MATHEMATICS

Tampilkan postingan dengan label സാങ്കേതികം. Tampilkan semua postingan
Tampilkan postingan dengan label സാങ്കേതികം. Tampilkan semua postingan

Selasa, 03 September 2013

How to connect aadhar card with gas connection as online..?

പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.
ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.
അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.
രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.
അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.
അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.
മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.

തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.
ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.

ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.

പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.

HPCL | BPCL | IOCL

Sabtu, 24 Agustus 2013

Social Media - How secure we are..?

ഫേസ്ബുക്കില്‍ സജീവമായിക്കൊണ്ടിരുന്ന ഒരു സമയത്ത്, സുഹൃത്ത് സുനില്‍സാറിന്റേതായി ഷെയര്‍ ചെയ്യപ്പെട്ടുകണ്ട ഒരു വീഡിയോ ലിങ്ക് കണ്ടു. വളരെ രസകരമായ പല പോസ്റ്റുകളും അദ്ദേഹത്തില്‍നിന്ന് ഷെയര്‍ ചെയ്ത് ലഭിക്കാറുള്ളതിനാല്‍ ഒട്ടും സന്ദേഹമില്ലാതെയാണ് ക്ലിക്ക് ചെയ്തത്. പ്രത്യേകിച്ചൊന്നും തുറന്നുകണ്ടില്ല. എന്നാല്‍ ചാറ്റ്ബോക്സില്‍ പ്രത്യക്ഷപ്പെട്ട പഴയ ഒരു സ്റ്റുഡന്റിന്റെ ചോദ്യം ഞെട്ടിക്കുന്നതായിരുന്നു. " Sir, I can't believe its from you..!". ഇതിനിടയില്‍ അനില്‍സാറിന്റെ വിളി വന്നു. തന്റെ പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടുപോകുന്ന ആ അശ്ലീല ലിങ്ക്, തന്റെ അറിവോടെയല്ലെന്നും, ഒരു സുഹൃത്തിന്റെ മേല്‍പ്പടി ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ സംഭവിച്ചതാണെന്നും ക്ലിക്ക് ചെയ്തുപോകല്ലേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്..! സംഗതി വിശദമാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റിങ്ങിലൂടെ ഒരുവിധം അഭിമാനം രക്ഷിച്ചു. സൈബറിടത്തില്‍ നാം എത്രത്തോളം സുരക്ഷിതരാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..? സുരക്ഷയും സ്വകാര്യതയുമൊക്കെ സംരക്ഷിക്കപ്പെടുന്ന ബദല്‍ സംവിധാനമുണ്ടോ..? പ്രസക്തങ്ങളായ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി തരുന്നത്, നൂറനാട് ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അഖില്‍കൃഷ്ണനാണ്.

പണ്ട് ചായക്കടയിലും ബാര്‍ബര്‍ ഷോപ്പുകളിലുമായി ഒതുങ്ങി നിന്നിരുന്ന നാട്ടു വര്‍ത്തമാനങ്ങള്‍ ഇന്നു സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ എന്ന പീടികത്തിണ്ണകളിലാണു്. ഓരോ വ്യക്തിയേയും കേവലം 'ഉപയോക്താവ്' എന്ന നിലയില്‍ നിന്നും 'ഉള്ളടക്കത്തിന്റെ ജനയിതാവ്' എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത വെബ്‌ 2.0ന്റെ ഏറ്റവും ശക്തമായ സന്താനങ്ങളിലൊന്നാണിവ. മുല്ലപ്പൂ വിപ്ലവവും, അറബ് വസന്തവും, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശക്തിയെയാണു് കാണിക്കുന്നതു്. ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്ലായിരുന്നെങ്കില്‍ ഇവയെല്ലാം അമ്പേ പരാജയപ്പെടുമായേനെ എന്നു പറഞ്ഞാലൊട്ടും അത്ഭുതപ്പെടാനില്ല. നാട്ടിലാണെങ്കില്‍, ശ്രീക്കുട്ടന്റെ കോഴപ്പണം മുതല്‍ മലയാളി ഹൗസ് വരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കു് ജീവികളുടെ സൂക്ഷ്മപഠനത്തിനു വിധേയമാവുന്നു. ഇവയ്ക്കു് പുറമേ അമേരിക്കന്‍ തിരഞ്ഞെടുപ്പു മുതല്‍ പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ വരെ ഇവയിലെ ഇലക്ട്രോണിക്ക് ചുവരെഴുത്തു് കൃത്യമായി സ്വാധീനിക്കുന്നുമുണ്ടു്. ചുരുക്കത്തില്‍, സോഷ്യല്‍ മീഡിയ എന്ന ഉപകരണത്തിന്റെ പ്രസക്തി ഒട്ടും വിസ്മരിക്കാവുന്നതല്ല.

ഇങ്ങനെ, ജീവിതത്തിന്റെ വലിയൊരു ഭാഗം ഇന്റര്‍നെറ്റാകുന്ന യാഗാഗ്നിയില്‍ ഹോമിച്ച്, വ്യക്തിത്വമുണ്ടാക്കിയെടുത്ത സൈബറിടത്തില്‍ നിങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്നു ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? നാം അപ്‌ലോഡ് ചെയ്തു വിടുന്ന ഡാറ്റയ്ക്കും മറ്റും എന്തുമാത്രം സ്വകാര്യതയാണു കല്‍പ്പിക്കാനാകുകയെന്നും? നമ്മുടെ വ്യക്തിപര വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കി, പണം വാങ്ങുകയാണെന്ന ആരോപണം ഫേസ്‌ബുക്കിനെതിരെ പണ്ട് മുതല്‍ക്കേയുണ്ട്. ഫേസ്‌ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച ഒരാളുടെ മെയില്‍ പെട്ടിയില്‍ നിറയുന്ന പാഴ്‌മെയില്‍ തന്നെ ഇതിനു വലിയ തെളിവ്. സി.എന്‍.ബി.സി നടത്തിയ സര്‍വേ പ്രകാരം , 13 ശതമാനം അമേരിക്കക്കാര്‍ മാത്രമേ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്‌ബുക്കുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് യാതൊരു വിധ പ്രാധാന്യ‌ വും നല്‍കുന്നില്ലെന്ന പരാതി, സ്ഥാപകനായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ സഹോദരി തന്നെ കഴിഞ്ഞ കൊല്ലം ആരോപിച്ചതാണു്. ഏതാണ്ട് സമാനമായ അവസ്ഥ തന്നെയാണു മറ്റു സേവനങ്ങളിലും നിലനില്‍ക്കുന്നതു്. ഗൂഗിള്‍ 2012ല്‍ സ്വകാര്യതാ നയത്തില്‍ വരുത്തിയ നവീകരണമനുസരിച്ച്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ഏതുവിധേനയുള്ള പുനരുപയോഗത്തിനും അവരെ അനുവദിക്കുന്നുണ്ടു്.

കുറച്ചു ദിവസങ്ങളുക്കു മുമ്പ്, വാഷിങ്ടണ്‍ പോസ്റ്റും, ഗാര്‍ഡിയനും പുറത്തുവിട്ട, അമേരിക്കന്‍ സുരക്ഷാ ഏജന്‍സി 2007 മുതല്‍ നടത്തിപ്പോരുന്ന പ്രിസം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതിജീവന പദ്ധതിയേയും ഇതിനോട് കൂട്ടിവായിക്കേണ്ടി വരും. ഇത് അമേരിക്കയിലൂടെ വിനിമയം നടത്തപ്പെടുന്ന ഡാറ്റയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഭരണകൂടത്തിനവസരമൊരുക്കുന്നു. നാം നിത്യേനയുപയോഗിക്കുന്ന ഫേസ്‌ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്‌, യൂട്യൂബ്, ആപ്പിള്‍, സ്കൈപ് എന്നീ ഭീമന്മാരാണു് എന്‍.എസ്.ഏയുമായി കൈകോര്‍ത്തിരിക്കുന്നതു് എന്നത് നമ്മുടെ ഭീതിയ്ക്ക് ആക്കം കൂട്ടുന്നു. ലോക ഡാറ്റാ വിനിമയത്തിന്റെ ഭുരിഭാഗവും നടക്കുന്നതു് അമേരിക്കയിലൂടെയാണു്. രണ്ടു നോഡുകള്‍ തമ്മിലുള്ള വിവരകൈമാറ്റം ഏറ്റവും എളുപ്പമുള്ള വഴികളിലൂടെയാവണമെന്നില്ല, മറിച്ച് ഏറ്റവും ചിലവു കുറഞ്ഞ പാതയിലൂടെയാകും. അതിനാല്‍, സാധാരണയായി അമേരിക്ക ഇതിന്റെയൊരു ഭാഗമായിരിക്കും. ഈയവസരങ്ങളിലാണു് ഡയാസ്പുറ (Diaspora)പോലത്തെ സംരംഭങ്ങള്‍ പ്രസക്തമാകുന്നതു്.

ഒരു വികേന്ദ്രീകൃത സാമൂഹ്യക്കൂട്ടായ്മാ സോഫ്റ്റ്‌വെയറാണു് ഡയാസ്പുറ (Diaspora*). കൊളമ്പിയയിലെ കൗറന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഡാന്‍ ഗ്രിപ്പി, മാക്സ്‌വെല്‍ സാല്‍‌സ്ബെര്‍ഗ്, റാഫേല്‍ സോഫര്‍, ഇല്യ ഷിതോമിര്‍സ്കി എന്നിവരാണു് ഇതിനു തുടക്കംകുറിച്ചതു്.
നിലവില്‍ പ്രശസ്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യ യില്‍ ഒരു ഉപയോക്താവിന്റെ സ്വകാര്യത എങ്ങനെ പണയപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഫ്രീഡം ബോക്സ് സ്ഥാപകനായ എബന്‍ മോഗ്ലന്‍ നടത്തിയ 'ഫ്രീഡം ഇന്‍ ദ ക്ലൗഡ്' എന്ന പ്രഭാഷണമാണു് ഇവരെ ഡയാസ്പുറയിലെത്തിച്ചതു്. കിൿസ്റ്റാര്‍ട്ടറിലൂടെ ഇവര്‍ പദ്ധതിക്കു വേണ്ട പണം സ്വരൂപിച്ചു. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ആളുകള്‍ ഈ സംരംഭത്തിനു് പണം നല്‍കി (ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കന്‍ബര്‍ഗ് വരെ !). പതിനായിരം അമേരിക്കന്‍ ഡോളര്‍ ലക്ഷ്യമിട്ടു് തുടങ്ങിയ കാമ്പൈന്‍ പന്ത്രണ്ടു് ദിവസം കൊണ്ടു് ലക്ഷ്യം നേടുകയും ഒരു മാസത്തിനകം രണ്ടു് ലക്ഷത്തിലധികം അമേരിക്കന്‍ ഡോളര്‍ സ്വരൂപിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 2010 സെപ്റ്റം‌ബറില്‍ സോഫ്റ്റ്‌വെയറിന്റെ ഡവലപ്പേഴ്സ് പ്രിവ്യൂവും നവം‌ബറില്‍ ആല്‍ഫാ പതിപ്പും പുറത്തിറങ്ങി. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഡയാസ്പുറ, അഫേറോ ഗ്നൂ സാര്‍‌വ്വജനിക അനുമതിപത്രത്തിലാണ്‌(AGPL) വിതരണം ചെയ്തിരിക്കുന്നതു്. നാലു പേരില്‍ നിന്നും വളര്‍ന്ന്, ഇന്ന് ഡയാസ്പുറയെ നിയന്ത്രിക്കുന്നത് ഡയാസ്പുറ കൂട്ടായ്മയാണു് (Diaspora Foundation). loom.io എന്ന പശ്ചാത്തലത്തില്‍ കൂട്ടായ്മയിലെ അംഗങ്ങളെല്ലാവരും ചേര്‍ന്നു് പൂര്‍ണ്ണമായും ജനാധിപത്യപരമായാണു് തീരുമാനങ്ങളെടുക്കുന്നതു്.

നിര്‍മ്മാതാക്കള്‍ നാലുപേരും ഡയാസ്പുറയെ ഫേസ്‌ബുക്കിന്റെ എതിരാളിയായി കാണുന്നില്ലെങ്കില്‍ പോലും വിപരീത ധ്രുവത്തിലുള്ള മൂല്യങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്നതു മൂലം ഫേസ്‌ബുക്കടക്കമുള്ള പരമ്പരാഗത സാമൂഹ്യക്കൂട്ടായ്മയ്ക്കൊരു ബദലാവുകണു ഡയാസ്പുറ. ഇവരുടെ അനുമാനപ്രകാരം, അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ വെബ്, നിലവിലെ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ്ങ് ദ്വീപുകളില്‍ നിന്നും ഫെഡറേറ്റഡ് സോഷ്യല്‍ വെബ് എന്നു വിളിക്കാവുന്ന അവസ്ഥയിലേക്ക് പരിണമിക്കും. ഇതില്‍ ഓരോ വ്യക്തിക്കും, നിലവില്‍ ഈമെയില്‍ ദാതാവിനെ തിരഞ്ഞെടുക്കുന്നതു പോലെ അയാളുടെ ശൃംഖല ദാതാവിനെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണു്. ഈ നവ വെബിന്റെ മാതൃക ഇവര്‍ നാലുപേരില്‍ മാത്രം ഒതുങ്ങുന്നില്ല. ചില സര്‍വ്വകലാശാലകളും, മോസില്ല, ഗൂഗിള്‍, വോഡ‌ഫോണ്‍ മുതലായ വന്‍കിട കമ്പനികളും ഇതിനായുള്ള ഓപ്പണ്‍ സ്റ്റാന്റേഡുകള്‍ നിര്‍മ്മിക്കാനാരംഭിച്ചിട്ടുണ്ടു്. "ഞാനുപയോഗിക്കുന്നതല്ലാത്ത മറ്റൊരു ഡൊമൈന്‍ ഉപയോഗിക്കുന്ന വ്യക്തിക്കു മെയില്‍ അയക്കാന്‍ കഴിയാത്ത ഒരു അവസ്ഥയെക്കുറിച്ചു ആലോചിച്ചു നോക്കൂ. ഏതാണ്ട് ഇതേ പോലെ തന്നെയാണു ഇന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകല്‍ പ്രവര്‍ത്തിക്കുന്നതു്. ഇതു തീര്‍ച്ചയായും ഒരു പിഴവാണു്. അതുകൊണ്ടു തന്നെ അതു പരിഹരിക്കുകയും വേണം " ഗൂഗിളില്‍ സോഷ്യല്‍ വെബ് എഞ്ചിനീയറായ ജോസഫ് സ്മാള്‍ അഭിപ്രായപ്പെടുന്നു.

ഫേസ്‌ബുക്കും, ഓര്‍ക്കുട്ടും, ഗൂഗിള്‍ പ്ലസുമടക്കം ഒരു പിടി മുന്‍നിര സൊഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളുണ്ട്. ലിങ്ക്ഡ് ഇന്‍ പോലത്തെ പ്രഫഷണല്‍ സൈറ്റുകളും ട്വിറ്റര്‍ പോലത്തെ മൈക്രോബ്ലോഗിങ്ങ് സൈറ്റുകളും ഉണ്ട്. ഇതിനെല്ലാം പുറമേ റെൻ‌റെൻ, വീകൊണ്ടാക്ടേ പോലത്തെ പ്രാദേശിക സൈറ്റുകളുമുണ്ട്. എന്തിനേറേ കേരളത്തീന്നുമുണ്ട് കൂട്ടം, സസ്നേഹം എന്നിങ്ങനെ കുറേയെണ്ണം. സാമൂഹ്യക്കൂട്ടായ്മാ സൈറ്റുകളെ മുട്ടീട്ട് നടക്കാന്‍ വയ്യാത്ത സൈബറിടത്തിലേയ്ക്ക് എന്തിനിനി പുതിയൊരെണ്ണമെന്നു് ചിന്തിക്കുകയാവാം? അതിനു വ്യക്തമായ കാരണങ്ങളുണ്ടു്. തീര്‍ച്ചയായും മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂടി എന്നല്ല ഇതിനു പിന്നിലെ നിലപാടു്. മറിച്ചു് , എപ്രകാരമാണോ നിലവിലെ സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതു്, അവയ്ക്ക് ബീജം മുതലേ അഴിച്ചു പണിതൊരു ബദല്‍ സംവിധാനമൊരുക്കുകയാണിവിടെ. നിലവിലുപയോഗിക്കുന്ന സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ കേന്ദ്രീകൃതമാണു്, അതായത് സ്വന്തം ഉടമസ്ഥതയിലുള്ള ഒരു കൂട്ടം സെര്‍വറുകളില്‍, സ്വന്തം ഡെവലപ്പറുമാര്‍ തയ്യാറാക്കിയ കോഡുകള്‍ അടിസ്ഥാനമാക്കി ഇവ പ്രവര്‍ത്തിക്കുന്നു. ഇവരുടെ സര്‍വ്വറുകളുടെ സവ സ്വാതന്ത്ര്യ വും അതാതു സേവനദാതാക്കള്‍ക്കു മാത്രമാണു്. അവര്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി ചുരുക്കം ചില അനുമതികള്‍ മാത്രമാണു് ഉപയോക്താക്കള്‍ക്കുള്ളതു്. മറ്റെല്ലാ വിപണികളിലും വസ്തുക്കള്‍ ഉപയോക്താക്കള്‍ക്ക് വാണിജ്യം ചെയ്യപ്പെടുമ്പോള്‍, ഇവിടെ ഉപയോക്താക്കള്‍ തന്നെയാണു് വില്‍പ്പനച്ചരക്കാവുക. ഇവര്‍, ഉപയോക്തൃവിവരങ്ങളുടെ ഭീമമായ ഒരു ഡാറ്റാബേസ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണു്. ഒരോ തവണ നമ്മളെ ഒരു ചിത്രത്തില്‍ ടാഗ് ചെയ്യപ്പെടുമ്പോള്‍, ഓരോ തവണ നാം ലൊക്കേഷന്‍ ഡാറ്റ സജീവമാക്കി സ്റ്റാറ്റസ് നവീകരിക്കുമ്പോള്‍, ഈ ഡാറ്റാബേസില്‍ കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്.

വികേന്ദ്രീകൃത സാമൂഹ്യക്കൂട്ടായ്മ എന്നതു് തീര്‍ത്തും പുതിയതായ ഒരു കാഴ്ചപ്പാടല്ല. ഗിറ്റ് പോലത്തെ വികേന്ദ്രീകൃത പതിപ്പ് നിയന്ത്രകസംവിധാനങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഇതിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടു്. 2007ല്‍ കോംപ്ലാങ്, 'ഡിസ്ടിബ്യൂട്ടഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പ്രോട്ടോക്കോള്‍' എന്ന ഒരു നയരേഖയുമായി മുമ്പോട്ട് വന്നതാണ് ഈ ഗണത്തിലെ ആദ്യ ശ്രദ്ധേയമായ മുന്നേറ്റം. ഉപയോക്താക്കളുടെ എണ്ണത്തിലധിഷ്ഠിതമായാണു് ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കെട്ടിപ്പൊക്കിയിരിക്കുന്നതു്. ഇങ്ങനെ ഉപയോക്തൃവിവരങ്ങളുടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് നിര്‍മ്മാണത്തിനു തടയിടുകയായിരുന്നു ഡി.എസ്.എൻ.പിയുടെ ലക്ഷ്യം. എന്നാല്‍, കാര്യമാത്രമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഇതിനു കഴിഞ്ഞില്ല. ഏതാണ്ട് തൊട്ടുപിറകേ തന്നെയാണു മൈക്ക് മൿഗിർവൻ 'ഫ്രണ്ടിക്ക' എന്ന സോഫ്റ്റ്‌വെയറുമായി മുമ്പോട്ടു വന്നത്. സാങ്കേതിക കാര്യങ്ങളില്‍ അത്ര വിദഗ്ദരല്ലാത്തവര്‍ക്കു പോലും ഒരു സെര്‍വ്വറില്‍ ലാഘവത്തോടു കൂടി സന്നിവേശിപ്പിക്കാന്‍ തക്കവണ്ണമായിരുന്നു ഇതിന്റെ നിര്‍മ്മാണം. ഫ്രണ്ടിക്കയ്ക്കും സൈബറിടത്തില്‍ കാര്യമായ ഓളങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. മൈക്രോബ്ലോഗിങ്ങില്‍ ട്വിറ്ററിനൊരു ബദലായി മുമ്പോട്ടു വച്ച സ്റ്റാറ്റസ്‌ നെറ്റാണ് മറ്റൊരു താരം. ഐഡന്റിക്ക, ഫ്രീലിഷ് അസ് മുതലായ ഇതിന്റെ ചില ഡിപ്ലോയ്‌മെന്റുകള്‍ ചെറിയ തോതിലെങ്കിലും സജീവമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഗ്നു സോഷ്യല്‍, പമ്പിയോ എന്നിവയും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടു രംഗത്തുണ്ടു്. ഓപ്പണ്‍ ഓഥ്, ആറ്റം , എക്സ്.എം.പി.പി., പോര്‍ട്ടബിള്‍ കോണ്ടാക്ട്സ്, ഓപ്പണ്‍ സോഷ്യല്‍, ഫോഫ് എന്നിങ്ങനെ അമ്പതിലധികം ഓപണ്‍ പ്രോട്ടോക്കോളുകള്‍ ഇവയിലോരോന്നിലും സജീവമായി ഉപയോഗിക്കുന്നുണ്ട്.

'ഡയാസ്പുറ' എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം ‘ചിതറിയത്’ അഥവാ ‘വിതരണം ചെയ്യപ്പെട്ടത്’ എന്നാണു്. ഇത് ഈ സേവനത്തിന്റെ ഘടനെയെ പ്രതിപാദിക്കുന്നു. ഡയാസ്പുറ ഒരു കൂട്ടം സ്വതന്ത്ര പോഡുകളുടെ (സെര്‍വര്‍ ഇന്‍സ്റ്റാളേഷനുകള്‍) സഞ്ചയമാണു്. ഈ പോഡുകള്‍ തമ്മില്‍ ഒരു ശൃംഖല പോലെ വര്‍ത്തിക്കുകയും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് അവര്‍ ഏത് പോഡാണുപയോഗിക്കേണ്ടത് എന്ന് സ്വ യം തീരുമാനിക്കാവുന്നതാണു്. ഒരു പൊതു പോഡുപയോഗിക്കണമെന്നു കരുതുന്നവര്‍ക്ക് അപ്രകാരമാകാം. മറിച്ച് സ്വന്തമായി ഒരു പോഡ് നിര്‍മ്മിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു അപ്രകാരവും. ഡയാസ്പുറ നിര്‍മ്മാതാക്കള്‍ തന്നെ നിര്‍മ്മിച്ച ജോയിന്‍ഡയാസ്പുറ , ഡയാസ്പോര്‍ഗ് , പോഡെറി എന്നിവയാണു് പ്രശസ്തമായ ചില പൊതു പോഡുകള്‍. (നിലവിലുള്ള എല്ലാ പോഡുകളേയും പോഡപ്‌ടൈം ട്രാക്ക് ചെയ്യുന്നുന്നുണ്ടു്.) . ഇപ്രകാരം ഒരു പോഡില്‍ ഉപയോക്താവ് നിര്‍മ്മിക്കുന്ന അംഗത്വത്തെ സീഡ് എന്നു വിളിക്കുന്നു. (ഒരു ഫേസ്‌ബുക്ക്/ഗൂ+ പ്രൊഫൈലിനു തുല്യം) ഏതൊരു സീഡിനും അതേ പോഡില്‍ തന്നെയുള്ളതോ മറ്റൊരു പോഡില്‍ നിര്‍മ്മിക്കപ്പെട്ടതോ ആയ ഏതൊരു സീഡുമായും ബന്ധപ്പെടാം. എന്നിരുന്നാലും തങ്ങളുടെ വിവരങ്ങളിന്മേല്‍ അയാള്‍ അംഗമായ പോഡിനു മാത്രമേ ഉടമസ്ഥാവകാശമുള്ളു. ഓരോ സീഡിനേയും തിരിച്ചറിയുന്നത് ഈമെയില്‍ ഐഡിയ്ക്ക് തുല്യമായ ഒരു സംവിധാനമുപയോഗിച്ചായിരിക്കും. ഉപയോക്തൃനാമം@പോഡ്നാമം എന്ന വിധേനയായിരിക്കും ഇതിന്റെ ഘടന. (ഉദാഹരണത്തിനു ലേഖകന്റെ വിലാസം akhilan@diasp.org എന്നിങ്ങനെയാണു്) ഒരു സീഡിന്റെ എല്ലാ സമ്പര്‍ക്കങ്ങളും ആസ്പെക്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. (ഗൂഗിള്‍+-ലെ സര്‍ക്കിളുകള്‍ക്ക് തുല്യം) ഡയാസ്പുറ ശ്രംഖലയില്‍ ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം പ്രധാനമായും പോസ്റ്റുകള്‍ വഴിയാണു് നടക്കുന്നതു്. ഒരു പോഡിലെ പോസ്റ്റ് മറ്റൊരു പോഡിലേക്ക് പുഷ് ചെയ്യാനും അവിടെയുള്ളവര്‍ക്കു കമന്റിടാനും അതു തിരികെ മാതൃപോഡിലെത്തിക്കാനുമായി സാൽമൺ, പബ്‌സബ്‌ഹബ്‌ബബ്‌ എന്നീ പ്രോട്ടോക്കോളാണു ഉപയോഗിക്കുക. ഓരോ പോസ്റ്റുകളുടേയും സ്വകാര്യത രണ്ടു തലത്തിലാകും - പബ്ലിക് പോസ്റ്റുകളും ലിമിറ്റഡ് പോസ്റ്റുകളും. പബ്ലിക് പോസ്റ്റ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ കഴിയുമെങ്കില്‍, ലിമിറ്റഡ് പോസ്റ്റ്, ഉടമ തീരുമാനിക്കുന്ന ആസ്പെക്റ്റുകളില്‍ പെട്ടവര്‍ക്കു മാത്രമേ പ്രാപ്യമാകുകയുള്ളു. സമാനസ്വഭാവമുള്ള സമ്പര്‍ക്കങ്ങളെ ചേര്‍ത്തു് ഓരോ ആസ്പെക്ടുകള്‍ നിര്‍മ്മിക്കുന്നതു മൂലം ഉപയോക്താക്കള്‍ക്കു് പോസ്റ്റിന്റെ സ്വകാര്യതയെ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനാകും. അതായത് ഒരു പ്രത്യേക പോസ്റ്റ് ബന്ധുക്കള്‍ക്കിടയിലെത്തേണ്ട, മറിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം എത്തിയാല്‍ മതിയെങ്കില്‍ ഇരുവരേയും രണ്ട്‌ആസ്പെക്ടിലാക്കിയ ശേഷം പോസ്റ്റ് സുഹൃത്തുക്കള്‍ക്കു മാത്രമായി വെളിപ്പെടുത്തുക. ഫേസ്‌ബുക്കില്‍ കാണപ്പെടുന്ന ലൈക്ക് ഓപ്ഷന്‍, ഡയറക്ട് മെസേജിങ്ങ്, ഷെയര്‍ മുതലായവ ഡയാസ്പുറയിലും ലഭ്യമാണു്. ട്വിറ്ററിലൂടെ പ്രശസ്തമായ ഹാഷ്‌ടാഗ് സൗകര്യം ഡയാസ്പുറയിലുണ്ട്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഹാഷ്‌ടാഗ് പിന്തുടരാന്‍ സൗകര്യമൊരുക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സ്ട്രീമില്‍ ലഭ്യമാകുന്നു. (ഉദാ: #NewHere എന്ന ടാഗ് പിന്തുടരുന്ന വ്യക്തിക്ക് പുതിയതായി ഡയാസ്പുറയിലെത്തുന്നവരെ കണ്ടെത്താനും അവര്‍ക്ക് സ്വാഗതം പറയാനും അവസരമൊരുക്കുന്നു) എന്നാല്‍ ടിറ്ററിലും ഫേസ്‌ബുക്കിലും നിന്നും വ്യത്യസ്ഥമായി ഇതില്‍ ഇരട്ടപ്പേരുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കും. മാത്രമല്ല ഡയാസ്പുറ പരസ്യങ്ങളില്‍ നിന്നും മുക്തവുമാണു്.
ഡയാസ്പുറയില്‍ സുഹൃത്തുക്കളെ കണ്ടെത്താനായി വെബ്‌ഫിംഗര്‍ എന്ന മറ്റൊരു പ്രോട്ടോക്കോളാണു് ഉപയോഗിക്കുന്നതു്. സ്വന്തം പോഡുപയോഗിക്കുന്ന ആള്‍ക്കാരെ പേരുപയോഗിച്ചു തിരഞ്ഞു കണ്ടെത്താം. എന്നാല്‍ മറ്റൊരു പോഡുപയോക്താവിനെ അദ്ദേഹത്തിന്റെ ഐഡി (username@podname) ഉപയോഗിച്ചാവും തിരയേണ്ടതു്. ഇപ്രകാരം തിരയുമ്പോല്‍ നമ്മുടെ റിക്വസ്റ്റിനെ അദ്ദേഹത്തിന്റെ പോഡിലേക്ക് അയയ്ക്കുകയും അവിടെ നിന്നും അത്യാവശ്യ വിവരങ്ങല്‍ നമ്മുടെ പോഡ് സ്വീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാം. ഇപ്രകാരം നമ്മള്‍ മറ്റൊരു പോഡുമായി ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പോഡില്‍ നമ്മുടെ ഒരു വിര്‍ച്വല്‍ അക്കൗണ്ട് നിര്‍മ്മിക്കപ്പെടുന്നു. ഇതു മുഖാന്തരമാവും നമ്മുടെ സീഡ് അദ്ദേഹവുമായി ബന്ധപ്പെടുക. ഈ വിര്‍ച്വല്‍ അക്കൗണ്ട് നമ്മുടെ അനാവശ്യ വിവരങ്ങള്‍ മറ്റൊരു പോഡിലെത്താതെ സംരക്ഷിക്കുന്നു. സുഹൃത്തുക്കളുടെ നവീകരണങ്ങള്‍ സ്ട്രീമിലെത്തിക്കാന്‍ ആക്ടിവിറ്റി സ്ട്രീംസ് എന്ന ഓപ്പണ്‍ പ്രോട്ടോക്കോളാണുപയോഗിക്കുന്നതു്. മുമ്പ് അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്യാനും അതു മറ്റൊരു പോഡിലേക്ക് അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ പണിപ്പുരയിലാണു്. ഗിറ്റ്‌ഹബിൽ പദ്ധതിയുടെ കോഡ് സൗജന്യമായി ലഭ്യമാണു്. ഇതു് ഒരു പോഡുടമയ്ക്ക് അയാള്‍ക്കാവശ്യമായ കൂട്ടിച്ചേര്‍ത്തലുകള്‍ വരുത്താനും ഡാറ്റാ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നു. പോഡുകളിലേക്കുള്ള ഡാറ്റ ട്രാഫിക്ക് 128 ബിറ്റിനു മുകളിലുള്ള ഗ്നുപിജി തിവ്ര എന്‍ക്രിപ്ഷനു വിധേയമായതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരമോഷണത്തിനു ഇതു തടയിടുന്നു. ഒരു കേന്ദ്രീകൃത ഡാറ്റാബേസാണെങ്കില്‍ ഭരണകൂടത്തിനു അതിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാണു്. എന്നാല്‍ ഡയാസ്പുറയിലാണെങ്കില്‍ ഇതിനായി ലോകത്തെമ്പാടുമുള്ള പോഡുടമകളുമായി അവര്‍ക്കു ബന്ധപ്പെടേണ്ടിയോ ഇത്രയധികം ശൃംഖലകള്‍ ഹാക്കു ചെയ്യപ്പെടേണ്ടിയോ വരും. നിലവില്‍ മലയാളമടക്കം നാല്പതിലധികം ഭാഷകളിലേക്ക് പ്രാദേശികവത്കരിക്കപ്പെട്ട ഡയാസ്പുറ, ഉപയോക്താക്കളുടെ ട്വിറ്റര്‍, ടംബ്ലര്‍, ഫേസ്‌ബുക്ക് അക്കൗണ്ടുകളിലേക്ക് സിങ്ക് ചെയ്യാനുള്ള ഉപാധിയും ഒരുക്കുന്നുണ്ടു്.

തുടക്കത്തില്‍ നിലനിന്നിരുന്ന പല അസന്തുലിതാവസ്ഥകളും, സുരക്ഷിതത്വപ്രശ്നങ്ങളും പരിഹരിച്ചാണു് 0.1 പതിപ്പു പുറത്തിറങ്ങിയിരിക്കുന്നതു്. ബാല്യദശയില്‍ നിന്നും വളരെയധികം മുമ്പോട്ടു പോകാന്‍ ഡയാസ്പുറയ്ക്ക് ഇന്നു കഴിഞ്ഞിട്ടുണ്ടു്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റ് എക്സ്പേട്ടായ ബെൻ ഷാവോ അഭിപ്രായപ്പെട്ടതു പൊലെ "നാം ഫേസ്‌ബുക്കിന്റെ എല്ലാ എതിരാളികളേയും ഒരുമിച്ചു കൂട്ടി അവയില്‍ നിന്നും ഐശ്ചികങ്ങളുടെ ഒരു പുതിയ വെ‌ബ് നിര്‍മ്മിക്കുകയാണെങ്കില്‍, അടുത്ത തവണ സ്വകാര്യത പ്രശ്നം ഫേസ്‌ബുക്കില്‍ അനുഭവപ്പെടുമ്പോള്‍ അവര്‍ തീര്‍ച്ചായായും അതുപേക്ഷിക്കും, കാരണം അവര്‍ക്ക് മുന്നില്‍ മികച്ച മറ്റൊരു വഴിയുണ്ട്". ഇപ്രകാരം ധൂളിയായി മാറുന്ന ഉപയോക്തൃസ്വകാര്യതയ്ക്ക് പുതിയൊരു മാനം കൈവരിക്കാന്‍ ഡയാസ്പുറയും ഒരു താങ്ങുപലകയാകട്ടെയെന്നു ആഗ്രഹിക്കുന്നു.

കുറിപ്പു്: അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പ്രമുഖ ഡയാസ്പുറ പോഡായ poddery.com അടുത്തിടെ ചില സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമഫലമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് പുനരുജ്ജീവിപ്പിച്ചിട്ടുണ്ടു്. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ savepoddery.com എന്ന താളില്‍ ലഭ്യമാണു്.
അവലംബം
1. The Anti Facebook - Ariel Bleicher on IEEE Spectrum
2. Decentralization: The Future of Online Social Networking - Au Yeung, Liccardi, Kanghao Lu, Seneviratne & Tim Bernes Lee
3. The Better Facebook - Claudio Muller on Chip Magazine, 2012 June
4. The Growth of Diaspora: A Decentralized Online Social Network in a wild - Ames, Helm, Gentilucci, Stefanescu & Zhang
5. DSNP: A Protocol for Personal Identity and Communication on the Web - Adrian D. Thurston
ലേഖനം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് 2.5 ഇന്ത്യ (CC BY-SA 2.5 IN) അനുമതിപ്രകാരം പ്രസിദ്ധീകരിക്കുന്നു.

Kamis, 22 Agustus 2013

Virtual Voting Machine : An Election Software

കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീന്‍ ആക്കി മാറ്റുന്ന വിധത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ വര്‍ഷവും മറ്റൊരു വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുകയാണ്. മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ അധ്യാപകനായ ചെറിഷ് എബ്രഹാം സാറും കഴിഞ്ഞ വര്‍ഷം തന്നെ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതിനും ലീഡറെ തിരഞ്ഞെടുക്കുന്നതിനുമൊക്കെയായി ഉപയോഗപ്പെടുത്താനാവുന്ന ഒരു ഒരു വിര്‍ച്വല്‍ വോട്ടിങ് മെഷീന്‍ നിര്‍മ്മിച്ചിരുന്നു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷകളെഴുതുന്നതിന് വേണ്ടി പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGam എന്ന പരീക്ഷാ പ്രോഗ്രാമെഴുതിയ GAMBAS എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിന്റെ സഹായത്തോടെ തന്നെയാണ് ചെറിഷ് സാറും ഇത്തരമൊരു വോട്ടിങ് മെഷീന്‍ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി സോഫ്റ്റ്വെയറിനെക്കുറിച്ചു പറയാം. തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്​വേറാണ് VVM (Virtual Voting Machine). ഇവിടെ മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്. ഇതെങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നു നോക്കാം. സോഫ്റ്റ്​വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള ലിങ്കും അതിന്റെ ഇന്‍സ്റ്റലേഷന്റെ രീതിയും ചുവടെ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.

  • Ubuntu ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുന്നത്.
  • ആദ്യമായി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ GAMBAS ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്നു നോക്കണം.
  • IT @School Ubuntu 10.04 /10.12 എന്നീ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ Application>Programming>Gambas കാണാന്‍ കഴിയും.
  • Gambas ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചുവടെ നിന്നും vvm2_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
  • പ്രിവിലേജുകള്‍ നല്‍കിയിട്ടുള്ള യൂസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.
  • ഇന്‍സ്റ്റലേഷനു ശേഷം Application>Education>Virtual Voting Machine എന്ന ക്രമത്തില്‍ സോഫ്റ്റ്​വെയര്‍ തുറക്കാം.

ഡൗണ്‍ലോഡ് ചെയ്യാം
  1. Installation.pdf – ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
  2. vvm_2.0.0-1_all.deb – സോഫ്ട്വേര്‍ ഇന്‍സ്റ്റലേഷന്‍ സെറ്റപ്പ്.
  3. Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
  4. Sample strips FOLDER- സോഫ്റ്റ്​വെയര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍. എക്സ്ട്രാക്ട് ചെയ്ത് സാമ്പിള്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കാം.
സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ മാത്​സ് ബ്ലോഗുമായി പങ്കുവെക്കുമല്ലോ.

Sabtu, 13 Juli 2013

ICT - Std X - Chapter 2

മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ പത്താം ക്ലാസിലെ ഐ.ടി പാഠഭാഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഏറെ ഉപയോഗപ്പെടുന്നതായി ഐ.ടി അധ്യാപകര്‍ സൂചിപ്പിക്കാറുണ്ട്. ഐ.ടി യിലെ ഏറെ സങ്കീര്‍ണ്ണമായ പാഠഭാഗങ്ങള്‍ പോലും വളരെ ലളിതമായി വിശദീകരിച്ചിട്ടുള്ള പഠനസഹായികള്‍ കുട്ടികളെ അവ മനസ്സിലാക്കുന്നതില്‍ ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല. അനേകം പേജുകളും ചിത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള വിശദീകരണങ്ങളുമെല്ലാം ഒരുക്കാന്‍ എന്തു മാത്രം സമയവും ശ്രമവും വേണമെന്ന് ഊഹിക്കാവുന്നതേയുള്ളു. പലവട്ടം എഴുതിയും തിരുത്തിയും ഇത്തരത്തില്‍ പഠനസഹായികള്‍ ഒരുക്കുന്ന ജോണ്‍ സാറും റഷീദ് ഓടക്കല്‍ സാറും, ഷാജി സാറുമെല്ലാം നടത്തുന്ന അധ്വാനത്തിന്റെ ഫലം യഥാര്‍ത്ഥത്തില്‍ കുട്ടികളിലേക്ക് എത്തുന്നുണ്ടോ എന്നു ഒരിടെ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നു.
ഒരു ചെറിയ അനുഭവമാണ് ഞങ്ങളുടെ ആ സംശയം മാറ്റിയത്..വീണ്ടും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഒരുക്കാന്‍ പ്രേരണ നല്‍കുന്നതും സമാന അനുഭവങ്ങളാണ്..അതെന്തെന്നല്ലേ ?

പത്താം ക്ലാസിലെ ഐ.ടി പരീക്ഷയുടെ നടത്തിപ്പിനായി മറ്റു സ്കൂളുകളിലെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് അത്ഭുതവും അഭിമാനവും തോന്നിയത്. അവിടെ പരീക്ഷയ്ക്ക് കുട്ടികള്‍ തയാറെടുക്കുന്നത് ടെക്സ്റ്റു ബുക്കോ നോട്ടു ബുക്കോ നോക്കിയല്ല, മറിച്ച് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച പഠനസഹായികളുടെ ഫോട്ടോ കോപ്പികളാണ് അവരുടെ കൈയ്യിലിരിക്കുന്നത്.!!
കുട്ടികള്‍ക്ക് പഠനസമയത്ത് പ്രയോജനപ്പെടണം എന്നു കരുതി പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ അവര്‍ തുടര്‍ന്ന് പരീക്ഷയ്ക്കും മറ്റും റഫറന്‍സ് പോലെ പ്രയോജനപ്പെടുത്തുക. അധ്യാപകര്‍ നല്‍കുന്ന നോട്ടുകള്‍ക്കും അപ്പുറം ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ക്ക് പ്രാധാന്യം ലഭിക്കുക!!
പഠന സംബന്ധമായ ആവശ്യങ്ങള്‍ക്ക് അവസാന വാക്കാവാന്‍ കഴിയുക എന്നത് വളരെ അപൂര്‍വ്വമാണ്.. ചുരുങ്ങിയ പക്ഷം പത്താം ക്ലാസ് ഐ.ടി യുടെ കാര്യത്തിലെങ്കിലും മാത്സ് ബ്ലോഗിന് അത് അവകാശപ്പെടാന്‍ സാധിക്കുമെന്നു കരുതുന്നു.. അത്ഭുതവും അഭിമാനവും തോന്നിയ സമാന നിമിഷങ്ങളാണ് ഓരോ അധ്യാപകനും പ്രേരണയേകുന്നത്. കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അവര്‍ക്കു നല്‍കുന്നത്..

പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ വിവരവിശകലനത്തിന്റെ പുതുരീതികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികള്‍ എട്ടിലും ഒന്‍പതിലും പഠിച്ച സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഡാറ്റ ഫോം, ലുക്ക് അപ് ഫങ്ഷന്‍, കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്, മെയില്‍ മേര്‍ജ് എന്നിവയാണ് പത്താം ക്ലാസില്‍ ഐ.സി.ടി യുടെ രണ്ടാമത്തെ ചാപ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങളുടെ സമാഹാരമാണ് പള്ളിപ്പുറം ഹൈസ്കൂളിലെ ഷാജി സാര്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച വര്‍ക്ക് ഷീറ്റുകളും, റഷീദ് ഓടക്കല്‍ സാറിന്റെ നോട്സും ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.
പാഠഭാഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ പഠനസഹായികള്‍ അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നു കരുതട്ടെ. അധ്യാപകരുടേതുമായി താരതമ്യം ചെയ്യുന്പോള്‍ മാത്സ് ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളേറെയാണ്. കുട്ടികളിലേക്ക് അവര്‍ക്കാശ്രയിക്കാവുന്ന പഠനസഹായികള്‍ പ്രസിദ്ധീകരിക്കാനുള്ള മാധ്യമായി പ്രവര്‍ത്തിക്കുക എന്നതു മാത്രമേ മാത്സ് ബ്ലോഗിനു ചെയ്യാനാകൂ. അവ കുട്ടികളിലേക്ക് എത്തിക്കുന്നത് നിങ്ങള്‍ അധ്യാപകരാണ്. ഈ പഠനസഹായികള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.. ഒപ്പം പഠനസഹായികള്‍ ഒരുക്കിയവരെ പ്രോത്സാഹിപ്പിക്കാന്‍ മറക്കരുതേ..

പത്താം ക്ലാസ് ഐസിടി രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം

Click Here for IT Theory questions prepared by Shaji Sir

IT Worksheets prepared by John.P.A, HSA, HIBHS, Varappuzha (Re publishing) English | Malayalam

Class Notes Prepared by Rasheed Odakkal, GVHSS, Kondotty(Re-Publishing)

Rabu, 10 Juli 2013

PRE-MATRIC MINORITY SCHOLARSHIP 2013-14

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്ന് നിബന്ധനയുണ്ട്. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2013 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. N2/22494/13/DPI എന്ന നമ്പറിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷ എങ്ങനെ?
  • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
  • കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. എന്നാല്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപേക്ഷകരെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷയോടൊപ്പം മതമോ വരുമാനമോ തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റോ മുദ്രപത്രങ്ങളോ ആവശ്യമില്ല.
  • രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് അപേക്ഷാഫോമില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും ടിക് ചെയ്യണം.
  • ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
  • കുട്ടിക്ക് അപേക്ഷ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അധ്യാപകര്‍ സഹായിക്കേണ്ടതാണ്.
  • അപേക്ഷകരുടെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. മറ്റൊരു വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥിയാണ് അപേക്ഷകനെങ്കില്‍ നേരത്തേ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ഒത്തു നോക്കിയിരിക്കണം.
  • അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുകളുണ്ട്. ആദ്യ പാര്‍ട്ട് അപേക്ഷകനു വേണ്ടിയുള്ളതും രണ്ടാമത്തെ പാര്‍ട്ട് സ്ക്കൂള്‍ അധികാരികള്‍ പൂരിപ്പിക്കേണ്ടതുമാണ്. അപേക്ഷയുടെ ആദ്യ പാര്‍ട്ടില്‍ Fresh/Renewalസ്റ്റാറ്റസ്, ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിലുള്ള യു.ഐ.ഡി നമ്പര്‍, എന്നിവ നിശ്ചിത കോളങ്ങളില്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
  • Renewal അപേക്ഷയാണെങ്കില്‍ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റേയോ അല്ലെങ്കില്‍ കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റേയോ നമ്പറും ആവശ്യമായ മറ്റ് വിവരങ്ങളും ഉണ്ടായിരിക്കണം.

സ്ക്കൂളുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി എങ്ങനെ?
  • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ (ന്യൂനപക്ഷം) സൈറ്റിലേക്ക് സ്ക്കൂളില്‍ നിന്നു തന്നെ എന്റര്‍ ചെയ്യണം.
  • ലോഗിന്‍ ചെയ്യുമ്പോള്‍ New Password സെറ്റ് ചെയ്യുന്നതിനു പേജാണ് വരിക.
  • അതിനു ശേഷം സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ School Code, School Name, Class From, Class To (ഏതു ക്ലാസ് മുതല്‍ ഏത് ക്ലാസ് വരെയുണ്ട് സ്ക്കൂളില്‍), Education District, Educational Sub District, Type of Institution, Aided/Unaided.., സ്ക്കൂളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായി Name of the Bank, Branch Name, Name of the Account Holder, Account Number, IFSC Code എന്നിവയായിരിക്കും എന്റര്‍ ചെയ്യുക.
  • ഇനി അപേക്ഷകള്‍ ഓരോന്നായി ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യാം. ഏറ്റവും മുകളിലെ Dash Board എന്ന മെനുവില്‍ നിന്നോ ഇടതുവശത്തെ Application Form എന്ന മെനുവില്‍ നിന്നോ New Application തിരഞ്ഞെടുക്കാം.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും സെലക്ട് ചെയ്യണം ചെയ്യണം.
  • Renewal കോളം സെലക്ട് ചെയ്യുമ്പോള്‍ Previous Application നമ്പര്‍ ചോദിക്കും. ഈ കുട്ടി നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കുട്ടിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത വിവരങ്ങളെ ഈ ഫീല്‍ഡുകളിലേക്ക് കൊണ്ടു വരാന്‍ കഴിയും. അങ്ങനെ ടൈപ്പിങ് ജോലി ലഘൂകരിക്കാം. അവിടെ Report ലെ Previous Year Applicant list ല്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ Application Number കണ്ടെത്തി നല്‍കി അഡ്മിഷന്‍ നമ്പറിന്റെ കോളത്തിലേക്ക് വരുമ്പോഴേക്കും കഴിഞ്ഞ വര്‍ഷം ടൈപ്പ് ചെയ്തു ചേര്‍ത്ത വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ കുട്ടി മറ്റൊരു സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിയതാണെങ്കില്‍ Application Number എന്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
  • ചുവന്ന സ്റ്റാര്‍ ചിഹ്നം (*) ഇട്ട ഫീല്‍ഡുകള്‍ നിര്‍ബന്ധമായും നിശ്ചിത ഡാറ്റ എന്റര്‍ ചെയ്തിരിക്കണം. കുട്ടിയുടെ Admission Number, Name, Class, Date of Birth, Gender, Name of Father/Mother/Guardian, Guardian Type(Father/Mother/Guardian), Religion, House name/No, Street/Place, City / Town / Village & P.O, District, Pin code, Annual Income എന്നിവയാണ് ചുവന്ന സ്റ്റാര്‍ ചിഹ്നം ഇട്ടിരിക്കുന്ന ഫീല്‍ഡുകള്‍. ഇവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. കഴിഞ്ഞ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം)ലഭിച്ച (Renewal) കുട്ടിയാണെങ്കില്‍ Bank Name, Branch Name, Name of Account Holder, Account No എന്നിവ കൂടി വേണ്ടി വരും. എന്റര്‍ ചെയ്യുന്നതിനു മുമ്പ് അപേക്ഷയില്‍ മേല്‍ വിവരങ്ങളെല്ലാം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. ഈ വിവരങ്ങളിലേതെങ്കിലും ഇല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി നടത്തി സേവ് ചെയ്യാന്‍ സാധിക്കില്ല.
  • കുട്ടിക്ക് ആധാര്‍/യു.ഐ.ഡി നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്റര്‍ ചെയ്യേണ്ടതാണ്.
  • ഒരു അപേക്ഷ എന്റര്‍ ചെയ്ത് സേവ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടും. ആയത് അപേക്ഷയുടെ മുകള്‍ ഭാഗത്ത് എഴുതിവെക്കേണ്ടതും അപേക്ഷയിലെ Receipt ഭാഗത്ത് എഴുതി അപേക്ഷകന് നല്‍കേണ്ടതുമാണ്.
  • അപേക്ഷകള്‍ എന്റര്‍ ചെയ്യപ്പെടുന്നതിന്റെ സ്റ്റാറ്റസ് Reports മെനുവില്‍ നിന്നു കാണാന്‍ കഴിയും. Data Entry Status, Class wise list, School wise list, Consolidated List എന്നിവ Reports മെനുവില്‍ നിന്നും ലഭിക്കും.
  • അപേക്ഷകളെല്ലാം ഓണ്‍ലൈനില്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ Verify ചെയ്യേണ്ടതാണ്.

NB :- Renewal-നെ Fresh ആക്കാനും Fresh-നെ Renewal ആക്കാനും ഉള്ള ഓപ്ഷന്‍ School Reports - ല്‍ ഉണ്ട്

അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി 16-8-2013 ആണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.


പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

INSTRUCTION – FOR APPLICANTS

INSTRUCTION – FOR SCHOOLS

APPLICATION FORM

PRE-MATRIC SCHOLARSHIP (Minority) – SITE

Circular About UID and Bank Account

ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.

Minggu, 07 Juli 2013

SETIGam Exam Series Maths, Physics and Chemistry

പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. ഇന്‍സ്റ്റലേഷന്റെ വിധമെല്ലാം നേരത്തേ പ്രസിദ്ധീകരിച്ച SETIGam പോസ്റ്റിലുള്ളതു പോലെയാണ്. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.

ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

Click here for SETIGam Physics


കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Chemistry Unit-II

ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Maths Unit-II

Click here to download X Maths Unit-III

Minggu, 23 Juni 2013

ICT - Std X- Unit 1Updated with Theory Model Questions from Shaji Haritham

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകം കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ചിരുന്നു. പരിഷ്കരിച്ച പാഠപുസ്തകത്തില്‍ നിന്നും പുതിയ മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക എന്നതും തിയറി പരീക്ഷയുടെ മാര്‍ക്ക് കംപ്യൂട്ടര്‍ തന്നെയായിരിക്കും നല്‍കുക എന്നതും ഐ.ടി അധ്യാപകരെ അന്ന് തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. ആ ആശങ്കയ്ക്ക് വിരാമമിട്ടത് ജോണ്‍ സാറിന്റെ ഐ.ടി വര്‍ക്ക് ഷീറ്റുകള്‍, റഷീദ് ഓടക്കല്‍ സാറിന്റെ ഐ.ടി നോട്സ്, നിധന്‍ ജോസ് സാറിന്റെ വീഡിയോ ടൂട്ടോറിയല്‍, തുടങ്ങിയവയാണ്. ആ ശ്രേണിയിലേക്ക് കടക്കുന്ന രണ്ടു പഠന സഹായികളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്.

1. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ തിയറി വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാറാണ്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ചുരുങ്ങിയ പേജുകളില്‍ ഏറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുമാണ് മാത്യൂ സാര്‍ തയാറാക്കിയ പഠന സഹായി. കുട്ടികള്‍ക്ക് വളരെയധികം സഹായകമാകുന്ന വിധത്തില്‍ നോട്സും പാഠപുസ്തകത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്യേണ്ട സ്റ്റെപ്പുകളും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. കൂടാതെ ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കാവുന്ന ടിപ്സും അദ്ദേഹത്തിന്റെ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ നിന്നും മാത്യൂ സാര്‍ തയാറാക്കിയ തിയറി നോട്സ് ഡൗണ്‍ലോ‍ഡ് ചെയ്തെടുക്കാം


2. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ പ്രാക്ടിക്കല്‍ വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമണിയിലെ ഹൗലത്ത് ടീച്ചറാണ്. ഐ.ടി യുടെ ആദ്യ അധ്യായത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങളുടെ മാതൃകയും അവ ചെയ്യേണ്ട രീതിയുമാണ് ടീച്ചര്‍ തയാറാക്കിയ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ മാതൃകയെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഈ നോട്സ് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

ഈ ലിങ്കില്‍ നിന്നും ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ പ്രാക്ടിക്കല്‍ നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം


3.കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ -

English - മലയാളം

4.റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ നോട്സ്

5.കഴിഞ്ഞ വർഷം ഐ.ടി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തിയറി ചോദ്യങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റുന്നതില്‍ ഏറ്റവും കൂടതല്‍ പങ്കു വഹിച്ചത് പട്ടാമ്പി ഹരിതത്തിലെ ഷാജി സാറാണ്. അന്ന് ഷാജി സാർ തയാറാക്കിയ നോട്ടുകളാണ് പല അധ്യാപകരും മാതൃകയായി കുട്ടികള്‍ക്ക് നല്‍കിയത് എന്നു പറയുമ്പോള്‍ ആ നോട്ടുകളുടെ മൂല്യം ഈഹിക്കാമല്ലോ....ഐ.ടി തിയറി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പഠനസഹായികളിലൊന്നാണ് ഷാജി സാറിന്റെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ ..

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഐ.ടി തിയറി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം

കുട്ടികള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ പഠനസഹായികള്‍ ലക്ഷ്യത്തിലെത്തുന്നത്. ഇവ കുട്ടികളിലേക്കെത്തിക്കാന്‍ ഏറ്റവും യോജ്യരായ അധ്യാപകരാണ് ബ്ലോഗിലെ സന്ദര്‍ശകരായ നിങ്ങള്‍ ഓരോരുത്തരും.. ക്ലാസ് മുറികളിലെ അധ്യയനത്തിന് ഏറെ പ്രയോജനപ്രദമായ ഈ പഠനസഹായികള്‍ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം അവ തയാറാക്കിയവരെ കമന്റുകളിലൂടെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമല്ലോ..

Jumat, 14 Juni 2013

Online Aadhar card

സ്ക്കൂളുകളിലെ സ്റ്റാഫ് ഫിക്സേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിനു വേണ്ടി 2013 ജൂണ്‍ മാസമാകുമ്പോഴേക്കും എല്ലാ വിദ്യാര്‍ത്ഥികളും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മുന്നോട്ടു നീങ്ങിയത്. ഇതുപ്രകാരം കേരളത്തിലെ എല്ലാ സ്ക്കൂളുകളും മുന്‍കൈയ്യെടുത്ത് തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി. ആധാര്‍ രജിസ്ട്രേഷന്‍ നടന്ന് രണ്ടു മാസത്തിനകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീട്ടുവിലാസത്തില്‍ ആധാര്‍ കാര്‍ഡ് ലഭിച്ചു തുടങ്ങിയിട്ടുണ്ടാകും. തങ്ങളുടെ കൂട്ടുകാര്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് കിട്ടുകയും തനിക്ക് ആധാര്‍ കാര്‍ഡ് കിട്ടാതെ വരുകയും ചെയ്യുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും ഖേദമുണ്ടാവുക സ്വാഭാവികം. ഒരുപക്ഷേ ഇക്കാര്യമന്വേഷിച്ച് അവരുടെ രക്ഷിതാക്കള്‍ സ്ക്കൂളിലെത്തുകയും ക്ലാസ് ടീച്ചറോട് കാര്‍ഡ് ലഭിക്കാത്തതിന്റെ കാര്യം തിരക്കുകയും ചെയ്യും. സത്യത്തില്‍ നമ്മള്‍, അധ്യാപകര്‍ ഈ സംവിധാനത്തിന്റെ രജിസ്ട്രേഷന്‍ പ്രക്രിയയില്‍ മാത്രമേ ഭാഗികമായേ ഭാഗഭാക്കാകുന്നുള്ളുവെങ്കിലും രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിയാന്‍ നമ്മുടെ മനസ്സ് അനുവദിക്കില്ല. ആധാര്‍ കാര്‍ഡ് തയ്യാറായോ? കുട്ടിക്ക് ആധാര്‍ നമ്പര്‍ ആയോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം നമുക്കു മറുപടി പറയാന്‍ പോസ്റ്റ് നമ്മെ സഹായിക്കുമെന്നുറപ്പ്. ലേഖനം തയ്യാറാക്കിത്തന്നത് പൂഞ്ഞാര്‍ ബ്ലോഗ് എന്ന ബ്ലോഗ് കൈകാര്യം ചെയ്യുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ ടോണി പൂഞ്ഞാറാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി കാണണമെങ്കില്‍ നമ്മുടെ കയ്യില്‍ വേണ്ടത് ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയതിന്റെ ഭാഗമായി ലഭിച്ച പ്രിന്റൗട്ട് മാത്രമാണ്. അതുപയോഗിച്ച് ആധാര്‍ പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ് കാണുകയും ആവശ്യമെങ്കില്‍ അതിന്റെ ഒരു പകര്‍പ്പെടുക്കുകയും ചെയ്യാം. ഇതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കുട്ടിയുടെ ആധാര്‍ കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം.

സ്റ്റൈപ്പ് 1

ആദ്യം ഇ-ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.

തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റൈപ്പ് 2

ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.

സ്റ്റൈപ്പ് 3

ഈ സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.
മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

സ്റ്റൈപ്പ് 4

ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ...നിങ്ങളുടെ ആധാര്‍ കാര്‍ഡ്...

Rabu, 12 Juni 2013

SETIGam Exam series 1

പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്രപാഠപുസ്തകവുമായി ബന്ധപ്പെട്ട പുരോഗതി എത്രയെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെല്ലാം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിലയിരുത്താന്‍ സഹായിക്കുകയാണെങ്കിലോ? ഐടി പരീക്ഷയുടെ മാതൃകയില്‍ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും തെറ്റുപറ്റുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ തിരുത്തിക്കൊടുക്കുകയുമാണെങ്കിലോ? സംഗതി എളുപ്പമായി. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നൂതനപരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ്. SETIGam (സെറ്റിഗാം) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വെയര്‍ ഉബുണ്ടുവിലാണ് പ്രവര്‍ത്തിക്കുക. Self Evaluation Tool In Gambas എന്നതിന്റെ ചുരുക്ക രൂപമാണ് SETIGam എന്നത്. പത്താംതരത്തിലെ കുട്ടികള്‍ക്ക് അവര്‍ പഠിച്ച ഓരോ അധ്യായത്തിലേയും ആശയങ്ങളും വസ്തുതകളും എത്രത്തോളം മനസ്സിലായെന്നും അതിലെ ചോദ്യങ്ങള്‍ ഒരു യൂണിറ്റ് ടെസ്റ്റിലേതു പോലെ സമയബന്ധിതമായി എത്രത്തോളം ശരിയായി ചെയ്യാമെന്ന് സ്വയം കണ്ടെത്തുന്നതിന് ഈ സോഫ്‌റ്റ്‌വെയര്‍ വഴിയൊരുക്കുന്നു. ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തി പരിഹരിക്കുന്നതിനും ഈ സോഫ്‌റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വയം മൂല്യനിര്‍ണയത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ മാത്‌സ് ബ്ലോഗ് ടീമിലെ ജോണ്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണികള്‍ മൊഡ്യൂള്‍ ഒന്നില്‍ കൊടുത്തിരിക്കുന്ന യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.

ഈ സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കാന്‍ സഹായിച്ച പ്രോഗ്രാമിങ് ഭാഷയായ GAMBAS ന്റെ ചുരുക്കരൂപമാണ് SETIGam എന്ന പേരിലെ Gam പ്രതിനിധീകരിക്കുന്നത്. സ്‌ക്കൂള്‍ ലിനക്‌സിന്റെ ഒട്ടുമിക്ക പാക്കേജുകളിലും Programming എന്ന മെനുവില്‍ Gambas ഉള്‍പ്പെടുത്തിയിട്ടുണ്ട്. Microsoft Visual Basic ന് സമാനമായി Open source ല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു Programming language ആണ് Gambas. Gambas രൂപകല്പന ചെയ്ത Binoit Minsiniയുടെ കടുത്ത ആരാധകനായ പ്രമോദ് സാര്‍, താന്‍ പഠിച്ചെടുത്ത അറിവുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ഉപകാരപ്പെടണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.

ആകെ 20 മാര്‍ക്കിനുള്ള 7 ചോദ്യങ്ങളാണ് ഈ സോഫ്‌റ്റ്‌വെയറിലുള്ളത്. ഇത്തരമൊരു പരീക്ഷയെഴുതുന്നതിനുള്ള പരമാവധി സമയം 20 മിനിറ്റാണെങ്കിലും കുട്ടിയുടെ നിലവാരത്തിനനുസരിച്ച് പരീക്ഷാ സമയം 10 മിനിറ്റ്, 15 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിവയിലേതു വേണമെങ്കിലും സ്വയം ക്രമീകരിക്കാവുന്നതാണ്. 7 ചോദ്യങ്ങളും വായിച്ചു നോക്കി ഇഷ്ടമുള്ള ക്രമത്തില്‍ പരീക്ഷ ചെയ്യാവുന്നതാണ്. പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ഓരോ ചോദ്യത്തിനും ലഭിച്ച മാര്‍ക്കുകളും കുട്ടി നല്‍കിയ ഉത്തരങ്ങളും ഉത്തരസൂചികയും നോക്കി സ്വയം വിലയിരുത്തല്‍ നടത്താവുന്നതുമാണ്. വേണമെങ്കില്‍ വീണ്ടും പരീക്ഷ ആവര്‍ത്തിക്കാവുന്നതുമാണ്. സമയസൂചികയും (Timer) പരീക്ഷാ ജാലകത്തില്‍ ദൃശ്യമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ അവസാനിപ്പിക്കാനായില്ലെങ്കില്‍ ജാലകം അടക്കപ്പെടുകയും അതുവരെ ചെയ്ത ചോദ്യങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തപ്പെടുകയും ചെയ്യും. ഇത് സ്വയം മൂല്യനിര്‍ണ്ണയത്തിനുള്ള സാധ്യതകളില്‍ ഒന്നുമാത്രമാണ്. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തി നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത് മാത്‌സ് ബ്ലോഗിനേപ്പോലെയുള്ള ആത്മാര്‍ത്ഥതയുള്ള അധ്യാപകരുടെ ഒരു കൂട്ടായ്മയുടെ കടമയാണെന്ന് വിശ്വസിക്കുന്നു.

Installation (സന്നിവേശം)
  1. ഇവിടെ നിന്നും SETIGam സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  2. ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച ICTChapter1.tar.gz എന്ന സിപ് ഫയല്‍ എക്‌സ്ട്രാക്ട് ചെയ്യുക.
  3. 9496352140-mathsexamap_0.0.7-1_all.deb എന്ന file dbl clk ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
  4. ഇന്‍സ്റ്റലേഷനു ശേഷം Application-Education -SETIGammathsexamAP എന്ന ക്രമത്തില്‍ ഈ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Senin, 13 Mei 2013

സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം(Updated with mail merging)

സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര്‍ ചെയ്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. അങ്ങനെ പോരായ്മകളെല്ലാം പരിഹരിച്ച് ഈയൊരു സംരംഭത്തെ വലിയൊരു വിജയമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന്റെ ഉപകാരം ഭാവിയില്‍ നമുക്ക് ലഭിക്കുകയും ചെയ്യും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെ സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക

ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
കുട്ടിയുടെ പേരിനു താഴെ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം .

Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.

Number of school days up to date , Number of school days pupil attended ഇവ നല്കി
താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക

വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .

തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.

ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.

ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.

ടി.സി ഒറ്റയടിക്ക് പ്രിന്റ് ചെയ്യാം.
മെയില്‍ മെര്‍ജ് സങ്കേതം ഉപയോഗിച്ച് ടി.സി ഒന്നിച്ചു പ്രിന്റു ചെയ്യുന്നതിന് സഹായകമാകുന്ന ഒരു ഫയല്‍ പാലക്കാട് Karimba GHSS ലെ എസ്.ഐ.ടി.സി കൂടിയായ എസ്.സുജിത്ത് സാര്‍ അയച്ചു തന്നിട്ടുണ്ട്. ചുവടെ നിന്നും അതിന്റെ സ്റ്റെപ്പുകള്‍ അടങ്ങിയ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ടി.സി ഫോമിന്റെ മാതൃകയും ഒപ്പം നല്‍കിയിരിക്കുന്നു. പക്ഷേ തീയതി അക്ഷരത്തില്‍ വരുന്നില്ലെന്നൊരു പരാതി കമന്റുകളില്‍ കണ്ടു. അതിനുള്ള സൊലൂഷ്യനും കമന്റുകളില്‍ത്തന്നെ കണ്ടു.

സഹായ ഫയലില്‍ അദ്ദേഹം പറഞ്ഞതുപോലെ, ഇതൊരു ഔദ്യോഗിക മാര്‍ഗമല്ലല്ലോ. അതുകൊണ്ടു തന്നെ ടിസി എടുത്തുകഴിഞ്ഞതിനുശേഷം സമ്പൂര്‍ണ്ണവഴി ഇഷ്യൂ ടിസി നല്‍കാന്‍ മറക്കേണ്ട. എന്നാലേ ജോലി പൂര്‍ത്തിയകൂ.

Printing TC by Mail Merging (PDF File)

Odt file for Sample TC

ടി.സി പ്രിന്റു ചെയ്യുന്നതില്‍ വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റായി ചേര്‍ക്കുമല്ലോ.

Jumat, 26 April 2013

Technical High School Admission 2013-2014

സംസ്ഥാനത്തെ 39 ഗവ: ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ 2013-14 വര്‍ഷത്തേയ്ക്കു് എട്ടാം ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം അപേക്ഷകര്‍. 12 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും 2013 ജൂണ്‍ 1 ന് 16 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ 16 നും 18 നും മധ്യേ പ്രായമുള്ളവരേയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസരീതിയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികവും ഉല്പാദനോന്മുഖവുമായ വിവിധ തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതാണ് ഈ വിദ്യാഭ്യാസരീതിയുടെ പ്രത്യേകത. പൊതു വിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതികവിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് വിവിധ തൊഴില്‍ മേഖലകളില്‍ വൈവിദ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം സഹായിക്കുന്നു. എന്‍ജിനീയറിംഗിനോ ശാസ്ത്രസാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസരീതി ശക്തമായ അടിത്തറ നല്‍കുന്നു. THSLC ജയിച്ച കുട്ടികള്‍ക്ക് പോളിടെക്നിക്ക് പ്രവേശനത്തില്‍ 10% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9, 10 ക്ലാസ്സുകളില്‍ ഓരോ T H S ലും ലഭ്യമായ പ്രത്യേക trade കളില്‍ പരിശീലനം നല്‍കുന്നു. 10 ആം ക്ലാസ് വിജയിക്കുന്ന കുട്ടികള്‍ക്ക് ട്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ടെക്നിക്കല്‍ ഹൈസ്ക്കൂളുകളുടെ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചും പ്രധാനപ്പെട്ട തീയതികളെക്കുറിച്ചുമുള്ള വിവരങ്ങള് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ അധ്യാപകനായ നസീര്‍ സാര്‍ മറുപടി നല്‍കും.

ഈ വര്‍ഷം മുതല്‍ National Vocational Education Qualification Framework (NVEQF) ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കത്തക്ക രീതിയില്‍ വിവിധ തൊഴിലധിഷ്ഠിത പാഠ്യപദ്ധതികള്‍ പഠിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ സമ്പ്രദായമാണ് ടെക്നിക്കല്‍ സ്ക്കുളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ടെക്നിക്കല്‍ സ്ക്കുളുകളിലെ 9 ആം ക്ലാസ്സും 10 ആം ക്ലാസ്സും പൂര്‍ത്തിയാവുമ്പോള്‍ Level 1, Level 2, NVEQF സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ ഈ പദ്ധതി നിലവിലുള്ള ഏതു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും തുടര്‍ന്നുള്ള ലവലുകള്‍ (Level 3 to Level 7) പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നു. ഒന്നും രണ്ടും ലവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കേരള സാങ്കേതികവിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ ആണ്.

പ്രധാന തീയതികള്‍
  • അപേക്ഷാപത്രിക വിതരണം ചെയ്തു തുടങ്ങുന്ന തീയതി
    : 17 – 04 – 2013.
  • പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി
    : 07 -05 – 2013 .
  • പൊതുപ്രവേശന പരീക്ഷ : 10 – 05 – 2013 വെള്ളി
    രാവിലെ 10 മണി മുതല്‍ 11.30 വരെ.
  • ഫല പ്രസിദ്ധീകരണം : 10 – 05 – 2013, 4.00 pm
  • തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി
    : 11- 05- 2013, 12 മണി.
  • പ്രവേശന തീയതി
    • ഒന്നാം ഘട്ട പ്രവേശനം : 16-05-2013 രണ്ടാംഘട്ട പ്രവേശനം : 23- 05-2013
  • പ്രവേശനം പൂര്‍ത്തീകരിക്കുന്നത് : 01-06-2013
  • പ്രവേശനോത്സവം : 03-06-2013

Click here for Prospectus

Technical High Schools in Various District

Sabtu, 20 April 2013

Kerala SSLC Examination Result 2013 Analyser (for Ubuntu & Windows) Updated

2013 ലെ SSLC ഫലം ഏപ്രില്‍ 24 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഭവന്റേയും ഡി.പി.ഐ ഷാജഹാന്‍ സാറിന്റേയും പരീക്ഷാ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍ സാറിന്റേയുമെല്ലാം അക്ഷീണപരിശ്രമം മൂലം കഴിഞ്ഞ വര്‍ഷത്തേക്കാളും 4 ദിവസം മുമ്പേ റിസല്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങി. സാധാരണഗതിയില്‍ റിസള്‍ട്ട്‌ വന്നാല്‍ പിന്നെ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം പരസ്പരം ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. എത്ര കുട്ടികള്‍ ജയിച്ചു? എത്ര പേര്‍ക്ക് മുഴുവന്‍ A+ കിട്ടി? ഒരു വിഷയത്തിന് A+ നഷ്ടമായവരുണ്ടോ? വിജയ ശതമാനം എത്ര? അങ്ങനെ അങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്. ഈ ചോദ്യങ്ങളെല്ലാം സ്ഥിരമായി എല്ലാ വര്‍ഷവും ചോദിക്കുന്നവയുമാണ്. ഇതെല്ലം തിരഞ്ഞു കണ്ടുപിടിക്കാനും ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനും കുറച്ചു കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു ക്ലിക്കില്‍ കണ്ടു പിടിച്ചുതരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കിലോ? ഉണ്ട്, അത്തരത്തിലൊരു സോഫ്റ്റ്‌വെയറാണ് SSLC Analyser. ഈ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്. ഫറൂഖ് കോളേജിലും ഇ.എം.ഇ.എ കോളേജിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിനോടൊപ്പം തന്നെ പ്രോഗ്രാമിങ്ങിലും തല്പരനായ അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഈ സോഫ്റ്റ് വെയര്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഥനത്തിന് ഏറെ സഹായകരമാണ്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനും ഷട്ട്ഡൗണ്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രമേയുള്ളു. അത് ഔട്പുട്ട് ആയി തിരിച്ചു തരുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  1. പരീക്ഷ എഴുതിയ ആകെ കുട്ടികളുടെ എണ്ണം
  2. ഉപരിപഠനത്തിനു അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം.
  3. ഉപരിപഠനത്തിനു അര്‍ഹത നേടാത്ത കുട്ടികളുടെ എണ്ണവും പേരുവിവരങ്ങളും
  4. വിജയ ശതമാനം
  5. ഉന്നത വിജയം നേടിയ കുട്ടികളുടെ പേരുവിവരങ്ങള്‍ (10 A +, 9A +, 8A+, ....)
  6. subject wise grade analysis (subject തിരിച്ചു എത്ര A +, A തുടങ്ങിയ വിവരങ്ങള്‍.
  7. ഓരോ വിഷയത്തിന്റെയും Average Grade
സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?
  1. SSLC Analyser സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
      നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷനില്‍ പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ SSLC Analyser ന്റെ Windows Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
  2. Download ചെയ്തുകിട്ടുന്ന compressed ഫയല്‍ Extract ചെയ്യുക (Mouse right ക്ലിക്ക് ചെയ്ത് Extract Here എന്ന് കൊടുത്താല്‍ മതിയാകും)
  3. അപ്പോള്‍ കിട്ടുന്ന SSLC Analyser എന്ന ഫോള്‍ഡര്‍ തുറക്കുക.
  4. install.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties-->Permission--> tab എടുത്തു Allow Executing file as Programme എന്നതിന് നേരെ tick മാര്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുക.
  5. install.sh ഫയലില്‍ double click ചെയ്തു run in terminal എന്ന് കൊടുക്കുക
  6. ആവശ്യപ്പെട്ടാല്‍ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക.
  7. ഇനി മെനുവിലെ Applications ---> Accessories----> SSLC Analyser എടുത്തു പ്രവര്‍ത്തിപ്പിച്ചാല്‍ സോഫ്റ്റ്​വെയര്‍ തുറന്നു വരുന്നു.
സോഫ്റ്റ്​വെയര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ചുവടെ നല്‍കിയിരിക്കുന്നത്.
ഈ ജാലകത്തില്‍ From Web എന്നതിനു നേരെയുള്ള ഫീല്‍ഡില്‍ റിസല്‍ട്ട് അനലൈസ് ചെയ്യേണ്ട സ്ക്കൂളിന്റെ കോഡ് നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തിക്കഴിയുമ്പോള്‍ രണ്ട് ഔട്ട്പുട്ട് ഫയലുകള്‍ ലഭിക്കും.

സോഫ്റ്റ്​വെയറില്‍ നിന്ന് ലഭിക്കുന്ന ഔട്ട്പുട്ട് ഫയലുകളുടെ മാതൃക ചുവടെ നല്‍കിയിരിക്കുന്നു.
  1. റിസല്‍ട്ട് അനലൈസ് കൊണ്ടുള്ള റിപ്പോര്‍ട്ട് (മാതൃക)
    പി.ഡി.എഫ് രൂപത്തിലായിരിക്കും ഇത് ലഭിക്കുക. ഇതില്‍ സ്ക്കൂളിന്റെ പേര്, സ്ക്കൂള്‍ കോഡ്, പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം, ശതമാനം, ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ എണ്ണം, 10 വിഷയത്തിനും എ പ്ലസ് നേടിയവരുടെ പേര്, 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ പേര്, 8 വിഷയങ്ങളിലും 7 വിഷയങ്ങളിലും 6 വിഷയങ്ങളിലുമെല്ലാം എ പ്ലസ് നേടിയവരുടെ പേരും ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ പേരും ലഭ്യമാകും. തുടര്‍ന്ന് വിഷയാധിഷ്ഠിതമായ അപഗ്രഥനമാണ് ലഭിക്കുക. അതില്‍ ഓരോ വിഷയത്തിനും എ പ്ലസ്, എ, ബി പ്ലസ് എന്നിങ്ങനെ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണവും അതിനു താഴെ അതിന്റെ ശതമാനവും ടേബിളായി നല്‍കിയിട്ടുണ്ടാകും. ഇതിനെ ആധാരമാക്കി ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഗ്രേഡിനെ ആസ്പദമാക്കി അതാത് വിഷയത്തിന് ഓവറോള്‍ ഗ്രേഡും നല്‍കിയിട്ടുണ്ടാകും.
  2. ഗ്രേഡ് റിപ്പോര്‍ട്ട് (മാതൃക)
    ഇത് സ്പ്രെഡ് ഷീറ്റ് ഫോര്‍മാറ്റിലായിരിക്കും ലഭിക്കുക. ഇതില്‍ സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡുകളും EHS/NI സ്റ്റാറ്റസും ഉണ്ടായിരിക്കും.
ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുക 2012ലെ റിസള്‍ട്ട്‌ ആണ്. എന്നാല്‍ 2013 റിസള്‍ട്ട്‌ പബ്ലിഷ് ചെയ്യുന്നതോടെ പുതിയ റിസള്‍ട്ട്‌ ആയിരിക്കും ലഭ്യമാവുക. എന്തെങ്കിലും കാരണവശാല്‍ പാച്ച് (patch) ആവശ്യമായി വരികയാണെങ്കില്‍ അത് മാത്​സ് ബ്ലോഗില്‍ പ്രതീക്ഷിക്കാം.

മാത്രമല്ല, മുന്‍പോസ്റ്റില്‍ പ്രോഗ്രാമിങ് അറിയുന്നവരോട് നമ്മള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സബ്ജില്ലാ-ജില്ല-റവന്യൂ ജില്ലാ ശരാശരികളുടെ അനാലിസിസ് നമുക്ക് നല്‍കാന്‍ കഴിയണം. അതിനുതകുന്ന പോര്‍ട്ടല്‍/പ്രോഗ്രാം നമുക്ക് വളരെ അത്യാവശ്യമാണ്. പ്രോഗ്രാമിങ്ങ് ശേഷിയുള്ളവര്‍ അതിനായി ശ്രമിക്കുമല്ലോ. ഈ പ്രോഗ്രാമിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ മാത്രമല്ലല്ലോ, തൊട്ടടുത്ത വിദ്യാലയങ്ങളുടേയും എസ്.എസ്.എല്‍.സി വിജയശതമാനവും ഫുള്‍ എ പ്ലസുകളുമെല്ലാം കണ്ടെത്താന്‍ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗപ്പെടുത്താമല്ലോ. അങ്ങനെ ഈ പ്രോഗ്രാം നമുക്കേറെ സമയലാഭമുണ്ടാക്കിത്തരുന്നു. സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചു നോക്കുന്നവരുടെ കമന്റുകളാണ് ആസിഫ് സാറിനെപ്പോലുള്ളവര്‍ക്ക് തുടര്‍ന്നും ഇത്തരം കണ്ടെത്തലുകള്‍ നടത്തുന്നതിന് പ്രചോദനമാകുന്നത്. ആ നിലക്ക് അദ്ദേഹത്തിനു പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.

Minggu, 31 Maret 2013

EMPLOYEE IDENTITY CARD IN SPARK

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളുകളിലുമൊക്കെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന പതിവുണ്ട്. ഇവക്കൊന്നും ഒരു പൊതു രൂപമില്ലെന്നതിന് പുറമെ പലതിലും മതിയായ വിവരങ്ങളുണ്ടാവാറുമില്ല. പലതും ആധികാരികമല്ല താനും. സ്പാര്‍ക്കിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇതിന് ഒരു പരിഹാരമാണ്. അതുകൊണ്ടു തന്നെ സ്ക്കൂളുകളടക്കം പല സര്‍ക്കാര്‍ ഓഫീസുകളും സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന മാത്​സ് ബ്ലോഗ് വായനക്കാരുടെ ആവശ്യപ്രകാരം കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണ് ചുവടെ നല്‍കിയിരിക്കുന്നത്. സ്പാര്‍ക്കിലെ വിവിധ മൊഡ്യുളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുദ്രയോടു കൂടിയ ഭംഗിയുള്ള ഐഡന്റിറ്റി കാര്‍ഡ് എളുപ്പം ഉണ്ടാക്കിയെടുക്കാം. സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡിന്റെ ഉദാഹരണം നോക്കുക. നിസാര്‍ സാറിന്റെ ഐഡന്റിറ്റി കാര്‍ഡാണ് ചുവടെ ഉദാഹരണമായി നല്‍കിയിരിക്കുന്നത്.


എല്ലാ വിവരങ്ങളുമടങ്ങിയ ഐഡന്റിറ്റി കാര്‍ഡുകള്‍ എങ്ങിനെ ജനറേറ്റ് ചെയ്യാമെന്ന് നോക്കാം. ആധികാരികമായി വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡുകള്‍ക്ക് കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. കാര്‍ഡ് വിതരണം ചെയ്യുന്നത് രേഖാമൂലമായിരിക്കുകയും വേണം. അതിനാല്‍ വലിയ ഓഫീസുകള്‍ ഈ ആവശ്യത്തിന് മാത്രമായി ഒരു ഫയലും ഒരു രജിസ്റ്ററും സൂക്ഷിക്കണം. കുറച്ച് ജീവനക്കാരുള്ള ഓഫീസാണെങ്കില്‍ രജിസ്റ്ററിന്റെ ഉപയോഗം ഫയലില്‍ തന്നെ ഉള്‍ക്കൊള്ളിക്കാം. കാര്‍ഡിന്റെ ദുരുപയോഗവും മറ്റും കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിന് ഇത് അത്യാവശ്യമാന്. ആദ്യമായി ഐ.ഡി കാര്‍ഡ് ജനറേറ്റ് ചെയ്യാന്‍ തുടങ്ങുന്ന ഓഫീസുകള്‍ Service Matters ലെ Employee ID Card ല്‍ പ്രവേശിച്ച് Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡിപ്പാര്‍ട്ട്മെന്റും ഓഫീസും തെരഞ്ഞെടുത്ത ശേഷം ആദ്യ കാര്‍ഡിന് നല്‍കേണ്ട നമ്പറില്‍ നിന്നും ഒന്ന് കുറച്ച്, Card No. എന്ന ഫീല്‍ഡില്‍ നല്‍കി Proceed കൊടുക്കുക. നമ്പര്‍ 1 മുതല്‍ തുടങ്ങുന്നവരുണ്ട്. 100 മുതലോ, 1000 മുതലോ ഒക്കേ ഇഷ്ടം പോലെ ആകാം. 1, 100, 1000 നമ്പറുകളില്‍ തുടങ്ങുന്നതിന് യഥാക്രമം 0, 99, 999 എന്നിങ്ങിനെയാണ് നല്‍കേണ്ടത്. ഏത് നമ്പറാണ് ജീവനക്കാര്‍ക്ക് അലോട് ചെയ്യുന്നത് എന്ന് ഫയലിലും രജിസ്റ്ററിലും രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍ നേരത്തെ സ്പാര്‍ക്കിലൂടെ അല്ലാതെ രേഖാമൂലം ഐ.ഡി കാര്‍ഡുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഓഫീസുകള്‍ അതിന്റെ തുടര്‍ച്ചയായ നമ്പര്‍ നല്‍കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍, ഒരു ഓഫിസില്‍ ഒരേ നമ്പറില്‍ രണ്ട് കാര്‍ഡുകള്‍ ഉണ്ടാകാനിടയായേക്കാം. ഐ.ഡി കാര്‍ഡ് നമ്പറിന് തുടക്കമിടുന്നത് ഒരിക്കല്‍ മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ്. പിന്നീട് ജനറേറ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ക്രമത്തില്‍ നമ്പര്‍ വന്ന് കൊള്ളും.

കാര്‍ഡ് നമ്പറുകള്‍ക്ക് തുടക്കമിട്ട ശേഷം Back ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഏകദേശം മുഴുവന്‍ ജീവനക്കാരുടെയും കാര്‍ഡ് പ്രിന്റ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ Designation ല്‍ All സെലക്ട് ചെയ്ത് ആവശ്യമുള്ള എല്ലാവരെയും ഒരുമിച്ച് എളുപ്പത്തില്‍ സെലക്ട് ചെയ്യാം. അതല്ലെങ്കില്‍ Designation ല്‍ ബന്ധപ്പെട്ട ജീവനക്കാരുടെ തസ്തിക മാത്രം തെരഞ്ഞെടുത്തും മുമ്പോട്ട് പോകാം. Draft Print സെലക്ട് ചെയ്ത് Confirm നല്‍കിയ ശേഷം Generate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍, തെരഞ്ഞെടുത്ത എല്ലാ ജീവനക്കാരുടെയും, കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഡ്രാഫ്റ്റ് കാര്‍ഡുകള്‍ ഒരുമിച്ച് ഒരു പി.ഡി.എഫ് ഫയലായി ലഭിക്കും.
അവസാനമായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ പിശകുകളില്ല എന്നുറപ്പാക്കുന്നതിനാണ് Draft Print സൌകര്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ Draft Print ല്‍ പിശകില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രമെ Final Print നല്‍കാന്‍ പാടുള്ളൂ. Draft Card കളുടെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശോധനക്കാന്‍ നല്‍കി ഒപ്പ് വാങ്ങി ഫയല്‍ ചെയ്ത ശേഷം Final Print എടുത്താല്‍ പിശകുകളും ജീവനക്കാരുടെ പരാതിയും ഒഴിവാക്കാന്‍ കഴിയും. എത്ര തവണ വേണമെങ്കിലും Draft Print എടുക്കുന്നതിന് വിരോധമില്ല.

Draft Print ല്‍ പിശകുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന്, ഐഡന്റിറ്റി കാര്‍ഡില്‍ പ്രതിഫലിക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്നും ഇവയെല്ലാം ശരിയായി ലഭിക്കുന്നതിന് എന്ത് ചെയ്യണമെന്നുമാണ് താഴെ വിവരിക്കുന്നത്. (ആദ്യ കാര്‍ഡുണ്ടാക്കുന്നതിന് മുമ്പ് കാര്‍ഡ് നമ്പറിന് തുടക്കമിടണമെന്നതൊഴിച്ചാല്‍, ഐഡന്റിറ്റി കാര്‍ഡുണ്ടാക്കുന്നതിന് മാത്രമായി; സ്പാര്‍ക്കിലെ വിവിധ മോഡ്യൂളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ കൂടുതലായി മറ്റൊന്നും നല്‍കേണ്ടതില്ല)
  1. Government Emblem: ഇത് എല്ലാ കാര്‍ഡിലുമുണ്ടാകും
  2. Name of Department: ഓരോ വകുപ്പിലെയും ജീവനക്കാരുടെ കാര്‍ഡില്‍ ആ വകുപ്പിന്റെ പേരുണ്ടായിരിക്കും.
  3. Employee Number (PEN): കാര്‍ഡില്‍ തനിയെ വരും
  4. Name: തെറ്റുണ്ടെങ്കില്‍ Personal Memoranda യില്‍ തിരുത്തണം
  5. Designation: ശരിയല്ലെങ്കില്‍ Present Service Details ല്‍ ശരിയായത് തെരഞ്ഞെടുക്കണം
  6. Date of Birth: Personal Memoranda യില്‍ നിന്നാണെടുക്കുന്നത്. തെറ്റുണ്ടെങ്കില്‍ അവിടെ തിരുത്തണം
  7. Date of joining: Present Service Details ല്‍ ചേര്‍ത്ത തിയ്യതി തന്നെയാണ് കാര്‍ഡിലും. ഇതില്‍ തെറ്റുണ്ടെങ്കിലും അവിടെ തിരുത്തണം.
  8. Date of issue and validity period: രണ്ടും തനിയെ വരുന്നതാണ്. (ഒരു കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കാണ്)
  9. Photo and Signature of employee: Employee Details നിന്നുമാണ് രണ്ടും എടുക്കുന്നത്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍, Service Matters- Personal Details ലൂടെ പ്രവേശിച്ച് പഴയ ഒപ്പ്/ ഫോട്ടോക്ക് പകരം പുതിയത് അപ്‌ലോഡ് ചെയ്ത് ശരിയാക്കണം.
  10. Signature of issuing authority: ഏത് രീതിയില്‍ കാര്‍ഡ് ഉണ്ടാക്കുകയാണെങ്കിലും, കാര്‍ഡ് ഉണ്ടാക്കിയെടുത്ത ശേഷം ബന്ധപ്പെട്ട അധികാരി പേനയുപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. സ്കാന്‍ ചെയ്തും മറ്റും കാര്‍ഡില്‍ ചേര്‍ക്കരുത്.
  11. Permanent address and Present address: തെറ്റുകളുണ്ടെങ്കില്‍ Employee Details ലെ Contact Details ല്‍ ശരിയാക്കണം.
  12. Place of Posting: ഈ വിവരങ്ങള്‍ Code Masters ലെ ‘Office‘ ല്‍ നിന്നുമാണെടുക്കുന്നത്. നമ്മുടെ വരുതിയിലുള്ളതല്ല. തെറ്റുണ്ടെങ്കിലും അപൂര്‍ണ്ണമാണെങ്കിലും സ്പാര്‍ക്കിനെ സമീപിക്കണം. (ഓഫീസിന്റെ പേര്, സ്ഥലം, പോസ്റ്റ്, ജില്ല, പിന്‍, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയതാണ് Place of Posting)
  13. E-mail: Contact Details ല്‍ ചേര്‍ക്കുന്ന ഇ-മെയില്‍ വിലാസമാണ് കാര്‍ഡില്‍ വരുന്നത്.
  14. Blood Group: Personal Memoranda യില്‍ നിന്നും.
മേല്‍ പറഞ്ഞ രീതിയില്‍ പിശകുകള്‍ തീര്‍ത്ത ശേഷം Final Print നല്‍കാം. Final Print നല്‍കുമ്പോള്‍ ലഭിക്കുന്ന പി.ഡി.എഫ് ഫയല്‍ സി.ഡി യിലും മറ്റും സേവ് ചെയ്തോ -മെയില്‍ വഴിയോ കാര്‍ഡ് മേകേഴ്സിന് എത്തിച്ച് കൊടുത്ത് 25/30 രൂപ മുതല്‍ വിലയുള്ള ഭംഗിയുള്ള കാര്‍ഡുകള്‍ തയ്യാറാക്കാം. ഈ കാര്‍ഡുകളില്‍ ഓഫീസ് തലവന്റെ ഒപ്പ് ചേര്‍ത്ത ശേഷം രജിസ്റ്ററില്‍ ചേര്‍ത്ത് ജീവനക്കാരന്റെ ഒപ്പും വാങ്ങിയ ശേഷം വിതരണം ചെയ്യാം. Final Print ന്റെ ഒരു പേപ്പര്‍ പ്രിന്റ് ഫയലിലും സൂക്ഷിക്കണം. സ്പാര്‍ക്ക് സംശയങ്ങള്‍ ചോദ്യങ്ങളാണെങ്കില്‍ ധൈര്യമായി കമന്റു ചെയ്യുമല്ലോ.
How can we make identity card using spark ? ID Card through spark

Sabtu, 30 Maret 2013

UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Rabu, 27 Maret 2013

Oscilloscope

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ടീച്ചിങ് എയ്ഡ് വിഭാഗത്തില്‍ നമ്മുടെ നിധിന്‍ജോസ് സാറിന് ഒന്നാം സ്ഥാനം കിട്ടിയ സമയം.
"നിധിന്‍ ജോസ് സാറിന് അഭിനന്ദനങ്ങള്‍. സമ്മാനാര്‍ഹമായ ടീച്ചിങ് എയ്ഡ് ബ്ലോഗിലൂടെ പങ്കുവെക്കാമോയെന്ന് ചോദിച്ചാല്‍ അത് അവിവേകമാകുമോ എന്തോ? ക്ഷമിക്കണേ...പങ്കുവെക്കലിന്റെ മാഹാത്മ്യം നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ഉത്ഘോഷിക്കുന്ന ഒരു ബ്ലോഗ് ടീമംഗമായതുകൊണ്ട് മാത്രം ചോദിച്ചുപോയതാണേ..!"
ഗീതടീച്ചറിന്റെ ഈ കമന്റിന് അദ്ദേഹം അന്ന് ഇങ്ങനെ ഒരു മറുകമന്റ് ഇട്ടിരുന്നു.
"മുനവച്ച ഇമ്മാതി വര്‍ത്തമാനം ഇനി ആവര്‍ത്തിക്കരുതെന്ന് അപേക്ഷ.....ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കുറച്ച് പഠനോപകരണങ്ങളാണ് ഞാന്‍ പ്രദര്‍ശിപ്പിച്ചത്. അവ ഓരോന്നും വിശദീകരിക്കാന്‍ സമയമെടുക്കും.പലതും പലര്‍ക്കും അറിയാവുന്നതുമായിരുക്കും..എങ്കിലും ഞാന്‍ തന്നെ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു പഠനോപകരണത്തിന്റെ വിശദാംശങ്ങള്‍ മാത്സ് ബ്ലോഗിലുടെ ഉടന്‍ പ്രതീക്ഷിക്കാം.ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകര്‍ക്ക് അത് വളരെയധികം പ്രയോജനം ചെയ്യുമെന്നുറപ്പാണ്.ഇപ്പോള്‍ കലോല്‍സവത്തിരക്കിലാണ്.ബിഎഡ് ന്റെ പരീക്ഷയും തുടങ്ങാറായി. തിരക്കുകള്‍ കഴിഞ്ഞാലുടന്‍ ഒരു വീഡിയോപോസ്റ്റ് പ്രതീക്ഷിക്കാം..... sure...."
ഇതാണ് അന്ന് പറഞ്ഞ പോസ്റ്റ്..!

Senin, 11 Februari 2013

എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം


എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി പ്രാക്ടിക്കല്‍ പരീക്ഷയെ സമീപിക്കേണ്ട വിധമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പ്രകാരം സോഫ്റ്റ്‌വെയറില്‍ പ്രത്യക്ഷപ്പെടുന്ന 14 പ്രാക്ടിക്കല്‍ ചോദ്യങ്ങളെ താഴെ നല്‍കിയിരിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  
പത്താം ക്ലാസ് ഐ.സി.ടി. പാഠപുസ്തകത്തില്‍ ആകെ ഒമ്പത് അധ്യായങ്ങളാണല്ലോ ഉള്ളത്. ഇതില്‍ നിലവില്‍ നമ്മുടെ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് പ്രായോഗിക പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍(ചില അധ്യായങ്ങളിലെ ) നിന്നുള്ളവയെ ഈ വര്‍ഷം ഇതുവരെ നടന്ന പ്രാക്ടിക്കല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാ:- നെറ്റ്‌വര്‍ക്കിംഗ്( വിവരങ്ങള്‍ പങ്കുവെക്കാം), drupal gardens(നമുക്കൊരു വെബ്‌സൈറ്റ്), കമ്പ്യൂട്ടര്‍ എന്ന യന്ത്രം എന്ന അധ്യായത്തിലെ Sysinfo ഒഴികെയുള്ള ഭാഗം.

പരീക്ഷക്കുള്ള ആകെ സമയം തൊണ്ണൂറ് മിനിട്ടാണെന്നറിയാമല്ലോ? മുന്‍വര്‍ഷങ്ങളില്‍ തിയറി പരീക്ഷാ സമയത്ത് വിദ്യാര്‍ഥിക്ക് ലഭ്യമായിരുന്ന സൗകര്യങ്ങള്‍ സോഫ്റ്റ്‌വെയറിലെ തിയറി പരീക്ഷാസമയത്തും ലഭിക്കുന്നുണ്ട്. തിയറി പരീക്ഷയുടെ സമയം അവസാനിപ്പിക്കും വരെ ഉത്തരങ്ങള്‍ ‌മാറ്റി എഴുതാനുള്ള സൗകര്യം, ഏത് മുന്‍ഗണനാ ക്രമത്തിലും തിയറി ചോദ്യത്തിന് ഉത്തരം എഴുതാനുള്ള സൗകര്യം എന്നിവ സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. പേന കൊണ്ട് എഴുതാനെടുക്കുന്ന സമയം സോഫ്റ്റ്‌വെയറിലെ ഉത്തരങ്ങളില്‍ ടിക് മാര്‍ക്ക് ചെയ്യുമ്പോള്‍ വേണ്ടതില്ല എന്നത് കൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തിയാല്‍ അവ എഴുതാനെടുക്കുന്ന സമയം നിമിഷങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുരുങ്ങിയത് പത്തുമിനിട്ടെങ്കിലും സമയമെടുത്ത് എല്ലാ ചോദ്യങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുക. (അധികമായ സമാശ്വാസ സമയം ഉള്‍പ്പെടെയാണ് ആകെ പരീക്ഷാസമയം എന്ന ധാരണ ഉണ്ടാവുന്നത് നന്ന് ). തുടര്‍ന്ന് ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ക്ക് നേരെ ടിക് മാര്‍ക്ക് നല്‍കാം. തിയറി പരീക്ഷ അവസാനിപ്പിക്കാനുള്ള ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് (Warning Message) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മാര്‍ക്കു ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഈ മെസ്സേജില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 


തിയറി പരീക്ഷക്ക് നാമെടുത്ത സമയത്തിന് ആനുപാതികമായി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്യാനുള്ള സമയത്തില്‍ വ്യത്യാസം വരുമെന്ന് അറിയാമല്ലോ ? എഴ് പ്രാക്ടിക്കല്‍ ചോദ്യങ്ങളുള്ളത് കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ആരംഭിക്കേണ്ടതുണ്ട്. ഓരോ ചോദ്യങ്ങളുടെ ഉത്തരവും പരമാവധി 8 മിനുട്ടിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണം. എല്ലാവരും എല്ലാ ചോദ്യങ്ങള്‍ക്കും ഈ സമയ നിഷ്ഠ തന്നെ പാലിക്കണമെന്നത് നിര്‍ബന്ധമില്ല . പത്ത് മിനിട്ടില്‍ കൂടുതല്‍ ഒരു ചോദ്യത്തിന് സമയം ചെലവഴിച്ചാല്‍ അത് തുടര്‍ന്നു വരുന്ന ചോദ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. ഓരോ ഉത്തരം ചെയ്ത് തീരുമ്പോഴും അവയുടെ ഉല്പന്നം അവരവരുടെ ഫോള്‍ഡറുകളില്‍ സേവ് ചെയ്യുകയും ഇന്‍വിജിലേറ്ററെ കാണിക്കുകയും വേണം.


പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാവശ്യമായ റിസോഴ്സുകള്‍ Home ഫോള്‍ഡറില്‍ ലഭ്യമാണ്. ഇതില്‍ നമുക്കൊരു വെബ്‌സൈറ്റ്, വിവര വിശകലനത്തിന്റെ പുതുരീതികള്‍ , എന്റെ വിഭവ ഭൂപടം, വരകള്‍ക്ക് ജീവന്‍ പകരാം എന്നീ പാഠഭാഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ റിസോഴ്സുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയത് തന്നെ (സോഫ്റ്റ്‌വെയറില്‍ ഉള്ള പോലെ - മറ്റൊരാള്‍ മാറ്റം വരുത്താത്തത്.) ലഭിക്കേണ്ടതുണ്ട്. ഉദാഹരണമായി ഒരു വിദ്യാര്‍ഥി ഉത്തരം ചെയ്യുമ്പോള്‍ സേവ് ചെയ്ത് മാറ്റം വന്ന ക്യൂജിസ് പ്രോജക്ട് ഫയല്‍ തൊട്ടടുത്തു വരുന്ന വിദ്യാര്‍ഥിക്ക് ലഭിക്കരുത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഓരോ പ്രാവശ്യവും പരീക്ഷ റണ്‍ ചെയ്യുമ്പോഴും Exam_documents എന്ന ഫോള്‍ഡറിലെ എല്ലാ contents കളും പുതുതായി ലോഡ് ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. അപ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫ്രഷ് ആയ റിസോഴ‌്സുകളാണ് ലഭിക്കുക. എന്നാല്‍ മോഡല്‍ പരീക്ഷയില്‍ ഇത് പ്രവര്‍ത്തിച്ചില്ല എന്നാണ് മാത്സ്ബ്ലോഗിലെ കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ഓപ്പണ്‍ഓഫീസുമായി ബന്ധപ്പെട്ട റിസോഴ്സില്‍ ടെംപ്ലേറ്റ് ഫയലുകളുണ്ടാവും ( ott, ots etc.) മെയില്‍ മെര്‍ജ് ചെയ്യാനുള്ള ചോദ്യത്തിന് ഈ ടെംപ്ലേറ്റ് ഫയല്‍ തുറന്ന ഉടനെ സേവ് ചെയ്യണം. എന്നാലേ ഇത് ഉപയോഗിച്ച് മെയില്‍ മെര്‍ജ് ചെയ്യാന്‍ സാധിക്കൂ.
മോഡല്‍ പരീക്ഷയിലെ ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ വിശകലനം 



ഒന്നാമത്തെ അധ്യായമായ മിഴിവാര്‍ന്ന ചിത്രലോകം എന്ന ഭാഗത്തില്‍ നിന്നും ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ലോഗോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് വന്നത്. ഇതില്‍ പാഠപുസ്തകത്തിലെ പേജ് 9 ല്‍ പരിചയപ്പെടുന്ന പ്രധാന ടൂളുകളുടെ പ്രയോഗസാധ്യതയാണ് വിലയിരുത്തുന്നത്. Create Rectangles and squares Tool , Fill and Stroke, Gradient Tool , Text Tool എന്നിവയുടെ ഉപയോഗം വിദ്യാര്‍ഥികള്‍ ശരിക്ക് മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിന് അനായാസം ഉത്തരം ചെയ്യാം. അമീബയെ വരക്കല്‍, ഗേറ്റ് (കമാനം)നിര്‍മ്മാണം, ത്രിമാന രൂപങ്ങള്‍, പൂവ് വരക്കല്‍ എന്നിവയും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളും വാര്‍ഷികപ്പരീക്ഷക്കായി പരിശീലിക്കേണ്ടതാണ്. Gradient ടൂള്‍ , ക്ലോണ്‍, ഡ്യൂപ്ലിക്കേറ്റ് , ഗ്രൂപ്പിംഗ് എന്നീ സങ്കേതങ്ങളുടെ പ്രയോഗവും പരീക്ഷയ്ക്ക് പ്രതീക്ഷിക്കാം , Export as PNG, Save in SVG എന്നിവ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയറില്‍ മലയാളത്തില്‍ Text എഴുതുമ്പോള്‍ ഫോണ്ട് rachana സെലക്ട് ചെയ്യണമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ക്സ്കേപിലെ ക്യാന്‍വാസിന് (പേജ്) പുറത്തുള്ള പശ്ചാത്തലത്തില്‍ ചിത്രം വരക്കുകയാണെങ്കില്‍ Save ചെയ്യുന്നതിന് മുമ്പ് File → Document Properties → Resize page to content → Resize page to drawing or selection എന്നതില്‍ ക്ലിക്ക് ചെയ്ത് നാം വരച്ച ചിത്രം പേജില്‍ തന്നെ വരുത്തേണ്ടതാണ്. ഓരോ ചോദ്യങ്ങളുടെയും Scoring Indicators സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. അധ്യാപകരുടെ സഹായത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നത് നന്നായിരിക്കും. 



മൂന്നാമത്തെ അധ്യായമായ എന്റെ വിഭവ ഭൂപടം - ഈ വിഭാഗത്തില്‍ നിന്നും നല്കിയിരിക്കുന്ന ക്യൂജിസ് പ്രോജക്ടിലെ വിവരങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന ക്യൂജിസ് മാപ്പിലെ ഒരു പ്രത്യേക ലെയറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ attribute ടേബിള്‍ വഴി പ്രദര്‍ശിപ്പിക്കാനുള്ള ചോദ്യം മാതൃകയായി നല്‍കുന്നു. 






"ക്യൂജിസ് സോഫ്റ്റ്‌വെയര്‍ തുറന്ന് Home/Exam_documents/QGIS എന്ന ഫോള്‍ഡറിലെ Examproject എന്ന ഭൂപടം open ചെയ്ത് Rail ലെയറിനെ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുക. തുടര്‍ന്ന് ഭൂപടത്തില്‍ രേഖപ്പെടുത്തിയ എല്ലാ വീടുകളുടെയും വിവരങ്ങള്‍ അടങ്ങിയ attribute table പ്രദര്‍ശിപ്പിക്കുക. ഈ പട്ടികയുടെ സ്ക്രീന്‍ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി Home ലെ Exam10 ഫോള്‍ഡറില്‍ സേവ് ചെയ്യുക. (സ്ക്രീന്‍ഷോട്ട് ലഭിക്കാനായി കീബോര്‍ഡിലെ PrtSc കീ അമര്‍ത്തുക)” 




ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.








  • Application → Science → Quantum GIS തുറക്കുക.


  • File → Open Project സെലക്ട് ചെയ്യുക. 

  • Home/Exam_documents/QGIS എന്ന ക്രമത്തില്‍ തുറന്ന് (നിര്‍ദ്ദേശിക്കപ്പെട്ട) Examproject.qgs എന്ന ഭൂപടം സെലക്ട് ചെയ്ത് open ക്ലിക്ക് ചെയ്യുക. 

  • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും Rail ലെയറില്‍ 'ചെക്ക്' മാര്‍ക്ക് ഇടുക. ( ഇപ്പോള്‍ Rail ലെയര്‍ ഭൂപടത്തില്‍ ദൃശ്യമായിട്ടുണ്ടാവും. 

  • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും House ലെയര്‍ സെലക്ട് ചെയ്ത് Right Click → Open attribute table സെലക്ട് ചെയ്യുക. (ഈ ഭൂപടത്തിലെ എല്ലാ വീടുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് House എന്ന ലെയറിലാണല്ലോ?) 

  • ഇപ്പോള്‍ attribute table തുറന്ന് വന്നിട്ടുണ്ടാവും. ശേഷം കീബോര്‍ഡിലെ PrtSc കീ അമര്‍ത്തി ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുക. 

  • സ്ക്രീന്‍ ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക. 



  • ഈ ചോദ്യത്തിന്റെ Scoring Indicators ഉം സ്കോറും താഴെ നല്‍കുന്നു.

  • Opens the Map in QGIS                 1 

  • Checks the layer box “Rail”           ½ 

  • Selects the Layer “House”             1 

  • Opens attribute table of “House”   1 

  • Saves in correct location              ½ 

  •                 Total                                 4


    Attribute ടേബിളിനെ പ്രദര്‍ശിപ്പിക്കുന്നത് കൂടാതെ, നല്‍കിയിരിക്കുന്ന പ്രോജക്ടില്‍ പുതിയ ലെയര്‍ നിര്‍മ്മിക്കുന്നത് , നിലവിലുള്ള ഒരു ലെയറില്‍ പുതിയൊരു വിവരം കൂട്ടിച്ചേര്‍ക്കുന്നത് ( House ലെയറില്‍ പുതിയൊരാളുടെ വീട് കൂടി ഉള്‍പ്പെടുത്തുക, etc.), Identify Features Tool ന്റെ ഉപയോഗം, ആവൃത്തി വിശകലനം(ബഫറിംഗ്), തയ്യാറാക്കിയ ഭൂപടം പ്രിന്റ് ചെയ്യാനൊരുക്കല്‍ ( New Print Compozer വഴി) , ഭൂപടം png, jpg , pdf ഫോര്‍മാറ്റിലേക്ക് എക്സ്‌പോര്‍ട്ട് ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.


    കമ്പ്യൂട്ടര്‍ ഭാഷ എന്ന നാലാം അധ്യായത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും നല്‍കിയിരിക്കുന്ന പൈതണ്‍ കോഡുകളിലെ തെറ്റുകള്‍ തിരുത്തി ശരിയായ പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ളവയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം idle ഉപയോഗിച്ചോ gedit Text എഡിറ്റര്‍ ഉപയോഗിച്ചോ തയ്യാറാക്കാവുന്നതാണ്. മറ്റു ഉത്തരങ്ങളെ പോലെ തന്നെ ഇവ ഹോമിലെ Exam10 എന്ന ഫോള്‍ഡറില്‍ തന്നെ സേവ് ചെയ്യണമെന്നത് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. ഈ അധ്യായത്തില്‍ നിന്നും wxglade ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഇത്‌ വരെ നടന്ന മൂന്ന് പരീക്ഷകള്‍ക്കും ചോദിച്ചിട്ടില്ല. gedit Text എഡിറ്റര്‍ ഉപയോഗിച്ച് പ്രോഗ്രാം തയ്യാറാക്കുകയാണെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള രീതി അവലംബിക്കാം.
    • പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
    • തുടര്‍ന്ന് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനായി ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. 

          python filename.py


    ( 999995_6.py എന്ന ഫയല്‍ നാമമുള്ള പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള കോഡാണ് നല്‍കേണ്ടത്.)


    python 999995_6.py


    ഒരു ചോദ്യമാതൃക:


    " അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പൈതണ്‍ പ്രോഗ്രാം തെറ്റായി നല്‍കിയിരിക്കുന്നു.



    പ്രോഗ്രാമിലെ തെറ്റുകള്‍ തിരുത്തി ടൈപ്പ് ചെയ്ത് ശേഷം രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. “


    ഒരു പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഒരു നിശ്ചിത തവണ ആവര്‍ത്തിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് for, while എന്നീ നിര്‍ദ്ദേശങ്ങള്‍ പൈതണില്‍ ഉപയോഗിക്കുന്നത്. ഇതില്‍ while നിര്‍ദ്ദേശത്തിന്റെ പ്രയോഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


    നല്‍കിയിരിക്കുന്ന കോഡ് പ്രവര്‍ത്തിപ്പിച്ചു നോക്കിയാല്‍ ഒന്നു മുതല്‍ 50 (1,2,3,4,....) വരെയുള്ള സംഖ്യകളാണ് പ്രിന്റ് ചെയ്യുന്നത്. നമുക്കിവിടെ പ്രിന്റ് ചെയ്യേണ്ടത് അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങളാണ്. അതായത് 5 , 10, 15, 20....... എന്നിങ്ങനെ . ചോദ്യത്തിലെ കോഡില്‍ തുടക്കവില 1 ഉം ഇന്‍ക്രിമെന്റ് 1ഉം പരമാവധി വില 50 ( a<=50) ഉം ആണ്. ഈ പ്രോഗ്രാമിലെ തുടക്കവിലയിലും ഇന്‍ക്രിമെന്റിലും മാറ്റം വരുത്തിയാല്‍ ചോദ്യത്തില്‍ പറഞ്ഞ രീതിയിലേക്ക് പ്രോഗ്രാമിനെ മാറ്റി എഴുതാം. (അതായത് 1 , 2, 3, 4, …. ന് പകരം 5, 10, 15, 20.... എന്ന് വരണം.) തുടക്ക വില 1 ന് പകരം അഞ്ചും ( a=1 ന് പകരം a=5 ) ഇന്‍ക്രിമെന്റ് 1 ന് പകരം 5 ഉം നല്‍കണം( a=a+1 ന് പകരം a=a+5). ഇങ്ങനെ മാറ്റി എഴുതിയാല്‍ പ്രോഗ്രാം താഴെ പറയുന്ന രീതിയിലാവുന്നു.



    ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.


    IDLE ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം.

    • Applications → Programming→ IDLE തുറക്കുക. 
    • File → New Window സെലക്ട് ചെയ്യുക. 
    • തുറന്നു വരുന്ന വിന്‍ഡോയില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.)
    • File → Save സെലക്ട് ചെയ്യുക. 
    • Exam10 ഫോള്‍ഡര്‍ തുറന്ന് ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
    • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)


    gedit Text എഡിറ്റര്‍ ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം
    • Applications → Accessories→gedit Text എഡിറ്റര്‍ തുറക്കുക. 
    • ടെസ്റ്റ് എഡിറ്ററില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.) 
    • File → Save സെലക്ട് ചെയ്യുക. 
    • Exam10 ഫോള്‍ഡര്‍ തുറന്ന് .py എന്ന് എക്സറ്റന്‍ഷനോടെ ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
    • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
    • തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

      python filename.py

    ഈ ഉത്തരത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.

    1. Types the program in proper syntax        1 
    2. Changes a=1 to a=5 (Line 1)                  1 
    3. Changes a=a+1 to a=a+5 (Line 4)          1 
    4. Saves the program in correct location      ½
    5. Correct Output                                        ½ 

                    Total                                  4


    നേരത്തെ തയ്യാറാക്കി (gedit text editor or idle) സേവ് ചെയ്ത് വെച്ചിരിക്കുന്ന  പൈതണ്‍ പ്രോഗ്രാമുകളെ IDLE ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. അതിനായി താഴെയുള്ള പ്രവര്‍ത്തന ക്രമമാണ് പാലിക്കേണ്ടത്.

    • Applications → Programming→ IDLE തുറക്കുക. 
    • File → Open വഴി നേരത്തെ തയ്യാറാക്കി സേവ് ചെയ്ത പൈതണ്‍ ഫയല്‍ തുറക്കുക. 
    • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)


    range, ലഘു ഫങ്ഷനുകളുടെ നിര്‍മ്മാണം , സ്ട്രിങ്ങുകളുടെ ഉപയോഗം ( ഒരു കൂട്ടത്തില്‍ നിന്ന് ഒരു പ്രത്യേക വിഭാഗത്തെ കണ്ടെത്തല്‍, സ്ട്രിങ്ങ് പിരമിഡ് , സ്ട്രിങ്ങുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കല്‍ etc) എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളും വാര്‍ഷികപ്പരീക്ഷക്ക് ഈ അധ്യായത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.


    ആറാമത്തെ അധ്യായമായ 'വരകള്‍ക്ക് ജീവന്‍ പകരാം' - ല്‍ നിന്നും രണ്ട് രീതിയിലുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന റ്റുപീ പ്രോജക്ട് ഫയലില്‍ ആവശ്യമായ മാറ്റം വരുത്തി നിര്‍ദ്ദേശിച്ചിരിക്കുന്ന അനിമേഷന്‍ തയ്യാറാക്കുക, പുതിയ പ്രോജക്ട് ഫയല്‍ തുറന്ന് അതില്‍ ലളിതമായ ചിത്രം വരച്ച് അവക്ക് അനിമേഷന്‍ നല്‍കുക എന്നിവയാണ‌വ. ഇതിലെ ചോദ്യങ്ങള്‍ ഒന്ന് രണ്ടാവര്‍ത്തി വായിച്ച് മനസ്സിലാക്കിയാല്‍ വളരെ പെട്ടെന്ന് ഉത്തരം ചെയ്യാന്‍ സാധിക്കുന്നതാണ്.

    അനിമേഷന്‍ തയ്യാറാക്കുന്നതിനുള്ള ചോദ്യങ്ങള്‍ക്ക് രണ്ട് തരം റിസോഴ്സുകളാണ് നല്‍കിയിരിക്കുന്നത്. Exam_documents ല്‍ boy.tup , bus.tup, butterfly.tup, football.tup, sky.tup എന്നിങ്ങനെ അഞ്ച് റ്റുപീ പ്രോജക്ട് ഫയലുകളും Images10 ല്‍ bus.png , plane.png, sky.png, scene.png എന്നിങ്ങനെ നാല് ചിത്ര ഫയലുകളുമാണവ. ഇവയില്‍ പ്രോജക്ട് ഫയലുകള്‍ ( .tup എക്സ്റ്റന്‍ഷനിലുള്ളവ) ചിത്രങ്ങളല്ലാത്തതിനാല്‍ അവ Insert → Bitmap വഴി റ്റുപീ സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. മുന്‍കൂട്ടി റ്റുപീസോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ അപൂര്‍ണ്ണമായ ഫയലുകളാണ് ഇവിടെ റിസോഴ്സുകളായി തന്നിരിക്കുന്നത്. അവ റ്റുപീയില്‍ തുറന്ന് ആവശ്യമായ മാറ്റം വരുത്തി അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. Save project As or Export ചെയ്യുക.

      പ്രോജക്ട് ഫയലുകളെ സോഫ്റ്റ്‌വെയറിലെ File → Open Project മെനു വഴിയാണ് റ്റുപീയില്‍ തുറക്കേണ്ടത്. Images10 ല്‍ നല്‍കിയിരിക്കുന്ന ചിത്ര ഫയലുകളെയാണ് Insert → Bitmap വഴി സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്. ഈ വ്യത്യാസം തിരിച്ചറിഞ്ഞാല്‍ വളരെ വേഗത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

    ഒരു ചോദ്യമാതൃക:
    "റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി" - ഇതിന്റെ അനിമേഷന്‍ Home ലെ Exam_documents ല്‍ നല്‍കിയിരിക്കുന്ന boy.tup എന്ന ഫയല്‍ Tupi സോഫ്റ്റ്‌വെയറില്‍ തുറന്ന് തയ്യാറാക്കുക. Home ലെ Images10 ല്‍ നിന്നും അനുയോജ്യമായ ചിത്രം പശ്ചാത്തലമായി ഉള്‍പ്പെടുത്തുക. തയ്യാറാക്കിയ അനിമേഷന്‍ Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.


    ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം നോക്കാം


    ഇവിടെ വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഉല്പന്നമാണ് "റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി" എന്ന അനിമേഷന്‍. ഈ അനിമേഷന്‍ തയ്യാറാക്കാന്‍ ഏതെല്ലാം ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വരും എന്ന് ആദ്യമേ ആലോചിക്കണം. ഇവിടെ പശ്ചാത്തലത്തില്‍ റോഡും , അതിലൂടെ നടന്നു നീങ്ങുന്ന കുട്ടിയും - ഇതിന് കറഞ്ഞപക്ഷം രണ്ട് ചിത്രങ്ങളെങ്കിലും വേണം. ഇതിനാവശ്യമായ രണ്ട് ചിത്രങ്ങളും റിസോഴ്സുകളായി രണ്ട് രീതിയില്‍ തന്നിട്ടുണ്ട്. Exam_documents ലെ boy.tup എന്ന പ്രോജക്ട് ഫയലാണ് ഒന്ന്. FPS മൂന്ന് ആയി ക്രമീകരിച്ച അഞ്ച് ഫ്രെയിം ഉള്ള ഒരു റ്റുപീ പ്രോജക്ട് ഫയലാണിത്. ഇതില്‍ കുട്ടിയടെ ചിത്രവും ഉള്‍ക്കൊള്ളുന്നുണ്ട്. പശ്ചാത്തലമായി ഉള്‍പ്പെടുത്തേണ്ട റോഡിന്റെ ചിത്രം Images10 ല്‍ ലഭ്യമാണ് (scene.png ). ( റിസോഴ്സുകള്‍ നല്‍കാത്ത ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം വരച്ചുണ്ടാക്കണം.)


    ഉത്തരം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം.

    • Applications →Graphics →Tupi:2D Magic തുറക്കുക. 
    • File → Open project സെലക്ട് ചെയ്യുക. 
    • Home ലെ Exam_documents തുറന്ന് boy.tup എന്ന ഫയല്‍ സെലക്ട് ചെയ്ത് open ചെയ്യുക.

    ഈ പ്രോജക്ട് ഫയലില്‍ ആകെ അഞ്ച് ഫ്രെയിമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് ഫ്രെയിമിലും ചിത്രങ്ങളും ക്രമീകരിച്ചിട്ടുമുണ്ട്. 1 , 3, 5 എന്നീ ഫ്രെയിമില്‍ കുട്ടിയുടെ ഒരു സ്റ്റെപ്പും 2, 4 ഫ്രെയിമില്‍ മറ്റൊരു സ്റ്റെപ്പുമാണുള്ളത്. അഞ്ച് ഫ്രെയിമിലും ചിത്രം ഒരേ സ്ഥാനത്താണ്. അതിനാല്‍ അനിമേഷനായി രണ്ടാമത്തെ ഫ്രെയിം മുതല്‍ ചിത്രത്തിന്റെ സ്ഥാനം ക്രമമായി മുന്നോട്ട് മാറ്റി വെക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനം. അതിനു മുമ്പായി ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലം ക്രമീകരിക്കണം.

    • പശ്ചാത്തലം ക്രമീകരിക്കാനായി Background Mode സെലക്ട് ചെയ്യുക. 
    • തുടര്‍ന്ന് Insert → Bitmap സെലക്ട് ചെയ്യുക. 
    • Home ലെ Images10 ല്‍ നിന്നും scene.png സെലക്ട് ചെയ്ത് open ചെയ്യുക. 
    • തുടര്‍ന്ന് Frames Mode സെലക്ട് ചെയ്ത് പ്രധാന ജാലകത്തില്‍ തിരിച്ചെത്തുക. 
    • ഇനി ലെയര്‍ ബോക്സില്‍ നിന്നും രണ്ടാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. ( രണ്ടാമത്തെ ഫ്രെയിമില്‍ ക്ലിക്കു ചെയ്യുക.) 
    • ശേഷം ടൂള്‍ ബോക്സില്‍ നിന്നും Object Selection (O) Tool സെലക്ട് ചെയ്യുക. 
    • ക്യാന്‍വാസിലെ ചിത്രത്തിനു മുകളിലൂടെ ഡ്രാഗ് ചെയ്ത് ചിത്രം സെലക്ട് ചെയ്യുക. 
    • കീ ബോര്‍ഡിലെ Left ആരോ കീ ഉപയോഗിച്ച് ചിത്രത്തെ നിലവിലുള്ള സ്ഥാനത്ത് നിന്നും അല്പം മുമ്പോട്ട് നീക്കി വെക്കുക. 
    • തുടര്‍ന്ന് ലെയര്‍ ബോക്സില്‍ നിന്നും മൂന്നാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. 
    • രണ്ടാമത്തെ ചിത്രം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തിന് അല്പം മുമ്പോട്ടായി മൂന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ മാറ്റി സ്ഥാപിക്കുക. 
    • ഇങ്ങനെ ബാക്കി നാല് ഫ്രെയിമിലും ക്ലിക്ക് ചെയ്ത് അവയിലെ ചിത്രത്തിലെ സ്ഥാനം തൊട്ടു പിന്നിലെ ചിത്രത്തിന്റെ സ്ഥാനത്തില്‍ നിന്നും മാറ്റി വെക്കുക. 
    • എല്ലാ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനം മാറ്റി വെച്ചതിന് ശേഷം Player മെനു സെലക്ട് ചെയ്ത് അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. 
    • File → Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.
    ഈ ചോദ്യത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.
    1. Opens Tupi                           ½ 
    2. Opens required file                ½ 
    3.  Inserts background Image     1 
    4.  Makes movements for object  1 
    5. Saves in the correct location   1 
                           Total                     4

    തയ്യാറാക്കുന്ന അനിമേഷന്‍ പ്രോജക്ട് ഫയലായി (.aup) സേവ് ചെയ്യുന്നതിന് പകരം വീഡിയോ ഫയലാക്കി (avi ഫോര്‍മാറ്റിലേക്ക്) എക്സ്‌പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങളും വാര്‍ഷിക പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതാണ്.

    (എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യമാതൃകകളെ വിശകലനം ചെയ്തിട്ടില്ല. നമ്മുടെ അധ്യാപക സുഹൃത്തുക്കളാരെങ്കിലും ആ ജോലി ഏറ്റെടുത്ത് അവ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമെന്ന് കരുതട്ടെ..)

    ഈ പോസ്റ്റിന്റെ പി.ഡി.എഫിനായി ഇവിടെ ക്ലിക്ക് ചെയ്യുക.