MATHEMATICS

Tampilkan postingan dengan label SSLC New. Tampilkan semua postingan
Tampilkan postingan dengan label SSLC New. Tampilkan semua postingan

Senin, 26 Agustus 2013

Std X - Biology - Chapters 1,2 & 3 Study Notes

ഒന്നാം പാദവാര്‍ഷിക പരീക്ഷയടുക്കുന്നു.. അധ്യാപകര്‍ തിരക്കു പിടിച്ചു പാഠഭാഗങ്ങള്‍ തീര്‍ക്കുന്ന കാഴ്ചയാണ് സ്കൂളുകളില്‍..പല അധ്യയന ദിനങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് പലരും..

ഈ അവസരങ്ങളില്‍ ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം. ഈ അവസരത്തിലാണ് മനോഹരമായ നോട്ടുകള്‍ തയാറാക്കി തരുന്ന ഇബ്രാഹിം സാറിനെയും റഷീദ് ഓടക്കല്‍ സാറിനെയും ജോണ്‍ സാറിനെയും ഒക്കെ ഓര്‍മ്മിച്ചു പോകുന്നത്..

ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസിലെ ആദ്യ മൂന്നു യൂണിറ്റുകളുടെ നോട്ടുകള്‍ - ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും തയാറാക്കി അയച്ചു തന്നിരിക്കുന്നത് റഷീദ് ഓടക്കല്‍ സാറാണ്. ഒരു പൂര്‍ണ്ണ പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കുട്ടികളെ സഹായിക്കേണ്ടവരായ അധ്യാപകര്‍ അതിനു മടിക്കില്ലെന്ന വിശ്വാസത്തോടെ റഷീദ് ഓടക്കല്‍ സാറിന്റെ നോട്സിലേക്ക്

Biology Notes

Std X

Unit 1 : English Medium - Malayalam Medium

Unit 2 : English Medium - Malayalam Medium

Unit 3 : English Medium - Malayalam Medium

Model Question Paper(Both Mediums)

Minggu, 18 Agustus 2013

Std X - Physics & Chemistry - Unit 3

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന നോട്ടുകളായി ഇബ്രാഹിം സാര്‍ ഒരുക്കുന്ന പഠനസഹായികള്‍ മാറുന്നു എന്നത് ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്​സ് ബ്ലോഗ് ടീം കാണുന്നത്. എല്ലാ വിഷയങ്ങളിലെയും ഓരോ പാഠങ്ങളും തിരിച്ച് അതാതു സമയം പഠനസഹായികള്‍ ഒരുക്കി ബ്ലോഗു വഴി ലഭ്യമാക്കണമെന്ന ഒരു ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് ഓരോ വിഷയത്തിനും പ്രത്യേകം ടീം നിര്‍മ്മിക്കാമെന്നും അതാതു വിഷയത്തിന്റെ നോട്ടുകള്‍ അവരെ കൊണ്ട് ചെയ്യിപ്പിക്കാമെന്നും എല്ലാം ചിന്തിച്ചു... എന്നാല്‍ പിന്നീട് വിവിധ തിരക്കുകളില്‍ പെട്ടതിനാല്‍ ആ ആശയം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ സാധിച്ചില്ല..

മെയിലിലേക്ക് സാധാരണ വരാറുള്ള അനേകം പഠനസഹായികളില്‍ ഒന്ന് എന്നേ ആദ്യം ഇബ്രാഹിം സാറിന്റെ നോട്സിനെ കണ്ടുള്ളു. എന്നാല്‍ അതിന്റെ നിലവാരത്തിലെ മികവും അവ ഒരുക്കുന്നതിനായി സാര്‍ എടുക്കുന്ന പ്രയത്നവും കേരളത്തിലെ അധ്യാപകര്‍ മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീട്. ഓരോ പാഠഭാഗങ്ങളും അധ്യാപകര്‍ക്ക് അധ്യ​യനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസമയത്തും സഹായകമായി മാറുന്ന പഠനസഹായികള്‍ ഒരുക്കണം എന്ന ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചിന്ത വായിച്ചെടുത്ത പോലെ കൃത്യമായി സാര്‍ നോട്സ് ഒരുക്കുകയും അധ്യാപകര്‍ സ്വീകരിക്കുകയും ചെയ്യുന്നു... ഈ മനോഹരമായ നിമിഷങ്ങള്‍ ഒരുക്കുന്നതില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ..

Click here to download Std X Physics Chapter 3

Click here to download Std X Chemistry Chapter 3

Kamis, 15 Agustus 2013

Std X - English - Unit 1 & 2 Comprehension Questions

പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്, മാത്സ് ബ്ലോഗ് ഇതിനു മുന്‍പ് പബ്ലിഷ് ചെയ്തിരുന്നു. പാഠപുസ്തകത്തില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗമാണ് Comprehension Questions.

ഇംഗ്ലീഷ് വിഷയത്തിലെ ആദ്യ രണ്ടു യൂണിറ്റുകളില്‍ നിന്നും വരാന്‍ സാധ്യതയുള്ള Comprehension Questions വിഭാഗത്തിലുള്ള എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സമാഹരിച്ച് രണ്ടു പി.ഡി.എഫ് ഫയലുകളില്‍ ഒതുക്കിയിരിക്കുകയാണ് ഇംഗ്ലീഷ് എസ്.ആര്‍.ജി കൂടിയായ തിരുവല്ല മുണ്ടപ്പള്ളി സി.എം.എസ് ഹൈസ്കൂളിലെ ജോണ്‍സണ്‍.ടി.പി സാര്‍..

ഈ തരത്തിലുള്ള ചോദ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് പരീക്ഷാ സമയത്ത് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും.


Click here to download comprehension Questions from Std X - Unit 1

Click here to download Comprehension Questions from Std X - Unit II

Sabtu, 16 Maret 2013

SSLC Quick Revision Questions for Maths Teachers


ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായപ്പെട്ട ഒരു പഠനസഹായിയായിരുന്നു സതീശന്‍ സാര്‍ തയ്യാറാക്കിയതെന്ന് എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഒരേ സ്വരത്തില്‍ സമ്മതിക്കുമെന്ന് തീര്‍ച്ച. ഈ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളും അതില്‍ ഗണിതശാസ്ത്രം ഒരുക്കത്തിന്റെ ഉത്തരങ്ങളും ഏവരും കണ്ടു കാണും. ഇതെല്ലാം പഠിപ്പിക്കുന്നത് കൂടാതെ ഓരോ വിഷയത്തിലും നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വട്ട റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ ചോദ്യങ്ങള്‍ ഇതാ.. പാഠപുസ്തകത്തിലെ എല്ലാ കരിക്കുലം ഒബ്ജക്ടീവ്സിലൂടെയും (പഠനലക്ഷ്യങ്ങള്‍) കടന്നു പോകുന്ന തരത്തിലാണ് ജോണ്‍ സാര്‍ ഈ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗണിതശാസ്ത്രവിഭാഗം അധ്യാപകര്‍ ഈ ചോദ്യങ്ങള്‍ നേരത്തേ ചെയ്തു നോക്കുകയും പിന്നീടിത് മാത്​സ് സ്പെഷല്‍ ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പാഠപുസ്തകത്തിലൂടെയുള്ള ഒരു സഞ്ചാരമാകും അത്. കുട്ടികളെ പാഠഭാഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതിന് ഇതിലും നല്ലൊരു മാര്‍ഗമുണ്ടെന്ന് തോന്നുന്നില്ല. എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അല്പം കഠിനനിലവാരത്തിലുള്ളതും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലുള്ളതുമായ ചോദ്യങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി ഈ ചോദ്യങ്ങള്‍ അല്പം ലളിതമായ ചോദ്യങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അധ്യാപകര്‍ ആദ്യം പരിശീലിച്ച ശേഷം കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്നാണ് തോന്നുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്താം.

Maths Blog Quick Revision Questions
Prepared By John.P.A, Maths Blog Team

Selasa, 12 Maret 2013

ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..?
അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

Senin, 11 Februari 2013

എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം


എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി പ്രാക്ടിക്കല്‍ പരീക്ഷയെ സമീപിക്കേണ്ട വിധമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പ്രകാരം സോഫ്റ്റ്‌വെയറില്‍ പ്രത്യക്ഷപ്പെടുന്ന 14 പ്രാക്ടിക്കല്‍ ചോദ്യങ്ങളെ താഴെ നല്‍കിയിരിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  
പത്താം ക്ലാസ് ഐ.സി.ടി. പാഠപുസ്തകത്തില്‍ ആകെ ഒമ്പത് അധ്യായങ്ങളാണല്ലോ ഉള്ളത്. ഇതില്‍ നിലവില്‍ നമ്മുടെ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് പ്രായോഗിക പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍(ചില അധ്യായങ്ങളിലെ ) നിന്നുള്ളവയെ ഈ വര്‍ഷം ഇതുവരെ നടന്ന പ്രാക്ടിക്കല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാ:- നെറ്റ്‌വര്‍ക്കിംഗ്( വിവരങ്ങള്‍ പങ്കുവെക്കാം), drupal gardens(നമുക്കൊരു വെബ്‌സൈറ്റ്), കമ്പ്യൂട്ടര്‍ എന്ന യന്ത്രം എന്ന അധ്യായത്തിലെ Sysinfo ഒഴികെയുള്ള ഭാഗം.

പരീക്ഷക്കുള്ള ആകെ സമയം തൊണ്ണൂറ് മിനിട്ടാണെന്നറിയാമല്ലോ? മുന്‍വര്‍ഷങ്ങളില്‍ തിയറി പരീക്ഷാ സമയത്ത് വിദ്യാര്‍ഥിക്ക് ലഭ്യമായിരുന്ന സൗകര്യങ്ങള്‍ സോഫ്റ്റ്‌വെയറിലെ തിയറി പരീക്ഷാസമയത്തും ലഭിക്കുന്നുണ്ട്. തിയറി പരീക്ഷയുടെ സമയം അവസാനിപ്പിക്കും വരെ ഉത്തരങ്ങള്‍ ‌മാറ്റി എഴുതാനുള്ള സൗകര്യം, ഏത് മുന്‍ഗണനാ ക്രമത്തിലും തിയറി ചോദ്യത്തിന് ഉത്തരം എഴുതാനുള്ള സൗകര്യം എന്നിവ സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. പേന കൊണ്ട് എഴുതാനെടുക്കുന്ന സമയം സോഫ്റ്റ്‌വെയറിലെ ഉത്തരങ്ങളില്‍ ടിക് മാര്‍ക്ക് ചെയ്യുമ്പോള്‍ വേണ്ടതില്ല എന്നത് കൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തിയാല്‍ അവ എഴുതാനെടുക്കുന്ന സമയം നിമിഷങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുരുങ്ങിയത് പത്തുമിനിട്ടെങ്കിലും സമയമെടുത്ത് എല്ലാ ചോദ്യങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുക. (അധികമായ സമാശ്വാസ സമയം ഉള്‍പ്പെടെയാണ് ആകെ പരീക്ഷാസമയം എന്ന ധാരണ ഉണ്ടാവുന്നത് നന്ന് ). തുടര്‍ന്ന് ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ക്ക് നേരെ ടിക് മാര്‍ക്ക് നല്‍കാം. തിയറി പരീക്ഷ അവസാനിപ്പിക്കാനുള്ള ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് (Warning Message) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മാര്‍ക്കു ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഈ മെസ്സേജില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 


തിയറി പരീക്ഷക്ക് നാമെടുത്ത സമയത്തിന് ആനുപാതികമായി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്യാനുള്ള സമയത്തില്‍ വ്യത്യാസം വരുമെന്ന് അറിയാമല്ലോ ? എഴ് പ്രാക്ടിക്കല്‍ ചോദ്യങ്ങളുള്ളത് കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ആരംഭിക്കേണ്ടതുണ്ട്. ഓരോ ചോദ്യങ്ങളുടെ ഉത്തരവും പരമാവധി 8 മിനുട്ടിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണം. എല്ലാവരും എല്ലാ ചോദ്യങ്ങള്‍ക്കും ഈ സമയ നിഷ്ഠ തന്നെ പാലിക്കണമെന്നത് നിര്‍ബന്ധമില്ല . പത്ത് മിനിട്ടില്‍ കൂടുതല്‍ ഒരു ചോദ്യത്തിന് സമയം ചെലവഴിച്ചാല്‍ അത് തുടര്‍ന്നു വരുന്ന ചോദ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. ഓരോ ഉത്തരം ചെയ്ത് തീരുമ്പോഴും അവയുടെ ഉല്പന്നം അവരവരുടെ ഫോള്‍ഡറുകളില്‍ സേവ് ചെയ്യുകയും ഇന്‍വിജിലേറ്ററെ കാണിക്കുകയും വേണം.


പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാവശ്യമായ റിസോഴ്സുകള്‍ Home ഫോള്‍ഡറില്‍ ലഭ്യമാണ്. ഇതില്‍ നമുക്കൊരു വെബ്‌സൈറ്റ്, വിവര വിശകലനത്തിന്റെ പുതുരീതികള്‍ , എന്റെ വിഭവ ഭൂപടം, വരകള്‍ക്ക് ജീവന്‍ പകരാം എന്നീ പാഠഭാഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ റിസോഴ്സുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയത് തന്നെ (സോഫ്റ്റ്‌വെയറില്‍ ഉള്ള പോലെ - മറ്റൊരാള്‍ മാറ്റം വരുത്താത്തത്.) ലഭിക്കേണ്ടതുണ്ട്. ഉദാഹരണമായി ഒരു വിദ്യാര്‍ഥി ഉത്തരം ചെയ്യുമ്പോള്‍ സേവ് ചെയ്ത് മാറ്റം വന്ന ക്യൂജിസ് പ്രോജക്ട് ഫയല്‍ തൊട്ടടുത്തു വരുന്ന വിദ്യാര്‍ഥിക്ക് ലഭിക്കരുത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഓരോ പ്രാവശ്യവും പരീക്ഷ റണ്‍ ചെയ്യുമ്പോഴും Exam_documents എന്ന ഫോള്‍ഡറിലെ എല്ലാ contents കളും പുതുതായി ലോഡ് ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. അപ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫ്രഷ് ആയ റിസോഴ‌്സുകളാണ് ലഭിക്കുക. എന്നാല്‍ മോഡല്‍ പരീക്ഷയില്‍ ഇത് പ്രവര്‍ത്തിച്ചില്ല എന്നാണ് മാത്സ്ബ്ലോഗിലെ കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ഓപ്പണ്‍ഓഫീസുമായി ബന്ധപ്പെട്ട റിസോഴ്സില്‍ ടെംപ്ലേറ്റ് ഫയലുകളുണ്ടാവും ( ott, ots etc.) മെയില്‍ മെര്‍ജ് ചെയ്യാനുള്ള ചോദ്യത്തിന് ഈ ടെംപ്ലേറ്റ് ഫയല്‍ തുറന്ന ഉടനെ സേവ് ചെയ്യണം. എന്നാലേ ഇത് ഉപയോഗിച്ച് മെയില്‍ മെര്‍ജ് ചെയ്യാന്‍ സാധിക്കൂ.
മോഡല്‍ പരീക്ഷയിലെ ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ വിശകലനം 



ഒന്നാമത്തെ അധ്യായമായ മിഴിവാര്‍ന്ന ചിത്രലോകം എന്ന ഭാഗത്തില്‍ നിന്നും ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ലോഗോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് വന്നത്. ഇതില്‍ പാഠപുസ്തകത്തിലെ പേജ് 9 ല്‍ പരിചയപ്പെടുന്ന പ്രധാന ടൂളുകളുടെ പ്രയോഗസാധ്യതയാണ് വിലയിരുത്തുന്നത്. Create Rectangles and squares Tool , Fill and Stroke, Gradient Tool , Text Tool എന്നിവയുടെ ഉപയോഗം വിദ്യാര്‍ഥികള്‍ ശരിക്ക് മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിന് അനായാസം ഉത്തരം ചെയ്യാം. അമീബയെ വരക്കല്‍, ഗേറ്റ് (കമാനം)നിര്‍മ്മാണം, ത്രിമാന രൂപങ്ങള്‍, പൂവ് വരക്കല്‍ എന്നിവയും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളും വാര്‍ഷികപ്പരീക്ഷക്കായി പരിശീലിക്കേണ്ടതാണ്. Gradient ടൂള്‍ , ക്ലോണ്‍, ഡ്യൂപ്ലിക്കേറ്റ് , ഗ്രൂപ്പിംഗ് എന്നീ സങ്കേതങ്ങളുടെ പ്രയോഗവും പരീക്ഷയ്ക്ക് പ്രതീക്ഷിക്കാം , Export as PNG, Save in SVG എന്നിവ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയറില്‍ മലയാളത്തില്‍ Text എഴുതുമ്പോള്‍ ഫോണ്ട് rachana സെലക്ട് ചെയ്യണമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ക്സ്കേപിലെ ക്യാന്‍വാസിന് (പേജ്) പുറത്തുള്ള പശ്ചാത്തലത്തില്‍ ചിത്രം വരക്കുകയാണെങ്കില്‍ Save ചെയ്യുന്നതിന് മുമ്പ് File → Document Properties → Resize page to content → Resize page to drawing or selection എന്നതില്‍ ക്ലിക്ക് ചെയ്ത് നാം വരച്ച ചിത്രം പേജില്‍ തന്നെ വരുത്തേണ്ടതാണ്. ഓരോ ചോദ്യങ്ങളുടെയും Scoring Indicators സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. അധ്യാപകരുടെ സഹായത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നത് നന്നായിരിക്കും. 



മൂന്നാമത്തെ അധ്യായമായ എന്റെ വിഭവ ഭൂപടം - ഈ വിഭാഗത്തില്‍ നിന്നും നല്കിയിരിക്കുന്ന ക്യൂജിസ് പ്രോജക്ടിലെ വിവരങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന ക്യൂജിസ് മാപ്പിലെ ഒരു പ്രത്യേക ലെയറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ attribute ടേബിള്‍ വഴി പ്രദര്‍ശിപ്പിക്കാനുള്ള ചോദ്യം മാതൃകയായി നല്‍കുന്നു. 






"ക്യൂജിസ് സോഫ്റ്റ്‌വെയര്‍ തുറന്ന് Home/Exam_documents/QGIS എന്ന ഫോള്‍ഡറിലെ Examproject എന്ന ഭൂപടം open ചെയ്ത് Rail ലെയറിനെ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുക. തുടര്‍ന്ന് ഭൂപടത്തില്‍ രേഖപ്പെടുത്തിയ എല്ലാ വീടുകളുടെയും വിവരങ്ങള്‍ അടങ്ങിയ attribute table പ്രദര്‍ശിപ്പിക്കുക. ഈ പട്ടികയുടെ സ്ക്രീന്‍ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി Home ലെ Exam10 ഫോള്‍ഡറില്‍ സേവ് ചെയ്യുക. (സ്ക്രീന്‍ഷോട്ട് ലഭിക്കാനായി കീബോര്‍ഡിലെ PrtSc കീ അമര്‍ത്തുക)” 




ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.








  • Application → Science → Quantum GIS തുറക്കുക.


  • File → Open Project സെലക്ട് ചെയ്യുക. 

  • Home/Exam_documents/QGIS എന്ന ക്രമത്തില്‍ തുറന്ന് (നിര്‍ദ്ദേശിക്കപ്പെട്ട) Examproject.qgs എന്ന ഭൂപടം സെലക്ട് ചെയ്ത് open ക്ലിക്ക് ചെയ്യുക. 

  • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും Rail ലെയറില്‍ 'ചെക്ക്' മാര്‍ക്ക് ഇടുക. ( ഇപ്പോള്‍ Rail ലെയര്‍ ഭൂപടത്തില്‍ ദൃശ്യമായിട്ടുണ്ടാവും. 

  • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും House ലെയര്‍ സെലക്ട് ചെയ്ത് Right Click → Open attribute table സെലക്ട് ചെയ്യുക. (ഈ ഭൂപടത്തിലെ എല്ലാ വീടുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് House എന്ന ലെയറിലാണല്ലോ?) 

  • ഇപ്പോള്‍ attribute table തുറന്ന് വന്നിട്ടുണ്ടാവും. ശേഷം കീബോര്‍ഡിലെ PrtSc കീ അമര്‍ത്തി ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുക. 

  • സ്ക്രീന്‍ ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക. 



  • ഈ ചോദ്യത്തിന്റെ Scoring Indicators ഉം സ്കോറും താഴെ നല്‍കുന്നു.

  • Opens the Map in QGIS                 1 

  • Checks the layer box “Rail”           ½ 

  • Selects the Layer “House”             1 

  • Opens attribute table of “House”   1 

  • Saves in correct location              ½ 

  •                 Total                                 4


    Attribute ടേബിളിനെ പ്രദര്‍ശിപ്പിക്കുന്നത് കൂടാതെ, നല്‍കിയിരിക്കുന്ന പ്രോജക്ടില്‍ പുതിയ ലെയര്‍ നിര്‍മ്മിക്കുന്നത് , നിലവിലുള്ള ഒരു ലെയറില്‍ പുതിയൊരു വിവരം കൂട്ടിച്ചേര്‍ക്കുന്നത് ( House ലെയറില്‍ പുതിയൊരാളുടെ വീട് കൂടി ഉള്‍പ്പെടുത്തുക, etc.), Identify Features Tool ന്റെ ഉപയോഗം, ആവൃത്തി വിശകലനം(ബഫറിംഗ്), തയ്യാറാക്കിയ ഭൂപടം പ്രിന്റ് ചെയ്യാനൊരുക്കല്‍ ( New Print Compozer വഴി) , ഭൂപടം png, jpg , pdf ഫോര്‍മാറ്റിലേക്ക് എക്സ്‌പോര്‍ട്ട് ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.


    കമ്പ്യൂട്ടര്‍ ഭാഷ എന്ന നാലാം അധ്യായത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും നല്‍കിയിരിക്കുന്ന പൈതണ്‍ കോഡുകളിലെ തെറ്റുകള്‍ തിരുത്തി ശരിയായ പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ളവയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം idle ഉപയോഗിച്ചോ gedit Text എഡിറ്റര്‍ ഉപയോഗിച്ചോ തയ്യാറാക്കാവുന്നതാണ്. മറ്റു ഉത്തരങ്ങളെ പോലെ തന്നെ ഇവ ഹോമിലെ Exam10 എന്ന ഫോള്‍ഡറില്‍ തന്നെ സേവ് ചെയ്യണമെന്നത് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. ഈ അധ്യായത്തില്‍ നിന്നും wxglade ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഇത്‌ വരെ നടന്ന മൂന്ന് പരീക്ഷകള്‍ക്കും ചോദിച്ചിട്ടില്ല. gedit Text എഡിറ്റര്‍ ഉപയോഗിച്ച് പ്രോഗ്രാം തയ്യാറാക്കുകയാണെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള രീതി അവലംബിക്കാം.
    • പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
    • തുടര്‍ന്ന് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനായി ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. 

          python filename.py


    ( 999995_6.py എന്ന ഫയല്‍ നാമമുള്ള പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള കോഡാണ് നല്‍കേണ്ടത്.)


    python 999995_6.py


    ഒരു ചോദ്യമാതൃക:


    " അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പൈതണ്‍ പ്രോഗ്രാം തെറ്റായി നല്‍കിയിരിക്കുന്നു.



    പ്രോഗ്രാമിലെ തെറ്റുകള്‍ തിരുത്തി ടൈപ്പ് ചെയ്ത് ശേഷം രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. “


    ഒരു പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഒരു നിശ്ചിത തവണ ആവര്‍ത്തിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് for, while എന്നീ നിര്‍ദ്ദേശങ്ങള്‍ പൈതണില്‍ ഉപയോഗിക്കുന്നത്. ഇതില്‍ while നിര്‍ദ്ദേശത്തിന്റെ പ്രയോഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


    നല്‍കിയിരിക്കുന്ന കോഡ് പ്രവര്‍ത്തിപ്പിച്ചു നോക്കിയാല്‍ ഒന്നു മുതല്‍ 50 (1,2,3,4,....) വരെയുള്ള സംഖ്യകളാണ് പ്രിന്റ് ചെയ്യുന്നത്. നമുക്കിവിടെ പ്രിന്റ് ചെയ്യേണ്ടത് അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങളാണ്. അതായത് 5 , 10, 15, 20....... എന്നിങ്ങനെ . ചോദ്യത്തിലെ കോഡില്‍ തുടക്കവില 1 ഉം ഇന്‍ക്രിമെന്റ് 1ഉം പരമാവധി വില 50 ( a<=50) ഉം ആണ്. ഈ പ്രോഗ്രാമിലെ തുടക്കവിലയിലും ഇന്‍ക്രിമെന്റിലും മാറ്റം വരുത്തിയാല്‍ ചോദ്യത്തില്‍ പറഞ്ഞ രീതിയിലേക്ക് പ്രോഗ്രാമിനെ മാറ്റി എഴുതാം. (അതായത് 1 , 2, 3, 4, …. ന് പകരം 5, 10, 15, 20.... എന്ന് വരണം.) തുടക്ക വില 1 ന് പകരം അഞ്ചും ( a=1 ന് പകരം a=5 ) ഇന്‍ക്രിമെന്റ് 1 ന് പകരം 5 ഉം നല്‍കണം( a=a+1 ന് പകരം a=a+5). ഇങ്ങനെ മാറ്റി എഴുതിയാല്‍ പ്രോഗ്രാം താഴെ പറയുന്ന രീതിയിലാവുന്നു.



    ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.


    IDLE ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം.

    • Applications → Programming→ IDLE തുറക്കുക. 
    • File → New Window സെലക്ട് ചെയ്യുക. 
    • തുറന്നു വരുന്ന വിന്‍ഡോയില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.)
    • File → Save സെലക്ട് ചെയ്യുക. 
    • Exam10 ഫോള്‍ഡര്‍ തുറന്ന് ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
    • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)


    gedit Text എഡിറ്റര്‍ ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം
    • Applications → Accessories→gedit Text എഡിറ്റര്‍ തുറക്കുക. 
    • ടെസ്റ്റ് എഡിറ്ററില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.) 
    • File → Save സെലക്ട് ചെയ്യുക. 
    • Exam10 ഫോള്‍ഡര്‍ തുറന്ന് .py എന്ന് എക്സറ്റന്‍ഷനോടെ ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
    • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
    • തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

      python filename.py

    ഈ ഉത്തരത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.

    1. Types the program in proper syntax        1 
    2. Changes a=1 to a=5 (Line 1)                  1 
    3. Changes a=a+1 to a=a+5 (Line 4)          1 
    4. Saves the program in correct location      ½
    5. Correct Output                                        ½ 

                    Total                                  4


    നേരത്തെ തയ്യാറാക്കി (gedit text editor or idle) സേവ് ചെയ്ത് വെച്ചിരിക്കുന്ന  പൈതണ്‍ പ്രോഗ്രാമുകളെ IDLE ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. അതിനായി താഴെയുള്ള പ്രവര്‍ത്തന ക്രമമാണ് പാലിക്കേണ്ടത്.

    • Applications → Programming→ IDLE തുറക്കുക. 
    • File → Open വഴി നേരത്തെ തയ്യാറാക്കി സേവ് ചെയ്ത പൈതണ്‍ ഫയല്‍ തുറക്കുക. 
    • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)


    range, ലഘു ഫങ്ഷനുകളുടെ നിര്‍മ്മാണം , സ്ട്രിങ്ങുകളുടെ ഉപയോഗം ( ഒരു കൂട്ടത്തില്‍ നിന്ന് ഒരു പ്രത്യേക വിഭാഗത്തെ കണ്ടെത്തല്‍, സ്ട്രിങ്ങ് പിരമിഡ് , സ്ട്രിങ്ങുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കല്‍ etc) എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളും വാര്‍ഷികപ്പരീക്ഷക്ക് ഈ അധ്യായത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.


    ആറാമത്തെ അധ്യായമായ 'വരകള്‍ക്ക് ജീവന്‍ പകരാം' - ല്‍ നിന്നും രണ്ട് രീതിയിലുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന റ്റുപീ പ്രോജക്ട് ഫയലില്‍ ആവശ്യമായ മാറ്റം വരുത്തി നിര്‍ദ്ദേശിച്ചിരിക്കുന്ന അനിമേഷന്‍ തയ്യാറാക്കുക, പുതിയ പ്രോജക്ട് ഫയല്‍ തുറന്ന് അതില്‍ ലളിതമായ ചിത്രം വരച്ച് അവക്ക് അനിമേഷന്‍ നല്‍കുക എന്നിവയാണ‌വ. ഇതിലെ ചോദ്യങ്ങള്‍ ഒന്ന് രണ്ടാവര്‍ത്തി വായിച്ച് മനസ്സിലാക്കിയാല്‍ വളരെ പെട്ടെന്ന് ഉത്തരം ചെയ്യാന്‍ സാധിക്കുന്നതാണ്.

    അനിമേഷന്‍ തയ്യാറാക്കുന്നതിനുള്ള ചോദ്യങ്ങള്‍ക്ക് രണ്ട് തരം റിസോഴ്സുകളാണ് നല്‍കിയിരിക്കുന്നത്. Exam_documents ല്‍ boy.tup , bus.tup, butterfly.tup, football.tup, sky.tup എന്നിങ്ങനെ അഞ്ച് റ്റുപീ പ്രോജക്ട് ഫയലുകളും Images10 ല്‍ bus.png , plane.png, sky.png, scene.png എന്നിങ്ങനെ നാല് ചിത്ര ഫയലുകളുമാണവ. ഇവയില്‍ പ്രോജക്ട് ഫയലുകള്‍ ( .tup എക്സ്റ്റന്‍ഷനിലുള്ളവ) ചിത്രങ്ങളല്ലാത്തതിനാല്‍ അവ Insert → Bitmap വഴി റ്റുപീ സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. മുന്‍കൂട്ടി റ്റുപീസോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ അപൂര്‍ണ്ണമായ ഫയലുകളാണ് ഇവിടെ റിസോഴ്സുകളായി തന്നിരിക്കുന്നത്. അവ റ്റുപീയില്‍ തുറന്ന് ആവശ്യമായ മാറ്റം വരുത്തി അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. Save project As or Export ചെയ്യുക.

      പ്രോജക്ട് ഫയലുകളെ സോഫ്റ്റ്‌വെയറിലെ File → Open Project മെനു വഴിയാണ് റ്റുപീയില്‍ തുറക്കേണ്ടത്. Images10 ല്‍ നല്‍കിയിരിക്കുന്ന ചിത്ര ഫയലുകളെയാണ് Insert → Bitmap വഴി സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്. ഈ വ്യത്യാസം തിരിച്ചറിഞ്ഞാല്‍ വളരെ വേഗത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

    ഒരു ചോദ്യമാതൃക:
    "റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി" - ഇതിന്റെ അനിമേഷന്‍ Home ലെ Exam_documents ല്‍ നല്‍കിയിരിക്കുന്ന boy.tup എന്ന ഫയല്‍ Tupi സോഫ്റ്റ്‌വെയറില്‍ തുറന്ന് തയ്യാറാക്കുക. Home ലെ Images10 ല്‍ നിന്നും അനുയോജ്യമായ ചിത്രം പശ്ചാത്തലമായി ഉള്‍പ്പെടുത്തുക. തയ്യാറാക്കിയ അനിമേഷന്‍ Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.


    ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം നോക്കാം


    ഇവിടെ വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഉല്പന്നമാണ് "റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി" എന്ന അനിമേഷന്‍. ഈ അനിമേഷന്‍ തയ്യാറാക്കാന്‍ ഏതെല്ലാം ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വരും എന്ന് ആദ്യമേ ആലോചിക്കണം. ഇവിടെ പശ്ചാത്തലത്തില്‍ റോഡും , അതിലൂടെ നടന്നു നീങ്ങുന്ന കുട്ടിയും - ഇതിന് കറഞ്ഞപക്ഷം രണ്ട് ചിത്രങ്ങളെങ്കിലും വേണം. ഇതിനാവശ്യമായ രണ്ട് ചിത്രങ്ങളും റിസോഴ്സുകളായി രണ്ട് രീതിയില്‍ തന്നിട്ടുണ്ട്. Exam_documents ലെ boy.tup എന്ന പ്രോജക്ട് ഫയലാണ് ഒന്ന്. FPS മൂന്ന് ആയി ക്രമീകരിച്ച അഞ്ച് ഫ്രെയിം ഉള്ള ഒരു റ്റുപീ പ്രോജക്ട് ഫയലാണിത്. ഇതില്‍ കുട്ടിയടെ ചിത്രവും ഉള്‍ക്കൊള്ളുന്നുണ്ട്. പശ്ചാത്തലമായി ഉള്‍പ്പെടുത്തേണ്ട റോഡിന്റെ ചിത്രം Images10 ല്‍ ലഭ്യമാണ് (scene.png ). ( റിസോഴ്സുകള്‍ നല്‍കാത്ത ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം വരച്ചുണ്ടാക്കണം.)


    ഉത്തരം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം.

    • Applications →Graphics →Tupi:2D Magic തുറക്കുക. 
    • File → Open project സെലക്ട് ചെയ്യുക. 
    • Home ലെ Exam_documents തുറന്ന് boy.tup എന്ന ഫയല്‍ സെലക്ട് ചെയ്ത് open ചെയ്യുക.

    ഈ പ്രോജക്ട് ഫയലില്‍ ആകെ അഞ്ച് ഫ്രെയിമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് ഫ്രെയിമിലും ചിത്രങ്ങളും ക്രമീകരിച്ചിട്ടുമുണ്ട്. 1 , 3, 5 എന്നീ ഫ്രെയിമില്‍ കുട്ടിയുടെ ഒരു സ്റ്റെപ്പും 2, 4 ഫ്രെയിമില്‍ മറ്റൊരു സ്റ്റെപ്പുമാണുള്ളത്. അഞ്ച് ഫ്രെയിമിലും ചിത്രം ഒരേ സ്ഥാനത്താണ്. അതിനാല്‍ അനിമേഷനായി രണ്ടാമത്തെ ഫ്രെയിം മുതല്‍ ചിത്രത്തിന്റെ സ്ഥാനം ക്രമമായി മുന്നോട്ട് മാറ്റി വെക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനം. അതിനു മുമ്പായി ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലം ക്രമീകരിക്കണം.

    • പശ്ചാത്തലം ക്രമീകരിക്കാനായി Background Mode സെലക്ട് ചെയ്യുക. 
    • തുടര്‍ന്ന് Insert → Bitmap സെലക്ട് ചെയ്യുക. 
    • Home ലെ Images10 ല്‍ നിന്നും scene.png സെലക്ട് ചെയ്ത് open ചെയ്യുക. 
    • തുടര്‍ന്ന് Frames Mode സെലക്ട് ചെയ്ത് പ്രധാന ജാലകത്തില്‍ തിരിച്ചെത്തുക. 
    • ഇനി ലെയര്‍ ബോക്സില്‍ നിന്നും രണ്ടാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. ( രണ്ടാമത്തെ ഫ്രെയിമില്‍ ക്ലിക്കു ചെയ്യുക.) 
    • ശേഷം ടൂള്‍ ബോക്സില്‍ നിന്നും Object Selection (O) Tool സെലക്ട് ചെയ്യുക. 
    • ക്യാന്‍വാസിലെ ചിത്രത്തിനു മുകളിലൂടെ ഡ്രാഗ് ചെയ്ത് ചിത്രം സെലക്ട് ചെയ്യുക. 
    • കീ ബോര്‍ഡിലെ Left ആരോ കീ ഉപയോഗിച്ച് ചിത്രത്തെ നിലവിലുള്ള സ്ഥാനത്ത് നിന്നും അല്പം മുമ്പോട്ട് നീക്കി വെക്കുക. 
    • തുടര്‍ന്ന് ലെയര്‍ ബോക്സില്‍ നിന്നും മൂന്നാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. 
    • രണ്ടാമത്തെ ചിത്രം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തിന് അല്പം മുമ്പോട്ടായി മൂന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ മാറ്റി സ്ഥാപിക്കുക. 
    • ഇങ്ങനെ ബാക്കി നാല് ഫ്രെയിമിലും ക്ലിക്ക് ചെയ്ത് അവയിലെ ചിത്രത്തിലെ സ്ഥാനം തൊട്ടു പിന്നിലെ ചിത്രത്തിന്റെ സ്ഥാനത്തില്‍ നിന്നും മാറ്റി വെക്കുക. 
    • എല്ലാ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനം മാറ്റി വെച്ചതിന് ശേഷം Player മെനു സെലക്ട് ചെയ്ത് അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. 
    • File → Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.
    ഈ ചോദ്യത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.
    1. Opens Tupi                           ½ 
    2. Opens required file                ½ 
    3.  Inserts background Image     1 
    4.  Makes movements for object  1 
    5. Saves in the correct location   1 
                           Total                     4

    തയ്യാറാക്കുന്ന അനിമേഷന്‍ പ്രോജക്ട് ഫയലായി (.aup) സേവ് ചെയ്യുന്നതിന് പകരം വീഡിയോ ഫയലാക്കി (avi ഫോര്‍മാറ്റിലേക്ക്) എക്സ്‌പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങളും വാര്‍ഷിക പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതാണ്.

    (എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യമാതൃകകളെ വിശകലനം ചെയ്തിട്ടില്ല. നമ്മുടെ അധ്യാപക സുഹൃത്തുക്കളാരെങ്കിലും ആ ജോലി ഏറ്റെടുത്ത് അവ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമെന്ന് കരുതട്ടെ..)

    ഈ പോസ്റ്റിന്റെ പി.ഡി.എഫിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

    Rabu, 09 Januari 2013

    മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

    എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
    Click here to download Maths Question Bank
    Prepared by : Satheesan. M, Parali H.S, Palakkad
    Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)

    Minggu, 08 Juli 2012

    വേറിട്ടചിന്തകള്‍ 3 : സമാന്തരശ്രേണി

    പത്താംക്ലാസിലെ ഗണിതം ആദ്യ പാഠമായ സമാന്തരശ്രേണികളില്‍ നിന്നും ഭാമടീച്ചര്‍ ഗണിതക്ലബ്ബിലെ കുട്ടികള്‍ക്ക് താഴേ കാണുന്ന ഒരു പ്രവര്‍ത്തനം നല്‍കി,
    എണ്ണല്‍സംഖ്യകള്‍ ക്രമത്തില്‍ എഴുതിയാല്‍ അവ പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണിയിലാണല്ലോ..? എന്നാല്‍, എ​ണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.
    പിന്നീട് എ​ണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.
    സമാന്തരശ്രേണി കിട്ടുന്നതുവരെ ഈ പ്രവര്‍ത്തനം തുടരുക.

    പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികള്‍ അനന്യയുടെ വീട്ടില്‍ ഒത്തുകൂടി. ഹരിത പറഞ്ഞു."നമുക്ക്, ഈപ്രവര്‍ത്തനം നാലാംകൃതി, അഞ്ചാംകൃതി, ആറാംകൃതി എന്നിവകൂടി കണ്ട് വികസിപ്പിച്ചാലോ?" ശരി എന്നായി ഗ്രൂപ്പിലെ മറ്റ് മിടുക്കികള്‍. അവര്‍ ചെയ്ത പ്രവര്‍ത്തനം താഴേ കാണിക്കുംപോലെയാണ്.
    എണ്ണല്‍സംഖ്യകള്‍
    1,2,3,4,5,6,..................(സമാന്തരശ്രേണി ആണ്)
    ആദ്യപദം = 1
    പൊതുവ്യത്യാസം =1


    എണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍

    ശ്രേണി 1
    1.4.9.16.25,..................
    ശ്രേണി 2

    3,5,7,9,11,....................(സമാന്തരശ്രേണി ആണ്)
    ആദ്യപദം = 3
    പൊതുവ്യത്യാസം = 2


    എണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍

    ശ്രേണി 1
    1,8,27,64,125,216,.......

    ശ്രേണി 2
    7,19,37,61,91,..............

    ശ്രേണി 3
    12,18,24,30,.................(സമാന്തരശ്രേണി ആണ്)
    ആദ്യപദം = 12
    പൊതുവ്യത്യാസം = 6


    എണ്ണല്‍സംഖ്യകളുടെ നാലാംകൃതികള്‍

    ശ്രേണി 1
    1,16,81,256,625,1296,......

    ശ്രേണി 2
    15,65,175,369,671,...........

    ശ്രേണി 3
    50,110,194,302,................

    ശ്രേണി 4
    64,84,108,.........................(സമാന്തരശ്രേണി ആണ്)
    ആദ്യപദം = 60
    പൊതുവ്യത്യാസം = 24


    എണ്ണല്‍സംഖ്യകളുടെ അഞ്ചാംകൃതികള്‍

    ശ്രേണി 1
    1,32,243,1024,3125,7796,16807,...............

    ശ്രേണി 2
    31,211,781,2101,9031,...............................

    ശ്രേണി 3
    180,570,1320,2550,4380,...........................

    ശ്രേണി 4
    390,750,1230,1830,.....................................

    ശ്രേണി 5
    360,480,600,.................(സമാന്തരശ്രേണി ആണ്)
    ആദ്യപദം = 360
    പൊതുവ്യത്യാസം = 120


    എണ്ണല്‍സംഖ്യകളുടെ ആറാംകൃതികള്‍

    ശ്രേണി 1
    1,64,729,4096,............................................

    ശ്രേണി 2
    63,665,3367,...............................................

    ശ്രേണി 3
    602,2702,8162,...........................................

    ശ്രേണി 4
    2100,5460,11340,20460,33540,.................

    ശ്രേണി 5
    3360,5880,9120,13080,..............................

    ശ്രേണി 1
    2520,3240,3960,......................(സമാന്തരശ്രേണി ആണ്)
    ആദ്യപദം = 2520
    പൊതുവ്യത്യാസം = 720

    പ്രവര്‍ത്തനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഒരു പട്ടികയാക്കാന്‍ തീരുമാനിച്ചു.
    പട്ടിക നാലഞ്ചാവര്‍ത്തി വായിച്ചുകഴിഞ്ഞയുടന്‍ അനന്യയുടെ പ്രതികരണം. "ആദ്യ രണ്ടുകോളങ്ങള്‍ തുല്യമായാണല്ലോ വരുന്നത്..!"
    ഉടനെ അമ്മു "പൊതുവ്യത്യാസത്തിന്റെ കോളം ശ്രദ്ധിച്ചോ..? ആദ്യശ്രേണിയുടേത് 1, രണ്ടാം ശ്രേണിയുടേത് 2, മൂന്നാം ശ്രേണിയുടേത് 6...ഈ ഒരു ക്രമം വരുന്നതുകണ്ടോ..?"
    ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇത് ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യവേ നിസാര്‍ പറഞ്ഞു. "ആദ്യപദത്തിന്റെ കോളത്തിലും ഒരു ക്രമമുണ്ടല്ലോ, 1,3,12,..."
    എല്ലാവരും നിസാറിന്റെ ഗണിതചിന്തയെ പ്രകീര്‍ത്തിച്ചു.
    അപ്പോള്‍ അമ്മുവിന് ഒരു സംശയം. "എണ്ണല്‍സംഖ്യകളെ n ആം കൃതിയിലേക്ക് ഉയര്‍ത്തിയാലോ..?"
    അതൊരു നല്ല ആശയം തന്നെ. എല്ലാവരും കൂടി പട്ടിക താഴേ കാണുംപോലെ മാറ്റിയെഴുതി.

    ഇത്രയും തയ്യാറാക്കിക്കഴിഞ്ഞപ്പോള്‍ ആതിരയ്ക്കൊരു സംശയം. "കുറേയേറെ സന്ദര്‍ഭങ്ങളില്‍ ശരിയായി വന്നുവെന്ന് കരുതി, ഒരു പ്രസ്താവന ഗണിത തത്വമായി കരുതാനാകില്ലെന്ന് മുമ്പ് ഭാമടീച്ചര്‍ പറഞ്ഞിട്ടില്ലേ..?"
    അടുത്തദിവസം ഭാമടീച്ചറെ ചെന്നുകണ്ട സംഘത്തിന്റെ ഗണിതചിന്തയെ ഭാമടീച്ചര്‍ പ്രശംസിച്ചു. ഉയര്‍ന്ന ക്ലാസുകളില്‍ നിങ്ങള്‍ പഠിക്കുവാന്‍ പോകുന്ന ബൈനോമിയല്‍ തിയറം ഉപയോഗിച്ച് ഇത് തെളിയിക്കാം. എന്നാല്‍ ഈ ആശയം ഹൈസ്കൂളില്‍ ഇല്ലല്ലോ..? കുട്ടികള്‍ നിരാശരായി. സാരമില്ല, നമുക്കിത് മാത്​സ് ബ്ലോഗിലെ കൃഷ്ണന്‍ സാറോടു ചോദിക്കാം.നമുക്ക് മനസ്സിലാകുന്ന രീതിയില്‍ അദ്ദേഹമിത് വിശദമാക്കും. കാത്തിരിക്കാം.

    Senin, 26 Maret 2012

    കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

    "പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി ശ്രദ്ധിക്കുന്നതാണ്. ദൈവമേ ഹിന്ദിയില്‍ A+ നഷ്ടമായാല്‍ പിന്നെ..? ആലോചിക്കാന്‍ കൂടി കഴിയുന്നില്ല സ്കൂളിലെ ഏക ഹിന്ദി വിശാരദയായ ശാലിനി ടീച്ചര്‍ക്ക്! വന്നയുടന്‍ ചോദ്യപ്പേപ്പര്‍ തട്ടിയെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങി.ഹാവൂ..എട്ടാം ചോദ്യത്തിന്റെ വിചാരണാസമയം വരെ കാര്യങ്ങള്‍ ശുഭം. ഒമ്പതാം ചോദ്യത്തിന് മൂന്ന് ചോദ്യങ്ങളില്‍ ഉത്തരമെഴുതേണ്ട രണ്ടെണ്ണത്തില്‍ ഏതെല്ലാമെഴുതിയെന്ന് ചെദിച്ചപ്പോഴാണ് സംഗീതയുടെ അലമുറ പുറപ്പെട്ടത്. "ടീച്ചറേ..ഞാന്‍ ഒരെണ്ണമേ...ഞാന്‍ കരുതി ഒരെണ്ണം..." ഹിന്ദിയിലെ A+ പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം ടീച്ചറുടെ പ്രതീക്ഷക്കപ്പുറമായിരുന്നു. വീട്ടില്‍ ചെന്നയുടന്‍ സംഗീത കട്ടിലില്‍ കമഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങിയതാണ്. ഭാഗ്യത്തിന് അടുത്ത പരീക്ഷയായ കണക്ക് രണ്ടുദിനം കഴിഞ്ഞേയുള്ളൂവെന്നത് മാത്രമാണ് സമനില അല്പമെങ്കിലും വീണ്ടെടുക്കാന്‍ അവള്‍ക്ക് തുണയായത്."
    ഇത്തവണ നടന്ന ഈ സംഭവത്തില്‍ പേരുകള്‍ മാത്രമേ വ്യാജമായുള്ളൂ. അനവസരത്തിലുള്ള അവലോകനങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങള്‍ സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍സാര്‍ തയ്യാറാക്കി എന്നേ അയച്ചുതന്ന അവലോകനവും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്തെന്ന ചോദ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യമാണ് മേല്‍ വിവരിച്ചത്. ഇനി വായിക്കൂ...
    പുതിയ പാഠപുസ്തകത്തെ ആസ്പദമാക്കി നടന്ന ആദ്യത്തെ പൊതുപരീക്ഷ ആയതിനാല്‍ കുട്ടികളും അധ്യാപകരും ഏറെ ആശങ്കയോടെയാണ് ഗണിതപരീക്ഷയെ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യാതൊരുവിധ ആശങ്കക്കും ഇടനല്‍കാതെ, എല്ലാത്തരം കുട്ടികളിലും സംതൃപ്തി ഉളവാക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറായിരുന്നു ഇത്തവണത്തേത്. മൂന്നോ നാലോ ചോദ്യങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ എളുപ്പം ഉത്തരമെഴുതാനാകുന്ന ചോദ്യങ്ങള്‍. ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.
    സമാന്തരശ്രേണി
    1, 9, 12 ചോദ്യങ്ങളാണ് സമാന്തരശ്രേണിയില്‍ നിന്നും വന്നിരുന്നത്. ഇതില്‍ ഒന്നം ചോദ്യം എല്ലാത്തരം കുട്ടികളും ചെയ്തിരിക്കും. ഒമ്പതാം ചോദ്യവും കുട്ടികള്‍ ചെയ്തു ശീലിച്ചതുതന്നെ. പന്ത്രണ്ടാം ചോദ്യം താഴ്​ന്ന നിലവാരക്കാര്‍ പൂര്‍ണ്ണമായി ചെയ്തുകാണണമെന്നില്ല, എന്നാല്‍ ശരാശരിക്കു മുകളില്‍ നില്ക്കുന്നവര്‍ എളുപ്പത്തില്‍ ചെയ്തുകാണും.
    വൃത്തങ്ങള്‍, തൊടുവരകള്‍
    വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളില്‍നിന്നും വന്ന നിര്‍മ്മിതികള്‍ കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല, എന്നിരുന്നാലും ഒരു അന്തര്‍വൃത്തം വരയ്ക്കാന്‍ നേരിട്ടുള്ള നിര്‍മ്മിതി കുട്ടികള്‍ പ്രതീക്ഷിച്ചിരുന്നു. ചോദ്യം നമ്പര്‍ 15, SCERT ചോദ്യശേഖരം ചെയ്തുശീലിച്ച കുട്ടികള്‍ വളരെ എളുപ്പം ചെയ്തുകാണും. ഇതിലെ രണ്ടാം ചോദ്യം കൂടുതല്‍ കുട്ടികളും ചെയ്യാന്‍ ശ്രമിച്ചുകാണുകയില്ല. എന്നാല്‍ ചിത്രം കാണുമ്പോഴുള്ള പേടി ശരിയായി വിശകലനം ചെയ്താല്‍ ഉണ്ടാകാന്‍ വഴിയില്ല. ഒരുപക്ഷേ നിര്‍മ്മിതിയേക്കാള്‍ എളുപ്പം സ്കോര്‍ നേടാന്‍ കഴിയുന്നതും ഇതിലൂടെയാണ് എന്ന് തോന്നുന്നു.ചോദ്യം നമ്പര്‍ 21(a)മോഡല്‍പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. (b)ഭാഗവും കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയില്ല. ഇവിടെ (a),(b) എന്ന് പറഞ്ഞതുകൊണ്ട് ചുരുക്കം ചില കുട്ടികള്‍ (a)ഭാഗം ചെയ്ത് (b)ല്‍ വീണ്ടും (a)ഭാഗം വരച്ച് A,B,C എന്നീ ബിന്ദുക്കളിലൂടെ തൊടുവരകള്‍ വരച്ചുകാണും. എന്നാല്‍ ഇവരണ്ടും ഒറ്റച്ചിത്രത്തില്‍ വരക്കാവുന്നതാണ്. ഇനി രണ്ടുചിത്രങ്ങളായി വരച്ചതുകൊണ്ട് മാര്‍ക്ക് നഷ്ടപ്പെടുകയൊന്നുമില്ല! ആറാം ചോദ്യത്തില്‍ അവ്യക്തതയുണ്ടെന്ന് ചില കുട്ടികള്‍ക്കെങ്കിലും തോന്നിയിരിക്കും. ത്രികോണം APB സമപാര്‍ശ്വത്രികോണം എന്നു പറയുമ്പോള്‍ ഏതൊക്കെ വശങ്ങളാണ് തുല്യം എന്ന വസ്തുത പറയാന്‍ വിട്ടുപോയി എന്ന തോന്നല്‍ കുട്ടികളിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ചിത്രം ശരിയായി വിശകലനം ചെയ്താല്‍ BA=BP എന്ന സാധ്യതയ്ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്ന് മനസ്സിലാക്കാം. ഭൂരിഭാഗം കുട്ടികളും ഇത് ശരിയായി ചെയ്തുകാണും.എട്ടാം ചോദ്യം, ചോദ്യശേഖരത്തിലെ ചോദ്യത്തിന്റെ പകര്‍പ്പായിരുന്നു. PQxPB=PA2 എന്ന ആശയം മനസ്സിലാക്കിയ കുട്ടികള്‍ വളരെ എളുപ്പം ഈ ചോദ്യം ചെയ്തുകാണും. എന്നാലും വൃത്തത്തിന്റെ ആരം കണ്ട് മുഴുവന്‍ സ്കോറും നേടുന്നവര്‍ കുറവാകാനാണ് സാധ്യത.
    രണ്ടാംകൃതിസമവാക്യം, ബഹുപദങ്ങള്‍
    ഈ പാഠഭാഗങ്ങളില്‍ നിന്നും വന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചായിരുന്നു. മൂന്നാം നമ്പ്ര് ചോദ്യം ഏതു നിലവാരക്കാര്‍ക്കും ചെയ്യാന്‍ കഴിയും. അഞ്ചാം ചോദ്യത്തിനും ഭൂരിഭാഗം കുട്ടികളും ഉത്തരത്തിലെത്തിക്കാണും. ക്ലാസ്റൂം പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.പതിനാറാം ചോദ്യത്തില്‍ കിച്ചു, സച്ചു എന്നിവര്‍ ഉള്‍പ്പെട്ട ചോദ്യം ചെയ്ത് മുഴുവന്‍ മാര്‍ക്കും നേടാന്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ. എന്നാല്‍ ഇവിടെ വന്ന രണ്ടാം ചോദ്യം ടെക്സ്റ്റ് ബുക്കിലെ അറുപത്തിയേഴാം പേജിലെ സമാനചോദ്യം ചെയ്ത കുട്ടികള്‍ എളുപ്പം ചെയ്തു കാണണം.ചോദ്യം നമ്പര്‍ 19(a)എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ (b),(c),(d) എന്നിവ ചെയ്ത് മുഴുവന്‍ മാര്‍ക്ക് നേടല്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ.
    ത്രികോണമിതി
    ത്രികോണമിതിയില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 10 മോഡല്‍പരീക്ഷയുടേതിന് സമാനമായ ഒന്നായിരുന്നു. എന്നാല്‍ ചോദ്യം നമ്പര്‍ 17 ചിത്രം വരച്ച് പുഴയുടെ വീതിയും മരത്തിന്റെ ഉയരവും കണ്ടെത്തി മുഴുവന്‍ മാര്‍ക്കും നേടുന്ന കുട്ടികളുടെ എണ്ണം കുറവാകാനാണ് സാധ്യത. ഉയര്‍ന്ന ചിന്താശേഷിയുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ഈ ചോദ്യം.
    സൂചകസംഖ്യകള്‍, ജ്യാമിതിയും ബീജഗണിതവും
    സൂചകസംഖ്യകളില്‍ നിന്നും വന്നചോദ്യം നമ്പര്‍ 2 താഴ്ന്ന നിലവാരക്കാര്‍ക്ക് സന്തോഷിക്കുവാനുള്ള വക നല്‍കി. പതിനെട്ടാം ചോദ്യത്തിന് നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാണെന്ന് പറയാന്‍ കഴിയില്ല.BD എന്ന വശം അക്ഷത്തിനു സമാന്തരം ആണ് എന്നാല്‍ ചിത്രം മാത്രം വിശകലനം ചെയ്‌താല്‍ മാത്രം ഇത് കണ്ടെത്താന്‍ കഴിയുകയില്ല ചെയ്ത് ശീലിച്ചതായതിനാല്‍ എളുപ്പമായിരുന്നേക്കാമെങ്കിലും മുഴുവന്‍ മാര്‍ക്കുംനേടുന്ന കുട്ടികള്‍ കുറവായിരിക്കാം.ഇരുപതാം ചോദ്യത്തില്‍ 3x-2y+9 എന്നതില്‍ =0 അടിക്കാന്‍ വിട്ടുപോയിട്ടുണ്ട്. പക്ഷേ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നതുകൊണ്ട് പൊതുവെ കുട്ടികള്‍ ഈ ചോദ്യത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കാണണം.
    സ്ഥിതിവിവരക്കണക്ക്
    സ്ഥിതിവിവരക്കണക്കില്‍നിന്നും വന്ന രണ്ടു ചോദ്യങ്ങളും പ്രതീക്ഷിതം തന്നെ. D+ ഗ്രേഡുകാര്‍ ഏറെ ആശ്രയിക്കുന്ന ഈ ചോദ്യങ്ങള്‍ നേരിട്ടുതന്നെ ചോദിച്ചത് കുട്ടികളെ (അധ്യാപകരേയും!)ഏറെ സന്തോഷിപ്പിച്ചിരിക്കും.
    സാധ്യതയുടെ ഗണിതം
    ഈ അധ്യായത്തില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 4 കുട്ടികളെ കുഴക്കിയില്ല. ആദ്യ ചോദ്യത്തെയായിരിക്കും ഏറെപ്പേരും ആശ്രയിച്ചിരിക്കുക. ഇവിടെ ചില കുട്ടികളെങ്കിലും രണ്ട് പെട്ടിയില്‍ നിന്നും ഒരേസമയം ഓരോ മുത്തെടുക്കുന്നുവെന്ന് പരിഗണിച്ച് ആകെ സാധ്യതകള്‍ 255 എന്ന് കാണാനുള്ള സാധ്യത വിരളമല്ല. പക്ഷേ, മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്നും വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നു ഈ ചോദ്യവും!ഇതിലെ രണ്ടാം ചോദ്യത്തിന്റെ വലുപ്പം കാരണം അത് മുഴുവനായി വായിച്ചുപോലും നോക്കാത്തവരും ധാരാളമായി കാണും. (വായിച്ചുനോക്കാനുള്ള സാധ്യത 1/10 ആയിരിക്കും..!)
    ഘനരൂപങ്ങള്‍
    രണ്ടു ചോദ്യങ്ങളാണ് ഘനരൂപങ്ങളില്‍ നിന്നും വന്നത്. പതിനൊന്നാം ചോദ്യത്തില്‍ കടലാസിന്റെ ഒരു വശം കാണുന്നതിന് സ്തൂപികയുടെ ചരിവുയരം കണ്ട് അതിന്റെ പാദവക്കിനോട് കൂട്ടി (12+8+8 = 28)എന്നെഴുതുന്നതില്‍ ശരാശരിക്കാര്‍ വിജയിക്കണമെന്നില്ല. എന്നാല്‍ മിടുക്കരെ ഈ ചോദ്യം വലക്കില്ല. ചരിവുയരത്തിന്റെ ഭാഗത്ത് കുത്തുകളിട്ടത് ചിലര്‍ക്ക് സംശയമുണ്ടാക്കിക്കാണണം. 10m എന്നത് ചരിവുയരമാണോ എന്ന് ചില കുട്ടികള്‍ക്കെങ്കിലും സംശയമുണ്ടാക്കിക്കാണും.ചോദ്യം 13 കുട്ടികള്‍ ചെയ്തുശീലിച്ചതും പ്രതീക്ഷിച്ചതുമാകയാല്‍ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നൂ ഈ ചോദ്യവും.
    ഉപസംഹാരം
    പൊതുവേ കുട്ടികളുടെ നിലവാരമളക്കുന്നതില്‍ വിജയം കണ്ട ഒരു ചോദ്യപ്പേപ്പറെന്ന് ഉപസംഹരിക്കാം. എല്ലാ വിഭാഗക്കാരേയും പരിഗണിച്ചുവെന്നതാണ് മേന്മ. A+ നേടുന്ന കുട്ടികളുടെ എണ്ണം കുറവായിരിക്കുമെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭേദം.തോല്ക്കാന്‍ ഏറെ പ്രയാസപ്പെടും. C+, B ഗ്രേഡുകാരായിരിക്കും കൂടുതല്‍.
    ഉത്തരസൂചികകള്‍
    ഉത്തരസൂചിക മലയാളം മീഡിയം

    Answer Key English Medium

    ഹിതയുടെ ഫിസിക്സ് ഉത്തരസൂചിക


    എസ്.എസ്.എല്‍.സി ഐടി ഉത്തരങ്ങള്‍ : Thanks to Vipin Mahatma

    Sabtu, 24 Maret 2012

    ഫിസിക്സ് കാപ്സ്യൂള്‍ - സി കെ ബിജു

    തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. മാതൃഭൂമി പത്രത്തിലൂടെ ഫിസിക്സിന്റെ അവലോകനവും ചോദ്യപേപ്പര്‍ വിശകലനവും വര്‍ഷങ്ങളായി നടത്തി, കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തനായ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ അവസാനവട്ട റിവിഷന് പ്രയോജനപ്പെടാതിരിക്കില്ല. ഞായറാഴ്ച ദിവസം ബാക്കിയുണ്ടല്ലോ..? ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വായിച്ചു തുടങ്ങിക്കോളൂ... ഈ വര്‍ഷത്തെ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയുടെ ചോദ്യവും ഉത്തരവും നസീര്‍ സാര്‍ അയച്ചു തന്നത് പഴയ പോസ്റ്റില്‍ നിന്നെടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

    Click Here to Download Physics Capsule

    ടെക്നിക്കല്‍ സ്ക്കൂള്‍ ഫിസിക്സ് ചോദ്യപേപ്പര്‍

    നസീര്‍ സാര്‍ തയ്യാറാക്കിയ ഫിസിക്സ് ഉത്തരങ്ങള്‍

    Jumat, 23 Maret 2012

    ബയോളജി അവസാനവട്ട റിവിഷന്‍

    റഷീദ് സാര്‍ തയ്യാറാക്കിയ പതിനൊന്ന് പേജിലുള്ള ബയോളജി നോട്സ് കണ്ടല്ലോ. ഇതാ മറ്റൊരു ബയോളജി പോസ്റ്റ് കൂടി പ്രസിദ്ധീകരിക്കട്ടെ. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാറിനെ , പ്രയോജനകരമായെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു പോസ്റ്റിലൂടെ , നാം കഴിഞ്ഞവര്‍ഷം പരിചയപ്പെട്ടിട്ടുണ്ട്.ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ അദ്ദേഹം 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഈ മാര്‍ച്ച് 31 ന് വിരമിക്കുകയാണ്. (ബ്ലോഗിലൂടെ തന്റെ മികവുകള്‍ പങ്കുവെയ്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് ചുരുക്കം..!)സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു ശിഷ്ടജീവിതം അദ്ദേഹത്തിന് മാത്​സ് ബ്ലോഗിന്റേയും പതിനായിരക്കണക്കിന് വായനക്കാരുടേയും പേരില്‍ ആശംസിക്കുന്നു.നാളത്തെ ബയോളജി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരെയൊരുക്കുന്ന അധ്യാപകര്‍ക്കും അവസാനവട്ട റിവിഷനായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...(ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു. സമയം പോലെ അപ്ഡേറ്റ് ചെയ്യാം.അളവറ്റ താല്‍പര്യത്തിലൂടെ ഇത്തരം മികവുകള്‍ നമ്മിലേക്കെത്തിച്ചു തരുന്ന പ്രിയ നസീര്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. പിതാവിന് എത്രയും വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.)

    Rabu, 21 Maret 2012

    സാമൂഹ്യശാസ്ത്രം പഠനസഹായി


    ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് 'വിജയഭേരി' പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഈ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അതു പോലെ തന്നെ കണ്ണൂര്‍ ഡയറ്റും ആലപ്പുഴ ഡയറ്റും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്രത്തിന്റെ പഠനസഹായിയുടെ ലിങ്കുകളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. ഈ വര്‍ഷത്തെ ടി.എച്ച്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ നസീര്‍ സാര്‍ അയച്ചു തന്നിട്ടുള്ളതും ചുവടെയുണ്ട്.

    THSLC 2012 Social Science Question Paper
    (Thanks to. Naseer V A)

    Social Science-I | Social Science-II (Thanks to Kannur Diet)

    Niravu - Social Science Thanks to Alappuzha Diet

    Click here to download Sahapaadi (Prepared for Malappuram District Panchayath)

    Malayalam | English | Hindi | Social science | Physics | Chemistry | Maths |
    (Thanks to Hindi Sabha for the Links)

    Rabu, 22 Februari 2012

    വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും

    പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി അതതുമേഖലകളിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? പാഠഭാഗങ്ങള്‍ ഇന്ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്പന. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൌണ്‍ലോഡു ചെയ്ത് പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇതാ, വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.പത്താം ക്ളാസിലെ ഭാഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൌണ്ട്ഡൌണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
                 ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.