MATHEMATICS

Tampilkan postingan dengan label General. Tampilkan semua postingan
Tampilkan postingan dengan label General. Tampilkan semua postingan

Sabtu, 30 Maret 2013

UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Sabtu, 12 Januari 2013

വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

"ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.

1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ്‌ മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഗ്രേസ്‌ മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ്‌ മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.

ഗ്രേസ്‌ മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

വിനയപൂര്‍വ്വം,
മധുമാസ്റ്റര്‍
നിര്‍മ്മല ഹൈസ്കൂള്‍,
കബനിഗിരി.
വയനാട്.


കോപ്പികള്‍ അയക്കുന്നത് :
ബഹു : കേരളാ മുഖ്യമന്ത്രി.
ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ബഹു : പരീക്ഷാ സെക്രട്ടറി
എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്


Minggu, 30 September 2012

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍

Sabtu, 19 Mei 2012

അര്‍ഹര്‍ക്ക് 'അക്ഷയ' തുണ..!

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന, പ്ലസ് ടു വിന് ശേഷവും മികച്ച നിലവാരം തുടരുന്നുണ്ടെങ്കില്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.

ഇന്‍ഫോസിസ് സിഇഒ ശ്രീ ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അക്ഷയ സ്കോളര്‍ഷിപ്പ്, 2011-12 അധ്യയനവര്‍ഷം എസ് എസ് എല്‍ സിയ്ക്ക് എ+, എ ഗ്രേഡുകള്‍ കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പായി 4000 രൂപാവീതം ലഭിയ്ക്കും. ആ കുട്ടികള്‍ക്ക് പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിയ്ക്കുകയാണെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് സാമാന്യം വലിയ തുക വര്‍ഷം തോറും ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഈ സ്കോളര്‍ഷിപ്പിന്റെ പ്രത്യേകത.
അപേക്ഷിക്കേണ്ട വിധം
ഈ വെബ്​സൈറ്റിലെ Register New Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Username, Password, email id എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. (അപേക്ഷക(ന്)യ്ക്ക് സ്വന്തമായി ഇ മെയില്‍ ഐഡി വേണം, കേട്ടോ..! അപേക്ഷ പൂര്‍ണ്ണമാണോയെന്നറിയാനും മറ്റും ഇമെയില്‍ ഇടയ്ക്കിടെ ചെക്കുചെയ്യണം.)

സ്കോളര്‍ഷിപ്പ് നല്‍കുന്നത് കൂടിക്കാഴ്ചയുടെകൂടി അടിസ്ഥാനത്തിലാണ്.
അപേക്ഷ മെയ് 31 ന് മുമ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍, ചെയ്യിക്കാന്‍ എല്ലാവരും ഉത്സാഹിക്കുമല്ലോ..?
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്..
ഡോ. ജയചന്ദ്രബാബു 9446424617
ബി രാധാകൃഷ്ണന്‍ 9446469046.

Jumat, 13 April 2012

എട്ടാം ക്ലാസ്'


ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാസ് യുപിയുടെയും ഭാഗമായി മാറുന്നത് പരോക്ഷമായാണത്രെ.(എന്ന് വെച്ചാല്‍ മാറുമോ എന്ന് ചോദിച്ചാല്‍ മാറും, ഇല്ലേയെന്ന് ചോദിച്ചാല്‍ മാറില്ല!) എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ കൈവരാത്തത്, ധാരാളം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരാശങ്കയാണ് ശ്രീ ടി പി കലാധരന്‍മാഷ് ആക്ഷേപഹാസ്യരൂപേണ ഇവിടെ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ് മാത്​സ് ബ്ലോഗ്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം സമ്മതത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഈ ഒഴിവുകാലത്ത് ആരോഗ്യകരമായ ഒരു 'ഞായറാഴ്ച സംവാദ'ത്തിലൂടെ മാത്​സ് ബ്ലോഗിന്റെ "വൈബ്രന്റായ"പഴയകാലത്തേക്ക് എത്തിപ്പെടുകയുമാകാം, അല്ലേ..?
--------------------------------------------------------------------------------"കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ് "
കത്തിന്റെ അവസാന ഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം . ഓര്‍മകളുടെ പുരാവസ്തുശേഖരം കണ്ടു തീര്‍ന്ന പ്രതീതി. സ്കൂള്‍ മുറ്റത്തെ പൂവാക വേനല്പ്പൂക്കളില്‍ ചോന്നു നിന്നു. അവധിക്കു പോയ കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി മടങ്ങി വരുമ്പോള്‍ ഇവിടെ ഞാന്‍ ഉണ്ടാകുമോ ? എട്ടാം ക്ലാസ് നിശ്വസിച്ചു.
പണ്ട് പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു എട്ടാം ക്ലാസ് .
ഏഴാം ക്ലാസിലെ അരപ്പാവാടയില്‍ നിന്നും പാദംമുട്ടിപ്പാവാട ആദ്യം അണിഞെത്തുന്ന എട്ടാം ക്ലാസ് .
ആണ്‍ കുട്ടികള്‍ നിക്കറില്‍ നിന്നും ഒറ്റ മുണ്ടിലേക്ക് പ്രായം മാറ്റുന്ന എട്ടാം ക്ലാസ്.
ഏഴില്‍ നിന്നും എട്ടില്‍ എത്തുക .ഹൈസ്കൂളില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആള്‍ പ്രമോഷന്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വലിയ സംഭവം തന്നെ. പഠനത്തിന്റെ രസതന്ത്രം മാറും. പലവട്ടം തോറ്റു കിടന്നവരും ഒരു വട്ടം പോലും തോല്‍ക്കാതെ വന്നവരും എല്ലാം ചേരുമ്പോള്‍ ...
ഇന്ന് ഇതാ ഇവിടം ഒരു ആസന്ന മരണവീട് പോലെ. ബഞ്ചുകളും ഡസ്കുകളും മ്ലാനമായി മിഴി താഴ്ത്തി അങ്ങനെ. കുട്ടികള്‍ കോറിയിട്ട പേരുകള്‍ ,കൌമാര ചിഹ്നങ്ങള്‍ നിശബ്ദതയുടെ ആഴം കൂട്ടി...എട്ടാം ക്ലാസ് എഴുതി പൂര്‍ത്തിയാക്കിയ കത്തില്‍ വീണ്ടും കണ്ണോടിച്ചു..
പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍ ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക് .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .
യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത് അധ്യാപകര്‍ വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ?
എല്‍ പി സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി !
യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ പാരഡി പാടുകയാണ് .
"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍ അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും.
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ?
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു അത് കിട്ടാക്കനിയാകുമോ?
മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .
എട്ടു വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി'
.പ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.
അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും
അഞ്ചിലേക്കും എട്ടിലേക്കും അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന് യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?
ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍ ഇനി മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക് ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.
എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത് ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .
പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു സ്കൂളുകളില്‍ പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ?
കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌ പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ് കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക് തൂക്കി വില്കാം .
ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍ നോക്കുന്നതെന്ന് സ്റാഫ് സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട് കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന് ..
അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും.
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും ചൂടാം .പരിശീലനത്തിന് പോകുമ്പോഴും ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട വാങ്ങിക്കഴിഞ്ഞു ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?
കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ്

Rabu, 11 April 2012

ജാതി സെന്‍സസ് തുടങ്ങൂ..ഈസിയായി!

സംസ്ഥാനത്തെ ജാതി സെന്‍സസ് ഏപ്രില്‍ മാസം 10ന് ആരംഭിക്കുകയാണ്. 1931നു ശേഷം ആദ്യമായാണ് ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത്. ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പു മാത്രമേ നടത്തിയിരുന്നുള്ളൂ. 16,000 ഓളം വരുന്ന എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കില്ല. പൊതുവിവരങ്ങള്‍ മാത്രമായിരിക്കും പുറത്തുവരിക. ഈ സെന്‍സസിലൂടെ എടുക്കപ്പെടുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും സെന്‍സസ് ഡയറക്ടറേറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ജാതി ഒഴികെയുള്ള വിവരങ്ങള്‍ രണ്ടാമതൊരിക്കല്‍ കൂടി പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാകും അന്തിമമായി പ്രസിദ്ധീകരിക്കുക. എന്യൂമറേറ്റര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഡേറ്റ എന്ററി ഓപ്പറേറ്റര്‍ (DEO)അപ്പോള്‍ തന്നെ കൈവശമുള്ള ചെറു കമ്പ്യൂട്ടറിലേക്കു പകര്‍ത്തും. ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യും. ഔദ്യോഗികമായി കടലാസ് വര്‍ക്കായി ചെയ്യേണ്ടത് സംക്ഷിപ്ത വീടുപട്ടിക തിരുത്തലും കൂട്ടിച്ചേര്‍ക്കലുമാണ് .പ്രത്യേക ഫോമുകള്‍ ഒന്നും കടലാസില്‍ പൂരിപ്പിക്കേണ്ടതില്ല. കോഡുകളും മറ്റും രേഖപ്പെടുത്തിവെയ്ക്കുന്നത് നമ്മുടെ ജോലി എളുപ്പമാക്കും . ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ജില്ലയെ 4,000 എന്യൂമറേഷന്‍ ബ്ലോക്കുകളായി തരംതിരിച്ചാണ് സെന്‍സസ് നടത്തുന്നത്. ശരാശരി 125നും 150നും ഇടയിലുളള വീടുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്ക്. 10 ദിവസമാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്കിനായി നീക്കിവച്ചിട്ടുളളത്. ഒരു എന്യൂമറേറ്റര്‍ക്ക് പരമാവധി നാലു എന്യൂമറേഷന്‍ ബ്ലോക്കുകള്‍ കണക്കെടുപ്പിനായി നല്‍കും. ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 3,000 രൂപ എന്ന നിരക്കില്‍ ഓണറേറിയവും 1,500 രൂപ നിരക്കില്‍ പരമാവധി യാത്രബത്തയും നല്‍കുമത്രേ. ഓരോ ജില്ലയിലേയും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുളളത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കുളള പരിശീലനം തിരുവനന്തപുരത്തും സെന്‍സസ് മാസ്റ്റര്‍ ട്രെയിനേഴ്‌സിനുളള പരിശീലനം കോട്ടയത്തും നടത്തി.

ജാതി സെന്‍സസ് മെയ് 30വരെ തുടരും. പേപ്പര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സെന്‍സസിന്‍റെ പ്രത്യേകത. എന്യൂമറേറ്ററോടൊപ്പം ഒരു ഡേറ്റ എന്ററി ഓപ്പറേറ്ററും വീടുകളിലെത്തും. പാലക്കാട് ഐ.ടി.ഐ. ആണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ടാബ്ലറ്റ് പി.സി. ഉപയോഗിച്ചാണ് കണക്കെടുപ്പ് വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത്. ഇതിനായി എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും ചാര്‍ജ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഓരോ ദിവസവും നടത്തിയ കണക്കെടുപ്പ് അന്നേദിവസം അഞ്ചു മണിക്ക് ചാര്‍ജ് സെന്ററില്‍ എത്തിക്കണം.ഗ്രാമങ്ങളില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍ക്കും നഗരങ്ങളില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായിരിക്കും സെന്‍സസിന്‍റെ ചുമതല. സെന്‍സസ് വിവരങ്ങളില്‍ യാതൊരു തരത്തിലുമുള്ള തിരിമറിയും നടത്താന്‍ കഴിയില്ല.

സെന്‍സസ് നിയമം പ്രകാരം സെന്‍സസ് ഡ്യൂട്ടിക്ക് വിസമ്മതിക്കുകയോ ഡ്യൂട്ടി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കാരണമാകുന്നതാണ്. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ മേധാവി ജില്ലാ കളക്ടര്‍ ആണ്. പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ ജില്ലാ സെന്‍സസ് ഓഫീസറായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എന്നിവര്‍ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. കൂടാതെ 33 മാസ്റ്റര്‍ ട്രെയിനികള്‍ കൂടി ഈ പരിപാടിയില്‍ പങ്കാളികളാകും. സെന്‍സസ് ജോലികള്‍ക്ക് താല്‍പ്പര്യമുളള ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കുന്നതും ഇങ്ങനെയുളളവര്‍ മതിയാകാതെ വരുന്നപക്ഷം മറ്റ് ജീവനക്കാരെ കൂടി സെന്‍സസ് ജോലിക്ക് നിയോഗിക്കുന്നതുമാണ്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍/ മുനിസിപ്പല്‍ സെക്രട്ടറിമാരാണ് സെന്‍സസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

സാമൂഹീക സാമ്പത്തീക ജാതി സെന്‍സസ് - നോട്‌സ്

സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - ചോദ്യങ്ങള്‍

സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - കോഡ് നമ്പറുകള്‍

Rabu, 21 September 2011

പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍ - അര്‍ജുന്‍ വക..!


ഇന്നലെ വന്ന ഒരു മെയില്‍ വായിക്കുമല്ലോ?
ബഹുമാനപ്പെട്ട സാര്‍,
ഞാന്‍ കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്.പേര് അര്‍ജുന്‍ വിജയന്‍.ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഞാന്‍ തയ്യാറാക്കിയഉത്തരങ്ങള്‍ ഇതോടൊപ്പം അറ്റാച്ചമെന്റായി അയയ്ക്കുന്നു.പ്രസിദ്ധീകരണയോഗ്യമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വളരെ സന്തോഷത്തോടെ തന്നെ അര്‍ജുന്റെ ആഗ്രഹം നിറവേറ്റുന്നു. തുടര്‍ചര്‍ച്ചകളും അനുബന്ധപ്രവര്‍ത്തനങ്ങളും മുന്നോട്ടുനയിക്കാന്‍ നമ്മുടെ ഫിസിക്സ് അധ്യാപകരുണ്ടാകും . ഗീത ടീച്ചറിനും , ഉണ്ണിമാസ്റ്റര്‍ക്കും ബാബുസാറിനും പിന്നെ പാലക്കാട്ടുള്ള വിദ്യാര്‍ഥിസംഘത്തിനും ഇതില്‍ നല്ല താല്പര്യം ഉണ്ടാകും . തീര്‍ച്ച ...

അല്പം ഭൗതീകശാസ്ത്രം തന്നെയാവാം ഇന്നത്തെ പോസ്റ്റ് . കഴിഞ്ഞ ക്ലസ്റ്ററിന് ആലുവായില്‍ ഉയര്‍ന്നുവന്ന ഒരു സംശയം .
ഒരു കല്ല് മുകളിലേയ്ക്കെറിയുന്നു. നിശ്ചിത ഉയരത്തില്‍ എത്തിയശേഷം എറിഞ്ഞ സ്ഥാനത്തുതന്നെ തിരിച്ചെത്തുന്നു. മുകളിലേയക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും താഴെയ്ക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും തുല്ലമാണെന്ന് എങ്ങനെ സ്ഥാപിക്കാം
u ആദ്യപ്രവേഗത്തോടെയാണ് എറിയുന്നതെന്ന് കരുതുക. മുകളിലേയ്ക്കുള്ള ദൂരം h ആണെങ്കില്‍ , ആ ഉയരത്തിലെത്തുമ്പോള്‍ പ്രവേഗം പൂജ്യമാകും .

$h = u\times t_1 - \frac{1}{2} \times g \times t^2$
$0 = u - g\times t$
$t_1= \frac{u}{g} $


$t_1$ന്റെ വില ആരോപിച്ചാല്‍
$ h = u \times \frac{u}{g} - \frac{1}{2} \times g \times \frac{u^2}{g^2}$
$ h = \frac{u^2}{g}$
ഇനി താഴോട്ടുള്ള യാത്ര നോക്കാം . സമയം $t_2$ എന്നെടുക്കാം
താഴെയ്ക്കള്ള യാത്രയുടെ ആദ്യപ്രവേഗം 0 ആണ്. ദൂരം h തന്നെയാണ്
$\frac{u^2}{g} = 0 \times t_2 + \frac{1}{2} \times g \times {t_2}^2 $
$ t_2 = \frac{u}{g}$
$t_1 = t_2 $
ഇനി അര്‍ജുന്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ . അര്‍ജുനെ അഭിന്ദിക്കുന്നു. അര്‍ജുന്റെ കൂട്ടുകാര്‍ക്ക് ഇതൊരു മാതൃകയാവട്ടെ .
Click here for the Answers Prepared by Arjun Vijay

Minggu, 18 September 2011

നമ്മുടെ മേളകളും ഉത്സവങ്ങളും

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

Senin, 12 September 2011

കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

 
(വലുതായി കാണാനും വായിക്കാനും ചിത്രത്തില്‍ ക്ലിക്കുക).
മാത്​സ് ബ്ലോഗിനെ കണ്ണൂര്‍ സൈബര്‍ മീറ്റില്‍ അവതരിപ്പിച്ചപ്പോള്‍ - 12/9/2011ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്

ഈ സ്നേഹം നമ്മുടെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.



വീഡിയോ അപ് ലോഡ് ചെയ്തുതന്ന കണ്ണൂരിലെ മിനിടീച്ചര്‍ക്ക് ഒരായിരം നന്ദി

ബ്ലോഗേര്‍സ് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

Jumat, 15 April 2011

ഡാന്‍സിലൂടെ 'സോര്‍ട്ടിങ് വിദ്യകള്‍.'.!


ചെന്നൈയിലെ ഒരു പ്രധാന ഐടി കമ്പനിയിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റ് ഗ്രൂപ്പില്‍ ജോലിചെയ്യുന്ന ശ്രീ സന്തോഷ് തോട്ടുങ്ങലിനെ അറിയുമോ..? സ്വതന്ത്ര, ഓപണ്‍സോഴ്സ് പ്രോജക്ടുകളിലെ, പ്രത്യേകിച്ച് ഇന്ത്യന്‍ ലാങ്വേജ് കംപ്യൂട്ടിങ്ങിലെ സന്തോഷിന്റെ സംഭാവനകളെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ അമരക്കാരന്റെ ധ്വനി എന്ന ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റത്തിനായിരുന്നു 2008 ലെ FOSS അവാര്‍ഡ്. സന്തോഷിന്റെ സംഭാവനകള്‍ വിസ്തരിച്ച് അധികം സമയം കളയുന്നില്ല. അതൊക്കെ വഴിയേ ആകാമല്ലോ..!ഇന്നത്തെ ഈ പോസ്റ്റ് കഴിഞ്ഞദിവസം അദ്ദേഹം മെയില്‍ ചെയ്ത് തന്നതാണ്. രസകരവും വിജ്ഞാനപ്രദവും അത്ഭുതകരവുമായി ഒറ്റവായനയില്‍ തോന്നിയതുകൊണ്ടാണ് മുന്‍ഗണനാക്രമങ്ങളൊക്കെ മാറ്റിവെച്ച് ഇത് പബ്ലിഷ് ചെയ്യുന്നത്. വായിച്ചു നോക്ക്..നിങ്ങളും എന്നോട് യോജിക്കാതിരിക്കില്ല.. കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന എതൊരു വിദ്യാര്‍ത്ഥിയും അല്‍ഗോരിതങ്ങളെപ്പറ്റി പഠിക്കാന്‍ തുടങ്ങുമ്പോള്‍ നിരവധി സോര്‍ട്ടിങ്ങ് വിദ്യകളെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ടു്. ഇന്‍സേര്‍ഷന്‍ സോര്‍ട്ട്, ഹീപ് സോര്‍ട്ട്, ബബിള്‍ സോര്‍ട്ട്, ക്വിക് സോര്‍ട്ട്, ഷെല്‍ സോര്‍ട്ട് എന്നിങ്ങനെ നിരവധി.. ഇതിലെ ഷെല്‍ സോര്‍ട്ട് അല്‍ഗോരിതം വളരെ മനോഹരമായ ഒരു ഹംഗേറിയന്‍ നാടോടി നൃത്തത്തിലൂടെ താഴേ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നതു നോക്കൂ..



സ്കൂള്‍ക്ലാസുകളിലെ പഠനവിഷയങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ സയന്‍സിലെ ഇത്തരം കാര്യങ്ങളും വളരെ ലളിതമായി , മനോഹരമായി അവതരിപ്പിക്കാം.
വീഡിയോ കണ്ടവര്‍ക്കായി വളരെ ലളിതമായി ഈ സോര്‍ട്ടിങ്ങ് അല്‍ഗോരിതം(നൃത്തത്തില്‍ അവരവതരിപ്പിക്കുന്നതെന്തെന്നും) വിശദീകരിക്കാന്‍ ശ്രമിക്കാം.(വിക്കിപീഡിയയിലും ഇന്റര്‍നെറ്റിലുമൊക്കെ ഉണ്ടു് )
3 0 1 8 7 2 5 4 9 6 എന്ന ക്രമത്തിലുള്ള 10 അക്കങ്ങളാണു് ഈ നൃത്തത്തില്‍ 5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും അവതരിപ്പിക്കുന്നതു്.
5-സോര്‍ട്ട് എന്ന സ്റ്റെപ്പാണു് ആദ്യം. അതായതു്, ഈ 10 അക്കങ്ങളെ അഞ്ചെണ്ണമുള്ള രണ്ട് കൂട്ടമാക്കുക
3 0 1 8 7
2 5 4 9 6
ഇനി ഇതിലെ ഓരോ നിരകളിലെയും(കോളങ്ങള്‍) അക്കങ്ങള്‍ ക്രമത്തിലാക്കുക. വീഡിയോയില്‍ ആറാമാത്തെ അംഗം ഒന്നാമത്തെ അംഗവുമായി കാണുന്ന ദൃശ്യം.
2 0 1 8 7
3 5 4 9 6
ഇങ്ങനെ ഓരോ കോളങ്ങളും മാറ്റുമ്പോള്‍
2 0 1 8 6
3 5 4 9 7
ഇതോടെ 5-സോര്‍ട്ട് എന്നെ സ്റ്റെപ്പ് കഴിഞ്ഞു. ഈ അക്കങ്ങളെ ഇനി നിരത്തി എഴുതുക
2 0 1 8 6 3 5 4 9 7
ഇനി 3-സോര്‍ട്ട് സ്റ്റെപ്പ് ആണു്. അതായതു് മൂന്നക്കങ്ങളുള്ള വരികളാക്കുന്നു
2 0 1
8 6 3
5 4 9
7
ഇനി കോളങ്ങള്‍ എടുക്കുക: ആദ്യത്തെ രണ്ടു വരിയിലെ അക്കങ്ങള്‍ ക്രമീകരിക്കുക. അവ ക്രമത്തില്‍ തന്നെയാണു്.
2 0 1
8 6 3
5 4 9
7
രണ്ടും മൂന്നും വരികള്‍ ക്രമത്തിലാക്കുക
2 0 1
5 4 3
8 6 9
7
ഈ സ്റ്റെപ്പില്‍ 5 എന്ന പെണ്‍കുട്ടി 8 നെമാറ്റി വന്ന് 2 നോടു സംസാരിച്ച് പോവാതെ നില്‍ക്കും, കാരണം 2 ഉം 5 ഉം ക്രമത്തില്‍ തന്നെയാണല്ലോ.
അങ്ങനെ എല്ലാം തീരുമ്പോള്‍ ഇങ്ങനെ കിട്ടും
2 0 1
5 4 3
7 6 9
8
ഇതോടെ 3-സ്ടെപ് തീര്‍ന്നു.
നിരത്തിയെഴുതുമ്പോള്‍
2 0 1 5 4 3 7 6 9 8

അടുത്തതു് 1-സ്ടെപ് ആണു്. ഒരു വരിയില്‍ 1 വീതം അക്കങ്ങളെഴുതും
2
0
1
5
4
3
7
6
9
8
തൊട്ടടുത്തുള്ള ഓരോ ആളും ഇടതുവശത്തുള്ളവരുമായി ക്രമീകരിച്ച് മുന്നേറുന്നതു കാണുക. അവസാനം
0 1 2 3 4 5 6 7 8 9
എന്ന ക്രമത്തിലെത്തുന്നു. സംഘാംഗങ്ങള്‍ വട്ടത്തില്‍ നൃത്തം വെയ്ക്കുന്നു.

ഇതു പോലെ ഈ യൂട്യൂബ് ചാനലില്‍ ബബിള്‍ സോര്‍ട്ടും സെലക്ട് സോര്‍ട്ടും ഒക്കെയുണ്ടു്. വിശദീകരിക്കാന്‍ എനിക്കു സമയമില്ല. വിക്കിപീഡിയേല്‍ പോയി വായിക്കുക :)
ഇത്രയും രസകരമായ രീതിയില്‍ ഇതു കാണുമ്പോള്‍ ഈ അല്‍ഗോരിതങ്ങള്‍ ഞാന്‍ കോളേജില്‍ പഠിച്ചതെത്ര ബുദ്ധിമുട്ടിയായിരുന്നു...
കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അനുജന്‍മാരോടും അനുജത്തിമാരോടും: നിങ്ങള്‍ക്കിതു കണ്ടിട്ടു് നമുക്കും ചെയ്യാമെന്നു തോന്നുന്നില്ലേ!, സോര്‍ട്ടിങ്ങ്, സെര്‍ച്ചിങ്ങ്, ഗ്രാഫ്, ട്രീ തുടങ്ങി എത്രയെത്ര അല്‍ഗോരിതങ്ങള്‍... നമ്മുടെ മനോഹരമായ നൃത്തരൂപങ്ങളും.... എന്താണാലോചിക്കുന്നതു്?

Kamis, 24 Maret 2011

SEMIS Data Online..മാര്‍ച്ച് മുപ്പതിനകം!


ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും കൃത്യമായ വിവരങ്ങള്‍ ഈ സൈറ്റില്‍ മാര്‍ച്ച് 30 നകം അപ്​ലോഡ് ചെയ്യേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും , അതിനുള്ള ട്രൈനിങ്ങും ഇതിനോടകം എല്ലാ പ്രിന്‍സിപ്പല്‍/ഹെഡ്​മാസ്റ്റര്‍മാര്‍ക്കും ലഭിച്ചുകാണുമെന്ന് കരുതുന്നു. വിവിധ സെഷനുകളിലായി ജില്ലാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18 നും (ഗവണ്‍മെന്റ്, എയിഡഡ്) 21 നും (സിബിഎസ്സി,ഐസിഎസ്സി ആദിയായവ..) വലിയ പ്രാധാന്യത്തോടെ ക്ലാസുകള്‍ നടക്കുകയുണ്ടായി. ഏഴാം ക്ലാസുകാര്‍ക്കുള്ള യുഎസ്എസ് സ്ക്രീനിങ് ടെസ്റ്റ് 18 ല്‍ നിന്നും 25 ലേക്ക് മാറ്റിവെച്ചതില്‍ നിന്നും ഈ സംരംഭത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്താണ് ഇതിന്റെ ഇത്രയും വലിയ പ്രാധാന്യം?

കഴിഞ്ഞവര്‍ഷവും ഇതേ പരിപാടി സ്കൂളുകളില്‍ നിന്നും അപ്​ലോഡ് ചെയ്തതായിരുന്നു. എന്നാല്‍, വേണ്ടത്ര പ്രാധാന്യം മനസ്സിലാക്കാതിരുന്നതുകൊണ്ടോ, ശരിയായരീതിയിലുള്ള പരിശീലനത്തിന്റെ അഭാവം കൊണ്ടോ അവിടെ കിട്ടിയ പല സ്കൂളുകളുടേയും ഡാറ്റ അബദ്ധജടിലമായിപ്പോവുകയും, അതുമൂലം നമുക്ക് തലകുനിക്കേണ്ട അവസ്ഥ വരികയുമുണ്ടായി‍. ഇത്തവണ അതാവര്‍ത്തിക്കരുതെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ തീവ്ര പരിശീലനത്തിനുള്ള മുഖ്യ ഹേതു. പൊതുവിദ്യാഭ്യാസരംഗത്ത് നിസ്തുലവും നിസ്വാര്‍ഥവുമായ സേവനങ്ങശാല്‍ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞ മാത്​സ് ബ്ലോഗിന്, ഈ വിഷയത്തിലും ഒഴിഞ്ഞുമാറി നില്ക്കാന്‍ കഴിയില്ലല്ലോയെന്ന ചിന്തയില്‍ നിന്നാണ് ഈ പോസ്റ്റിന്റെ ഉത്ഭവം.

സംസ്ഥാനത്തെ ഏതാണ്ടെല്ലാ വിഭാഗം സ്കൂളുകളുടേയും സെമിസ് സ്കൂള്‍കോഡ് ഇവിടെയുണ്ട്. .ഏതെങ്കിലും സ്കൂളുകളുടെ പേര് ലിസ്റ്റിലില്ലായെങ്കില്‍, ആ വിവരം ഐടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ഇനീഷ്യലൈസ് ചെയ്യാവുന്നതേയുള്ളൂ. പ്രസ്തുത സൈറ്റില്‍ നിന്നും 29 പേജുകളുള്ള ഈ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് കൃത്യമായി പൂരിപ്പിച്ചു വെക്കുക. സ്കൂളുകള്‍ക്കുള്ള പാസ്​വേഡുകള്‍ 21 ന് ലഭ്യമാക്കാമെന്നും സ്കൂള്‍വൈസായാണ് ഡാറ്റാ എന്റ്റി നടത്തേണ്ടതെന്നുമായിരുന്നൂ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ സ്കൂള്‍ തലത്തിലുള്ള ഡാറ്റാ എന്റ്റി നടത്താനുള്ള പ്രയാസം മൂലം ഇത്തവണയും ജില്ലാതലത്തിലുള്ള ലോഗിന്‍ രീതി തന്നെ അവലംബിക്കാമെന്നാണ് ഏറ്റവും അവസാനമായി അറിയാന്‍ കഴിഞ്ഞത്. അതിനുള്ള ജില്ലാതല പാസ്​വേഡ് ഐടി@സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ഡാറ്റാ എന്റ്റി സംബന്ധിച്ച സംശയങ്ങളൊക്കെ ട്രൈനിങ്ങ് ക്ലാസില്‍ വെച്ച് ദുരീകരിച്ചിട്ടുണ്ടാകുമല്ലോ..? എങ്കിലും ഇവിടെ താഴേ കമന്റു ചെയ്താല്‍ കഴിയാവുന്ന സഹായങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍, ഈ സംരംഭത്തിന്റെ ഇമെയിലിലേക്കോ (rmsakerala@gmail.com), മുഖ്യ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സെലീനാമാഡത്തിന്റെ ഇമെയിലിലേക്കോ (saleenazubair@gmail.com) ഒരു സന്ദേശമയക്കാവുന്നതേയുള്ളൂ.

ഏതെങ്കിലും പ്രധാനാധ്യാപികയ്ക്ക് ട്രൈനിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍, അത്തരക്കാര്‍ ദിനേന പത്രം നോക്കുക. ഈ മാസം 28 നോ 29നോ ജില്ലാതലത്തില്‍ ലൂസേഴ്സ് ട്രൈനിങ്ങ് നടത്താന്‍ ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു.

ശ്രദ്ധിക്കുക
വിവരങ്ങള്‍ അപ്​ലോഡ് ചെയ്യാനായി സ്കൂള്‍ ലിനക്സിലും ഉബുണ്ടുവിലും "ഓപ്പറ" എന്ന വെബ് ബ്രൗസറോ മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനായ മൈന്‍സ്​ഫീല്‍ഡോ (മോസില്ല ഫയര്‍ഫോക്സ് 4.0)യോ വേണം.www.opera.com ല്‍ ഉബുണ്ടു വേര്‍ഷനുകള്‍ക്കനുയോജ്യമായ ഓപറ ഡൗണ്‍ലോഡ് ചെയ്യാം..!ഓപറ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ www.opera.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്​പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്​വെയറാണ് ഓപ്പറ.

Jumat, 11 Maret 2011

പള്ളിയറ, സെഞ്ച്വറിയുടെ നിറവില്‍..!


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ലില്ലിടീച്ചര്‍ തന്ന 'കണക്കിലെ കളികള്‍' എന്ന സമ്മാനപുസ്തകമാണ് ക്ലാസിലെ ശരാശരിക്കാരനായിരുന്ന എനിയ്ക്കു കിട്ടിയ ആദ്യ സമ്മാനം. ആ പുസ്തകവും അതിന്റെ രചയിതാവിന്റെ പേരുമൊക്കെ അന്നേ ഹൃദിസ്ഥമാക്കിയതായിരുന്നു. കണക്കിനോട് അല്പമെങ്കിലും ഇഷ്ടം തോന്നാനുള്ള കാരണം ഒരുപക്ഷേ അവിടെ നിന്നായിരിക്കണം!

ആരംഭകാലം മുതല്‍ തന്നെ നമ്മുടെ ബ്ലോഗിന്റെ ഏറ്റവും പ്രധാനപ്പെട്ട അഭ്യുദയകാംക്ഷിയായി ഞങ്ങള്‍ക്ക് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്ന, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയായ ശ്രീ പള്ളിയറ ശ്രീധരന്‍ സാറിന്റെ ഏറ്റവും പുതിയതും നൂറാമത്തേതുമായ "സെഞ്ച്വറി"യാണ് ഈ പോസ്റ്റ് തയ്യാറാക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്. ഏകദേശം മൂന്നാഴ്ചകള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ കമ്പനിയാപ്പീസില്‍ നിന്നും ഭംഗിയായി പൊതിഞ്ഞ് കിട്ടിയ പാക്കറ്റ് അഴിച്ചുനോക്കിയപ്പോഴാണ് 'ശ്രീ നിസ്സാറിന് (മാത്​സ് ബ്ലോഗ്)സ്നേഹപൂര്‍വ്വം'എന്നെഴുതി താഴേ ഒപ്പുവെച്ച കനപ്പെട്ട ഈ സമ്മാനം ലഭിച്ചത്. രണ്ടുവര്‍ഷത്തിലേറെയായി ഉറക്കമിളച്ചും അശ്രാന്തപരിശ്രമം ചെയ്തും മാത്​സ് ബ്ലോഗ് നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ ടീമംഗങ്ങള്‍ക്കുമായി പങ്കുവെക്കേണ്ട ആദ്യ സമ്മാനം. (ഇനി, ഈ ബ്ലോഗെഴുത്തിലൂടെ നിങ്ങള്‍ക്കെന്താണ് 'നേട്ട'മെന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് ഒന്നുമില്ലെന്നുള്ള ഉത്തരത്തിന് പ്രസക്തിയില്ലാതായി.)

ഈ വരുന്ന മാര്‍ച്ച് 14ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് ശ്രീ.പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്യുന്ന 'സെഞ്ച്വറി'യുടെ ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ശ്രീ.ജോര്‍ജ്ജ് ഓണക്കൂര്‍ ആണ്. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ശ്രീ. പി.കെ. സുഭാഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ശ്രീ ഡി. വിനയചന്ദ്രന്‍ സര്‍വ്വശ്രീ.ഡോക്ടര്‍ അജിത് പ്രഭു, റൂബിന്‍ ഡിക്രൂസ്, വി.കെ. ജോസഫ്, സതീഷ്ബാബു പയ്യന്നൂര്‍, ...എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. നമുക്കെല്ലാവര്‍ക്കും സാറിന്റെ പ്രത്യേക ക്ഷണം ഉണ്ട് കേട്ടോ..!

സെഞ്ച്വറി എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം 100 അധ്യായങ്ങളിലായി രസകരമായി വായിച്ചുപോകാവുന്ന 192 പേജുകളുള്ള ഒരു കൊച്ചു പുസ്തകം. 'ലീലാവതി' മുതല്‍ 'സുഹൃത്​സംഖ്യകള്‍'വരെ നാം കേട്ടിട്ടുള്ളതും അല്ലാത്തതുമായ ഗണിതസമസ്യകളും വിശേഷങ്ങളും രസകരമായി വായിച്ചുപോകാവുന്ന വിധം അണിനിരത്തിയിട്ടുണ്ട് അദ്ദേഹം. ആധുനികഗണിതത്തിന്റെ മര്‍മ്മങ്ങളറിഞ്ഞുള്ള യാതൊരു പുതുമയും അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാനില്ലായെന്ന വിമര്‍ശകരുടെ ആരോപണങ്ങളെ തെല്ലും ഗൗനിക്കാതെ, കുട്ടികളടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ ഗണിതത്തോടുള്ള വിരക്തി അകറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായി ഈ പുസ്തകത്തെ കാണാനാണ് പുസ്തകം നമ്മോട് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ ജീനിയസ് ബുക്സ് പ്രസിദ്ധീകരിച്ച 'സെഞ്ച്വറി'ക്ക് 120രൂപയാണ് വിലയിട്ടിരിക്കുന്നത്.

Rabu, 02 Februari 2011

റോഡ് ഷോ എന്ത്? എങ്ങനെ? വീഡിയോയും ചിത്രങ്ങളും




അധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്​ടോപ് / നെറ്റ്ബുക്ക് വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള 'റോഡ്ഷോ' (പ്രദര്‍ശനം) എന്താണെന്നും എങ്ങനെയാണെന്നും കണ്ട് മനസ്സിലാക്കാനാകുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ വിഡീയോ കാണാന്‍ കഴിയും. ഫെബ്രുവരി നാലാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലക്കാര്‍ക്കു വേണ്ടിയുള്ള ബുക്കിങ്ങോടുകൂടെ ഇടപ്പള്ളി റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ (ആര്‍ട്ടിസ്റ്റ് ഹാള്‍) ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലക്കാര്‍ക്കും അവരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പ്രദര്‍ശന ഷെഡ്യൂളിനെക്കുറിച്ചും റോഡ്ഷോയിലേക്ക് ബുക്കിങ്ങിനായി പോകുന്ന അധ്യാപകര്‍ കൊണ്ടു പോകേണ്ട രേഖകളെപ്പറ്റിയും താഴെ സൂചിപ്പിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. റോഡ് ഷോയുടെ ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു.

എന്താണ് റോഡ് ഷോ?

ഐടി@സ്ക്കൂള്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള ലാപ്​ടോപും നെറ്റ്ബുക്കും നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അവസരമൊരുക്കുന്ന പ്രദര്‍ശനമാണ് റോഡ് ഷോ. എല്ലാ ജില്ലയിലും എവിടെയെങ്കിലും ഒരിടത്തായിരിക്കും പ്രദര്‍ശനം സംഘടിപ്പിക്കുക. എറണാകുളത്ത് ഓരോ സബ്​ജില്ലയിലേയും അധ്യാപകര്‍ക്ക് സമയക്രമം തീരുമാനിച്ചിട്ടുണ്ടായിരുന്നു. ടൈം ഷെഡ്യൂള്‍ അനുസരിച്ച് ഓരോ സബ്​ജില്ലയിലേയും അധ്യാപകര്‍ റോഡ്ഷോ (പ്രദര്‍ശനസ്ഥലം) നടക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ എല്ലാ സബ്​ജില്ലയിലെയും അധ്യാപകര്‍ക്കു വേണ്ടി ഐടി@സ്ക്കൂളിന്റെ പ്രൊജക്ട് ഓഫീസില്‍ ആയിരുന്നു റോഡ്ഷോ സംഘടിപ്പിക്കപ്പെട്ടത്. പ്രദര്‍ശനഹാളിനു മുന്നിലെ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഫോം നല്‍കി ജില്ലാ കോഡിനേറ്ററെക്കൊണ്ട് അപേക്ഷയില്‍ (അനെക്സര്‍ 3) സാക്ഷ്യപ്പടുത്തി ടോക്കണ്‍ വാങ്ങി. വിപ്രോ, ചിരാഗ്, എച്ച്.സി.എല്‍ തുടങ്ങിയ കമ്പനികളുടെ ലാപ്​ടോപ്പും നെറ്റ്ബുക്കും പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഓരോ കമ്പനികളുടേയും സ്റ്റാള്‍ സന്ദര്‍ശിക്കുന്നതിനും സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള സ്പെസിഫിക്കേഷനിലുള്ള അവരുടെ ഉല്പന്നം ഉപയോഗിച്ചു നോക്കുന്നതിനും കമ്പനിയുടെ റെപ്രസന്റേറ്റീവുകളോട് സംസാരിച്ച് അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവസരമുണ്ടായിരുന്നു. അവരുടെ സ്പെസിഫിക്കേഷന്‍ പ്രിന്റ് ചെയ്തത് നമുക്ക് നല്‍കുകയും ചെയ്യും. ഐടി@സ്ക്കൂളുമായി ഉടമ്പടിയുള്ളതു കൊണ്ടു തന്നെ മൂന്ന് കമ്പനികളുടേയും ഉല്പന്നത്തിന് ഒരേ വിലയായിരിക്കും. ലാപ്​ടോപ്പിലും നെറ്റ് ബുക്കിലും എഡ്യു-ഉബുണ്ടു ലോഡ്ചെയ്തിട്ടുണ്ടാകും. കണ്ട് ഇഷ്ടപ്പെട്ട ഉല്പന്നം ഏത് കമ്പനിയുടേതാണോ അവരുടെ കൗണ്ടറില്‍ 1500 രൂപ അടച്ച് ഉല്പന്നം ബുക്കു ചെയ്യാം. ഓണ്‍ലൈനായി ബുക്കു ചെയ്തപ്പോള്‍ ഉള്ള ഉല്പന്നം തന്നെ വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നമുക്ക് ഏതൊന്ന് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഉല്പന്നം ആരുടെ പേരിലാണോ വാങ്ങുന്നത് അവര്‍ നേരിട്ട് ചെന്ന് ഒപ്പിട്ടു കൊടുക്കണം. പകരക്കാരനെ വിടാന്‍ സാധിക്കില്ലെന്ന് ചുരുക്കം. അതു കൊണ്ട് തന്നെ ഒരു സ്ക്കൂളിലെ എല്ലാ അപേക്ഷകളുമായി ഒരാള്‍ ചെന്നാല്‍ സമ്മതിക്കുകയുമില്ല.
  • സര്‍ക്കുലറിലെ അനക്സര്‍ 3) പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയതും അതിന്റെ രണ്ട് കോപ്പിയും, നിങ്ങളുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഐഡി കാര്‍ഡിന്റെ കോപ്പിയും റോഡ്ഷോയ്ക്ക് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം.
  • അപേക്ഷ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍കി ജില്ലാ കോഡിനേറ്ററുടെ സാക്ഷ്യപ്പെടുത്തലോടെ ഒപ്പിട്ട് ടോക്കണ്‍ വാങ്ങുകയും വേണം.
  • ഓണ്‍ലൈനില്‍ ബുക്കു ചെയ്യാത്തവര്‍ക്കും ഈ രജിസ്ട്രേഷന്‍ കൗണ്ടറില്‍ അപേക്ഷ നല്‍കി ഡോക്കിറ്റ് നമ്പര്‍ വാങ്ങാം.
  • എല്ലാം കണ്ട് ബോധ്യപ്പെട്ട് ബുക്കു ചെയ്യണമെന്നു തോന്നിയാല്‍ 1500 രൂപ കമ്പനിയുടെ ക്യാഷ് കൗണ്ടറില്‍ അടച്ച് രശീത് വാങ്ങണം. ഉല്പന്നം നമുക്കു ലഭിക്കുന്ന സമയം (മാര്‍ച്ച് മാസത്തോടെയായിരിക്കുമെന്നു കരുതാം) ബാക്കി നല്‍കേണ്ട തുകയുടെ ഡി.ഡിയോടൊപ്പം ഈ രശീത് കൂടി കാണിക്കണമത്രേ. അത് കൊണ്ട് രശീതി സൂക്ഷിച്ചു വെച്ചേ പറ്റൂ.
  • ഒരാള്‍ക്ക് നെറ്റ്​ബുക്ക്, ലാപ്​ടോപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ബുക്കു ചെയ്യാന്‍ കഴിയൂ.
  • ബുക്ക് ചെയ്ത ശേഷം ഉത്പ്പന്നം വേണ്ടെന്നു വെച്ചാല്‍ 1500 രൂപ തിരികേ ലഭിക്കുന്നതല്ല

പ്രദര്‍ശന ഷെഡ്യൂള്‍

    8,9,10 ന് മലപ്പുറം,പത്തനംതിട്ട,കാസര്‍കോഡ്
  • മലപ്പുറം ജില്ലയിലെ റോഡ്ഷോ-സബ്​ജില്ല, സമയക്രമം അനുസരിച്ച്
    Venue : DRC, Malappuram

    8-2-11
    MELATTUR - 10 AM.
    WANDOOR - 11.30 AM
    NILAMBUR - 2 PM
    TANUR - 3 PM
    AREACODE 4 PM

    9-2-11
    TIRUR - 9.30 AM.
    PARAPPANANGADI - 11 AM.
    KUTTIPPURAM - 12 AM.
    EDAPPAL - 2 PM
    PONNANI - 3 PM
    VENGARA - 4 PM

    10-2-11
    PERINTHALMANNA - 9.30 AM
    MANKADA - 11 AM.
    MANJERI - 12 AM.
    KIZHSEERI - 2 PM
    KUNDOTTY - 3 PM.
    MALAPPURAM - 4 PM

  • 12,13,14 ന് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്
  • കോഴിക്കോട് ജില്ലയിലെ റോഡ്ഷോ-സബ്​ജില്ല, സമയക്രമം അനുസരിച്ച്
    Venue :IT@SCHOOL PROJECT OFFICE,CIVIL STATION, CALICUT

    12-02-2011 SATURDAY

    KOYILADY                    09.30 AM
    MELADI                        09.30 AM
    VATAKARA                   11.30 AM
    CHOMBALA                  11.30 AM
    THODANNUR               11.30 AM
    NADAPURAM               02.00 PM
    KUNNUMMEL              02.00 PM

    13-02-2011 SUNDAY

    KUNNAMANGALAM     09.30 AM
    MUKKAM                       09.30 AM
    PERAMBRA                   12.00 NOON
    THAMARASSERI           12.00 NOON
    BALUSSERI                   02.30 PM
    KODUVALLY                  02.30 PM

    14-02-2011 MONDAY

    KOZHIKODE CITY         09.30 AM
    KOZHIKODE RURAL     12.00 NOON
    FEROKE                         12.00 NOON
    CHEVAYUR                    02.30 PM

  • 16,17,18 ന് കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍
  • 19,20,21 ന് ആലപ്പുഴ, കോട്ടയം, വയനാട്
സമയക്രമം പ്രിന്റെടുക്കാന്‍ പാകത്തില്‍ ഇവിടെയുണ്ട് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ കിട്ടിയ ഡോക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കുലറിലെ അനക്സര്‍ 3) പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയതും അതിന്റെ രണ്ട് കോപ്പിയും, നിങ്ങളുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഐഡി കാര്‍ഡിന്റെ കോപ്പിയും റോഡ്ഷോയ്ക്ക് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്നത് മറക്കരുതേ. മലയാളത്തിലുള്ള സര്‍ക്കുലര്‍ ഇവിടെ. നെറ്റ്ബുക്കിന്റേയും ലാപ്​ടോപ്പിന്റേയും സ്പെസിഫിക്കേഷനുകളും മറ്റുള്ള വിശദാംശങ്ങളും സര്‍ക്കുലറില്‍ വിശദമായി ഉണ്ട്.)

Rabu, 05 Januari 2011

ഒന്‍പതാം ക്ലാസിലെ 8 ചക്രചോദ്യങ്ങളും ഒരു പത്താം ക്ലാസ് റിവിഷന്‍ ചോദ്യപേപ്പറും


താഴെ കാണുന്നത് ഒരു റോഡുമാതൃകയാണ്. വളവുകളെല്ലാം 50 m ആരമുള്ള വൃത്തഭാഗങ്ങളാണ്. താഴെയുള്ള വളവിനുമാത്രം 150m ആരമുണ്ട്. ഒരു കാര്‍ A യില്‍ നിന്നും യാത്രതുടങ്ങി വളവുകളെല്ലാം തിരിഞ്ഞ് A യില്‍ തന്നെയെത്തുന്നു.വളവുതിരിയുമ്പോള്‍ കാറിന്റെ ഒരു വശത്തെ ചക്രങ്ങള്‍ പുറത്തെചക്രങ്ങളും മറുവശത്തെത് അകത്തെ ചക്രങ്ങളുമാണല്ലോ.പുറത്തെ ചക്രം സ്വാഭാവികമായും അകത്തെ ചക്രത്തേക്കാള്‍ അല്പം കൂടുതല്‍ ദൂരം ഓടും.മുന്നിലെ ചക്രങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്റര്‍. (പിന്‍ ചക്രങ്ങള്‍ തമ്മിലുള്ള അകലവും ) ഒരു പ്രാവശ്യം യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍വശത്തെ ഒരു ചക്രം മുന്‍വശത്തെ മറ്റേ ചക്രത്തേക്കാള്‍ എത്ര കൂടുതല്‍ ദൂരം ഓടിയിരിക്കും?
ഇതൊരു പ‍ഠനപ്രവര്‍ത്തനമാണ്. ഒന്‍പതാംക്ലാസിലെ വൃത്തപ്പരപ്പും ചുറ്റളവും ചര്‍ച്ചചെയ്യുമ്പോള്‍ അധികപ്രവര്‍ത്തനമായി ഇതുനല്‍കാം.ചാര്‍ട്ടുപേപ്പറില്‍ വരച്ച് നിറം കൊടുത്ത് ക്ലാസില്‍ തൂക്കിയിടാന്‍ മിടുക്കന്മാരും മിടുക്കികളും ഉണ്ടല്ലോ.

ഇനി മറ്റുചില വൃത്തക്കണക്കുകളാവാം.ഇവയും കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.
ഡിസംബര്‍ പതിനെട്ടാംതിയതി നടന്ന പരിശീലനത്തില്‍ അവതരിപ്പിച്ച വൃത്തത്തിന്റെ അളവുകളെസംബന്ധിച്ച ഏതാനും ങ്ങളാണ് ഇന്നത്തെ പോസ്റ്റ് .ഇവ പഠനപ്രവര്‍ത്തനങ്ങളാണ്. കുട്ടികള്‍ക്ക് അധിക പ്രവര്‍ത്തനമായി നല്‍കാവുന്നത്. എല്ലാം വൃത്തങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാണ്.

ചോദ്യം ഒന്ന്

ABCD ഒരു സമചതുരമാണ്.അതിന്റെ വശം 10 സെ. മീറ്റര്‍.സമചതുരത്തിനുള്ളില്‍ വൃത്തം വരച്ചിരിക്കുന്നു.കറുത്ത നിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക.

ചോദ്യം രണ്ട്

രണ്ട് വൃത്തങ്ങള്‍ സ്പര്‍ശിച്ചിരിക്കുന്ന ചിത്രമാണിത്.ABCD ഒരു ചതുരവുമാണ്.വൃത്തത്തിന്റെ ആരം 7 യൂണിറ്റാണ്. AD യും BC യും ആരങ്ങള്‍ .ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക


ചോദ്യം 3

ഒരേ ആരമുള്ള 9 വൃത്തങ്ങളാണ് ചിത്രത്തില്‍ ചേര്‍ത്തുവച്ചിരിത്തുന്നത്. വൃത്തത്തിന്റെ ആരം 5 യൂണിറ്റ് . ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക


ചോദ്യം 4

7 സെ . മീറ്റര്‍ വശമുള്ള ചതുരമാണ് ചിത്രത്തില്‍ കാണുന്നത്.A കേന്ദ്രമായും C കേന്ദ്രമായും 7 സെ . മീറ്റര്‍ ആരമുള്ള ചാപങ്ങള്‍ കാണാം . ഷേഡ് ചെയ്ത ഭാഗത്തിന്റ പരപ്പളവ് കണക്കാക്കുക


ചോദ്യം 5

ഒരേ ആരമുള്ള 4 വൃത്തങ്ങള്‍. ആരം 7 യൂണിറ്റ് തന്നെ. A,B,C,D വൃത്തകേന്ദ്രങ്ങള്‍ . ഷേഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് കാണുക

ചോദ്യം 6

സമചതുരത്തിന്റെ അകത്തും പുറത്തും വൃത്തങ്ങള്‍ കാണാം.ചെറിയ വൃത്തത്തിന്റെ ആരം 2 യൂണിറ്റ് . ഷേഡ് ചെയ്തഭാഗത്തിന്റെ പരപ്പളവ് കാണുക

ചോദ്യം 7

ചിത്രത്തില്‍ AB യുടെ നീളം 10 യൂണിറ്റാണ്.ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക


ചോദ്യം 8

ചിത്രത്തില്‍ ചുവന്ന നിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് നീലനിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവിന് തുല്യാണെന്ന് സമര്‍ഥിക്കുക.

പത്താം ക്ലാസിലെ റിവിഷന്‍ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Minggu, 19 Desember 2010

തിരയുന്നത്..(കവിത)


കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...

കരിഞ്ഞ കുന്നിന്റെ പിളര്‍ന്ന പള്ളയില്‍

കണ്ണുനീരിന്റെയുപ്പു പടരവെ

എരിഞ്ഞു തീരുന്ന മരത്തിനുദരത്തില്‍

കുരുന്നു ജീവനുറഞ്ഞു പോകവെ

കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്

മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി

ഓണരാവിന്റെ ഓളമടിയിലോ

ആതിരാ നിലാ പന്തലിന്‍ കീഴിലോ

തളിര്‍ത്ത മാവിന്റെ തളിരിന്‍ ചുണ്ടിലോ

വിരിഞ്ഞ പ്ലാവിന്റെ കുരുന്നു കണ്ണിലോ

കളിചിരികളില്‍ കിളിമൊഴികളില്‍

കൊളുത്തി വച്ചു മറന്നു പോയ് ഞാനത്.

കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ

ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ

സംഗീതമുണരവെ

ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍

വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍

മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍

മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍

മരിച്ചു പോകാത്ത ബാല്യസ്മരണയില്‍

ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍

തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി.


Jumat, 17 Desember 2010

ഇ-രീതി ക്ലിക്ക്ഡ്!


 
(ഇതുവരെ 79 സബ്​മിഷനുകള്‍ ലഭിച്ചതായി ടീച്ചര്‍ അറിയിച്ചിരിക്കുന്നു. പ്രതികരിച്ച ഏവര്‍ക്കും നന്ദി.ഗവേഷണാനന്തരം കണ്ടെത്തലുകള്‍ പങ്കുവെയ്ക്കാമെന്നും ടീച്ചര്‍ അറിയിച്ചിരിക്കുന്നു. കുറച്ചുകൂടി സബ്​മിഷനുകള്‍ പ്രതീക്ഷിക്കുന്നു.)
മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ഈയടുത്ത ദിവസം വന്ന ഒരു മെയിലാണ് വള്ളിപുള്ളി വിടാതെ താഴേ കൊടുത്തിരിക്കുന്നത്. ഷഹന ടീച്ചര്‍ക്കുള്ള വ്യക്തിപരമായ ഒരു സഹായം എന്നതിലുപരി, ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്​സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപകരുടെയിടയില്‍ നിന്ന് വിവരശേഖരണം നടത്തുവാന്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരേയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ സ്ഥിരമായി കയറിയിറങ്ങുന്ന ഈ ബ്ലോഗിനെ വിശ്വസിച്ചേല്‍പ്പിച്ച ടീച്ചര്‍ക്ക് നന്ദി പറയുന്നു.

ഞാന്‍ മാത്​സ് ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകയാണ്. എന്റെ പേര് ഷഹന എ സലാം. ജനിച്ചത് എറണാകുളം ജില്ലയിലെ പറവൂരില്‍. ഇപ്പോള്‍ അധ്യാപകനായ ഭര്‍ത്താവിനോടും മൂന്നു മക്കളോടുമൊപ്പം തൃശൂര്‍ ജില്ലയിലെ അഴീക്കോട് താമസിക്കുന്നു. മൂത്തകുന്നം എസ്.എന്‍.എം. ട്രൈനിംഗ് കോളേജിലെ എം.എഡ്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായി ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഡസര്‍ട്ടേഷന്‍ വിഷയം 'കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ കിട്ടുകയാണെങ്കില്‍ ഗവേഷണം മെച്ചപ്പെടുത്താന്‍ കഴിയുമല്ലോ?
ഈ അവസരത്തിലാണ് മാത്​സ് ബ്ലോഗിനെ ഓര്‍മ്മ വന്നത്. ധാരാളം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. മാത്രമല്ലാ, ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ മാതൃക അനുവര്‍ത്തിക്കാന്‍ ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകുമല്ലോ?ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പ്രതികരണങ്ങളാണ് വേണ്ടത്. സഹായിക്കുമല്ലോ..?ഒരു കാര്യം, നാല്‍പത്തിയഞ്ച് ചോദ്യങ്ങളുണ്ടെങ്കിലും വെറും അഞ്ചു മിനിറ്റില്‍ താഴേ മതി ക്ലിക്ക് ചെയ്ത് സബ്​മിറ്റു ചെയ്യാന്‍! മറ്റൊരു പ്രധാന കാര്യം, നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഗവേഷണാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന എന്റെ ഉറപ്പ് നിങ്ങള്‍ക്ക് നൂറു ശതമാനവും വിശ്വസിക്കാമെന്നുള്ളതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഫോം സബ്​മിറ്റ് ചെയ്താല്‍ മാത്രം മതി.

Rabu, 01 Desember 2010

മാത്യു സാറിന് ആസ്ട്രേലിയയിലും നേട്ടം


ആസ്ട്രേലിയായിലേക്ക് ചിലന്തിഗവേഷണത്തിനുപോയ എം.ജെ. മാത്യുസാറിനെ ഓര്‍മ്മയില്ലേ? എറണാകുളത്തെ ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനറായിരുന്ന ആ പ്രതിഭയെ നാം ഈ പോസ്റ്റിലൂടെ പരിചയപ്പെട്ടിരുന്നു. പോകുന്നതിനു മുമ്പ്, തന്റെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നതാണ്. പലവട്ടം ചാറ്റിലും മറ്റും കണ്ടിരുന്നുവെങ്കിലും, തിരയ്ക്കിട്ട ഗവേഷണങ്ങള്‍ക്കിടയില്‍ പോസ്റ്റും ചോദിച്ച് ശല്യപ്പെടുത്തേണ്ടെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ രണ്ടാഴ്ച മുമ്പ്, വൈകിയതിനുള്ള ക്ഷമാപണത്തോടെ,അനുഭവങ്ങള്‍ മെയിലായി പറന്നുവന്നു. നിങ്ങളുടെ ഓരോ കമന്റും, നമ്മുടെ നാടിന്റെ അഭിമാനമുയര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് കരുത്തേകും.

മാത്​സ് ബ്ളോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഓസ്ട്രേലിയയില്‍ നിന്നും അഭിവാദ്യങ്ങള്‍. യാത്ര തിരിക്കുന്നതിനു മുന്‍പ് മാത്​സ് ബ്ളോഗുമായി ഇന്‍റ്ററാക്റ്റ് ചെയ്യാമെന്ന് ടീമംഗങ്ങള്‍ക്ക് വാക്കു കൊടുത്തിരുന്നെങ്കിലും ഇപ്പോഴാണതിനു സാധിച്ചത്, സദയം ക്ഷമിക്കുമല്ലോ?

ഇവിടെ ഞാന്‍ പെര്‍ത്ത് എന്ന സിറ്റിയിലാണ് താമസിക്കുന്നത്. ഓസ്ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലൊന്നായ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് പെര്‍ത്ത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുപക്ഷേ പരിചിതമായ, ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായ, തലയ്ക്കുമുകളില്‍ പന്ത് കുത്തി ഉയരുന്ന, ലോകത്തിലെ ഏറ്റവും വേഗവും ബൗണ്‍സുമുള്ള "വാക്കാ" (WACA – Western Australian Cricket Association) ഗ്രൗണ്ട് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയം (http://museum.wa.gov.au/), യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ (http://www.uwa.edu.au/) എന്നിവിടങ്ങളിലായാണ് ഞാന്‍ ഗവേഷണം ചെയ്യുന്നത്.

തികച്ചും പ്രോത്സാഹജനകമായ കണ്ടുപിടുത്തങ്ങളാണ് ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയ-പസഫിക്ക് മേഘലയില്‍ നിന്നും 7 പുതിയ ഇനം (species) ചിലന്തികളെയും അവയുള്‍പ്പെടുന്ന ഒരു പുതിയ ജീനസ്സി (genus) നേയും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്ടുപിടിക്കാന്‍ സാധിച്ചു. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തില്‍ തന്നെ ഈ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. പുതിയ ജീനസ്സിന് പ്ളെബ്സ് (Plebs) എന്നും സ്പീഷീസ്സുകള്‍ക്ക് പ്ളെബ്സ് ഡീവിയസ് (Plebs devius), പ്ളെബ്സ് ആര്‍ലീനിയേ (Plebs arleneyae), പ്ളെബ്സ് ആര്‍ലെറ്റിയേ (Plebs arletteyae), പ്ളെബ്സ് നിയോഹെബ്രൈഡിക്കസ് (Pleb neohebridecus), പ്ളെബ്സ് പട്രീ‍ഷ്യസ് (Plebs patricius), പ്ളെബ്സ് റോസ്മേരിയെ (Plebs rosemaryae), പ്ളെബ്സ് സെബാസ്റ്റിനി (Plebs sebastiani) എന്നുമാണ് നാമകരണം ചെയ്തിരാക്കുന്നത്. ഈ കണ്ടുപിടുത്തം പ്രസിദ്ധീകരണത്തിനായി അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണ്ണലായ Invertebrate Systematics -ന് അയയ്കാനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഗവേഷണത്തിന്റെ അടുത്ത ഘട്ടം ഈ ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നിവയുടെ പഠനമാണ്. സമയപരിധിക്കുള്ളില്‍ ഇവയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടുത്തെ ജോലി സംസ്കാര (work culture) ത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കുറിപ്പ് ഉപസംഹരിക്കാമെന്ന് കരുതുന്നു. മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Mathew M.J., Ph.D.
Research Scientist - Arachnology
Department of Terrestrial Zoology
Western Australian Museum
Locked Bag 49, Welshpool DC, Perth, WA 6986
AUSTRALIA

email: matthew.mundackatharappel@museum.wa.gov.au
mathewmj@asianetindia.com
mathewmj@gmail.com

tel: +61 8 9212 3790
mob: +61 4 2174 2248
fax: +61 8 9212 3882

http://www.museum.wa.gov.au/

Senin, 15 November 2010

കണ്ണുനീരില്‍ പൊതിഞ്ഞ ചിരി!


കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയാണ് ചിരിയുടെ രാജകുമാരന്‍ . ഈ വീഡിയോയുടെ ദൃശ്യാനുഭവവും ശ്രാവ്യാനുഭവവും ഏറെ മികച്ചതായതു കൊണ്ടു തന്നെ മാത്​സ് ബ്ലോഗിന്റെ സുഹൃത്തുക്കളെ ഈ വീഡിയോയിലേക്ക് ക്ഷണിക്കുകയാണ്. ഇതില്‍ പിന്നണിയിലുള്ള ശബ്ദം ഷെരീഫ് സാറിന്റേതാണ്. പാഠപുസ്തകത്തില്‍ ഇത്തരമൊരു ഭാഗം കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ അനുബന്ധമായി ഒരു വീഡിയോ, അല്ലെങ്കില്‍ ഒരു പ്രസന്റേഷന്‍ കുട്ടികള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചാല്‍ ഒരിക്കലും അവര്‍ ആ പാഠഭാഗം മാത്രമല്ല അവര്‍ക്ക് പതിവുശൈലികളില്‍ നിന്ന് വ്യത്യസ്തമായി ദൃശ്യാനുഭവം നല്‍കുന്ന അധ്യാപകരേയും അവരൊരിക്കലും മറക്കുകയില്ല. ഇന്ന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ തീരെ അറിയാത്തവര്‍ പോലും ലാബില്‍ കുട്ടികളെക്കൊണ്ട് തന്നെ നെറ്റും പ്രൊജക്ടറുമെല്ലാമൊരുക്കി അവര്‍ക്ക് വേണ്ടി ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അധ്യാപകന്റെ ജോലിഭാരം കുറക്കുകയാണ് ഇത്തരം ഐ.സി.ടി ടൂള്‍സ് ചെയ്യുന്നത്.
ഇത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കേണ്ടതുണ്ട്. അതിനു ഒരു അവസരമൊരുക്കുകയാണ് മാത്സ് ബ്ലോഗ്. എന്തെന്നല്ലേ?

സ്‌കൂളുകളീല്‍ അദ്ധ്യപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അതിനു പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കാന്‍ മാത്​സ് ബ്ലോഗിനു സാധിച്ചിട്ടുണ്ട്. അതിനു കാരണമായത് ബ്ലോഗ് സന്ദര്‍ശിക്കുന്ന നിങ്ങളോരോരുത്തരുടെയും സഹകരണമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പല അദ്ധ്യാപകരും നേരിട്ടും ഫോണിലൂടെയും അന്വേഷിക്കുന്ന ഒരു കാര്യമാണ് ഐ.സി.ടി അധിഷ്‌ഠിത പഠനത്തിനാവശ്യമായ വീഡിയോകള്‍ എവിടെ കിട്ടും എന്നത് . യൂ ട്യൂബില്‍ ഉണ്ടെങ്കിലും ശരിയായ വീഡിയോ കണ്ടെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് സഹായകരമായ വീഡിയോകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ നമ്മുടെ ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് പരിമിതികളുണ്ട്.
ആയതിനാല്‍ മാത്​സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങളുടെ ഒരു സഹായം ബ്ലോഗ് ആവശ്യപ്പെടുകയാണ്.
അതായത് ഓരോ വിഷയവും പഠിപ്പിക്കാന്‍ ആവശ്യമായ വീഡിയോകളുടെ ലിങ്ക് ഞങ്ങള്‍ക്ക് അയച്ചു തരിക. അധികം വൈകാതെ പ്രസിദ്ധീകരിക്കുന്ന പോസ്‌റ്റില്‍ ലിങ്ക് പരിചയപ്പെടുത്തിയ ആളിന്റെ പേരു സഹിതം ലിങ്കു നല്‍കും.
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിലും ഇത്തരം ലിങ്കുകള്‍ ഉണ്ടാകും. ബ്ലോഗ് ടീം അംഗങ്ങള്‍ അവ അയച്ചു തരികയാണെങ്കില്‍ ബ്ലോഗിന്റെ പേരില്‍ അവ പ്രസിദ്ധീകരിക്കും. അതിന് താഴെ ചേര്‍ത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു തരാന്‍ സന്നദ്ധത പ്രകടിപ്പിക്കുമല്ലോ. പരസ്പരസഹകരണമാണ് അധ്യാപനത്തിന്റെ വിജയത്തിന് അടിസ്ഥാനമെന്നതില്‍ യാതൊരു സംശയവുമില്ല. വീഡിയോകള്‍ കൂടാതെ ഐ.സി.ടി അധിഷ്ഠിത പഠനത്തിനുപകരിക്കുന്ന പ്രസന്‍റേഷനുകള്‍/ പി,ഡി.എഫ് ഫയലുകള്‍ തുടങ്ങിയവയും അയച്ചു തരാവുന്നതാണ്. അപ്‌ലോഡ് ചെയ്തതിനു ശേഷം അവയുടെ ലിങ്ക് അയച്ചു തന്നാല്‍ മതിയാകും. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ mathsekm@gmail.com ലേക്ക് ഒരു മെയില്‍ അയക്കുമല്ലോ.