MATHEMATICS

Tampilkan postingan dengan label സംവാദം. Tampilkan semua postingan
Tampilkan postingan dengan label സംവാദം. Tampilkan semua postingan

Minggu, 01 September 2013

Teachers day wishes

രാവിലെ 10 മണിക്ക് ഓടിയെത്തുകയും 4 മണിക്ക് പുറത്തുപ്പോരുകയും ചെയ്യുന്ന സാധാരണ 10 to 4 അദ്ധ്യാപകരെകുറിച്ചുള്ള ദിനാചരണമല്ല . 24 മണിക്കൂറും അദ്ധ്യാപകരായിരിക്കുന്ന കുറച്ചുപേര്‍ ഏതു പ്രദേശത്തും ഇന്നും ഉണ്ടല്ലോ. അവരെക്കുറിച്ചുള്ള ദിനാചരണമാണ്` നമുക്ക് ആഘോഷിക്കേണ്ടത്. പഠിച്ചുപോന്നവരും പഠിക്കുന്നവരും ഇനി പഠിക്കാനിരിക്കുന്നവരും സ്നേഹപൂര്‍വം "സാറ് " എന്ന് വിളിക്കുന്ന -അപൂര്‍വമെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന - അദ്ധ്യാപകര്‍. അദ്ധ്യാപന പാരമ്പര്യത്തിന്റേയും ആധുനികതയുടേയും നക്ഷത്രശോഭകള്‍ നമുക്കിടയിലേക്ക് സജീവതയോടെ പകര്‍ന്നുതരുന്നവര്‍.


ഇവര്‍

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലും ക്ളാസ്മുറിക്ക് പുറത്തുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സമയവും സമ്പത്തും നോക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ....

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍

അത്

റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

നിലനില്‍പ്പിനായുള്ള കഠിനശ്രമങ്ങള്‍

കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന തത്വം സാക്ഷാല്‍ക്കരിക്കാന്‍ പാടുപെടുന്നവര്‍

കുട്ടിയുടേയും അദ്ധ്യാപകന്റേയും അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നവര്‍

സമൂഹത്തിന്റെ സുഖ ദു:ഖങ്ങളില്‍ അലിഞ്ഞുചേരുന്നവര്‍

പുതിയ ലോകവും പുതുപുലരിയും യാഥാര്‍ഥ്യമാക്കന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ...............


അദ്ധ്യാപകദിനങ്ങള്‍ ആചരിക്കപ്പെടുന്നത്

ഇവരെ ആസ്പദമാക്കിയാണ്` തീര്‍ച്ച.

മഴയേല്‍ക്കാത്ത കവചങ്ങളിവര്‍ക്കില്ല

കാലമഴയേറ്റു കാക്കിയായ കുപ്പായങ്ങളുമല്ല

ഓരോ മഴയിലും പുതുക്കത്തോടെ പുനര്‍ജനിക്കുന്ന ഉടയാടകളുള്ളവര്‍

ഊരുന്ന ഉറകള്‍ പുതുക്കുകയാണെന്ന അറിവുള്ളവര്‍

നിസ്തന്ദ്രമായി

തന്റെ മുന്നിലിരിക്കുന്ന കുട്ടികളില്‍ മാത്രമല്ല

മുന്നിലില്ലെങ്കിലും തന്നെപ്രതീക്ഷിച്ച് ദൂരെയെവിടെയോ

അവനുണ്ടെന്ന ഉറപ്പോടെ

തന്റെ ക്ളാസുകളില്‍ ഉണ്ടാവുന്ന

അറിവിന്റെ / സര്‍ഗാത്മകതയുടെ ഊര്‍ജ്ജം

അവനും

ഇനിയും വരാനിരിക്കുന്നവര്‍ക്കും

മുഴുവനാണെന്ന് വിശ്വസിച്ചുകൊണ്ട്

അദ്ധ്യാപകനായിരിക്കുന്നവരെ

അനുമോദിക്കാനായി

ആദരിക്കാനായി

നമുക്ക് ഈ ദിനാചരണം

പ്രയോജനപ്പെടുത്താം.

അസ്സല്‍ മാഷമ്മാരെ

പ്രണമിക്കാം

കൈതവങ്ങളില്ലാതെ

നിരുപാധികമായി.

അവാര്‍ഡുജേതാക്കള്‍ക്കടക്കം എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍.

Sabtu, 12 Januari 2013

വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

"ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.

1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ്‌ മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഗ്രേസ്‌ മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ്‌ മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.

ഗ്രേസ്‌ മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

വിനയപൂര്‍വ്വം,
മധുമാസ്റ്റര്‍
നിര്‍മ്മല ഹൈസ്കൂള്‍,
കബനിഗിരി.
വയനാട്.


കോപ്പികള്‍ അയക്കുന്നത് :
ബഹു : കേരളാ മുഖ്യമന്ത്രി.
ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ബഹു : പരീക്ഷാ സെക്രട്ടറി
എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്


Jumat, 07 Desember 2012

State Math Quiz 2012

കോഴിക്കോട് രണ്ടാഴ്ച മുമ്പ് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ഗണിത ക്വിസ്സ് മത്സരത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം പകര്‍ത്തിയെടുത്ത് ഭംഗിയായി ടൈപ്പ് ചെയ്ത് പിഡിഎഫ് ആക്കി അയച്ചുതന്നത് നമ്മുടെ സുഹൃത്ത് വിന്‍സെന്റ് സാറാണ്.കോഴിക്കോട് ജില്ലയിലെ മഞ്ഞുവയല്‍ വിമലാ യുപി സ്കൂള്‍ അധ്യാപകനായ അദ്ദേഹത്തിന്റെ ഈ സദുദ്യമത്തിന് നന്ദി. പ്രസിദ്ധ ഗണിത ഗ്രന്ഥകാരനായ ശ്രീ എംആര്‍സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍.
ചോദ്യങ്ങള്‍

ഉത്തരങ്ങള്‍

Minggu, 30 September 2012

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍

Sabtu, 08 September 2012

പൂജ്യവും ജസ്റ്റീസ് കാട്ജുവും ...

“ The level of intellect of many teachers is low, because many of them have not been appointed on merit but on extraneous considerations. To give an example, when I was a judge of Allahabad High Court I had a case relating to a service matter of a mathematics lecturer in a university in Uttar Pradesh. Since the teacher was present in court I asked him how much one divided by zero is equal to. He replied, “Infinity.” I told him that his answer was incorrect, and it was evident that he was not even fit to be a teacher in an intermediate college. I wondered how had he become a university lecturer (In mathematics it is impermissible to divide by zero. Hence anything divided by zero is known as an indeterminate number, not infinity).“Professor, teach thyself - Markandey Katju

ചളവറ സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ഗോവിന്ദരാജന്‍മാഷ് നമ്മുടെ രാമനുണ്ണിമാഷിന് അയച്ചുകൊടുത്ത ഒരു കുറിപ്പാണ് ഇന്നത്തെ പോസ്റ്റ്. കുറിപ്പിനാധാരം പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഭിവന്ദ്യനായ മാര്‍ക്കണ്ടേയ കാട്ജു 2012 സെപ്റ്റംബര്‍ 3ന്റെ ഹിന്ദു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിന്റെ ഒരു ഖണ്ഡികയാണ്. ലേഖനത്തിന്റെ ഉള്ളടക്കം വളരെ പ്രസക്തവും തീര്‍ച്ചയായും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് [അങ്ങനെ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്] എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ഈ പോസ്റ്റില്‍, മേല്‍ ഖണ്ഡികയില്‍ മാത്രം ഊന്നല്‍ നല്‍കുന്നു എന്നു മാത്രം. അതും ഈ ഗണിതശാസ്ത്ര വര്‍ഷത്തില്‍ !
ഗണിതശാസ്ത്ര പ്രൊഫസര്‍ 'ഇന്‍ഫിനിറ്റി’ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ നമുക്ക് ചോദിക്കാവുന്ന ഉപചോദ്യം 'ഇന്‍ഫിനിറ്റി' യെ പൂജ്യം കൊണ്ട് ഗുണിക്കുമ്പൊള്‍ 'ഒന്ന്’ കിട്ടുമോ എന്നതാണല്ലോ. അതിന്റെ തുടര്‍ച്ചയായി പറയാന്‍ തോന്നുക If x,y are positive integers and if x/0=y/0=infinity then x=y=0 is absurd എന്നു മാണല്ലോ? അപ്പോള്‍ എന്താണ് യഥാര്‍ത്ഥ പ്രശ്നം?
ഗണിതശാസ്ത്ര പ്രൊഫസറുടെ 'ഇന്‍ഫിനിറ്റി’ എന്ന ഉത്തരം വളരെ പഴഞ്ചനായ ഒരു അറിവ് മാത്രമാണ്. ഗണിതാധ്യാപകനല്ലാത്ത ഒരാളിന്റെ കാര്യത്തില്‍ ഈ 'അറിവ്’ പ്രത്യേകിച്ച് കുഴപ്പങ്ങളുണ്ടാക്കില്ല. ടോളമി രാജാവ് മന്ത്രിയോട് ഒരിക്കല്‍ ഈ പ്രശ്നം പരിശോധിക്കാനേല്‍പിച്ചുവല്ലോ. ഒന്നില്‍ എത്ര പൂജ്യങ്ങളുണ്ടെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഒരു ബക്കറ്റ് വെള്ളം [ പരിചാരകരെക്കൊണ്ട്] എടുത്ത് മുറുക്കിയടച്ച ഒരു കപ്പുകൊണ്ട് ബക്കറ്റിലെ വെള്ളം എത്രപ്രാവശ്യം കോരിയെടുക്കാനാവുമെന്ന് എണ്ണിനോക്കിയത്. 'ഇന്‍ഫിനിറ്റി’ തവണ എന്നു തീര്‍ച്ചയാക്കിയ വിവരം ടോളമിയെ സന്തോഷിപ്പിച്ചത്. നമ്മുടെ നാട്ടില്‍ അടിപൊളിഞ്ഞ ബക്കറ്റുകൊണ്ട് കിണര്‍ കോരി വറ്റിക്കാന്‍ ഏതോ മണ്ടന്‍ [ പഴയ ടോളമി രാജാവായിരുന്നു] ശ്രമിച്ചതു പോലെ. ഈ തീരുമാനം കണക്ക് മാഷിന്ന് ഉത്തരമായിക്കൂടെന്നല്ലേ ലേഖകന്‍ ആഗ്രഹിച്ചത്? അതും പൂജ്യത്തിന്റെ വില കണ്ടുപിടിച്ച ഒരു രാജ്യത്തെ പ്രൊഫസര്‍ !
ഇത് കണക്ക് മാഷിന്റെ കാര്യത്തില്‍ മാത്രമല്ല; ഏതു വിഷയത്തിലും പണിയെടുക്കുന്ന മാഷമ്മാരുടെ കാര്യം പൊതുവേ കുറേകൂടി ആലോചിക്കേണ്ടിവരും. പുതിയ പാഠപദ്ധതിയും സമീപനവും കുട്ടികളില്‍ [എല്ലാ വിഷയങ്ങളിലും ] വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. അത് അറിവിന്റെ കാര്യത്തിലും അറിവുല്‍പാദനത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. പുതിയ കാലഘട്ടവും അതിന്ന് കാരണമായിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ [ മാഷ്] പലരും ഈ വലിയ ‘ലീപ്പ്’ എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആലോചിക്കാതെ , വിലയിരുത്താതെ മുന്നോട്ടുപോകാനാവില്ല.
വാല്‍ക്കഷണം:1. കുട്ടിക്ക് അറിവുണ്ടാക്കാന്‍ അദ്ധ്യാപകര്‍ ക്ലാസ് മുറിയില്‍ പ്രയോഗിക്കുന്ന ഒരു ടെക്നിക്കും [ അറിവ് നിര്‍മ്മാണ പ്രക്രിയകള്‍ ] സ്വയം അറിവുണ്ടാക്കാന്‍ മാഷ് ഇന്നേവരെ ഉപയോഗപ്പെടുത്തിയില്ലല്ലോ? കുട്ടിയുടെ ജ്ഞാനനിര്‍മ്മിതിയും മാഷിന്റെ ജ്ഞാന നിര്‍മ്മിതിയും രീതികളില്‍ വ്യത്യാസപ്പെടുന്നോ?
2. ഓ...ഈ പുതിയ സം‌വിധാനങ്ങളും രീതികളും ഒന്നും എനിക്കറീലാ ട്ടോ... എന്ന് മാഷ് പറയുന്നത് വിനയം കൊണ്ടല്ല എന്നും ; മറിച്ച്......[ അല്ലെങ്കില്‍" ന്റെ മാഷെ ങ്ങക്ക് അതറീല്യേ ... " ന്ന് കുട്ടി / രക്ഷിതാവ് ചോദിക്കുമ്പോ എന്തിനാ കയര്‍ക്കുന്നത്?]

Jumat, 13 April 2012

എട്ടാം ക്ലാസ്'


ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാസ് യുപിയുടെയും ഭാഗമായി മാറുന്നത് പരോക്ഷമായാണത്രെ.(എന്ന് വെച്ചാല്‍ മാറുമോ എന്ന് ചോദിച്ചാല്‍ മാറും, ഇല്ലേയെന്ന് ചോദിച്ചാല്‍ മാറില്ല!) എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണകള്‍ കൈവരാത്തത്, ധാരാളം ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. അത്തരമൊരാശങ്കയാണ് ശ്രീ ടി പി കലാധരന്‍മാഷ് ആക്ഷേപഹാസ്യരൂപേണ ഇവിടെ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയെന്ന നിലയിലാണ് മാത്​സ് ബ്ലോഗ്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ ലേഖനം സമ്മതത്തോടെ പുന:പ്രസിദ്ധീകരിക്കുന്നത്. ഈ ഒഴിവുകാലത്ത് ആരോഗ്യകരമായ ഒരു 'ഞായറാഴ്ച സംവാദ'ത്തിലൂടെ മാത്​സ് ബ്ലോഗിന്റെ "വൈബ്രന്റായ"പഴയകാലത്തേക്ക് എത്തിപ്പെടുകയുമാകാം, അല്ലേ..?
--------------------------------------------------------------------------------"കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ് "
കത്തിന്റെ അവസാന ഭാഗം എഴുതിക്കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം . ഓര്‍മകളുടെ പുരാവസ്തുശേഖരം കണ്ടു തീര്‍ന്ന പ്രതീതി. സ്കൂള്‍ മുറ്റത്തെ പൂവാക വേനല്പ്പൂക്കളില്‍ ചോന്നു നിന്നു. അവധിക്കു പോയ കുട്ടികള്‍ ക്ലാസ് കയറ്റം കിട്ടി മടങ്ങി വരുമ്പോള്‍ ഇവിടെ ഞാന്‍ ഉണ്ടാകുമോ ? എട്ടാം ക്ലാസ് നിശ്വസിച്ചു.
പണ്ട് പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു എട്ടാം ക്ലാസ് .
ഏഴാം ക്ലാസിലെ അരപ്പാവാടയില്‍ നിന്നും പാദംമുട്ടിപ്പാവാട ആദ്യം അണിഞെത്തുന്ന എട്ടാം ക്ലാസ് .
ആണ്‍ കുട്ടികള്‍ നിക്കറില്‍ നിന്നും ഒറ്റ മുണ്ടിലേക്ക് പ്രായം മാറ്റുന്ന എട്ടാം ക്ലാസ്.
ഏഴില്‍ നിന്നും എട്ടില്‍ എത്തുക .ഹൈസ്കൂളില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആള്‍ പ്രമോഷന്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വലിയ സംഭവം തന്നെ. പഠനത്തിന്റെ രസതന്ത്രം മാറും. പലവട്ടം തോറ്റു കിടന്നവരും ഒരു വട്ടം പോലും തോല്‍ക്കാതെ വന്നവരും എല്ലാം ചേരുമ്പോള്‍ ...
ഇന്ന് ഇതാ ഇവിടം ഒരു ആസന്ന മരണവീട് പോലെ. ബഞ്ചുകളും ഡസ്കുകളും മ്ലാനമായി മിഴി താഴ്ത്തി അങ്ങനെ. കുട്ടികള്‍ കോറിയിട്ട പേരുകള്‍ ,കൌമാര ചിഹ്നങ്ങള്‍ നിശബ്ദതയുടെ ആഴം കൂട്ടി...എട്ടാം ക്ലാസ് എഴുതി പൂര്‍ത്തിയാക്കിയ കത്തില്‍ വീണ്ടും കണ്ണോടിച്ചു..
പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍ ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക് .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .
യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത് അധ്യാപകര്‍ വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ?
എല്‍ പി സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി !
യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ പാരഡി പാടുകയാണ് .
"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍ അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും.
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ?
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു അത് കിട്ടാക്കനിയാകുമോ?
മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .
എട്ടു വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി'
.പ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.
അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും
അഞ്ചിലേക്കും എട്ടിലേക്കും അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന് യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?
ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍ ഇനി മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക് ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.
എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത് ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .
പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു സ്കൂളുകളില്‍ പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ?
കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌ പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ് കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക് തൂക്കി വില്കാം .
ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍ നോക്കുന്നതെന്ന് സ്റാഫ് സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട് കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന് ..
അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും.
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും ചൂടാം .പരിശീലനത്തിന് പോകുമ്പോഴും ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട വാങ്ങിക്കഴിഞ്ഞു ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?
കത്ത് നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
എന്ന് വ്യസനസമേതം
സ്വന്തം എട്ടാം ക്ലാസ്
ഒപ്പ്

Rabu, 13 Juli 2011

സ്ക്കൂളുകളില്‍ നിന്ന് കലാ-കായിക-ക്രാഫ്റ്റ് പഠനം അന്യമാകുന്നുവോ?


വിഷയഭേദമന്യേ അധ്യാപകരെയെല്ലാം ബാധിക്കുന്ന ഒന്നാണ് സ്ക്കൂള്‍ ടൈംടേബിള്‍. ശാസ്ത്ര-സാമൂഹ്യ-ഭാഷാ വിഷയങ്ങള്‍ക്കൊപ്പം ടൈംടേബിളില്‍ ആര്‍ട്ടിനും വര്‍ക്ക് എക്സ്പീരിയന്‍സിനും ഫിസിക്കല്‍ എഡ്യൂക്കേഷനുമെല്ലാം പിരീഡ് നല്‍കിയിട്ടുണ്ട്. പക്ഷെ മിക്കവാറും സ്ക്കൂളുകളിലും ഇതൊന്നും കൈകാര്യം ചെയ്യാനുള്ള സ്പെഷലിസ്റ്റ് ടീച്ചര്‍മാരില്ല. പണ്ട് കെ.ഇ.ആറില്‍ പറയുന്ന പ്രകാരത്തിലുള്ള കുട്ടികളുടെ എണ്ണം ഇപ്പോള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാവണമെന്നില്ല. അതു കൊണ്ടുതന്നെ സ്ക്കൂളുകളില്‍ നിന്നും ആര്‍ട്ട് , ക്രാഫ്റ്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പോസ്റ്റുകള്‍ നഷ്ടമായി. പക്ഷെ, ഒന്നു ചോദിക്കട്ടേ, പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികള്‍ക്ക് ആര്‍ട്ടും ക്രാഫ്റ്റും പഠിക്കേണ്ടേ? സാധാരണക്കാരന്റെ മക്കള്‍ക്കും കായിക പഠനം വേണ്ടേ? ഒരു വ്യക്തിയുടെ കഴിവുകളും മികവുകളും രൂപപ്പെടേണ്ട ഘട്ടം സ്ക്കൂള്‍ വിദ്യാഭ്യാസകാലമാണ്. സാമ്പത്തിക സ്ഥിതിയുള്ളവന്‍ സ്വന്തം നിലയ്ക്ക് കഴിവും മികവുമൊന്നും നോക്കാതെ തന്റെ കുട്ടിയെ ആര്‍ട്ട്-ക്രാഫ്റ്റ്-കായിക വിദ്യാഭ്യാസത്തിനയക്കും. നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ജന്മസിദ്ധമായ പല വാസനകളും പരിപോഷിപ്പിക്കപ്പെടാതെ മുളയടഞ്ഞു പോവുകയാണ്. പിന്നിട്ട കേരളവിദ്യാഭ്യാസ ചരിത്രത്തില്‍ എന്തായിരുന്നു പാഠ്യേതരവിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടത്? നമുക്ക് നോക്കാം.

ഒരമ്പത്-അറുപത് വര്‍ഷം മുന്‍പുവരെ കലാപഠനം വിദ്യാഭ്യാസത്തിന്റെ മുഖ്യഘടകമായിരുന്നു. ഇന്ത്യയില്‍ പൊതുവെ എല്ലായിടത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാ കലകളുടേയും കാര്യത്തില്‍ ഇതു നമുക്ക് മനസ്സിലാക്കം. കഥക്, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങള്‍, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, സംഗീതം, വാദ്യം, ചിത്രം തുടങ്ങിയവ, അയ്യപ്പന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയവ…എല്ലാം തന്നെ വിദ്യാഭ്യാസത്തിലെ പ്രഥമവിഷയമായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നാമിന്നറിയുന്ന പ്രസിദ്ധകലാകാരന്മാരെല്ലാം (ഏതു രംഗത്തേയും) ഈ പഠനവഴികളിലൂടെ കടന്നുപോന്നവരാണ്. അതില്‍ പൂര്‍ണ്ണതനേടാന്‍ ജീവിതം മുഴുവന്‍ പ്രയോജനപ്പെടുത്തിയവരാണ്. അനേകം തലമുറകള്‍ (ഇന്നും) ഈ കലാകാരന്മാരുടെ സര്‍ഗ്ഗത്മകത ആസ്വദിച്ചുകൊണ്ടിരിക്കയാണ്. ഇതൊക്കെയും നമ്മുടെ സാംസ്കാരികസമ്പത്തായി നാം അഭിമാനം കൊള്ളുകയാണ്.

കാലപ്രവാഹത്തില്‍ സ്വാഭാവികമായും, അതിനേക്കാളധികം കൃത്രിമമായും നമ്മുടെ ജീവിതസങ്കല്‍‌പ്പങ്ങളിലെ മുന്‍‌ഗണനകള്‍ മാറ്റിമറിക്കപ്പെടുകയും പുതിയ മൂല്യങ്ങള്‍ പ്രതിഷ്ടിക്കപ്പെടുകയും ചെയ്തു. സമര്‍പ്പിതകലാകാരനോ, ശാസ്ത്രജ്ഞ്നോ, എഴുത്തുകാരനോ ആവുന്നതിനേക്കാള്‍ ജനപ്രിയത കുറേകൂടി എളുപ്പത്തില്‍ ധനസമ്പാദനം ചെയ്യാന്‍ കഴിയുന്ന ഇടങ്ങളിലേക്ക് മുന്‍‌ഗണനകള്‍ പുതുക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങളുടെ വിശകലനങ്ങള്‍ പ്രധാനമാണെന്നും സമ്മതിക്കേണ്ടതുണ്ട്.

മാറിമറിഞ്ഞ മുന്‍‌ഗണനകള്‍ ഏറ്റവും പരിക്കേല്‍‌പ്പിച്ചത്, സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും അധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെയാണെന്ന് നമുക്ക് കാണാം. അതില്‍ത്തന്നെ ഏറ്റവും പരിക്കേറ്റത് കലാവിദ്യാഭ്യാസത്തിനും. പൊതുവിദ്യാഭ്യാസം എക്കാലത്തും ഊന്നല്‍ കൊടുത്തത് ഗണിതമടക്കമുള്ള ശാസ്ത്ര വിഷയങ്ങള്‍ക്കും ചരിത്രം ഭാഷ എന്നിവക്കുമായി. ഇതു ബ്രിട്ടീഷുകാരന്റെ കൊളോണിയല്‍ സംബ്രദായത്തിന്റെ പരിണതിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരഭാരതത്തിന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നു. ഓരോകാലത്തുമുണ്ടായ വിദ്യാഭ്യാസ കമ്മീഷനുകളൊക്കെ ഇതിലെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും തുടര്‍ന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമായില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ക്രമേണയായി കലാപഠനം (ഒപ്പം ആരോഗ്യ – കായിക പഠനവും, പ്രവൃത്തി പരിചയവും ) അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.

1960കളില്‍ നമ്മുടെ സ്കൂളുകളില്‍ ചിത്രകലാധ്യാപകന്‍, തുന്നല്‍ ടീച്ചര്‍, നെയ്ത്ത്മാഷ് തുടങ്ങി പ്രവൃത്തിപരിചയാധ്യാപകര്‍ (ക്രാഫ്ട്മാഷ്), സംഗീതാധ്യാപകന്‍, (ഒന്നോ രണ്ടോ സ്കൂളുകളില്‍ മാത്രം കഥകളി, വാദ്യം, ചുട്ടി,അധ്യാപകര്‍ ഉണ്ടായിരുന്നു) എന്നിങ്ങനെ കല-പ്രവൃത്തിപരിചയ മേഖലകളില്‍ സജീവമായി ജോലിചെയ്തിരുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ഇക്കാലമെത്തുമ്പോഴേക്കും ഈ വംശം മുഴുവന്‍ കുറ്റിയറ്റുപോവുകയും ഇനിയും ബാക്കിയുള്ളവര്‍ക്കുതന്നെ സക്രിയമായി എന്തെങ്കിലും ചെയ്യാനാവുന്ന ഒരന്തരീക്ഷം സ്കൂളുകളില്‍ വികസിക്കുകയോ ചെയ്യുന്നില്ല എന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്നു.എന്നാല്‍, നാം നമ്മുടെ വിദ്യാഭ്യാസപദ്ധതികളില്‍ ഇപ്പോഴും കലാവിദ്യാഭ്യാസത്തെക്കുറിച്ചും പ്രവൃത്തിപരിചയം, ആരോഗ്യവിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉന്നതമായ സങ്കല്‍‌പ്പങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ‘ഇരട്ടനാവ് ‘ സത്യത്തില്‍ അത്ഭുതവും അപഹാസ്യതയും സൃഷ്ടിക്കുന്നു.

ഏത് ആധുനിക സമൂഹഘടനയിലും വിദ്യാഭ്യാസരംഗത്ത് കലാപഠനത്തിന്റെ പ്രാധാന്യം നമുക്കറിയാത്തതല്ല. Kerala Curriculum Framework – 2007 Page 67,68,69 ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസചിന്തയുടെ ഭാഗമായ Multiple Intelligence Theory യുടെ പശ്ചാത്തലത്തിലും , കുട്ടിയുടെ സര്‍ഗാത്മകത അറിവ് നിര്‍മ്മാണത്തില്‍ വഹിക്കുന്ന പങ്കിന്റെ പശ്ചാത്തലത്തിലും, നാടിന്റെ സാംസ്കാരിക ഭൂമിക ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പൌരകടമമയുടെ പശ്ചാത്തലത്തിലും, കുട്ടിയുടെ മനോവിജ്ഞാനീയ ബോധങ്ങളുടെ പശ്ചാത്തലത്തിലും ഒക്കെ ഈ വിഷയം KCF 2007 പരിഗണിക്കുന്നുണ്ട്.കലോത്സവങ്ങള്‍, കായികോത്സവങ്ങള്‍, പ്രവൃത്തിപരിചയമേളകള്‍ തൊട്ടുള്ള സംഗതികളുടെ ന്യായാന്യായങ്ങളും ഫലപ്രാപ്തിയും അശാസ്ത്രീയതകളും സത്യസന്ധമായി വിശകലനം ചെയ്തിട്ടുണ്ട്. അതിനനുസൃതമായ കരിക്കുലവും പാഠ്യപദ്ധതിയും മൂല്യനിര്‍ണ്ണയരീതികളും നിശ്ചയിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഇതൊക്കെ വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട സമൂര്‍ത്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്.

കല, പ്രവൃത്തി,കായിക- പഠനങ്ങള്‍ക്ക് കെ.ഇ.ആര്‍ പണ്ടേ നിശ്ചയിച്ചുവെച്ചിട്ടുള്ള സമയക്രമം ഉണ്ട്.
Periods Distribution

Sub&class
1

2

3

4

5

6

7

8

9

10
Art Education
4

4

3

3

2

2

2

2

2

1
Work Experience/ PVS
6

6

6

5

3

3

3

2

2

1
Health&Phisical
Education

4

4

4

6

2

2

2

2

1

1


ഏറെക്കാലം നിലനിന്ന ഈ സംവിധാനം ഈ അധ്യാപകരെ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ എന്ന വിഭാഗത്തിലാക്കി 1995 (GO (MS 525/95/G.Edn.dt.28-10-95)) മുതല്‍ നിരവധി പ്രാവശ്യം നിയമനം തൊട്ട് പീരിയേഡുകള്‍ വരെയുള്ള തലങ്ങളില്‍ പരിഷ്കരിക്കപ്പെട്ടു. പരിഷ്കാരങ്ങളൊക്കെ നല്ലതു തന്നെ; എന്നാല്‍ അതൊന്നും തന്നെ കലാപഠനത്തേയോ മറ്റു ‘സ്പെഷല്‍ വിഷയ’ങ്ങളേയോ സംബന്ധിച്ച വിദ്യാഭ്യാസപരിപേക്ഷ്യങ്ങളൊന്നും പരിഗണിച്ചുകൊണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇതു തുടരുകയും ചെയ്യുമെന്നേ പ്രതീക്ഷിക്കാനാവൂ.

നമുക്കാലംബനമാകേണ്ടത് വിദ്യാഭ്യാസചിന്തകന്മാര്‍ സംകല്‍‌പ്പനം ചെയ്ത പരിപ്രേക്ഷ്യങ്ങള്‍ മാത്രമാകുന്നു. അതനുസരിച്ചുള്ള ക്രിയാത്മകമായ പരിപാടികള്‍ DPEP തൊട്ട് ഇന്നുവരെ ചെയ്തുപോരുന്നുമുണ്ട്. സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കു മുഴുവന്‍ പലവട്ടമായി നല്‍കിയ പരിശീലങ്ങള്‍ മികച്ചവയായിരുന്നു. ചിത്രം സംഗീതം തുടങ്ങിയവയുടെ പഠനം അതത് മേഖലകളില്‍ കുട്ടിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തിന്ന് സര്‍വാത്മനാ സഹായമാകയും ചെയ്യാനുള്ള പരിപാടികള്‍ ഈ പരിശീലനങ്ങളില്‍ പറഞ്ഞുറപ്പിച്ചതാണ്. എന്നാല്‍ ചിത്രത്തിന്ന് ചുവര്‍ എന്ന പ്രാധമികഘടകം സ്കൂളുകളില്‍ നല്‍കാനായില്ല. പീരിയേഡുകളിലും നിയമനങ്ങളിലും വന്ന കൈകാര്യങ്ങള്‍ ഉള്ള ചുവര്‍ പോലും ദുര്‍ബലപ്പെടുത്തി. കലാപഠനം തൊട്ടുള്ള സ്പെഷല്‍ വിഷയങ്ങള്‍ അപ്രധാനങ്ങളായി. ക്രമേണ ഇതൊക്കെയും തീരെ ഇല്ലാതാവുന്ന ഒരു കാലം അതിവിദൂരമല്ലെന്ന ഭീതി ഇപ്പൊഴേ ആ അധ്യാപകര്‍ക്കെങ്കിലുമുണ്ടാവും.

ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും സ്ക്കൂളുകളില്‍ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കലാകായികപ്രവൃത്തിപരിചയ ക്ലാസുകള്‍ക്ക് പുനര്‍ജ്ജന്മം തീരൂ. അവ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള അധ്യാപകരെ സ്ക്കൂളുകളില്‍ നിയമിക്കണം. ചെടിക്ക് വെള്ളവും വളവും ലഭിച്ചാലേ പുഷ്പിക്കപ്പെടാന്‍ സാധ്യതയുള്ളു. അല്ലാതെ പുഷ്പിക്കുന്നവ വിരളമാണെന്ന് നമ്മുടെയെല്ലാം അനുഭവസാക്ഷ്യം. വീട്ടിലൊരു മേശയുടെ കാലിളകിയാല്‍ ഒരാണിയടിക്കണമെങ്കില്‍, സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒരു വയര്‍ വലിച്ച് അതിലൊരു ബള്‍ബ് തെളിയിപ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളെ വിളിക്കേണ്ടി വരുന്ന കാലം നമ്മെ അത്ഭുതപ്പെടുത്താന്‍ ഇടയില്ല.

Minggu, 31 Oktober 2010

കേരളപ്പിറവി: ചരിത്രവും പുരാണവും


ഇന്ന് നവമ്പര്‍ ഒന്ന്. കേരളപ്പിറവി ദിനം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളപ്പിറവി ദിനം അവധി ദിവസങ്ങളിലായിരുന്നതിന്റെ പരാതി തീര്‍ക്കലാകും ഇന്ന്. പെണ്‍കൊടികള്‍ മുണ്ടും നേര്യതും സെറ്റു സാരിയുമെല്ലാം അണിഞ്ഞ് മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടണിഞ്ഞ് കേരളപ്പിറവി ആഘോഷിക്കാന്‍ പുരുഷകേസരികളും തയ്യാറെടുക്കും. മാനുഷരെല്ലാവരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്ന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് സന്തോഷിക്കാം. തമിഴനും കര്‍ണാടകക്കാരനും തെലുങ്കനുമെല്ലാം ഈ വികാരം കേവലം ഒരു ദിവസത്തേക്കുള്ളതല്ലെന്നുള്ളത് ഗൌരവകരമായ ചിന്തയ്ക്ക് വിധേയമാക്കേണ്ടതാണ്. Tamil Nadu State Transport Corporation അവിടെ അറിയപ്പെടുന്നത് തമിഴ് നാട് അരശു പോക്കുവരത്തൂക്കഴകം (தமிழ்நாடு அரசு போக்குவரத்துக்கழகம்)എന്നാണ്. കേരളത്തിലോ ? ഇതരസംസ്ഥാനങ്ങളിലേതു പോലെ അത്രയ്ക്കൊന്നും ഭാഷയോടോ, പഴമയോടോയൊന്നും മലയാളിക്കു താല്പര്യമില്ല. മാത്രമല്ല, ജീന്‍സിലേക്കും ആധുനിക ഫാഷന്‍ വസ്ത്രങ്ങളിലേക്കുമെല്ലാമുള്ള കുടിയേറ്റം മലയാളിയെന്ന സങ്കല്‍പ്പത്തിന് ചെറുതായെങ്കിലും മങ്ങലേല്‍പ്പിച്ചില്ലേയെന്ന ചോദ്യം ഇപ്പോഴും ചോദിക്കുന്നവരുണ്ട്. സൌകര്യം, കാലഘട്ടത്തിന്റെ ആവശ്യം എന്നൊക്കെയുള്ള മറുപടികള്‍ നമുക്കതിന് നല്‍കാനുണ്ടാകും. പക്ഷേ ചുരുങ്ങിയ പക്ഷം, കേരളം എന്ന ഈ ഭാഷാസമൂഹത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റി മലയാളി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്

മലയാളഭാഷാദിനവും കേരളപ്പിറവി ദിനവും; രണ്ടും ഒന്നായതില്‍ ഒരുപാടര്‍ഥങ്ങള്‍ ഉണ്ടാവും. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലുമേറെ പറ്റിയ ദിവസം വേറെയേത്? ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും, ദേശം ജനതയുമാ‍യുമാണല്ലോ. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനില്‍പ്പും വളര്‍ച്ചയും ജനതയുടെ ജീവിതം തന്നെ. ഭാഷ –കേവലം ഒരു ഉപകരണമല്ല; സാംസ്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളില്‍ നിന്നു മാത്രമാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. പല തലമുറകളായി ജനിച്ചുവളര്‍ന്നതും പഠിച്ചതും ഒക്കെ മറ്റുഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേത്തലക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ- കേരളത്തിന്റെ സാംസ്കാരിക ബോധങ്ങള്‍ അയാളില്‍ നിലകൊള്ളും. ഒരിക്കലും ഇതൊന്നും പൂര്‍ണ്ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍‌പ്പും വളര്‍ച്ചയും സമകലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്.

ബോധപൂര്‍വമായ ചില സംഗതികള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹം ചെയ്യേണ്ടതുണ്ട്. ഭാഷയുടെ വളര്‍ച്ച ഇതിലൂടെ മാത്രമേ വലിയതോതില്‍ സംഭവിക്കുകയുള്ളൂ. സ്കൂളുകളില്‍ മലയാളഭാഷ നിര്‍ബ്നധമാക്കല്‍ സുപ്രധാനമാണ്. സര്‍ക്കാര്‍ രേഖകള്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായും മലയാളത്തിലായിട്ടില്ല. ഭാഷാഭിമാനം- ഭാഷാ സ്നേഹം നാം സ്വയം നിര്‍മ്മിക്കണം. എന്റെ ദൈനം ദിന ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗമെങ്കിലും മലയാളത്തിലായിരിക്കാന്‍ ഞാനല്ലാതെ വേറാരുണ്ട്? ഇന്റെര്‍നെറ്റുപോലുള്ള സംവിധാനങ്ങളില്‍ പോലും - ബ്ലോഗ്, റ്റ്വിറ്റര്‍, മെയില്‍….മലയാളത്തിന്ന് വളരെ പ്രാധാന്യവും സാധ്യതകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ.ഇതു പ്രയോജനപ്പെടുത്താന്‍ നാം സ്വയം തീരുമാനിക്കണം. ഭാഷ- സംസ്കാരത്തോട് കണ്ണിചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ മലയാളിത്തം (നേരിയതും മുണ്ടും ഉപയോഗിക്കലല്ല) തിരിച്ചറിയുകയും ജീവിതത്തോട് ബോധപൂര്‍വം ചേര്‍ക്കുകയും വേണം.നാം നമ്മുടെ സംസ്കാരത്തിലൂടെ ജീവിക്കുമ്പോഴാണല്ലോ സ്വാഭാ‍വികത നിലനില്‍ക്കുകയും ജീവിതം സുകരമാകയും ചെയ്യൂ. സ്വാഭാവികതയുടെ സുഖം അതില്‍ത്തന്നെ അടങ്ങുന്നുണ്ട്.

ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന രാമായണത്തിലെ കിഷ്ക്കിന്ധാകാണ്ഡം നാല്‍പ്പത്തൊന്നാം സര്‍ഗത്തില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ട്. തെക്കേ ദിക്കിലേക്ക് പോകുന്ന വാനരന്മമാരോട് സുഗ്രീവന്‍ അവിടത്തെ രാജ്യങ്ങളേക്കുറിച്ച് പറയുമ്പോള്‍ "നദീം ഗോദാവരീം ചൈവ സര്‍വമേവാനുപശ്യത തഥൈവാന്ധ്രാന്‍ ച പൗണ്ഡ്രാന്‍ ച ചോളാന്‍ പാണ്ഡ്യാ‍ന്‍ ച കേരളാന്‍" എന്നാണ് പറയുന്നത്. ആ നിലക്ക് ആ കാലഘട്ടത്തിലേ കേരളത്തിന് സ്വന്തമായൊരു സംസ്ക്കാരമുണ്ടായിരുന്നുവെന്ന് നിസ്തര്‍ക്കമായി അംഗീകരിക്കേണ്ട വസ്തുതയാണ്.

മഹാഭാരതത്തിലും ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വ്യാസന്‍ ഇതിഹാസമെഴുതിയ കാലഘട്ടത്തിലും കേരളരാജ്യമുണ്ടായിരുന്നതായി നമുക്ക് ഊഹിക്കാവുന്നതല്ലേ? ആദിപര്‍വം, സഭാപര്‍വം , വനപര്‍വം , ദ്രോണപര്‍വം തുടങ്ങിയ മഹാഭാരതത്തിലെ വിവിധ അധ്യായങ്ങളിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. രുക്മിണീസ്വയംവരത്തില്‍ പങ്കെടുക്കാനായി തെക്കേ ദിക്കില്‍ നിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദര്‍ഭ രാജധാനിയില്‍ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പ്രസ്താവിക്കുന്നു. കൂടാതെ പതിനെട്ടു പുരാണങ്ങളില്‍പ്പെട്ട ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്.

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച രണ്ടാം ശിലാശാസനമാണ്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട് തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു...". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് പറയാനാകും. പതിമൂന്നാം ശിലാശാസനത്തിലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ക്രിസ്തുവിന് 1000 വര്‍ഷം മുമ്പേ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രിസ്തുവിന് മുന്‍പ് 302 ല്‍ സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും വിവിധ തുറമുഖങ്ങളെപ്പറ്റിയും പരാമര്‍ശങ്ങളുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പലയിടത്തും പറയുന്നുണ്ട്.

പണ്ടു മുതലേ തമിഴ്‌ഭാഷ സംസാരിച്ചിരുന്ന ചേര രാജവംശത്തിനു കീഴിലായിരുന്നു കേരളം. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും. അതല്ല കുറവരാണെന്നും വിവിധ വാദങ്ങളുണ്ട്. എന്തായാലും തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ ചരിത്രം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്‌.

മലയാളം വിക്കിപ്പീഡിയയെ അവലംബമാക്കിയാണ് ഈ ചരിത്രം ഇവിടെ ഉദ്ധരിക്കപ്പെട്ടത്. ഇതേ വിക്കിപ്പീഡിയ പരിശോധിച്ചാല്‍ത്തന്നെ ഓരോ ഭാഷാസമൂഹങ്ങളുടേയും ഭാഷാസ്നേഹമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടി വരില്ല. മൌസ് എന്ന വാക്കിന് മലയാളം വാക്കുണ്ടോ? പക്ഷേ തമിഴന് അതിന് വാക്കുണ്ട്. സുട്ടി (சுட்டி) എന്നാണത്. കീബോര്‍ഡ് അവന് വിസൈപ്പലകൈ (விசைப்பலகை) ആണ്. ഒരു തമിഴ് സിനിമയുടെ പേര് തമിഴിലായാല്‍ അതിന് ടാക്സ് ഇളവടക്കമുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടുകാരന്‍ യന്ത്രമനുഷ്യനെ (Robot) യന്തിരന്‍ എന്നു വിളിച്ചത്. നമ്മുടെ ഭാഷാ സ്നേഹവും ഭരണഭാഷാദിനാചരണങ്ങളും നവമ്പര്‍ ഒന്നിന് തുടങ്ങി നവമ്പര്‍ ഒന്നിന് തീരാതിരിക്കട്ടെയെന്ന് ഈ കേരളപ്പിറവിയില്‍ ആശംസിക്കാം

Jumat, 15 Oktober 2010

മൂഢന് ആയുധം കിട്ടിയാല്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില്‍ വാത്സല്യമേറിയ രാജാവ് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടിരുന്നു. അന്തഃപുരത്തില്‍ വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്‍ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല്‍ തുറുങ്കിലടക്കാനും വേണമെങ്കില്‍ കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു അക്ഷരം പോലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. രാജാവ് തന്റെ സ്നേഹം സഹിക്കവയ്യാതെ തന്റെ വിശ്വസ്തനായ അംഗരക്ഷകന്‍ എന്ന പദവിയിലേക്ക് വരെ അവനെ ഉയര്‍ത്തി. രാജാവിന്റെ കാവല്‍ക്കാരന്റെ ജാഡ പറയാനുണ്ടോ? ഇതോടെ കുരങ്ങനെതിരെ പരസ്യമായി ഒരു വിരലുപോലും അനക്കാനാവാത്ത അവസ്ഥയിലായി മറ്റുള്ളവര്‍.

ഒരു ദിവസം രാജാവ് ഉറങ്ങുമ്പോള്‍, കുരങ്ങന്‍ വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഈച്ചയുടെ വരവ്. അത് രാജാവിന്റെ നെഞ്ചിലാണ് വന്നിരുന്നത്. കുരങ്ങന്റെ മനസ്സില്‍ പല ആശങ്കകളും കടന്നു വന്നു. ഈ ഒരൊറ്റ ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്തം മുഴുവന്‍ വാര്‍ന്നു പോയാലോ? അതുമൂലം രാജാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളില്‍ നിന്നും അദ്ദേഹത്തെയും രാജ്യത്തെയുമെല്ലാം രക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലേ? ഈച്ചകളുടെ വര്‍ഗത്തെത്തന്നെ ഇല്ലാതാക്കിക്കളയേണ്ടതാണ് !! 'അതിബുദ്ധിമാനായ' കുരങ്ങന് ദേഷ്യം വന്നു. അവന്‍ തന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞു വെട്ടി. ഈച്ച പറന്നു പോയി. വാള്‍ കൊണ്ടത് എവിടെയായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? വാള്‍ കൊണ്ടുള്ള വെട്ടേറ്റ് രാജാവ് മരണമടഞ്ഞു.

ഏത് ജോലിയിലായാലും അര്‍ഹരായവരെ നിയമിക്കണമെന്നും ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ പഞ്ചതന്ത്രം കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല്‍ അവന് തോന്നുന്ന കാര്യങ്ങള്‍ അവനെപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരാളെ ഒരു ജോലിയേല്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരുന്ന കാര്യമാണല്ലോ ഇത്.

ചരിത്രത്തോടും ഭാവിയോടും വര്‍ത്തമാനകാല സാഹചര്യങ്ങളോടും കാലാതിശയിയായ വിധത്തില്‍ പഞ്ചതന്ത്രം കഥകള്‍ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് ഉഴലുന്ന തലമുറകള്‍ക്കും കഥകള്‍ വഴിവെട്ടമേകുമെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള കഥകള്‍ കുട്ടികളേപ്പോലെ തന്നെ മുതിര്‍ന്നവരേയും ആകര്‍ഷിക്കും. സംസ്കൃതഭാഷയിലുണ്ടായ പഞ്ചതന്ത്രം ക്രിസ്തുവിന് മുന്‍പേ പല ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്‍പതോളം ലോകഭാഷകളില്‍ തര്‍ജ്ജുമ ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിന് ഇരുന്നൂറിനു മേല്‍ വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ടത്രേ. വായനാശീലം നഷ്ടപ്പെടുന്ന ഇക്കാലത്ത് പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ക്ലാസ് മുറികളില്‍ ചിന്തോദ്ദീപങ്ങളായ കഥകള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അധ്യാപകനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു ഗ്രന്ഥത്തെത്തേടി നമ്മള്‍ പോകേണ്ടതില്ല.

മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്മാരായ മൂന്നു പുത്രന്മാരെ ശാസ്ത്രങ്ങളില്‍ പ്രാവീണ്യമുള്ളവരാക്കുകയായെന്ന ഉദ്ദേശത്തോടെ വിഷ്ണുശര്‍മ്മ എന്ന ബ്രാഹ്മണനാണത്രേ ഈ മഹദ്ഗ്രന്ഥത്തിന്റെ രചയിതാവ്. വെറും ആറുമാസത്തിനുള്ളില്‍ അവര്‍ മൂന്നു പേരും അജ്ഞാനം വിട്ടകന്ന് നീതിബോധമുള്ളവരായിത്തീര്‍ന്നു പോയത്രേ. അന്നു മുതല്‍ക്ക് പഞ്ചതന്ത്രമെന്ന നീതിശാസ്ത്രം കുട്ടികളുടെ അറിവിനായി പ്രചാരം നേടിയത്. നീതിബോധത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ കഥകള്‍ ഓരോരുത്തരും വായിച്ചിരിക്കേണ്ടതാണ്.

Minggu, 22 Agustus 2010

കടക്കെണിയും ആര്‍ഭാടവും ചര്‍ച്ചചെയ്യപ്പെടേണ്ടത്


ഒന്‍പതാം ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയില്‍ 'സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്' എം.എന്‍.വിജയന്‍ മാഷിന്‍റെ ഒരു കുറിപ്പ് പഠിക്കാനുണ്ട് . കേരളീയന്‍റെ ‘വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം’ എന്ന പ്രശ്‌നവുമായി ഈ കുറിപ്പ് ക്ലാസില്‍ ചര്ച്ചു ചെയ്യപ്പെടും എന്നുറപ്പ്. അതില്‍ തന്നെ ഊന്നല്‍ വരിക ‘ ആര്‍ഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവന്‍ കടംവാങ്ങി, ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും. ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമെത്രത്തോളമുണ്ട്? ഇതേക്കുറിച്ച് ബ്ലോഗ് ടീം അംഗവും മാധ്യമം ദിനപ്പത്രത്തിലെ എഴുത്തുകാരനും കെ.ടി.എം.എച്ച്.എസിലെ ഹെഡ്മാസ്റ്ററുമായ രാമനുണ്ണി മാഷിന്‍റെ ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

ശ്രീനാരായണഗുരുവചനങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടാണ് വിജയന്‍ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം. ഉദാഹരണങ്ങള്‍ സഹിതം മാഷ് വിശദീകരിക്കുന്നു. ഇതില്‍ രണ്ടു പദങ്ങള്‍ ആര്‍ഭാടം, കടം ; ഇവ സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആര്‍ഭാടം’ എന്താണ് ‘കടം’? ആര്‍ഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ‘ആര്‍ഭാട‘മാവുന്നില്ല . ജീവിതാവശ്യങ്ങള്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവയില്‍ ഒതുങ്ങുമോ? പ്രാകൃതമനുഷ്യന്‍റെ കാര്യത്തില്‍ പോലും ഇതുമാത്രമാണോ പ്രാഥമികം? സമകാലികസമൂഹത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവയും പ്രാഥമികാവാശ്യങ്ങള്‍ തന്നെ. ഈ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അതു നേടാനായി ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ‘ആര്‍ഭാടമെന്നു’ കരുതാമോ? ഇതെല്ലാം സാധിക്കാനായി പ്രാഥമികമായി വേണ്ടത് ഇവതന്നെയാണു താനും. ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വര്‍ധിപ്പിക്കാന്‍ ആധുനിക പൌരന്‍ ശ്രമിക്കുകയും ചെയ്യും.

എന്നാല്‍ ഇതു സാധിച്ചെടുക്കാന്‍ ഒരാള്‍ അതിക്രമം കാണിക്കുന്നെങ്കില്‍ അതു രാജനീതിയും ഭരണസംവിധാനവും പോലെയുള്ള സംഗതികളെക്കുറിച്ചുള്ള വിദ്യാഭ്യാസമില്ലായ്മതന്നെ. അവിടെയും നാം ചര്‍ച്ച ചെയ്യേണ്ടത് –കുറ്റത്തിന്ന് ശിക്ഷ എന്നതുപോലെ സാഹചര്യം കൂടിയാണ്. ആത്യന്തികമായി ഇതൊന്നും അക്രമത്തെ ന്യായീകരിക്കുന്നുമില്ല.

മറ്റൊന്ന്, തന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കി അതിന്ന് യുക്തിബോധവും സാമൂഹ്യ ചരിത്രവും ഒക്കെ വേണമെന്ന് വേറൊരു കാര്യം അതിലൊതുങ്ങി കഴിയാന്‍ പഠിക്കുക എന്നതാണ്. ഇതു കേവലയുക്തി അല്ലാതെന്താണ്? ഇതു എത്രകണ്ട് സാധ്യമാണെന്നത് നോക്കൂ. പ്രാഥമികാവശ്യങ്ങളില്‍ ഒന്ന് –ഭക്ഷണം ഇല്ല എന്ന സാമൂഹികാവസ്ഥ സ്വന്തമവസ്ഥ മനസ്സിലാക്കി കഴിയാന്‍ ആവുമോ? തനിക്കില്ലെങ്കിലും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനില്ലാതെ വരുമ്പോള്‍ ഏതു മനുഷ്യനും യുക്തികള്‍ക്ക് അതീതനാകും. ജനാധിപത്യമെന്ന പ്രാഥമികാവശ്യം നഷ്ടപ്പെടുമ്പോള്‍ വ്യക്തിയും സമൂഹവും ഒന്നിച്ച് പ്രതികരിക്കും. തൊഴില്‍, വിശ്രമം, വിനോദം എന്നിങ്ങനെ എല്ലാ കാര്യത്തിലും ഇതാണവസ്ഥ.മനുഷ്യ സമൂഹം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മനുഷ്യവികസന സൂചകങ്ങള്‍ പഠിക്കുന്നൊരാള്‍ ഇതു നിഷേധിക്കില്ല.
(റഫ: വിക്കിപീഡിയ)
നമ്മുടെ രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നവയുടെ കൂട്ടത്തില്‍ മുന്‍പിലാണ്. മനുഷ്യദാരിദ്ര്യസൂചകങ്ങളില്‍ നാം അത്ര സുഖമുള്ള ഒരിടത്തല്ല.

ഉറുഗ്വെ 50-ം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാം 164 -ം സ്ഥാനത്താണ്.

എന്നാല്‍ അക്രമങ്ങളുടെ കണക്കില്‍ വികസിത രാജ്യങ്ങളേക്കാള്‍ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങള്‍ പോലും നാം നേടിയെടുക്കുന്നതില്‍ അക്രമരാഹിത്യം പാലിക്കുന്നു. വിജയന്‍ മാഷ് പറയുന്നതുപോലെ ‘കുട്ടികളുമൊത്ത് ചെറുപുരയില്‍ പാര്‍ത്തിരുന്ന ചെറുപ്പക്കാരന്‍….’ എന്നത് കേവലം അതിശയോക്തിയാണ്. ഇന്ത്യയുടേയോ കേരളത്തിന്റേയോ സാമാന്യാവസ്ഥ അല്ല.

ഈയൊരു പശ്ചാത്തലത്തിലാണ് ‘കടം’ നാം അറിയേണ്ടത്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികം.വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. (ധൂര്‍ത്തടിക്കാന്‍ വാങ്ങുന്നവര്‍ ചെറുന്യൂനപക്ഷം ഉണ്ടാവാം) കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. കടത്തിന്റെ ടേംസ് ആംന്റ് കണ്ടീഷന്‍സ് വരെ. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറുന്നു. സാമ്പത്തിക നയങ്ങള്‍ മാറുന്നു. വ്യക്തി/ കുടുംബപരമായ അവസ്ഥകള്‍ മാറുന്നു. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു. വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തയാണ് എല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്ക്കു കയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. എന്തുകൊണ്ട് കടക്കെണിയെന്നും, കടംമൂലം ആത്മഹത്യയെന്നും ഒരു പാട് പഠനങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനെയൊക്കെ ആര്‍ഭാടത്തിന്റെ ഉന്മാദം, വ്യക്തിപരം എന്നൊന്നും പറഞ്ഞ് ഒഴിവാക്കിക്കൂടാ. അധാര്‍മ്മികമായ സംഗതികള്‍ ഇല്ലെന്നല്ല; മറിച്ച് അത് പൊതുകാരണമെന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൂടാ എന്നേ പറയുന്നുള്ളൂ.

‘ഇല്ലാത്തവര്‍ ചെലവാക്കി മുടിയുന്നതിനെ’ കുറിച്ചു ഗുരു പറയുന്നുണ്ട്. ഗുരു മുന്നില്‍ കാണുന്ന ഉദാഹരണങ്ങള്‍ നിഷേധിക്കാന്‍ വയ്യ. എന്നാല്‍ ഉള്ളവന്‍ ചെലവാക്കുന്നതിനെ കുറിച്ചും പറയണമായിരുന്നു. പണമുണ്ടെന്നു കരുതി അതു ധൂര്‍ത്തടിക്കുമ്പോള്‍ (3 പേര്‍ക്ക് താമസിക്കാന്‍ 3 കോടിയുടെ വീട്) അതു പ്രത്യക്ഷമായും പരോക്ഷമായും ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കുകയാണ്. ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന്‍ കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാന്‍ സമ്പന്നനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ‘ആദര്‍ശത്തിന്റേയും ലാളിത്യത്തിന്റേയും ഊന്നുവടികൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു’ എന്നത് കേവലാശയം മാത്രമായി പരിണമിക്കുന്നു. സമൂഹത്തില്‍ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഉയരമാണല്ലോ ശരിയായ ഉയരം. 30%ത്തിലധികം പേര്‍ ദാരിദ്രരേഖക്ക് താഴെ കിടക്കുന്ന ഒരു രാജ്യത്ത് ലാളിത്യം എന്നാലെന്താവാം വിജയന്‍ മാഷ് ഉദ്ദേശിച്ചത്?

Sabtu, 31 Juli 2010

മൊബൈല്‍ ഫോണും കുട്ടികളും

അനാവശ്യ വസ്‌തു എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് അത്യാവശ്യ വസ്‌തുക്കളൂടെ പട്ടികയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം നമ്മുടെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.കൂട്ടുകാരുടെയൊപ്പം കളിച്ചും മരത്തില്‍ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളില്‍ അന്യമായിരിക്കുന്നു. പകരം ഇന്ന് വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിസ്ഥലത്തേക്കു നോക്കൂ. മൊബൈലില്‍ ഒറ്റയ്‌ക്കിരുന്നു സംസാരിക്കുന്ന കുട്ടികള്‍, വിവിധ മൊബൈല്‍ കമ്പനികളൂടെ എസ്.എം.എസ് പായ്‌ക്കുകളുമായി എസ്.എം.എസ് ചെയ്യുന്നവര്‍, വീഡിയോകളും ഓഡിയോകളും ആസ്വദിക്കുന്നവര്‍.. അങ്ങനെ മൊബൈല്‍ ഉപഭോഗത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരേയും നമുക്ക് ചുറ്റും എവിടെയും കാണാം.

കുട്ടികളില്‍ നിന്നും കുട്ടിത്തം അകലുന്നതില്‍ കുറ്റപ്പെടുത്തുമ്പോള്‍ അതിനു കാരണങ്ങളില്‍ ഒന്നായ മൊബൈല്‍ ഫോണിനെ കുറ്റം പറയുമ്പോള്‍ അതിലേക്ക് തള്ളി വിടുന്ന മാതാപിതാക്കളെ വിസ്‌മരിച്ചു കൂടാ. രാത്രി തനിയെ കിടന്നുറങ്ങുന്ന കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടിയുടെ അരികില്‍ മൊബൈല്‍ വച്ചിട്ട് അമ്മ പറയുന്നു, 'മോനേ, അച്ഛനും അമ്മയും അടുത്ത മുറിയിലുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മേടെ നമ്പറില്‍ വിളിച്ചാല്‍ മതി'. .. എങ്ങിനുണ്ട് ഈ രംഗം..?

മുതിര്‍ന്നവരെയാണല്ലോ കുട്ടികള്‍ മാതൃകയാക്കുന്നത്.. നമ്മള്‍ മലയാളികള്‍ 'കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ 'നിലവാരത്തിലേക്ക് താഴുകയാണോ എന്നു സംശയത്തക്കതായിരിക്കുന്നു നമ്മുടെ മൊബൈല്‍ ഉപയോഗ രീതി. മൊബൈല്‍ ക്യാമറ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായവയാണ്.

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കൊണ്ടുണ്ടാകുന്ന റോഡ് അപകടങ്ങള്‍ മറ്റൊരു വിഷയം. ഏതൊരു ചടങ്ങില്‍ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ കൂട്ടാക്കാതെ തന്റെ മൊബൈലുമായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്നവര്‍ മറ്റൊരു കാഴ്ച. മൊബൈല്‍ കൊണ്ട് യാതോരു ഉപകാരവും ഇല്ലെന്നൊന്നും പറയാനാവില്ല. കുടുംബാംഗങ്ങളുമായി ഏറ്റവുമെളുപ്പം ബന്ധം പുലര്‍ത്താന്‍ കഴിയുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്നത് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ മോഷണം നടന്നാലോ, എല്ലാം അധികാരികളെ വേഗം വിവരമറിയിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഈ ഉപകരണം നമ്മുടെ സമൂഹത്തില്‍ ഏറെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. രണ്ടു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ക്ക് ഫോണ്‍ വന്നാല്‍ 'എക്സ്ക്യൂസ് മീ' എന്നു പറഞ്ഞ് മാറി നിന്നു ഫോണ്‍ എടുക്കാനുള്ള മര്യാദ നാം നിത്യേന കാണുന്നവരില്‍ പലര്‍ക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങള്‍ പോലും പൊതു സ്ഥലത്തു വച്ച് 'വിളിച്ചു കൂവുക'യാണു പലരും.

മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മറ്റൊരു വിഷയം. എപ്പോഴും അടുപ്പം നിലനിര്ത്തനനാണ് ഫോണ്‍ എന്നു പറയുമെങ്കിലും പല ചടങ്ങുകളും ഒരു ഫോണ്‍ വിളിയില്‍ ഒതുക്കുകയാണു നമ്മള്‍ മലയാളികള്‍. അതു പോലെ ഒരു രംഗം കണ്ടാല്‍ മൊബൈല്‍ ക്യാമറയും ഓണാക്കി ചെല്ലും നമ്മള്‍.. റോഡപകടമോ, കെട്ടിടം ഇടിഞ്ഞു വീണതോ എന്തുമാകട്ടെ, മലയാളീക്ക് അതു മൊബൈലില്‍ പകര്‍‌ത്താനാണ് ധൃതി.

കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നില്‍, ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ.. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നാണു തുടങ്ങേണ്ടത് എന്നതില്‍ സംശയമില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നതെന്നിരിക്കെ, നമ്മുടെ അടുത്ത തലമുറയിലെ കുഞ്ഞുങ്ങളില്‍ നല്ല മൊബൈല്‍ ശീലങ്ങള്‍ വളര്‍ത്താന്‍ നമുക്കെന്താണു ചെയ്യാനാവുക ?

Sabtu, 24 Juli 2010

സ്ക്കൂളുകളിലെ കായികപഠനം


കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു നാം. എന്നാല്‍ കേരളീയ യുവസമൂഹത്തിന്റെ വിശിഷ്യ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ രംഗത്ത് നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പരിശോധനാ പഠനറിപ്പോര്‍ട്ടിന്റെ പ്രാഥമിക പഠനം വ്യക്തമാക്കുന്നു. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമേ അത് ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളുവത്രേ! പെണ്‍കുട്ടികളുടെ കണക്കു മാത്രം നോക്കുമ്പോള്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12 ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും. 3% പേര്‍ അമിത ഭാരമുള്ളവരും. ഇതേപ്പറ്റി ഒരു അന്വേഷണം നടത്തുകയാണ് ബ്ലോഗ് ടീം അംഗമായ കോഴിക്കോട് അരീക്കുളത്തെ ജനാര്‍ദ്ദനന്‍ മാഷ്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ നോക്കൂ.

എന്തായിരിക്കാം ഇതിനു കാരണം. ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, ആരോഗ്യമുള്ള മനസ്സ് എന്നിവ ഒത്തു ചേര്‍ന്നു വന്നാലേ കുട്ടികളുടെ ആരോഗ്യം നിലനില്‍ക്കുകയുള്ളു. വ്യായാമത്തിനുള്ള അവസരം ഇന്ന് കുട്ടിക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. എല്‍. കെ. ജി മുതല്‍ വീട്ടുപടിക്കല്‍ നിന്നും സ്ക്കൂള്‍ വരെയും തിരിച്ചും വാഹനങ്ങളില്‍ എത്തുന്നതാണിന്നത്തെ രീതി. അരക്കിലോമീറ്റര്‍ പോലും പലരും നടക്കുന്നില്ല. സ്ക്കൂള്‍ സമയത്തിനു ശേഷം അയല്‍പക്കക്കാരെല്ലാം ചേര്‍ന്നുള്ള കളികളും അപ്രത്യക്ഷമായി. കൂടുതല്‍ സമയവും ടി. വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ മുമ്പില്‍ അടിമകളായി തളയ്ക്കപ്പെടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്നു.

സര്‍ക്കാര്‍ ഇങ്ങനെയൊരു പരീക്ഷ നടത്തുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ നമുക്കറിയാനായി. അതിന് അധികാരികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ഭൌതികമായി ഒരുപാട് വെല്ലുവിളികള്‍ നമുക്കു മുന്നിലുണ്ട്. നമുക്ക് കളിക്കളങ്ങള്‍ എവിടെ?സ്ക്കൂളിനു പുറത്ത് വിശാലമായ ഫുട്ബോള്‍ മൈതാനങ്ങള്‍ പോട്ടെ, വോളിബോളോ, ഷട്ടിലോ എന്തിന് നീന്തലിനോ, തൊട്ടുകളിക്കോ, ഗോലികളിക്കോ ഉള്ള സ്ഥലം പോലും എവിടെയും കാണാനില്ല. സ്ക്കൂളിലുള്ള കായികപഠനം പോലും പലയിടങ്ങളിലും വെറും മുട്ടാശാന്തിയായി തുടരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യമുണ്ടായാലേ അത്ഭുതമുള്ളൂ!

  • ഇപ്പോള്‍ നടത്തിയിട്ടുള്ള കായികക്ഷമതാ പരീക്ഷ കുറ്റമറ്റ രീതിയിലാണോ നമ്മുടെ വിദ്യാലയങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ളത്?
  • കേരളീയരുടെ കായിക, ആരോഗ്യ ശീലങ്ങളി‍ല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
  • കായികപഠനത്തില്‍ ഇന്നത്തെ രീതി തുടര്‍ന്നാല്‍ മതിയോ?
  • ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ഇടപെടലുകള്‍ ഏതു വിധത്തിലായിരിക്കണം?
  • ഉശിരുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപക സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
ഇത്തരം ചോദ്യങ്ങളിലൂന്നി നിന്നുകൊണ്ട് പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Minggu, 11 Juli 2010

രമണീയം, ആ കാലം.


"അധ്യാപകപരിശീലനത്തിനെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി. അവള്‍ അഞ്ചാം ക്ലാസിലെ കുട്ടികളെ കല്‍ക്കരിയെ കുറിച്ചു പഠിപ്പിക്കാന്‍ പോകുന്നു. വളരെ മനോഹരമായി അവള്‍ പാഠങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ക്ലാസില്‍ കാണിക്കേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി ഒരുക്കിയിട്ടുമുണ്ട്. അധ്യാപക പരിശീലകയായ എന്നെ കാണിച്ചു.
അവളുടെ പരിശ്രമം കണക്കിലെടുത്ത് ഞാനതു തിരുത്തൊന്നും കൂടാതെ അംഗീകരിച്ചു. തുടര്‍ന്ന് അവളുടെ ക്ലാസ് കാണാന്‍ ഞാനും ചെന്നിരുന്നു. മനോഹരമായി അവള്‍ പാഠങ്ങള്‍ പഠിപ്പിച്ചു. കുട്ടികളുടെ പ്രാതിനിധ്യം കൂടുതലായുണ്ടെന്നു തോന്നിയില്ല. എഴുതിത്തയാറാക്കിയതിനനുസരിച്ച് അവള്‍ മനോഹരമായി പാഠങ്ങള്‍ എടുത്തു തീര്‍ക്കുന്നുണ്ടെങ്കിലും എവിടെയോ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവളുടെ ക്ലാസു കഴിഞ്ഞതും ഞാന്‍ ആ ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടിയെ വിളിച്ച് കല്‍ക്കരിയെന്തെന്നു ചോദിച്ചു. അവന്‍ അറിയില്ലെന്നു പറഞ്ഞു. ഞാന്‍ ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെ നോക്കി. അവരു പേടിയോടെയാണ് എന്നെ നോക്കുന്നത്. ഇനി കല്‍ക്കരിയെന്തെന്നു ഞാന്‍ അവരോടു ചോദിച്ചെങ്കിലോ എന്ന പേടി. ആ കുട്ടികളുടെ അവസ്ഥ മനസിലാക്കി ഞാന്‍ അവരോടു കൂടുതലൊന്നും ചോദിച്ചില്ല.
തുടര്‍ന്ന് സ്‌റ്റാഫ് റൂമില്‍ ചെല്ലുമ്പോള്‍ പൊട്ടിക്കരയുന്ന ആ പതിനെട്ടുകാരിയെ ആണു കണ്ടത്.."

കെ.ടി മാര്‍ഗരറ്റിന്റെ "ദി ഓപ്പണ്‍ സ്‌കൂള്‍ "എന്ന പുസ്‌തകത്തില്‍ അവരെഴുതിയ അനുഭവമാണിത്.

ഓര്‍മ്മയുണ്ടോ ആ സുവര്‍ണ്ണകാലം...? അധ്യാപക പരിശീലനത്തിനെത്തിയ കാലം.. ആദ്യമായി കുട്ടികളെ ക്ലാസില്‍ അറിഞ്ഞ കാലം.. രാത്രി ഉറക്കളച്ചിരുന്ന് റെക്കോഡുകളെഴുതിയും ചാര്‍ട്ടുകള്‍ തയാറാക്കിയും അവയ്‌ക്ക് ഒപ്പു വാങ്ങാന്‍ ഓടി നടന്നും ടെന്‍ഷനടിച്ച കാലം.. നാളെ ക്ലാസില്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകച്ച കാലം..

ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശ..
പക്ഷെ ആ കാലത്ത് അവ എന്തെല്ലാം ടെന്‍ഷനടിപ്പിച്ചിരിക്കണം..
ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ച കാലമാണതെന്നാണ് ഒരു സുഹൃത്ത് ഈയിടെ അഭിപ്രായപ്പെട്ടത്. പലരും സഹകരണം എന്തെന്ന് പഠിക്കുന്ന കാലമാണതെന്നും ഒരഭിപ്രായം കേട്ടു. എന്തായാലും ഇത്രയധികം ജോലികള്‍ തെരക്കിട്ട് ചെയ്‌തു തീര്‍ത്ത അവസരങ്ങള്‍ വിരളമാകാനാണ് സാധ്യത.

മുകളില്‍ സൂചിപ്പിച്ച അനുഭത്തിലേതു പോലെ നമ്മെ ഏറെ വേദനിപ്പിച്ച സ്‌കൂള്‍ അനുഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ടാകാം. അതു പോലെ കുട്ടീകളുടെ പല പ്രശ്‌നങ്ങളും ആദ്യമായി മുന്നിലെത്തുമ്പോള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നാലോചിച്ച് തലപുകച്ചിട്ടുണ്ടാകാം. പിന്നീട് ആലോചിക്കുമ്പോള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളും ഉണ്ടാകാം. അവയൊക്കെയൊന്നു പങ്കു വച്ചു കൂടേ....?

അതു പോലെ ഇപ്പോള്‍ 'അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍' പരിശീലനത്തിനായി നമ്മുടെ സ്‌കൂളുകളില്‍ എത്തുന്ന കാലമാണ്..
അവരുടെ ശൈലിയും നമ്മുടേതുമായി യോജിച്ചു പോകുന്നുണ്ടോ..? അതായത് നമ്മള്‍ ഐ.സി.ടി അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോള്‍ പരിശീലനത്തിനെത്തിയവരും അതേ ശൈലിയാണോ സ്വീകരിക്കുന്നത്..?
മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഗൌരവം കുറയുന്നുണ്ടോ..? വഴിപാടായി ഇതു മാറുന്നുണ്ടോ..?

അധ്യാപക പരിശീലനത്തിനുള്ളവര്‍ എത്തിയാല്‍ സ്‌കൂളിലെ അച്ചടക്കം പോകും എന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ ?
അവര്‍ ക്ലാസെടുക്കുമ്പോള്‍ നമ്മള്‍ ചെന്നിരുന്നാല്‍ അവര്‍ക്കു് അസ്വസ്ഥത, ചെല്ലാതിരുന്ന് ക്ലാസില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം നമ്മള്‍ പറയുകയും വേണം..
അവരൊപ്പിക്കുന്ന തമാശകളും അബദ്ധങ്ങളും വേദനിപ്പിച്ച സംഭവങ്ങളും....കൂടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഒപ്പം നമ്മുടെ അനുഭവങ്ങളുമെല്ലാം തുറന്നെഴുതുക.

Sabtu, 03 Juli 2010

ഉച്ചക്കഞ്ഞിയില്‍ മണ്ണുവീഴ്ത്താതെ..!

ചോര്‍ന്നൊലിക്കുന്ന കഞ്ഞിപ്പുരയ്ക്കു മുന്നില്‍ ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടിക്കുമ്പോള്‍ പലതരത്തിലുള്ള കഞ്ഞിപ്പാത്രങ്ങളുമായി ക്യൂ നില്ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. തിളച്ച കഞ്ഞിയും പുഴുങ്ങിയ ചെറുപയറുകട്ടയും മുഖം നോക്കാതെ പാത്രത്തിലേക്കു പാരുകയാണ് പാചകക്കാരി സുലേഖയും സഹായി മീനാക്ഷിയും. കൈ പൊള്ളാതിരിക്കാനുള്ള തത്രപ്പാടില്‍ തങ്ങളെക്കൊണ്ടാകുന്നരീതിയില്‍ സര്‍ക്കസുകളിച്ച് ഒരുവിധം പാത്രവുമായി, മണ്ണും ചെളിയുമായി കുഴഞ്ഞിരിക്കുന്ന ക്ലാസ് വരാന്തയിലേക്ക് എത്തിപ്പെട്ട് കയ്യില്‍ കരുതിയ അച്ചാര്‍ പാക്കറ്റ് പല്ലുകൊണ്ട് കടിച്ചു വലിച്ചീമ്പി റേഷനരിയുടെ മനം പിരട്ടുന്ന ഗന്ധമാസ്വദിച്ച് ഒരുവിധം കഞ്ഞികുടിച്ചെന്നു വരുത്തിത്തീര്‍ക്കുന്ന പിഞ്ചോമനകള്‍......

പന്ത്രണ്ടേമുക്കാലാകുമ്പോള്‍ മഴയത്ത് കഞ്ഞിപ്പുര ലക്ഷ്യമാക്കി ഓടുന്നവര്‍..കഞ്ഞി തീരുന്നതിനു മുമ്പ് എത്തുക എന്നതാണ് അവരുടെ ലക്ഷ്യം...എത്രയോ നല്ല പദങ്ങള്‍ കിടക്കുമ്പോഴും 'കഞ്ഞിക്കുള്ള പിള്ളേര്‍' എന്നതാണ് അവരുടെ പേര്...

ചില കുട്ടികളുടെ അന്നത്തെ ആഹാരം അതു മാത്രമായിരിക്കും എന്നത് ഒരു ഞെട്ടിക്കുന്ന സത്യം...
കഞ്ഞി കുടിയും കഴിഞ്ഞ് കഞ്ഞിപ്പുരയുടെ പിന്നാമ്പുറത്തു വന്നു നില്‍ക്കുന്നവര്‍ മറ്റൊരു കാഴ്‌ച ... കഞ്ഞി ബാക്കിയുണ്ടെങ്കില്‍ അതു വീട്ടുകാര്‍ക്ക് കൊണ്ടു പോയി അവരുടെയും പശിയടക്കാം എന്നതാണ് ഈ പിന്നാമ്പുറത്തു വരുന്നവരുടെ ലക്ഷ്യം. കൂട്ടത്തിലെ മുതിര്‍ന്ന പിള്ളേരുടെ ഉത്തരവാദിത്വമാണ് കഞ്ഞി വിളമ്പല്‍..പെരു മഴയത്ത് കഞ്ഞിപ്പുരയില്‍ നിന്നും അവര്‍ ബക്കറ്റു നിറയെ കഞ്ഞിയുമായി അതു വിതരണം ചെയ്യേണ്ട സ്ഥലത്തേക്ക് ഓടണം..

കേരളത്തിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളിലേയും ഒരു നേര്‍ക്കാഴ്ചയായിരുന്നൂ ഇതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല!

ഇതിനൊരു മാറ്റം വേണ്ടേ...?


ഇത്തരുണത്തിലാണ്, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈയടുത്ത് പുറപ്പെടുവിച്ച ഒരു അസാധാരണ അഭ്യര്‍ഥന പ്രസക്തമാകുന്നത്. അന്നദാനം എന്ന പുണ്യകര്‍മ്മത്തിന്റെ മഹത്വത്തേയും അത് വളരേയധികം സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതിന്റെ പ്രാധാന്യത്തേയും കുറിച്ചുള്ള പ്രസ്തുത കത്തില്‍, സ്വന്തം കുടുംബാംഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന അതേ ശ്രദ്ധ, കേരളത്തിലെ ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിലും കാണിക്കുവാന്‍ അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷമാണെന്നുതോന്നുന്നു, എറണാകുളത്തു വെച്ചു നടന്ന ഒരു ചടങ്ങില്‍, ഉച്ചക്കഞ്ഞിവിഷയത്തിലുള്ള തന്റെ സ്വപ്നങ്ങള്‍ ഇദ്ദേഹം പങ്കുവെച്ച വേദിയില്‍ ഈ കുറിപ്പുകാരനും ഒരു ശ്രോതാവായുണ്ടായിരുന്നു. ഓരോ ഉപജില്ലയിലും ഓരോ 'സെന്ററലൈസ്ഡ് അടുക്കള', ആ ഉപജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ പാചകക്കാരും ഒത്തുകൂടി, ലളിതമെങ്കിലും പോഷകസമൃദ്ധമായ ഉച്ചയൂണ് തയ്യാറാക്കി പൊതിച്ചോറായി സ്കൂളുകളില്‍ എത്തിക്കുക.....അങ്ങിനെ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേള്‍വിക്കാരില്‍ ആവേശം വിതച്ചു. അടുത്ത അധ്യ​യനവര്‍ഷമാകുമ്പോഴേക്ക് പ്രായോഗികതലത്തിലേക്കെത്താനുള്ള രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, കഴിഞ്ഞയാഴ്ച ബഹു. മുഖ്യമന്ത്രി എറണാകുളം ജില്ലയിലെ പറവൂരില്‍ 'അമ്മതന്‍ ഭക്ഷണം' എന്ന പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുമുണ്ടായി.

നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാനും, അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കാലവിളംബമന്യേ കൈക്കൊള്ളാനും ഉശിരു കാണിക്കുന്ന ഇത്തരം യുവരക്തങ്ങള്‍ പകര്‍ന്നുതരുന്ന ആവേശം കേരളത്തിലെ അധ്യാപരും മറ്റു രക്ഷാകര്‍തൃ പൊതുസമൂഹവും നെഞ്ചേറ്റുകയാണെങ്കില്‍ നമ്മുടെ നാട് ഈ കാര്യത്തില്‍ കൂടി മാതൃകയാകുമെന്നാണ് എനിയ്ക്കുതോന്നുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക.

പിന്‍കുറി :
എം.എല്‍.എ ഫണ്ടില്‍ നിന്നും, തന്റെ മണ്ഡലത്തിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിനിടയില്‍ രണ്ടുവര്‍ഷം മുന്‍പ് തൃശൂര്‍ ജില്ലയിലെ നാട്ടിക എം.എല്‍.എ. ശ്രീ. ടി.എന്‍. പ്രതാപന്‍, അധ്യാപകരും നിര്‍ബന്ധമായി കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണം സ്കൂളില്‍ നിന്നും കഴിക്കണമെന്നും അതിനുവേണ്ട അധികച്ചെലവു കൂടി വഹിക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. അങ്ങനെയെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലവാരമുയരട്ടേയെന്നായിരുന്നിരിക്കണം മൂപ്പരുടെ ചിന്ത!

Sabtu, 26 Juni 2010

അബൂബക്കര്‍ എന്ന 'കുട്ടി മെക്കാനിക്ക്'

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ ഐടി@സ്കൂളും ജില്ലയിലെ എസ്.ഐ.ടി.സി ഫോറവും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനപ്രദമായ ഐസിടി ശില്പശാലയില്‍ വെച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയിലുടനീളം താരമായി തിളങ്ങിയ അബൂബക്കറിന്റെ മികവെന്താണെന്നല്ലേ..?

കഴിഞ്ഞ അവധിക്കാലത്ത്, തൃശൂര്‍ ഐടി@സ്കൂള്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ കംപ്യൂട്ടര്‍ ഹാര്‍ഡ്​വെയര്‍ മെയിന്റനന്‍സ് കോഴ്സില്‍ ഒരു പഠിതാവായി അബൂബക്കറുണ്ടായിരുന്നു. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. അജയ്​കുമാര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ആ കോഴ്സില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠങ്ങളും, മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍...തുടങ്ങിയവരുടെ നിതാന്ത പിന്തുണയും ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുടങ്ങാനുള്ള ആത്മവിശ്വാസത്തിലേക്ക് അബൂബക്കറെ കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ജ്യേഷ്ഠന്‍ ഷജീറും. (തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ഡോക്ടര്‍ ശ്രീകുമാറിനെ സദസ്സിലേക്കു കൈചൂണ്ടി എല്ലാവര്‍ക്കും പരിചയപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകളില്‍ കൃതജ്ഞതയുടെ നനവ്.) ഷോപ്പു തുടങ്ങി രണ്ടുമാസത്തിനകം തന്നെ അമ്പതോളം കംപ്യൂട്ടറുകള്‍ സര്‍വ്വീസ് ചെയ്തു . നിരവധിയെണ്ണം അസംബിള്‍ ചെയ്തു നല്‍കി. കുറഞ്ഞ ലാഭമെടുത്ത് മികവോടെ സിസ്റ്റങ്ങള്‍ ചെയ്തുകൊടുക്കുന്ന ഈ 'കുട്ടി മെക്കാനിക്കി'ന് തിരക്കേറിവരുകയാണിപ്പോള്‍! അബൂബക്കര്‍, സാംസങ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം വിവരിക്കുന്ന വീഡിയോ ഇവിടെയുണ്ട് .

അബൂബക്കറിന്റെ കഥ ഇവിടെ വിസ്തരിച്ചത്, നാം അധ്യാപകര്‍ ഒരു ആത്മപരിശോധന നടത്തേണ്ടതില്ലേയെന്ന ഒരു സന്ദേഹത്തില്‍ നിന്നാണ്. പ്രതിഭാധനരും ജീവിതം വഴിമുട്ടി നില്ക്കുന്നവരുമായ എത്രയെത്ര അബൂബക്കര്‍മാരാണ് നമ്മുടെ മുന്നില്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് കുറച്ചുപേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗത്തിലേക്കൊരു കൈചൂണ്ടിയാകാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഗുരുജന്മം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം?
അബൂബക്കറിന്റേതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ സ്കൂളിലും കാണില്ലേ? പങ്കു വെച്ചാല്‍ ഒരുപാടു പേര്‍ക്ക് പ്രയോജനം ചെയ്യും. എന്താ റെഡിയല്ലേ..?

പിന്‍കുറി:

പരിചയപ്പെടാനായി അബൂബക്കറെ അടുത്തുവിളിച്ചു വിവരങ്ങളന്വേഷിച്ചപ്പോള്‍, ഞാനാരാണെന്ന് അവനറിയണം.

മാത്​സ് ബ്ലോഗില്‍ നിന്നാ​ണെന്നറിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.

"കണക്കിന്റെ ബ്ലോഗല്ലേ...എനിയ്ക്കറിയാം."

തിരിച്ചുപോരാന്‍ നേരം വാസുദേവന്‍ സാറുമായുള്ള കുശലപ്രശ്നങ്ങള്‍ തീരുവോളം അവനും ഉമ്മയും കാത്തുനിന്നു. ഷേക്ക് ഹാന്റിനായി നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് അരികത്തു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല!

Sabtu, 19 Juni 2010

ദിനാചരണങ്ങളെന്ന വഴിപാടുകള്‍!

ദിനാചരണങ്ങളും മറ്റും നടത്തുന്നതിലെ യാന്ത്രികത ഇന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ചില സ്ഥിരം ഫോര്‍മുലകളില്‍ അവ ഒതുങ്ങിപ്പോകുന്നു. ഒരു സന്ദേശ വായന, പ്രതിജ്ഞ..അതോടെ തീര്‍ന്നു. അതിനു മുന്‍പോ ശേഷമോ ഈ വിഷയത്തെപ്പറ്റി മിണ്ടാട്ടമില്ല.

ഉദാഹരണത്തിനു പരിസ്ഥിതി ദിനത്തിലെ മരം നടല്‍. അന്നു പലയിടങ്ങളിലും മരത്തൈ വിതരണവും പ്രതിജ്ഞയുമല്ലാതെ മറ്റൊന്നും നടന്നു കണ്ടില്ല..ഈ വിഷയത്തെ കുറിച്ച് നമ്മുടെ ടീമംഗമായ പാലക്കാട്ടെ രാമനുണ്ണിമാഷുടെ ബ്ലോഗിലെ പുതിയപോസ്റ്റ് കണ്ടില്ലേ?

പല ദിനാചരണങ്ങളും വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് 'എടുപൊടുന്നനേ' മുന്നിലേക്കു വരുന്നത്. അപ്പോള്‍പിന്നെ, ചില കാട്ടിക്കൂട്ടലുകളല്ലാതെ വേറെന്തു ശരണം? ഇതിനൊരു മാറ്റം വേണ്ടേ?

ഞായറാഴ്ചകളിലെ സംവാദങ്ങളും പൊതുവിഷയങ്ങളും ഇഷ്ടപ്പെട്ടിരുന്ന ധാരാളം വായനക്കാര്‍ അത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംവാദങ്ങള്‍ പലപ്പോഴും ആരോഗ്യകരമായ ചര്‍ച്ചകളില്‍ നിന്നും വ്യക്തിഹത്യകളിലേക്കും മറ്റും വഴിമാറിപ്പോകുന്നുവെന്നും അതിനുള്ള വേദിയൊരുക്കുകയാണ് മാത്സ് ബ്ലോഗ് ചെയ്യുന്നതെന്നും മറ്റുമുള്ള പരാതികള്‍ ഉയര്‍ന്നപ്പോള്‍ സംവാദങ്ങള്‍ തല്‍കാലത്തേക്കു നിര്‍ത്തി വയ്‌ക്കാം എന്ന തീരുമാനമെടുക്കാന്‍ ഞങ്ങള്‍ നിര്ബന്ധിതരാവുകയായിരുന്നു.

എന്തായാലും, സംവാദങ്ങള്‍ ഉണ്ടായിരുന്നപ്പോഴുള്ള ബ്ലോഗിലെ സജീവത ഒന്നു വേറെത്തന്നെയായിരുന്നു. ആ സജീവത തിരിച്ചെത്തിക്കാനായി ഇനിമുതല്‍ ഞായറാഴ്ചകളില്‍ ഈ കഞ്ഞിയില്‍ അല്പം ഉപ്പൊക്കെ (പ്രയോഗം ഹോംസിന്റേത്) ഇട്ടു തുടങ്ങാമെന്നാണ് കരുതുന്നത്.

ജൂണ്‍ 26 ആണ് ലോക മയക്കു മരുന്നു വിരുദ്ധ ദിനമായി ഐക്യ രാഷ്‌ട്ര സഭ ആചരിക്കുന്നത്. യുവ ജനതയുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ പോരാടാനാണ് ഈ ദിനാചരണം ആസൂത്രണം ചെയ്‌തിരിക്കുന്നത്. നമ്മുടെ ജീവിതത്തെയും സമൂഹത്തെയും നിയന്ത്രിക്കാന്‍ മയക്കു മരുന്നിനെ അനുവദിക്കരുതെന്ന സന്ദേശമാണ് ഐക്യ രാഷ്‌ട്ര സഭ ഈ ദിനത്തില്‍ നല്‍കുന്നത്. പക്ഷേ, ഈ ദിനം ആചരിക്കാന്‍ സാധാരണ നാം എന്തൊക്കെയാണ് ചെയ്യാറുള്ളത്? ഒരു സന്ദേശവായന, കൂടി വന്നാല്‍ ഒരു മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ...കഴിഞ്ഞു!

ലോക ജനസംഖ്യയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരുപതു കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മയക്കു മരുന്ന് ഉപയോഗം കാരണം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം രണ്ടു കോടിയും.

കൌമാരക്കാരായ കുട്ടികളുടെ ഇടയിലാണ് ഈ തരം പ്രവണതകള്‍ വളരെ വേഗം വേരു പിടിക്കുന്നത് എന്നു നമുക്കറിയാം. ഹാന്‍സ് , പാന്‍പരാഗ് പോലുള്ള ലഹരി മരുന്നുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതായുള്ള ഒട്ടേറെ വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുള്ളതുമാണ്. ക്ലസ്‌റ്ററുകളിലും മറ്റും കുട്ടികളുടെ ഈ തരം പ്രവണതകളെ കുറിച്ച് വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ അനൌപചാരിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് നമ്മില്‍ പലരും സാക്ഷികളായിരുന്നിരിക്കാം.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം നടക്കുന്നത് അയാളുടെ കുട്ടിക്കാലത്താണ്. ആ തരത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സ്‌കൂളും അവിടുത്തെ അദ്ധ്യാപകരുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരായ
അധ്യാപകരുടെ കയ്യില്‍, ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പത്തു വര്‍ഷക്കാലം ലഭിച്ചിട്ട് അവരില്‍ നിന്നും ഈ തരം ദുഷ് പ്രവണതകളെ മാറ്റനാനുള്ള ശ്രമം നമ്മള്‍ നടത്തേണ്ടതാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...

കുട്ടികളുടെ ഇടയിലെ ഈ തരം പ്രവണതകള്‍ക്കെതിരെ ഈ മയക്കുമരുന്നു വിരുദ്ധ ദിനത്തില്‍ നമുക്ക് എന്തെല്ലാമാണ് ചെയ്യാന്‍ കഴിയുക..? മയക്കു മരുന്നുകളുടെ ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നമുക്ക് സ്‌കൂളില്‍ ഒരുക്കാന്‍ കഴിയുക..?

ഈ ആഴ്‌ച മാത്സ് ബ്ലോഗ് മുന്നോട്ടു വയ്‌ക്കുന്ന ചര്‍ച്ചാ വിഷയം ഇതാണ്.
അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ ബൂലോകത്തെ മുഴുവന്‍ ബ്ലോഗര്‍മാരെയും ഈ ചര്‍ച്ചയിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു..

Sabtu, 01 Mei 2010

അധ്യാപകരും ശിക്ഷാ നടപടികളും.

കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്!
പല സുഹൃത്തുക്കളും ,ഫോണിലൂടെയും മറ്റും, അയാള്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നും ''പന്നി"യെന്നും മറ്റുമൊക്കെ ടീച്ചര്‍മാരെ വിളിച്ച കമന്റുകള്‍ നീക്കം ചെയ്യണമെന്നുംവരെ ആവശ്യപ്പെട്ടു. എന്നാല്‍, സംവാദത്തിന്റെ മൂര്‍ദ്ധന്യത്തിനിടയിലെ ഇടവേളകളിലൊന്നില്‍ ഏറെ നിഷ്കളങ്കമായ ഒരു ചോദ്യത്തിന് ഹോംസ് നല്കിയ മറുപടി വായനക്കാരെ സ്തബ്​ധരാക്കാന്‍ പോന്നതായിരുന്നു....അതുവരെ അദ്ദേഹത്തോടുതോന്നിയ എല്ലാ അനിഷ്ടവും ഉരുകിയൊലിച്ച് സഹതാപത്തിനും ധാര്‍മ്മികമായ കുറ്റബോധത്തിനും വഴിമാറിയതുപോലെയാണ് മാത്​സ് ബ്ലോഗിനു തോന്നിയത്.
കഴിഞ്ഞ പോസ്റ്റ് വായിക്കാന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടി ഇത്തരതതിലുള്ള മാറ്റത്തിനു കാരണമായ മനുവിന്റെ ചോദ്യവും ഹോംസിന്റെ മറുപടിയും ഇവിടെ ഒരിക്കല്‍ക്കൂടി എടുത്തെഴുതാം.

മനു : "ഹോംസ് ചേട്ടനെന്താ ടീച്ചര്‍മാരോട് ഇത്ര വിരോധം? സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോള്‍ പറയുന്നത് വായിച്ചാലറിയാം, നല്ല വികൃതി ആയിരുന്നിരിക്കും."
ഹോംസ് :
"മനൂ,
ഹോംസ് ചേട്ടന്‍ എന്നും ഒറ്റക്കായിരുന്നു.
സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര്‍ മാഷ് ചെയ്തത് മോനറിയണോ?
"വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
"പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്‍!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ, കരച്ചിലിനിടയിലും ഹോംസ്!"

വാദപ്രതിവാദങ്ങളുടെ രൂക്ഷതയില്‍ കത്തിപ്പടര്‍ന്നുകയരുകയായിരുന്ന സംവാദ ചര്‍ച്ച ബ്രേക്കിട്ടതു പോലെ അവിടെ നിന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അധ്യാപകന്റെ ഭാഗത്തു നിന്നു വന്ന കൈത്തെറ്റിന്റെ ആഘാതം, ഏറെ കാലത്തിനുശേഷവും ഒരു വ്യക്തിയുടെയുള്ളില്‍ നീറിപ്പുകയുന്നുവെന്ന സത്യത്തിന്നു മുമ്പില്‍ എല്ലാവരും തരിച്ചുപോയിരിക്കണം!
സ്വയം വിമര്‍ശനത്തിനു അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു കമന്റായാണ് മാത്​സ് ബ്ലോഗിന് ഇതനുഭവപ്പെട്ടത്. അധ്യാപകര്‍ ക്ലാസില്‍ പറയുന്ന വാചകങ്ങള്‍, പ്രവൃത്തികള്‍, നല്‍കുന്ന ശിക്ഷാ നടപടികള്‍ എല്ലാം ഏറെ ആഴത്തിലാണ് കുട്ടികളുടെ മനസ്സില്‍ പതിയുന്നത് എന്നത് ശിക്ഷകള്‍ നല്‍കുമ്പോഴോ, അവരെ പരിഹസിക്കുമ്പോഴോ നമ്മില്‍ പലരും ചിന്തിക്കാറില്ല.

മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ, യുവാവായ ഒരധ്യാപകസുഹൃത്തിന്റെയൊപ്പം ബസില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ, ഒരു വീടിന്റെ പൂമുഖത്ത് തന്റെ തളര്‍ന്ന ശരീരം ചാരുകസേരയിലേക്ക് ചായ്ച്, ആര്‍ക്കും അനുതാപം തോന്നത്തക്കവണ്ണമുള്ള ഒരു ദയനീയരൂപത്തെ നോക്കി സുഹൃത്ത് ഒരു തെറിവാക്കാണ് പറഞ്ഞത്. അമ്പരന്നുപോയ എന്നോട് സുഹൃത്ത് അതിന്റെ കാരണവും വ്യക്തമാക്കി. ആ കസേരയിലിരുന്ന മനുഷ്യന്‍ മൂന്നാം ക്ലാസ്സില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്നുവെന്നും, ഒരു കാരണവുമില്ലാതെ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്നതത്രെ!

വിദ്യാര്‍ഥികളെ നന്നാക്കാനാണ് അധ്യാപകരുടെ ശിക്ഷയെന്നാണു വെപ്പ്. എന്നാല്‍ അവ വിപരീതഫലം ഉണ്ടാക്കുന്നുവെന്നതിനു തെളിവല്ലേ ഈ രണ്ടാമത്തെ സംഭവം?

സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളോടു സ്വീകരിക്കുന്ന സമീപനം എന്തായിരിക്കണമെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചര്‍ച്ച. വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന സമീപനം അധ്യാപകരില്‍ നിന്നും ഉണ്ടാകാമോ...? സ്കൂളുകളില്‍ നല്‍കുന്ന ശാരീരികമായ ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമണ്ടോ..? മനശാസ്ത്രപരമായ സമീപനം സ്കൂളുകളില്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ..? എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നുവരുന്നുണ്ട്. ഏറെയൊന്നും മാറാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത വിഷയമെന്ന നിലയില്‍ മുഴുവന്‍ ബൂലോകവാസികളേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.