MATHEMATICS

Tampilkan postingan dengan label സ്കൂളുകള്‍ക്ക്. Tampilkan semua postingan
Tampilkan postingan dengan label സ്കൂളുകള്‍ക്ക്. Tampilkan semua postingan

Minggu, 08 September 2013

September 12 - Kerala's Official Entrepreneurship day


    മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമസ്ഥനായ ബില്‍ ഗേറ്റ്സിനോട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചോദിക്കുന്നു : "നിങ്ങള്‍ എന്തു കൊണ്ടാണ് നിങ്ങളുടെ കമ്പനിയില്‍ കൂടുതല്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത് ?" ബില്‍ഗേറ്റ്സിന്റെ മറുപടി ഇങ്ങിനെ :"ഇല്ലെങ്കില്‍ അവര്‍ ഇന്‍ഡ്യ​യില്‍ മറ്റൊരു മൈക്രോസോഫ്റ്റ് ആരംഭിക്കും"
സോഷ്യല്‍ നെറ്റ്​വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ സംഭാഷണം സത്യമായാലും അല്ലെങ്കിലും ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത തരത്തിലുള്ള മനുഷ്യ​വിഭവ ശേഷിയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍ അവയെ കണ്ടെത്താനുള്ള ശ്രമം നാം നടത്തിയിട്ടുണ്ടോ എന്നത് സ്വയം വിമര്‍ശനത്തിനു വിധേയമാക്കേണ്ട വിഷയമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ കേരളത്തിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയുടെ മകളാണ് എന്ന വിവരം എത്ര പേര്‍ക്കറിയാം ?

തന്റെ കഴിവുകള്‍ക്ക് വിലപറഞ്ഞ വമ്പന്‍ കമ്പനികളില്‍ ഉദ്യോഗങ്ങളൊന്നും സ്വീകരിക്കാതെ, സ്വന്തമായി വ്യ​വസായ സംരംഭകയായ, ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക വിജുസുരേഷിന്റേയും കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ സുരേഷ് മേനോന്റേയും ഏകമകളായ, ശ്രീലക്ഷ്മി സുരേഷാണ് eDesign Technologies എന്ന വെബ് ഡിസൈന്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഥവാ ഉടമസ്ഥ. നമ്മുടെ കേരളത്തില്‍ നിന്നും ഇനിയും ശ്രീലക്ഷ്മിമാരെ സൃഷ്ടിക്കണ്ടേ..? നമ്മള്‍ അധ്യാപകര്‍ക്കല്ലാതെ ആര്‍ക്കാണിതിനു സാധിക്കുക ? ഇതിന് കേരള സര്‍ക്കാര്‍ ഒരുക്കുന്ന അവസരങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയില്‍ നിന്നുമറിയാനുള്ള അവസരമാണ് ഈ വരുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രത്യേക പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ ഹൈസ്ക്കൂളുകളിലും ഹയര്‍സെക്കന്ററി, കോളേജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കേണ്ടതുണ്ട്. അതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തശേഷം, തന്റെ സഹപ്രവര്‍ത്തകരുമായി കഴിഞ്ഞദിവസം ശ്രീ ബിജു പ്രഭാകര്‍ ഐ എ എസ് ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയായി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍, കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന ഒരു വന്‍വിപത്തിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. "വൃദ്ധജനങ്ങളുടെ ഒരു കൂട്ടമായി നമ്മുടെ കേരള സമൂഹം മാറാന്‍ പോകുന്നു. ചെറുപ്പക്കാരെല്ലാം തൊഴിലന്വേഷകരും തൊഴിലാളികളുമായി നാടുവിടുന്നു. നമ്മുടെ മികച്ച തലച്ചോറുകളെല്ലാം തന്നെ അന്യനാടുകളിലും മറ്റുമായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി ദാസ്യവേല ചെയ്യുന്നു അല്ലെങ്കില്‍ അത് മാത്രമായി അവരുടെ സ്വപ്നങ്ങള്‍ ചുരുങ്ങുന്നു. ഗവണ്‍മെന്റ് മേഖലയിലും, മറ്റുള്ളവന്റെ കീഴിലും തൊഴില്‍ ലഭിയ്ക്കണമെന്ന ചിന്തയല്ലാതെ, സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്ന ആഗ്രഹംപോലും നമ്മുടെ പുതുതലമുറയ്ക്ക് അന്യമാണ്. ബില്‍ ഗേറ്റ്സും, സക്കര്‍ബര്‍ഗ്ഗുമടങ്ങുന്ന വ്യ​വസായ ഭീമന്മാരുടെയൊക്കെ ജീവചരിത്രങ്ങളൊന്നും അവരെ തെല്ലും പ്രചോദിപ്പിക്കുന്നില്ല."

തൊഴില്‍ അന്വേഷകരല്ലാതെ, തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ വിപുലമായ പദ്ധതികളാണ് നമുക്ക് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. കേവലം ഐടി യില്‍ മാത്രമായി ഒതുങ്ങാതെ, മറ്റുള്ള പരശ്ശതം മേഖലകളിലും വ്യവസായ സംരംഭകരായി മാറാന്‍ അവരെ പ്രചോദിപ്പിക്കേണ്ടതും, അതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ഒരുക്കേണ്ടതുമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിലുടെ ഒട്ടേറെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു വിവധതരത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ പരിചയപ്പെടുന്നതിനും നൂതനമായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും കഴിഞ്ഞിട്ടുണ്ട്. തുടങ്ങി, പതിനഞ്ചുമാസം കൊണ്ട്, 1000 ലധികം നൂതന പ്രോജക്ട് പ്രൊപ്പോസലുകള്‍ കുട്ടികളില്‍ നിന്നും ലഭിച്ചുവത്രെ!

ഈയൊരു വിജയത്തിന്റെ ആഘോഷഭാഗമായി, ഇതിന്റെ രണ്ടാം ഘട്ടം സ്കൂള്‍ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തുകഴിഞ്ഞു.എട്ടുമുതല്‍ പന്ത്രണ്ട് വരേ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു ഓണ്‍ലൈന്‍ പരീക്ഷ നടത്തി, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്‌ടോപ്പുകളടക്കമുള്ള ആധുനിക സാങ്കേതികോപകരണങ്ങളും മികച്ച പഠനാവസരങ്ങളും നല്‍കാനാണ് പദ്ധതി.

എമേര്‍ജിംഗ് കേരളയുടെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 12 വ്യാഴാഴ്ച സംരംഭകത്വ ദിനമായി (Entrepreneurship day) ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അവബോധവും താല്‍പര്യവും സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്നതിന് 12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നതാണ്

ഇതിനായി വിദ്യാര്‍ത്ഥികള്‍ക്കു അദ്ദേഹത്തിന്റെ സന്ദേശം തല്‍സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ / കോളേജ് പ്രഥമാധ്യാപകര്‍ ഒരുക്കേണ്ടതുണ്ട്. ഈ പരിപാടി വിജയകരമായി നടത്തുന്നതിന് സ്കൂളിലെ / കോളേജിലെ അദ്ധ്യാപക രക്ഷാകതൃസമതിയുടെ സഹകരണവും അത്യാവശ്യമാണ്.

അറുപതുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഒരേസമയം അഭിസംബോധന ചെയ്യാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. വിക്ടേഴ്സ് ചാനലിലൂടേയും മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടേയും സംപ്രേക്ഷണം ഉണ്ടായിരിക്കും. ഹൈസ്കൂള്‍ മുതല്‍ കോളേജ്തലം വരേയുള്ള മുഴുവന്‍ കുട്ടികളേയും നിര്‍ബന്ധമായും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണം. എട്ട് ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടി കാണാനുള്ള സൗകര്യമുണ്ടാക്കാനാണ്, അവരുടെ പരീക്ഷയെ കൂടി പരിഗണിച്ച് പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ഹൈസ്കൂളുകളിലേയും ഹയര്‍സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലേയും ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിപാടി ഭംഗിയായി കുട്ടികളിലേയ്ക്കെത്തിക്കാനുള്ള പരിശീലനം ലഭിയ്ക്കുക. വിക്ടേഴ്സ് ചാനല്‍ സ്കൂളില്‍ ഭംഗിയായി ലഭിയ്ക്കുന്നുണ്ടെങ്കില്‍, ഓഡിറ്റോറിയത്തിലോ സൗകര്യപ്രദമായ സ്ഥലത്തോ വലിയ ടിവിയിലോ പ്രൊജക്ടറിലോ, മതിയായ ശബ്ദസംവിധാനത്തോടെ കാണിച്ചാല്‍ മതിയാകും. ഇനി, ഇന്റര്‍നെറ്റിലൂടെയാണെങ്കിലോ? ആദ്യം ചില മുന്നൊരുക്കങ്ങള്‍ വേണം.
  1. ഫയര്‍ഫോക്സ് / ഗൂഗിള്‍ ക്രോം - ഇവയില്‍ ഏതെങ്കിലും ബ്രൗസര്‍ ഉപയോഗിക്കുക.
  2. യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക (ഇല്ലെങ്കില്‍ അനുയോജ്യമായ flash player ഇന്‍സ്റ്റാള്‍ ചെയ്യണം)
  3. ബ്രൗസറിന്റെ അഡ്രസ്സ്ബാറില്‍ www.youtube.com/oommenchandykerala എന്ന അഡ്രസ്സ് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
  4. തുറന്നുവരുന്ന ജാലകത്തിലെ വീഡിയോയുടെ Thumbnail ല്‍ ക്ലിക്കുചെയ്യുക.
  5. വീഡിയോയില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് fullscreen ആക്കുകയും esc കീയില്‍ ക്ലിക്ക് ചെയ്ത് fullscreenഒഴിവാക്കുകയും ചെയ്യാം.
  6. അന്ന് രാവിലെ 10 30മുതല്‍ പരിപാടിയുടെ ട്രയല്‍ സംപ്രേഷണം നടക്കുമ്പോള്‍, എല്ലാം ശരിയായി നടക്കുന്നുവെന്ന് എസ്ഐടിസി / എച്ച്ഐടിസിമാര്‍ ഉറപ്പുവരുത്തണം.
ലഭ്യമാകുന്ന മുറയ്ക്ക് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാത്സ് ബ്ലോഗിലൂടെ നല്‍കുന്നതായിരിക്കും. സംശയങ്ങള്‍ പങ്കുവെക്കുമല്ലോ.

Selasa, 27 Agustus 2013

ഈ വര്‍ഷത്തെ ഗണിതശാസ്ത്രം സി.ഇ വര്‍ക്ക് എങ്ങിനെ നടത്തണം. Continous Evaluation for SSLC Maths

തുടര്‍മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള പരിശീലനങ്ങള്‍ നടക്കുകയാണ്. എല്ലാവിഷയങ്ങള്‍ക്കുമുള്ള പരിശീലനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഏതായാലും ഗണിതശാസ്ത്രപരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഡി.ആര്‍.ജി തലത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അപ്പോള്‍ അധ്യാപകപരിശീലനത്തിനുള്ള ഒരു നോട്ട്സ് തയ്യാറാക്കേണ്ടിവന്നു. അന്നുതയ്യാറാക്കിയ നോട്ടാണ് പ്രസിദ്ധീകരിക്കുന്നത്. തുടര്‍മൂല്യനിര്‍ണ്ണയം കാര്യക്ഷമമാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തുടക്കമാണ് മൂല്യനിര്‍ണ്ണയപരിശീലനം. പുസ്തകത്തിന്റെ ആരംഭത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പഠനപ്രക്രീയയിലെ അവിഭാജ്യഘടകമാണ് വിലയിരുത്തല്‍. പാഠ്യപദ്ധതി വിനിമയം ഫലപ്രദമാക്കുന്നതിന് ക്ലാസ് മുറിയില്‍ സ്വീകരിക്കേണ്ട പഠനതന്ത്രങ്ങളും വിലയിരുത്തല്‍ പ്രക്രീയയും സംബന്ധിച്ച് എല്ലാ അധ്യാപകര്‍ക്കും വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ട്. ഇതിന് സഹായകരമായ രീതിയില്‍ വിലയിരുത്തല്‍ സംബന്ധിച്ച പൊതുസമീപനവും മറ്റ് വിശദാംശങ്ങളും മൂല്യനിര്‍ണ്ണയ സോഴ്സ് ബുക്ക് ഉള്‍ക്കൊള്ളുന്നു. പഠന-ബോധനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും വിവിധങ്ങളായ വിലയിരുത്തല്‍ രീതികള്‍ ആവിഷ്ക്കരിക്കുന്നതിലൂടെ പഠിതാക്കളെ പഠനത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതിനും ഈ വിലയിരുത്തല്‍ സോഴ്ത് ബുക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. എസ് . സി ആര്‍. ടി ഡയറക്ടറുടെ വാക്കുകള്‍ ഉദ്ധരിക്കുകയായിരുന്നു ഇവിടെ.

ഇനി ഒരു തുടര്‍മൂല്യനിര്‍ണ്ണയവിഭവമാകാം. ഇതൊരു പസിലാണ്. സമാന്തരശ്രേണിയില്‍ നിന്നുള്ള ഈ പസില്‍ ശ്രേണിയുടെ ബീജഗണിതരൂപം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. ബീജഗണിതരൂപമോ ശ്രേണിയില്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളോ ഉപയോഗിക്കാതെ യുക്തിവിചാരം കൊണ്ട് ഇതിന് പരിഹാരം കണക്കാക്കണം. താഴെ കൊടുത്തിരിക്കുന്ന ശ്രേണികള്‍ നോക്കുക
  1. A=$1,3,5,7,9,11,13,15,17,19,\cdots$
  2. B=$ 2,6,10,14,18,22 \cdots$
  3. C=$4,12,20,28,36,44,52,60\cdots$
  4. D=$8,24,40,56,72,88,104 \cdots$
  5. E=$16,48,80,112,114\cdots$
  6. F=$32,96,160 \cdots$
ശ്രേണികള്‍ ഇതുപോലെ തുടരാം. ഏതുശ്രേണിയിലായിരിക്കും $1000$ എന്ന സംഖ്യ ഉള്‍ക്കൊള്ളുന്നത് ? ഒന്നില്‍ കൂടുതല്‍ ശ്രേണികളില്‍ $1000$ ഉണ്ടായിരിക്കുമോ? ഇതിനുള്ള കാരണവും കുട്ടികള്‍ വ്യക്തമാക്കട്ടെ.
മറ്റൊരു CE പ്രവര്‍ത്തനം കൂടി
$(x^2-7x+11)^{x^2-11x+30}=1$ന്റെ പരിഹാരം കണ്ടെത്തുക. പരിഹാരം $2,3,4,5,6$ എന്നിവയാണ് . പത്താംക്ലാസിലെ കുട്ടിക്ക് നല്‍കാവുന്ന ഒരു ദൈനംദിനപ്രവര്‍ത്തനമാണ് . Click here to get CE notes
Click here to get Scoring sheets in .odt format
Click here to get Scoring sheet in the pdf format

Kamis, 22 Agustus 2013

Virtual Voting Machine : An Election Software

കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീന്‍ ആക്കി മാറ്റുന്ന വിധത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ വര്‍ഷവും മറ്റൊരു വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുകയാണ്. മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ അധ്യാപകനായ ചെറിഷ് എബ്രഹാം സാറും കഴിഞ്ഞ വര്‍ഷം തന്നെ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതിനും ലീഡറെ തിരഞ്ഞെടുക്കുന്നതിനുമൊക്കെയായി ഉപയോഗപ്പെടുത്താനാവുന്ന ഒരു ഒരു വിര്‍ച്വല്‍ വോട്ടിങ് മെഷീന്‍ നിര്‍മ്മിച്ചിരുന്നു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷകളെഴുതുന്നതിന് വേണ്ടി പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGam എന്ന പരീക്ഷാ പ്രോഗ്രാമെഴുതിയ GAMBAS എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിന്റെ സഹായത്തോടെ തന്നെയാണ് ചെറിഷ് സാറും ഇത്തരമൊരു വോട്ടിങ് മെഷീന്‍ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി സോഫ്റ്റ്വെയറിനെക്കുറിച്ചു പറയാം. തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്​വേറാണ് VVM (Virtual Voting Machine). ഇവിടെ മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്. ഇതെങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നു നോക്കാം. സോഫ്റ്റ്​വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള ലിങ്കും അതിന്റെ ഇന്‍സ്റ്റലേഷന്റെ രീതിയും ചുവടെ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.

  • Ubuntu ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുന്നത്.
  • ആദ്യമായി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ GAMBAS ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്നു നോക്കണം.
  • IT @School Ubuntu 10.04 /10.12 എന്നീ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ Application>Programming>Gambas കാണാന്‍ കഴിയും.
  • Gambas ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചുവടെ നിന്നും vvm2_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
  • പ്രിവിലേജുകള്‍ നല്‍കിയിട്ടുള്ള യൂസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.
  • ഇന്‍സ്റ്റലേഷനു ശേഷം Application>Education>Virtual Voting Machine എന്ന ക്രമത്തില്‍ സോഫ്റ്റ്​വെയര്‍ തുറക്കാം.

ഡൗണ്‍ലോഡ് ചെയ്യാം
  1. Installation.pdf – ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
  2. vvm_2.0.0-1_all.deb – സോഫ്ട്വേര്‍ ഇന്‍സ്റ്റലേഷന്‍ സെറ്റപ്പ്.
  3. Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
  4. Sample strips FOLDER- സോഫ്റ്റ്​വെയര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍. എക്സ്ട്രാക്ട് ചെയ്ത് സാമ്പിള്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കാം.
സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ മാത്​സ് ബ്ലോഗുമായി പങ്കുവെക്കുമല്ലോ.

Selasa, 20 Agustus 2013

Profession Tax in Spark

പ്രൊഫഷന്‍ ടാക്സിനെക്കുറിച്ച് ഒരു ലേഖനം നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് കണ്ടെത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് സാധിക്കുന്നില്ലെന്ന കാരണം കൊണ്ടു തന്നെ ഈ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കുകയാണ്. തൊഴില്‍ നികുതി അഥവാ പ്രൊഫഷന്‍ ടാക്സ് രണ്ടു ഘട്ടമായാണ് തദ്ദേശസ്വ​യംഭരണസ്ഥാപനങ്ങള്‍ പിടിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം. 2014 ഫെബ്രുവരിയോടെ രണ്ടാം പകുതി പ്രൊസസ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് “ട്രാന്‍സ്ഫര്‍" ക്രഡിറ്റ് ചെയ്യുന്ന സംവിധാനം പലയിടങ്ങളിലും സാദ്ധ്യമായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

  • ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുക്കുക.
  • ഈ ബില്‍ ടൈപ്പില്‍ നേരത്തേ പ്രൊസസ് ചെയ്ത ടാക്സ് കളയുന്നതിന് Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കണം.
  • തുടര്‍ന്ന് ഈ ബില്‍ ടൈപ്പിലെ ജീവനക്കാരുടെ പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന് Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം.
  • പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം.
  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.
  • കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2013 മുതല്‍ 31-8-2013 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.
  • പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

Senin, 12 Agustus 2013

How to apply for K-TET

അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ അഭിരുചിയും നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ചുമതല അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നാണ് 2009 ലെ വിദ്യാഭ്യാസ അവകാശനിയമം നിഷ്ക്കര്‍ഷിക്കുന്നത്. അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ തന്റെ ചുമതലയോട് ആത്മാര്‍ത്ഥമായ അഭിരുചിയും വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വെല്ലുവിളികള്‍ നേരിടാന്‍ ശേഷിയുള്ളവരുമായിരിക്കണമെന്നാണ് ഈ പുത്തന്‍ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ മേല്‍പ്പറഞ്ഞ ഗുണനിലവാരം കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് പരീക്ഷയിലൂടെ അളക്കാനാകുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍. കേരളാ പരീക്ഷാഭവനാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 5 നുമായി പരീക്ഷകള്‍ നടക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷയ്ക്ക് ഓണ്‍ലൈനിലൂടെ ആഗസ്റ്റ് 24 വൈകീട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പരീക്ഷയുടെ വിജ്ഞാപനം, പ്രോസ്​പെക്ടസ്, സിലബസ്, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ ചുവടെയുള്ള ലിങ്കില്‍ ലഭ്യമാണ്. നോക്കുമല്ലോ. അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

Website | Notification | Prospectus | Erratum

Syllabus

Category I | Category II | Category III | Category IV |

Model Question
Category I | Category II | Category III | Category IV

പ്രധാന തീയതികള്‍

പരീക്ഷാഭവന്റെ Website ലൂടെ Teacher Eligibility Test-ന് Online ആയി Registration നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കേരള പരീക്ഷാഭവന്‍ നടത്തുന്ന K-TET എന്ന Examination ന് Online ആയി Application നല്‍കുന്നതിന് വേണ്ടി www.ktet.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലെ K-TET 2013 എന്ന Link Click ചെയ്യുകയോ ചെയ്ത ശേഷം ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

രണ്ട് ഘട്ടങ്ങളായാണ് ആപ്ലിക്കേഷന്‍ നല്‍കേണ്ടത്
  1. K-TET Chalan Form
  2. K-TET Online Application Form

A. K-TET Chalan form ലഭിക്കുന്നതിന്
  • K-TET Chalan form എന്ന Link ല്‍ Click ചെയ്യുക. സ്ക്രീനില്‍ തെളിയുന്ന form-ല്‍ ഏത് വിഭാഗത്തിലാണ് പരീക്ഷ എഴുതുന്നതെന്ന് തീരുമാനിച്ചതിനു ശേഷം ശ്രദ്ധാപൂര്‍വ്വം form-ല്‍ data രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
  • ഒന്നില്‍ കൂടുതല്‍ Categoryയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു Chalan Form ല്‍ തന്നെ അത് രേഖപ്പെടുത്തി ബാങ്കില്‍ ഫീസ് അടയ്കേണ്ടതാണ്.
  • Category II ലും IV ലും ഒരേ വ്യക്തി അപേക്ഷിക്കാന്‍ പാടുള്ളതല്ല.
  • ഒരു അപേക്ഷകന്‍ ഒരു അപേക്ഷാ ഫോം മാത്രമേ പരീക്ഷയ്ക്കു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനു ഉപയോഗിക്കാന്‍ പാടുള്ളു. ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷാഫോമില്‍ത്തന്നെ ഇക്കാര്യം രേഖപ്പെടുത്തിയാല്‍ മതിയാവുന്നതാണ്. ഒന്നിലധികം അപേക്ഷകള്‍ തരുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
  • Chalan Form പൂരിപ്പിക്കുമ്പോള്‍ പരീക്ഷാ ഫീസില്‍ ഇളവുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് സൗകര്യപ്രദമായ SBT Branch തെരഞ്ഞെടുക്കേണ്ടതുമാണ്. തെരഞ്ഞെടുക്കുന്ന SBT Branch ല്‍ മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കുകയുള്ളു.
  • Chalan Form Submit ചെയ്യുമ്പോള്‍ ലഭിക്കുന്ന form പ്രിന്റ് എടുത്ത് അതില്‍ കാണിച്ചിരിക്കുന്ന SBT Branch ല്‍ തുക അടയ്ക്കേണ്ടതാണ്.
  • Chalan Formല്‍ കാണുന്ന Application Numberഉം Application IDയും തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
B. K-TET Online Application അയയ്ക്കുന്നതിന്


  • ഫീസ് Bank-ല്‍ അടച്ചതിനു ശേഷം മേല്‍പ്പറഞ്ഞ Website ല്‍ പ്രവേശിച്ച് K-TET Online Application Form എന്ന Linkല്‍ Click ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ Application Number ഉം Application ID ഉം കൊടുത്ത് Login ചെയ്യുക. ലഭിക്കുന്ന അപേക്ഷയില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് Save ചെയ്യുക.
  • അപേക്ഷകന്റെ 30KB യില്‍ താഴെ Size ലുള്ള JPEG format-ലുള്ള ഒരു ഫോട്ടോ (രണ്ടു മാസത്തിനകം എടുത്തത്) ആണ് upload ചെയ്യേണ്ടത്.
  • Category 3 വിഭാഗത്തില്‍ apply ചെയ്യുന്നവര്‍ അവരുടെ വിഷയം തെറ്റു കൂടാതെ തെരഞ്ഞെടുക്കേണ്ടതാണ്.
  • ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവര്‍ Language-I, Language-II തെരഞ്ഞെടുക്കുന്നത് ഏതൊക്കെയാണെന്ന് കൃത്യമായി select ചെയ്യേണ്ടതാണ്.
  • Submit ചെയ്യുന്ന ആപ്ലിക്കേഷന്‍ 24.08.2013 വരെ Edit ചെയ്യാവുന്നതാണ്. Editing ആവശ്യമില്ലെങ്കിലോ, അപേക്ഷ പൂര്‍ണ്ണമായി എന്ന് ബോധ്യമായാലോ Online Application Form Login ചെയ്യുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഫോമിന്റെ മുകള്‍ ഭാഗത്തുള്ള "Confirm Application Form" എന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.
  • ആപ്ലിക്കേഷന്‍ ഫോം confirm ചെയ്താല്‍ മാത്രമേ അപേക്ഷ നല്‍കിയതായി പരിഗണിക്കുകയുള്ളു.

  • Online ആയി Application രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന ദിവസം 24.08.2013 വൈകുന്നേരം 5 PM വരെ.



  • Chalan ഫോമിന്റേയോ Application Form ന്റെയോ Print outകള്‍ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. എന്നാല്‍ എന്തെങ്കിലും പ്രത്യേകകാരണം കൊണ്ട് ആവശ്യപ്പെടുന്ന പക്ഷ അവ പരീക്ഷാഭവനിലേക്കും K-TET പാസ്സാകുന്നവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹാജരാക്കുന്നതിന് വേണ്ടി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.



  • സംശയങ്ങള്‍ക്കായി 0471-2546832, 0471-2546823, 0471-2546816 എന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
    കഴിഞ്ഞ വര്‍ഷം വിക്ടേഴ്സ് ചാനലില്‍ കെ-ടെറ്റ് പരീക്ഷാഘടനയെക്കുറിച്ച് സംപ്രേക്ഷണം ചെയ്ത വീഡിയോ

    Minggu, 23 Juni 2013

    ICT - Std X- Unit 1Updated with Theory Model Questions from Shaji Haritham

    പത്താം ക്ലാസ് ഐ.ടി പാഠപുസ്തകം കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ചിരുന്നു. പരിഷ്കരിച്ച പാഠപുസ്തകത്തില്‍ നിന്നും പുതിയ മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക എന്നതും തിയറി പരീക്ഷയുടെ മാര്‍ക്ക് കംപ്യൂട്ടര്‍ തന്നെയായിരിക്കും നല്‍കുക എന്നതും ഐ.ടി അധ്യാപകരെ അന്ന് തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. ആ ആശങ്കയ്ക്ക് വിരാമമിട്ടത് ജോണ്‍ സാറിന്റെ ഐ.ടി വര്‍ക്ക് ഷീറ്റുകള്‍, റഷീദ് ഓടക്കല്‍ സാറിന്റെ ഐ.ടി നോട്സ്, നിധന്‍ ജോസ് സാറിന്റെ വീഡിയോ ടൂട്ടോറിയല്‍, തുടങ്ങിയവയാണ്. ആ ശ്രേണിയിലേക്ക് കടക്കുന്ന രണ്ടു പഠന സഹായികളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്.

    1. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ തിയറി വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാറാണ്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ചുരുങ്ങിയ പേജുകളില്‍ ഏറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുമാണ് മാത്യൂ സാര്‍ തയാറാക്കിയ പഠന സഹായി. കുട്ടികള്‍ക്ക് വളരെയധികം സഹായകമാകുന്ന വിധത്തില്‍ നോട്സും പാഠപുസ്തകത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്യേണ്ട സ്റ്റെപ്പുകളും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. കൂടാതെ ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കാവുന്ന ടിപ്സും അദ്ദേഹത്തിന്റെ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ഇവിടെ നിന്നും മാത്യൂ സാര്‍ തയാറാക്കിയ തിയറി നോട്സ് ഡൗണ്‍ലോ‍ഡ് ചെയ്തെടുക്കാം


    2. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ പ്രാക്ടിക്കല്‍ വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമണിയിലെ ഹൗലത്ത് ടീച്ചറാണ്. ഐ.ടി യുടെ ആദ്യ അധ്യായത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങളുടെ മാതൃകയും അവ ചെയ്യേണ്ട രീതിയുമാണ് ടീച്ചര്‍ തയാറാക്കിയ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ മാതൃകയെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഈ നോട്സ് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

    ഈ ലിങ്കില്‍ നിന്നും ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ പ്രാക്ടിക്കല്‍ നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം


    3.കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ -

    English - മലയാളം

    4.റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ നോട്സ്

    5.കഴിഞ്ഞ വർഷം ഐ.ടി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തിയറി ചോദ്യങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റുന്നതില്‍ ഏറ്റവും കൂടതല്‍ പങ്കു വഹിച്ചത് പട്ടാമ്പി ഹരിതത്തിലെ ഷാജി സാറാണ്. അന്ന് ഷാജി സാർ തയാറാക്കിയ നോട്ടുകളാണ് പല അധ്യാപകരും മാതൃകയായി കുട്ടികള്‍ക്ക് നല്‍കിയത് എന്നു പറയുമ്പോള്‍ ആ നോട്ടുകളുടെ മൂല്യം ഈഹിക്കാമല്ലോ....ഐ.ടി തിയറി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പഠനസഹായികളിലൊന്നാണ് ഷാജി സാറിന്റെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ ..

    ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഐ.ടി തിയറി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം

    കുട്ടികള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ പഠനസഹായികള്‍ ലക്ഷ്യത്തിലെത്തുന്നത്. ഇവ കുട്ടികളിലേക്കെത്തിക്കാന്‍ ഏറ്റവും യോജ്യരായ അധ്യാപകരാണ് ബ്ലോഗിലെ സന്ദര്‍ശകരായ നിങ്ങള്‍ ഓരോരുത്തരും.. ക്ലാസ് മുറികളിലെ അധ്യയനത്തിന് ഏറെ പ്രയോജനപ്രദമായ ഈ പഠനസഹായികള്‍ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം അവ തയാറാക്കിയവരെ കമന്റുകളിലൂടെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമല്ലോ..

    Minggu, 09 Juni 2013

    Club Activites in Schools

    സ്കൂളില്‍ ക്ലബ്ല് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയാണ് ഇപ്പോള്‍. ഒട്ടേറെ ക്ലബ്ബുകള്‍ നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ ഒട്ടു മിക്ക സ്കൂളുകളും പരിശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. സ്കൂളുകളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി ഫണ്ട് ലഭ്യതയിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പോകുവാന്‍ ആവശ്യമായ ഫണ്ട് പലപ്പോഴും ലഭ്യമാകാറില്ല.അതു കൊണ്ടു തന്നെ പ്രവര്‍നങ്ങള്‍ നടത്തി എന്നു റിപ്പോട്ടെഴുതി തീര്‍ക്കുകയോ അല്ലായെങ്കില്‍ നടത്തി എന്നു വരുത്തി തീര്‍ക്കുകയോ ചെയ്യും. എന്നാല്‍ ഫണ്ട് ലഭ്യതാ സാധ്യതയുള്ളതും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെ കുറിച്ചറിഞ്ഞാല്‍ ഏറെ കാര്യക്ഷമമായി നമുക്ക് വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താകുമെന്നതില്‍ സംശയമില്ല. ഇത്തരത്തിലുള്ള വിവിധ ക്ലബ്ബുകളെ പരിചയപ്പെടുത്തുകയാണ് മലപ്പുറം രാമന്‍കുത്ത് പി.എം.എസ്.എ യു.പി സ്ക്കൂളിലെ അധ്യാപകനായ വി.കെ വിനോദ്. ഈ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്ന എല്ലാ ക്ലബ്ബുകളുടേയും സംഘാടകരുമായി നേരിട്ടും ഫോണിലുമെല്ലാം ബന്ധപ്പെട്ടാണ് അദ്ദേഹം ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു പോകുന്നതിന് ഈ ലേഖനം സ്ക്കൂളുകളെ സഹായിക്കുമെന്ന് തീര്‍ച്ച. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലബ്ബുകളെക്കുറിച്ച് വായിച്ചറിയാം. അദ്ദേഹത്തിന് പ്രോത്സാഹനം നല്‍കുന്നതിനും സംശയദുരീകരണത്തിനും കമന്റ് ബോക്സ് ഫലപ്രദമായി വിനിയോഗിക്കുമല്ലോ.

    ഇന്ന് നിരവധി ക്ലബ്ബുകള്‍ നമ്മുടെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ ഫണ്ട് ലഭ്യതാ സാധ്യതയുളളതും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലംവരെയുളള സ്‌കൂളുകളില്‍ ഇവയെല്ലാം തന്നെ ആരംഭിയ്ക്കാവുന്നതാണ്. ക്ലബ്ബുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

    1. ഊര്‍ജ്ജസംരക്ഷണ വേദി
    2. ലഹരി വിരുദ്ധ ക്ലബ്ബ്
    3. ഹെറിറ്റേജ് ക്ലബ്ബ്
    4. ഫോറസ്ട്രി ക്ലബ്ബ്
    5. കാര്‍ഷിക ക്ലബ്ബ്
    6. ഹരിത സേന
    7. ജലശ്രീ ക്ലബ്ബ്
    8. ലവ് ഗ്രീന്‍ ക്ലബ്ബ്
    9. പര്യാവരണ്‍ മിത്ര
    10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

    1.ഊര്‍ജ്ജ സംരക്ഷണ വേദി

    ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് വേദിയുടെ ലക്ഷ്യം. വേദി രൂപീകരിച്ച് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വേദിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും അനുവദിക്കുന്നതാണ്.
    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. അംഗത്വത്തിനായി സ്ഥാപനമേലധികാരി മുഖാന്തിരം താഴെകാണുന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

    ഡയറക്ടര്‍,
    എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍,
    ശ്രീക്യഷ്ണനഗര്‍,
    ശ്രീകാര്യം പോസ്റ്റ്,
    തിരുവനന്തപുരം - 17

    2.ലഹരി വിരുദ്ധ ക്ലബ്ബ്

    മദ്യ-ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാവുന്നതാണ്. ക്ലബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ടിന്റെ ലഭ്യതയും പ്രവര്‍ത്തന മികവും അനുസരിച്ച് ലഭിക്കുന്നതാണ്.
    സംസ്ഥാന ജില്ലാതലങ്ങളില്‍ ഏറ്റവും മുന്തിയ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ക്ലബിനും അംഗങ്ങള്‍ക്കും എവര്‍റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിക്കുന്നതിനായി തൊട്ടടുത്ത എക്‌സൈസ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടുക.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

    3.ഹെറിറ്റേജ് ക്ലബ്ബ്

    സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃകസംരക്ഷണത്തില്‍ അവബോധം സൃഷ്ടിക്കുക അത് വഴി രാഷ്ട്രത്തോടും നമ്മുടെ സംസ്‌കാരത്തോടുമുളള ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും നല്‍കിവരുന്നു.

    രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി ക്ലബ്ബ് രൂപികരിച്ചതിന് ശേഷം ആ വിവരങ്ങള്‍ സഹിതം സ്ഥാപനമേലധികാരി മുഖാന്തിരം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതുണ്ട്.

    ദി ഡയറക്ടര്‍,
    കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്,
    നളന്ദ, കവടിയാര്‍ പി ഒ,
    തിരുവനന്തപുരം - 3

    വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

    4.ഫോറസ്ട്രി ക്ലബ്ബ്

    വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നതിന് സ്‌കൂളുകളില്‍ ഫോറസ്ട്രി ക്ലബ്ബുകള്‍ രൂപികരിക്കാവുന്നതാണ്. രജിസ്‌ട്രേഷന് ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടേണ്ടതുണ്ട്.
    പ്രിന്‍സിപ്പല്‍ / ഹെഡ്മാസ്റ്റര്‍ രക്ഷാധികാരിയായും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ സ്റ്റാഫ് ഗൈഡുകളായും 30-40 കുട്ടികള്‍ അംഗങ്ങളായും ഉളള ക്ലബ്ബ് രൂപികരിച്ചതിന് ശേഷം രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

    രജിസ്‌ട്രേഷന്‍ ഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

    ഡയറക്ടര്‍,
    ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,
    വഴുതക്കാട്,
    തിരുവനന്തപുരം - 14
    വനം വകുപ്പ് സൗജന്യമായി സംഘടിപ്പിക്കുന്ന പ്രക്യതി പഠന ക്യാമ്പുകളെ കുറിച്ചുള്ള വിശദ വിവരങ്ങളും - അപേക്ഷ ഫോമും

    5.കാര്‍ഷിക ക്ലബ്ബ്

    കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ കൃഷി ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. ഒരു ക്ലബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ ആകാം. നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഇക്കോ ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. പത്ത് സെന്റ് സ്ഥലമെങ്കിലും കൃഷിക്കായി (വെജിറ്റബിള്‍ കള്‍ട്ടിവേഷന്‍ പ്രോഗ്രാം) മാറ്റിവെയ്‌ക്കേണ്ടതുണ്ട്.
    പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് , ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് വിത്ത്, വളം, ഉപകരണങ്ങള്‍, ട്രെയിനിങ് എന്നിവയ്ക്കായി തുക അനുവദിക്കുന്നത്. കൂടാതെ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല വിദ്യാലയം, ഏറ്റവും നല്ല സ്ഥാപന മേധാവി, ഏറ്റവും നല്ല ടീച്ചര്‍, എറ്റവും നല്ല വിദ്യാര്‍ത്ഥി എന്നിവരേയും തിരെഞ്ഞടുക്കാറുണ്ട്.

    കൂടുതല്‍ വിവരങ്ങള്‍ക്കായി തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.

    6.ദേശീയ ഹരിത സേന

    പാരിസ്ഥിതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍' നടപ്പിലാക്കുന്ന 'ദേശീയ ഹരിതസേന' - ഇക്കോ ക്ലബ്ബ് സ്‌കൂളുകളില്‍ ആരംഭിക്കാവുന്നതാണ്. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നതാണ്. മാത്രമല്ല സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനും അതത് ജില്ലകളിലെ ഏറ്റവും മികച്ച ക്ലബ്ബിനും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    ഇക്കോ ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അതത് ജില്ലയുടെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    7.ജലശ്രീ ക്ലബ്ബ്

    ജലവകുപ്പിന്റെ കീഴിലുളള സി.സി.ഡി.യു.വി.ന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജലശ്രീ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാലയങ്ങളെ 'ജല സൗഹൃദ മുറ്റങ്ങള്‍' ആക്കി മാറ്റുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. മഴവെളള സംഭരണികള്‍ സ്ഥാപിക്കല്‍, മഴക്കുഴി നിര്‍മ്മാണം, കിണറുകള്‍ റീച്ചാര്‍ജ് ചെയ്യല്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ഗ്രാമീണ കൂട്ടായ്മകള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിനുളളത്. കൂടാതെ കുടിവെളളം പരിശോധിക്കാനുളള സൗജന്യ കിറ്റുകളും ലഭ്യമാക്കും. അദ്ധ്യാപകര്‍ക്കുളള പരിശീലനവും നല്‍കും. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സാമ്പത്തിക സഹായങ്ങളും ലഭിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സ്‌കൂളുകള്‍ക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
    രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

    ദി ഡയറക്ടര്‍, സി സി ഡി യു,
    ഫസ്റ്റ് ഫ്‌ളോര്‍, പി ടി സി ടവര്‍,
    എസ് എസ് കോവില്‍ റോഡ്,
    തമ്പാനൂര്‍, തിരുവനന്തപുരം - 1
    ഇമെയില്‍: ccdu@gmail.com

    8.ലവ് ഗ്രീന്‍ ക്ലബ്ബ്

    ജപ്പാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. ആയ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ ദക്ഷിണഭാരതത്തിലെ ഓഫീസ് ലവ് ഗ്രീന്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ സ്‌കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. ക്ലബ്ബുകള്‍ രൂപികരിക്കുന്നതിനായി അടുത്തുളള ഒയിസ്‌ക ചാപ്‌റ്റേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്. ഒയിസ്‌ക ചാപ്‌റ്റേഴ്‌സ് ഏതെല്ലാമാണെന്നറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

    9. പര്യാവരണ്‍ മിത്ര

    സ്‌കൂള്‍ കുട്ടികളെ പരിസ്ഥിതിയുടെ മിത്രം ആക്കി മാറ്റുക എന്നതാണ് പര്യാവരണ്‍ മിത്രയുടെ ലക്ഷ്യം. അംഗത്വം നേടുന്ന സ്‌കൂളുകള്‍ക്ക് പര്യാവരണ്‍ മിത്രയുടെ പ്രാദേശിക റിസോഴ്‌സ് ഏജന്‍സികളുമായി കൂടുതല്‍ സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
    ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
    അപേക്ഷഫോറം പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കു.

    അപേക്ഷ അയക്കേണ്ട വിലാസം

    പ്രോഗ്രാം കോര്‍ഡിനേറ്റര്‍,
    സെന്‍ട്രല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് എഡ്യൂക്കേഷന്‍,
    'പുഷ്പ', അംബിക റോഡ്,
    പളളിക്കുന്ന്,കണ്ണൂര്‍ 670004

    10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

    മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താല്‍ സ്‌കൂളുകളില്‍ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. പി. ടി.എ യുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഈ സ്‌കീമിനെകുറിച്ച് കൂടുതല്‍ അറിയുവാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

    ഇത്രയും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് അധ്യാപകര്‍ക്കു സമര്‍പ്പിക്കുന്ന വിനോദ് സാര്‍ തികച്ചും അഭിനന്ദനമര്‍പ്പിക്കുന്നു. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.

    Sabtu, 20 April 2013

    Kerala SSLC Examination Result 2013 Analyser (for Ubuntu & Windows) Updated

    2013 ലെ SSLC ഫലം ഏപ്രില്‍ 24 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഭവന്റേയും ഡി.പി.ഐ ഷാജഹാന്‍ സാറിന്റേയും പരീക്ഷാ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍ സാറിന്റേയുമെല്ലാം അക്ഷീണപരിശ്രമം മൂലം കഴിഞ്ഞ വര്‍ഷത്തേക്കാളും 4 ദിവസം മുമ്പേ റിസല്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങി. സാധാരണഗതിയില്‍ റിസള്‍ട്ട്‌ വന്നാല്‍ പിന്നെ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം പരസ്പരം ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. എത്ര കുട്ടികള്‍ ജയിച്ചു? എത്ര പേര്‍ക്ക് മുഴുവന്‍ A+ കിട്ടി? ഒരു വിഷയത്തിന് A+ നഷ്ടമായവരുണ്ടോ? വിജയ ശതമാനം എത്ര? അങ്ങനെ അങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്. ഈ ചോദ്യങ്ങളെല്ലാം സ്ഥിരമായി എല്ലാ വര്‍ഷവും ചോദിക്കുന്നവയുമാണ്. ഇതെല്ലം തിരഞ്ഞു കണ്ടുപിടിക്കാനും ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനും കുറച്ചു കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു ക്ലിക്കില്‍ കണ്ടു പിടിച്ചുതരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കിലോ? ഉണ്ട്, അത്തരത്തിലൊരു സോഫ്റ്റ്‌വെയറാണ് SSLC Analyser. ഈ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്. ഫറൂഖ് കോളേജിലും ഇ.എം.ഇ.എ കോളേജിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിനോടൊപ്പം തന്നെ പ്രോഗ്രാമിങ്ങിലും തല്പരനായ അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഈ സോഫ്റ്റ് വെയര്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഥനത്തിന് ഏറെ സഹായകരമാണ്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനും ഷട്ട്ഡൗണ്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രമേയുള്ളു. അത് ഔട്പുട്ട് ആയി തിരിച്ചു തരുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

    1. പരീക്ഷ എഴുതിയ ആകെ കുട്ടികളുടെ എണ്ണം
    2. ഉപരിപഠനത്തിനു അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം.
    3. ഉപരിപഠനത്തിനു അര്‍ഹത നേടാത്ത കുട്ടികളുടെ എണ്ണവും പേരുവിവരങ്ങളും
    4. വിജയ ശതമാനം
    5. ഉന്നത വിജയം നേടിയ കുട്ടികളുടെ പേരുവിവരങ്ങള്‍ (10 A +, 9A +, 8A+, ....)
    6. subject wise grade analysis (subject തിരിച്ചു എത്ര A +, A തുടങ്ങിയ വിവരങ്ങള്‍.
    7. ഓരോ വിഷയത്തിന്റെയും Average Grade
    സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?
    1. SSLC Analyser സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
        നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷനില്‍ പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ SSLC Analyser ന്റെ Windows Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
    2. Download ചെയ്തുകിട്ടുന്ന compressed ഫയല്‍ Extract ചെയ്യുക (Mouse right ക്ലിക്ക് ചെയ്ത് Extract Here എന്ന് കൊടുത്താല്‍ മതിയാകും)
    3. അപ്പോള്‍ കിട്ടുന്ന SSLC Analyser എന്ന ഫോള്‍ഡര്‍ തുറക്കുക.
    4. install.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties-->Permission--> tab എടുത്തു Allow Executing file as Programme എന്നതിന് നേരെ tick മാര്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുക.
    5. install.sh ഫയലില്‍ double click ചെയ്തു run in terminal എന്ന് കൊടുക്കുക
    6. ആവശ്യപ്പെട്ടാല്‍ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക.
    7. ഇനി മെനുവിലെ Applications ---> Accessories----> SSLC Analyser എടുത്തു പ്രവര്‍ത്തിപ്പിച്ചാല്‍ സോഫ്റ്റ്​വെയര്‍ തുറന്നു വരുന്നു.
    സോഫ്റ്റ്​വെയര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ചുവടെ നല്‍കിയിരിക്കുന്നത്.
    ഈ ജാലകത്തില്‍ From Web എന്നതിനു നേരെയുള്ള ഫീല്‍ഡില്‍ റിസല്‍ട്ട് അനലൈസ് ചെയ്യേണ്ട സ്ക്കൂളിന്റെ കോഡ് നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തിക്കഴിയുമ്പോള്‍ രണ്ട് ഔട്ട്പുട്ട് ഫയലുകള്‍ ലഭിക്കും.

    സോഫ്റ്റ്​വെയറില്‍ നിന്ന് ലഭിക്കുന്ന ഔട്ട്പുട്ട് ഫയലുകളുടെ മാതൃക ചുവടെ നല്‍കിയിരിക്കുന്നു.
    1. റിസല്‍ട്ട് അനലൈസ് കൊണ്ടുള്ള റിപ്പോര്‍ട്ട് (മാതൃക)
      പി.ഡി.എഫ് രൂപത്തിലായിരിക്കും ഇത് ലഭിക്കുക. ഇതില്‍ സ്ക്കൂളിന്റെ പേര്, സ്ക്കൂള്‍ കോഡ്, പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം, ശതമാനം, ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ എണ്ണം, 10 വിഷയത്തിനും എ പ്ലസ് നേടിയവരുടെ പേര്, 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ പേര്, 8 വിഷയങ്ങളിലും 7 വിഷയങ്ങളിലും 6 വിഷയങ്ങളിലുമെല്ലാം എ പ്ലസ് നേടിയവരുടെ പേരും ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ പേരും ലഭ്യമാകും. തുടര്‍ന്ന് വിഷയാധിഷ്ഠിതമായ അപഗ്രഥനമാണ് ലഭിക്കുക. അതില്‍ ഓരോ വിഷയത്തിനും എ പ്ലസ്, എ, ബി പ്ലസ് എന്നിങ്ങനെ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണവും അതിനു താഴെ അതിന്റെ ശതമാനവും ടേബിളായി നല്‍കിയിട്ടുണ്ടാകും. ഇതിനെ ആധാരമാക്കി ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഗ്രേഡിനെ ആസ്പദമാക്കി അതാത് വിഷയത്തിന് ഓവറോള്‍ ഗ്രേഡും നല്‍കിയിട്ടുണ്ടാകും.
    2. ഗ്രേഡ് റിപ്പോര്‍ട്ട് (മാതൃക)
      ഇത് സ്പ്രെഡ് ഷീറ്റ് ഫോര്‍മാറ്റിലായിരിക്കും ലഭിക്കുക. ഇതില്‍ സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡുകളും EHS/NI സ്റ്റാറ്റസും ഉണ്ടായിരിക്കും.
    ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുക 2012ലെ റിസള്‍ട്ട്‌ ആണ്. എന്നാല്‍ 2013 റിസള്‍ട്ട്‌ പബ്ലിഷ് ചെയ്യുന്നതോടെ പുതിയ റിസള്‍ട്ട്‌ ആയിരിക്കും ലഭ്യമാവുക. എന്തെങ്കിലും കാരണവശാല്‍ പാച്ച് (patch) ആവശ്യമായി വരികയാണെങ്കില്‍ അത് മാത്​സ് ബ്ലോഗില്‍ പ്രതീക്ഷിക്കാം.

    മാത്രമല്ല, മുന്‍പോസ്റ്റില്‍ പ്രോഗ്രാമിങ് അറിയുന്നവരോട് നമ്മള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സബ്ജില്ലാ-ജില്ല-റവന്യൂ ജില്ലാ ശരാശരികളുടെ അനാലിസിസ് നമുക്ക് നല്‍കാന്‍ കഴിയണം. അതിനുതകുന്ന പോര്‍ട്ടല്‍/പ്രോഗ്രാം നമുക്ക് വളരെ അത്യാവശ്യമാണ്. പ്രോഗ്രാമിങ്ങ് ശേഷിയുള്ളവര്‍ അതിനായി ശ്രമിക്കുമല്ലോ. ഈ പ്രോഗ്രാമിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ മാത്രമല്ലല്ലോ, തൊട്ടടുത്ത വിദ്യാലയങ്ങളുടേയും എസ്.എസ്.എല്‍.സി വിജയശതമാനവും ഫുള്‍ എ പ്ലസുകളുമെല്ലാം കണ്ടെത്താന്‍ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗപ്പെടുത്താമല്ലോ. അങ്ങനെ ഈ പ്രോഗ്രാം നമുക്കേറെ സമയലാഭമുണ്ടാക്കിത്തരുന്നു. സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചു നോക്കുന്നവരുടെ കമന്റുകളാണ് ആസിഫ് സാറിനെപ്പോലുള്ളവര്‍ക്ക് തുടര്‍ന്നും ഇത്തരം കണ്ടെത്തലുകള്‍ നടത്തുന്നതിന് പ്രചോദനമാകുന്നത്. ആ നിലക്ക് അദ്ദേഹത്തിനു പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.

    Sabtu, 30 Maret 2013

    UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

    സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
    UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
    സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

    Selasa, 15 Januari 2013

    ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13(Updated with FAQ)

    ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.

    * ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
    * ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
    * പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
    * എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
    * ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
    * സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
    * ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
    ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..

    1) റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കുന്നതിന് – Login --> Reports --> Entry Status --> Click here to print
    2) സ്കൂളിന്‍റെ പേര് ലിസ്റ്റ് ചെയ്യുന്നില്ല/ കോഡ് മറ്റൊരു സ്കൂളിന്‍റേതായി കാണുന്നു ഐ.ടി അറ്റ് സ്കൂളുമായി എത്രയും വേഗം ബന്ധപ്പെടുക – ഫോണ്‍ - 0471 2529897
    3) അപേക്ഷ ഡിലീറ്റ് ചെയ്യുന്നതിന് – Enter Admission Number in Search box --> Search --> Clisk on APPLICATION ID --> DELETE
    4) സ്കൂള്‍ ഡിറ്റെയില്‍സ്/ബാങ്ക് ഡിറ്റെയില്‍സ് എന്‍റര്‍ ചെയ്യുമ്പോള്‍ “Block field is required” എന്ന് കാണിക്കുന്നു. Block/Municipality/Corporation --> Select Block/Municipality/Corporation --> Select Type --> OK --> Select Block --> ....
    5) മരാശാരി എന്ന വിഭാഗത്തെ വിശ്വകര്‍മ്മ ആയി ഉള്‍പ്പെടുത്തുക .
    6) സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കമ്മ്യൂണിറ്റികളും (ഒ.ഇ.സി/മൈനോരിറ്റി ഒഴികെ) സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യാത്ത സമുദായങ്ങള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്ന് സാരം.

    നിങ്ങളുടെ സംശയങ്ങള്‍ കമന്‍റുകളായി രേഖപ്പെടുത്തുക. അവയ്ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്കും സഹായകമാകട്ടെ...

    ഇതോടൊപ്പം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജീകരിച്ച് നല്‍കിയ ഐ.ടി അറ്റ് സ്കൂളിലെ ശ്രീ ബിനോജ്, ധന്യ, ഫാരിസ് എന്നിവര്‍ക്ക് നന്ദി കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

    പോസ്റ്റിലേക്ക്.

    സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.

    ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..

    50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ്‌ രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്‌.
    ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. ആയത്‌ ഡൌലോഡ്‌ ചെയ്ത്‌ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.

    അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ്‌ ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്‌. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‌ പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ്‌ വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.

    പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്‌. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ പിന്നോക്ക സമുദായ വികസന വകുപ്പ്‌ ഡയറക്ടറേറ്റിന്‌ ലഭ്യമാക്കേണ്ടത്‌ ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴിയാണ്‌. ജനുവരി 1 മുതല്‍ 20 വരെ ആണ്‌ ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക്‌ പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ്‌ ലൈന്‍സ്‌ മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ്‌ ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.

    അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌ വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ്‌ ഇത്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത്‌ അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക്‌ ഒന്നിലധികം സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്‌. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ്‌ ഉള്ളത്‌. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

    ജാതി, വരുമാനം എന്നിവ സംബന്ധിച്ച്‌ സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന്‌ റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്‌. സ്കോളര്‍ഷിപ്പ്‌ സംബന്ധമായ സംശയങ്ങള്‍ക്ക്‌ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്‌.

    ഓഫീസ്‌ : 0471 2727379
    ശ്രീജിത്ത്‌ മുപ്ളിയം : 9495506426

    ഇ-മെയില്‍ :obcdirectorate@gmail.com
    sreejithmupliyam@gmail.com

    Advertisement OBC Premetric Scholarship 2012-13
    Letter to DDs
    Application Form
    Circular OBC Premetric 2012-13
    New Data Entry User Guide
    FAQ

    Sabtu, 12 Januari 2013

    വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

    "ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
    ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
    ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


    ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
    നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

    വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.

    1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

    2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
    നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ്‌ മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.

    യഥാര്‍ത്ഥത്തില്‍ ഗ്രേസ്‌ മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ്‌ മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.

    ഗ്രേസ്‌ മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

    വിനയപൂര്‍വ്വം,
    മധുമാസ്റ്റര്‍
    നിര്‍മ്മല ഹൈസ്കൂള്‍,
    കബനിഗിരി.
    വയനാട്.


    കോപ്പികള്‍ അയക്കുന്നത് :
    ബഹു : കേരളാ മുഖ്യമന്ത്രി.
    ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
    ബഹു : പരീക്ഷാ സെക്രട്ടറി
    എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
    ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
    ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
    വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
    ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്


    Senin, 10 Desember 2012

    ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!

    (ഇക്കഴിഞ്ഞ ദിവസം തുറന്ന പരീക്ഷാഭവന്റെ വെബ്‌പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചതിനുശേഷം മാത്രം തിരുത്തലുകള്‍ വരുത്തുക. പരീക്ഷാഭവനിലെ സിസ്റ്റം മാനേജരു‌ടെ നിര്‍ദ്ദേശങ്ങളാണ് ആധികാരികം.)
    സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ-ലിസ്റ്റ് പ്രിന്റൗട്ട് സ്കൂളുകളില്‍ ഇത്തവണ ലഭ്യമാകില്ല.
    പിന്നെ എന്താണ് ചെയ്യേണ്ടത്? പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്‌വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..!
    തെറ്റുകള്‍ പരിശോധിച്ച് ശരിയാക്കുന്നതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തത്തില്‍ എസ്ഐടിസി ചെയ്യേണ്ടതുണ്ട്. അതെന്താണെന്നല്ലേ..?
    സ്കൂള്‍ ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ട്രെയിനിങ്ങില്‍ പറഞ്ഞുതന്ന യൂസര്‍ നേമും പാസ്‌വേഡും ഉപയോഗിച്ച് കയറിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റണം. കുറഞ്ഞത് എട്ട് കേരക്ടേഴ്സ് ഉള്ളതും ഒരു ഇംഗ്ലീഷ് കേപ്പിറ്റല്‍ ലെറ്റര്‍, ഒരു സ്മാള്‍ ലെറ്റര്‍, ഒരു ഡിജിറ്റ് എന്നിവ നിര്‍ഡന്ധമായും അടങ്ങിയിരിക്കണം ഈ പാസ്‌വേഡ്. പ്രധാനാധ്യാപകനും എസ്ഐടിസിയും ഇത് നഷ്ടപ്പെടാത്ത വിധം സൂക്ഷിക്കേണ്ടതുണ്ട്.
    ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ തുറന്നുവരുന്ന പേജിലെ Examination എന്ന ലിങ്കിനു കീഴില്‍ SSLC ക്ലിക്ക് ചെയ്ത് Registration->Regular ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് view Details കൊടുക്കുമ്പോള്‍ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ഇത് പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി save ചെയ്യുക. PCN/ARC/CC/BT വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ regular വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ Delete ചെയ്യുക. ഫോട്ടോ വന്നിട്ടില്ലെങ്കില്‍ താഴേയുള്ള Browse ബട്ടണുപയോഗിച്ച് കണ്ടെത്തി അപ്‌ലോഡ് ചെയ്യുക. കുട്ടികളുടെ Medium of instructions /First Lang/Second Language എന്നിവ ശരിയായി വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
    Registration->ARC/CC/BT ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission no. നല്‍കുമ്പോള്‍ ലഭിക്കുന്ന Blank formല്‍ ആ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും Upload ചെയ്യുക.
    Registration->PCN ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ജാലകത്തില്‍ അവസാനമെഴുതിയ പരീക്ഷാനമ്പര്‍,ബാച്ച്,വര്‍ഷം എന്നിവ നല്‍കുമ്പോള്‍ കിട്ടുന്ന ജാലകത്തിലെ പ്രസക്തമായ വിഷയത്തിന്റെ ചെക് ബോക്സ് ചെക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് Save ചെയ്യുക.
    Regular വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓരോന്നായെടുത്ത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പു വരുത്തി Save ചെയ്ത വിവരങ്ങള്‍ 17 ആം തീയ്യതി Confirm ചെയ്യേണ്ടതുണ്ട്. ഓരോരുത്തരായി മാത്രമേ കണ്‍ഫേം ചെയ്യാന്‍ കഴിയൂ.
    Confirm ചെയ്തതിനു ശേഷം Report->Regular ക്ലിക്ക് ചെയ്യുമ്പോള്‍ A4/A3 വലുപ്പത്തില്‍ മുഴുവന്‍ കുട്ടികളുടേയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് HM സ്കൂളില്‍ സൂക്ഷിക്കണം.
    ARC/CC/BT/PCN വിഭാഗങ്ങളുടേയും കണ്‍സോളിഡേറ്റഡ് വിവരങ്ങള്‍ പ്രിന്റൗട്ടെടുത്ത് HM ഒപ്പുവെച്ച് സ്കൂള്‍ സീലും വെച്ച് 18 ആം തീയ്യതിയോടെ നിങ്ങളുടെ DEOയില്‍ എത്തിക്കണം. Reportല്‍ കുട്ടികളുടെ എണ്ണം, വിവരങ്ങള്‍ എന്നിവയില്‍ പിശകുകള്‍ കണ്ടാല്‍ അതേ ഫോര്‍മാറ്റില്‍ എഴുതിത്തയ്യാറാക്കിയ Report, HMന്റെ കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
    29ആം തീയ്യതി Statements->Qn paper statement ക്ലിക്ക് ചെയ്ത് ലഭിക്കുന്ന Statementവെരിഫൈ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തി ഒപ്പിട്ട് സീല്‍ ചെയ്ത് DEOയില്‍ സമര്‍പ്പിക്കണം.
    ഈ Statementല്‍ പിശകുണ്ടെങ്കില്‍ അത് കറക്ട് ചെയ്ത് കാര്യകാരണസഹിതം കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
    കുട്ടികളുടെ SSLC കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാന്‍ കൃത്യമായി വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്ത് റിപ്പോര്‍ട്ടുകളെടുക്കാവൂ. ഇത് ഉറപ്പാക്കേണ്ടത് അതത് പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചിട്ടുണ്ട്.
    കോഴിക്കോട് ജെഡിടി ഇസ്ലാം ഹൈസ്കൂളിലെ എസ്ഐടിസിയായ ശ്രീ സി കെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍

    Jumat, 07 Desember 2012

    State Math Quiz 2012

    കോഴിക്കോട് രണ്ടാഴ്ച മുമ്പ് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ഗണിത ക്വിസ്സ് മത്സരത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം പകര്‍ത്തിയെടുത്ത് ഭംഗിയായി ടൈപ്പ് ചെയ്ത് പിഡിഎഫ് ആക്കി അയച്ചുതന്നത് നമ്മുടെ സുഹൃത്ത് വിന്‍സെന്റ് സാറാണ്.കോഴിക്കോട് ജില്ലയിലെ മഞ്ഞുവയല്‍ വിമലാ യുപി സ്കൂള്‍ അധ്യാപകനായ അദ്ദേഹത്തിന്റെ ഈ സദുദ്യമത്തിന് നന്ദി. പ്രസിദ്ധ ഗണിത ഗ്രന്ഥകാരനായ ശ്രീ എംആര്‍സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍.
    ചോദ്യങ്ങള്‍

    ഉത്തരങ്ങള്‍

    Senin, 22 Oktober 2012

    കാര്‍ട്ടൂണ്‍, അനിമേഷന്‍ സിനിമാമത്സരം ഒക്ടോബര്‍ 30 വരെ..!

    'ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം. കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്.

    വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.

    കലാ സൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30 ന് മുമ്പ് ലഭിച്ചിരിക്കണം. ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.
    കാര്‍ട്ടൂണുകളുടെ കുറച്ച് മാതൃകകള്‍ താഴേ..