MATHEMATICS

Selasa, 13 Maret 2012

ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ ഇനിയും അവസരമുണ്ട്. അതിനായി മാതൃകാ ചോദ്യപേപ്പറിന്റെ ഘടന നമുക്കൊന്ന് വിലയിരുത്തി നോക്കാം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. ചോദ്യപേപ്പറിനെ ആധാരമാക്കി ഇതോടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം വിശകലനങ്ങളും ഉത്തരസൂചികയും നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പറിനെ മൂന്ന് ഖണ്ഡങ്ങളായി തിരിച്ചതാണ് പ്രധാന മാറ്റം. ആദ്യ ഖണ്ഡത്തില്‍ (खंड-क) സംഭവങ്ങളെ ക്രമപ്പെടുത്തുക, ശരിയായ പാരിഭാഷിക ശബ്ദങ്ങളെ ചേര്‍ത്തെഴുതുക, പാഠഭാഗത്ത് പരിചയപ്പെട്ട ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത തിരഞ്ഞെടുത്തെഴുതി, അത് തിരഞ്ഞടുക്കാനുണ്ടായ കാരണം പാഠഭാഗത്തെ ആസ്പദമാക്കി വ്യക്തമാക്കുക എന്നിവയോടൊപ്പം വിശേഷണാത്മക ചോദ്യങ്ങളും വിവിധ വ്യവഹാരരൂപങ്ങള്‍ (Discourses) രൂപപ്പെടുത്താനുമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠപുസ്തകം നന്നായി പരിചയിച്ചിട്ടുള്ളവര്‍ക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എളുപ്പമായിരിക്കും. ഈ ചോദ്യമാതൃകയിലെ മുഴുവന്‍ സ്കോറും അനായാസം വാങ്ങാവുന്ന ചോദ്യങ്ങളും ഇവതന്നെ. വിശേഷണാത്മകചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ ചോദ്യങ്ങള്‍ ശരിയായി വായിച്ചുള്‍ക്കൊള്ളുക എന്നത് വളരെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ? വിശേഷത തിരഞ്ഞടുക്കല്‍/സ്വന്തം അഭിപ്രായം രേഖപ്പെടുത്തല്‍ എന്നിവയ്ക്കൊപ്പം അതിന്റെ കാരണം/സാഹചര്യം/തെളിവ് കൂടി വ്യക്തമാക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകുന്നു. ഭാഷാവതരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ തിരഞ്ഞടുപ്പിനുള്ള അവസരം നല്കിയിട്ടുണ്ട്. ഒരു ഗ്രൂപ്പിലെ രണ്ട് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ചോദ്യത്തിനും രണ്ടാമത്തെ ഗ്രൂപ്പിലെ മൂന്ന് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയാല്‍ മതിയാകും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ പലരും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നതായി മുന്‍വര്‍ഷങ്ങളില്‍ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. പിന്നീട് മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടിയില്ല എന്നു വിഷമിച്ചിട്ട് കാര്യമില്ല. മാത്രമല്ല മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ഇത്തരത്തില്‍ ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യമെഴുതിയ ചോദ്യങ്ങളായിരിക്കും മുല്യനിര്‍ണ്ണയം ചെയ്യപ്പെടുവാന്‍ സാദ്ധ്യത കൂടുതല്‍! (നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതണം എന്നു പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?) കത്ത്, ഡയറി, സംഭാഷണം, അഭിമുഖത്തിനാവശ്യമായ ചോദ്യാവലി, ജീവചരിത്രം, അത്മകഥാംശം, പത്രവാര്‍ത്ത എന്നിവയിലേതെങ്കിലും തയ്യാറാക്കാനാവശ്യപ്പെടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കണം. 4 സ്കോറാണ് ഈ ചോദ്യങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.

ഖണ്ഡം രണ്ടില്‍(खंड-ख)ഉള്ള ചോദ്യങ്ങള്‍ പൊതുവെ നേരിട്ട് പാഠപുസ്തകവുമായി ബന്ധമില്ലാത്തവയാണ് എന്നു പറയാം. ഇവിടെ ഒരു കവിത തന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍, പോസ്റ്ററും അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ എന്നിവയുണ്ടാകാം. കവിത മുന്‍പ് പഠിച്ചിട്ടില്ലാത്തതാകാനാണ് സാധ്യത കൂടുതല്‍. എങ്കിലും 8,9,10 ക്ലാസ്സുകളില്‍ മികച്ച കവിതകള്‍ക്ക് ആസ്വാദനക്കുറിപ്പു തയ്യാറാക്കിയ പരിചയവുമായെത്തുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ കഴിയും. കവിതയെക്കുറിച്ചുള്ള ആദ്യ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ കവിതയുടെ ആശയം മനസ്സിലാക്കിയോ എന്ന് പരിശോധിക്കാനുള്ളവയായിരിക്കും. തുടര്‍ന്നു വരുന്ന കവിതയുടെ ഭാവം എഴുതാനുള്ള ചോദ്യത്തിന് ഉത്തരം തയ്യാറാക്കാന്‍ ഈ ചോദ്യങ്ങള്‍ അടിത്തറയൊരുക്കും. കവിതയെ വിശേഷണം ചെയ്ത് ഭാവം എഴുതാന്‍ 2 സ്കോറാണ് നല്കിയിട്ടുള്ളത്. പോസ്റ്ററും, അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ നമുക്ക് പരിചിതമായ മേഖലകളുമായി ബന്ധപ്പെടുത്തിയാവും ചോദിക്കുക. ഉദാഹരണമായി സ്കൂളില്‍ നടക്കാന്‍ പോകുന്ന സെമിനാറിനെപ്പറ്റി പ്രഥമാധ്യാപകന്‍ നല്കുന്ന അറിയിപ്പ്. പാഠപുസ്തകത്തില്‍ സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ടുവരുന്ന അറിയിപ്പുകള്‍ തയ്യാറാക്കല്‍ ഒരു തുടര്‍ പ്രവര്‍ത്തനമായി നല്കിയിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? ആ പ്രവര്‍ത്തനത്തിലൂടെ കടന്നു പോന്നിട്ടുള്ളവര്‍ക്ക് ഈ ചോദ്യം എളുപ്പമായിരിക്കുമെന്ന് തീര്‍ച്ച.

മൂന്നാംഖണ്ഡം(खंड-ख) വ്യാകരണ ചോദ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. തെറ്റുതിരുത്തല്‍ (editing), വാക്യങ്ങളെ യോജിപ്പിച്ച് ഒറ്റ വാക്യമാക്കല്‍,ഉചിതമായ യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ഒന്നിപ്പിക്കല്‍,ഉചിതമായ വിരാമചിഹ്നങ്ങള്‍ ചേര്‍ക്കല്‍,അനുയോജ്യമായ വിശേഷണങ്ങള്‍ ചേര്‍ത്തെഴുതി വാക്യത്തെ/വാക്യങ്ങളെ പുനര്‍ലേഖനം ചെയ്യല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍
ചോദ്യപേപ്പറിലെ സാമാന്യ നിര്‍ദ്ദേശങ്ങള്‍ കുട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. തിരഞ്ഞെടുക്കാവുന്ന(choices) ചോദ്യങ്ങളെക്കുറിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഈ ചോദ്യങ്ങള്‍ വ്യത്യസ്ത ചോദ്യനമ്പറുകളിലാണുള്ളത്. അങ്ങനെയായാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്ന ഒന്നാമത്തെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ല എന്നു സാരം. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിശ്ചിത ചോദ്യനമ്പരുകളില്‍ നിന്ന് ഇത്ര എണ്ണം ചോദ്യങ്ങല്‍ തിരഞ്ഞടുക്കണമെന്നുള്ള നിര്‍ദ്ദേശം നല്കിയിരുന്നങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

ഇപ്പോഴിത്രമാത്രം ഓര്‍ക്കുക- നമ്മുടെ മുന്നിലുള്ള ചോദ്യമാതൃകയില്‍ ആകെ 20 ചോദ്യങ്ങളാണുള്ളത്.7,8 ചോദ്യനമ്പരുകളില്‍ നിന്ന് ഒന്നും 9,10,11 ചോദ്യനമ്പരുകളില്‍ നിന്ന് രണ്ടും ചോദ്യങ്ങള്‍ തിരഞ്ഞടുക്കാന്‍ അനുവാദമുണ്ട്. അപ്പോള്‍ ഫലത്തില്‍ ആകെ 18 ചോദ്യങ്ങള്‍ക്കേ ഉത്തരം എഴുതേണ്ടതുള്ളു. SSLC അവസാനവട്ട പരീക്ഷക്ക് ഈ ചോദ്യനമ്പരുകള്‍ തന്നെ തിരഞ്ഞെടുക്കാവുന്ന(choices)ചോദ്യങ്ങളായി വരികയോ വരാതിരിക്കുകയോ ചെയ്യാം എന്നോര്‍ക്കുക.ആയതിനാല്‍ ഓരോ ചോദ്യത്തോടൊപ്പവുമുള്ള നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കിത്തന്നെ ഉത്തരമെഴുതണം

ഇത്രയേ കാര്യമുള്ളു എന്ന് മനസ്സിലായില്ലേ? ഇതാ ഇവിടെ ഒരു ചോദ്യപേപ്പര്‍ കൂടിയുണ്ട്. ഉത്തരമെഴുതിയ ശേഷം മൂല്യനിര്‍ണ്ണയത്തിനായി വിശദമായ ഒരു ഉത്തര സൂചികയും. പത്താം ക്ലാസ്സിലെ ഹിന്ദി പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണ കിട്ടാ‌ന്‍ ഈ പോസ്റ്റ് സഹായകമാകും എന്നു കരുതുന്നു. നമ്മുടെ സുമനസ്സുകളും ശ്രേഷ്ഠരുമായ സുഹൃത്തുക്കളോട് കമന്റുകളിലൂടെ ഇതിലിടപെട്ട് പിശകുകളും കുറവുകളും പരിഹരിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നേര്‍വഴികാട്ടാന്‍ അഭ്യര്‍ത്ഥിക്കുന്നു. മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പറും വിശകലനവും ചര്‍ച്ച ചെയ്ത് പരമാവധി കുറ്റമറ്റതാക്കാന്‍ സഹായിച്ച മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജയദീപ് മാഷിനോടുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്താതെ വയ്യ. സോമശേഖരന്‍ സാര്‍ ഹിന്ദിസഭ എന്ന ബ്ലോഗിന്റെ ശില്പി കൂടിയാണ്.

SSLC Hindi Model Question Paper (Prepared By G.Somasekharan,G.H.S.S.Sadanandapuram, Kottarakkara)

Hindi Answer Key

Social Science Time Line (Prepared By Kiran Baby, Ex.Guest Teacher, Govt Palace HS Tripunithura/Govt HSS Chottanikkara)

Chemistry SSLC Help (Noushad, Freelance Teacher, Parappanangadi, Malappuram)

Click here to Download the IT Theory Notes IT Practical Notes (Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)

Tidak ada komentar:

Posting Komentar