MATHEMATICS

Sabtu, 12 Maret 2011

പരീക്ഷകളിലെ സമയ ഘടകം


എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുന്നോടിയായ പരീക്ഷാഭ്യാസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒന്നര മണിക്കൂര്‍ പരീക്ഷകളും (ഭാഷകള്‍, ഹിന്ദി, ഫിസിക്സ്, കെമിസ്‌റ്റ്രി, ബയോളൊജി) രണ്ടരമണിക്കൂര്‍ പരീക്ഷകളും (സാമൂഹ്യം, ഗണിതം, ഇംഗ്ലീഷ്) ഉണ്ട്. ഐ.ടി എഴുത്ത് പരീക്ഷ ഒരു മണിക്കൂര്‍ മാത്രം. ഈ സമയത്തിനകത്ത് നിന്നുകൊണ്ട് കുട്ടി അവളുടെ പരീക്ഷ എഴുതിത്തീര്‍ക്കണം. ഇതിന്ന് വേണ്ട പരിശീലനം നമ്മുടെ അധ്യാപകര്‍ ക്ലാസ്‌മുറികളില്‍ നല്‍കുന്നുണ്ട്. കൂളോഫ് സമയം ശരിയായി വിനിയോഗിക്കാന്‍ നല്‍കുന്ന പരിശീലനവും പ്രധാനമാണ്. ഏറ്റവും അറിയാവുന്നത് ആദ്യം, അതിനെത്ര സമയം എന്നിങ്ങനെ.സമയഘടകത്തിന്റെ നിയന്ത്രണം കുട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

കുട്ടിക്ക് സമയനിഷ്ഠ ഉണ്ടെങ്കിലും അധ്യാപകന്‍ ഇതെത്രമാത്രം പാലിക്കുന്നു എന്നാരും ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടില്ല. പരീക്ഷാമുറിയുടെ നിയന്ത്രണം അധ്യാപകനായതുകൊണ്ട് സമയനിഷ്ഠ കുട്ടിയുടെ മാത്രം വിഷയമായി ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ഓരോ പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയും സമയത്തിന്റെ കാര്യത്തില്‍ പരാതി ഉള്ളവരുമാകുന്നു.കഴിഞ്ഞ പരീക്ഷയെകുറിച്ച് പരാതിപ്പെട്ടിട്ടെന്തുകാര്യം എന്ന മട്ടില്‍ ഇതൊക്കെയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ബാലശാപങ്ങള്‍ അപരിഹാര്യങ്ങളായി നിലകൊള്ളുന്നു.

പഠിക്കുന്ന കുട്ടിക്ക് എല്ലാ പരീക്ഷയും ഗൌരവമുള്ളതുതന്നെ. നന്നായി പഠിച്ച് ജയിക്കാനുള്ള മോഹവുമായാണ് എല്ലാ കുട്ടിയും പരീക്ഷാ ഹാളില്‍ എത്തുന്നത്. (അലസന്മാരെകുറിച്ച് നാം ചര്‍ച്ചചെയ്യേണ്ടതില്ലല്ലോ) എന്നാല്‍ അധ്യാപകര്‍ കുറേപ്പേരെങ്കിലും പരീക്ഷാഡ്യൂട്ടി ഒരു സൊല്ലയായാണ് കാണുന്നത്.പരീക്ഷ കഴിഞ്ഞുള്ള പേപ്പര്‍ നോക്കല്‍ ഇതിലും വലിയ ബുദ്ധിമുട്ടാണ് പലര്‍ക്കും.എന്നാല്‍ എസ്.എസ്.എല്‍.സി. പേപ്പര്‍ വാല്യുവേഷന്‍ സുഖം. അതിനോടിപ്പിടിച്ചെത്തും. സറണ്ടര്‍ ലീവെന്ന സൌഭാഗ്യം ആകര്‍ഷണം. സ്കൂള്‍ പരീക്ഷാഡ്യൂട്ടിയില്ലെന്ന അറിവ് എപ്പോഴും അധ്യാപകന്ന് സ്വര്‍ഗ്ഗം കിട്ടുന്നപോലെയാണല്ലോ. എന്നാല്‍ അധ്യാപകന്റെ പരീക്ഷാദ്വേഷം കുട്ടിയെ ബാധിക്കുന്നു എന്നാണ് നാം അറിയേണ്ടത്.

ഒരിക്കല്‍ നമ്മുടെ പരീക്ഷാ കമ്മീഷണര്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ ഒരു ചോദ്യം ചോദിച്ചു: എസ്.എസ്.എല്‍.സി. പരീക്ഷക്ക് എപ്പോഴാ ഫസ്റ്റ് ബെല്ല് അടിക്കുക?
ഉത്തരങ്ങള്‍: 1.45/ 1.30/ 1.00/ 1.35/
എപ്പോഴാ സെക്കന്റ് ബെല്ല്?
ഉത്തരങ്ങള്‍: 1.30/1.45/ 1.40….
പരീക്ഷ തുടങ്ങുന്ന ബെല്ല്?
1.30/ 1.45/ 1.50/
ഒരുറപ്പില്ലാത്ത ഉത്തരങ്ങള്‍!

കുട്ടി എപ്പോള്‍ പരീക്ഷ എഴുത്ത് അവസാനിപ്പിക്കണം?

5 മിനുട്ടിന്റെ വാര്‍ണിങ്ങ് ബെല്ല് കേട്ടാല്‍ (എല്ലാരും വ്യക്തമായി തന്നെ പറഞ്ഞു!). എഴുത്തു നിര്‍ത്തി തുന്നിക്കെട്ടണം.
ഇതിത്ര വിശദമാക്കുന്നത് പരീക്ഷാ സമയത്തെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എത്രമാത്രം ബാലിശമാണെന്നുതന്നെയല്ലേ? ഈയൊരു ചര്‍ച്ച നമ്മുടെ അധ്യാപകരുടെ ഇടയില്‍ നടക്കണം. ധാരണകള്‍ ശിശുകേന്ദ്രീകൃതമാക്കണം.

1.45 നാണ് പരീക്ഷ തുടങ്ങുന്നത്. 1.45 നു മുന്‍പ് അധ്യാപകന്‍ പരീക്ഷാഹാളില്‍ എത്തിയിരിക്കണം. ഈ തീരുമാനത്തില്‍ നിന്നു തുടങ്ങണം. 1.45 ആവുമ്പോഴേക്ക് കുട്ടികളുടെ ഹാള്‍ടിക്കറ്റ് പരിശോധന, മെയിന്‍ ആന്‍സര്‍ ഷീറ്റില്‍ വേണ്ട എന്‍‌റ്റ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കല്‍, അറ്റന്‍ഡന്‍സ് വാങ്ങല്‍ (വൈകി വരുന്നവരുടെ കാര്യം അല്ലേ) തുടങ്ങിയ സംഗതികള്‍ പൂര്‍ത്തിയാക്കണം. എല്ലാ ഒരുക്കങ്ങളും തീര്‍ത്ത് 1.45 നു സെക്കന്റ് ബെല്ല് അടിക്കുന്നതോടെ കുട്ടിക്ക് ചോദ്യപ്പേപ്പര്‍ നലകണം. ഇനി 15 മിനുട്ട് കൂള്‍ ഓഫ് സമയം. 2 മണിക്ക് മൂന്നാം ബെല്ല്. പരീക്ഷ എഴുതാന്‍ തുടങ്ങിയിരിക്കണം. പിന്നീട് ഓരോ അര മണിക്കൂറിന്നും ബെല്ല്. പരീക്ഷാ സമയം അവസാനിക്കുന്നതിന്ന് 5 മിനുട്ട് മുന്‍പ് വാണിങ്ങ്ബെല്ല്…ലോങ്ങ്ബെല്ല്.

1.45 മുതല്‍ പരീക്ഷ കഴിയുന്നതുവരെയുള്ള സമയം പൂര്‍ണ്ണമായും കുട്ടിക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ ഇടപെടാനും മറ്റുകാര്യങ്ങള്‍ ചെയ്യിക്കാനും അധ്യാപകന്ന് യാതൊരവകാശവുമില്ല. കുട്ടിക്കാവശ്യമുള്ള അധികപേപ്പര്‍ അവള്‍ക്കടുത്തുചെന്ന് നല്‍കണം. (പലപ്പോഴും കുട്ടികള്‍ മാഷിന്റെ അടുത്തെക്ക് ചെന്ന് പേപ്പര്‍ വാങ്ങുന്നത് പതിവാണ്. ഇതു കുട്ടിയോട് ചെയ്യുന്ന ദ്രോഹമാണ് എന്നാരുപറയാന്‍?) ഓരോ അരമണിക്കൂര്‍ ബെല്ലും കുട്ടി ശ്രദ്ധിക്കുന്നുണ്ട്. 5 മിനുട്ട് മുന്‍പുള്ള വാണിങ്ങ്ബെല്‍ കുട്ടിക്കാണ്. സമയം തീര്‍ന്നാല്‍ ലോങ്ങ്ബെല്ല് ഉണ്ട്. അതുവരെ കുട്ടിക്ക് എഴുതാം. പിന്നീട് ഉത്തരം എഴുതാന്‍ സമ്മതിക്കരുത്. പക്ഷെ , അതുവരെ എഴുതാം. ഇനി പേജ്നമ്പറിട്ട് തുന്നിക്കെട്ടി വാങ്ങാം.

നമ്മുടെ ആളുകള്‍ പലപ്പോഴും 5 മിനുട്ടിന്റെ ബെല്ല് കേട്ടാല്‍ ‘ആള്‍ സ്റ്റാന്‍ഡപ്പ് ‘ എന്ന ഓര്‍ഡര്‍ കൊടുത്ത് എഴുത്ത് നിര്‍ത്തിക്കുന്നു. സമയം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്നതും പതിവ്. ‘ങ്ങാ ഇനി അത്രയൊക്കെ മതി…നിര്‍ത്തിന്‍…‘എന്ന പരിഭ്രമം മാഷേ ആവേശിക്കുന്നു. കുട്ടി എന്നും നിസ്സഹായ. എഴുത്തു നിര്‍ത്തി പേപ്പര്‍ നല്‍കും. ലോങ്ങ്ബെല്ല് അടിക്കുമ്പോഴേക്ക് എല്ലാം വാങ്ങി എണ്ണി ശരിയാക്കി ഓഫീസില്‍ എത്തിയിരിക്കും നമ്മുടെ കര്‍ത്തവ്യ നിരതന്‍.ഹേഡ്മാഷക്കും ഇതൊക്കെ ഒന്നു കെട്ടിവെച്ചു ശരിയാക്കി വേണമല്ലോ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍.

എല്ലാ പരീക്ഷകളിലും നാം ഈ സമയക്രമം പാലിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് വളരെ ഗുണം ചെയ്യും. സാമ്പ്രദായികരീതികള്‍ മാറിയേ തീരൂ എന്നു എല്ലാവരും തീരുമാനിക്കണം. പരീക്ഷ കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന അധ്യായമാണ്. നമുക്കത് വിരസമായ ഒരധ്യായവും. പക്ഷെ, പരീക്ഷ കുട്ടിക്കാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കല്ല. ഇന്ന് രക്ഷിതാക്കള്‍ക്കും ഈ കഥയൊക്കെ അറിയാം. ചര്‍ച്ചകളും അനുഭവങ്ങള്‍ കൈമാറലും നടക്കട്ടെ.

വാര്‍ത്ത: ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാള്‍ ടിക്കറ്റുകള്‍ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവന്‍ പരീക്ഷാര്‍ഥികളും നേരില്‍ വന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാര്‍ത്ത പരീക്ഷയടുക്കുമ്പോള്‍ പതിവാണ്. കുട്ടികള്‍ ഉഷാറായി വന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റുകയും ചെയ്യും. എല്ലാവര്‍ക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവര്‍ക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എല്‍.സി കുട്ടി ‘കുട്ടി’ തന്നെയാണ്. കിട്ടിയ ഹാള്‍ടിക്കറ്റ് വായിച്ചുനോക്കുന്നവര്‍ വളരെ വളരെ കുറവാണല്ലോ. അതില്‍ ആദ്യഭാഗത്ത് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങള്‍ പോലും നേരേ ചൊവ്വെ നോക്കുന്നവര്‍ ഇല്ല. ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റര്‍ നമ്പര്‍ മാത്രം. പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും. ക്ലാസില്‍ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളില്‍ അധ്യാപകര്‍ പറഞ്ഞുകൊടുത്ത ചില സംഗതികള്‍ മാത്രം മനസില്‍ ഉണ്ട്. അതു മാത്രം.

എന്റെ സ്കൂളില്‍ 04-03-2011 നു ഒരു മുഴുവന്‍ ദിവസ പഠനപ്രവര്‍ത്തനമായി ഹാള്‍ടിക്കറ്റ് വിതരണം നടന്നു. ഹാള്‍ടിക്കറ്റ് പോലും ഒരു പഠനോപകരണമാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിച്ചതിന്റെ ഗുണം കുട്ടിക്ക് തീര്‍ച്ചയായും ഉണ്ടാവും എന്നു കരുതുന്നു. പ്രധാനമായും മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനത്തിന്നായി ഹാള്‍ടിക്കറ്റ് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള വായനയും ഉള്ളടക്കം മനസ്സിലാക്കലും അധ്യാപകന്റെ സാന്നിധ്യത്തിലാവുമ്പോള്‍ കുറേകൂടി പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല ഭാഷയുടെ വ്യവഹാരരൂപങ്ങള്‍ കുട്ടി നേരിട്ട് ഒരിക്കല്‍ കൂടി കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നതും ഭാഷാ ക്ലാസില്‍ ഉപകാരപ്പെടും.
  • ഫോറം-പൂരിപ്പിക്കല്‍
  • പ്രൊഫൈല്‍
  • അക്കമിട്ടെഴുതിയ വസ്തുതകള്‍
  • പട്ടിക (ടയിംടേബിള്‍) വ്യാഖ്യാനം
  • നിര്‍ദ്ദേശവാക്യം
  • ചിന്‍ഹനം
  • തര്‍ജ്ജിമ
  • സംക്ഷിപ്തത
  • സമഗ്രത
  • ലഘുവാക്യങ്ങള്‍
  • സങ്കീര്‍ണ്ണ-മഹാവാക്യങ്ങള്‍
  • ഡയറക്ട്-ഇന്‍ഡയറക്റ്റ് വാക്യങ്ങള്‍
  • ഓഫീസ് ഭാഷ- സാധാരണ ഭാഷ
  • പരീക്ഷാ സംബന്ധിയായ പദാവലി
  • പദപ്രയോഗ ഭംഗി

ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഭാഷാപരമായി മാത്രമുള്ളവ കുട്ടിയുമായി സംസാരിക്കുമ്പോള്‍ അവളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും.
ഇതിന്നായി ഞങ്ങള്‍ ചെയ്തത് 20 കുട്ടികള്‍ 2 അധ്യാപകര്‍ എന്ന നിലയില്‍ ചെറിയ ഗ്രൂപ്പുകളാക്കി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒന്നോ രണ്ടോ പേരും. ഹാള്‍ടിക്കറ്റ്, ഉത്തരമെഴുതാനുള്ള മെയിന്‍ ആന്‍സര്‍ ബുക്ക്, അഡീഷനല്‍ ആന്‍സര്‍പേപ്പര്‍ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു. കുട്ടികളോടൊപ്പം ഹാള്‍ടിക്കറ്റ് വായിക്കല്‍, പരിശോധന-(തെറ്റുകള്‍) എന്നിവ നടന്നു. ഹാള്‍ടിക്കറ്റുകള്‍ അധ്യാപകര്‍ പോലും ആദ്യമായിട്ടാണ് പൂര്‍ണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു.

ഇതു സൂചിപ്പിക്കുന്നത് ഹാള്‍ടിക്കറ്റുകള്‍ വിതരണം ചെയ്യലല്ല മറിച്ച് അതൊരു പഠനോപകരണമാക്കുകയാണ് ചെയ്യേണ്ടതെന്ന സമാന്യ ധാരണ ഉണ്ടാക്കുകയായിരുന്നു. പുല്ലുപോലും ആയുധമാക്കാനുള്ള വല്ലഭത്വം മാഷക്ക് ഉണ്ടാവട്ടെ.
ഒറ്റനോട്ടത്തില്‍
പരീക്ഷക്കിറങ്ങും മുന്‍പ് പാഠഭാഗങ്ങളും ചോദ്യരീതികളും ഒരിക്കല്‍ കൂടി ഒന്നു നോക്കിക്കൊള്ളണം. പിന്നെ, ശാന്തമായ മനസ്സോടെ പരീക്ഷാഹാളിലെത്തൂ.എല്ലാം എഴുതാന്‍ പറ്റും.ഉയര്‍ന്ന വിജയം നിശ്ചയം.
യൂണിറ്റുകളിലൂടെ

യൂണിറ്റ്

ഉള്ളടക്കം
1
പ്രാചീന കവിത്രയം (ചെറുശേരി,എഴുത്തഛന്‍, നമ്പ്യാര്‍) പരിചയം/ യശോദയും നന്ദഗോപനും വളരെക്കാലത്തിനു ശേഷം മകനെ (ശ്രീകൃഷ്ണനെ) കാണുന്നു.കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മുഴുകുന്ന അവര്‍ സ്വര്‍ഗ്ഗീയമായ ആനന്ദം അനുഭവിക്കുന്നു/ എഴുത്തഛന്റെ ഭാഷ,സാഹിത്യ സംഭാവനകള്‍/ നമ്പ്യാര്‍ക്കവിതകളിലെ സവിശേഷതകള്‍. മാനുഷികമൂല്യങ്ങളും ധാര്‍മ്മികതയും പരിപോഷിപ്പിക്കപ്പെടുന്നു.

2
യാത്രാവിവരണം/ ആത്മകഥ/ ഓര്‍മ്മക്കുറിപ്പ്. യാത്രാവിവരണം (മുണ്ടശേരി) സാഹിത്യ, സാംസ്കാരിക, ചരിത്ര പഠനംകൂടിയാവുന്നു/ ആത്മകഥ (എം.ആര്‍.ബി) സാമൂഹ്യമാറ്റത്തിന്റെ ചരിത്ര രേഖയായി മാറുന്നു/ ഓര്‍മ്മക്കുറിപ്പ് (തിക്കൊടിയന്‍) നാടകമെന്ന കലാരൂപത്തിന്റെ വികാസരേഖയായി ത്തീരുന്നു. പോയകാലത്തിന്റെ മനോഹാരിതകളും അതില്‍നിന്നും നാം വളര്‍ന്ന ചരിത്രഗതിയും സൂചിപ്പിക്കുന്നു.


3
മൂന്നും സ്നേഹഗാഥകള്‍. പ്രകൃതിസ്നേഹം മനുഷ്യജീവിതഭാഗമാവേണ്ടതിന്റെ ആവശ്യകത/ മാതൃസ്നേഹം, കുടുംബം/ ദയാശൂന്യമായ ഈ ലോകം കാരുണ്യപൂര്‍ണ്ണമാവാനുള്ള ആഗ്രഹം, പ്രതീക്ഷ.


4
ദൃശ്യകലകള്‍ /മൂന്നും കലി ഭാവം- കഥകളിയില്‍ കലി-നാടകത്തില്‍ പണ്ഡിതന്മരുടെ കലിത്വം/ സിനിമാസംവിധായകന്റെ അപ്രമാദിത്വം (എന്ന കലി ! )/ കലി-ആഗ്രഹം നടക്കാത്തതിലെ കലി/ നാടകത്തില്‍ ആഗ്രഹം നടന്നതിലെ പുലിവാല്/
സിനിമയെന്ന കലാരൂപത്തെ അടിമുടി പഠിക്കുന്നു/ പുത്തന്‍ നാടകാനുഭവം (നാടകത്തില്‍)
വിഭിന്നകലകളുടെ സാങ്കേതികതകള്‍ (അഭിനയം, വേഷം, സംഭാഷണം….)/ ..


5
ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ (ത്രിമൂര്‍ത്തികള്‍)/ വ്യത്യസ്ത കാവ്യശൈലി/ പ്രണയം/ദേശസ്നേഹം/ മാനവികത/…(സ്നേഹത്തിന്റെ ഭിന്ന മുഖങ്ങള്‍ തന്നെ)
നളിനി,മറിയം: രണ്ടുപ്രാര്‍ഥനകള്‍/ പൌരാണികതയില്‍ ഊന്നിയുള്ള ഭാഷണത്തിലൂടെ സമകലികമായ പതര്‍ച്ചകളില്‍ നിന്നു കരകയറാനുള്ള ഊര്‍ജം പകരല്‍/
കഥാപാത്രങ്ങളുടെ സമാനത: യേശുകൃസ്തു, ശ്രീകൃഷണന്‍, യതി (ദിവാകരന്‍)

ഇന്നത്തെ ചോദ്യപേപ്പര്‍ ഇതാ..
എസ്എസ്എല്‍സി മലയാളം പേജ് 1
എസ്എസ്എല്‍സി മലയാളം പേജ് 2
എസ്എസ്എല്‍സി മലയാളം പേജ് 3
എസ്എസ്എല്‍സി മലയാളം പേജ് 4

Tidak ada komentar:

Posting Komentar