‍ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു രീതിയാണ് ഈ കഥ-കവിത-പസില്‍ പോസ്റ്റിനുള്ളത്. ഗണിതസ്നേഹികള്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ കമന്‍റ് ബോക്സില്‍ ഇടപെടാന്‍ സാധിക്കുന്ന വിധം രസകരമായ ഒന്ന്. പഞ്ചതന്ത്രങ്ങളെല്ലാം പയറ്റാന്‍ അവസരമുള്ള ആ കഥ ശ്രദ്ധയോടെ നമുക്ക് കേള്‍ക്കാം.

നദീതീരത്തുള്ള അത്തിമരത്തില്‍ ഇരുന്നു പഴങ്ങള്‍ പറിച്ചു തിന്നു കൊണ്ടിരിക്കുകയായിരുന്നു കരങ്ങന്‍. താഴെ നദിയില്‍ ഓളങ്ങള്‍ ഉതിര്‍ത്തുകൊണ്ട് പതുക്കെ നീന്തിപ്പോവുന്ന മുതലയെക്കണ്ടു. ഒരു പഴം മുതലയ്ക്കു മുമ്പിലേക്കെറിഞ്ഞു. മുതല പഴം കഴിച്ചു. 'ഹാ...എന്തു രസം, എന്തു മധുരം. അതു മുകളിലേക്കു നോക്കി. ഒരു പഴം കൂടി വീണെങ്കില്‍...'

"എന്താ, പഴം ഇഷ്ടപ്പെട്ടോ ഒന്നു കൂടി തരട്ടേ ?" കുരങ്ങന്‍ ചോദിച്ചു. മുതല തലയാട്ടി. കുരങ്ങന്‍ പഴങ്ങള്‍ താഴേക്കിട്ടു കൊടുത്തു. മുതലച്ചന്‍ രണ്ടു മൂന്നു പഴവുമായി തന്റെ വാസസ്ഥലത്തേക്കു പോയി. പിന്നീട് ദിവസവും മുതലച്ചന്‍ അത്തിമരച്ചോട്ടിലെത്തും. പഴവുമായി തിരിച്ചു പോവും. അതു ഭാര്യക്കു നല്‍കുകയും ചെയ്യും.

ഒരു ദിവസം മുതലമ്മ പറഞ്ഞു "ഓ, കുരങ്ങന്‍ ചേട്ടന്‍ എന്തു നല്ലവനാ. ഇത്രയും മധുരമുള്ള പഴങ്ങള്‍ ചേട്ടനല്ലാതെ ആരെങ്കിലും തന്നു വിടുമോ? ഇന്നു മരച്ചുവട്ടിലേക്കു ഞാനും കൂടി വരട്ടേ?”

"വേണ്ട വേണ്ട. " മുതലച്ചന്‍ വിഷയം മാററാനായി പറഞ്ഞു. "മക്കള്‍ സ്ക്കൂളില്‍ നിന്നെത്തിയില്ലേ ?”

അന്നു മുഴുവന്‍ മുതലച്ചന്‍ ഉറങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നീന്തുകയായിരുന്നു. നേരം വെളുത്തപ്പോള്‍ ഭാര്യയോടു പറഞ്ഞു.

"ഞാന്‍ അത്തിമരച്ചോട്ടിലേക്കു പോവുകയാണ്. നമ്മുടെ സ്നേഹിതനെ ഞാന്‍ ഇങ്ങോട്ട് വിരുന്നിനു വിളിക്കുന്നുണ്ട്. നിനക്കതു സന്തോഷമാകുമല്ലോ?”

മുതലച്ചന്‍ വേഗത്തില്‍ മുന്നോട്ട് നീന്തി. മുതലമ്മയ്ക്ക് ഇതൊന്നും അത്ര വിശ്വാസമായില്ല. താനിന്നലെ കുരങ്ങന്‍ ചേട്ടനെപ്പററി നല്ലതു പറഞ്ഞപ്പോള്‍ അങ്ങേരുടെ മുഖമെന്തിനാ വല്ലാതായത്. അവള്‍ മുറിയില്‍ കയറി അവിടെയെല്ലാം തെരഞ്ഞു. മൂപ്പരുടെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തു തന്നെയുണ്ട്. അവളീ സന്ദേശം ടൈപ്പ് ചെയ്തു. "കുരങ്ങന്‍ ചേട്ടാ, മുതലച്ചന്റെ ട്രാപ്പില്‍ വീഴരുത്. സ്വന്തം മുതലമ്മ.” അത് S.M.S ആയി അപ്പോള്‍ത്തന്നെ അയയ്ക്കുകയും ചെയ്തു.

അല്പസമയം കഴിഞ്ഞു മുതലച്ചന്‍ അത്തിമരച്ചോട്ടിലെത്തി. "ഹൌ ആര്‍ യു " കുരങ്ങനാണ് സംഭാഷണം തുടങ്ങിയത്.

"ഒന്നും പറയേണ്ടെന്റെ ചങ്ങാതീ. നിന്നെ വീട്ടിലേക്ക് ഇതുവരെ ക്ഷണിച്ചില്ലെന്നും പറഞ്ഞ് ഭാര്യ എന്നും വഴക്കാണ്. ഇന്നാണെങ്കില്‍ മക്കളും വീട്ടിലുണ്ട്. വരൂ, നമുക്ക് വീട്ടിലേക്കു പോവാം.”

"അതിനെന്താ, നല്ല സന്തോഷമുള്ള കാര്യമല്ലേ. ഞാന്‍ വരാം. പക്ഷെ....അതിനൊരു നിബന്ധനയുണ്ട്.”

"എന്താ.. എന്താ..?” മുതലച്ചന്‍ ധൃതി കൂട്ടി.

മറ്റൊന്നുമല്ല. ഞാനൊരു ഗണിതപ്രശ്നം ചോദിക്കും. കൂടെ ഒരു സമസ്യയും. പൂരിപ്പിച്ച സമസ്യയും ചോദ്യത്തിന്റെ ഉത്തരവും എനിക്കിഷ്ടപ്പെട്ടാല്‍ മാത്രമേ ഞാന്‍ വരികയുള്ളൂ.

മുതലച്ചന്‍ റിട്ടയേര്‍ഡ് കണക്കു മാഷായതുകൊണ്ട് പസില്‍ എന്നു കേട്ടപ്പോള്‍ വെള്ളത്തില്‍ വാലിട്ടടിച്ചു സന്തോഷം പ്രകടിപ്പിച്ചു. സമസ്യ എന്നുകേട്ടപ്പോള്‍ ഒരു ഓക്കാനം. എന്നാലും പറഞ്ഞു "കേള്‍ക്കട്ടെ"

ഈ അത്തിമരത്തിന് 70 ശിഖരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉണ്ട്. എഴുപതാമത്തെ ശിഖരത്തില്‍ നിന്നും ഒരു വള്ളി താഴേക്കു ഞാന്നു കിടക്കുന്നുണ്ട്. എനിക്ക് ഒരു മിനിട്ടു കൊണ്ട് രണ്ടു ശിഖരം മുകളിലോട്ടു ചാടാം. ഭാര്യയ്ക്കു മിനിട്ടില്‍ ഒരു ശിഖരമേ കയറാന്‍ കഴിയുകയുള്ളൂ. മുകളിലത്തേ കൊമ്പിലെത്തിയാല്‍ വള്ളിയിലൂടെ ഊര്‍ന്നിറങ്ങാന്‍ എനിക്കു പത്തു മിനിട്ടു വേണം. എന്നാല്‍ അക്കാര്യത്തില്‍ അവള്‍ മിടുക്കിയാണ്. അവള്‍ക്ക് താഴെയെത്താന്‍ അഞ്ചു മിനിട്ട് മതി. ഒരിക്കല്‍ ഓടിത്തുടങ്ങിയാല്‍ ഓട്ടം നിര്‍ത്താന്‍ പാടില്ല. തിരിഞ്ഞോടാന്‍ നിയമവുമില്ല. എന്നാല്‍ ഭാര്യ ഇരിക്കുന്ന ശിഖരത്തിലോ തൊട്ടു താഴേയും മുകളിലുമുള്ള ശിഖരങ്ങളിലോ ഞാനെത്തിയാല്‍ അവള്‍ക്കെന്നെ പിടികൂടാം. ഓട്ടം തുടങ്ങുമ്പോള്‍ അവള്‍ ഒന്നാം കൊമ്പിലും ഞാന്‍ രണ്ടാം കൊമ്പിലുമായിരുന്നു.എപ്പോഴാണ് അവള്‍ക്കെന്നെ പിടിക്കാന്‍ കഴിയുക.

മുതലച്ചന്‍ അപ്പോള്‍ത്തന്നെ ഉത്തരം പറയാനുള്ള തിരക്കിലായിരുന്നു. അപ്പോള്‍ കുരങ്ങന്‍ ഇതും കൂടി പറഞ്ഞു. ഞാനൊരു സമസ്യയുടെ കാര്യം പറഞ്ഞില്ലേ. അതു പൂരിപ്പിച്ചാല്‍ മാത്രമേ ഉത്തരം ഞാന്‍ കേള്‍ക്കുകയുള്ളൂ. അതിതാ

…...........................................................

…...........................................................

…...........................................................

ഏറ്റം കുഴക്കരുതൊരാളെയുമീവിധത്തില്‍


പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. പക്ഷെ സമസ്യ പൂരിപ്പിച്ചതിനു ശേഷം മാത്രമേ ഉത്തരം പറയാന്‍ പാടുള്ളൂ. (എത്ര ശ്രമിച്ചിട്ടും സമസ്യ ശരിയായി പൂരിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ചെറിയ കണ്‍സെഷന്‍ തരാം. അവര്‍ കുരങ്ങന് മുതലയോട് ചോദിക്കാന്‍ പററിയ ഒരു ഗണിതപ്രശ്നം തയ്യാറാക്കിയാലും മതി. അതിന്റെ കൂടെ ഇതിന്റെ ഉത്തരവും. ശരി തുടങ്ങിക്കോളൂ.

[ആദ്യം ശരിയുത്തരമയയ്ക്കുന്ന അമ്പതു പേരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന ഒരാള്‍ക്ക് കുട്ടികള്‍ക്ക് കളിക്കാന്‍ സൈബര്‍ ചില്ലകളോടു കൂടിയ ഒരത്തിമര വില്ല. നീന്തിക്കളിക്കാനുള്ള മുതലക്കുളത്തോടൊപ്പം]

Tidak ada komentar:

Posting Komentar