Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Jumat, 11 Maret 2011
പള്ളിയറ, സെഞ്ച്വറിയുടെ നിറവില്‍..!
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ലില്ലിടീച്ചര്‍ തന്ന 'കണക്കിലെ കളികള്‍' എന്ന സമ്മാനപുസ്തകമാണ് ക്ലാസിലെ ശരാശരിക്കാരനായിരുന്ന എനിയ്ക്കു കിട്ടിയ ആദ്യ സമ്മാനം. ആ പുസ്തകവും അതിന്റെ രചയിതാവിന്റെ പേരുമൊക്കെ അന്നേ ഹൃദിസ്ഥമാക്കിയതായിരുന്നു. കണക്കിനോട് അല്പമെങ്കിലും ഇഷ്ടം തോന്നാനുള്ള കാരണം ഒരുപക്ഷേ അവിടെ നിന്നായിരിക്കണം!
ആരംഭകാലം മുതല്‍ തന്നെ നമ്മുടെ ബ്ലോഗിന്റെ ഏറ്റവും പ്രധാനപ്പെട്ട അഭ്യുദയകാംക്ഷിയായി ഞങ്ങള്‍ക്ക് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്ന, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയായ ശ്രീ പള്ളിയറ ശ്രീധരന്‍ സാറിന്റെ ഏറ്റവും പുതിയതും നൂറാമത്തേതുമായ "സെഞ്ച്വറി"യാണ് ഈ പോസ്റ്റ് തയ്യാറാക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്. ഏകദേശം മൂന്നാഴ്ചകള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ കമ്പനിയാപ്പീസില്‍ നിന്നും ഭംഗിയായി പൊതിഞ്ഞ് കിട്ടിയ പാക്കറ്റ് അഴിച്ചുനോക്കിയപ്പോഴാണ് 'ശ്രീ നിസ്സാറിന് (മാത്സ് ബ്ലോഗ്)സ്നേഹപൂര്‍വ്വം'എന്നെഴുതി താഴേ ഒപ്പുവെച്ച കനപ്പെട്ട ഈ സമ്മാനം ലഭിച്ചത്. രണ്ടുവര്‍ഷത്തിലേറെയായി ഉറക്കമിളച്ചും അശ്രാന്തപരിശ്രമം ചെയ്തും മാത്സ് ബ്ലോഗ് നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ ടീമംഗങ്ങള്‍ക്കുമായി പങ്കുവെക്കേണ്ട ആദ്യ സമ്മാനം. (ഇനി, ഈ ബ്ലോഗെഴുത്തിലൂടെ നിങ്ങള്‍ക്കെന്താണ് 'നേട്ട'മെന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് ഒന്നുമില്ലെന്നുള്ള ഉത്തരത്തിന് പ്രസക്തിയില്ലാതായി.)
ഈ വരുന്ന മാര്‍ച്ച് 14ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് ശ്രീ.പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്യുന്ന 'സെഞ്ച്വറി'യുടെ ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ശ്രീ.ജോര്‍ജ്ജ് ഓണക്കൂര്‍ ആണ്. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ശ്രീ. പി.കെ. സുഭാഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ശ്രീ ഡി. വിനയചന്ദ്രന്‍ സര്‍വ്വശ്രീ.ഡോക്ടര്‍ അജിത് പ്രഭു, റൂബിന്‍ ഡിക്രൂസ്, വി.കെ. ജോസഫ്, സതീഷ്ബാബു പയ്യന്നൂര്‍, ...എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. നമുക്കെല്ലാവര്‍ക്കും സാറിന്റെ പ്രത്യേക ക്ഷണം ഉണ്ട് കേട്ടോ..!
സെഞ്ച്വറി എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം 100 അധ്യായങ്ങളിലായി രസകരമായി വായിച്ചുപോകാവുന്ന 192 പേജുകളുള്ള ഒരു കൊച്ചു പുസ്തകം. 'ലീലാവതി' മുതല്‍ 'സുഹൃത്സംഖ്യകള്'വരെ നാം കേട്ടിട്ടുള്ളതും അല്ലാത്തതുമായ ഗണിതസമസ്യകളും വിശേഷങ്ങളും രസകരമായി വായിച്ചുപോകാവുന്ന വിധം അണിനിരത്തിയിട്ടുണ്ട് അദ്ദേഹം. ആധുനികഗണിതത്തിന്റെ മര്‍മ്മങ്ങളറിഞ്ഞുള്ള യാതൊരു പുതുമയും അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാനില്ലായെന്ന വിമര്‍ശകരുടെ ആരോപണങ്ങളെ തെല്ലും ഗൗനിക്കാതെ, കുട്ടികളടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ ഗണിതത്തോടുള്ള വിരക്തി അകറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായി ഈ പുസ്തകത്തെ കാണാനാണ് പുസ്തകം നമ്മോട് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ ജീനിയസ് ബുക്സ് പ്രസിദ്ധീകരിച്ച 'സെഞ്ച്വറി'ക്ക് 120രൂപയാണ് വിലയിട്ടിരിക്കുന്നത്.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar