MATHEMATICS

Tampilkan postingan dengan label പലവക. Tampilkan semua postingan
Tampilkan postingan dengan label പലവക. Tampilkan semua postingan

Selasa, 03 September 2013

How to connect aadhar card with gas connection as online..?

പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.
ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.
അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.
രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.
അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.
അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.
മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.

തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.
ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.

ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.

പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.

HPCL | BPCL | IOCL

Sabtu, 26 Juni 2010

അബൂബക്കര്‍ എന്ന 'കുട്ടി മെക്കാനിക്ക്'

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ ഐടി@സ്കൂളും ജില്ലയിലെ എസ്.ഐ.ടി.സി ഫോറവും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനപ്രദമായ ഐസിടി ശില്പശാലയില്‍ വെച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയിലുടനീളം താരമായി തിളങ്ങിയ അബൂബക്കറിന്റെ മികവെന്താണെന്നല്ലേ..?

കഴിഞ്ഞ അവധിക്കാലത്ത്, തൃശൂര്‍ ഐടി@സ്കൂള്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ കംപ്യൂട്ടര്‍ ഹാര്‍ഡ്​വെയര്‍ മെയിന്റനന്‍സ് കോഴ്സില്‍ ഒരു പഠിതാവായി അബൂബക്കറുണ്ടായിരുന്നു. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. അജയ്​കുമാര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ആ കോഴ്സില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠങ്ങളും, മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍...തുടങ്ങിയവരുടെ നിതാന്ത പിന്തുണയും ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുടങ്ങാനുള്ള ആത്മവിശ്വാസത്തിലേക്ക് അബൂബക്കറെ കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ജ്യേഷ്ഠന്‍ ഷജീറും. (തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ഡോക്ടര്‍ ശ്രീകുമാറിനെ സദസ്സിലേക്കു കൈചൂണ്ടി എല്ലാവര്‍ക്കും പരിചയപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകളില്‍ കൃതജ്ഞതയുടെ നനവ്.) ഷോപ്പു തുടങ്ങി രണ്ടുമാസത്തിനകം തന്നെ അമ്പതോളം കംപ്യൂട്ടറുകള്‍ സര്‍വ്വീസ് ചെയ്തു . നിരവധിയെണ്ണം അസംബിള്‍ ചെയ്തു നല്‍കി. കുറഞ്ഞ ലാഭമെടുത്ത് മികവോടെ സിസ്റ്റങ്ങള്‍ ചെയ്തുകൊടുക്കുന്ന ഈ 'കുട്ടി മെക്കാനിക്കി'ന് തിരക്കേറിവരുകയാണിപ്പോള്‍! അബൂബക്കര്‍, സാംസങ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം വിവരിക്കുന്ന വീഡിയോ ഇവിടെയുണ്ട് .

അബൂബക്കറിന്റെ കഥ ഇവിടെ വിസ്തരിച്ചത്, നാം അധ്യാപകര്‍ ഒരു ആത്മപരിശോധന നടത്തേണ്ടതില്ലേയെന്ന ഒരു സന്ദേഹത്തില്‍ നിന്നാണ്. പ്രതിഭാധനരും ജീവിതം വഴിമുട്ടി നില്ക്കുന്നവരുമായ എത്രയെത്ര അബൂബക്കര്‍മാരാണ് നമ്മുടെ മുന്നില്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് കുറച്ചുപേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗത്തിലേക്കൊരു കൈചൂണ്ടിയാകാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഗുരുജന്മം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം?
അബൂബക്കറിന്റേതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ സ്കൂളിലും കാണില്ലേ? പങ്കു വെച്ചാല്‍ ഒരുപാടു പേര്‍ക്ക് പ്രയോജനം ചെയ്യും. എന്താ റെഡിയല്ലേ..?

പിന്‍കുറി:

പരിചയപ്പെടാനായി അബൂബക്കറെ അടുത്തുവിളിച്ചു വിവരങ്ങളന്വേഷിച്ചപ്പോള്‍, ഞാനാരാണെന്ന് അവനറിയണം.

മാത്​സ് ബ്ലോഗില്‍ നിന്നാ​ണെന്നറിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.

"കണക്കിന്റെ ബ്ലോഗല്ലേ...എനിയ്ക്കറിയാം."

തിരിച്ചുപോരാന്‍ നേരം വാസുദേവന്‍ സാറുമായുള്ള കുശലപ്രശ്നങ്ങള്‍ തീരുവോളം അവനും ഉമ്മയും കാത്തുനിന്നു. ഷേക്ക് ഹാന്റിനായി നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് അരികത്തു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല!

Senin, 31 Mei 2010

നവ അധ്യയനവര്‍ഷാശംസകള്‍


പ്രാര്‍ത്ഥന
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം.
നിറവായ് ഈ പ്രപഞ്ച ഗണിതം
ചരിതം ശാസ്ത്ര സംസ്കാരം

വ്യവഹാരാദിരൂപങ്ങള്‍ മെനയും ഭാഷകള്‍ മൂന്നും
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം....
മറയാതീഭൂമിനിത്യം നിറവായിത്തീരണേ

കറയറ്റുള്ള രാഗം സകലപ്രാണി സംയുക്തം
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം....

അറിവായലിയണേ....

പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്കും അവര്‍ക്ക് വഴിവെട്ടമേകാന്‍ തയ്യാറെടുക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും നമുക്ക് പരസ്പരം ആശംസകള്‍ നേരാം. അതിനു മുമ്പൊരു ചോദ്യം. എന്താണ് ഈ പ്രാര്‍ത്ഥനയുടെ സാംഗത്യം?

പുസ്തകത്താളിന്നിടയില്‍ മാനം കാണാതെ ഒളിച്ചുവെക്കുന്ന മയില്‍പ്പീലി പെറ്റുപെരുകുമെന്നാണ് കുട്ടിയുടെ വിശ്വാസം. പുതുവര്‍ഷത്തില്‍ പുത്തനുടുപ്പും പുതുപുസ്തകവും ഒക്കെ ഉണ്ടാകുമെങ്കിലും പുതുമയില്‍പ്പീലി ഇല്ല. കഴിഞ്ഞ വര്‍ഷത്തെ അതേ പീലി പുതിയപുസ്തകത്തിന്‍റെ മണത്തോടൊന്നിച്ചു (ഇതൊരു സവിശേഷ മണം തന്നെ) ചേര്‍ക്കാറേ ഉള്ളൂ. ഇക്കൊല്ലം പുതിയൊരു പീലി ജനിക്കും. ഒന്നാം ക്ലാസുമുതല്‍ തുടങ്ങിയതാണീ കൈശോരഭാവന. മയില്‍പ്പീലി ഒരു പ്രതിരൂപമാണ്. പെറ്റുപെരുകുന്നത് അറിവാണ്. അറിവ് തേടുന്നതിലെ ഏകാഗ്രതയാണ് മാനം കാണാതെ പുസ്തകത്താളില്‍ ഒളിച്ചിരിക്കല്‍. ഉള്ളിലെ അറിവിന്‍റെ ആകാശത്തിലാണ് കണ്ണ്. സഹസ്രവര്‍ണ്ണങ്ങള്‍ വികസിക്കുന്ന മയില്‍പ്പീലിക്കണ്ണ്. അറിവാണ് ആനന്ദം. ഈ ആനന്ദമാണല്ലോ പെറ്റുപെരുകേണ്ടതും... പെരുകുന്നതും. ഏവര്‍ക്കും ആനന്ദമുണ്ടാകട്ടെ. ഒരിക്കല്‍ക്കൂടി പുതിയ അധ്യയനവര്‍ഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍വമംഗളങ്ങളും ആശംസിക്കുന്നു.

Rabu, 28 April 2010

ഗുരുകുലത്തിലെ ഉമേഷ്ജി

ആദരവ് ചോദിച്ചു വാങ്ങേണ്ടതല്ല, അത് തേടിവരുന്നവയാണ് എന്നുള്ള സിദ്ധാന്തത്തിന് തെളിവായി മാത്‍സ് ബ്ലോഗിന് ചൂണ്ടിക്കാണിക്കാനുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാണ് ഉമേഷ് ജി. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പല പസിലുകള്‍ക്കും വളരെ പെട്ടന്നു തന്നെ ഉത്തരം നല്‍കുന്നുവെന്നു മാത്രമല്ല പ്രശ്നനിര്‍ദ്ധാരണത്തില്‍ അധ്യാപകര്‍ അടക്കമുള്ള ഗണിതസ്നേഹികളെ അത്ഭുതപ്പെടുത്തുന്ന പാടവമാണ് അദ്ദേഹം‍ കാഴ്ചവെച്ചിരിക്കുന്നത്. 2009 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബ്ലോഗിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ കണ്ടപ്പോഴേ ഒട്ടും വൈകാതെ തന്നെ 2009 ലെ ഏപ്രിലില്‍ അദ്ദേഹത്തെ മാത്‍സ് ബ്ലോഗ് ടീമിലേക്ക് ക്ഷണിച്ചിരുന്നതാണെന്ന രഹസ്യം കൂടി ഇവിടെ വ്യക്തമാക്കട്ടെ. പല കാരണങ്ങളാലും പുറമെ നിന്നൊരു പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം ഇന്നു വരെ അതു പാലിച്ചിട്ടുണ്ട്. ഗണിതപ്രേമികള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ മാത്‍സ് ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പസിലുകളെ സമാഹരിച്ച് ഒരു പി.ഡി.എഫ് പുസ്തകം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വിവരവും നമ്മുടെ വായനക്കാര്‍ക്ക് അറിയാമല്ലോ. അദ്ദേഹത്തിന്റെ നിഷ്ക്കാമമായ പിന്തുണയ്ക്കും കഠിനപരിശ്രമത്തിനും അര്‍പ്പണമനോഭാവത്തിനും ഏറ്റവും മികച്ച ഉദാഹരണമാണത്. അതുകൊണ്ട് തന്നെ മാത്‍സ് ബ്ലോഗ് ടീമിന്റെ ഈ നമോവാകം അല്പം വൈകിപ്പോയെന്ന ധാരണയും ഞങ്ങള്‍ക്കില്ലാതില്ല. കേവലം ചോദ്യോത്തരരീതിയില്‍ നിന്ന് വ്യത്യസ്തമായി ഓരോ ചോദ്യത്തിനും ചരിത്രപശ്ചാത്തലമുണ്ടെങ്കില്‍ അതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രീയമായൊരു അപഗ്രഥനരീതിയാണ് ഉമേഷ്ജി ആ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്നും മാത്‍സ് ബ്ലോഗിന് ലഭിച്ച ഒരു പസിലാണ് ചുവടെ കൊടുത്തിരിക്കുന്നത്.

പല അധ്യാപകരും മാത്‍സ് ബ്ലോഗില്‍ കമന്റു ചെയ്യുന്നവരെക്കുറിച്ചറിയാന്‍ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങളുണ്ടായിട്ടുള്ള വ്യക്തിയാണ് ശ്രീ.ഉമേഷും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നമ്മുടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശ്യം കൂടി ഈ പോസ്റ്റിനുണ്ട്. 2006 മുതല്‍ ആരംഭിച്ച ബ്ലോഗിങ്ങില്‍ ഭാരതീയശാസ്ത്രഗ്രന്ഥങ്ങളെ ആഴത്തില്‍ സമീപിച്ചു കൊണ്ടുള്ള ലേഖനങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിലെ കാലിഫോര്‍ണിയായില്‍ സ്ഥിരതാമസക്കാരനായിട്ടുകൂടി സംസ്കൃതത്തോടും മലയാള ഭാഷയോടുമുള്ള സ്നേഹം തെല്ലും ഉപേക്ഷിച്ചിട്ടില്ലായെന്ന് ഗുരുകുലം എന്ന തന്റെ ബ്ലോഗിലെ ലേഖനങ്ങള്‍ തെളിയിക്കുന്നു.ഓരോ പോസ്റ്റും പലപ്പോഴും മാസങ്ങള്‍ നീളുന്ന റഫറന്‍സിനൊടുവിലാകും പ്രസിദ്ധീകരിക്കപ്പെടുക. മാത്‍സ് ബ്ലോഗിനും ബൂലോകത്തിനും അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്ന സമഗ്രസംഭാവനകളെ കണക്കിലെടുത്ത് ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങളും ആദരവും മുകുളീകൃതപാണിയായല്ലാതെ എങ്ങനെയാണ് നല്‍കാനാവുക?

ചെസ് കളിയില്‍ മികവ് പുലര്‍ത്തിയതു കൊണ്ടു തന്നെ 1985-’91 കാലഘട്ടത്തില്‍ 5 കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. 1995-’99 കാലഘട്ടത്തില്‍ അമേരിക്കയില്‍ കളിച്ചു. United States Chess Federation-ന്റെ റേറ്റിംഗ് ഉണ്ടു് എന്ന് പറയുമ്പോള്‍ കളിയിലുള്ള കേമത്വത്തെക്കുറിച്ചും കൂടുതല്‍ പറയേണ്ടതില്ലല്ലോ. അക്ഷരശ്ലോകപ്രിയം രണ്ടു വട്ടം കോഴിക്കോട് സര്‍വ്വകലാശാലയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. 2004 ഡിസംബറില്‍ അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പു സ്ഥാപിക്കുകയും ആ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു ഇ-സദസ്സ് രൂപീകരിക്കുകയും ചെയ്തു. മൂവായിരത്തിന് മുകളില്‍‍ അക്ഷരശ്ലോകങ്ങള്‍ സമാനപഥികരില്‍ നിന്നും ഇന്റര്‍നെറ്റു വഴി ശേഖരിച്ചത് ഇവിടെ കാണാം. നമ്മുടെ സ്ക്കൂളുകളില്‍ അക്ഷരശ്ലോകത്തില്‍ മികവുപുലര്‍ത്തുന്ന കുട്ടികളുണ്ടെങ്കില്‍ ഇതവര്‍ക്ക് നല്‍കുമല്ലോ.

പസിലുകളടക്കം പല വിഷമപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും തന്റെ ബ്ലോഗില്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ഒരു പസിലാണ് അദ്ദേഹം നമുക്ക് അയച്ചു തന്നിരിക്കുന്നതും. പ്രശ്നത്തിന് ഉത്തരം കണ്ടെത്തുമല്ലോ.

നാലു പണിക്കാര്‍, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിലുള്ള, ഒരു കുഴി കുഴിക്കുകയാ​ണ്. ഒരാള്‍ക്കുശേഷം മറ്റൊരാള്‍ എന്ന ക്രമത്തില്‍ അവര്‍ പണി തീര്‍ത്തു. ഈ നാലുപേരുടേയും വേഗത, ജോലി ചെയ്ത സമയം എന്നിവ വ്യത്യസ്തമായിരിക്കാം. പക്ഷേ നാലുപേരും അവരവരുടെ ജോലിചെയ്തു. ഓരോരുത്തരും ചെയ്ത ജോലിസമയത്ത്, മറ്റു മൂന്നുപേരും ഒരുമിച്ചു ചെയ്തിരുന്നെങ്കില്‍, അവര്‍ പാതി പണി തീര്‍ത്തേനേ..! (ഇത്, എല്ലാവര്‍ക്കും ശരിയാണ്.).

ചോദ്യമിതാണ്.

അവര്‍ നാലുപേരും ഒരുമിച്ച് ഈ ജോലി ചെയ്തിരുന്നെങ്കില്‍, അവരോരോരുത്തരും എടുത്ത സമയങ്ങളുടെ തുകയെ അപേക്ഷിച്ച്, എത്ര വേഗത്തില്‍ പണി തീര്‍ന്നേനേ..?
(ഉദാഹരണത്തിന്, വെവ്വേറേ ജോലി ചെയ്ത് തീര്‍ത്ത സമയം 12 മണിക്കൂറാണെങ്കില്‍, ഒന്നിച്ച് ചെയ്താല്‍ എത്ര സമയമെടുക്കും?)

ഇംഗ്ലീഷില്‍,

Four people are digging a ditch of some pre-specified size, one after another, and finished a ditch. These four might have different speed in their work. Each of them might have worked for a different time and finished some portion of the work.

It is observed that each of them dug for such time that, during that time the other three, working together, could have finished half the ditch. This is true for each of the workers.

Question: If they worked together, how faster they would have finished the ditch, when compared to the total time they took (i.e., sum of the individual time each worker spent)?
(For example, if, working one after another, they took 12 hours to finish the work, how much time it would have taken if they worked simultaneously?)

Sabtu, 27 Februari 2010

ചായ കുടിച്ച്, ഒപ്പുവെച്ച് പിരിയുന്നവര്‍..

"കുട്ടികളെ സംബന്ധിച്ച് അധ്യാപകര്‍ നടത്തുന്ന ഗീര്‍വ്വാണപ്രസംഗങ്ങള്‍ കേട്ട് സ്വയം മോശക്കാരെന്നു ധരിച്ച് , മിണ്ടാതെ ഒരു ചായയും കുടിച്ച് കുറ്റബോധത്തോടെ മടങ്ങിപ്പോകാനുള്ളതാണോ പി.ടി.ഏ.ജനറല്‍ബോഡികള്‍? അതോ, രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ ചെറിയതോതിലെങ്കിലും കെല്‍പ്പ് കൈവരണമോ, ഇത്തരം യോഗങ്ങളിലൂടെ?" ചോദിക്കുന്നത് നമ്മുടെ രാമനുണ്ണിമാഷ് . വെറുതേ ചോദിക്കുകമാത്രമല്ല അദ്ദേഹം. സ്വന്തം സ്കൂളിലെ അനുഭവത്തിലൂടെ, എങ്ങിനെ ഇത്തരം യോഗങ്ങളുടെ അര്‍ഥശൂന്യതയും മുരടിപ്പും മാറ്റി കാര്യക്ഷമമാക്കാമെന്നു കൂടി പറയുന്നുണ്ടദ്ദേഹം. ലേഖനം മുഴുവന്‍ വായിച്ചശേഷം നിങ്ങളുടെ പ്രതികരണങ്ങളും പുത്തന്‍ ആശയങ്ങളും കമന്റുചെയ്യണം.

2009 നവംബറില്‍ ഞങ്ങളുടെ സ്കൂളില്‍ പി.ടി.എ.ജനറല്‍ബോഡി ചേര്‍ന്നു. സ്വാഗതവും അധ്യക്ഷപ്രസംഗവും 'റിപ്പോര്‍ട്ടും കണക്കും ചര്‍ച്ചയും' 'റിപ്പോര്‍ട്ടും കണക്കും പാസാക്കലും' ഒക്കെ കഴിഞ്ഞു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളേയും അധ്യാപകരേയും ചെറുഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിലും 4-5 അധ്യാപകരും 40-45 രക്ഷിതാക്കളും. ഓരോഗ്രൂപ്പും വിവിധ ക്ലാസു‌മുറികളില്‍ കയറി ഇരുന്നു. ഇരിക്കാനുള്ള ഒരല്‍പ്പം തിരക്കുകണ്ട് ഒരധ്യാപിക രക്ഷിതാക്കളോട് തട്ടിക്കയറി.
"ഇത്ര മുതിര്‍ന്ന ആളുകള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? ഒരു മര്യാദയില്ലാതെ... എന്താ ഇതൊരു സ്കൂളല്ലേ? (ഒരാളെ ചൂണ്ടി) എന്താ നോക്കിപേടിപ്പിക്കയാണോ? മര്യാദക്കിരിക്കില്ലെങ്കില്‍ എണീറ്റ് പോകണം". ഒരു രണ്ടു മിനുട്ട് രക്ഷിതാക്കളോട് ഭയങ്കരമായി തട്ടിക്കയറി അവര്‍ ക്ലാസ് വിട്ടുപോയി. രക്ഷിതാക്കള്‍ ആകെ ക്ഷുഭിതരായി . ഉടനെ മറ്റൊരധ്യാപിക ഇടപെട്ടു. ക്ഷമ പറഞ്ഞു. "ആ ടീച്ചര്‍ ഒരല്‍പ്പം ദേഷ്യക്കാരിയാണ്. ക്ഷമിക്കണം. നമ്മള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത് ശരിയല്ലല്ലോ.എല്ലാര്‍ക്കും ഇരിക്കാന്‍ സ്ഥലമുണ്ട്. ഒന്നു സാവകാശം ഇരുന്നാല്‍ മതിയായിരുന്നു,അല്ലേ... ശരി, നമ്മള്‍ വന്നത് വഴക്കുണ്ടാക്കനല്ലല്ലോ. നമ്മുടെ കുട്ടികളുടെ കാര്യങ്ങള്‍ സംസാരിക്കാനല്ലേ..?” അവരോട് ശാന്തമായി മറുപടി പറഞ്ഞു. രക്ഷിതാക്കള്‍ മയപ്പെട്ടു.
നേരത്തെ ഇറങ്ങിപ്പോയ അധ്യാപിക മെല്ലെ തിരിച്ചുവന്നു. രക്ഷിതാക്കള്‍ കുശുകുശുപ്പ് തുടങ്ങി.

രണ്ടാമത്തെ അധ്യാപിക ചോദിച്ചു:
"രണ്ടു അധ്യാപികമാര്‍ നിങ്ങളുമായി ഇടപെട്ടു. ഇതില്‍ ആരുടെ പെരുമാറ്റമാണ് നിങ്ങള്‍ക്ക് ഇഷ്ടം തോന്നിയത്?"
ഉടനെ എല്ലാരും പറഞ്ഞു. "നിങ്ങളുടെ. ആദ്യം വഴക്കിട്ട ടീച്ചര്‍ മോശം.അവരെ ഇവിടെനിന്നു പറഞ്ഞയക്കണം.എന്നാലേ ഇനിയുള്ള കാര്യങ്ങള്‍ നേരെ നടക്കൂ."
അധ്യാപിക: "എന്നാല്‍ ചോദിക്കട്ടെ, നിങ്ങള്‍ സ്വന്തം കുട്ടികളോട് പെരുമാറുന്നതെങ്ങനെയാ? അവര്‍ ചെയ്തതുപോലെയാണോ? അതോ ഞാന്‍ ചെയ്തതുപോലെയാണോ?"

എല്ലാരും നിശ്ശബ്ദരായി. ആദ്യ ടീച്ചര്‍ ഒരു 'നാടകം' കളിച്ചതാണ് എന്നും ഇതു ചര്‍ച്ചകള്‍ക്കുള്ള തുടക്കമാണെന്നും പറഞ്ഞതോടെ രക്ഷിതാക്കള്‍ ഉഷാറായി. പരസ്പരം നോക്കി ചിരിച്ചു. "നമ്മുടെ കുട്ടികളോട് നാം പലപ്പോഴും പെരുമാറുന്നത് രൂക്ഷമായാണ്. തെറ്റു ചെയ്യുമ്പോഴാണെന്ന് ഒരു വാദം ഉണ്ട്. തെറ്റു ചെയ്യുമ്പോഴും വഴക്കുപറഞ്ഞാല്‍ പ്രശ്നം തീരുമോ? കുട്ടി നല്ല സ്വഭാവത്തില്‍ വരുമോ? തെറ്റുബോധ്യപ്പെടുകയും തിരുത്തുകയും ചെയ്യുമോ? തെറ്റു തിരുത്തുകയാണോ, ശരി ചൂണ്ടിക്കാണിക്കുകയാണോ വേണ്ടത്?"
നല്ലൊരു ചര്‍ച്ച നടന്നു. രക്ഷിതാക്കള്‍ സ്വയം പരിശോധിക്കാനും വേണ്ട തിരുത്തലുകള്‍ വരുത്താനും തയ്യാറായി. ‘ഇനി ഈ പ്രായത്തിലും‘ പെരുമാറ്റത്തില്‍ മാറ്റംവരുത്താന്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ചു.
ഇതിനിടയ്ക്ക് ഒരധ്യാപിക ഒരു സംഭവം വിവരിച്ചു. കുട്ടി സ്കൂള്‍ വിട്ടുവന്നു അഛന്‍ കേള്‍ക്കെ അമ്മയോട് പരാതി പറയുകയാണ് . "ഇനി ഞാന്‍ സ്കൂളില്‍ പോകില്ല." "അതെന്താ? പഠിച്ചു പോകാഞ്ഞിട്ടല്ലേ? ഹോം വര്‍ക്ക് ചെയ്യാഞ്ഞിട്ടല്ലേ? പുസ്തകം മറന്നിട്ടല്ലേ? ഇന്‍സ്റ്റ്രുമെന്റ് ബോക്സ് കളഞ്ഞിട്ടല്ലേ?
"അല്ലല്ല. പഠിച്ചിട്ടുണ്ട്. കണക്ക് ചെയ്തിട്ടുണ്ട്.പുസ്തകം ഒക്കെ ഉണ്ട്. ബോക്സും പെന്‍സിലും ഒക്കെ ഉണ്ട്.ഫീസും കൊടുത്തിട്ടുണ്ട്.
ഞാന്‍ നല്ല കുട്ടിയാണ് . മാഷ് പറഞ്ഞു. പക്ഷെ,...."
"പിന്നെന്താ?"
"എന്നെ സ്കൂളില്‍ ചേര്‍ത്തതില്‍ പിന്നെ അഛന്‍ സ്കൂളിലേ വന്നിട്ടില്ല. ക്ലാസ് പിടിഏ ക്ക് ഞാന്‍ എത്ര നിര്‍ബന്ധിച്ചു. ആരും തിരിഞ്ഞുനോക്കിയില്ലല്ലോ."
"അതെ, അതഛന്നു തിരക്കായതുകൊണ്ടല്ലേ.?"
"എന്നാല്‍ അമ്മക്ക് വരാമായിരുന്നില്ലെ?"
"എനിക്ക് കുഞ്ഞുമോനേ നോക്കണ്ടേ? വീട്ടുപണി നോക്കണ്ടേ?"

രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പിറുപിറുത്തു. അധ്യാപിക ചോദിച്ചു: നിങ്ങള്‍ ആരുടെ പക്ഷത്താണ്? കുട്ടിയുടെ പക്ഷത്തോ, രക്ഷിതാക്കളുടെ പക്ഷത്തോ?
ചര്‍ച്ച ഉഷാറായി. കുറേപേര്‍ രക്ഷിതാക്കളുടെ കൂടെ. കുറച്ചുപേര്‍ കുട്ടിയുടെ കൂടെ. അധ്യാപിക: "കുട്ടിക്ക് പഠിക്കാനുള്ള ഉപകരണങ്ങള്‍ നല്‍കിയാല്‍ നമ്മുടെ പണി തീര്‍ന്നോ? രക്ഷിതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കുകയെന്നത് അത്യാവശ്യമല്ലേ? കുട്ടിയുടെ പഠനകാര്യങ്ങളില്‍ അധ്യാപകരുമായി സംസാരിക്കേണ്ടേ? അതു കുട്ടിക്ക് ഗുണകരമാവില്ലേ? കുട്ടിക്ക് തന്നെപ്പറ്റി (ഞാന്‍ നല്ല കുട്ടിയാണ് , മാഷ് പറഞ്ഞു.) രക്ഷിതാവിന്റെ മുന്നില്‍ അഭിമാനം തോന്നില്ലേ? സ്വയം ഇനിയും മികവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രചോദനമാവില്ലെ? കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കില്ലേ? ഇതു പഠനത്തിനു ഗുണം ചെയ്യില്ലേ?"

രക്ഷിതാക്കളുടെ ചര്‍ച്ച വഴിതെളിഞ്ഞു. എല്ലാരും കുട്ടിയുടെ പക്ഷത്തായി. പി.ടി.ഏ മീറ്റിങ്ങ് /ചര്‍ച്ച മാത്രമല്ല, എന്തൊക്കെയാണ് കുട്ടിയുടെ പഠനാവശ്യങ്ങള്‍? ഭക്ഷണവും ഡ്രസ്സും പുസ്തകവും മാത്രമാണോ? ഇന്നു ഒരു സാധാരണ രക്ഷിതാവ് എന്തു പ്രയാസപ്പെട്ടും ഇതൊക്കെ നല്‍കുന്നില്ലേ? ഇന്നത്തെ കാലത്ത് ഇതുമാത്രം മതിയോ?

കുട്ടിക്ക് പിന്തുണ എന്നാല്‍ മാനസികവും കൂടിയാവേണ്ടതല്ലേ?കുട്ടിയെ ഉഷാറാക്കി, പഠിക്കാന്‍ നല്ല അന്തരീക്ഷവും ആത്മവിശ്വാസവും നല്‍കേണ്ടതല്ലേ?
മുതിര്‍ന്നവര്‍ക്ക് എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും ചില സ്ഥിരം ഏര്‍പ്പാടുകള്‍ ഉണ്ടല്ലോ. നിശ്ചിതസമയത്ത് ഭക്ഷണം, ഉറക്കം, വിനോദം (7.30 നു സീരിയല്‍ വിടുമോ!). ഇരിക്കാന്‍ സ്വന്തം കസേര, കിടക്കാന്‍ സ്വന്തമായി വിരിപ്പും പുതപ്പും, സ്വന്തം പണിയായുധം….എന്നാല്‍ കുട്ടിക്കോ? സ്ഥിരമായി ഇരുന്നു പഠിക്കാന്‍ ഒരിടം ഉണ്ടോ? സമയം ഉണ്ടോ?..കസേര, മേശ….ഒക്കെ പോകട്ടെ….സ്ഥിരമായി ഒരിടത്തിരുന്നു പഠിക്കാന്‍ ഇടമില്ലാത്തവരാണ് അധികം കുട്ടികളും. വീട്ടിലെ സ്ഥലപരിമിതികൊണ്ടല്ല, അങ്ങനെയൊരു ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടായിട്ടില്ലന്നു മാത്രം.

ഇതിനിടയക്ക് മറ്റൊരധ്യാപകന്‍ ഒരു ചോദ്യം ചോദിച്ചു. "നമ്മുടെ കുട്ടികളെ നമുക്ക് നന്നായറിയാം.അവരുടെ ദോഷങ്ങള്‍/ കുറ്റങ്ങള്‍/കുറവുകള്‍ ഒക്കെ നമുക്കറിയാം…അല്ലേ?" "ഉവ്വുവ്വ്…".രക്ഷിതാക്കള്‍ ഇരമ്പി. "ശരി, എന്നാല്‍ നമ്മളോരോരുത്തരും സ്വന്തം കുട്ടിയുടെ ഒരു കുറവ് /പോരായ്മ പറയൂ.ഒന്നു മതി…"
"ഒന്നല്ല സര്‍, ഒരുപാടു കുറവുകള്‍ ഓരോരുത്തര്‍ക്കും ഉണ്ട്….പറയട്ടെ…."
"വേണ്ട..വേണ്ട…സ്വന്തം കുട്ടിയുടെ കുറവുകള്‍ പരസ്യമായി പറയരുത്…."
"എന്നാല്‍ കുട്ടിയുടെ ഒരു മികവ്/ ഒരു കഴിവ്/ ഗുണം…പറയൂ."
രക്ഷിതക്കള്‍ മൌനികളായി..എന്താപ്പോ എന്റെ കുട്ടിയുടെ മികവ്?….
ഒരുപാടാലോചിച്ചു….ചിലര്‍ പറയാന്‍ തുടങ്ങി…
"നന്നായി പാടും. നന്നായി ചിത്രം വരയ്ക്കും
പറഞ്ഞതനുസരിക്കും…സത്യം പറയും…ധൈര്യശാലിയാണ്…..കണക്ക് സൂക്ഷിക്കും…"

അധ്യാപകന്‍: കുറ്റങ്ങള്‍ പറയാന്‍ നമുക്ക് പ്രയാസമുണ്ടായില്ല…ഗുണങ്ങള്‍ എത്ര ആലോചിച്ചു….ഇതല്ലേ ശരിക്കാലോചിച്ചാല്‍ നമ്മുടെ കുഴപ്പം. കുട്ടികളുടെ കഴിവുകള്‍ / മികവുകള്‍ നമുക്ക് ആലോചിക്കാനാവുന്നില്ല. അതു കൊണ്ടുതന്നെ അതു പ്രയോജനപ്പെടുത്താനാവുന്നില്ല. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നൊക്കെ നാം പ്രസംഗിക്കും…പക്ഷെ കഴിവുകള്‍ എന്തൊക്കെയെന്നുതന്നെ നമുക്ക് അറിയില്ല.

ഈ കഴിവുകള്‍ കുട്ടിക്ക് പഠനത്തില്‍ പ്രയോജനപ്പെടുത്താനാവണം.അതിനുള്ള പരിശീലനം വീട്ടില്‍ നിന്നു തുടങ്ങണം. കുട്ടി നന്നായി വായിക്കും എന്ന കഴിവ് കൂടുതല്‍ വായിക്കാന്‍ പ്രയോജനപ്പെടുത്തണം.വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ നല്‍കാന്‍ കഴിയണം.പഠിക്കാനുള്ള പുസ്തകങ്ങള്‍ നന്നായി വായിക്കാന്‍ പ്രേരിപ്പിക്കണം….നമുക്കൊരുപാട് ചെയ്യാന്‍ കഴിയും. കുട്ടി നേരത്തെ ഉണരും…ഒരു ഗുണമാണ്…ഇതു പ്രയോജനപ്പെടുത്തണം..കുട്ടിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ സമയം നന്നായി വിനിയോഗിക്കണം…അതിനുള്ള പരിശീലനം നല്‍കണം….നന്മയില്‍ നിന്നേ പിടിച്ചു കയറാനാകൂ. തിന്മകള്‍ മാത്രം അവരെ ഓര്‍മ്മിപ്പിച്ച( ചെക്കന്‍ സത്യം പറയില്ല….മലയാളം വായിക്കാനറിയില്ല…കണക്കറിയില്ല…)തുകൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കണക്കെടുക്കുകയായിരുന്നു ബാക്കി സമയം. മറ്റൊരധ്യാപിക ഇടപെട്ടു: "ശരി . അങ്ങനെയാണെങ്കില്‍ നമ്മള്‍ നമ്മുടെ കുട്ടിയുടെ ഏതു ഗുണമാണ് / മികവാണ് ഇന്നുമുതല്‍ ആദ്യം ശ്രദ്ധിക്കുക. അതു വളര്‍ത്തിയെടുക്കാനും അതു പഠനത്തിനു സഹായിക്കാനും എന്തൊക്കെയാണു ഇന്ന് ചെയ്യുക."
എല്ലാവരും ഉഷാറായി. ഇന്നുമുതല്‍ ഞാന്‍ ശ്രദ്ധിക്കും. കുട്ടിക്ക് ചിത്രംവര ഇഷ്ടമാണ്. അവള്‍ വരയ്ക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കും / വരച്ച ചിത്രങ്ങള്‍ ചുമരില്‍ പ്രദര്‍ശിപ്പിക്കും / അവള്‍ നന്നായി വരയ്ക്കുന്നുവെന്ന് കൂട്ടുകാരോട് പറയും / വരയ്ക്കാന്‍ വേണ്ട സാമഗ്രികള്‍ ചിലതെങ്കിലും വാങ്ങിക്കൊടുക്കും /
"ശരി: എന്നാല്‍ ഇതിനെ അവളുടെ പഠനുമായി ബന്ധിപ്പിക്കണം. ചിത്രകാരിയാകുന്നതിന്റെ കൂടെ ഇക്കൊല്ലത്തെ പരീക്ഷ കൂടി പാസാവണം..എന്നാലേ കാര്യമുള്ളൂ. അതിനെന്തു ചെയ്യാം…"

ചിത്രം വരയ്ക്കാനുള്ള കഴിവ് പഠിക്കാനുള്ള ചിത്രങ്ങളിലേക്ക് തിരിക്കണം. ബയോളജി, കണക്ക്, ഭൂമിശാസ്ത്രം ഒക്കെ പരിഗണിക്കപ്പെടണം. വരച്ച ചിത്രം ഭാഷയില്‍ വിവരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. വായിച്ചതൊന്ന് വരയ്ക്കാന്‍ ഉത്സാഹിപ്പിക്കണം (‘ചന്ദനക്കട്ടില്‍ ‘ കവിതയിലെ ഒരു രംഗം-8ലെ കുട്ടിക്ക്), വരച്ച ചിത്രത്തിന്ന് അടിക്കുറിപ്പ് എഴുതാന്‍ സഹായിക്കണം (ഭാഷാപഠനം). ചിത്രത്തിലെ നിറങ്ങളെ കുറിച്ചു പഠിക്കാന്‍ പ്രേരിപ്പിക്കണം (ഫിസിക്സ്) . ചിത്രത്തിലെ ആകൃതികള്‍ തിരിച്ചറിയാന്‍ കൂടണം (ജ്യോമട്രി). വരച്ച ചിത്രങ്ങളൊക്കെ തുന്നിക്കെട്ടി ഒരു ആല്‍ബം ഉണ്ടാക്കാം. അതിന്നു ഒരു ആമുഖം എഴുതാം. പഠനം എഴുതാന്‍ പേരിപ്പിക്കാം.ഇംഗ്ലീഷില്‍ ചിത്രക്കുറിപ്പുകള്‍ ഉണ്ടാക്കാം. ഹിന്ദിയില്‍ പേരേഴുതാം.ചിത്ര ചരിത്രത്തിലേക്ക് നയിക്കാം. ഒരു കഴിവ് അനേകവിഷയങ്ങളിലേക്കുള്ള പടിവാതില്‍ തുറക്കുമെന്ന് നാം അറിയണം. എല്ലാ കുട്ടിക്കും എല്ലാ കഴിവും ഉണ്ടാവില്ല; ഒരു കുട്ടിക്കും ഒരു കഴിവും ഇല്ലാതേയുമിരിക്കില്ല. ഉള്ളത് ഇല്ലാത്തതിലേക്ക് കടന്നുകയറാന്‍ പ്രയോജനപ്പെടും എന്നതും തീര്‍ച്ച. കുട്ടിയുടെ കഴിവ് പഠനത്തിലേക്ക് തിരിച്ചു വിടണം ഒരുപാട് സാധ്യതകള്‍ തെളിയുന്നില്ലേ?
തെളിയും. നാം കൂടെ പരിശ്രമിക്കണം.നാം കൂടെ പഠിക്കുകയൊന്നും വേണ്ട.ചില സാധ്യതകള്‍ കണ്ടറിഞ്ഞ് ചൂണ്ടിക്കാട്ടിയാല്‍ മതി."അപ്പോ ഇതിനൊക്കെ സാധ്യമാക്കുന്ന പാഠങ്ങളല്ലേ ഇതുപോലുള്ള പി.ടി.ഏ കളില്‍ ഉണ്ടാവേണ്ടത്?"
"സംശയമില്ല". രക്ഷിതാക്കള്‍ ഉടന്‍ പ്രതികരിച്ചു. "ഇതൊന്നും ഇന്നേവരെ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു."

മറ്റൊരധ്യാപിക ഇടപെട്ടു: ശരി. ഇപ്പോള്‍ നമ്മള്‍ കുറച്ചു കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഇതിലേതാ ഇന്നു നടപ്പാക്കുക. എല്ലാവര്‍ക്കും എല്ലാ കാര്യവും പറ്റില്ല. ഓരോരുത്തരുടേയും സാഹചര്യങ്ങള്‍ വ്യത്യസ്ത്മാണല്ലോ. നമുക്ക് ഇന്നു ചെയ്യാന്‍ കഴിയുന്ന സംഗതി ഒന്നാലോചിക്കൂ.
"ഞാന്‍ കുട്ടിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും വളരുന്ന തരത്തില്‍ ഇന്നുമുതല്‍ പെരുമാറും."
"അവള്‍ക്ക് സ്ഥിരമായി ഇരുന്നു പഠിക്കാനും പുസ്തകങ്ങള്‍ അടുക്കിവെക്കാനും ഒരു സൌകര്യം ഉണ്ടാക്കും."
"അവളുടെ കഴിവുകള്‍ / മികവുകള്‍ കൂടുതല്‍ ശ്രദ്ധിക്കും."
"അവള്‍ക്ക് വായിക്കാന്‍ ഒരു ചെറിയ വിളക്ക് നല്‍കും".
"പഠിക്കുന്ന സമയത്ത് അവളോട് മറ്റു ജോലികള്‍ പറയില്ല."

"മതി.മതി….സംഗതികള്‍ നമുക്ക് ബോധ്യപ്പെട്ടു. ഇതൊക്കെ ഇവിടെനിന്നു പറഞ്ഞുപോകും.വീട്ടില്‍ ചെന്നാല്‍ ചെയ്യുമെന്ന് എന്തുറപ്പ്?"
"ഉറപ്പ് , ഞങ്ങളുടെ കുട്ടികള്‍ തന്നെ. ക്ലാസ്​മുറിയില്‍ മാഷിന്ന് അവരുടെ മാറ്റം തിരിച്ചറിയാം."
ഒരു മണിക്കൂറിലധികം സമയം ചര്‍ച്ചകള്‍ നടന്നു.
നിരീക്ഷണം:
എല്ലാവരും നന്നയി സംസാരിച്ചു. അഭിപ്രായം പറഞ്ഞു. വാദിച്ചു.
സ്വയം മാറണമെന്ന തീരുമാനം ഉണ്ടായി.
കുട്ടിയോടുള്ള സ്നേഹം അവളുടെ പഠനസഹായിയാവും എന്നു ബോധ്യപ്പെട്ടു.

Sabtu, 06 Februari 2010

പരീക്ഷകളോ, പരീക്ഷണങ്ങളോ..?

"നമ്മുടെ പരീക്ഷകളും മറ്റും ശാസ്ത്രീയമാണോ?എല്ലാ കുട്ടികള്‍ക്കും (5ലക്ഷം!)ഒരേ സമയം. ഇന്നു മലയാളം, നാളെ ഇംഗ്ലീഷ്…അങ്ങനെ. കുട്ടിയെ വ്യക്തിയായല്ല, വ്യഷ്ടിയായാണ് പരിഗണന. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചാണ് പരീക്ഷിക്കപ്പെടുന്നത്. വയറുവേദനക്കാരിയേയും കയ്യൊടിഞ്ഞവനേയുമൊക്കെ ഒന്നിച്ചിരുത്തി പരീക്ഷിക്കും. പഠനവേഗത കൂടിയവരേയും കുറഞ്ഞവരേയും ഒന്നിച്ചു പരിഗണിക്കുന്നു. രോഗിയേയും ആരോഗ്യമുള്ളവനേയും ഒക്കെ ഒരുപോലെ കാണുന്നു. 10 മുതല്‍ 12 വരെ പരീക്ഷ. പരീക്ഷാസമയം കഴിഞ്ഞാല്‍ പിന്നെ ഒരു രക്ഷയുമില്ല. ഒരു പരിഗണനയും ആര്‍ക്കും ഇല്ല. ഒരിക്കല്‍ തോറ്റാല്‍ തോറ്റതു തന്നെ! പിന്നെ ജയിച്ചിട്ടും വലിയ കാര്യമില്ലല്ലോ. കുട്ടി വ്യക്തിയാണ്. പഠിക്കുന്നതും എഴുതുന്നതും ജയിക്കുന്നതും സന്തോഷിക്കുന്നതും ജോലിചെയ്യുന്നതും കടം വീട്ടുന്നതും ഒക്കെ വ്യക്തിയാണ്. ഈ പരിഗണന പരീക്ഷക്കുമാത്രം ഇല്ലെന്നരാണാവോ നിശ്ചയിച്ചത്?"
ചോദ്യം നമ്മുടെ രാമനുണ്ണിമാഷുടേതാണ്. ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നു ഞങ്ങള്‍ക്കു തോന്നുന്ന ഈ വിഷയമാകട്ടെ ഈ ഞായറാഴ്ച. ഇപ്പോഴത്തെ പരീക്ഷാ സമ്പ്രദായത്തെ വിലയിരുത്തുന്ന അദ്ദേഹത്തിന്റെ ലേഖനം മുഴുവന്‍ വായിച്ച ശേഷം കമന്റ്സില്‍ ക്ലിക്ക് ചെയ്ത് പ്രതികരിച്ചോളൂ.........


ചര്‍ച്ച 1

സംഭവം:

ഒരു ദിവസം ഹെഡ്​മാസ്റ്റര്‍ ടീച്ചറെ വിളിച്ചു പറഞ്ഞു:
"ടീച്ചര്‍, ഇന്നലെ നടന്ന പി.ടി.എ യോഗത്തിന്റെ ഒരു വാര്‍ത്ത പത്രത്തില്‍ കൊടുക്കണം. നല്ലൊരു റിപ്പോര്‍ട്ട് ഉണ്ടാക്കൂ."
"അയ്യോ, ഞാനായാല്‍ ശരിയാവില്ല, മധുമാഷ് പോരേ?"
"ആയിക്കൊട്ടെ , മാഷേം കൂട്ടി എഴുതിക്കോളൂ."
"നാളേക്ക് പോരെ?"
"മതി മതി."
മനസ്സില്ലാ മനസോടെ ടീച്ചര്‍ പോയി
റിപ്പോര്‍ട്ട് എഴുതി ഒരു നാലുപേരേ കാണിച്ചു. ശരിയായില്ലേ? മാറ്റിയെഴുതി. കൊടുത്തു.
പരീക്ഷക്ക് കുട്ടികള്‍ക്ക് ഭാഷാവിഷയങ്ങളില്‍ ഉണ്ടാവുന്ന ഒരു സ്ഥിരം ചോദ്യം ഇതാണല്ലോ. പത്രവാര്‍ത്ത തയ്യാറാക്കുക. നോട്ടീസ് തയ്യാറാക്കുക. ഉപന്യാസം തയ്യാറാക്കുക. ആസ്വാദനം തയ്യാറാക്കുക. കിട്ടുന്ന സമയമോ 10 മിനുട്ട് മാത്രവും! എന്നാല്‍ വാല്യുവേഷന്‍ സമയത്തോ? ഏറ്റവും മികച്ചതിന്നു മുഴുവന്‍ സ്കോറും. നല്ലതല്ലെങ്കില്‍ വെട്ടിക്കളയും. സ്കോര്‍ കുറയും.
ഇതു നാം ചര്‍ച്ചചെയ്യേണ്ട സംഗതിയല്ലേ? അധ്യാപിക/പകനുപോലും സ്വയം ചെയ്യാന്‍ സമയം ഏറെ വേണ്ട, എന്നിട്ടും ആത്മവിശ്വാസമില്ലാത്ത, ഒരു ഭാഷാപ്രവര്‍ത്തനം കുട്ടി നിശ്ചിതസമയത്തിന്നുള്ളില്‍ തീര്‍ക്കേണ്ടിവരുന്നു. മന:പ്പാഠം പഠിച്ചെഴുതാവുന്ന ഒന്നല്ലിത്. എഴുതിയത് ഒന്നുകൂടി പരിശോധിക്കാനോ, അടുത്തിരിക്കുന്നവരോട് ഒന്നു ചോദിക്കാനോ, മികവ് പരിശോധിക്കാനോ ഒന്നും കഴിയാത്ത അവസ്ഥ. എല്ലാ ഉത്തരങ്ങളും അസ്സല്‍ ആയി പരിശോധകന്‍ പരിഗണിക്കുന്നു. ശരിക്കാലോചിച്ചാല്‍ ഇതെല്ലാം ഡ്രാഫ്ടുകള്‍ മാത്രമല്ലേ?
(ടാഗോറിന്റെ കൈപ്പട / നെറ്റില്‍ നിന്നെടുത്തത്)
ഒരു ഉത്തരം നിറയെ വെട്ടുകളും തിരുത്തുകളും ഉള്ളതാണെങ്കില്‍ നാം സ്കോര്‍ കുറയ്ക്കുമോ, കൂട്ടുമോ? വെട്ടുകളും തിരുത്തുകളും രചന മികച്ചതാക്കാനുള്ളതല്ലേ? മികച്ചതാക്കുന്ന പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന തിരുത്തുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാം കുട്ടിയുടെ സ്കോര്‍ കുറയ്ക്കുന്നു എന്നാണനുഭവം . അതായത് കുട്ടിയുടെ രചന അതിന്റെ പൂര്‍ണ്ണരൂപത്തിലെന്ന് തന്നെ പരിഗണിച്ചാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്.

ചര്‍ച്ച 2

സംഭവം:

കുഞ്ഞിരാമന്‍ (60 വയസ്സ്) ചന്തക്ക് പോകയാണ്. നടന്നിട്ടാണ്-4 കി.മി.ദൂരം!
"എന്താ കുഞ്ഞിരാമാ ബസ്സില്‍ പോയിക്കൂടെ?"
"പൂവാം. പക്ഷെ , അതെവിടെയെങ്കിലും തട്ടേ മുട്ടേ ചെയ്താല്‍ പ്രശ്നമായി."
"അതിനു കുഞ്ഞിരാമന്‍ മാത്രല്ലല്ലോ ബസ്സില്‍?"
"അതതെ. പക്ഷെ ഇന്റോടക്ക് ഞാന്‍ തന്നെള്ളൂ."
പരീക്ഷാസമയക്രമം ശാസ്ത്രീയമാണോ?എല്ലാ കുട്ടികള്‍ക്കും (5ലക്ഷം!)ഒരേ സമയം. ഇന്നു മലയാളം, നാളെ ഇംഗ്ലീഷ്…അങ്ങനെ. കുട്ടിയെ വ്യക്തിയായല്ല, വ്യഷ്ടിയായാണ് പരിഗണന. ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒന്നിച്ചാണ് പരീക്ഷിക്കപ്പെടുന്നത്. വയറുവേദനക്കാരിയേയും കയ്യൊടിഞ്ഞവനേയുമൊക്കെ ഒന്നിച്ചിരുത്തി പരീക്ഷിക്കും. പഠനവേഗത കൂടിയവരേയും കുറഞ്ഞവരേയും ഒന്നിച്ചു പരിഗണിക്കുന്നു. രോഗിയേയും ആരോഗ്യമുള്ളവനേയും ഒക്കെ ഒരുപോലെ കാണുന്നു. 10 മുതല്‍ 12 വരെ പരീക്ഷ. പരീക്ഷാസമയം കഴിഞ്ഞാല്‍ പിന്നെ ഒരു രക്ഷയുമില്ല. ഒരു പരിഗണനയും ആര്‍ക്കും ഇല്ല. ഒരിക്കല്‍ തോറ്റാല്‍ തോറ്റതു തന്നെ! പിന്നെ ജയിച്ചിട്ടും വലിയ കാര്യമില്ലല്ലോ. കുട്ടി വ്യക്തിയാണ്. പഠിക്കുന്നതും എഴുതുന്നതും ജയിക്കുന്നതും സന്തോഷിക്കുന്നതും ജോലിചെയ്യുന്നതും കടം വീട്ടുന്നതും ഒക്കെ വ്യക്തിയാണ്. ഈ പരിഗണന പരീക്ഷക്കുമാത്രം ഇല്ലെന്നരാണാവോ നിശ്ചയിച്ചത്?

ചര്‍ച്ച 3

സംഭവം:

"പിന്നേ, നമ്മുടെ ഹരിമാഷിന്റെ ഫോണ്‍ നമ്പ്ര് എത്രയാ?"
"എപ്പോഴും വിളിക്കുന്നതാ; ഇപ്പൊ ഓര്‍മ്മയില്ല"
ഏതു ദിവസത്തെ പത്രം?
ആരെഴുതിയ ലേഖനം?
വെള്ളത്തിന്റെ രാസനാമം?
ത്രികോണത്തിന്റെ പരപ്പളവ്
...............

ഇതൊന്നും അറിയാത്തതല്ല. പക്ഷെ, ഉടനെ ഓര്‍മ്മയില്ല. പരീക്ഷയിലോ? അപ്പോള്‍ ഓര്‍മ്മയില്ലെങ്കില്‍ തോല്‍വി നിശ്ചയം. ഓര്‍മ്മയില്ലാത്തതുകൊണ്ട് ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കില്ല; പക്ഷെ, പരീക്ഷക്ക് തോല്‍ക്കും. ഇതു ജീവശാസ്ത്രപരമായി നോക്കുമ്പോള്‍ എത്ര അശാസ്ത്രീയം? ചില പരീക്ഷകള്‍ കണ്ടിട്ടില്ലേ? കുറെ ചോദ്യങ്ങള്‍ നേരത്തെ പ്രസിദ്ധീകരിക്കും. ഒരു മാസം-15 ദിവസം സമയം കൊടുക്കും. ഉത്തരം എഴുതാം. മത്സരത്തില്‍ ജയിക്കാം. കൂളോഫ് സമയം ഇല്ല.ടെന്‍ഷന്‍ ഇല്ല.
വിശദമായി , വളരെ പൊതുവായ, കുട്ടിയെ നേരില്‍ ബാധിക്കുന്ന ചില സംഗതികള്‍ ചര്‍ച്ചക്കായി വെക്കുന്നുവെന്നേ ഉള്ളൂ.ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അജണ്ടയില്‍ നിന്നും ഒഴിവാക്കിയാല്‍ ഒരിക്കലും പ്രശ്നപരിഹാരം ഉണ്ടാവില്ലല്ലോ..!