കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...
കണ്ണുനീരിന്റെയുപ്പു പടരവെ
എരിഞ്ഞു തീരുന്ന മരത്തിനുദരത്തില്‍
കുരുന്നു ജീവനുറഞ്ഞു പോകവെ
കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്
മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി
ഓണരാവിന്റെ ഓളമടിയിലോ
ആതിരാ നിലാ പന്തലിന്‍ കീഴിലോ
തളിര്‍ത്ത മാവിന്റെ തളിരിന്‍ ചുണ്ടിലോ
വിരിഞ്ഞ പ്ലാവിന്റെ കുരുന്നു കണ്ണിലോ
കളിചിരികളില്‍ കിളിമൊഴികളില്‍
കൊളുത്തി വച്ചു മറന്നു പോയ് ഞാനത്.
കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ
ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ
സംഗീതമുണരവെ
ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍
വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍
മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍
മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍
മരിച്ചു പോകാത്ത ബാല്യസ്മരണയില്‍
ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍
തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി.
Tidak ada komentar:
Posting Komentar