MATHEMATICS

Senin, 26 Maret 2012

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

"പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി ശ്രദ്ധിക്കുന്നതാണ്. ദൈവമേ ഹിന്ദിയില്‍ A+ നഷ്ടമായാല്‍ പിന്നെ..? ആലോചിക്കാന്‍ കൂടി കഴിയുന്നില്ല സ്കൂളിലെ ഏക ഹിന്ദി വിശാരദയായ ശാലിനി ടീച്ചര്‍ക്ക്! വന്നയുടന്‍ ചോദ്യപ്പേപ്പര്‍ തട്ടിയെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങി.ഹാവൂ..എട്ടാം ചോദ്യത്തിന്റെ വിചാരണാസമയം വരെ കാര്യങ്ങള്‍ ശുഭം. ഒമ്പതാം ചോദ്യത്തിന് മൂന്ന് ചോദ്യങ്ങളില്‍ ഉത്തരമെഴുതേണ്ട രണ്ടെണ്ണത്തില്‍ ഏതെല്ലാമെഴുതിയെന്ന് ചെദിച്ചപ്പോഴാണ് സംഗീതയുടെ അലമുറ പുറപ്പെട്ടത്. "ടീച്ചറേ..ഞാന്‍ ഒരെണ്ണമേ...ഞാന്‍ കരുതി ഒരെണ്ണം..." ഹിന്ദിയിലെ A+ പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം ടീച്ചറുടെ പ്രതീക്ഷക്കപ്പുറമായിരുന്നു. വീട്ടില്‍ ചെന്നയുടന്‍ സംഗീത കട്ടിലില്‍ കമഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങിയതാണ്. ഭാഗ്യത്തിന് അടുത്ത പരീക്ഷയായ കണക്ക് രണ്ടുദിനം കഴിഞ്ഞേയുള്ളൂവെന്നത് മാത്രമാണ് സമനില അല്പമെങ്കിലും വീണ്ടെടുക്കാന്‍ അവള്‍ക്ക് തുണയായത്."
ഇത്തവണ നടന്ന ഈ സംഭവത്തില്‍ പേരുകള്‍ മാത്രമേ വ്യാജമായുള്ളൂ. അനവസരത്തിലുള്ള അവലോകനങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങള്‍ സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍സാര്‍ തയ്യാറാക്കി എന്നേ അയച്ചുതന്ന അവലോകനവും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്തെന്ന ചോദ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യമാണ് മേല്‍ വിവരിച്ചത്. ഇനി വായിക്കൂ...
പുതിയ പാഠപുസ്തകത്തെ ആസ്പദമാക്കി നടന്ന ആദ്യത്തെ പൊതുപരീക്ഷ ആയതിനാല്‍ കുട്ടികളും അധ്യാപകരും ഏറെ ആശങ്കയോടെയാണ് ഗണിതപരീക്ഷയെ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യാതൊരുവിധ ആശങ്കക്കും ഇടനല്‍കാതെ, എല്ലാത്തരം കുട്ടികളിലും സംതൃപ്തി ഉളവാക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറായിരുന്നു ഇത്തവണത്തേത്. മൂന്നോ നാലോ ചോദ്യങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ എളുപ്പം ഉത്തരമെഴുതാനാകുന്ന ചോദ്യങ്ങള്‍. ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.
സമാന്തരശ്രേണി
1, 9, 12 ചോദ്യങ്ങളാണ് സമാന്തരശ്രേണിയില്‍ നിന്നും വന്നിരുന്നത്. ഇതില്‍ ഒന്നം ചോദ്യം എല്ലാത്തരം കുട്ടികളും ചെയ്തിരിക്കും. ഒമ്പതാം ചോദ്യവും കുട്ടികള്‍ ചെയ്തു ശീലിച്ചതുതന്നെ. പന്ത്രണ്ടാം ചോദ്യം താഴ്​ന്ന നിലവാരക്കാര്‍ പൂര്‍ണ്ണമായി ചെയ്തുകാണണമെന്നില്ല, എന്നാല്‍ ശരാശരിക്കു മുകളില്‍ നില്ക്കുന്നവര്‍ എളുപ്പത്തില്‍ ചെയ്തുകാണും.
വൃത്തങ്ങള്‍, തൊടുവരകള്‍
വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളില്‍നിന്നും വന്ന നിര്‍മ്മിതികള്‍ കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല, എന്നിരുന്നാലും ഒരു അന്തര്‍വൃത്തം വരയ്ക്കാന്‍ നേരിട്ടുള്ള നിര്‍മ്മിതി കുട്ടികള്‍ പ്രതീക്ഷിച്ചിരുന്നു. ചോദ്യം നമ്പര്‍ 15, SCERT ചോദ്യശേഖരം ചെയ്തുശീലിച്ച കുട്ടികള്‍ വളരെ എളുപ്പം ചെയ്തുകാണും. ഇതിലെ രണ്ടാം ചോദ്യം കൂടുതല്‍ കുട്ടികളും ചെയ്യാന്‍ ശ്രമിച്ചുകാണുകയില്ല. എന്നാല്‍ ചിത്രം കാണുമ്പോഴുള്ള പേടി ശരിയായി വിശകലനം ചെയ്താല്‍ ഉണ്ടാകാന്‍ വഴിയില്ല. ഒരുപക്ഷേ നിര്‍മ്മിതിയേക്കാള്‍ എളുപ്പം സ്കോര്‍ നേടാന്‍ കഴിയുന്നതും ഇതിലൂടെയാണ് എന്ന് തോന്നുന്നു.ചോദ്യം നമ്പര്‍ 21(a)മോഡല്‍പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. (b)ഭാഗവും കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയില്ല. ഇവിടെ (a),(b) എന്ന് പറഞ്ഞതുകൊണ്ട് ചുരുക്കം ചില കുട്ടികള്‍ (a)ഭാഗം ചെയ്ത് (b)ല്‍ വീണ്ടും (a)ഭാഗം വരച്ച് A,B,C എന്നീ ബിന്ദുക്കളിലൂടെ തൊടുവരകള്‍ വരച്ചുകാണും. എന്നാല്‍ ഇവരണ്ടും ഒറ്റച്ചിത്രത്തില്‍ വരക്കാവുന്നതാണ്. ഇനി രണ്ടുചിത്രങ്ങളായി വരച്ചതുകൊണ്ട് മാര്‍ക്ക് നഷ്ടപ്പെടുകയൊന്നുമില്ല! ആറാം ചോദ്യത്തില്‍ അവ്യക്തതയുണ്ടെന്ന് ചില കുട്ടികള്‍ക്കെങ്കിലും തോന്നിയിരിക്കും. ത്രികോണം APB സമപാര്‍ശ്വത്രികോണം എന്നു പറയുമ്പോള്‍ ഏതൊക്കെ വശങ്ങളാണ് തുല്യം എന്ന വസ്തുത പറയാന്‍ വിട്ടുപോയി എന്ന തോന്നല്‍ കുട്ടികളിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ചിത്രം ശരിയായി വിശകലനം ചെയ്താല്‍ BA=BP എന്ന സാധ്യതയ്ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്ന് മനസ്സിലാക്കാം. ഭൂരിഭാഗം കുട്ടികളും ഇത് ശരിയായി ചെയ്തുകാണും.എട്ടാം ചോദ്യം, ചോദ്യശേഖരത്തിലെ ചോദ്യത്തിന്റെ പകര്‍പ്പായിരുന്നു. PQxPB=PA2 എന്ന ആശയം മനസ്സിലാക്കിയ കുട്ടികള്‍ വളരെ എളുപ്പം ഈ ചോദ്യം ചെയ്തുകാണും. എന്നാലും വൃത്തത്തിന്റെ ആരം കണ്ട് മുഴുവന്‍ സ്കോറും നേടുന്നവര്‍ കുറവാകാനാണ് സാധ്യത.
രണ്ടാംകൃതിസമവാക്യം, ബഹുപദങ്ങള്‍
ഈ പാഠഭാഗങ്ങളില്‍ നിന്നും വന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചായിരുന്നു. മൂന്നാം നമ്പ്ര് ചോദ്യം ഏതു നിലവാരക്കാര്‍ക്കും ചെയ്യാന്‍ കഴിയും. അഞ്ചാം ചോദ്യത്തിനും ഭൂരിഭാഗം കുട്ടികളും ഉത്തരത്തിലെത്തിക്കാണും. ക്ലാസ്റൂം പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.പതിനാറാം ചോദ്യത്തില്‍ കിച്ചു, സച്ചു എന്നിവര്‍ ഉള്‍പ്പെട്ട ചോദ്യം ചെയ്ത് മുഴുവന്‍ മാര്‍ക്കും നേടാന്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ. എന്നാല്‍ ഇവിടെ വന്ന രണ്ടാം ചോദ്യം ടെക്സ്റ്റ് ബുക്കിലെ അറുപത്തിയേഴാം പേജിലെ സമാനചോദ്യം ചെയ്ത കുട്ടികള്‍ എളുപ്പം ചെയ്തു കാണണം.ചോദ്യം നമ്പര്‍ 19(a)എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ (b),(c),(d) എന്നിവ ചെയ്ത് മുഴുവന്‍ മാര്‍ക്ക് നേടല്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ.
ത്രികോണമിതി
ത്രികോണമിതിയില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 10 മോഡല്‍പരീക്ഷയുടേതിന് സമാനമായ ഒന്നായിരുന്നു. എന്നാല്‍ ചോദ്യം നമ്പര്‍ 17 ചിത്രം വരച്ച് പുഴയുടെ വീതിയും മരത്തിന്റെ ഉയരവും കണ്ടെത്തി മുഴുവന്‍ മാര്‍ക്കും നേടുന്ന കുട്ടികളുടെ എണ്ണം കുറവാകാനാണ് സാധ്യത. ഉയര്‍ന്ന ചിന്താശേഷിയുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ഈ ചോദ്യം.
സൂചകസംഖ്യകള്‍, ജ്യാമിതിയും ബീജഗണിതവും
സൂചകസംഖ്യകളില്‍ നിന്നും വന്നചോദ്യം നമ്പര്‍ 2 താഴ്ന്ന നിലവാരക്കാര്‍ക്ക് സന്തോഷിക്കുവാനുള്ള വക നല്‍കി. പതിനെട്ടാം ചോദ്യത്തിന് നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാണെന്ന് പറയാന്‍ കഴിയില്ല.BD എന്ന വശം അക്ഷത്തിനു സമാന്തരം ആണ് എന്നാല്‍ ചിത്രം മാത്രം വിശകലനം ചെയ്‌താല്‍ മാത്രം ഇത് കണ്ടെത്താന്‍ കഴിയുകയില്ല ചെയ്ത് ശീലിച്ചതായതിനാല്‍ എളുപ്പമായിരുന്നേക്കാമെങ്കിലും മുഴുവന്‍ മാര്‍ക്കുംനേടുന്ന കുട്ടികള്‍ കുറവായിരിക്കാം.ഇരുപതാം ചോദ്യത്തില്‍ 3x-2y+9 എന്നതില്‍ =0 അടിക്കാന്‍ വിട്ടുപോയിട്ടുണ്ട്. പക്ഷേ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നതുകൊണ്ട് പൊതുവെ കുട്ടികള്‍ ഈ ചോദ്യത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കാണണം.
സ്ഥിതിവിവരക്കണക്ക്
സ്ഥിതിവിവരക്കണക്കില്‍നിന്നും വന്ന രണ്ടു ചോദ്യങ്ങളും പ്രതീക്ഷിതം തന്നെ. D+ ഗ്രേഡുകാര്‍ ഏറെ ആശ്രയിക്കുന്ന ഈ ചോദ്യങ്ങള്‍ നേരിട്ടുതന്നെ ചോദിച്ചത് കുട്ടികളെ (അധ്യാപകരേയും!)ഏറെ സന്തോഷിപ്പിച്ചിരിക്കും.
സാധ്യതയുടെ ഗണിതം
ഈ അധ്യായത്തില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 4 കുട്ടികളെ കുഴക്കിയില്ല. ആദ്യ ചോദ്യത്തെയായിരിക്കും ഏറെപ്പേരും ആശ്രയിച്ചിരിക്കുക. ഇവിടെ ചില കുട്ടികളെങ്കിലും രണ്ട് പെട്ടിയില്‍ നിന്നും ഒരേസമയം ഓരോ മുത്തെടുക്കുന്നുവെന്ന് പരിഗണിച്ച് ആകെ സാധ്യതകള്‍ 255 എന്ന് കാണാനുള്ള സാധ്യത വിരളമല്ല. പക്ഷേ, മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്നും വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നു ഈ ചോദ്യവും!ഇതിലെ രണ്ടാം ചോദ്യത്തിന്റെ വലുപ്പം കാരണം അത് മുഴുവനായി വായിച്ചുപോലും നോക്കാത്തവരും ധാരാളമായി കാണും. (വായിച്ചുനോക്കാനുള്ള സാധ്യത 1/10 ആയിരിക്കും..!)
ഘനരൂപങ്ങള്‍
രണ്ടു ചോദ്യങ്ങളാണ് ഘനരൂപങ്ങളില്‍ നിന്നും വന്നത്. പതിനൊന്നാം ചോദ്യത്തില്‍ കടലാസിന്റെ ഒരു വശം കാണുന്നതിന് സ്തൂപികയുടെ ചരിവുയരം കണ്ട് അതിന്റെ പാദവക്കിനോട് കൂട്ടി (12+8+8 = 28)എന്നെഴുതുന്നതില്‍ ശരാശരിക്കാര്‍ വിജയിക്കണമെന്നില്ല. എന്നാല്‍ മിടുക്കരെ ഈ ചോദ്യം വലക്കില്ല. ചരിവുയരത്തിന്റെ ഭാഗത്ത് കുത്തുകളിട്ടത് ചിലര്‍ക്ക് സംശയമുണ്ടാക്കിക്കാണണം. 10m എന്നത് ചരിവുയരമാണോ എന്ന് ചില കുട്ടികള്‍ക്കെങ്കിലും സംശയമുണ്ടാക്കിക്കാണും.ചോദ്യം 13 കുട്ടികള്‍ ചെയ്തുശീലിച്ചതും പ്രതീക്ഷിച്ചതുമാകയാല്‍ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നൂ ഈ ചോദ്യവും.
ഉപസംഹാരം
പൊതുവേ കുട്ടികളുടെ നിലവാരമളക്കുന്നതില്‍ വിജയം കണ്ട ഒരു ചോദ്യപ്പേപ്പറെന്ന് ഉപസംഹരിക്കാം. എല്ലാ വിഭാഗക്കാരേയും പരിഗണിച്ചുവെന്നതാണ് മേന്മ. A+ നേടുന്ന കുട്ടികളുടെ എണ്ണം കുറവായിരിക്കുമെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭേദം.തോല്ക്കാന്‍ ഏറെ പ്രയാസപ്പെടും. C+, B ഗ്രേഡുകാരായിരിക്കും കൂടുതല്‍.
ഉത്തരസൂചികകള്‍
ഉത്തരസൂചിക മലയാളം മീഡിയം

Answer Key English Medium

ഹിതയുടെ ഫിസിക്സ് ഉത്തരസൂചിക


എസ്.എസ്.എല്‍.സി ഐടി ഉത്തരങ്ങള്‍ : Thanks to Vipin Mahatma

Tidak ada komentar:

Posting Komentar