MATHEMATICS

Kamis, 10 Februari 2011

ഇങ്ക് ജറ്റ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം

ഐസിടി പദ്ധതി പ്രകാരം സ്കൂളുകളില്‍ വിതരണം ചെയ്യപ്പെട്ട ഇങ്ക്ജെറ്റ് പ്രിന്ററുകള്‍ (F2488) പലതും ഇപ്പോള്‍ മഷി കഴിഞ്ഞ് മൂലക്കിരിക്കുകയോ അതല്ലെങ്കില്‍ സ്കാനര്‍ എന്ന രീതിയില്‍ മാത്രം ഉപയോഗിക്കുകയോ ചെയ്യുകയാണ്. എന്നാല്‍ ഈ പ്രിന്ററുകള്‍ ഒരു പക്ഷേ, ലേസര്‍ പ്രിന്ററുകളേക്കാള്‍ ലാഭകരമായി ഉപയോഗിക്കാനാകും. ഇതിലെ കാട്രിഡ്ജില്‍ മഷി നിറക്കുകയാണ് വിദ്യ. ചിലപ്പോള്‍ കുറെയധികം എസ് ഐ ടി സി മാര്‍ക്ക് മഷി നിറക്കാന്‍ അറിയാമായിരിക്കും, അവര്‍ക്കു വേണ്ടി ഈ തരികിട മാര്‍ഗം ഞാന്‍ പറഞ്ഞിട്ടേയില്ല! (അല്ലാത്തവരും ഉള്ളതു കൊണ്ടാണല്ലോ കുറെയെണ്ണം ഉപയോഗിക്കാതിരിക്കുന്നത്.)


1.ഓഫായി ഇരിക്കുന്ന പ്രിന്ററില്‍ നിന്ന് കാട്രിഡ്ജ് ഊരിയെടുക്കുക. ഇത് സാധാരണ ഗതിയില്‍ 818 നമ്പരുള്ളതായിരിക്കും. വിപണിയില്‍ ഇതിന്റെ ഒറിജിനല്‍ എന്നു പറയപ്പെടുന്നതിന് 850 രൂപയ്ക്കടുത്ത് വിലയുണ്ട്. പക്ഷേ, ഇതിന്റെ തന്നെ കോംപാറ്റിബ്ള്‍ സെക്കന്റും കിട്ടും. വില 450 – 500 രൂപ. നമ്മുടെ ആവശ്യത്തിന് ഇതു ധാരാളം മതിയാകും. ഈ കാട്രിഡ്ജിനു മുകളിലുള്ള സ്റ്റിക്കര്‍ പറിച്ചു മാറ്റുക. ഇപ്പോള്‍ മഷിനിറക്കാനുള്ള ദ്വാരം കാണും.
2.ഇനി മഷി വേണം. BKP 80 നമ്പരുള്ള OCP മഷിയാണ് നമുക്ക് വേണ്ടത്. ഒരു കുപ്പി മഷികൊണ്ട് ആയിരക്കണക്കിന് കോപ്പികള്‍ പ്രിന്റ് ചെയ്തെടുക്കാം. വില കുപ്പിക്ക് 150 – 200 രൂപ.

3.ഇനി വേണ്ടത് ഒരു 20 ml സിറിഞ്ചാണ്. ഈ സിറിഞ്ചില്‍ കുപ്പിയില്‍ നിന്ന് ഉദ്ദേശം 10 ml മഷി എടുക്കുക. സിറിഞ്ചില്‍ വായു കുമിളകളുണ്ടെങ്കില്‍ നെഴ്സുമാര്‍ ചെയ്യുന്നതു പോലെ പിസ്റ്റണ്‍ അമര്‍ത്തി പുറത്തു കളയുക. കാട്രിഡ്ജില്‍ 10 ml ല്‍ കൂടുതല്‍ നിറക്കാനാകും. പക്ഷേ, മഷി വളരെ കൂടുതല്‍ ഒഴിച്ച് പുറത്ത് ഒഴുകുന്ന അവസ്ഥയുണ്ടാകുന്നത് അപകടമാണ്. മഷി കയ്യിലുണ്ടെങ്കില്‍ നമുക്ക് പറ്റെ തീരുന്നതിനു മുന്‍പു തന്നെ ഇടക്കിടക്ക് ഒഴിച്ചു കൊടുക്കാമല്ലോ.

4.കാട്രിജിനകത്ത് ഒരു സ്പോഞ്ജാണുള്ളത്. സിറിഞ്ചിന്റെ സൂചി പതുക്കെ ഇതിലേക്ക് കുറച്ചു മാത്രം താഴ്ത്തി മഷി 10 ml അതിലേക്ക് വീഴ്ത്തുക. സൂചി സ്പോഞ്ചില്‍ തട്ടിയാല്‍ നമുക്ക് അറിയാന്‍ സാധിക്കുമല്ലോ. കൂടുതല്‍ താഴ്ത്തരുത്.

5.ഇനി ഈ ദ്വാരത്തില്‍ ഒരു സെല്ലോടേപ്പ് ഒട്ടിക്കാം. കാട്രിഡ്ജ് തിരിച്ചു വെച്ചു സ്റ്റാര്‍ട്ടു ചെയ്തു പ്രിന്റിങ് തുടങ്ങിക്കോളൂ. വായു കുമിളകളുണ്ട് എന്നു തോന്നിയാല്‍ ദ്വാരത്തില്‍, മഷി താഴെ ഹെഡില്‍ കുറച്ചു കിനിഞ്ഞു വരത്തക്കവിധം വായമര്‍ത്തി ഊതുക. അതു കഴിഞ്ഞ് മഷി കട്ട പിടിച്ച് ഇരിക്കാത്തവിധം ഹെഡ് നന്നായി ക്ലീന്‍ ചെയ്യണം. തുടര്‍ന്നുപയോഗിക്കാന്‍ സിറിഞ്ച് മഷി കട്ട കെട്ടാതെ സൂക്ഷിച്ചു വെക്കണം.

കടപ്പാട് : എനിക്ക് ഈ വിദ്യ വിശദമായി ഡെമോ ചെയ്തു തന്നെ വേങ്ങൂര്‍ ഹൈസ്കൂളിലെ അജിത്ത് മാസ്റ്റര്‍ക്ക്.
അനുബന്ധം:
ലേസര്‍ ജെറ്റ് പ്രിന്ററുകള്‍ 3000 പേജുകള്‍ കഴിഞ്ഞ് പ്രിന്റെടുക്കാന്‍ കഴിയാതെ ബ്ലോക്കായിരിക്കുന്നതും നമുക്ക് എളുപ്പത്തില്‍ ശരിയാക്കിയെടുക്കാം.

1.വിന്‍ഡോസ് ഉള്ള ഒരു സിസ്റ്റത്തില്‍ പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
2.ഇനി മാത്സ് ബ്ലോഗിന്റെ ഡൗണ്‍ലോഡ്സില്‍ നിന്നും ഇതു സംബന്ധിച്ച ഫോള്‍ഡര്‍ എടുക്കുക. ഇതിലെ ഉള്ളടക്കം മാത്രം വിന്‍ഡോസ് ഡെസ്ക്ക്ടോപ്പില്‍ പേസ്റ്റു ചെയ്തു അതിലുള്ള .dat ഫയലിനെ .exe ആയി പുനര്‍നാമകരണം ചെയ്യുക.
3.ഇനി ഈ ഫയലുകളുടെ കൂടെയുള്ള നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ഒരു തവണ വായിച്ചു കഴിഞ്ഞ ശേഷം മാത്രം ഓരോന്നായി ചെയ്തു നോക്കുക. പതുക്കെ എന്നതു മറക്കരുത്. വിജയിക്കും തീര്‍ച്ച. ഹോ, കഴിഞ്ഞതോ കഴിഞ്ഞു, ഇനി ഒരു തവണ കൂടെ വിന്‍ഡോസ് ഉപയോഗിക്കാതിരിക്കുക. ആ സിസ്റ്റം ഫോര്‍മാറ്റു ചെയ്തു ശുദ്ധി വരുത്തിയാല്‍ വളരെ നന്നായി.
പ്രദീപ് മാട്ടറ

Tidak ada komentar:

Posting Komentar