MATHEMATICS

Jumat, 22 April 2011

അജ്മലും അവന്റെയൊരു ഡെല്ലും..!


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ 'ഡെല്‍ ഇന്‍സ്പിരോണ്‍' ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ 'വിന്റോസ് 7' ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നുമാത്രമല്ലാ, കൂടുതല്‍ സ്ലോ ആകുകയും ചെയ്തു. അപ്പോഴാണ് ആരോ പറഞ്ഞ് ലിനക്സിന്റേയും ഉബുണ്ടുവിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയത്. ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട പഠന ഫയലുകളൊന്നും നഷ്ടപ്പെടുത്താതെ, വിന്റോസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരണമെന്ന മിനിമം ആവശ്യമേ മരുമകന്‍ കൂടിയായ അവനുള്ളൂ..!

അതിനെന്താ പ്രയാസം? കഴിഞ്ഞ ആറേഴു കൊല്ലങ്ങളായി എത്രയെത്ര സിസ്റ്റങ്ങളില്‍ ഞാനിത് ചെയ്തിരിക്കുന്നു! എങ്കിലും, ഒരു മുന്‍കരുതലെന്ന നിലയില്‍ ആദ്യം അവന്റെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരു എക്സ്ടേണല്‍ ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തിവെച്ചു. ഐടി@സ്കൂളിനു വേണ്ടി മലപ്പുറത്തെ ഹക്കീം മാസ്റ്റര്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വേര്‍ഷനടങ്ങിയ പെന്‍ ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്ത് പണിയാരംഭിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ 25 മിനിറ്റുകൊണ്ട് സംഗതി റെഡി! ബൂട്ട് ചെയ്ത് വന്ന ഉബുണ്ടുവിന്റെ അപ്ലിക്കേഷനുകളൊന്നൊന്നായെടുത്ത് ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി. ഇനി, തന്റെ വിന്റോസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ സിസ്റ്റം റീബൂട്ട് ചെയ്തു. പടച്ചോനേ..! ബൂട്ട് ചെയ്ത് വന്ന് നില്ക്കുന്നത് .no module found.അജ്മലിന്റെ മുഖത്തെ പ്രസന്നത മാഞ്ഞു, എന്റേയും. എന്താ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഒരിക്കല്‍ കൂടി ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. ഇന്‍സ്റ്റലേഷനു ശേഷം ഇത്തവണ ബൂട്ടു ചെയ്ത് നേരെ വിന്റോസില്‍ കയറി. ഹാവൂ, കുഴപ്പമൊന്നുമില്ല! എന്നാല്‍ തിരിച്ചിറങ്ങി റീബൂട്ടില്‍ വീണ്ടും .no module found.

ആദ്യം വിളിച്ചത് ശ്രീനാഥിനെ. ബയോസില്‍ ചില്ലറ മിനുക്കു പണികള്‍ പറഞ്ഞുതന്നത് പരീക്ഷിച്ചു, രക്ഷയില്ല. പിന്നീട് വിളിച്ച ഹസൈനാര്‍ മാഷാണ് ചില സൂചനകള്‍ തന്നത്. പുതുതായിറങ്ങുന്ന ചില കമ്പനി ലാപ്​ടോപുകാരുടെ പോക്രിത്തരം! തങ്ങള്‍ തന്നിരിക്കുന്ന വിന്റോസിനോടൊപ്പം മറ്റു ഓപറേറ്റിങ് സിസ്റ്റങ്ങളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ഏതോ പ്രോഗ്രാമുകള്‍ വിന്യസിച്ചിരിക്കുമത്ര! ഓരോ റീസ്റ്റാര്‍ട്ടിലും അവന്‍ MBR (മാസ്റ്റര്‍ ബൂട്ട് റെക്കോഡ്)മാറ്റിയെഴുതും!!

എന്നാല്‍ അതൊന്നു കണ്ടുപിടിക്കണമല്ലോ..! അരദിവസം മുഴുവന്‍ കുത്തിയിരുന്നു. ഉബുണ്ടു ഫോറം പരതി. ഗ്രബ് മാത്രം റീ ഇന്‍സ്റ്റാള്‍ ചെയ്ത് വിന്റോസില്‍ കയറി നോക്കി. മുഴുവന്‍ പ്രോഗ്രാമുകളുടേയും കൂട്ടത്തില്‍ ഡെല്‍ സ്പെഷ്യല്‍ മൂന്നെണ്ണം, അണ്‍ ഇന്‍സ്റ്റാള്‍ വഴി കളഞ്ഞൂ മൂന്നും. വീണ്ടും ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്തു.

(ഗ്രബ് Re-install ചെയ്യാനായി ഹസൈനാര്‍ മങ്കട സാറിന്റെ പഴയൊരു പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്,,...........
ഉബുണ്ടു സി.ഡി. ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. Try Ubuntu ഉപയോഗിച്ച് ലൈവ് ആയി ബൂട്ട് ചെയ്ത് Desktop ലെത്തുക. ഇനി ഉബുണ്ടു/ഗ്രബ് നഷ്ടപ്പെട്ട OS ന്റെ റൂട്ട് പാര്‍ട്ടീഷ്യന്‍ ഏതെന്ന് മനസ്സിലാക്കുക. അതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
OR
sudo blkid

sudo fdisk -l എന്ന കമാന്റിന് താഴെയുള്ള രീതിയില്‍ റിസള്‍ട്ട് ലഭിക്കുന്നു.

/dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
/dev/sda2 1977 9729 62275972+ f W95 Ext'd (LBA)
/dev/sda5 1977 3800 14651248+ b W95 FAT32
/dev/sda6 3801 5546 14024713+ b W95 FAT32
/dev/sda7 5547 5801 2048256 82 Linux swap / Solaris
/dev/sda8 5802 9729 31551628+ 83 Linux

ഇതില്‍ നിന്നും size ലൂടെ പാര്‍ട്ടീഷ്യന്‍ തിരിച്ചറിയാം. റൂട്ട് പാര്‍ട്ടീഷ്യന്‍ sda8 ആണെന്നിരിക്കട്ടെ.. ഈ പാര്‍ട്ടീഷ്യനെ ലൈവ് സി.ഡി യുടെ ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡറിലേക്ക് താഴെയുള്ള കമാന്റിലൂടെ മൗണ്ട് ചെയ്യിക്കുക.

sudo mount /dev/sda8 /mnt
ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡര്‍ തുറന്ന് മൗണ്ട് ചെയ്തിരിക്കുന്നത് ശരിയായ പാര്‍ട്ടീഷ്യന്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇനി ഫയല്‍ സിസ്റ്റത്തിലെ(ലൈവ്) dev,proc,sys എന്നിവയേയും താഴെയുള്ള കമാന്റിലൂടെ ഓരോന്നായി mnt എന്ന ഫോള്‍ഡറിലേക്ക് മൗണ്ട് ചെയ്യിക്കാം.
sudo mount --bind /dev /mnt/dev
sudo mount --bind /proc /mnt/proc
sudo mount --bind /sys /mnt/sys

ഇപ്പോള്‍ mnt എന്ന ഫോള്‍ഡറില്‍ ഒരു ചെറിയ 'വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം' തയ്യാറായി. പ്രസ്തുത ഫയല്‍ സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജോടെ (chroot)പ്രവേശിക്കാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കുക.
sudo chroot /mnt

ശേഷം ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ഉപയോഗിക്കാം.ഇവിടെ sudo ആവശ്യമില്ല.
grub-install --recheck /dev/sda (sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു)

Ctrl+D അമര്‍ത്തി chroot നെ ക്സോസ് ചെയ്യാം.ഇനി മൗണ്ട് ചെയ്ത എല്ലാ ഫോള്‍ഡറുകളേയും unmount ചെയ്യിക്കാം.
sudo umount /mnt/dev
sudo umount /mnt/sys
sudo umount /mnt/proc
sudo umount /mnt
സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot)
ഭാഗ്യം സംഗതി റെഡി!
പിന്‍കുറിപ്പ്:
ഡെല്ലിന്റേതില്‍ മാത്രമല്ലാ, സോണി വയോ, ഏസര്‍,...തുടങ്ങിയവകളിലും ഈ പ്രശ്നമുണ്ട്. ഇന്‍സ്റ്റലേഷനു മുമ്പ് വിന്റോസില്‍ കയറി കുഴപ്പക്കാരെ പുറത്താക്കിയാല്‍ പിന്നെ യാതൊരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ വെച്ച് ഹക്കീം മാഷോട് ഈ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഇതൊരു പോസ്റ്റാക്കണമെന്നും ധാരാളം പേര്‍ക്ക് ഉപകാരപ്പെടുമെന്നും പറഞ്ഞത്. സാങ്കേതികമായി വലിയ ധാരണകളൊന്നുമില്ലാത്തതിനാല്‍ പോസ്റ്റിലുള്ള പിശകുകള്‍ അറിവുള്ളവര്‍ കമന്റുവഴി തിരുത്തണം. ഇതുപോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും വേണം.

Tidak ada komentar:

Posting Komentar