MATHEMATICS

Tampilkan postingan dengan label ചര്‍ച്ച. Tampilkan semua postingan
Tampilkan postingan dengan label ചര്‍ച്ച. Tampilkan semua postingan

Minggu, 08 September 2013

September 12 - Kerala's Official Entrepreneurship day


    മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമസ്ഥനായ ബില്‍ ഗേറ്റ്സിനോട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചോദിക്കുന്നു : "നിങ്ങള്‍ എന്തു കൊണ്ടാണ് നിങ്ങളുടെ കമ്പനിയില്‍ കൂടുതല്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത് ?" ബില്‍ഗേറ്റ്സിന്റെ മറുപടി ഇങ്ങിനെ :"ഇല്ലെങ്കില്‍ അവര്‍ ഇന്‍ഡ്യ​യില്‍ മറ്റൊരു മൈക്രോസോഫ്റ്റ് ആരംഭിക്കും"
സോഷ്യല്‍ നെറ്റ്​വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ സംഭാഷണം സത്യമായാലും അല്ലെങ്കിലും ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത തരത്തിലുള്ള മനുഷ്യ​വിഭവ ശേഷിയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍ അവയെ കണ്ടെത്താനുള്ള ശ്രമം നാം നടത്തിയിട്ടുണ്ടോ എന്നത് സ്വയം വിമര്‍ശനത്തിനു വിധേയമാക്കേണ്ട വിഷയമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ കേരളത്തിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയുടെ മകളാണ് എന്ന വിവരം എത്ര പേര്‍ക്കറിയാം ?

തന്റെ കഴിവുകള്‍ക്ക് വിലപറഞ്ഞ വമ്പന്‍ കമ്പനികളില്‍ ഉദ്യോഗങ്ങളൊന്നും സ്വീകരിക്കാതെ, സ്വന്തമായി വ്യ​വസായ സംരംഭകയായ, ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക വിജുസുരേഷിന്റേയും കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ സുരേഷ് മേനോന്റേയും ഏകമകളായ, ശ്രീലക്ഷ്മി സുരേഷാണ് eDesign Technologies എന്ന വെബ് ഡിസൈന്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഥവാ ഉടമസ്ഥ. നമ്മുടെ കേരളത്തില്‍ നിന്നും ഇനിയും ശ്രീലക്ഷ്മിമാരെ സൃഷ്ടിക്കണ്ടേ..? നമ്മള്‍ അധ്യാപകര്‍ക്കല്ലാതെ ആര്‍ക്കാണിതിനു സാധിക്കുക ? ഇതിന് കേരള സര്‍ക്കാര്‍ ഒരുക്കുന്ന അവസരങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയില്‍ നിന്നുമറിയാനുള്ള അവസരമാണ് ഈ വരുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രത്യേക പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ ഹൈസ്ക്കൂളുകളിലും ഹയര്‍സെക്കന്ററി, കോളേജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കേണ്ടതുണ്ട്. അതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തശേഷം, തന്റെ സഹപ്രവര്‍ത്തകരുമായി കഴിഞ്ഞദിവസം ശ്രീ ബിജു പ്രഭാകര്‍ ഐ എ എസ് ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയായി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍, കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന ഒരു വന്‍വിപത്തിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. "വൃദ്ധജനങ്ങളുടെ ഒരു കൂട്ടമായി നമ്മുടെ കേരള സമൂഹം മാറാന്‍ പോകുന്നു. ചെറുപ്പക്കാരെല്ലാം തൊഴിലന്വേഷകരും തൊഴിലാളികളുമായി നാടുവിടുന്നു. നമ്മുടെ മികച്ച തലച്ചോറുകളെല്ലാം തന്നെ അന്യനാടുകളിലും മറ്റുമായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി ദാസ്യവേല ചെയ്യുന്നു അല്ലെങ്കില്‍ അത് മാത്രമായി അവരുടെ സ്വപ്നങ്ങള്‍ ചുരുങ്ങുന്നു. ഗവണ്‍മെന്റ് മേഖലയിലും, മറ്റുള്ളവന്റെ കീഴിലും തൊഴില്‍ ലഭിയ്ക്കണമെന്ന ചിന്തയല്ലാതെ, സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്ന ആഗ്രഹംപോലും നമ്മുടെ പുതുതലമുറയ്ക്ക് അന്യമാണ്. ബില്‍ ഗേറ്റ്സും, സക്കര്‍ബര്‍ഗ്ഗുമടങ്ങുന്ന വ്യ​വസായ ഭീമന്മാരുടെയൊക്കെ ജീവചരിത്രങ്ങളൊന്നും അവരെ തെല്ലും പ്രചോദിപ്പിക്കുന്നില്ല."

തൊഴില്‍ അന്വേഷകരല്ലാതെ, തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ വിപുലമായ പദ്ധതികളാണ് നമുക്ക് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. കേവലം ഐടി യില്‍ മാത്രമായി ഒതുങ്ങാതെ, മറ്റുള്ള പരശ്ശതം മേഖലകളിലും വ്യവസായ സംരംഭകരായി മാറാന്‍ അവരെ പ്രചോദിപ്പിക്കേണ്ടതും, അതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ഒരുക്കേണ്ടതുമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിലുടെ ഒട്ടേറെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു വിവധതരത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ പരിചയപ്പെടുന്നതിനും നൂതനമായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും കഴിഞ്ഞിട്ടുണ്ട്. തുടങ്ങി, പതിനഞ്ചുമാസം കൊണ്ട്, 1000 ലധികം നൂതന പ്രോജക്ട് പ്രൊപ്പോസലുകള്‍ കുട്ടികളില്‍ നിന്നും ലഭിച്ചുവത്രെ!

ഈയൊരു വിജയത്തിന്റെ ആഘോഷഭാഗമായി, ഇതിന്റെ രണ്ടാം ഘട്ടം സ്കൂള്‍ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തുകഴിഞ്ഞു.എട്ടുമുതല്‍ പന്ത്രണ്ട് വരേ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു ഓണ്‍ലൈന്‍ പരീക്ഷ നടത്തി, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്‌ടോപ്പുകളടക്കമുള്ള ആധുനിക സാങ്കേതികോപകരണങ്ങളും മികച്ച പഠനാവസരങ്ങളും നല്‍കാനാണ് പദ്ധതി.

എമേര്‍ജിംഗ് കേരളയുടെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 12 വ്യാഴാഴ്ച സംരംഭകത്വ ദിനമായി (Entrepreneurship day) ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അവബോധവും താല്‍പര്യവും സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്നതിന് 12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നതാണ്

ഇതിനായി വിദ്യാര്‍ത്ഥികള്‍ക്കു അദ്ദേഹത്തിന്റെ സന്ദേശം തല്‍സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ / കോളേജ് പ്രഥമാധ്യാപകര്‍ ഒരുക്കേണ്ടതുണ്ട്. ഈ പരിപാടി വിജയകരമായി നടത്തുന്നതിന് സ്കൂളിലെ / കോളേജിലെ അദ്ധ്യാപക രക്ഷാകതൃസമതിയുടെ സഹകരണവും അത്യാവശ്യമാണ്.

അറുപതുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഒരേസമയം അഭിസംബോധന ചെയ്യാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. വിക്ടേഴ്സ് ചാനലിലൂടേയും മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടേയും സംപ്രേക്ഷണം ഉണ്ടായിരിക്കും. ഹൈസ്കൂള്‍ മുതല്‍ കോളേജ്തലം വരേയുള്ള മുഴുവന്‍ കുട്ടികളേയും നിര്‍ബന്ധമായും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണം. എട്ട് ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടി കാണാനുള്ള സൗകര്യമുണ്ടാക്കാനാണ്, അവരുടെ പരീക്ഷയെ കൂടി പരിഗണിച്ച് പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ഹൈസ്കൂളുകളിലേയും ഹയര്‍സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലേയും ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിപാടി ഭംഗിയായി കുട്ടികളിലേയ്ക്കെത്തിക്കാനുള്ള പരിശീലനം ലഭിയ്ക്കുക. വിക്ടേഴ്സ് ചാനല്‍ സ്കൂളില്‍ ഭംഗിയായി ലഭിയ്ക്കുന്നുണ്ടെങ്കില്‍, ഓഡിറ്റോറിയത്തിലോ സൗകര്യപ്രദമായ സ്ഥലത്തോ വലിയ ടിവിയിലോ പ്രൊജക്ടറിലോ, മതിയായ ശബ്ദസംവിധാനത്തോടെ കാണിച്ചാല്‍ മതിയാകും. ഇനി, ഇന്റര്‍നെറ്റിലൂടെയാണെങ്കിലോ? ആദ്യം ചില മുന്നൊരുക്കങ്ങള്‍ വേണം.
  1. ഫയര്‍ഫോക്സ് / ഗൂഗിള്‍ ക്രോം - ഇവയില്‍ ഏതെങ്കിലും ബ്രൗസര്‍ ഉപയോഗിക്കുക.
  2. യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക (ഇല്ലെങ്കില്‍ അനുയോജ്യമായ flash player ഇന്‍സ്റ്റാള്‍ ചെയ്യണം)
  3. ബ്രൗസറിന്റെ അഡ്രസ്സ്ബാറില്‍ www.youtube.com/oommenchandykerala എന്ന അഡ്രസ്സ് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
  4. തുറന്നുവരുന്ന ജാലകത്തിലെ വീഡിയോയുടെ Thumbnail ല്‍ ക്ലിക്കുചെയ്യുക.
  5. വീഡിയോയില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് fullscreen ആക്കുകയും esc കീയില്‍ ക്ലിക്ക് ചെയ്ത് fullscreenഒഴിവാക്കുകയും ചെയ്യാം.
  6. അന്ന് രാവിലെ 10 30മുതല്‍ പരിപാടിയുടെ ട്രയല്‍ സംപ്രേഷണം നടക്കുമ്പോള്‍, എല്ലാം ശരിയായി നടക്കുന്നുവെന്ന് എസ്ഐടിസി / എച്ച്ഐടിസിമാര്‍ ഉറപ്പുവരുത്തണം.
ലഭ്യമാകുന്ന മുറയ്ക്ക് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാത്സ് ബ്ലോഗിലൂടെ നല്‍കുന്നതായിരിക്കും. സംശയങ്ങള്‍ പങ്കുവെക്കുമല്ലോ.

Jumat, 08 Maret 2013

ഒമ്പതാംക്ലാസ് ഗണിത 'പരീക്ഷണം?

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിലെ സിന്ധുടീച്ചര്‍, ഈയടുത്തകാലത്ത് നമുക്ക് ലഭിച്ച വിലപ്പെട്ട വരദാനമാണ്. അതങ്ങിനെയാണ്! മാത്​സ് ബ്ലോഗിന് എല്ലാ കാലത്തും ഇത്തരം നിസ്വാര്‍ത്ഥ പരിശ്രമശാലികളെ കൂട്ടിനു കിട്ടും.ഇന്നലെ ഫ്ലാഷായി സ്ക്രോള്‍ ചെയ്തതോര്‍ക്കുന്നുണ്ടോ,ഒമ്പതിലെ ഉത്തരസൂചിക എഴുതി സ്കാന്‍ ചെയ്തയക്കാന്‍? എന്നാല്‍ ഭംഗിയായി ടൈപ്പ് ചെയ്ത് തയ്യാറാക്കിയ ഉത്തരസൂചിക ടീച്ചറില്‍ നിന്നും മെയിലിലെത്തിയത് വെളുപ്പിന് 1.50 ന്! നമിക്കുന്നു.എങ്കില്‍ പിന്നെ അതു വൈകേണ്ടായെന്നങ്ങു വെച്ചു. അത്രതന്നെ!

ഐഎഎസ് പരീക്ഷയോ, ഒമ്പതിലെ ഗണിതമോ എന്നൊക്കെ വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ച ഈ പേപ്പറിനെക്കുറിച്ചും ഉത്തരങ്ങളെക്കുറിച്ചും ചര്‍ച്ച വേണമെന്നു തോന്നുന്നു.
STD IX Maths Annual Examination Question Paper
കുറേക്കൂടി വ്യക്തതയുള്ള ചോദ്യപേപ്പര്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്

സിന്ധു ടീച്ചര്‍ തയ്യാറാക്കിയ ഉത്തരസൂചിക (Set A)


പി ഒ സണ്ണി സാര്‍ (തൊടിയൂര്‍, കരുനാഗപ്പിള്ളി കൊല്ലം)തയ്യാറാക്കിയ ഉത്തരസൂചിക Edited (Set A)

Jumat, 01 Maret 2013

ഒരു രക്ഷകര്‍ത്താവിന്റെ സങ്കടഹര്‍ജി Grievance Letter to Education Minister

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി
ശ്രീ അബ്ദുറബ്ബ് അവര്‍കള്‍ക്ക്


സര്‍,
2013 മാര്‍ച്ച് 11 മുതല്‍എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുകയാണ്. മുന്‍ കാലങ്ങളിലെ ആവര്‍ത്തനം എന്ന രീതിയില്‍ പരീക്ഷാ നിര്‍ദ്ദേശങ്ങളും ടൈംടേബിളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി - കുട്ടികള്‍ക്കുള്ള പരീക്ഷാ സമയത്തിലെ മാറ്റം [ഉച്ചക്ക് 1.30 മുതല്‍ 3.30/4.30 വരെ എന്നത് രാവിലെ 9.30 മുതല്‍..... ] ഈ നിവേദനത്തിലൂടെ ഒരിക്കല്‍ക്കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഇത്തരമൊരു തീരുമാനമെടുത്തത് അങ്ങ് വിദ്യാഭ്യാസമന്ത്രിയാകുന്നതിനും വളരെ മുമ്പേ മുതലാണെന്നുമറിയാം. എങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഏറെ ഉയര്‍ച്ചയുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളെന്ന നിലയിലാണ് അങ്ങേയ്ക്ക് മുന്നിലേക്ക് ഏറെ പ്രതീക്ഷകളോടെ ഈ ആവശ്യം വീണ്ടും മുന്നോട്ട് വെക്കുന്നത്. കുട്ടിക്ക് ഗുണപരമാകുന്ന തീരുമാനമെടുക്കാന്‍ ഇനിയും വൈകിയിട്ടില്ല എന്ന വിശ്വാസത്തോടെ.

സര്‍,
1.
കേരളത്തില്‍ മാത്രമല്ല, സമീപസംസ്ഥാനങ്ങളിലും 2013 ലെ എസ്.എസ്.എല്‍.സി പരീക്ഷ [ചെറിയ മാറ്റങ്ങളോടെ] നടക്കുകയാണ്`. അവരുടെ സര്‍ക്കാരുകള്‍ തയ്യാറാക്കിയടൈം ടേബിളുകള്‍ ശ്രദ്ധിച്ചാല്‍, കേരളമൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പരീക്ഷക്കായി നിശ്ചയിച്ചിരിക്കുന്ന സമയം രാവിലെ ആണ്`. കുട്ടികള്‍ക്കുള്ള പരീക്ഷകള്‍ ലോകമെമ്പാടും ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലാണ്`.

ഇതു സൂചിപ്പിക്കുന്നത്, പരീക്ഷയെഴുതാന്‍ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നാണല്ലോ. അപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കേണ്ടതല്ലേ? ഇന്ത്യയിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കുന്ന ഈ സൗകര്യം നമ്മുടെ 5 ലക്ഷം കുട്ടികള്‍ക്ക് നല്‍കാന്‍ നാമല്ലാതെ വേറേ ആരുണ്ട്?

2.
സര്‍,
എന്തൊക്കെ പറഞ്ഞാലും പരീക്ഷകളൊക്കെത്തന്നെ നമ്മുടെ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും Tension ഉണ്ടാക്കുന്നുണ്ട്. നന്നായി എഴുതാന്‍ കഴിയണേ എന്ന നിറഞ്ഞ പ്രാര്‍ഥനയും കൂടിയാണത്.അവര്‍തന്നെയാണ്` നന്നായി വിജയിക്കുന്നവരും. എല്ലാം നന്നായി പഠിച്ച കുട്ടിക്ക് അത് എത്രയും വേഗം എഴുതാന്‍ കഴിഞ്ഞാല്‍ ഉള്ള സമാധാനം ആര്‍ക്കാണറിയാത്തത്? അത് ദിവസത്തില്‍ നീട്ടിവെക്കാതെ രാവിലെത്തന്നെ ചെയ്യാന്‍ കഴിഞ്ഞല്‍ എത്ര സുഖം കുട്ടിക്കുണ്ട്? കുട്ടിയെ ഉച്ചവരെ മുള്‍മുനയില്‍ നിര്‍ത്താതെ രാവിലെ തന്നെ പരീക്ഷ നടത്തുന്നതല്ലേ ഏറ്റവും സൗകര്യപ്രദം?

3.
സര്‍,
മാര്‍ച്ച് മാസത്തെ കാലാവസ്ഥയെക്കുറിച്ച് പറയാനില്ലല്ലോ. സവിശേഷമായും മഴകുറഞ്ഞ ഇക്കൊല്ലം. ഇപ്പോള്‍ത്തന്നെ ഉച്ചക്ക് 39-40 ഡിഗ്രിയാണ്`. അത്യു‌‌ഷ്ണം. ഹ്യുമിഡിറ്റി 65%-89% വരെയാണ്. കുട്ടിയും അധ്യാപകരും വിയര്‍ത്ത് കുളിക്കുകയണ്. നമ്മുടെ ക്ളാസ് മുറികളില്‍ 20% ത്തില്പോലും ഫാനില്ല. ഉള്ളതിലാകട്ടെ ഉച്ചനേരത്ത് പലപ്പോഴും കറണ്ടുമില്ല. നമുക്കറിയാമിത്. ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് പരീക്ഷ 11 മണിയോടെ [അവിടത്തെ സമയം] തുടങ്ങും. ക്ളാസ്‌‌ മുറികള്‍ വളരെ സുഖകരവുമാണ്. നമ്മുടെ കുട്ടികളെ സഹായിക്കാന്‍ നമ്മളല്ലാതെ വേറെ ആരുണ്ട്?

4.
സര്‍,
നമ്മുടെ സ്കൂളുകളില്‍ അദ്ധ്യാപകര്‍ സ്നേഹപൂര്‍വമാണെങ്കിലും പരീക്ഷാദിവസങ്ങളില്‍ കുട്ടികളെ പരിപാലിക്കുന്നത് സഹതാപം തോന്നിപ്പിക്കുന്നതാണ്`. പരീക്ഷ ഉച്ചക്കാണെങ്കിലും കുട്ടികളെ രാവിലെ 9 മണിക്കേ സ്കൂളിലെത്തിക്കുന്നു. [സാധാരണ ദിവസങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ ഉണ്ടെങ്കിലും പരീക്ഷാ ദിവസങ്ങളില്‍ മിക്കയിടത്തും ഇല്ല. ] പിന്നെ പരിക്ഷക്കൊരുക്കലാണ്`. സദുദ്ദേശ്യത്തോടെയാണെങ്കിലും ഇത് കുട്ടികളിലേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ആര് പരിഗണിക്കാന്‍? തുടര്‍ന്ന് ഭക്ഷണം... നല്ല വാക്കുകള്‍... പരീക്ഷക്കയക്കല്‍... ഒക്കെയുണ്ട്. ഈ പരിപാടികള്‍ ഒരുക്കേണ്ടിവരുന്നത് 'പരീക്ഷ ഉച്ചവരെ ഇല്ല' എന്നതുകൊണ്ട് മാത്രമാണ്. പരീക്ഷകഴിഞ്ഞാല്‍ ഈ സ്നേഹാദരങ്ങളൊന്നുമില്ല. എല്ലാവരും വീട്ടിലേക്ക് ഓട്ടമാണ്.പരീക്ഷക്കു മുന്പുള്ള അവസ്ഥയല്ല പരീക്ഷക്ക് ശേഷം. അപ്പോള്‍ കൃത്രിമമായ ഈ അവസ്ഥ ഉണ്ടാക്കേണ്ടിവരുന്നത് പരീക്ഷാസമയം അശാസ്ത്രീയമാകുന്നതുകൊണ്ടാണോ? നാമല്ലാതെ ഇത് പരിശോധിക്കാന്‍ വേറേ ആരുണ്ട് സര്‍?


5.
സര്‍,
പരീക്ഷയുടെ Tension ഓരോ കുട്ടിയിലും ഓരോ തരത്തിലാണ്`. Tension ഒന്നും ഇല്ലാത്ത ഭാഗ്യവാന്മാരുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും അങ്ങനെയല്ല. പരീക്ഷക്ക് മുന്‍പ്, ഭക്ഷണം പോലും ഇറങ്ങാത്തവരുണ്ട്. [അവര്‍ക്കും സ്കൂളില്‍ ബിരിയാണിയും പൊറോട്ടയും ഉണ്ട്.] പെണ്‍കുട്ടികള്‍ മാസമുറപോലുള്ള വിഷമതകളില്‍ പെടുന്നു. അതുകൊണ്ടുതന്നെ ഓരോ സ്കൂളിലും ഒരുപാടു കുട്ടികള്‍ ഉച്ചയാവുമ്പോഴേക്ക് തളരുന്നു. ഛര്‍ദ്ദി, തളര്‍ച്ച... പരീക്ഷാഹാളില്‍ തലകറങ്ങി വീഴല്‍... ഒക്കെ സാധാരണമാണ്`. എന്നാല്‍ പരീക്ഷ രാവിലെയാണെങ്കില്‍ ഇതില്‍ പലതും ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കില്‍ നമ്മുടെ കുട്ടികളുടെ സംരക്ഷണം നാമല്ലാതെ ആരേറ്റെടുക്കും ?

6.
സര്‍,
അഭിമാനിക്കാവുന്ന, മാതൃകാപരമായ ഒരു വിദ്യാഭ്യാസപദ്ധതി നമുക്കുണ്ട്. ശിശുകേന്ദ്രീകൃതമാണ് ഇത്. കുട്ടിയുടെ അവകാശങ്ങളില്‍ ഉന്നി നില്‍ക്കുന്നതാണത്. പക്ഷെ, പഠനം പോലെ പരീക്ഷകള്‍ ഇപ്പൊഴും ശിശുകേന്ദ്രീകൃതമായിട്ടില്ല. അതിനുള്ള ചര്‍ച്ചകള്‍ നമ്മുടെ വിദ്യാഭ്യാസവൃത്തങ്ങളില്‍ സജീവമാണ്. ശിശു സൗഹൃദപരമായ ഒരന്തരീക്ഷം പരീക്ഷാഹാളിലില്ല. കുട്ടികളെ സഹായിക്കാനല്ല മറിച്ച് അവരെ ശിക്ഷിക്കനാണ് വെമ്പല്‍. പണ്ടു മുതലേ തുടര്‍ന്ന് പോരുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുവെന്നു മാത്രം. 'എല്ലാവരും തഞ്ചം കിട്ടിയാല്‍ കോപ്പിയടിക്കും ,ശ്രദ്ധിക്കണം ' എന്ന മട്ടിലാണ് ഇന്‍വിജിലേഷന്‍. കുട്ടിക്ക് ഭയമുണ്ടാക്കുന്ന പരിസ്ഥിതിയാണ്`. അതോടൊപ്പം ഈ ഉച്ചച്ചൂടില്‍ പൊരിയുന്ന കുട്ടിയെ 'നമ്മുടെ കുട്ടി' യെന്ന് മനസ്സിലാക്കാന്‍ നാമല്ലാതെ വേറെ ആരുണ്ട്?

7.
സര്‍,
ഏതൊരാളിന്റേയും ശാരീരികവും മാനസികവുമായ സുസ്ഥിതി അയാളേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ മികവിന്ന് അത്യാവാശ്യമാണെന്ന് എന്ന സാധാരണ ശാസ്ത്രപാഠം നമുക്കുമറിയാത്തതല്ല . പരീക്ഷാ Tension കുട്ടിക്ക് ചെറുതല്ല. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം തകരാറിലാണ്. തകരാറിലായ പ്രഭാതഭക്ഷണത്തിന്നു പുറത്ത് ഉച്ചഭക്ഷണം കഴിക്കേണ്ടിവരുന്നു. കുട്ടിയുടെ Metabolism ഇത് തകരാറിലാക്കുന്നു. ദഹിക്കാത്ത ഭക്ഷണം വയറില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. വയറിലെ അസ്വസ്ഥത Tension വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിക്കുന്ന Tension , Metabolism വീണ്ടും തകര്‍ക്കുന്നു. ഉച്ചയൂണുകൂടികഴിയുന്നതോടെ ശാരീരികമായി ഇങ്ങനെ പ്രതിസന്ധിയിലാകുന്ന നമ്മുടെ കുട്ടിയെ പരീക്ഷക്കിരുത്തി, 'നന്നായി വിജയിച്ചില്ല ' എന്നു കുറ്റപ്പെടുത്തുന്നത് എത്ര അശാസ്ത്രീയമാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ നാമല്ലാതെ വേറേയാരുണ്ട്?

8.
സര്‍,
ഏതൊരാളുടേയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവാര്‍ന്നരീതിയില്‍ നടക്കുന്നത് പ്രഭാതസമയങ്ങളില്ലാണല്ലോ. കുട്ടിയെ നേരത്തെ എഴുന്നേല്പ്പിച്ച് വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്ന് അമ്മയെ സഹായിക്കുന്ന ശാസ്ത്രം ഇതാണ്`. അറിഞ്ഞോ അറിയാതെയോ ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. Brain Cells ന്റെ ഏറ്റവും ഊര്‍ജ്വസ്വലമായ അവസ്ഥ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളും ഏറ്റവും മന്ദതകൈവരിക്കുന്ന സമയം നട്ടുച്ചയുമാണ്. അന്തരീക്ഷതാപം പീക്ക് അവസ്ഥയില്‍ എത്തുന്ന നട്ടുച്ച. മാനസികവും ശാരീരികവുമായ ഏറ്റവും തളര്‍ച്ച ഉണ്ടാക്കുന്ന നട്ടുച്ച. അതും മാര്‍ച്ച് മാസത്തിലെ നട്ടുച്ച. ഇതൊക്കെ ഏതു സാധാരണക്കാരനും അറിയാം. പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുന്ന ഈ സമയത്തെ ചെയ്തികളെ നമ്മുടെ കാരണവന്‍മാര്‍ വ്യവഹരിക്കുന്നത് എങ്ങിനെയാണെന്ന് അറിയാമല്ലോ?. അതൊന്നും വെറുതെയല്ല. നട്ടപ്രാന്തിലേക്ക് നമ്മുടെ കുട്ടികളെ തള്ളിവിടുന്നത് തടയാന്‍ നാമല്ലാതെ വേറെ ആരുണ്ട്?

9.
സര്‍,
പിന്നെ, സര്‍വോപരി ആര്‍ക്കുവേണ്ടിയാണ്` പരീക്ഷ. കുട്ടിക്കുവേണ്ടിയോ നടത്തിപ്പുകാര്‍ക്കുവേണ്ടിയോ? കുട്ടിക്കു വേണ്ടിയാണെങ്കില്‍ കുട്ടിയോടു ചോദിച്ചു നോക്കാം. 'നട്ടുച്ചക്ക് വേണം പരീക്ഷ ' എന്നൊരു കുട്ടിയും ആവശ്യപ്പെടില്ല. നടത്തിപ്പുകാര്‍ക്ക് നട്ടുച്ചയാണ് നല്ലത്. അവര്‍ക്ക് ദിവസത്തിന്റെ ആദ്യമണിക്കൂറുകളിലെ ഉഷാറായ സമയം ഓടിനടന്ന് പരീക്ഷാപേപ്പറുകള്‍ എത്തിക്കാനുമൊക്കെ സുഖമണ്. കണക്കുകളും കാര്യങ്ങളുമൊക്കെ കൃത്യമാക്കിവെക്കാം. വെയിലാവുമ്പോഴേക്ക് വിശ്രമിക്കയും ആവം. പക്ഷെ, പരീക്ഷ നടത്തിപ്പുകാര്‍ക്കല്ലല്ലോ. കുട്ടിയുടെ അഭിപ്രായത്തിന്നല്ലേ , ആവശ്യത്തിനല്ലേ പ്രാധാന്യം? അതല്ലേ ജനാധിപത്യം. അതോ കുട്ടിയുടെ ജനാധിപത്യം നടത്തിപ്പുകാര്‍ തീരുമാനിക്കും എന്നാണോ? പരീക്ഷാപേപ്പറിന്റെ security വിഷയം ചെറുതല്ല. എന്നാല്‍ അതിന്ന് ഇന്നത്തെപോലെയുള്ള സംവിധാനങ്ങള്‍ അവസാന സംവിധാനങ്ങളല്ലല്ലോ. ആലോചിച്ച് കൂടുതല്‍ നല്ല രീതികളിലേക്ക് മാറ്റാം. മാറ്റാന്‍ കഴിയും. പകരം സംവിധാനം ഉണ്ടാക്കാന്‍ കഴിയാതിരിക്കാന്‍ നമ്മുടെ അധികാരികള്‍ അത്ര മോശക്കാരൊന്നും അല്ലല്ലോ. പിന്നെ, എസ്.എസ്.എല്‍.സി പരീക്ഷയേക്കാളും പ്രാധാന്യം ഏറെയുയര്‍ന്ന ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്ക്കൂളില്‍ സൂക്ഷിക്കുന്നില്ലേ? കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ധര്‍മ്മബോധം നമുക്കുണ്ടല്ലോ. അത് പ്രായോഗികമാക്കി , പ്രവര്‍ത്തനക്ഷമമാക്കി നമ്മുടെ കുട്ടികള്‍ക്കുവേണ്ടി പരീക്ഷനടത്താന്‍ നാമല്ലാതെ വേറെയാരെയാണ് നാം കാത്തിരിക്കുന്നത്?


10.
സര്‍,
ഉച്ചപ്പരീക്ഷയുടെ തകരാറുകള്‍ നേരില്‍ കാണുന്ന, സാധാരണക്കാരായ, കുട്ടികളെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ ബ്ളോഗിന്റെ പ്രവര്‍ത്തകരെന്ന് ഞങ്ങള്‍ക്കറിയാം. വളരെ വിനയപൂ‌‌വം അങ്ങയുടെ പരിഗണനക്കായി ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍, ആയിരക്കണക്കിന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ്, അനുകൂലമായ തീരുമാനമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ്` ഈ പോസ്റ്റ് വായിച്ചുതീര്‍ക്കുക. ആവേശപൂര്‍വം താഴെ comments പോസ്റ്റ് ചെയ്ത് , മുകളില്‍ സൂചിപ്പിച്ച സംഗതികളെ കൂടുതല്‍ സമഗ്രമാക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന പ്രാഥമികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അദ്ധ്യാപക സമൂഹവും പ്രതിജ്ഞാബദ്ധമാണല്ലോ.

Sabtu, 12 Januari 2013

വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

"ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.

വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.

1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .

2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ്‌ മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ്‌ മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ്‌ മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഗ്രേസ്‌ മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ്‌ മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.

ഗ്രേസ്‌ മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ്‌ മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.

വിനയപൂര്‍വ്വം,
മധുമാസ്റ്റര്‍
നിര്‍മ്മല ഹൈസ്കൂള്‍,
കബനിഗിരി.
വയനാട്.


കോപ്പികള്‍ അയക്കുന്നത് :
ബഹു : കേരളാ മുഖ്യമന്ത്രി.
ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ബഹു : പരീക്ഷാ സെക്രട്ടറി
എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്


Minggu, 07 Oktober 2012

സ്ക്കൂള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

സമൂഹത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന ഭാവി പൌരന്മാരെ വാര്‍ത്തെടുക്കുന്നതിന് കുട്ടികളെ പര്യാപ്തമാക്കുന്ന സംവിധാനമാണല്ലോ ക്ലബ്ബുകള്‍. ഫലപ്രദമായി ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കുട്ടികള്‍ നേതൃപാടവമുള്ള കുട്ടികളായി മാറുമെന്ന കാര്യത്തില്‍ ഒട്ടും സംശയമുണ്ടാകില്ലല്ലോ. ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്ന പാലക്കാടു നിന്നും രാമനുണ്ണി മാഷാണ്. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ലേഖനം ആരംഭിക്കാം. ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടന്നു കഴിയും. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, ഐ.ടി, ഗണിതം [ഈ വര്‍ഷം അന്താരാഷ്ട്ര ഗണിതവര്‍ഷം കൂടിയാണല്ലോ] എന്നിങ്ങനെ എല്ലാ ക്ളബ്ബുകളുടേയും പ്രവര്‍ത്തനം കൃത്യസമയത്ത് തന്നെ ആരംഭിക്കും. ഇതിനു പുറമേ ട്രാഫിക്ക്, ശുചിത്വം, സീഡ് തുടങ്ങിയവയും തുടങ്ങിവെക്കും. ചുമതലക്കാരായ അദ്ധ്യാപകര്‍ മിക്കയിടത്തും ആദ്യം പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മാത്രം അംഗത്വം നല്‍കും. പലയിടത്തും എല്ലാ ക്ളബ്ബിലും പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 പേരില്‍ പകുതിയെങ്കിലും ഒരേ പേരാവാനും മതി. അതൊന്നും ഒരിക്കലും സ്ക്രൂട്ട് ചെയ്യാറുണ്ടാവില്ല.

സമുചിതമായ ഉദ്ഘാടനത്തിനു ശേഷം പിന്നെ കാര്യമായൊന്നും കൊണ്ടുനടത്താന്‍ മിക്കയിടത്തും സമയം കിട്ടാറില്ല. ജൂണ്‍ ജൂലായ് മാസങ്ങള്‍ പാഠങ്ങള്‍ തീര്‍ക്കാനുള്ള തിടുക്കമാണ്`.[ അപ്പോ കഴിഞ്ഞാലേ കഴിയൂ... ] ആഗസ്തില്‍ ഒരു പരീക്ഷ... അവധി... . സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വിവിധ തലങ്ങളിലെ ഉത്സവങ്ങള്‍... ഡിസംബറില്‍ ഒരു പരീക്ഷ... അവധി... ജനുവരി ഫിബ്രുവരി പാഠം തീര്‍ക്കല്‍ ... മാര്‍ച്ചില്‍ പിന്നെന്തിനാ ഒഴിവുള്ളത്. ശനി, ഒഴിവുദിവസങ്ങള്‍, രാവിലെ, വൈകീട്ട്, രാത്രി ക്ളാസുകള്‍... എന്നാ ക്ളബ്ബുകള്‍ കൊണ്ടുനടത്താന്‍ ഒരൊഴിവ്... ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... പരീക്ഷക്കുമുന്പ് പാഠങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ തീര്‍ച്ച. ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍ നടക്കാഞ്ഞാല്‍ ഒരു രക്ഷിതാവും കയറി ഉടക്കുണ്ടാക്കുകയുമില്ല. വിവിധ ക്ളബ്ബുകളുടെ ചുമതലക്കാരായ ചില കുട്ടികള്‍ ഇടയ്ക്ക് ചില അന്വേഷണങ്ങള്‍ ആദ്യ നാളുകളില്‍ നടത്തും.... പിന്നെ അവരും അവരുടെ പ്രാരാബ്ധങ്ങളില്‍ മുഴുകും...

എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും അദ്ധ്യാപകരില്‍ ഉണ്ടാവില്ലേ? ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ?

അതെ, ആരേയും കുറ്റം പറയാനാവില്ല...

എന്നാല്‍ ചില സംഗതികള്‍ ഒന്നുകൂടെ ആലോചിക്കാവുന്നതാണല്ലോ...
  • സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബ്ബുകളുടെ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  • സ്കൂളില്‍ പൊതുവായ ക്ളബ്ബിനു പകരം ഓരോ ക്ളാസിലും ക്ളബ്ബുകള്‍ ഉണ്ടായാലോ? എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍.. സാധ്യമായ രീതിയില്‍...
  • സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാമല്ലോ.
  • ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാമല്ലോ.
  • വിവിധ വിഷയങ്ങളുടെ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകളുമായി വിളക്കിച്ചേര്‍ക്കാമല്ലോ. [ ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയവ, ശാസ്ത്രക്ളാസുകളിലെ പരീക്ഷണങ്ങള്‍... ഗണിതക്ളാസിലെയും ഭൂമിശാസ്ത്രക്ളാസിലേയും ബയോളജി ക്ളാസിലേയും... ]
  • ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാമല്ലോ
  • 'തീര്‍ക്കാനുള്ള പല പാഠങ്ങളും ' ക്ളബ്ബ് പ്രവര്‍ത്തനം വഴി ചെയ്തെടുക്കാമല്ലോ.
  • ചില യൂണിറ്റ് റ്റെസ്റ്റൂകള്‍ ഈ വഴിക്ക് ആലോചിക്കാമല്ലോ.
  • കലാ - ശാസ്ത്ര - കായികമേളകള്‍ ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചെയ്യാമോ..
കുറ്റപ്പെടുത്താനല്ല; ചില [സ്കൂളുകളിലെ] മാതൃകകള്‍ കണ്ടതിന്റെ സാധ്യതകള്‍ പങ്കുവെക്കല്‍ മാത്രം...

Minggu, 30 September 2012

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍

Senin, 10 September 2012

അധ്യാപകര്‍ക്കായി ഒരു ലോഗോ തയ്യാറാക്കൂ


വക്കീലിനും ഡോക്ടര്‍ക്കുമെല്ലാം ഉള്ളതു പോലെ നമ്മുടെ അധ്യാപകര്‍ക്കും വേണ്ടേ ഒരു ലോഗോ? പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ ഉഗ്രന്‍ ആശയം മുന്നോട്ടു വെച്ചത്. അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോഗോ കണ്ടെത്താന്‍ മനോരമ ഓണ്‍ലൈന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തെക്കുറിച്ച് ആദ്യമൊന്നു വിശദീകരിക്കാം. ലോഗോ സമൂഹം നല്‍കുന്ന അംഗീകാരമാണ്. എന്നിട്ടും അധ്യാപകരെ പ്രതിനിധീകരിക്കുന്നതിന് നമുക്ക് ഒരു ലോഗോ ഇല്ല. ഈ അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഗുരുത്വമുള്ള ഒരു ലോഗോ ആയിരിക്കട്ടെ ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണ. മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് എത്ര ലോഗോ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോകളില്‍ നിന്നു വായനക്കാരുടെ വോട്ടിങിന്റേയും ജൂറിയുടെ തീരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കും. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാകണം ലോഗോ. മികച്ച ഡിസൈനിന് മലയാള മനോരമ 10001 രൂപ സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ 15 ആണ് ലോഗോ പോസ്റ്റു ചെയ്യേണ്ട അവസാനതീയതി. (പോസ്റ്റ് ചെയ്യേണ്ട ലിങ്ക് പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുണ്ട്) മനോരമയില്‍ കണ്ട ഈ വാര്‍ത്ത അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെ മാത്​സ് ബ്ലോഗ് ഏറ്റെടുക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ കൂടി ആവശ്യകതയാണെന്നു തോന്നുന്നു. നമുക്കിടയിലുള്ള ചിത്രകാരന്മാരിലേക്ക് ഈ വാര്‍ത്ത എത്തിച്ച് നമുക്കൊരു മികച്ച ലോഗോ സ്വന്തമാക്കണം. കുട്ടികള്‍ക്കടക്കം ആര്‍ക്കും ഈ ലോഗോ ഡിസൈനിങ്ങ് മത്സരത്തില്‍ പങ്കെടുക്കാം. പ്രചാരം നല്‍കേണ്ട ചുമതല മാത്‍സ് ബ്ലോഗിന്റെ വായനക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാമുണ്ട്. മത്സരത്തെക്കുറിച്ച് കൂടുതലറിയേണ്ടേ?
ഒരു ലോഗോയില്‍ എന്തിരിക്കുന്നു?

ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നു ചോദിക്കരുത്. ഒരു ലോഗോയില്‍ ഇരുന്ന് പോകുന്ന പലതുമുണ്ട്. ആദരവും അംഗീകാരവും ആത്മവിശ്വാസവും അങ്ങനെ പലതും. സമൂഹം ഒരു തൊഴില്‍ മേഖലയ്ക്കു നല്‍കുന്ന ബഹുമാനത്തിന്റെ അടയാളമാണ് അതിന്റെ ലോഗോ. ശ്രദ്ധിച്ചിട്ടില്ലേ, ഒരു ഡോക്ടറോ, വക്കീലോ വാഹനം വാങ്ങിയാല്‍ ആദ്യം ചെയ്യുക അവരുടെ പ്രൊഫഷണല്‍ ലോഗോ പതിക്കുകയാണ്. ഏതു തിരക്കിനിടയിലും ആ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കും എന്ന ഉറപ്പാണ് അതിനു പിന്നില്‍. പക്ഷേ ഇത്രകാലമായിട്ടും അക്ഷരവെളിച്ചം പകര്‍ന്നു തന്ന പ്രിയ അധ്യാപകരെ പ്രതിനിധീകരിക്കാന്‍ ഒരു ലോഗോയെ കുറിച്ചു നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ഏറ്റവും ആദ്യം ഉണ്ടാകേണ്ടിയിരുന്ന ഒന്നായിരുന്നു അത്. ഇപ്പോഴെങ്കിലും ഗുരുദക്ഷിണയായി അങ്ങനെയൊരു ലോഗോ ഗുരുക്കന്മാര്‍ക്കു സമ്മാനിക്കാന്‍ കഴിയുന്നത് സുകൃതമായി കരുതാം നമുക്ക്. മറ്റൊരു ലോഗോയ്ക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടില്ല. എങ്കിലും വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധീകരിക്കുന്ന എത്രയോ ലോഗോകള്‍ നമ്മുടെ മനസില്‍ ഉറച്ചു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ചുറ്റിപ്പിണഞ്ഞ ലോഗോ
ഗ്രീക്ക് പുരാണത്തില്‍ നിന്നു കടമെടുത്ത ചിഹ്നമാണ് ചില ഭേദഗതികളോടെ പല രാജ്യങ്ങളും ആരോഗ്യരംഗത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ചിറകിനു നടുവിലുള്ള ദണ്ഡില്‍ രണ്ട് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിത്രമാണിത്. യുഎസ് സേനയാണ് ആദ്യമായി ഈ ചിഹ്നം ഉപയോഗിച്ചത്. പിന്നീട് പല രാജ്യങ്ങളും ഇത് അനുകരിച്ചു. എന്നാല്‍ ഗ്രീക്ക് പുരാണത്തില്‍ തന്നെയുള്ള ആസല്‍പിയസ് വൈദ്യരംഗത്തെ ലോഗോ ആയി ഉപയോഗിക്കുന്ന രാജ്യങ്ങളും ഉണ്ട്. കാഡ്സ്യൂസ് പണ്ട് വ്യാപാരങ്ങളെ പ്രതിനിധീകരിക്കാനാണ് ഉപയോഗിച്ചിരുന്നത്. ലോകത്ത് ആരോഗ്യ സംഘടനകള്‍ 242 ഓളം ലോഗോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും പ്രിയം കാഡ്സ്യൂസിന് തന്നെ. ആസില്‍പിയസാണ് തൊട്ടുപിറകെ.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഡ്സ്യൂസ് കടമെടുത്തപ്പോള്‍ ചിഹ്നത്തിലെ ചിറക് അരിഞ്ഞുമാറ്റി പകരം നടുവില്‍ ദീപശിഖയ്ക്കു സമാനമായ ചിത്രം വയ്ക്കുകയാണു ചെയ്തത്. എന്നാല്‍ റെഡ്ക്രോസിന്റെ ചിഹ്നമായ ചുവന്ന കുരിശ് ആരോഗ്യ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആശുപത്രികളിലും ആംബുലന്‍സുകളിലുമെല്ലാം അതു കാണാം. ഇത് പകര്‍പ്പാവകാശ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി റെഡ്ക്രോസ് സൊസൈറ്റി പരാതി നല്‍കിയിരുന്നു. സൊസൈറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രം ഉപയോഗിക്കാനുള്ള ഈ ലോഗോ ഡോക്ടര്‍മാരും മറ്റും തന്നിഷ്ടപ്രകാരമാണ് ഉപയോഗിക്കുന്നത്. ഒരു ഔദ്യോഗിക സംഘടനകള്‍ക്കും ഇതിന്റെ ഉത്തരവാദിത്വം ഇല്ലെന്നു ചുരുക്കം. റെഡ്ക്രോസിന്റെ പരാതിയെ തുടര്‍ന്നു പലരും ഇതു നീക്കം ചെയ്തിരുന്നു.

വക്കീലന്മാരുടെ നെടുകെ പിളര്‍ന്ന ലോഗോ
ഡോക്ടര്‍മാരുടെ ലോഗോയെ പിന്‍പറ്റി ഇന്ത്യയിലെ ബാര്‍ അസോസിയേഷന്‍ രൂപം നല്‍കിയ ഈ ലോഗോ ഏവര്‍ക്കും സുപരിചിതമാണ്. കറുപ്പില്‍ വെളുത്ത നിറത്തില്‍ നെടുകെ പിളര്‍ന്ന ദീര്‍ഘചതുര കടലാസിന്റെ രൂപമാണ് ഈ ലോഗോയ്ക്ക്. വക്കീലന്മാര്‍ കറുത്ത കോട്ടിനൊപ്പം കഴുത്തില്‍ കെട്ടുന്ന ടൈയുടെ രൂപമാണ് ലോഗോയ്ക്ക് ആധാരം. നിയമബിരുദം മാത്രം പോര, ബാര്‍ കൌണ്‍സിലില്‍ അംഗത്വം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഈ ലോഗോ ഉപയോഗിക്കാന്‍ സാധിക്കൂ.

മാധ്യമപ്രവര്‍ത്തകരുടെ തൂലികയേന്തിയ ലോഗോ
മാധ്യമപ്രവര്‍ത്തനം ഇന്റര്‍നെറ്റിനോളം വളര്‍ന്നെങ്കിലും ഇന്നും ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ ലോഗോ പേനയെ ആധാരമാക്കിയുള്ളതാണ്. കേരളത്തില്‍ തന്നെ പല ജില്ലകളിലെ സംഘടനകളും പേനയെ രൂപമാറ്റം വരുത്തിയാണ് ലോഗോ ഉണ്ടാക്കാറുള്ളത്. അതുകൊണ്ടു തന്നെ ലോഗോയില്‍ എവിടെയെങ്കിലും തീ പാറുന്ന പേന കണ്ടാല്‍ ആള് മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പിക്കാം.

ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരുടെ ആധുനിക ലോഗോ
ഏറെ ലളിതവും ആധുനികവുമാണ് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ സംഘടന സ്വീകരിച്ചിരിക്കുന്ന ലോഗോ. അഖണ്ഡത, വിശ്വാസം, വിജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്ന ഈ ലോഗോയില്‍ ഇംഗീഷിലെ സി, എ എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയിരിക്കുകയാണ്. നീലയും, പച്ചയും കലര്‍ന്നതാണ് ചിഹ്നം. ഇന്ത്യയിലെ സിഎ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഈ ലോഗോ വിസിറ്റിങ് കാര്‍ഡ്, വാഹനം എന്നിവയില്‍ ഉപയോഗിക്കാം.

ഒരു ലോഗോ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ലോഗോയുടെ കാര്യത്തില്‍ പല പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ്. ആശുപത്രികളിലും ആംബുലന്‍സുകളിലും ഡോക്ടര്‍മാരുടെ വാഹനങ്ങളിലും മറ്റും റെഡ്ക്രോസ് ചിഹ്നം ഉപയോഗിക്കുന്നതിനെതിരെയാണ് റെഡ്ക്രോസ് രംഗത്തെത്തിയത്. ഇന്ത്യ 1950ല്‍ ഒപ്പിട്ട ജനീവ കരാറിന്റെ അടിസ്ഥാനത്തില്‍ റെഡ്ക്രോസ് ചിഹ്നത്തിന്റെ ഉപയോഗം സംഘടനയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്നായിരുന്നു വാദം. 1960ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനീവ കണ്‍വന്‍ഷന്‍ ആക്ടിന്റെ നാലാം അധ്യായത്തിലെ 12, 13 വകുപ്പുകളാണു ചിഹ്നത്തിന്റെ ദുരുപയോഗം തടയുന്നത്. റെഡ് ക്രോസ് ചിഹ്നം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും 500 രൂപ പിഴയിടാനും ഈ വകുപ്പുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

വ്യാവസായിക ആവശ്യത്തിന് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച രാജ്യാന്തര പ്രശസ്ത പേന നിര്‍മാതാക്കളായ മോബ്ളയും ലോഗോ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഗാന്ധിജിയുടെ ചിത്രവും പേരും ദേശീയപ്രതീകമാണെന്നും ഇത് വ്യാവസായികമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കോടതി സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് ഇറക്കുകയും ചെയ്തു.

ലോകമെമ്പാടുമായി ലക്ഷക്കണക്കിനു യുവാക്കളുടെ ഹരമായ ലകോസ്റ്റെ ബ്രാന്‍ഡ് ലോഗോ നേടിയെടുക്കാനുള്ള നിയമപോരാട്ടത്തില്‍ പരാജയപ്പെടുകയുണ്ടായി. ബ്രിട്ടനിലെ രണ്ടു ദന്ത ഡോക്ടര്‍മാരാണ് കമ്പനിയെ വെട്ടിലാക്കിയത്. ഈ ഡോക്ടര്‍മാര്‍ തങ്ങളുടെ ആശുപത്രിയുടെ ഭാഗ്യമുദ്രയായി സ്വീകരിച്ചിരിക്കുന്നത് ലകോസ്റ്റെയുടെ മുതലയോടു സാദ്യശ്യമുള്ള പച്ച മുതലയെയാണ്. വായ നിറയെ പല്ലുകളുള്ള ജീവിയാണു മുതലയെന്നും അതുകൊണ്ടാണു തങ്ങള്‍ മുതലയെ ലോഗോ ആക്കിയതെന്നുമാണ് ദന്തഡോക്ടര്‍മാരുടെ വാദം. കോടതിയുടെ വിധി ഡോക്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു.

മാത്​സ് ബ്ലോഗിനു ലഭിച്ച ഒരു ലോഗോ

2010 ഡിസംബര്‍ മാസം ഒന്‍പതാം തീയതി ഇതേ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാത്​സ് ബ്ലോഗിലേക്ക് ഒരു മെയില്‍ വന്നു. മലപ്പുറം കടമ്പോട് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ കെ. പത്മപ്രസാദ് ആയിരുന്നു മെയിലയച്ചത്. അദ്ദേഹം ഡിസൈന്‍ ചെയ്ത ലോഗോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായി ഒട്ടേറെ പേര്‍ ഈ ലോഗോ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അന്നു മെയിലില്‍ സൂചിപ്പിച്ചിരുന്നു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം വരച്ചു കാട്ടുന്ന ആശയമായിരുന്നു ഈ ലോഗോയില്‍ ഉണ്ടായിരുന്നത്. തീര്‍ച്ചയായും പത്മപ്രസാദ് സാറും ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടാകണം.

ഒരു ലോഗോ തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ റെഡിയല്ലേ?
.gif, jpeg, jpg എന്നീ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ചിത്രത്തിന്റെ വലിപ്പം 200 kbയില്‍ കൂടരുതെന്ന് പ്രത്യേകം നിബന്ധനയുണ്ട്. സമ്മാനാര്‍ഹമായ ചിത്രത്തിന് 10000 രൂപ ലഭിക്കുമെന്നതിനാല്‍ ചിത്രം തയ്യാറാക്കുന്നയാളിന്റെ പേര്, വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നല്‍കണം. ചിത്രവും അതേ പേജില്‍ നിന്നു തന്നെ അപ്‌ലോഡ് ചെയ്യാം.
Post Logo here

നിങ്ങളാണ് ആ ലോഗോ ഡിസൈന്‍ ചെയ്യുന്നതെങ്കിലോ? ആ സുവര്‍ണാവസരം വിട്ടുകളയല്ലേ? വരയ്ക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍, നമ്മുടെ സുഹൃത്തുക്കള്‍ അങ്ങിനെ ആര്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. മികച്ച ലോഗോകള്‍ക്കായി കാത്തിരിക്കുന്നു.

ലോഗോ മത്സരം വിജയി

ഇതാ, ആ വരമുദ്ര. അധ്യാപക സമൂഹത്തിനു കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ. അധ്യാപകര്‍ക്കായി, അര്‍ഥസമ്പുഷ്ടമായൊരു ലോഗോ ജനപങ്കാളിത്തത്തോടെ തയാറാക്കാനുള്ള ശ്രമത്തിനു മലയാള മനോരമ തുടക്കമിട്ടത് അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്. അധ്യാപകരോടുള്ള സ്നേഹവും ആദരവും നിറയുന്ന ഒട്ടേറെ ഗുരുദക്ഷിണകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവഹിച്ചു. പലഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകള്‍ക്കുശേഷം അതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുരുമുദ്രയാണിത്.

ലാളിത്യം നിറഞ്ഞ ഈ മുദ്ര, ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും വെളിപ്പെടുത്തുന്നു. ഇതിലെ വലിയ ആള്‍രൂപം ഗുരുവിന്റേതാണ്. ഗുരുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചെറിയ രൂപം ശിഷ്യന്റേതും. അറിവിന്റെ ആദിമുദ്രകളിലൊന്നായ സ്ളേറ്റോ, നവീനകാലത്തിന്റെ ഐ പാഡോ ആയി തിരിച്ചറിയാവുന്ന പശ്ചാത്തലത്തിലാണു ഗുരുവിനെയും ശിഷ്യനെയും വിന്യസിക്കുന്നത്.

ഏറ്റവും ലളിതമായൊരു മുദ്രയാകണം അധ്യാപകരുടേതെന്ന ബോധ്യത്തില്‍നിന്നാണ് ഈ ലോഗോ രൂപപ്പെട്ടതെന്ന് ഇതിനു രൂപം നല്‍കിയ കെ.കെ. ഷിബിന്‍ പറയുന്നു. ചോക്കു കൊണ്ടു ഭിത്തിയില്‍ വരച്ചുവയ്ക്കാവുന്നത്ര ലളിതം. തലശേരി കൂരാറ സ്വദേശിയായ കെ.കെ. ഷിബിന്‍ ചിറക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ഇന്‍്സ്ട്രക്ടറാണ്. ഡിസൈനര്‍ കൂടിയായ ഷിബിന്‍ കേന്ദ്ര ധനമന്ത്രാലയം നടത്തിയ 'രൂപയുടെ ചിഹ്നം രൂപകല്‍പനാ മല്‍സരത്തില്‍ അവസാനത്തെ അഞ്ചുപേരില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് ഈ ചുരുക്കപ്പട്ടികയിലെത്തിയ ഏക വ്യക്തിയും ഷിബിനായിരുന്നു. അധ്യാപക മുദ്ര രൂപകല്‍പനയില്‍ വിജയിയായ ഷിബിന് 10,001 രൂപയാണ് സമ്മാനം.

അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 'നല്ല പാഠം പ്രവര്‍ത്തകരുടെ ആശയമാണ് ലോഗോ രൂപകല്‍പനയ്ക്കു പ്രചോദനമായത്. മൂവായിരത്തിലേറെ ലോഗോകളില്‍നിന്നു പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്തതു 30 മുദ്രകളാണ്. അതില്‍നിന്നു പത്തെണ്ണം തിരഞ്ഞെടുത്തതു വിദഗ്ധ സമിതിയും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ എം. ഷാജഹാന്‍, അബ്ദുല്‍ സമദ്, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, എ.കെ. സൈനുദ്ദീന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ കേരളത്തിനു സമര്‍പ്പിച്ച 10 മുദ്രകളില്‍നിന്നു വായനാസമൂഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുത്തതാണ് ഈ സവിശേഷ മുദ്ര.
Click here to download the Logo for Teachers

Sabtu, 08 September 2012

പൂജ്യവും ജസ്റ്റീസ് കാട്ജുവും ...

“ The level of intellect of many teachers is low, because many of them have not been appointed on merit but on extraneous considerations. To give an example, when I was a judge of Allahabad High Court I had a case relating to a service matter of a mathematics lecturer in a university in Uttar Pradesh. Since the teacher was present in court I asked him how much one divided by zero is equal to. He replied, “Infinity.” I told him that his answer was incorrect, and it was evident that he was not even fit to be a teacher in an intermediate college. I wondered how had he become a university lecturer (In mathematics it is impermissible to divide by zero. Hence anything divided by zero is known as an indeterminate number, not infinity).“Professor, teach thyself - Markandey Katju

ചളവറ സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ഗോവിന്ദരാജന്‍മാഷ് നമ്മുടെ രാമനുണ്ണിമാഷിന് അയച്ചുകൊടുത്ത ഒരു കുറിപ്പാണ് ഇന്നത്തെ പോസ്റ്റ്. കുറിപ്പിനാധാരം പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഭിവന്ദ്യനായ മാര്‍ക്കണ്ടേയ കാട്ജു 2012 സെപ്റ്റംബര്‍ 3ന്റെ ഹിന്ദു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിന്റെ ഒരു ഖണ്ഡികയാണ്. ലേഖനത്തിന്റെ ഉള്ളടക്കം വളരെ പ്രസക്തവും തീര്‍ച്ചയായും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് [അങ്ങനെ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്] എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ഈ പോസ്റ്റില്‍, മേല്‍ ഖണ്ഡികയില്‍ മാത്രം ഊന്നല്‍ നല്‍കുന്നു എന്നു മാത്രം. അതും ഈ ഗണിതശാസ്ത്ര വര്‍ഷത്തില്‍ !
ഗണിതശാസ്ത്ര പ്രൊഫസര്‍ 'ഇന്‍ഫിനിറ്റി’ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ നമുക്ക് ചോദിക്കാവുന്ന ഉപചോദ്യം 'ഇന്‍ഫിനിറ്റി' യെ പൂജ്യം കൊണ്ട് ഗുണിക്കുമ്പൊള്‍ 'ഒന്ന്’ കിട്ടുമോ എന്നതാണല്ലോ. അതിന്റെ തുടര്‍ച്ചയായി പറയാന്‍ തോന്നുക If x,y are positive integers and if x/0=y/0=infinity then x=y=0 is absurd എന്നു മാണല്ലോ? അപ്പോള്‍ എന്താണ് യഥാര്‍ത്ഥ പ്രശ്നം?
ഗണിതശാസ്ത്ര പ്രൊഫസറുടെ 'ഇന്‍ഫിനിറ്റി’ എന്ന ഉത്തരം വളരെ പഴഞ്ചനായ ഒരു അറിവ് മാത്രമാണ്. ഗണിതാധ്യാപകനല്ലാത്ത ഒരാളിന്റെ കാര്യത്തില്‍ ഈ 'അറിവ്’ പ്രത്യേകിച്ച് കുഴപ്പങ്ങളുണ്ടാക്കില്ല. ടോളമി രാജാവ് മന്ത്രിയോട് ഒരിക്കല്‍ ഈ പ്രശ്നം പരിശോധിക്കാനേല്‍പിച്ചുവല്ലോ. ഒന്നില്‍ എത്ര പൂജ്യങ്ങളുണ്ടെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഒരു ബക്കറ്റ് വെള്ളം [ പരിചാരകരെക്കൊണ്ട്] എടുത്ത് മുറുക്കിയടച്ച ഒരു കപ്പുകൊണ്ട് ബക്കറ്റിലെ വെള്ളം എത്രപ്രാവശ്യം കോരിയെടുക്കാനാവുമെന്ന് എണ്ണിനോക്കിയത്. 'ഇന്‍ഫിനിറ്റി’ തവണ എന്നു തീര്‍ച്ചയാക്കിയ വിവരം ടോളമിയെ സന്തോഷിപ്പിച്ചത്. നമ്മുടെ നാട്ടില്‍ അടിപൊളിഞ്ഞ ബക്കറ്റുകൊണ്ട് കിണര്‍ കോരി വറ്റിക്കാന്‍ ഏതോ മണ്ടന്‍ [ പഴയ ടോളമി രാജാവായിരുന്നു] ശ്രമിച്ചതു പോലെ. ഈ തീരുമാനം കണക്ക് മാഷിന്ന് ഉത്തരമായിക്കൂടെന്നല്ലേ ലേഖകന്‍ ആഗ്രഹിച്ചത്? അതും പൂജ്യത്തിന്റെ വില കണ്ടുപിടിച്ച ഒരു രാജ്യത്തെ പ്രൊഫസര്‍ !
ഇത് കണക്ക് മാഷിന്റെ കാര്യത്തില്‍ മാത്രമല്ല; ഏതു വിഷയത്തിലും പണിയെടുക്കുന്ന മാഷമ്മാരുടെ കാര്യം പൊതുവേ കുറേകൂടി ആലോചിക്കേണ്ടിവരും. പുതിയ പാഠപദ്ധതിയും സമീപനവും കുട്ടികളില്‍ [എല്ലാ വിഷയങ്ങളിലും ] വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. അത് അറിവിന്റെ കാര്യത്തിലും അറിവുല്‍പാദനത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. പുതിയ കാലഘട്ടവും അതിന്ന് കാരണമായിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ [ മാഷ്] പലരും ഈ വലിയ ‘ലീപ്പ്’ എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആലോചിക്കാതെ , വിലയിരുത്താതെ മുന്നോട്ടുപോകാനാവില്ല.
വാല്‍ക്കഷണം:1. കുട്ടിക്ക് അറിവുണ്ടാക്കാന്‍ അദ്ധ്യാപകര്‍ ക്ലാസ് മുറിയില്‍ പ്രയോഗിക്കുന്ന ഒരു ടെക്നിക്കും [ അറിവ് നിര്‍മ്മാണ പ്രക്രിയകള്‍ ] സ്വയം അറിവുണ്ടാക്കാന്‍ മാഷ് ഇന്നേവരെ ഉപയോഗപ്പെടുത്തിയില്ലല്ലോ? കുട്ടിയുടെ ജ്ഞാനനിര്‍മ്മിതിയും മാഷിന്റെ ജ്ഞാന നിര്‍മ്മിതിയും രീതികളില്‍ വ്യത്യാസപ്പെടുന്നോ?
2. ഓ...ഈ പുതിയ സം‌വിധാനങ്ങളും രീതികളും ഒന്നും എനിക്കറീലാ ട്ടോ... എന്ന് മാഷ് പറയുന്നത് വിനയം കൊണ്ടല്ല എന്നും ; മറിച്ച്......[ അല്ലെങ്കില്‍" ന്റെ മാഷെ ങ്ങക്ക് അതറീല്യേ ... " ന്ന് കുട്ടി / രക്ഷിതാവ് ചോദിക്കുമ്പോ എന്തിനാ കയര്‍ക്കുന്നത്?]

Selasa, 04 September 2012

അധ്യാപകദിനാശംസകള്‍.

ഇന്ന്‌ സെപ്‌റ്റംബര്‍ 5 അധ്യാപക ദിനം. ഇന്ന്‌ രാജ്യമുടനീളം അധ്യാപകദിനമായി ആചരിക്കുകയാണ്‌. മുന്‍രാഷ്‌ട്രപതി ഡോ.എസ്‌. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി കണ്ടെത്തിയത്‌ ഏറെ ഉചിതമാണ്‌. ദാര്‍ശനിക ചിന്തകനും തത്വശാസ്‌ത്രകാരനുമെല്ലാമായ ഡോ. എസ്‌. രാധാകൃഷ്‌ണന്‍ പ്രഗത്ഭമതിയായ അധ്യാപകനായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച്‌ ഉള്‍ക്കാഴ്‌ചയുണ്ടായിരുന്ന അദ്ദേഹം അധ്യാപകവൃത്തിയ്‌ക്ക്‌ മഹത്വവും ആത്മാവിഷ്‌കാരവും നല്‍കിയ വ്യക്തിയായിരുന്നു.ഈ അവസരത്തില്‍ എല്ലാ അധ്യാപകര്‍ക്കും മാത്​സ് ബ്ലോഗിന്റെ എല്ലാ ആശംസകളും നേരുന്നതോടൊപ്പം, സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ പി കെ അബ്ദുറബ്ബ് ഈ അവസരത്തില്‍ നല്‍കുന്ന സന്ദേശം പകരുകകൂടി ചെയ്യുന്നു.
നവ സമൂഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കേണ്ട പദം അധ്യാപകന്‍ എന്നതാണ്‌. പരിവര്‍ത്തനത്തിന്റെ ഓരോ ദിവ്യമുഹൂര്‍ത്തങ്ങളേയും സൃഷ്‌ടിക്കാന്‍ അധ്യാപകര്‍ ഏറ്റിട്ടുള്ള ചുമതല പുതുക്കലാണ്‌ ക്ലാസുമുറികളില്‍ സംഭവിക്കുന്നത്‌ അഥവാ സംഭവിക്കേണ്ടത്‌. മാതാ പിതാ ഗുരു ദൈവം എന്ന കാഴ്‌ചപ്പാട്‌ തലമുറകളിലേക്ക്‌ നീളണം. എവിടെയെങ്കിലും ഇടര്‍ച്ചയുണ്ടായാല്‍ കാര്യങ്ങളുടെ താളാത്മകത നഷ്‌ടപ്പെടും. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസരീതിയുടെ തത്ത്വശാസ്‌ത്രം സ്വന്തം വിരല്‍തുമ്പ്‌ ഉപയോഗിച്ച്‌ പരിശോധിക്കാന്‍ കഴിയുന്ന സൗഭാഗ്യം വന്നിട്ടുള്ള ജനതയാണ്‌ നമ്മള്‍. ഈ പരിശോധനയുടെ ഏകദേശതയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം അധ്യാപകനെ നായകന്‍ എന്ന സ്ഥാനത്തുനിന്നും അല്‍പം പോലും പിന്നോട്ടാക്കുന്ന ഒരു പ്രവണതയും വളര്‍ന്നുവരുന്നില്ല എന്നതാണ്‌. ലോക രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന, നമ്മുടെ ഊഹത്തിന്‌ അപ്പുറത്തുള്ള വികസനകാര്യങ്ങളില്‍ പോലും അധ്യാപകനും അവന്റെ വാക്കും പ്രഥമസ്ഥാനത്ത്‌ പരിഗണിക്കപ്പെടുന്നു എന്നു വരുന്നതില്‍ പരം അധ്യാപക സമൂഹത്തിന്‌ അഭിമാനിക്കാന്‍ മറ്റെന്താണുള്ളത്‌.

വെടിവെയ്‌പ്പിന്റെ ഒച്ചയും കണ്ണീരിന്റെ നനവും ഒക്കെ ഉള്ളിടത്തും ഈ സ്ഥിതി തുടരുന്നു. ലോക ബുദ്ധിജീവി വര്‍ഗ്ഗത്തിന്റെ പട്ടികയില്‍ ആദ്യം വരുന്നത്‌ അധ്യാപകരാണ്‌. സാഹിത്യകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, നീതിപാലകന്‍ തുടങ്ങിയവര്‍ അതിനു പിന്നിലുണ്ട്‌. എന്നിട്ടും തന്റെ ഉത്‌കൃഷ്‌ടതയും ചുമതലയും യഥോചിതം മനസിലാക്കി ഉണര്‍വുകാട്ടാന്‍ അധ്യാപക സമൂഹത്തിന്‌ കഴിഞ്ഞോ എന്ന്‌ അവര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്‌. സമൂഹ പരിവര്‍ത്തന ചുമതല, അത്‌ ആജീവനാന്ത ചുമതലയാണെന്നു മനസിലാക്കാതെ, ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവെയ്‌ക്കുന്ന സമ-യ-ദൈര്‍ഘ്യത്തിനുള്ളില്‍ മാത്രമുള്ളതാണെന്ന്‌ തെറ്റിദ്ധരിച്ചവരും കുറവല്ല. അറിവിന്റെ മേഖല ഒരതിരിനും തിരിച്ചുനിര്‍ത്താനാവാത്ത വിധത്തില്‍ വൈപുല്യം പ്രാപിക്കുമ്പോള്‍ ഇവിടെ നായകനാകണമെങ്കില്‍ അശ്രാന്ത പരിശ്രമം ആവശ്യമാണ്‌. മനുഷ്യ ജീവിതത്തെ, മനുഷ്യോചിതവും കലോചിതവും ആക്കി പരിവര്‍ത്തിപ്പിക്കാന്‍ നായകന്‍ ചില രീതികള്‍ പിന്തുടരണം. ഇത്‌ സുസമൂഹത്തിന്റെ തേട്ടമാണ്‌, നേട്ടമാണ്‌. ഇവിടെ മാതൃക എന്ന പദത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.

പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. സൂക്ഷ്‌മതയോടെയുള്ള പരിചരണമില്ലെങ്കില്‍ പുഷ്‌പ്പിക്കാതിരിക്കാം, ദലങ്ങള്‍ കൊഴിഞ്ഞേക്കാം, കളകള്‍ കീഴടക്കിയേക്കാം. അതിന്‌ അനുവദിക്കാതെ ഇതുവരെയും നാം കാത്തുപോന്നു. അതില്‍ അധ്യാപകരെ ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നു. അത്‌ ഇനിയും തുടരുമെന്ന്‌ ഈ ദിനത്തില്‍ നമുക്ക്‌ പുന:രര്‍പ്പണം നടത്താം. ജീവിത വിശുദ്ധിയുടെ ആധികാരികകേന്ദ്രം അധ്യാപകരാകണം. എല്ലാവിധ ലാളിത്യത്തോടും എളിമയോടും അവര്‍ സമരസപ്പെടണം. പൊതുധാരയ്‌ക്കനുസരിച്ച്‌ ജീവിതം നയിക്കാന്‍ അവര്‍ തയ്യാറാകരുത്‌. പ്രലോഭനങ്ങളുടെ വിപഞ്ചികകളെ അവര്‍ തട്ടിമാറ്റണം. അവരുടെ സംസാരവും വാസ ഗൃഹവുമെല്ലാം ഈ മാതൃകയില്‍പെടണം. ആത്മീയമായ ഔന്നത്യം സ്‌ഫുരിക്കുന്ന പദമാവണം നാവില്‍ നിന്നു വരേണ്ടത്‌. ഒരു തിന്മയോടും അവര്‍ രാജിയാകരുത്‌. ഞാനെന്ന ഭാവവും ഉള്‍ അഹങ്കാരവും അവരെ തൊട്ടുതീണ്ടരുത്‌. അവര്‍ മികച്ച വായനാക്കാരാകണം. വേദന അനുഭവിക്കുന്നവരുടെ ഇടയിലൂടെ അവര്‍ സഞ്ചരിക്കണം. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ അവര്‍ പതറാത്ത മനസു കാണിക്കണം. ധനാര്‍ത്തിയും ധൂര്‍ത്തും അവരിലേക്ക്‌ കടന്നു വരരുത്‌. ഇങ്ങനെയുള്ളവരുടെ ഉപദേശങ്ങള്‍ക്ക്‌ സ്വര്‍ണത്തേക്കാള്‍ വിലയുണ്ടാകുമെന്ന്‌ ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍മാരായ സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഡോ. എസ്‌. രാധാകൃഷ്‌ണന്‍, അബ്‌ദുല്‍ക്കലാം ആസാദ്‌, ഉള്‍പ്പടെയുള്ളവര്‍ നമുക്ക്‌ പകര്‍ന്നു നല്‍കിയ വിദ്യാഭ്യാസ മൂല്യ സങ്കല്‌പങ്ങള്‍ കാലാതിവര്‍ത്തിയാണ്‌. ദൃശ്യ ധാരാളിത്തങ്ങളില്‍ മുഴുകാതെ ഈ മൂല്യങ്ങളെ വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നു.

ഇവിടെ ഉപയേഗിച്ച അധ്യാപകന്‍ എന്ന പദം കുടിപ്പള്ളിക്കൂടം മുതല്‍ ഗവേഷണ ക്ലാസില്‍ അധ്യാപനം നിര്‍വ്വഹിക്കുന്ന മഹത്‌ വ്യക്തിയെ വരെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്‌. അധ്യാപകരുടെ സംഘടിത കരുത്ത്‌ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. അദ്ധ്യാപകന്റെ അവകാശ സംരക്ഷണം എന്നാല്‍ മാതൃകയാകാനുള്ള പോരാട്ടമാകണം. നഗരത്തിന്റെ തിരക്കില്‍ മുതല്‍ ഒരു വാഹനവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ പോലും സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അസാധാരണ സാമൂഹിക ത്വരയുള്ള അധ്യാപകരുടെ മേല്‍നോട്ടമാണ്‌ അത്തരം വിദ്യാലയങ്ങളെ സജീവമാക്കുന്നത്‌. അത്തരത്തിലുള്ള അധ്യാപകരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.

സംസ്ഥാനത്ത്‌ വിദ്യാഭ്യാസരംഗം വളരെ കരുത്തോടെയും, കരുതലോടെയും മുമ്പോട്ട്‌ പോകുകയാണ്‌. വരും തലമുറയ്‌ക്ക്‌ ജീവിത സുരക്ഷിതത്വത്തിനു വേണ്ട അറിവും സാമഗ്രികളും ഒരുക്കുന്നതില്‍ നാം മുമ്പിലാണ്‌. മലയാളം സര്‍വ്വകലാശാലയും, സാങ്കേതിക സര്‍വ്വകലാശാലയുമെല്ലാം ഈ പന്ഥാവിലെ വഴി വിളക്കുകളാകും. എല്ലാറ്റിനേയും സമൂഹബന്ധിയും ഗന്ധിയുമാക്കാന്‍ അദ്ധ്യാപകര്‍ക്ക്‌ മാത്രമേ കഴിയൂ. അവര്‍ അസാധാരണ വൈദഗ്‌ധ്യത്തോടെ ആ ചുമതല നിര്‍വ്വഹിക്കുമെന്ന്‌ എനിക്ക്‌ നന്നായി അറിയാം. അറിവിന്റെ മേഖല പോലെ തന്നെ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ വകുപ്പ്‌ മുന്നേറിയിട്ടുണ്ട്‌. അധ്യാപകര്‍ക്ക്‌ ഉപകാര പ്രദമാകുന്ന അനേകം പദ്ധതികളാണ്‌ ആവിഷ്‌കരിച്ചത്‌. അതിന്റെ പ്രയോജനം ലഭിക്കുന്നത്‌ മൊത്തം സമൂഹത്തിനാണെന്ന്‌ തിരിച്ചറിയുന്നു. ഉത്സാഹപൂര്‍ണ്ണമായ കുതിപ്പും ആവേശവും എന്നും വിദ്യാലയങ്ങളില്‍ ദൃശ്യമാക്കണമെന്ന്‌ ആവശ്യപ്പെടുന്നു, അഭിവാദനങ്ങള്‍.

Selasa, 31 Juli 2012

ഒരുകോടി സ്വപ്നങ്ങളായി..മനസ്സിന്റെ മണിമഞ്ചലില്‍.


ഒരു കോടി പേജ് ഹിറ്റുകള്‍. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ പോലെ തന്നെ വളരെ പെട്ടന്ന് മാത്​സ് ബ്ലോഗ് ആ നേട്ടത്തിലേക്കെത്തി. മലയാളം ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്​സ് ബ്ലോഗ് കുടുംബം ഏറെ സന്തോഷിക്കുന്നു. മലയാളത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള  ബ്ലോഗുകളിലൊന്നാണ് നമ്മുടേത്. ദിനംപ്രതി ശരാശരി 30,000 സന്ദര്‍ശനങ്ങള്‍. ഈ നേട്ടത്തില്‍ മലയാളം ബ്ലോഗേഴ്സ് അടക്കം നമ്മുടെ സന്ദര്‍ശകര്‍ ഒന്നടങ്കം ഈ സന്തോഷിക്കുകയാണെന്നു ഞങ്ങള്‍ക്കറിയാം. ഇന്ന് ജൂലായ് 31. മാത്​സ് ബ്ലോഗിന് തുടക്കമിട്ടത് 2009 ജനുവരി 31. കൃത്യം മൂന്നര വര്‍ഷങ്ങള്‍. വിവര വിനിമയ സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും നമ്മുടെ അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങളറിയാതെ ഉഴറുന്നത് കണ്ടാണ് മാത്‌സ് ബ്ലോഗ് ആരംഭിക്കുന്നത്. കേരളത്തിലെ അധ്യാപകരുടെ വിദ്യാഭ്യാസ സംബന്ധിയായ ചര്‍ച്ചകളാണ് ഇതിലൂടെ പ്രതീക്ഷിച്ചത്. ആ സംരംഭം കേരളത്തിലെ അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും കൈ നീട്ടി സ്വീകരിച്ചുവെന്ന് കാണുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി സന്തോഷവും തോന്നുന്നു. അറിവിന്റെ കുത്തകവല്‍ക്കരണത്തിനെതിരെയുള്ള യാത്ര പാഠപുസ്തകങ്ങളില്‍ മാത്രമൊതുങ്ങുന്ന കാലഘട്ടത്തിലാണ് മാത്‌സ് ബ്ലോഗ് രംഗത്തെത്തുന്നത്. ഏതറിവുകളും ചില വ്യക്തികളിലൂടെ മാത്രം എന്ന ചിന്താഗതിക്കെതിരായിരുന്നു മാത്‌സ് ബ്ലോഗിന്റെ യാത്ര. അതിനു പിന്നില്‍ ആയിരങ്ങളും പതിനായിരങ്ങളും പ്രോത്സാഹനവുമായി ഒത്തു ചേര്‍ന്നതോടെ ആവേശം അലതല്ലി. ഈ അവസരത്തില്‍ ഒരുപാടു പേരെ ഓര്‍ക്കാനുണ്ട്. പക്ഷേ വിസ്താരഭയം നിമിത്തം അതിനു മുതിരുന്നില്ല. മാത്‌സ് ബ്ലോഗിനോട് സഹകരിച്ച എല്ലാവര്‍ക്കും ഒരു കോടി പ്രണാമം. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പോസ്റ്റിന്റെ കമന്റില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കേവലം ആശംസകള്‍ മാത്രമല്ല. എന്തായിരിക്കണം നമ്മുടെ ഭാവി പരിപാടികള്‍? 30000 നു മീതേയുള്ള പ്രതിദിന സന്ദര്‍ശനങ്ങള്‍ കൊണ്ട് സായൂജ്യമടയണോ..? ഇതോടൊപ്പം ബ്ലോഗിന്റെ ഒരു ഇംഗ്ലീഷ് വേര്‍ഷന്‍ എന്ന ആശയം എത്രത്തോളം നന്ന്? അതില്‍ സഹകരിക്കുവാന്‍ ആരൊക്കെയുണ്ട്? കമന്റ് ബോക്സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ ഇപ്പോഴുള്ള തടസ്സങ്ങളെന്താണ്? ഈ ബ്ലോഗുമായി താങ്കള്‍ ആദ്യമായി ബന്ധപ്പെടുന്നതെങ്ങിനെ? ഈ ബ്ലോഗ് സന്തോഷവും സന്താപവും തന്നതെപ്പോള്‍?........കാത്തിരിക്കുന്നു, ഉറക്കമിളച്ച് ബ്ലോഗ് ടീം മൊത്തം!