Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Senin, 22 Oktober 2012
Applied Construction എന്തല്ല..?
ഒരു കാലത്ത് ഇതൊരു വസ്തുവിന്റെ നിര്‍മ്മിതിയാക്കി അവതരിപ്പിച്ചിരുന്നു. പലപ്പോഴും അവ മോഡലുകള്‍ മാത്രമായി മാറിപ്പോകുമായിരുന്നു. ഇവ ചാര്‍ട്ടുകളില്‍ വരക്കുന്ന നിര്‍മ്മിതികളാകണം എന്ന് നിഷ്ക്ര്‍ഷിച്ചപ്പോള്‍ അവ കേവലം വീടിന്റെ പ്ലാനുകളായി പുനര്‍ജനിച്ചു. ചിലര്‍ വീടിന്റെ പ്ലാന്‍വരക്കുകയും തെര്‍മ്മോക്കോളില്‍ മാതൃക നിര്‍മ്മിക്കുകയും ചെയ്തു. മറ്റുചിലരാകട്ടെ വീടിന്റെ പ്ലാന്‍വരച്ച് മുറികളുടെ പരപ്പളവും മറ്റും കണക്കുകൂട്ടി പട്ടികയിലാക്കി. ഇങ്ങനെ വ്യക്തതയില്ലാത്ത ഒരു ഇനമായിമാറി അപ്ലയ്ഡ് കണ്‍ട്രക്ഷന്‍.. മൂല്യനിര്‍ണ്ണയത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കാഴ്ചപ്പാടുകള്‍ നിയന്ത്രിക്കേണ്ടതായി വന്നു. പാഠഭാഗങ്ങളുമായുള്ള നേര്‍ബന്ധം അനിവാര്യമായിത്തീര്‍ന്നു. പണ്ട് ഫിങ്ക് ട്രസുകളുടെയും കാന്റിലിവറുകളുടെയും സ്റ്റബിളിറ്റിയും മറ്റും ലിങ്ക് പോളിഗണണ്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്ത് എഞ്ചിനിയറിങ്ങ് നിര്‍മ്മിതികള്‍ നടത്തി സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ വാങ്ങാമായിരുന്നു. ഇന്ന് അത്തരം വര്‍ക്കുകള്‍ പാഴ് വേലകളാണ് .. ഇത്രയുമൊക്കെ പറഞ്ഞപ്പോള്‍ പ്രീയ വായനക്കാര്‍ ചിന്തിക്കുന്നുണ്ടാകും പിന്നെ എന്താണ് ഈ നിര്‍മ്മിതി ? വിമര്‍ശനാന്മകമായ നിലപാടുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഒരു നിര്‍മ്മിതി അവതരിപ്പിക്കട്ടെ. ഒരു ഷീറ്റ് മെറ്റല്‍ ജോലിക്കാരന്‍ നേരിടുന്ന പ്രശ്നമാണ്. അയാള്‍ക്ക് ത്രികോണാകൃതിയിലുള്ള മെറ്റല്‍ഷീറ്റുകളാണ് വാങ്ങാന്‍ കിട്ടുന്നത് . ഓരോ ത്രികോണത്തകിടില്‍നിന്നും പരമാവധി വലുപ്പത്തിലുള്ള സമചതുരങ്ങള്‍ മുറിച്ചെടുക്കണം . പല വലുപ്പത്തിലുളള , പല ആകൃതിയുള്ള ത്രികോണത്തകിടില്‍ നിന്നു സമചതുരങ്ങള്‍ നിര്‍മ്മിക്കാന്‍ അയാളെ ഒന്നു സാഹായിക്കാമോ? നിര്‍മ്മിതിയുടെ ഏകദേശചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് സമാനമായ നിരമ്മിതി താഴെ കൊടുത്തിരിക്കുന്ന സ്റ്റപ്പുകള്‍ ഉപയോഗിച്ച് ചാര്‍ട്ട് പേപ്പറില്‍ വരക്കുമല്ലോ ത്രികോണം ABC വരക്കുക.AB വശത്ത് D അടയാളപ്പെടുത്തുക. D യില്‍നിന്ന് AC യിലേയ്ക്ക് AE എന്ന ലംബം വരക്കുക AE വശമായി സമചതുരം DEGF വരക്കുക AF ലൂടെ നീട്ടുന്ന വര BC യെ H ല്‍ ഖണ്ഡിക്കുന്നു H ല്‍ നിന്നും AC യിലേയ്ക്ക് HK എന്ന ലംബം വരക്കുക HK വശമായി വരക്കുന്ന സമചതുരം ഏറ്റവും വലിയ സമചതുരമായിരിക്കും ഇതിന്റെ ജ്യാമിതീയ തത്വം ഒന്നാലോചിച്ചുനോക്കാം ത്രികോണം ADF , ത്രികോണം AIH എന്നിവ സദൃസ്യത്രികോണങ്ങളാണ് . അതിനാല്‍ $\frac{DF}{HI}=\frac{AF}{AH}$ ആയിരിക്കും . അതുപോലെ ത്രികോണം AFG , ത്രികോണം AHK എന്നിവ സദൃശ്യത്രികോണങ്ങളാണ് . $\frac{GF}{HK}=\frac{AF}{AH}$ അതിനാല്‍ $\frac{DF}{HI}=\frac{GF}{HK}$ ആണ്.എന്നാല്‍ DF = FG ആയതുകൊണ്ട് HK = HI ആണ്ലലോ . അതിനാല്‍ HIGK സമചതരം തന്നെ . അത് ഏറ്റവും വലുതല്ലേ? ഈ നിര്‍മ്മിതി പല ആകൃതിയിലുള്ള ത്രികോണങ്ങളുടെ കാര്യത്തില്‍ ശരിയാകുമെന്ന് കാണിക്കാം .വേണമെങ്കില്‍ ചാര്‍ട്ടുപേപ്പറില്‍ വെട്ടിയെടുത്ത് ഭംഗിയാക്കാം ...
Minggu, 30 September 2012
എണ്ണലിന്റെ ഗണിതകൗതുകങ്ങള്‍
താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക. ധാരാളം നേര്‍വരകളുണ്ട് ഇവിടെ . രണ്ടില്‍കൂടുതല്‍ നേര്‍വരകള്‍ ഒരു ബിന്ദുവിലൂടെ കടന്നുപോകുകയോ , ഒരു വര മറ്റോരുവരയ്ക്ക് സമാന്തരമാകുയോ ചെയ്യരുത് . ആദ്യചിത്രത്തില്‍ ഒരു വര പ്രതലത്തെ രണ്ടായി മുറിച്ചിരിക്കുന്നു.
രണ്ടുവരകള്‍ പ്രതലത്തെ നാലായി മുറിക്കുന്നു. അതുപോലെ മൂന്നുവരകള്‍ പ്രതലത്തെ ആറ് ഭാഗങ്ങളായും നാല് വരകള്‍ പ്രതലത്തെ പതിനൊന്ന് ഭാഗങ്ങളായും മുറിച്ചിരിക്കുന്നതുകാണാം
ഇതില്‍ നിന്നും രൂപീകരിക്കാവുന്ന ഒരു സംഖ്യാശ്രേണിയുണ്ട് . താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ രണ്ടാംവരി സംഖ്യാശ്രേണിയാണ് . ഈ ശ്രേണിയുടെ ബിജഗണിതരൂപത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. പത്താംക്ലാസ് കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു അധികപ്രവര്‍ത്തനം തന്നെയല്ലേ ഇത്? ജനറല്‍ചാര്‍ട്ട് വിഭാഗത്തില്‍ ഇത് പ്രദര്‍ശിപ്പിക്കാമല്ലോ. ചാര്‍ട്ട് പേപ്പറില്‍ വരച്ച് വിവിധഭാഗങ്ങള്‍ നിറം നല്‍കിനോക്കിയാല്‍ നല്ലൊരു ചാര്‍ട്ടാകുമെന്ന് തീര്‍ച്ചയാണ് .
ഇനി വിശകലനപ്പട്ടിക കാണാം
ഇനി ശ്രേണിയുടെ നേര്‍രൂപം എഴുതാമല്ലോ? $T_n=1+\frac{n(n+1)}{2}$ എണ്ണലിന്റെ മറ്റൊരു പാറ്റേണ്‍ കാണാം. ഇത് വൃത്തവും ഞാണുകളുമായി ബന്ധപ്പെട്ടതാണ് . വൃത്തത്തിലെ രണ്ട് ബിന്ദുക്കളെ യോജിപ്പിച്ച് ഒരു ഞാണ്‍ വരച്ചപ്പോള്‍ വൃത്തം രണ്ടായി മുറിഞ്ഞു. മൂന്നു ബിന്ദുക്കള്‍ പരസ്പരം യോജിപ്പിച്ചുകൊണ്ട് വൃത്തത്തെ നാല് ഭാഗങ്ങളാക്കാം.
നാലുബിന്ദുക്കളും അഞ്ചുബിന്ദുക്കളുമൊക്കെ അടയാളപ്പെടുത്തി ഇപ്രകാരം ചെയ്താലോ? നാലു ബിന്ദുക്കള്‍ യോജിപ്പിക്കുമ്പോള്‍ 8 ഭാഗങ്ങളും അഞ്ചെണ്ണം യോജിപ്പിക്കുമ്പോള്‍ 16 ഭാഗങ്ങളും കിട്ടും . ആറെണ്ണം യോജിപ്പിച്ചാലോ? 32 എണ്ണമല്ല കിട്ടുന്നത് മറിച്ച് 31 എണ്ണമേ കിട്ടുകയുള്ളൂ. $2, 4, 8,16,---$ എന്ന ശ്രേണിയിലെ അടുത്തപദമായ 32 അല്ല എന്ന് ചിത്രംവരച്ച് ബോധ്യപ്പെടാവുന്നതാണ് . 32 ആയിരുന്നെങ്കില്‍ നേര്‍രൂപം $ 2^{n-1}$ എന്ന് എഴുതാമായിരുന്നു. $\frac{n^4-6n^3+23n^2-18n+24}{24}$എന്നതല്ലേ നേര്‍രൂപം . ഇതിന്റെ തെളിവ് കമന്റായി വരുമെന്ന് ഉറപ്പുണ്ട് . എണ്ണലിന്റെ ഗണിതവിസ്മയം മറ്റൊരു പോസ്റ്റില്‍ ശ്രാവണിടീച്ചര്‍ കുട്ടികള്‍ക്ക് കൊടുത്ത പ്രോജക്ടായി മുന്‍പൊരിക്കല്‍ നല്‍കിയത് ഓര്‍ക്കുന്നുണ്ടല്ലോ. ഇവിടെ ക്ലിക്ക് ചെയ്യുക ഇനിയുമുണ്ട് എണ്ണലുമായി ബന്ധപ്പെട്ട ധാരാളം ഗണിതകൗതുകങ്ങള്‍.ഒരു ചെസ്ബോഡില്‍ ചെറുതുംവലുതുമായി ആകെ എത്ര സമചതുരങ്ങള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ?
തിരശ്ചീനമായി 8 ചെറിയ സമചതുരങ്ങളും ലംബമായി 8 ചെറിയകളങ്ങളും ഉണ്ടാകും . ഇത്തരം $8^2$സമചതുരങ്ങളുണ്ടാകും . ഇത്തരം സമചതുരങ്ങളെ $1\times1$ സമചതുരങ്ങള്‍ എന്നുവിളിക്കാം. രണ്ടെണ്ണം വലത്തേയ്ക്കും രണ്ടെണ്ണം വീതം താഴേയ്ക്കും എടുക്കുന്ന സമചതുരങ്ങളെ $2\times2$ സമചതുരങ്ങളെന്നുപറയാം .ഇങ്ങനെ തുടര്‍ന്നും പേരുനല്‍കാം. ആകെ സമചതുരങ്ങളുടെ എണ്ണം $8^2+7^2+6^2+5^2+4^2+3^2+2^2+1^2=\frac{n(n+1)(2n+1)}{6}\\=\frac{8\times9\times 17}{6}=204$ ഇത് ക്വിസ് മല്‍സരങ്ങളുടെ കാലം . എണ്ണല്‍ക്രീയയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ തരുന്നു . ഉത്തരം കണ്ടെത്താനും കമന്റ്ചെയ്യാനും കുട്ടികളെ തയ്യാറാക്കുമല്ലോ.
- What is the digit in the ones place of $2^{50}$?
- The sequence of natural numbers up to 100 is $1,2,3,4 \cdots 100$ . Divide each of the numbers by 3 and add the remainders . What is the sum of the remainders?
- $1^2,2^2,3^2 \cdots 100^2$. Divide each of the number by 3 and add the remainders . What is the sum of the remainders?
- What is the 2005 th term of the sequence $1,23,456,78910,\cdots$
- Consider the following sequence . $\frac{2}{1},\frac{5}{2},\frac{10}{3},\frac{17}{4} ,\frac{26}{5}\cdots$.What is the $100^{th}$ term?
- The sequence of natural numbers are grouped as follows. $(1),(2,3),(4,5,6),(7,8,9,10) \cdots $The $n^{th}$ group of this sequence has n natural numbers. In which group the natural number 100 lie?
- $S_n=1-2+3-4+ 5-6 \cdots up to n terms$. What is the value of $S_{2004}+S_{2005}+S_{2006}$
- What is the sum of the remainders obtained by dividing each of the first 20triangular numbers by 3 ?
- What is the 25 th term of $12,21, 112, 121, 211, 1112, 1121, 1211, 2111, 11112 \cdots $ ?
- What is th product of 2005 terms of the sequence $1, (1-\frac{1}{2}), (1-\frac{1}{3}) , (1-\frac{1}{4}) \cdots $?
Minggu, 08 Juli 2012
വേറിട്ടചിന്തകള്‍ 3 : സമാന്തരശ്രേണി
എണ്ണല്‍സംഖ്യകള്‍ ക്രമത്തില്‍ എഴുതിയാല്‍ അവ പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണിയിലാണല്ലോ..? എന്നാല്‍, എണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.
പിന്നീട് എണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍ ക്രമത്തിലെഴുതിയ ശേഷം അവയുടെ അടുത്തടുത്ത പദങ്ങളുടെ വ്യത്യാസങ്ങള്‍ അടുത്തവരിയിലെഴുതി അവ സമാന്തരശ്രേണിയിലാണോ എന്ന് പരിശോധിക്കുക.
സമാന്തരശ്രേണി കിട്ടുന്നതുവരെ ഈ പ്രവര്‍ത്തനം തുടരുക.
പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികള്‍ അനന്യയുടെ വീട്ടില്‍ ഒത്തുകൂടി. ഹരിത പറഞ്ഞു."നമുക്ക്, ഈപ്രവര്‍ത്തനം നാലാംകൃതി, അഞ്ചാംകൃതി, ആറാംകൃതി എന്നിവകൂടി കണ്ട് വികസിപ്പിച്ചാലോ?" ശരി എന്നായി ഗ്രൂപ്പിലെ മറ്റ് മിടുക്കികള്‍. അവര്‍ ചെയ്ത പ്രവര്‍ത്തനം താഴേ കാണിക്കുംപോലെയാണ്.
എണ്ണല്‍സംഖ്യകള്‍
1,2,3,4,5,6,..................(സമാന്തരശ്രേണി ആണ്)
ആദ്യപദം = 1
പൊതുവ്യത്യാസം =1
എണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍
ശ്രേണി 1
1.4.9.16.25,..................
ശ്രേണി 2
3,5,7,9,11,....................(സമാന്തരശ്രേണി ആണ്)
ആദ്യപദം = 3
പൊതുവ്യത്യാസം = 2
എണ്ണല്‍സംഖ്യകളുടെ ഘനങ്ങള്‍
ശ്രേണി 1
1,8,27,64,125,216,.......
ശ്രേണി 2
7,19,37,61,91,..............
ശ്രേണി 3
12,18,24,30,.................(സമാന്തരശ്രേണി ആണ്)
ആദ്യപദം = 12
പൊതുവ്യത്യാസം = 6
എണ്ണല്‍സംഖ്യകളുടെ നാലാംകൃതികള്‍
ശ്രേണി 1
1,16,81,256,625,1296,......
ശ്രേണി 2
15,65,175,369,671,...........
ശ്രേണി 3
50,110,194,302,................
ശ്രേണി 4
64,84,108,.........................(സമാന്തരശ്രേണി ആണ്)
ആദ്യപദം = 60
പൊതുവ്യത്യാസം = 24
എണ്ണല്‍സംഖ്യകളുടെ അഞ്ചാംകൃതികള്‍
ശ്രേണി 1
1,32,243,1024,3125,7796,16807,...............
ശ്രേണി 2
31,211,781,2101,9031,...............................
ശ്രേണി 3
180,570,1320,2550,4380,...........................
ശ്രേണി 4
390,750,1230,1830,.....................................
ശ്രേണി 5
360,480,600,.................(സമാന്തരശ്രേണി ആണ്)
ആദ്യപദം = 360
പൊതുവ്യത്യാസം = 120
എണ്ണല്‍സംഖ്യകളുടെ ആറാംകൃതികള്‍
ശ്രേണി 1
1,64,729,4096,............................................
ശ്രേണി 2
63,665,3367,...............................................
ശ്രേണി 3
602,2702,8162,...........................................
ശ്രേണി 4
2100,5460,11340,20460,33540,.................
ശ്രേണി 5
3360,5880,9120,13080,..............................
ശ്രേണി 1
2520,3240,3960,......................(സമാന്തരശ്രേണി ആണ്)
ആദ്യപദം = 2520
പൊതുവ്യത്യാസം = 720
പ്രവര്‍ത്തനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഒരു പട്ടികയാക്കാന്‍ തീരുമാനിച്ചു.
പട്ടിക നാലഞ്ചാവര്‍ത്തി വായിച്ചുകഴിഞ്ഞയുടന്‍ അനന്യയുടെ പ്രതികരണം. "ആദ്യ രണ്ടുകോളങ്ങള്‍ തുല്യമായാണല്ലോ വരുന്നത്..!"
ഉടനെ അമ്മു "പൊതുവ്യത്യാസത്തിന്റെ കോളം ശ്രദ്ധിച്ചോ..? ആദ്യശ്രേണിയുടേത് 1, രണ്ടാം ശ്രേണിയുടേത് 2, മൂന്നാം ശ്രേണിയുടേത് 6...ഈ ഒരു ക്രമം വരുന്നതുകണ്ടോ..?"
ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇത് ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യവേ നിസാര്‍ പറഞ്ഞു. "ആദ്യപദത്തിന്റെ കോളത്തിലും ഒരു ക്രമമുണ്ടല്ലോ, 1,3,12,..."
എല്ലാവരും നിസാറിന്റെ ഗണിതചിന്തയെ പ്രകീര്‍ത്തിച്ചു.
അപ്പോള്‍ അമ്മുവിന് ഒരു സംശയം. "എണ്ണല്‍സംഖ്യകളെ n ആം കൃതിയിലേക്ക് ഉയര്‍ത്തിയാലോ..?"
അതൊരു നല്ല ആശയം തന്നെ. എല്ലാവരും കൂടി പട്ടിക താഴേ കാണുംപോലെ മാറ്റിയെഴുതി.
ഇത്രയും തയ്യാറാക്കിക്കഴിഞ്ഞപ്പോള്‍ ആതിരയ്ക്കൊരു സംശയം. "കുറേയേറെ സന്ദര്‍ഭങ്ങളില്‍ ശരിയായി വന്നുവെന്ന് കരുതി, ഒരു പ്രസ്താവന ഗണിത തത്വമായി കരുതാനാകില്ലെന്ന് മുമ്പ് ഭാമടീച്ചര്‍ പറഞ്ഞിട്ടില്ലേ..?"
അടുത്തദിവസം ഭാമടീച്ചറെ ചെന്നുകണ്ട സംഘത്തിന്റെ ഗണിതചിന്തയെ ഭാമടീച്ചര്‍ പ്രശംസിച്ചു. ഉയര്‍ന്ന ക്ലാസുകളില്‍ നിങ്ങള്‍ പഠിക്കുവാന്‍ പോകുന്ന ബൈനോമിയല്‍ തിയറം ഉപയോഗിച്ച് ഇത് തെളിയിക്കാം. എന്നാല്‍ ഈ ആശയം ഹൈസ്കൂളില്‍ ഇല്ലല്ലോ..? കുട്ടികള്‍ നിരാശരായി. സാരമില്ല, നമുക്കിത് മാത്സ് ബ്ലോഗിലെ കൃഷ്ണന്‍ സാറോടു ചോദിക്കാം.നമുക്ക് മനസ്സിലാകുന്ന രീതിയില്‍ അദ്ദേഹമിത് വിശദമാക്കും. കാത്തിരിക്കാം.
Selasa, 03 Juli 2012
വേറിട്ട ചിന്തകള്‍: 2 വൃത്തങ്ങള്‍

$A=\sqrt{abcd}$എന്ന സൂത്രവാക്യം കണ്ടിട്ടുണ്ടോ? A എന്നത് പരപ്പളവും a,b,c,d ചതുര്‍ഭുജത്തിന്റെ വശങ്ങളുമാണ്.
ഒരു പ്രത്യേകതരം ചതുര്‍ഭുജങ്ങളെ അവതരിപ്പിക്കുകയും അതിന്റെ പരപ്പളവ് കണക്കാക്കുന്നതിനുള്ള ഒരു പുതിയ സൂത്രവാക്യത്തിന്റെ പ്രസക്തി അന്വേഷണവിധേയമാകാകുകയുമാണ് ഇന്നത്തെ പോസ്റ്റ്
പാഠപുസ്തകത്തിന്റെ കാഴ്ചപ്പാട് പൂര്‍ണ്ണതയിലെത്തുന്നത് അതിനപ്പുറത്തുള്ള കാഴ്ചകള്‍ കണ്ടെത്താന്‍ കുട്ടി പ്രാപ്തനാകുമ്പോഴാണ് . ഇവിടെ അദ്ധ്യാപകന്റെ റോള്‍ അതിനുള്ള പാശ്ചാത്തലം രൂപീകരിക്കുക എന്നതാണ്. ഇത്തരം ഒരു ചിന്തയിലേയക്ക് നയിക്കുന്ന ഒരു ചെറിയ സന്ദര്‍ഭം അവതരിപ്പിക്കുക മാത്രമാണ് ഈ പോസ്റ്റില്‍ ചെയ്യുന്നത്.
അന്തര്‍വൃത്തങ്ങള്‍ വരക്കാവുന്ന ചതുര്‍ഭുജങ്ങളെക്കുറിച്ച് നമുക്കറിയാം. എല്ലാത്രികോണങ്ങള്‍ക്കും അന്തര്‍വൃത്തം വരക്കാന്‍ പറ്റുമെങ്കിലും എല്ലാ ചതുര്‍ഭുജങ്ങള്‍ക്കും അത് സാധ്യമാകുകയില്ല.പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സാധാരണ എഴുതാറുള്ള ഒരു ചോദ്യമുണ്ട് . അന്തര്‍വൃത്തം വരക്കാന്‍ പറ്റുന്ന ചതുര്‍ഭുജങ്ങളുടെ ഒരു ജോഡി എതിര്‍വശങ്ങളുടെ തുക മറ്റേജോഡി എതിര്‍വശങ്ങളുടെ തുകയ്ക്ക് തുല്യമായിരിക്കും . ഇത് തെളിയിക്കുന്നതിനായി തൊടുവരകളുടെ അടിസ്ഥാനപ്രത്യേകത ഉപയോഗിക്കുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനമായി അന്തര്‍വൃത്തം വരക്കാന്‍ പറ്റുന്ന സാമാന്തരീകങ്ങള്‍ സമഭുജസാമാന്തരീകങ്ങള്‍ തന്നെയെന്ന് കണ്ടെത്താന്‍ സാധിക്കും . ഇതൊക്കെ പറഞ്ഞത് നമ്മുടെ വിഷയത്തിനുള്ള ആമുഖമായാണ്.
ഇനി പരിവൃത്തം വരക്കാന്‍ പറ്റുന്ന ചതുര്‍ഭുജങ്ങളെക്കുറിച്ച് ചിന്തിക്കാം. ഇവ ചക്രീയചതുര്‍ഭുജങ്ങള്‍ തന്നെയാണെന്ന് നമുക്കറിയാം. ഇവയുടെ നാലുശീര്‍ഷങ്ങളിലൂടെയും കൂടി കടന്നുപോകുന്ന വൃത്തം വരക്കാന്‍ പറ്റുമല്ലോ. ചക്രീയചതുര്‍ഭുജങ്ങളുടെ വശങ്ങള്‍ a, b, c, d വീതമായാല്‍ ഇവ ഉപയോഗിച്ച് പരപ്പളവ് കണക്കാക്കാനുള്ള മാര്‍ഗ്ഗമുണ്ട് . $s= \frac{a+b+c+d}{2}$ ആയാല്‍ പരപ്പളവ്
$ \sqrt{(s-a)(s-b)(s-c)(s-d)}$ ആയിരിക്കും .
ഇനി നമുക്ക് പത്താം ക്ലാസിലെ പാഠപുസ്തകത്തിലേയ്ക്ക് തിരിച്ചുവരാം. ഇക്കാര്യം പാഠപുസ്തകത്തിലെ അന്‍പതാം പേജിലെ സൈഡ് ബോക്സായി നല്‍കിയിരിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന വിശദീകരണങ്ങളില്‍നിന്നും ഇതിന്റെ ചരിത്രപശ്ചാത്തലം നമുക്ക് മനസിലാക്കാം . അതുമായി ബന്ധപ്പെട്ട മറ്റുചില വസ്തുതകളും
ഈ രണ്ട് ആശയങ്ങളെയും ചേര്‍ത്തുകൊണ്ട് നമുക്ക് ഒരു അന്വേഷണം ആരംഭിക്കാം .
ഒരേസമയം അന്തര്‍വൃത്തവും പരിവൃത്തവും വരക്കാന്‍ കഴിയുന്ന ചതുര്‍ഭുജങ്ങള്‍ ഉണ്ടാകുമല്ലോ? തീര്‍ച്ചയായും . ഇത്തരം ചതുര്‍ഭുജങ്ങള്‍ക്കുള്ള ഏറ്റവും ലളിതമായ ഉദാഹരണം സമചതുരം തന്നെയാണ് . സമചതുരങ്ങളുടെ കാര്യത്തില്‍ അന്തര്‍വൃത്തത്തിന്റെ കേന്ദ്രവും പരിവൃത്തത്തിന്റെ കേന്ദ്രവും ഒന്നുതന്നെയാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഈ സവിശേഷസ്വഭാവമുള്ള മറ്റുചതുര്‍ഭുജങ്ങളുടെ കാര്യത്തില്‍ ഒരേ കേന്ദ്രം ആയിരിക്കില്ലല്ലോ. അതുകൊണ്ടുതന്നെ അത്തരം ചതുര്‍ഭുജങ്ങളെ ദ്വികേന്ദ്രചതുര്‍ഭുജങ്ങളെന്നു വിളിക്കട്ടെ!
കോമ്പസസ്സും സ്ക്കേലും ഉപയോഗിച്ച് ഉത്തരം ചിത്രങ്ങള്‍ വരക്കുക ആയാസകരമാണ് . എന്നാല്‍ ജിയോജിബ്ര ഉപയോഗിച്ച് നമുക്ക് ഇത്തരം ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ട് വരച്ചെടുക്കാം. വശങ്ങളുടെ നീളം അളന്നെഴുതുകയും ചെയ്യാം
ഏതൊരന്വേഷണത്തിനും ഒരു പരികല്പന ഉണ്ടാകുമല്ലോ. സമചതുരമെന്ന ദ്വികേന്ദ്രചതുര്‍ഭുജത്തിന്റെ പരപ്പളവ്
$a^2$ ആണല്ലോ. അതിനെ നമുക്ക് $ \sqrt{a^4}$ എന്ന് എഴുതാന്‍ സാധിക്കും . ഒന്നുകൂടി എഴുതിയാല്‍ പരപ്പളവ് $\sqrt{a \times a \times a \times a}$ എന്ന് എഴുതാന്‍ സാധിക്കും .
മറ്റ് ദ്വികേന്ദ്രചതുര്‍ഭുജങ്ങളുടെ കാര്യത്തില്‍ ഇത് ശരിയാകുമോ? തീര്‍ച്ചയായും ശരിയാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്
ഇനി വിവരശേഖരണത്തെക്കുറിച്ചാകാം. ധാരാളം ദ്വികേന്ദ്രചതുര്‍ഭുജങ്ങള്‍ ജിയോജിബ്രയുടെ സഹായത്താല്‍ വരക്കാം. വശങ്ങള്‍ a, b, c, d ആണെന്ന് കരുതുകയും അവ അളന്നെഴുതുകയും ചെയ്യാമല്ലോ. പോരെങ്കില്‍ പരപ്പളവ് കൃത്യമായി കണക്കാക്കാനുള്ള ടൂളും ഉണ്ട് ഇങ്ങനെ വിവരശേഖരണം നടത്തി അളവുകള്‍ പട്ടികയിലാക്കി , പരപ്പളവ് കണക്കാക്കുക.
മറ്റൊരുമാര്‍ഗ്ഗം വിവരങ്ങലെ സ് പ്രേഡ് ഷീറ്റിലാക്കി അപഗ്രഥനം നടത്തുകയാണ് .
അടിസ്ഥാനപരമായി ദ്വികേന്ദ്രചതുര്‍ഭുജങ്ങള്‍ ചക്രീയചതുര്‍ഭുജങ്ങള്‍ തന്നെയാണല്ലോ. അതിനാല്‍
$ \sqrt{(s-a)(s-b)(s-c)(s-d)}$എന്ന സൂത്രവാക്യവും ഉപയോഗിക്കാം . ഇതിനും സ് പ്രെഡ്ഷീറ്റ് സഹായം പ്രയോജനപ്പെടുത്താമല്ലോ.
ഈ പരപ്പവുകളെല്ലാം $A= \sqrt{abcd}$ എന്ന സമവാക്യം ഉപയോഗിച്ച് കണ്ടെത്തുന്ന പരപ്പളവുമായി താരതമ്യം ചെയ്തുനോക്കുക
ബ്രഹ്മഗുപ്തന്റെ പരപ്പളവുകാണുന്നതിനുള്ള സൂത്രവാക്യവും , അന്തര്‍വൃത്തം വരക്കാവുന്ന ചതുര്‍ഭുജങ്ങളുടെ പ്രത്യേകതയും സമന്വയിപ്പിച്ച് പുതിയ സൂത്രവാക്യം സൈദ്ധാന്തികമായി തെളിയിക്കാന്‍ പറ്റും . ഇതിന് ശ്രമിക്കുമല്ലോ?
Kamis, 17 Juni 2010
Tessellation patterns!

കഴിഞ്ഞദിവസം ബഹുഭുജങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ജനാര്‍ദ്ദനന്‍മാസ്റ്റര്‍ ഫുട്ബോള്‍ പ്രശ്നം അവതരിപ്പിച്ചു. അത് വലിയോരു തുടക്കമായിരുന്നു. കനമുള്ള ഗണിതചിന്തകളുമായി കൃഷ്ണന്‍ സാര്‍ , അഞ്ജനടീച്ചര്‍ ,ഫിലിപ്പ് സാര്‍, ഗായത്രി മുതലായവര്‍ പ്രതികരിച്ചു. ഗണിതബ്ലോഗിന്റെ നിലവാരമുയര്‍ത്താനുള്ള നിതാന്ത പരിശ്രമത്തില്‍ ഇവരുടെ ഇടപെടലുകള്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. ഒന്‍പതാംക്ലാസിലെ പാഠപുസ്തകം വീണ്ടും വായിക്കുന്നു. ഒരു ബഹുഭുജത്തിന്റെബാഹ്യകോണുകളുടെ (Exterior angles) തുക 360 ഡിഗ്രിയാണ്. ആക്യതി മാറിയാലും, വലുപ്പം മാറിയാലും ,ആന്തരകോണുകള്‍ (Interior angles)മാറിയാലും, ബാഹ്യകോണുകള്‍ മാറിയാലും ,മാറാതെ നില്‍ക്കുന്ന തുക. മാറ്റത്തിലും മാറാത്തത് ! ഇവിടെ നിന്നുതന്നെയാകാം ഇന്നത്തെ ചിന്ത......
ഒരു സമബഹുഭുജത്തിന് n വശങ്ങളുണ്ട്. ഒരു ബാഹ്യകോണ്‍ 360 / n ആണല്ലോ...? ഓരോ ആന്തരകോണും
(180 — 360/n) ആണ്. ഇത്തരം m ബഹുഭുജങ്ങളുടെ ശീര്‍ഷങ്ങള്‍ ഒരു ബിന്ദുവിനുചുറ്റും വയ്ക്കുന്നു.
അപ്പോള്‍ m(180 ― 360/n) = 360 ആണ്. അതായത് m(1 ―2/ n) = 2 ആണ്.
ഈ ചിന്ത ഒരു പ്രോജക്ടിനു തുടക്കമിടുന്നു.
ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളില്‍കുട്ടികളെ പലതരം ടൈലിങ്ങ് പാറ്റണുകളിലൂടെ നയിക്കാന്‍ അധ്യാപികയ്ക്ക് കഴിയും.

താഴെ കൊടുത്തിരിക്കും വിധം ഏതാനും ബഹുഭുജങ്ങള്‍ ചേര്‍ത്താലോ?
(1 ― 2/n1) + (1 ― 2/n2) + (1 ― 2/n3) + ..... = 2

ഇതോക്കെ തിയറിറ്റിക്കലായവ മാത്രമല്ല. ഗണിതവും കലയും ഒത്തുചേരുമ്പോള്‍ മനോഹരങ്ങളായ പാറ്റേണുകള്‍ ഉണ്ടാകും.

n=3, m=6

n=4, m=4

n=6, m=3

n1=6, n2=6, n3=3, n4=3

n1=4,n2=8,n3=8

n1=3, n2=12, n3=12

n1=4, n2=6, n3=12

n1=, n2=4, n3=3, n4=6

n1=3, n2=3, n3=3, n4=4

n1=3, n2=3, n3=3, n4=4, n5=4
നമ്മുടെ ഗണിതശാസ്ത്രമേളകളിലെ ജോമട്രിക്ക് ചാര്‍ട്ടുകള്‍ ഗണിതചിന്തകളുടെ നേര്‍സാക്ഷ്യങ്ങളാകുന്നത് എന്നാണ്?
ജനാര്‍ദ്ദനന്‍ സാറിന്റെ ചോദ്യത്തിന് ഈ വിശകലനം മതിയോ?
Jumat, 04 Juni 2010
ബഹുഭുജങ്ങളില്‍ നിന്നു തന്നെ..!
ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ , ഒന്നാംപാഠത്തിലെ അവസാന സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ? ശുദ്ധജ്യാമിതീയ നിര്‍മ്മിതിയാണ് വിഷയം. കോമ്പസസ്സും അങ്കനം ചെയ്യാത്ത ഒരു ദണ്ഡും ഉപയോഗിച്ചുള്ള നിര്‍മ്മിതി. ഗണിതശാസ്ത്രമേളയിലെ വളരെ പ്രധാനപ്പെട്ട ഒരു ഇനമാണിത്. അളവെടുക്കാതെയും അളന്നെടുക്കാതെയും നിര്‍മ്മിതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്നു വായിക്കുക.....കോമ്പസസ്സും റുളറും ( compass and straight edge) ഉപയോഗിച്ച് ഒരു സമപഞ്ചഭുജം വരക്കുന്ന രീതിയെക്കുറിച്ച് പ്രത്യേകപരാമര്‍ശം നല്‍കുന്ന സൈഡ് ബോക്സ്, പഠനത്തില്‍ ICT സാധ്യതയിലേക്ക് നയിക്കുന്നു. സമപഞ്ചഭുജത്തിന്റെ നിര്‍മ്മിതി നോക്കാം.
AB എന്ന ഒരു വരയിടുക. A കേന്ദ്രമായി, Bയിലേക്കുള്ള അകലം ആരമായി വൃത്തം വരക്കുക. B കേന്ദ്രമായി, Aയിലേക്കുള്ള അകലം ആരമായി മറ്റൊരു വൃത്തം വരക്കുക. ഈ രണ്ടുവൃത്തങ്ങളും AB യുടെ താഴെ P യില്‍ ഖണ്ഢിക്കുന്നു.
ഇനി P കേന്ദ്രമായി Aയിലേക്കുള്ള ദൂരം ആരമായി ഒരു അര്‍ദ്ധവൃത്തം വരക്കുക. ഈ അര്‍ദ്ധവൃത്തം P യുടെ ഇരുവശങ്ങളിലായി ആദ്യം വരച്ച വൃത്തത്തെ Q യിലും രണ്ടാമത്ത വൃത്തത്തെ R ലും ഖണ്ഡിക്കുന്നു.
ഈ രണ്ടുവൃത്തങ്ങളും ഖണ്ഢിക്കുന്ന P യും മറ്റേ ബിന്ദുവും യോജിപ്പിച്ചാല്‍ AB യുടെ ലംബ സമഭാജി കിട്ടുമല്ലോ. ഈ വര അര്‍ദ്ധവൃത്തത്തെ S ല്‍ ഖണ്ഢിക്കുന്നു.
Q യില്‍ നിന്ന് Sലൂടെ വരച്ചാല്‍ രണ്ടാമത്ത വൃത്തത്തെ C യില്‍ ഖണ്ഡിക്കും.R ല്‍ നിന്ന് S ലൂടെ വരച്ചാല്‍ ആദ്യവൃത്തത്തെ E യില്‍ ഖണ്ഡിക്കും
BC വരക്കുക, AE വരക്കുക. ഇപ്പോള്‍ സമപഞ്ചഭുജത്തിന്റെ മൂന്നു വശങ്ങളായി. ഇനിയുള്ള രണ്ടുവശങ്ങള്‍ വരക്കാന്‍ എളുപ്പമാണല്ലോ...?ഈ ചിത്രം വരച്ചിരിക്കുന്നത് Geogebra യിലാണ്

ഇനി ഒരു കുട്ടി എന്നോട് ഇന്നലെ ചോദിച്ച ഒരു ചോദ്യം.
മുന്നു കോണ്‍ ഉള്ളതിനാലാണല്ലോ ത്രികോണം എന്നു വിളിക്കുന്നത്. നാലു കോണുള്ളതിനെ എന്താണ് ചതുര്‍കോണം എന്നു വിളിക്കാത്തത്? അതുപോലെ പഞ്ചകോണം എന്നും വിളിക്കുന്നില്ല. അവിടെയോക്കെ വശങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്നത് എന്തിനാണ്?
നമ്മുടെ നിത്യസന്ദര്‍ശകയായ ഗായത്രി കുറച്ചു ചോദ്യങ്ങള്‍ തരാമെന്നു പറഞ്ഞിരുന്നല്ലോ. mathsekm@gmail.com ലെക്ക് അയച്ചാല്‍ നാളെ ഈ പോസ്റ്റിന്റെ ഭാഗമാക്കാം. ഇതുപോലെ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
Sabtu, 29 Mei 2010
തേനീച്ചക്കൂടിന് ഈ ആകൃതി എന്തുകൊണ്ട് ?
ഈ വര്‍ഷം മാറിവരുന്ന ഒമ്പതാം ക്ലാസ്സിലെ ഗണിതപുസ്തകത്തിലെ ആദ്യ യൂണിറ്റായ 'ബഹുഭുജങ്ങള്‍ ' അവതരിപ്പിച്ചുകൊണ്ടുള്ള ജോണ്‍മാഷിന്റെ പോസ്റ്റ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ..! അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് തത്സംബന്ധമായ ചില പ്രയോജനകരമായ പഠനക്കുറിപ്പുകള്‍ അയച്ചുതന്നിരിക്കുകയാണ്, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരധ്യാപകന്‍.ഇതിലെ പട്ടികകള്‍ കുട്ടികള്‍ പൂരിപ്പിക്കലായിരിക്കും ഉചിതമെന്നു തോന്നുന്നു. വായിച്ചാല്‍ മാത്രം പോരാ, കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുക കൂടി വേണം. ഇനി വായിക്കുക....പ്രകൃതിയിലെ എന്‍ജിനീയര്‍മാരാണ് തേനീച്ചകള്‍. തേനീച്ചക്കൂടിന്റെ പ്രത്യേകത എന്താണെന്നറിയാമോ?
അതിന്റെ എല്ലാ അറകളും സമഷഡ്ഭുജാകൃതിയിലാണ് . ഇത് എന്തു കൊണ്ടാണ്?
നമുക്കൊന്ന് പരിശോധിക്കാം .
താഴെ കൊടുത്ത പ്രവര്‍ത്തനം ഒന്ന് ചെയ്തു നോക്കാം.
ഒരേ ചുറ്റളവുള്ള ഏതാനും ബഹുഭുജങ്ങളുടെ വിസ്തീര്‍ണ്ണം കാണുക .
ചുവടെ കൊടുത്ത പട്ടിക പൂരിപ്പിക്കുക

നിഗമനം :---ഒരേ ചുറ്റളവുള്ള ത്രികോണങ്ങളില്‍ , സമഭുജത്രികോണത്തിനാണ് ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണം
നിഗമനം :---ഒരേ ചുറ്റളവുള്ള ചതുര്‍ഭുജങ്ങളില്‍ , സമചതുരത്തിനാണ് ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണം പൊതുനിഗമനം:- ഒരേ ചുറ്റളവുള്ള ബഹുഭുജങ്ങളില്‍ , സമബഹുഭുജത്തിനാണ് ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണം.
ഒരേ ചുറ്റളവുള്ള ബഹുഭുജങ്ങളുടെ വിസ്തീര്‍ണ്ണം. ചുവടെ, ഒരേ ചുറ്റളവുള്ള , ഏതാനും ബഹുഭുജങ്ങള്‍ തന്നിരിക്കുന്നു. പട്ടിക പൂരിപ്പിക്കുക.
നിഗമനം :-ഒരേ ചുറ്റളവുള്ള ബഹുഭുജങ്ങളില്‍ വശങ്ങളുടെ എണ്ണം കൂടുംതോറും വിസ്തീര്‍ണ്ണവും കൂടുന്നു.ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണം ലഭിക്കുക വൃത്തത്തിനാണ്.
പിന്നെ എന്തുകൊണ്ട് തേനീച്ചകള്‍ അവയുടെ അറകള്‍ വൃത്താകൃതിയില്‍ ഉണ്ടാക്കുന്നില്ല? നമുക്ക് പരിശോധിക്കാം.
താഴെ കൊടുത്ത പട്ടിക ശ്രദ്ധിക്കൂ.
ഇനി ഒരു ചോദ്യം:-ഒരു ബിന്ദുവിനു ചുറ്റുമുള്ള കോണുകളുടെ അളവുകളുടെ തുക എത്ര?ഇനി ചുവടെ കൊടുത്ത ചിത്രം നോക്കൂ
ആറ് സമബഹുഭുജത്രികോണങ്ങള്‍ ഒരു ബിന്ദുവിനു ചുറ്റും വെച്ചിരിക്കുന്നു.അവയ്ക്കിടയില്‍ സ്ഥലം തീരെ പാഴാകുന്നില്ല എന്ന് കാണാം.എന്തുകൊണ്ടാണ് ആറ് ത്രികോണങ്ങള്‍ ഇങ്ങനെ കൃത്യമായി വെക്കാന്‍ കഴിയുന്നത്?
(കാരണം ഒരു സമഭുജതിക്കോണത്തിന്റെ ഒരു കോണ്‍ അറുപത് ഡിഗ്രി ആണ്. ഇത് 360ന്റെ ഘടകമാണ്) 6x60=360
ഇത്പോലെ സമചതുരങ്ങള്‍ ക്രമീകരിക്കാന്‍ കഴിയുമോ?
നാല് ചതുരങ്ങള്‍ വെക്കാം, എന്തുകൊണ്ട്? (കാരണം ഒരു സമചതുരത്തിന്റെ ഒരു കോണ്‍ തൊണ്ണൂറു ഡിഗ്രി ആണ്. ഇത് 360ന്റെ ഘടകമാണ്) 4x90=360ഇത്പോലെ പഞ്ചഭുജങ്ങള്‍ ക്രമീകരിക്കാന്‍ കഴിയുമോ?

കഴിയില്ല എന്ന് കാണാം. (ഒരു സമ പന്ചഭുജത്തിന്റെ ഒരു കോണ്‍ 128.57 ആണ്,ഇതുഹ് 360ന്ടെ ഘടകമല്ല.)
ഇനി സമഷട്ഭുജം ക്രമീകരിക്കാന്‍ പറ്റുമോ എന്ന് നോക്കൂ?

സമഷട്ഭുജത്തിന്റെ ഒരു കോണ്‍ 120 ഡിഗ്രി ആയത് കൊണ്ട് ക്രമീകരികാന്‍ കഴിയുമെന്ന് കാണാം.
ഇനി അങ്ങോട്ടുള്ള ഏതൊരു സമബഹുഭുജവും ഈ വിധത്തില്‍ ക്രമീകരിക്കാന്‍ കഴിയില്ല എന്ന് കാണാം.
അതായത് ഏറ്റവും കുറഞ്ഞ ചെലവില്‍, തീരെ സ്ഥലം പാഴാക്കാതെ ,ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണം ലഭിക്കുക സമഷഡ്ഭുജത്തിനാണ്. അതുകൊണ്ടാണ് തേനീച്ചകള്‍ അവയുടെ കൂടിന്റെ അറകള്‍ സമഷഡ്ഭുജത്തിന്റെ ആകൃതിയില്‍ നിര്‍മ്മിക്കുന്നത്.
Selasa, 18 Mei 2010
പാഠം 1. ബഹുഭുജങ്ങള്‍.
ഒന്‍പതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചില പഠനവിഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ പക്തിയുടെ ലക്ഷ്യം. എല്ലാ ആഴ്ചയിലും ചൊവ്വാഴ്ചകളില്‍ ഇത് തുടരാനാണ് ഉദ്ദേശ്യം.നമ്മുടെ ബ്ലോഗ് ടീമിലെ ജോണ്‍സാറാണ് ഇതു കൈകാര്യം ചെയ്യാമെന്നേറ്റിരിക്കുന്നത്. ഇതിലെ ഒരു പ്രവര്‍ത്തനവും സ്റ്റാന്റേഡൈസ് ചെയ്തവയല്ല. ഗണിതാധ്യാപകരുടെ ,ഗണിതചിന്തകരുടെ വിലയേറിയ നിര്‍ദ്ദേശങ്ങളാല്‍ തിരുത്തപ്പെടുകയും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇവ പൂര്‍ണ്ണമാകുകയുള്ളൂ. മാറിയ പാഠപുസ്തകം പഠിപ്പിക്കുമ്പോള്‍ അധ്യാപികയ്ക്കുണ്ടാവാനിടയുള്ള സംശയങ്ങളും പ്രയാസങ്ങളുമൊക്കെത്തന്നെ നമുക്ക് പരസ്പരം ചര്‍ച്ച ചെയ്യാം. ഒന്നാമത്തെ യൂണിറ്റായ 'ബഹുഭുജങ്ങളി'ല്‍ നിന്നും നമുക്ക് തുടങ്ങാം.ഒന്നാമത്തെ യൂണിറ്റ് ബഹുഭുജങ്ങളാണ്.പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്ന പഠനലക്ഷ്യങ്ങള്‍ (learning objectives) ലിസ്റ്റ് ചെയ്യാം.
ബഹുഭുജങ്ങള്‍ എന്ന ആശയം രുപപ്പെടുത്തുക, ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക വശങ്ങളുടെ എണ്ണവുമായി ബന്ധപ്പെടുത്തി കണ്ടെത്തുക, ബാഹ്യകോണുകളുടെ തുക 360 ഡിഗ്രിയെന്ന് തിരിച്ചറിയുക, ഒരു ബഹുഭുജം സമബഹുഭുജമാകുന്ന സാഹചര്യം വിലയിരുത്തുക, അതിന്റെ പ്രത്യേകതകളും ,ബന്ധപ്പെട്ട ജ്യാമിതീയ ചിന്തകളും വിശകലനം ചെയ്യുക എന്നിവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങള്‍.സൈഡ് ബോക്സുകള്‍ നല്‍കുന്ന നൂതനചിന്തകള്‍ പഠിതാവിന് അനന്യസാധാരണമായ പഠനാനുഭവങ്ങള്‍ പകര്‍ന്നുതരാന്‍ പര്യാപ്തമാണ്.
നിര്‍വചിതചിന്തകള്‍ ക്കപ്പുറമുള്ള കാഴ്ചകളിലേയ്ക്ക് കുട്ടിയെ നയിക്കാന്‍പറ്റുന്ന വിധമാണ് പഠനവസ്തുതകള്‍ പാഠപുസ്തകത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു പഠനപ്രോജക്ടാണ് ഇന്നത്തെ പോസ്റ്റ്. ഒരു പഠനലക്ഷ്യം നേടുന്നതിനായി പഠിതാവ് ഒറ്റയ്ക്കോ ,കൂട്ടായോ നിശ്ചിതസമയംകൊണ്ട് ചെയ്തുതീര്‍ക്കുന്ന പരസ്പരപൂരകങ്ങളായ പഠനപ്രവര്‍ത്തനമാണ് പഠനപ്രോജക്ട് . പോജക്ട് പുര്‍ത്തിയാക്കിയ ശേഷമാണ് അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. പ്രോജകട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അനുചിതമാണ്. അതുകൊണ്ട് അഞ്ച്കുട്ടികള്‍ കൂടി നടത്തുന്ന ഒരു പ്രോജക്ട് ചര്‍ച്ചതന്നെയാവാം.
ശ്രാവണി നല്ലൊരു കണക്കധ്യാപികയാണ്. ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നു. ഒന്‍പതാം ക്ലാസിലെ പുതിയ പാഠപുസ്തകം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒന്നാമത്ത യൂണിറ്റായ ബഹുഭുജത്തിലെ വശങ്ങളുടെ എണ്ണവും കോണുകളുടെ തുകയും തമ്മിലുള്ള ബന്ധം ചര്‍ച്ചകളിലൂടെ സ്ഥാപിച്ചു കഴിഞ്ഞു. അതിനുശേഷം ശ്രാവണി ടീച്ചര്‍ ഒരു ത്രികോണം വരച്ചു. ത്രികോണത്തിന് എത്ര വികര്‍ണ്ണങ്ങളുണ്ടെന്ന് ചോദിച്ചു. ത്രികോണത്തിന് വികര്‍ണ്ണമോ? ഈ ടിച്ചര്‍ക്ക് എന്തുപറ്റി എന്നായി ചില വിരുതന്മാര്‍. അമ്മുവാണ് ആദ്യം പറഞ്ഞത്. ത്രികോണത്തിന് വികര്‍ണ്ണമുണ്ടാകില്ലെന്ന്. ചതുര്‍ഭുജത്തിന് എത്രവികര്‍ണ്ണങ്ങളുണ്ടെന്ന ചോദ്യത്തിന് എല്ലാമിടുക്കന്മാകും മിടുക്കികളും 2 എന്ന്ഉത്തരം പറഞ്ഞു.
ശ്രാവണിടീച്ചര്‍ വിട്ടില്ല. പഞ്ചഭുജത്തിന്റെയും ഷഡ്ഭുജത്തിന്റെയും വികര്‍ണ്ണങ്ങളുടെ എണ്ണത്തെക്കുറിച്ചുചോദിച്ചു. ഒറ്റയ്ക്കത്തരം പറയാന്‍ വിഷമിക്കുന്നതുകണ്ടപ്പോഴാണ് അഞ്ചുപേര്‍വീതമുള്ള ഗ്രുപ്പുകളായിരുന്ന് ,ചിത്രംവരച്ച് എണ്ണിനോക്കാന്‍ പറഞ്ഞത്.
ഇതോരു പ്രോജക്ടിന്റെ തുടക്കമായിരുന്നു
അമ്മു, അനുറാണി, ശ്രിക്കുട്ടന്‍, റിയാസ് , സൗമിനി എന്നിവര്‍ ഗ്രൂപ്പായി.അവര്‍ പ്രോജക്ടിന് ഒരു പേരിട്ടു.
"ബഹുഭുജങ്ങളുടെ വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധം ..ഒരു അമ്പേഷണം " ഇതായിരുന്നു പേര്
പടം വരച്ച്, വികര്‍ണ്ണങ്ങള്‍ അടയാളപ്പെടുത്തി ,വശങ്ങളുടെ എണ്ണവും വികര്‍ണ്ണങ്ങളുടെ എണ്ണവും നോക്കി ,പട്ടികയിലാക്കി.
പട്ടിക വിശകലനം ചെയ്യവെ അവര്‍ ഒരു പാറ്റേണ്‍ കണ്ടെത്തി.തുടര്‍ന്ന് n വശങ്ങളുള്ള ബഹുഭുജത്തിന് n(n - 3)/2 വികര്‍ണ്ണങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ കണ്ടെത്തി.
ശ്രാവണിടീച്ചര്‍ അവരുടെ പ്രോജക്ട് നിര്‍വഹണത്തില്‍ ഇടപെട്ടുകൊണ്ട് ഒരു യുക്തിചിന്തയിലേയ്ക്ക് അവരെ നയിച്ചു
രണ്ട് ശീര്‍ഷങ്ങള്‍ യോജിപ്പിക്കുമ്പോഴാണ് വികര്‍ണ്ണമുണ്ടാകുന്നത്.
ഏതുരണ്ട് ശിര്‍ഷങ്ങള്‍ യോജിപ്പിച്ചാലും വികര്‍ണ്ണം ഉണ്ടാകുന്നില്ല.
ഒരു ശീര്‍ഷത്തെ സമീപസ്ഥങ്ങളായ ശീര്‍ഷങ്ങളുമായി ചേര്‍ത്താല്‍ വികര്‍ണ്ണമുണ്ടാകുന്നില്ല.
ഒരു ശീര്‍ഷത്തില്‍ നിന്നും n - 3 വികണ്ണങ്ങളുണ്ടാകും.
n ശീര്‍ഷങ്ങളുയോഗിച്ച് n ( n - 3 ) എണ്ണമുണ്ടാക്കാം.
അതില്‍ പകുതി എണ്ണമെടുക്കുന്നതിന്റെ യുക്തി എന്താണ്?
ഇത് കുട്ടികള്‍ക്ക് നല്‍കാനായി അധ്യാപകര്‍ക്കുമുന്നില്‍ ചര്‍ച്ചക്കുനല്‍കുന്ന ഒരു പഠനപ്രവര്‍ത്തനമാണ്. പാഠപുസ്തകത്തില്‍ ഇതിന്റെ സ്ഥാനം ,പ്രസക്തി ഇവ ചോദ്യം ചെയ്യപ്പെട്ടെക്കാം.....
ഭാവനയുടെ അനന്തമായ ആകാശം കുട്ടിക്കു കാട്ടിക്കൊടുക്കുന്നവളാകട്ടെ പുതിയ സമീപനത്തിലെ മാറുന്ന അധ്യാപിക .
ഗണിതാധ്യാപകരില്‍ നിന്നും ഗണിതസ്നേഹികളില്‍ നിന്നും കുട്ടികള്‍ക്കായി ചില പഠനപ്രവര്‍ത്തനങ്ങള്‍ ഈ യുണിറ്റില്‍ നിന്നും കമന്റുകളായും ,മെയിലായും പ്രതീക്ഷിക്കുന്നു. അവ e question Bank ന് ഒരു മുതല്‍ക്കൂട്ടായിരിക്കും.
Jumat, 16 April 2010
ഈ തത്വത്തില്‍ തെറ്റുണ്ടോ?

ജ്യാമിതിയില്‍ ചില സൂഷ്മചിന്തകളുണ്ട്.ഒപ്പം ചില യുക്തിഭംഗങ്ങളും.ഇതില്‍ പലതും നമ്മുടെ ചിന്തകള്‍ക്കുണ്ടാകുന്ന താളപ്പിഴകളായിരിക്കും. പക്ഷെ ഇത്തരം ചിന്തകളാണ് കണ്ടുപിടുത്തങ്ങളിലേക്കും ചിന്തകളിലേക്കും നമ്മെ നയിക്കുക. അവ ഒരിക്കലും മറക്കാത്ത തിരിച്ചറിവുകളായി നമ്മളില്‍ അവശേഷിക്കുകയും ചെയ്യും. പ്രശ്നനിര്‍ദ്ധാരണരീതിയില്‍ നിന്നും വ്യത്യസ്തമായി പ്രശ്നവും നിര്‍ദ്ധാരണരീതിയും നല്‍കുകയും അതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഇന്നത്തെ പോസ്റ്റ്. ക്ലാസ് റൂമുകളില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വിവിധതരം ത്രികോണങ്ങളെപ്പറ്റി കുട്ടികള്‍ക്ക് അറിയാന്‍ കഴിയും. മൂന്നു വശങ്ങളും തുല്യമായ ത്രികോണമാണ് സമഭുജത്രികോണം,രണ്ടുവശങ്ങള്‍ തുല്യമാകുമ്പോള്‍ സമപാര്‍ശ്വത്രികോണം. മൂന്നുവശവും വ്യത്യസ്തങ്ങളായാല്‍ വിഷമഭുജത്രികോണം. ശരിയല്ലേ? ഇനി നമ്മളൊരു തത്വം പറയാന്‍ പോകുന്നു.
വിഷമഭുജത്രികോണങ്ങളെല്ലാം സമപാര്‍ശ്വത്രികോണങ്ങളാണ്
എന്തു തോന്നുന്നു. ഇതൊരു അബദ്ധമാണെന്ന് തോന്നുന്നുണ്ടോ? വെറുതെ പറയുന്നതല്ല. നമ്മള്‍ പഠിച്ചിട്ടുള്ള , പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ജ്യാമിതീയതത്വങ്ങള്‍ ഉപയോഗിച്ച് ഇപ്പറഞ്ഞത് തെളിയിക്കാന്‍ നോക്കാം. എവിടെയെങ്കിലും തെറ്റുണ്ടെന്നു തോന്നിയാല്‍ അപ്പോള്‍ ചൂണ്ടിക്കാട്ടണം. റെഡിയല്ലേ? അപ്പോള്‍, നമുക്ക് ആരംഭിക്കാം.
- ത്രികോണം ABC ഒരു വിഷമഭുജത്രികോണം.(Scalene Triangle)
- AB താഴെ വരുംവിധം വരച്ചോളൂ.
- കോണ്‍ C യുടെ സമഭാജിയും ,AB യുടെ ലംബസമഭാജിയും വരക്കാമല്ലോ.
- അവ G യില്‍ ഖണ്ഡിക്കുന്നു.
- GF ലംബം BC ,GD ലംബം AC , GE ലംബം AB വരക്കുക.
- ത്രികോണം CDG യും ത്രികോണം CFG യും സര്‍വ്വസമങ്ങളാണല്ലോ?(angle-angle-side).
- അപ്പോള്‍ DG = FG , CD = CF ആകുന്നു.
- G എന്നത് AB യുടെ ലംബസമഭാജിയിലായതുകൊണ്ട് AG = BG ആണല്ലോ.
- മട്ടത്രികോണങ്ങളുടെ സര്‍വ്വസമത അനുസരിച്ച് ത്രികോണം DAG യും ത്രികോണം FBG യും സര്‍വ്വസമങ്ങളാണ്.
- അപ്പോള്‍ DA യും FB യും തുല്യം.
- CD = CF , DA = FB.
- അതിനാല്‍ CD + DA = CF + FB.
- അപ്പോള്‍ AC = BC ആകുമല്ലോ?
- അതായത് ത്രികോണം ABC ഒരു വിഷമഭുജത്രികോണമല്ല, സമപാര്‍ശ്വത്രികോണമാണ് .
Senin, 12 April 2010
പ്യുവര്‍ കണ്‍സ്ട്രക്ഷന്‍
ഇന്നലെ വായിച്ച ആത്മാര്‍ത്ഥത നിറഞ്ഞ ഒരു കമന്റിന് വാക്കുകള്‍കൊണ്ടൊരു മറുപടി മതിയാവില്ലെന്നു തോന്നി.വിനോദ് സാറിനെക്കുറിച്ചുതന്നെയാണ് ഞാന്‍ പറയുന്നത്."ഗണിതശാസ്ത്രം പ്രധാനമായും ചര്‍ച്ചചെയ്യുന്ന ഒരു ബ്ലോഗ് മികച്ച ഒരു ഗണിത വിദ്യാര്‍ഥിയെ വളര്‍ത്തിയെടുക്കുന്നതിലായിരിക്കണം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എന്ന് തോന്നുന്നു"ഈ വാക്കുകളിലാണ് ഞാന്‍ തരിച്ചുനിന്നത്.ഇതൊരു തിരിച്ചറിവിന് കാരണമായി.ശാസ്ത്രം സാങ്കേതിക വിദ്യയ്ക്ക് വഴികാട്ടിയാവണം.സാങ്കേതികത കാലത്തിനതീതമല്ല. ഒരിക്കലും ആകുകയുമില്ല.ശാസ്ത്രവും ചിന്തകളും കാലത്തെ അതിജീവിക്കുന്നു.ചിലപ്പോള്‍ പ്രക്യതിയുടെ സമസ്തസൗന്ദര്യവും ഒപ്പിയെടുക്കാന്‍ ശാസ്ത്രം നിമിത്തമാകുന്നു.മേഘം ,പച്ചിലപ്പടര്‍പ്പ്,കടല്‍തീരം എന്നിവയുടെ ഘടനയില്‍ മറഞ്ഞിരിക്കുന്ന ക്രമത്തിന്റെ ക്ഷേത്രഗണിതാവിഷ്ക്കാരം ഗണിതവീദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനവിഷയമാണ്.
ഒരു ത്രികോണത്തെ തുല്യവിസ്തീര്‍ണ്ണമുള്ള രണ്ടുഭാഗങ്ങളാകത്തക്കവിധം ഒരു വശത്തിനു സമാന്തരമായ രേഖകൊണ്ട് വിഭജിക്കുക.
നിര്‍മ്മിതി പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ ആദ്യം വരച്ച ത്രികോണം ഒരുലംബകമായും മറ്റോരു ത്രികോണമായും മാറിയിരിക്കും.അവയുടെ വിസ്തീര്‍ണ്ണങ്ങള്‍ തുല്യമായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന വിധം നമുക്ക് നിര്‍മ്മിതി പൂര്‍ത്തിയാക്കാം.
ത്രികോണം ABC വരക്കുക. ഏതുതരം ത്രികോണവുമാകാം.
AB എന്ന വശത്ത് ഒരു ബിന്ദു D അടയാളപ്പെടുത്തുക.
Dയിലൂടെ ABയ്ക്ക് ലംബമായി രേഖ വരക്കുക.
D കേന്ദ്രമായി DA ആരമായി വരക്കുന്ന ചാപം ലംബത്തെ Eയില്‍ മുറിക്കുന്നു.അപ്പോള്‍ AE എന്നത് root 2 * AD ആകുന്നു.
ഇനി EB വരക്കാം.A കേന്ദ്രമായി,AD ആരമായി വരക്കുന്ന ചാപം AE യെ F ല്‍ മുറിക്കുന്നു,ഇനി F ലൂടെ EBയ്ക്ക് സമാന്തരമായി വരക്കുക ഈ രേഖ AB യെ Gയില്‍ സന്ധിക്കുന്നു.
ഇനി G യിലൂടെ BC യ്ക്ക് സമാന്തരമായി വരച്ച് നിര്‍മ്മിതി പൂര്‍ത്തിയാക്കാം.
നിര്‍മ്മിതി ഒരു പ്രവര്‍ത്തനക്രമം മാത്രമാകരുത്. അത് ചിന്തയുടെ ഗണിതവല്‍ക്കരണം തന്നെയാണ്. ഏതൊരു ഘട്ടത്തിനു പിന്നിലും ഒരു ജ്യാമിതീയ തത്വം ഉണ്ടായിരിക്കും.ആ തത്വത്തിന്റെ ദൃശ്യവല്‍ക്കരണമായിരിക്കണം നിര്‍മ്മിതി.
ഇനി മുകളിലെ ഉദാഹരണത്തിലെക്കുതന്നെ പോകാം. ത്രികോണം AEB യില്‍ EB യ്ക്ക് സമാന്തരമായാണ് FG വരക്കുന്നത്.അതുകൊണ്ടുതന്നെ AF/AE = AG/AB = 1/root2 ആയിരിക്കും.G യിലൂടെ BC യ്ക്ക് സമാന്തരമായി വരക്കുന്ന രേഖ AC യെ 1 : root 2 എന്ന അംശബന്ധത്തില്‍ വിഭജിക്കും. ഈ രേഖ AC യെ വിഭജിക്കുന്നത് H ലായാല്‍
AH:AC = 1: root 2
സദ്യശ്യത്രികോണങ്ങളുടെ വിസ്തീര്‍ണ്ണങ്ങള്‍ തുല്യമായ കോണുകള്‍ക്ക് എതിരെയുള്ള വശങ്ങളുടെ വര്‍ഗ്ഗത്തിന് ആനുപാതികം.
ത്രികോണം AGH ന്റെ വിസ്തീണ്ണം : ത്രികോണം ABC യുടെ വിസ്തീര്‍ണ്ണം = 1 : 2
അതായത് ത്രികോണം AGH ന്റെ വിസ്തീണ്ണം = ലംബകം GBCH ന്റെ വിസ്തീണ്ണം
ഈ ചര്‍ച്ചയുടെ ഗതി ഏതാണ്ട് മനസ്സിലായിട്ടുണ്ടാകുമെന്നു കരുതി മറ്റൊരു നിര്‍മ്മിതിയെക്കുറിച്ചു പറയട്ടെ.
വിസ്തീര്‍ണ്ണങ്ങള്‍ 1 : 2 : 3 ആകത്തക്കവിധം 3ഏക കേന്ദ്രവൃത്തങ്ങള്‍ വരക്കുക. വരച്ചു നോക്കി എങ്ങനെ അതിനു സാധിച്ചു എന്നു കൂടി വിശദീകരിക്കുമല്ലോ. ശുദ്ധ ജ്യാമിതീയ നിര്‍മ്മിതിയെക്കുറിച്ചുള്ള ചര്‍ച്ച സജീവമാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.....









